പാളം തെറ്റിയ മമത

ഇന്ദ്രൻ

പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രി രാജിവെക്കും എന്നത് അതിസാധാരണം മാത്രം. രാജി വെച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. തൃണമൂല്‍ കോണ്‍ഗ്രസ് എന്നുപറയുന്നത് മമതയുടെ ഹാന്‍ഡ് ബാഗിലെ പാര്‍ട്ടി ആയതുകൊണ്ട് രാജി എന്ന് മുഴുവന്‍ പറയേണ്ടതില്ല. വായുവില്‍ എഴുതിക്കാട്ടിയാലും മതി മന്ത്രി രാജിവെക്കും. ഇവിടെ അതൊന്നുമല്ല പ്രശ്‌നം. റെയില്‍വേ മന്ത്രി അവതരിപ്പിച്ച ബജറ്റ് പാര്‍ട്ടി പ്രസിഡന്റിന് പിടിച്ചില്ല. അതുകൊണ്ട് മന്ത്രി രാജിവെക്കണം. പാര്‍ലമെന്റിലുള്ള യോഗ്യന്മാരുടെ ധാരണ അവരാണ് ബജറ്റ് പാസ്സാക്കുന്നത് എന്നാണ്; അല്ലേ അല്ല. ബജറ്റും പാര്‍ട്ടിയാണ്. അല്ലല്ല പാര്‍ട്ടി പ്രസിഡന്റാണ് പാസ്സാക്കുന്നത്. ഇനി നാളെ പാര്‍ലമെന്റ് ഇതേ ബജറ്റ് ഭേദഗതിയൊന്നുമില്ലാതെ പാസ്സാക്കിയാലോ? പാസ്സാക്കിയാലും മന്ത്രി ത്രിവേദി നിവേദ്യമാകും.

പാര്‍ലമെന്റ് അംഗീകരിക്കുകയും പാര്‍ട്ടി അംഗീകരിക്കാതിരിക്കുകയും ചെയ്ത ഒരു നടപടിയുടെ പേരില്‍ ഒരു മന്ത്രിക്ക് സ്ഥാനം തെറിക്കുക എന്നത് ലോകചരിത്രത്തിലെ ആദ്യസംഭവമായിരിക്കും. ബജറ്റ് പാസ്സാകുമോ മന്ത്രി പുറത്താകുമോ എന്ന് ഏതാനും ദിവസങ്ങള്‍ക്കകം അറിയാം. ഗിന്നസ് ബുക്കില്‍ കേറാവുന്ന സംഭവത്തിന് സാക്ഷിയാകാന്‍ നമുക്ക് ആകാംക്ഷാപൂര്‍വം കാത്തിരിക്കാം.
നിയമസഭയിലവതരിപ്പിക്കാന്‍ പോകുന്ന ഒരു സ്വകാര്യബില്ലിനെക്കുറിച്ച് ഇന്റര്‍നെറ്റില്‍ ചര്‍ച്ച നടത്തിയത് എന്തോ തല പോകുന്ന കുറ്റമായാണ് കേരളത്തില്‍ അവതരിപ്പിക്കപ്പെട്ടത്. ബാലറാം വെറുമൊരു ബാലന്‍ എന്നോര്‍ത്തുമാത്രമാണ് കാരുണ്യവാനായ ബഹുസ്​പീക്കര്‍ കടുംകൈക്കൊന്നും മുതിരാതിരുന്നത്. കേരളത്തിന്റെ ഭരണഘടനയല്ല ഭാരതത്തില്‍. വളരെ ഉദാരവത്കൃതമാണ് അവിടെ സഭാ അലക്ഷ്യം പോലുള്ള വ്യവസ്ഥകള്‍. സഭ പാസ്സാക്കേണ്ട ബജറ്റ് സഭ ചര്‍ച്ചചെയ്യും മുമ്പേ തള്ളപ്പെടുന്നു, മന്ത്രി രാജിവെക്കേണ്ടിവരുന്നു. ഇത് പാര്‍ലമെന്റലക്ഷ്യമല്ലേ ? മിണ്ടരുത്, മിണ്ടിയാല്‍ മന്ത്രിസഭ വീഴും. അവതരിപ്പിച്ച മന്ത്രിക്ക് ബജറ്റിനെ ന്യായീകരിക്കാന്‍ പോലും അനുവാദമില്ല. താന്‍ അവതരിപ്പിച്ച ബജറ്റിനെതിരെ സഭയില്‍ പ്രസംഗിക്കണമെന്ന് മമത ത്രിവേദിയോട് ആവശ്യപ്പെട്ടാല്‍ പാവത്താന്‍ അതും ചെയ്‌തെന്നിരിക്കും. വേറെ ഗതിയില്ല. അതാണ് ജനാധിപത്യം.

