ഇ മെയില്‍ വ്യാജബോംബ്‌

ഇന്ദ്രൻ

വന്‍സ്‌ഫോടന ശക്തിയുള്ള സ്‌കൂപ്പ് ആയിരുന്നു അത്. മുസ്‌ലിങ്ങളുടെ മാത്രം ഇ മെയില്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നു-അമ്പമ്പോ… വായിച്ച് ജനം ഞെട്ടി. ജനം ഏത് ഡിഗ്രിയില്‍ ഞെട്ടുന്നു എന്നതിനെ ആശ്രയിച്ചാണ് പത്രത്തില്‍ തലവാചകത്തിന്റെ സ്ഥാനവും വലുപ്പവും തീരുമാനിക്കപ്പെടുന്നത്. നടേ പറഞ്ഞതിന്റെ തോത് റിക്ടര്‍ സ്‌കെയിലില്‍ ഏഴ് ഡിഗ്രിയെങ്കിലും ഉണ്ടായിരുന്നു. സുനാമി സാധ്യത ആരും തള്ളിയില്ല. ഭൂകമ്പവും സുനാമിയും തമ്മിലുള്ളതുപോലത്തെ ബന്ധമാണ് സ്‌കൂപ്പും വിവാദവും തമ്മിലുള്ളത്. ആദ്യത്തേത് ശക്തമെങ്കില്‍ ഉടനെ മറ്റേതുണ്ടാകും. ഇത്തവണ രണ്ടും ഉണ്ടായി. വാര്‍ത്തയിലെ ഏറ്റവും വിഷാത്മകമായ കാര്യം എന്തോ അതാണ് ഹെഡ്ഡിങ്ങിലും ഇന്‍ട്രോയിലും വരേണ്ടത് എന്നാണ് ഒരു പഴയകാല പത്രപ്രവര്‍ത്തകന്‍ പത്രപ്രവര്‍ത്തക വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഉപദേശം. ലോകാവസാനം വരെ നിലനില്‍ക്കുന്ന ഉപദേശമാണിത്. വിഷത്തിന് വേണ്ടിയുള്ള അന്വേഷണം വാര്‍ത്ത ഡസ്‌കില്‍ എഡിറ്റ് ചെയ്യുമ്പോള്‍ തുടങ്ങിയാല്‍ പോര. നേരം പുലരുമ്പോള്‍ത്തന്നെ തുടങ്ങണം.

വിഷത്തിന്റെ അളവ് എത്രയുണ്ട് എന്നതാണ് സ്‌കൂപ്പിന്റെ സ്‌കോപ് നിര്‍ണയിക്കുന്ന പ്രധാന ഘടകം. വിഷാത്മകതയെ നേര്‍പ്പിക്കുന്ന സംഗതികള്‍ വല്ലതും അന്വേഷണത്തിനിടയില്‍ വന്നുപെട്ടാല്‍ അവ ഊറ്റിക്കളയണം. ഉദാഹരണത്തിന്, മുസ്‌ലിങ്ങള്‍ക്കെതിരെ രഹസ്യാന്വേഷണം നടക്കുന്നു എന്നൊരു വിവരം ആരെങ്കിലും കൊണ്ടുവന്നുതരുമ്പോള്‍, അതേ അന്വേഷണം ചില ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും എതിരെ കൂടി നടക്കുന്നുണ്ട് എന്നറിഞ്ഞാലും ഗൗനിക്കരുത്. കാരണം, വാര്‍ത്തയിലെ വിഷം അത് ചോര്‍ത്തിക്കളയും.
പോലീസ് ഡയറക്ടര്‍ ജനറല്‍ ഒരു പ്രത്യേക ഉത്തരവിട്ടു എന്നതാണ് വാര്‍ത്തയെങ്കില്‍ വാര്‍ത്തയെഴുത്തുതൊഴിലാളി ഡയറക്ടര്‍ ജനറലിനോട് അങ്ങനെയൊരു ഉത്തരവിട്ടിട്ടുണ്ടോ എന്നു ചോദിച്ചുപോകരുത്. സ്‌കൂപ്പ് ന്യൂസുമായി നമ്മുടെ അടുത്തുവരുന്ന ആളെ അപ്പടി വിശ്വസിച്ചുകൊള്ളണം. ഡയറക്ടര്‍ ജനറലിനെ ഫോണില്‍ വിളിക്കുന്നതിലുള്ള പ്രയാസം നിങ്ങള്‍ക്കുമറിയാമല്ലോ. ഫോണില്‍ കിട്ടിയെന്നുവരില്ല. അതുപോട്ടെ, വലിയ പ്രയാസം വേറൊന്നാണ്. അങ്ങനെയൊരു ഉത്തരവ് ഇറങ്ങിയിട്ടേ ഇല്ല എന്നാണ് ഡി.ജി.പി ആണയിട്ട് പറയുന്നതെങ്കില്‍ വാര്‍ത്ത ഗര്‍ഭപാത്രത്തില്‍ത്തന്നെ കൊല്ലപ്പെടുകയായി. എന്തൊരു ക്രൂരതയാണത്. വാര്‍ത്ത സത്യമല്ലെന്ന് അതെഴുതും മുമ്പാണോ പറയേണ്ടത് ? ജനിക്കുംമുമ്പ് സ്‌കൂപ്പ് മരിച്ചാല്‍ ഉണ്ടാകുന്ന നഷ്ടം ചില്ലറയല്ല. എട്ടുകോളം ഹെഡ്ഡിങ്, ബൈലൈന്‍, വിവാദം, പ്രസ്താവനപ്രളയം, ചാനല്‍ ചര്‍ച്ച, സര്‍ക്കുലേഷന്‍ വര്‍ധന… എല്ലാം ഡും….

