യു.ഡി.എഫ്. ഘടകകക്ഷികള്‍ ഐക്യത്തോടെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് പിറവത്ത് വന്‍ജയം നേടാന്‍ കഴിഞ്ഞതെന്ന അപഖ്യാതി ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. മുന്നണിയുടെ അടിസ്ഥാനസ്വഭാവത്തിന് വിരുദ്ധമായ പ്രതിച്ഛായ വളര്‍ത്തിയെടുക്കുന്നത് ഒട്ടും ശരിയല്ല. ഈ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പിറവാനന്തരം മുന്നണി ഘടകകക്ഷികള്‍ പ്രവര്‍ത്തനപരിപാടികള്‍ പുനരാസൂത്രണം ചെയ്തത്. അടിപിടിയുണ്ടാക്കാന്‍ പറ്റിയ വിഷയങ്ങള്‍ ധാരാളമുണ്ടെങ്കിലും അഞ്ചാംമന്ത്രി എന്നത് ഒരു ആഗോള പ്രശ്‌നമായതുകൊണ്ടാണ് അതുന്നയിച്ച് കുളംകലക്കാന്‍ തീരുമാനമെടുത്തത്.
അഞ്ചാംമന്ത്രി ഇല്ലാത്തതുകൊണ്ട് കേരളീയര്‍ പെടുന്ന പാടിന് ഉടന്‍ പരിഹാരമുണ്ടാക്കിയേ തീരൂ. പത്രങ്ങളില്‍ തലവാചകം, ചാനലുകള്‍ക്ക് ചര്‍ച്ചാവിഷയം എന്നിവ സൃഷ്ടിക്കേണ്ടതും പ്രധാനപ്പെട്ട കര്‍മപരിപാടിയാണ്. വേറേ ഒരു പ്രയോജനവുമുണ്ട്. കോഴിക്കോട്ട് സി.പി.എമ്മുകാര്‍ ഇരുപതാം കോണ്‍ഗ്രസ് ഗംഭീര ഉത്സവമായി കൊണ്ടാടുന്നുണ്ട്. സംസ്ഥാനസമ്മേളനം പോലെയല്ല ഇത്. കാര്യമായി വിഭാഗീയതയൊന്നും റിപ്പോര്‍ട്ട് ചെയ്യാനില്ല. കാതലുള്ള ഒരു വിവാദത്തിന് പറ്റിയ രസക്കൂട്ടുകള്‍ അഞ്ചാംമന്ത്രിയിലേ കാണാനുള്ളൂ. തത്കാലം അതിന്മേലാകാം കാലയാപനം.
ചരിത്രപരമായ പ്രാധാന്യം സംഭവത്തിനുണ്ട്. 1967 ലാണല്ലോ മുസ്‌ലിംലീഗ് ആദ്യമായി കേരളത്തില്‍ മന്ത്രിസഭയില്‍ ചേര്‍ന്നത്. ഇ.എം.എസ്സും കമ്യൂണിസ്റ്റ് പാര്‍ട്ടികളും ആണ് അതിന് മുന്‍കൈ എടുത്തതെന്ന് ഓര്‍ക്കാന്‍ ലീഗുകാര്‍ ഇന്ന് ഇഷ്ടപ്പെടില്ല. ഇപ്പോള്‍ ലീഗിന് അഞ്ചാംമന്ത്രിക്ക് പകരം സ്പീക്കര്‍ സ്ഥാനം തരാമെന്ന് പറയുന്ന കൂട്ടരു തന്നെയാണ് പണ്ട് ലീഗുകാരനെ സ്പീക്കറാക്കണമെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതിന്റെ കടലാസ് കാണിക്കണമെന്ന് വാശിപിടിച്ചത്. അതുപോകട്ടെ, 67-ല്‍ ഇ.എം.എസ്. മന്ത്രിസഭയില്‍ ലീഗിന് ആദ്യമായി മന്ത്രിസ്ഥാനം കിട്ടി. എത്രയുണ്ടായിരുന്നു ലീഗ് മന്ത്രിസ്ഥാനം ? ഇമ്മിണി ബലിയ രണ്ട്. അന്ന് ആകെ മന്ത്രിമാര്‍ 13. പില്‍ക്കാലമന്ത്രിസഭകളില്‍ മന്ത്രിമാരുടെ എണ്ണം പെരുകി. ഇപ്പോള്‍ മന്ത്രിമാരുടെ എണ്ണം ഇരുപത് കവിയും. എന്നിട്ടും ലീഗ് മന്ത്രിമാരുടെ എണ്ണം ഇരട്ടിയേ ആയുള്ളൂ. നീതികേട് തന്നെ.