മമതയുടെ ബജറ്റല്ല തന്റെ ബജറ്റാണ് താന്‍ അവതരിപ്പിച്ചതെന്ന് മന്ത്രി ബജറ്റ് അവതരണത്തിന് ശേഷം പറഞ്ഞതായി പത്രങ്ങളില്‍ കണ്ടു. അതാണ് പ്രശ്‌നം. ജനാധിപത്യത്തെക്കുറിച്ച് ഇങ്ങനെ തെറ്റിദ്ധാരണകള്‍ പുലര്‍ത്തുന്നവര്‍ക്ക് നില്‍ക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല തൃണമൂല്‍പാര്‍ട്ടി. ബജറ്റും മമതയുടെ അംഗീകാരം വാങ്ങിയേ അവതരിപ്പിക്കാമായിരുന്നുള്ളൂ. ഇതിനെ മമതാധിപത്യം എന്നു വിളിച്ചേക്കും ശത്രുക്കള്‍. ജനത്തിന് എന്താണ് വേണ്ടത് എന്ന് മമതയ്ക്കറിയാം. അതുകൊണ്ട് അത് മമതാധിപത്യമല്ല, ജനാധിപത്യംതന്നെ. മമതയുടെ ഗണത്തില്‍ പെടുത്താവുന്ന പോക്കറ്റ് പാര്‍ട്ടി കൊണ്ടുനടത്തുന്ന ലാലു പ്രസാദ് യാദവന്‍ ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തിയത് റെയില്‍വേയെ ലാഭത്തിലാക്കിക്കൊണ്ടാണ്. വിദേശത്ത് നിന്നും സാമ്പത്തികവിദഗ്ധര്‍ പാഞ്ഞുവന്ന് താജ്മഹല്‍ കാണുന്നതിനുമുമ്പ് ലാലുവിനെയാണ് കാണാറുള്ളത്. ലാലുവിനുശേഷം റെയില്‍വേ ഭരിച്ചത് മമതയാണ്. സ്ഥാനമേറ്റ് മാസങ്ങള്‍ക്കകം റെയില്‍വേയെ സാമ്പത്തിക പ്രതിസന്ധിയിലാക്കാന്‍ മമതയ്ക്ക് കഴിഞ്ഞു. അത്രയും വിദഗ്ധയായ മമതയുമായി ചര്‍ച്ച ചെയ്യാതെ ബജറ്റ് അവതരിപ്പിച്ച മന്ത്രി അര്‍ഹിക്കുന്നത്
‘ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ്’ തന്നെ.
പ്രസക്തമല്ലെന്ന് തോന്നിയേക്കാവുന്ന ഒരു സംഗതിയുണ്ട്. മുലായം, ലാലു, നിതീഷ് തുടങ്ങി നമ്മുടെ നാട്ടിലെ ഏകാംഗ നാനോ പാര്‍ട്ടികള്‍വരെ എണ്ണിയാല്‍ തീരാത്തവ രാജ്യത്തുണ്ട്. അക്കൂട്ടത്തില്‍ മൂന്ന് പാര്‍ട്ടികളേ സ്ത്രീ പക്ഷത്തുള്ളൂ. ഒന്ന് മമതാധിപത്യ പാര്‍ട്ടി. രണ്ട്, തെക്കന്‍ദേശത്തുള്ള ജയാധിപത്യ പാര്‍ട്ടി. മൂന്ന്, ഉത്തരദേശത്തുള്ള മായാധിപത്യ പാര്‍ട്ടി. എന്തെല്ലാം കുറ്റങ്ങള്‍ പറഞ്ഞാലും ഒരു ഗുണം ഈ മൂന്ന് പാര്‍ട്ടികള്‍ക്കുമുണ്ട്-ഈ പാര്‍ട്ടികളില്‍ പുത്രാധിപത്യം ഉണ്ടാവില്ല.’തന്റേടം’ അനിയന്ത്രിതമായാല്‍ അങ്ങനെ ഒരു ഗുണമുണ്ട്.