സത്യമല്ലാത്ത സ്‌കൂപ്പ് ഇറക്കിയാല്‍ വിശ്വാസ്യത നഷ്ടപ്പെടില്ലേ, പത്രം തകരില്ലേ തുടങ്ങിയ ബാലിശ ചോദ്യങ്ങള്‍ ചോദിക്കുന്ന ബാലരാമന്മാരെ എക്കാലത്തും കാണും. മലയാള പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തില്‍ ഇക്കാലം വരെ ഒരു അസത്യവാര്‍ത്തയും ഉണ്ടായിട്ടില്ല. പ്രസിദ്ധപ്പെടുത്തിയ വാര്‍ത്ത സത്യമായിരുന്നില്ല, മാപ്പാക്കണം എന്ന് ഒന്നാം പേജില്‍ അറിയിപ്പ് കൊടുക്കേണ്ടി വന്ന വിദേശപത്രങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. ഇവിടെ അങ്ങനെ സംഭവിക്കാറില്ല. വാര്‍ത്ത ശരിയോ എന്നന്വേഷിക്കുന്നത് എഴുതുന്ന ആളുടെ പണിയാണ്, വായിക്കുന്ന ആളുടെ പണിയല്ല. വായനക്കാരന് വേറെ പണിയുണ്ട്.രാഷ്ട്രീയ-മതപര സ്‌കൂപ്പുകളുടെ കാര്യത്തില്‍ ഒരു സൗകര്യമുണ്ട്. വാര്‍ത്തയില്‍ സത്യമുണ്ടോ എന്നന്വേഷിക്കേണ്ട കാര്യമില്ല. ഏതാണ്ട് മുഴുവന്‍ ജനവും ഈ കാര്യങ്ങളില്‍ ഏതെങ്കിലും ഒരു പക്ഷത്ത് നില്‍ക്കുന്നവരാണ്. തങ്ങളുടെ പക്ഷത്തിനെതിരെങ്കില്‍ ആ വാര്‍ത്ത അസത്യം, അടിസ്ഥാനരഹിതം. മറിച്ചാണെങ്കില്‍ മറിച്ചും. സത്യം കണ്ടെത്തിക്കളയാം എന്നുവിചാരിച്ച് സ്‌കൂപ്പ് തുരന്നുപരിശോധിക്കാന്‍ തീരുമാനിച്ചാല്‍, സുര്‍ക്കി കണ്ടെത്താന്‍ മുല്ലപ്പെരിയാര്‍ ഡാം തുരന്നതുപോലിരിക്കും ചിലപ്പോള്‍. ഉള്ള് കാലി.