നീതികേടുണ്ട് എന്ന് തോന്നേണ്ട സമയത്ത് തോന്നാത്തതാണ് വലിയ കുറ്റമത്രെ. ഏതായിരുന്നു തോന്നേണ്ട സമയം ? മന്ത്രിക്കസേര ഓഹരി വെക്കുമ്പോഴാണ് എണ്ണം പറഞ്ഞ് ഉടക്കുണ്ടാക്കേണ്ടത്. അതിനുമുമ്പും പറഞ്ഞില്ല അപ്പോഴും പറഞ്ഞില്ല. ശരി തന്നെ. അന്ന് ആവശ്യപ്പെട്ടാല്‍ അഞ്ചാംമന്ത്രിയെ കിട്ടാന്‍ ചാന്‍സുണ്ടായിരുന്നു. പക്ഷേ, അന്ന് ആലോചന മുഴുവന്‍ മുനീറിനെ എങ്ങനെ മൂലയിലാക്കാം എന്നതായിപ്പോയി. ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞാലേ മന്ത്രിസ്ഥാനം തരൂ എന്നുപറഞ്ഞാല്‍ മുനീര്‍ ഒഴിയാതിരിക്കുമെന്നും അങ്ങനെ ശല്യം ഒഴിയുമെന്നുമുള്ള കണക്കുകൂട്ടലും തെറ്റി. ചാനല്‍ പൂട്ടിച്ചാലേ മുനീറിനെ മന്ത്രിയാക്കൂ എന്ന് പറയാമായിരുന്നു എന്ന് പിന്നെ തോന്നിക്കാണണം കുഞ്ഞാലിക്കുട്ടിക്ക്. മുനീര്‍ അതിനും മടിക്കില്ല എന്നുകരുതുന്നവരും കാണും. ഒടുവില്‍ നോക്കിയപ്പോള്‍ അഞ്ചാംമന്ത്രിയില്ല, മുനീര്‍ രണ്ടാംമന്ത്രിയാവുകയും ചെയ്തു.
മലപ്പുറം ജില്ലയിലെ നിയമസഭാ സീറ്റുകളുടെ എണ്ണം കൂടിയതുകൊണ്ടാണ് ഇടതുമുന്നണിക്ക് അധികാരത്തില്‍ തിരിച്ചുവരാന്‍ കഴിയാതെ പോയതെന്ന് മറ്റ് ആരുമറന്നാലും വി.എസ്സിന് മറക്കാനാവില്ല. മലപ്പുറത്ത് സീറ്റ് കൂടുമ്പോള്‍ രാഷ്ട്രീയസമവാക്യം തെറ്റും. ലീഗ് വളര്‍ച്ചയും അതിന്റെ ഫലമായ അഞ്ചാംമന്ത്രിയും തെറ്റിക്കുന്നത് സാമുദായിക സമവാക്യമല്ല, രാഷ്ട്രീയ സമവാക്യമാണ്. മുഴുവന്‍ മന്ത്രിമാരും ഒരേ സമുദായക്കാരായാലും കുഴപ്പമില്ല, അവരുടെ സമീപനം മതേതരമാണെങ്കില്‍. ഇരുപതില്‍ 19 മന്ത്രിമാരും മതേതരരായാലും ഒരു മന്ത്രി തികഞ്ഞ സാമുദായിക വാദിയായാല്‍ മതി നാട്ടില്‍ കുഴപ്പമുണ്ടാകാന്‍. ഇടതുപക്ഷം പോലും ഇപ്പോള്‍ പറയുന്നത് മന്ത്രിയുടെ സമീപനത്തെ കുറിച്ചല്ല, മന്ത്രിയുടെ മതത്തെ കുറിച്ചാണ്.