യാതൊന്നിന്റെയും വില വര്‍ധിപ്പിച്ചുകൂടാ എന്നതാണ് മമതയുടെ വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശം. പത്ത് വര്‍ഷമായി വര്‍ധിക്കാത്ത അപൂര്‍വം ചാര്‍ജുകളില്‍ ഒന്നാണ് ട്രെയിന്‍ ചാര്‍ജ്. അതും വര്‍ധിപ്പിച്ചുകൂടാ. റെയില്‍വേ നില നിന്നാലും തകര്‍ന്നാലും മമതയ്ക്കു നഷ്ടമൊന്നുമില്ല. മമതയുടെ മന്ത്രി ട്രെയിന്‍ ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ ബംഗാളില്‍ നഷ്ടം മമതയ്ക്കാണ്. വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരിക്കെ എണ്ണ വില വര്‍ധനയില്‍ പ്രതിഷേധിക്കാന്‍ മമത രാജി കൊടുത്തു. മമത ലക്ഷ്യമിടുന്നത് എണ്ണവിലയല്ല, ബംഗാളിലെ വോട്ട് ആണെന്നതുകൊണ്ട് വിലവര്‍ധന പിന്‍വലിക്കാനൊന്നും വാജ്‌പേയി മിനക്കെട്ടില്ല. മൂന്നുദിവസം കഴിഞ്ഞ് മമത രാജി പിന്‍വലിച്ചുവെന്നത് വേറെ കാര്യം. പില്‍ക്കാലത്തുണ്ടായ എണ്ണ വില വര്‍ധനയുടെ പേരിലൊന്നും മമത രാജിവെച്ചിട്ടില്ല. മുടങ്ങാതെ പ്രതിഷേധിച്ചിട്ടുണ്ടെന്നത് സത്യം. റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് വകുപ്പിന്റെ ആസ്ഥാനംതന്നെ കൊല്‍ക്കത്തയായിരുന്നു. ദിവസവും ഓരോ പുതിയ ട്രെയിനിന്റെ ഉദ്ഘാടനം മമത നിര്‍വഹിക്കുകയുണ്ടായി. ആ പദ്ധതികള്‍ നടപ്പാക്കിത്തീര്‍ക്കാന്‍ പത്തുവര്‍ഷം മന്ത്രിയായിരുന്നാലും ത്രിവേദിക്ക് കഴിയില്ല.
കുറച്ചായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് ഉമ്മന്‍ചാണ്ടിയോട് പോലും അസൂയ തോന്നിത്തുടങ്ങിയിട്ടുണ്ട്. മമതയുടെയും ലാലുവിന്റെയും മുലായത്തിന്റെയും കരുണാനിധിയുടെയും ബലത്തില്‍ രാജ്യം ഭരിക്കുന്നയാളോട് സര്‍പ്പക്കൂട്ടില്‍ കഴിഞ്ഞിരുന്ന പരേതനായ പാമ്പ് വേലായുധനും സഹതാപം തോന്നും.
* * * * * * * *