ഇ മെയില്‍ ബോംബിനെകുറിച്ചാണല്ലോ പറഞ്ഞുതുടങ്ങിയത്. ഒരു കോടി മുസ്‌ലിങ്ങള്‍ കേരളത്തിലുള്ളതില്‍ 268 വലിയ സംഖ്യയല്ലെങ്കിലും മുസ്‌ലിങ്ങളായതുകൊണ്ടാണ് അവരെ മാത്രം നോട്ടപ്പുള്ളികളാക്കിയതെന്നുപറയുമ്പോള്‍ അത് വലിയ സംഗതി തന്നെയാണ്. മുഖ്യമന്ത്രിയോ പോലീസ് മേധാവിയോ കുത്തിയിരുന്ന് മെയില്‍ ചോര്‍ത്തേണ്ടവരുടെ ഒരു ലിസ്റ്റുണ്ടാക്കുകയാണെങ്കില്‍ അതില്‍ പെടാന്‍ ‘യോഗ്യത’യുള്ള ഒരാള്‍ പോലും ഈ ലിസ്റ്റിലില്ല. ആരുടെയോ ഇ മെയില്‍ കോണ്‍ടാക്ട് ലിസ്റ്റിനെ പോലീസ് പ്രാഥമികമായി അരിച്ചുപെറുക്കിയതാണ് എന്നാര്‍ക്കും മനസ്സിലാകും. വികലബുദ്ധി കൊണ്ടോ വിവരമില്ലായ്മകൊണ്ടോ ഇതുമുഴുവന്‍ സിമി ബന്ധമുള്ളവരാണ് എന്ന് എഴുതി. പത്രത്തിലെഴുതുന്നവര്‍ക്കില്ലാത്ത ഉത്തരവാദിത്വബോധം പോലീസ് ഉദ്യോഗസ്ഥന്മാരില്‍ നിന്ന് പ്രതീക്ഷിക്കാമോ എന്തോ. പരസ്യപ്പെടുത്തിയതോടെ ലിസ്റ്റിലുള്ള സകലരുടെയും ഉറക്കവും മനസ്സമാധാനവും നഷ്ടപ്പെട്ടു. നാട്ടുകാര്‍ അവരെ ഇനി സംശയത്തോടെയേ നോക്കൂ. ആരാണ് വലിയ തെറ്റ് ചെയ്തത്, പോലീസോ പ്രസിദ്ധീകരണമോ ?

പോലീസ് ഇ മെയില്‍ ചോര്‍ത്താന്‍ തുടങ്ങിയത് ഒന്നര മാസം മുമ്പല്ല. കാലം കുറെയായിക്കാണും. അതിന് കുറെ വ്യവസ്ഥകളും നടപടിക്രമങ്ങളും ഉണ്ടാക്കിയിട്ടുമുണ്ട്. മിടുക്കുണ്ടെങ്കില്‍ കണ്ടുപിടിക്കേണ്ടത് ആകെ ചോര്‍ത്തപ്പെട്ടവരുടെ മത-ജാതി കണക്കാണ്. ജനസംഖ്യാനുപാതികമായ സംവരണം അതില്‍ പാലിച്ചിട്ടുണ്ടോ എന്നും നോക്കണമല്ലോ. അതാണ് സ്‌കൂപ്പ്. ചോര്‍ത്താന്‍ ഹൈടെക് പോലീസുതന്നെ വേണമെന്നില്ല. വെറും ഹാക്കര്‍മാര്‍ക്കും ചോര്‍ത്താം. തങ്ങളുടെ മെയിലിലേക്ക് ആരെങ്കിലും അനധികൃതമായി കയറിയോ എന്നറിയുക അസാധ്യമല്ല. പോലീസ് ഇ മെയില്‍ ചോര്‍ത്തി എന്ന് വിലപിക്കുന്നതിന് മുമ്പ് ചെയ്യാവുന്ന ഒരു കാര്യമതാണ്. ലിസ്റ്റിലുള്ള എത്ര പേരുടെ മെയില്‍ ചോര്‍ത്തി എന്ന് കണ്ടെത്തണം. സാങ്കേതിക വിദഗ്ധരുടെ സഹായം തേടി ട്രാന്‍സാക്ഷന്‍ ലോഗ് ഫയലില്‍ കയറിനോക്കിയാല്‍ സാധിക്കുന്ന കാര്യമേ ഉള്ളൂ. ആരാണ് ചോര്‍ത്തിയത് എന്നുകണ്ടുപിടിക്കാം. ചോര്‍ത്തിയ ആള്‍ക്കെതിരെ കേസ്സും കൊടുക്കാം.

ഇന്റര്‍നെറ്റില്‍ വലിയ സ്വകാര്യതക്കൊന്നും സ്‌കോപ്പില്ല. ഏത് മെയിലും ആര് , എപ്പോള്‍, ഏത് കമ്പ്യൂട്ടറില്‍ നിന്നയച്ചു എന്ന് അധികൃതര്‍ക്ക് കണ്ടുപിടിക്കാം. രഹസ്യം കൈമാറാനും ഊമക്കത്തയയ്ക്കാനും പഴയ ഇന്‍ലന്റ് ആണ് നല്ലത്. നാല് കഷണമായിപ്പോകാതെ അതാര്‍ക്കും തുറന്നുനോക്കാന്‍ കഴിയില്ല. പിന്നെങ്ങനെ ചോര്‍ത്താനാണ് ?