ഇതൊക്കെയാണെങ്കിലും മുസ്‌ലിംലീഗുകാര്‍ അസമയത്ത് അഞ്ചാംമന്ത്രി പ്രശ്‌നം ഉന്നയിച്ചതുകൊണ്ട് നെയ്യാറ്റിന്‍കരയിലെ യു.ഡി.എഫ്. സാധ്യത കുറയുമെന്നൊന്നും ആരും പടച്ചോനെ വിചാരിച്ച് പ്രചരിപ്പിക്കരുതുകേട്ടോ. മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കുന്നതും സെല്‍വരാജിനെ ജയിപ്പിക്കുന്നതും തമ്മിലുള്ള അഗാധബന്ധം അറിയാത്തവരാണ് ഇത്തരം അബദ്ധങ്ങള്‍ പ്രചരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിനുമുമ്പ് മറുകണ്ടം ചാടിയ ഇടതുപക്ഷ എം.എല്‍.എ. യാണ് അലി. തിരഞ്ഞെടുപ്പിനുശേഷം ഇങ്ങേ കണ്ടത്തിലേക്ക് ചാടിയ ഇടതുപക്ഷ എം.എല്‍.എ. ആണ് സെല്‍വരാജ്. അലിയെ മന്ത്രിയാക്കുന്നത് ഭാവിയിലെ വേലിചാട്ടക്കാര്‍ക്കെല്ലാം അടക്കാന്‍ ആവാത്ത പ്രചോദനമായിരിക്കും. മന്ത്രിയാകും എന്ന പ്രലോഭനത്തിലാണ് പിറവത്തുകാര്‍ അനൂപ് ജേക്കബിന് വന്‍ ഭൂരിപക്ഷം നല്‍കിയതെന്ന് കരുതുന്നവരുണ്ട്. പിറവത്തുകാര്‍ അത്ര മോശക്കാരാണ് എന്ന് തോന്നുന്നില്ല. എന്തായാലും അലിയെ മന്ത്രിയാക്കിയാല്‍ നെയ്യാറ്റിന്‍കരക്കാര്‍ക്ക് സെല്‍വരാജിനെ കുറിച്ചുള്ള ബഹുമാനത്തിന്റെ ഡിഗ്രി ഉയരും. എന്തുകൊണ്ട് സെല്‍വരാജിനെയും മന്ത്രിയാക്കിക്കൂടാ? ഇരുപത് മന്ത്രിമാരേ പാടൂള്ളൂ എന്നൊരു ക്രൂരവ്യവസ്ഥ ഉണ്ടായിപ്പോയി. സാരമില്ല. ആരെയെങ്കിലും രാജിവെപ്പിച്ചാല്‍ മതി. മന്ത്രിസഭ അഞ്ചുകൊല്ലം നിലനിര്‍ത്താന്‍ ചെയ്യുന്ന ഏത് ത്യാഗത്തിനും യഥാസമയം വിലകിട്ടും. സംശയം വേണ്ട.
********
വേലിചാടി വന്ന് സഹായിക്കുന്ന ത്യാഗികള്‍ക്കുള്ള പുരസ്‌കാരവും പാരിതോഷികവും സമയത്തുതന്നെ കൊടുക്കേണ്ടതിന്റെ പ്രാധാന്യം യു.ഡി.എഫുകാരെ ഓര്‍മിപ്പിക്കാനും വി.എസ്. തന്നെ വേണ്ടിവന്നു. സിന്ധുജോയി എത്ര നിര്‍ണായകമായ ഘട്ടത്തിലാണ് സി.പി.എമ്മിനെ ഉപേക്ഷിച്ച് യു.ഡി.എഫിനെ പിന്താങ്ങിയത്. അവരുടെ സഹായത്തിന്റെ കൂടി ഫലമായി അധികാരത്തില്‍വന്ന സര്‍ക്കാര്‍ അവരെ കറിവേപ്പിലയാക്കി. യു.ഡി.എഫിനെ കുറ്റം പറയാനാവില്ല. ആകെ ആയിരമോ മറ്റോ ബോര്‍ഡ്- കോര്‍പ്പറേഷനുകളേ കേരളത്തില്‍ ഉള്ളൂ. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആകാന്‍ യോഗ്യതയുള്ള പതിനായിരം കോണ്‍ഗ്രസ്സുകാരെങ്കിലുമുണ്ട്. അവരെ തിരഞ്ഞെടുക്കാന്‍ ഒരു ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമേ ഉള്ളൂ. നിവേദനം വാങ്ങിക്കാന്‍തന്നെ ഇരുപത്തിനാലുമണിക്കൂര്‍ തികയുന്നില്ല മുഖ്യമന്ത്രിക്ക്. അതിനിടയിലാണ് ഈ ബോര്‍ഡ്-കോര്‍പ്പറേഷന്‍ ഓഹരിവെപ്പ്. ഇതിനായി പി.എസ്.സി.പോലൊരു സംവിധാനമൊന്നും പാവപ്പെട്ട കെ.പി.സി.സി.ക്കില്ല. കോണ്‍ഗ്രസ്സുകാരുടെ അപേക്ഷകളിലെല്ലാം തീരുമാനമെടുത്തിട്ട് വേണമല്ലോ സിന്ധുജോയിയെ പരിഗണിക്കാന്‍.