ആട്ടിന്‍കുട്ടിയെപ്പോലെ നിര്‍ദോഷിയും നിഷ്‌കളങ്കനും നിരാലംബനും ആയ ഒരു വിപ്ലവകാരിയെ യു.ഡി.എഫ്. കാപാലികര്‍ പ്രീണിപ്പിച്ച് പ്രലോഭിപ്പിച്ച് കാലുമാറ്റിച്ചതുപോലൊരു നിഷ്ഠുരസംഭവം അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല. വിപ്ലവകാരിയെ വിശ്വാസവഞ്ചകനാക്കുക എന്നതില്‍പ്പരം ക്രൂരത വേറെയില്ല. സാമ്രാജ്യത്വശക്തികളേക്കാള്‍ ഭീകരന്മാരാണ് യു.ഡി.എഫുകാര്‍ എന്ന് സെല്‍വരാജ് സംഭവം വ്യക്തമാക്കുന്നു. 1957-ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിക്കാന്‍ സാമ്രാജ്യത്വം നേരിട്ട് സി.ഐ.എ. ചാരന്മാരെ നിയോഗിച്ച് എം.എല്‍.എ.മാരെ കാലുമാറ്റിക്കാന്‍ ശ്രമിക്കുകയുണ്ടായി. ഒരൊറ്റയാള്‍ വഴങ്ങിയില്ല. പാര്‍ട്ടിയില്‍ ആദര്‍ശനിഷ്ഠ ഇല്ലാതായതുകൊണ്ടാണ് ഇപ്പോള്‍ പലരും പണത്തിനും പ്രലോഭനത്തിനും വഴങ്ങുന്നതെന്ന് മാത്രം പറയരുതാരും. ആദര്‍ശത്തില്‍ വെള്ളം ചേര്‍ത്തിട്ടൊന്നുമില്ല. അന്ന് അവര്‍ പൊക്കിക്കാട്ടിയതിനേക്കാള്‍ വലിയ പ്രലോഭനങ്ങളാണ് ഇന്നത്തെ ഉമ്മന്‍ചാണ്ടി , ചെന്നിത്തല സാമ്രാജ്യത്വവാദികള്‍ പൊക്കിക്കാട്ടിയത്. മരുമകന് ജോലി, മണ്ഡലത്തില്‍ സമഗ്രവികസനം, എത്രയോ കോടി രൂപ (അതെത്രയെന്ന് വി.എസ്സിനേ അറിയൂ) തുടങ്ങിയ നീചവാഗ്ദാനങ്ങള്‍ സി.ഐ.എ.പോലും പൊക്കിക്കാട്ടിയിരുന്നില്ല. പിന്നെ എങ്ങനെ വഴങ്ങാതിരിക്കും.

ചീഞ്ഞ മുതലാളിത്ത വ്യവസ്ഥിതിയില്‍ വിപ്ലവകാരികളുടെ പവിത്രതയും ചാരിത്ര്യവും എങ്ങനെ സംരക്ഷിക്കാം എന്ന് ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല. പാര്‍ലമെന്റില്‍ അനാവശ്യചോദ്യം ചോദിക്കാന്‍ ഗവേഷകരെ വിട്ടുതരും സി.ഐ.എ. ദുഷ്ടന്മാര്‍. ഇതുപോലുള്ള പ്രയോജനപ്രദമായ പഠനങ്ങള്‍ നടത്താന്‍ കാല്‍ക്കാശ് തരില്ല. ഒരു സമാധാനമേ ഉള്ളൂ. സോവിയറ്റ് യൂണിയനിലൊക്കെ പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്നവരെയാണ് സി.ഐ.എ. മുട്ടാളന്മാര്‍ പ്രലോഭിപ്പിച്ച് വശത്താക്കിയത്. ഗോര്‍ബച്ചേവ്-യെല്‍സിന്‍ തുടങ്ങിയ മഹാനേതാക്കളെയും പൊളിറ്റ് ബ്യൂറോവിനെ ഒന്നടങ്കവുമാണ് അവര്‍ വശത്താക്കിയത്. ഇവിടത്തെ നേതാക്കള്‍ അവരേക്കാള്‍ ആദര്‍ശവാന്മാരായതുകൊണ്ട് അതെന്തായാലും സംഭവിക്കില്ല. സിന്ധുജോയി, അബ്ദുള്ളക്കുട്ടി, മനോജ്, ശിവരാമന്‍, സെല്‍വരാജ് തുടങ്ങിയ താഴെക്കിടക്കാരെ പിടികൂടുന്നതിലേ അവര്‍ വിജയിക്കൂ. പട്ടാളക്കാര്‍ മുഴുവന്‍ കാലുമാറിയാലും ക്യാപ്റ്റന്മാര്‍ യുദ്ധത്തില്‍ ഉറച്ചുനില്‍ക്കും. പേടിക്കാനില്ല.

Leave a Reply

Go Top