* * *

ദിവസവും നൂറുനൂറ് തീരുമാനമെടുക്കേണ്ടി വരുമ്പോള്‍ ചിലതെല്ലാം തെറ്റിപ്പോകാം എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരിക്കല്‍ പറയുകയുണ്ടായി. കറക്ട്. തെറ്റ് മനുഷ്യസഹജമാണ്. എല്ലാ മനുഷ്യരും അതേറ്റുപറയണമെന്നില്ല, ആവര്‍ത്തിക്കാതിരുന്നാലും മതി. മുഖ്യമന്ത്രിക്ക് മാത്രമല്ല, ആര്‍ക്കും തെറ്റുപറ്റാം, മാധ്യമപ്രവര്‍ത്തകര്‍ക്കും പറ്റാം. പറ്റുന്ന എല്ലാ തെറ്റിനും മനുഷ്യന്‍ ജയിലില്‍ കിടക്കേണ്ടി വരുന്നത് അതിനേക്കാള്‍ വലിയ തെറ്റാണ്.

എതിര്‍മുന്നണിയില്‍പ്പെട്ട നേതാക്കളുടെ തെറ്റ് കണ്ടെത്താന്‍ നടക്കുകയാണ് ഇരുമുന്നണിക്കാരും. ജയിലിലിടാന്‍ പറ്റിയില്ലെങ്കില്‍ ചുരുങ്ങിയത് നാല് വിജിലന്‍സ് കേസ്സിലെങ്കിലും പെടുത്തുക എന്നതാണ് ടാര്‍ജറ്റ്. ഏറി വന്നാല്‍ സ്വജന പക്ഷപാതം എന്നുമാത്രം പറയാവുന്ന നടപടിത്തെറ്റുകളിലും മുന്‍മന്ത്രിമാര്‍ മാത്രമല്ല മുന്‍മുഖ്യമന്ത്രിമാരും പ്രതികളാകുന്നു. സത്യസന്ധനെന്ന് പേരുകേട്ടവരെ കേസ്സില്‍ പ്രതിയാക്കുന്നതിനാണ് പ്രചാരണമൂല്യം കൂടുതല്‍.

ഇ മെയില്‍ ചോര്‍ത്താന്‍ പോലീസ് നിര്‍ദേശം നല്‍കിയെന്ന വാര്‍ത്തയില്‍ കുറച്ച് ശരിയുണ്ട്, കുറെ തെറ്റുമുണ്ട്. തെറ്റിന്റെ പേരില്‍ ലേഖകനെയും മാധ്യമസ്ഥാപനത്തേയും കേസ്സില്‍ കുടുക്കി ജയിലിലിടാന്‍ നോക്കുന്നത് വാര്‍ത്തയിലെ തെറ്റിനേക്കാള്‍ വലിയ തെറ്റായിത്തീരും. സാധാരണ പൗരന്റെ ഇ മെയില്‍ ചോര്‍ത്തുന്നതിനേക്കാള്‍ വലിയ ഫാസിസമാണ് തെറ്റുകളുടെ പേരില്‍ ലേഖകരെ പിടിച്ച് ജയിലിലിടുന്നത്. മാധ്യമസ്വാതന്ത്ര്യം എന്നത് കുറച്ചെല്ലാം അസത്യവും പറയാനുള്ള സ്വാതന്ത്ര്യമാണ്. അതുണ്ടെങ്കിലേ സത്യം പറയാനുള്ള സ്വാതന്ത്ര്യവുമുണ്ടാകൂ. എല്ലാ തെറ്റുകളും ദുരുദ്ദേശ്യപരമായിക്കൊള്ളണമെന്നുമില്ല.ഭരണാധികാരികള്‍ക്ക് തെറ്റുപറ്റുമ്പോള്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുംപോലെ ഒരു മാധ്യമത്തിന് തെറ്റുപറ്റുമ്പോഴും മറ്റുമാധ്യമങ്ങളത് ചൂണ്ടിക്കാട്ടും. തെറ്റും ശരിയും തിരിച്ചറിയാന്‍ ജനങ്ങള്‍ക്കാവും. എല്ലാ തെറ്റുകളും ജയിലിലേക്കുള്ള വഴിയായിക്കാണാന്‍ തുടങ്ങിയാല്‍പ്പിന്നെ ജയിലേ ഉണ്ടാകൂ, ജനാധിപത്യമുണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *

Go Top