എന്തായാലും വി.എസ്. ഒരു കാര്യംപറഞ്ഞാല്‍ തള്ളിക്കളയുന്ന ആളല്ല ഉമ്മന്‍ ചാണ്ടി. പുറമെ കീരിയും പാമ്പുമെന്നൊക്കെ തോന്നിക്കുമെങ്കിലും ഭയങ്കര സ്‌നേഹമാണ്. വി.എസ്. കറിവേപ്പില എന്നോ മറ്റെന്തോ ഒക്കെ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ മനം നൊന്തു. അങ്ങനെയാണ് യുവജനക്ഷേമ ബോര്‍ഡിന്റെ തലപ്പത്ത് സിന്ധുജോയിയെ പ്രതിഷ്ഠിച്ച് ഉത്തരവാക്കിയത്. സിന്ധുവിനും വി.എസ്സിനും സമാധാനമാകട്ടെ. വി.എസ്. അതൊരു പ്രശ്‌നമാക്കിയിരുന്നില്ലെങ്കില്‍ ആ സ്ഥാനം സിന്ധുവിന് കൊടുക്കാന്‍ മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ സമ്മതിക്കുമായിരുന്നുവെന്ന് തോന്നുന്നുണ്ടോ? മധ്യവയസ്സ് പിന്നിട്ട ഒന്നരഡസന്‍ യുവാക്കള്‍ ആ സ്ഥാനത്തിന് നോട്ടമിട്ടിരുന്നു എന്നാണ് കേള്‍വി.
ഇത്തരം കാര്യത്തിലുള്ള ഇരുമുന്നണികളുടെയും ഹൃദയവിശാലത താരതമ്യം ചെയ്യേണ്ടതുണ്ട്. കുട്ടിയായിരുന്ന കാലം മുതല്‍ സന്തതസഹചാരിയായിരുന്ന ചെറിയാന്‍ ഫിലിപ്പിനെ എ.കെ. ആന്റണി കറിവേപ്പിലയാക്കിയപ്പോള്‍ ഇടതുമുന്നണിക്ക് അത് സഹിച്ചില്ല. അക്കാലം വരെ ചെറിയാന്‍ ഫിലിപ്പ് ഇടതുപക്ഷത്തോട് കാട്ടിയ അതിക്രമങ്ങളെല്ലാം അവര്‍ ഉടന്‍ മറന്നു. അനീതി പൊറുക്കില്ല അവര്‍. ചെറിയാന് മത്സരിക്കാന്‍ ‘നല്ലൊരു’ സീറ്റ് കൊടുത്തു. തോറ്റുപോയത് നിര്‍ഭാഗ്യം. തോറ്റിട്ടും ചെറിയാനെ മറന്നില്ല. തോറ്റത് വലിയ കുറ്റമാക്കി പിന്നെയൊരു സ്ഥാനവും കൊടുക്കാതിരിക്കുന്നവരാണ് കോണ്‍ഗ്രസ്സുകാര്‍. ചെറിയാന് കെ.ടി.ഡി.സി. അധ്യക്ഷപദവി കൊടുക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ ഓര്‍മപ്പെടുത്തലൊന്നും വേണ്ടിവന്നില്ല. മനുഷ്യരായാല്‍ അത്രയെങ്കിലും വേണം നന്ദി കേട്ടോ.