അഖണ്ഡ സമ്പര്‍ക്കയജ്ഞം

ഇന്ദ്രൻ

നെട്ടോട്ടത്തിലാണ് മുഖ്യമന്ത്രി. രാവും പകലുമില്ല, ഊണും ഉറക്കവുമില്ല. കണ്ണൂരില്‍ ഇരുപതിനായിരം, കോട്ടയത്ത് ഇരുപത്തയ്യായിരം, മലപ്പുറത്ത് മുപ്പതിനായിരം, ആലപ്പുഴയില്‍ മുപ്പത്തയ്യായിരം… അങ്ങനെ ഉയര്‍ന്നുയര്‍ന്നുപോവുകയാണ്. എന്ത് ? പരാതിക്കാരുടെ എണ്ണം. വലിയ പന്തലുകളില്‍ കൗണ്ടറുകള്‍ക്ക് മുന്നില്‍, മുഖ്യമന്ത്രിയുടെ കണ്ണും കാതും ഒരുമിനിറ്റ് കിട്ടാന്‍ അവര്‍ ഇടിച്ചുകയറുകയാണ്. ഹാവൂ… എന്തൊരു ആവേശകരമായ കാഴ്ച.

ആധുനികലോകം എന്തെല്ലാം നവംനവങ്ങളായ ഭരണരീതികള്‍ കണ്ടെത്തിയിരിക്കുന്നു. ഇ-ഗവേണന്‍സും ഓപ്പണ്‍ ഗവേണന്‍സും മറ്റെന്തെല്ലാമോ ഗവേണന്‍സുമാണ് ലോകത്തെങ്ങും. അതൊന്നും നമ്മുടെ ഇന്‍സ്റ്റന്റ് ഗവേണന്‍സിന്റെ നാലയത്ത് വരില്ല. ഓരോ അപേക്ഷയിന്മേലും പത്ത് അന്വേഷണക്കടലാസ് അട്ടിവെച്ച് ആയിരം ദിവസം അടയിരിക്കലാണ് നമ്മുടെ ഉദ്യോഗസ്ഥഭരണത്തിന്റെ രീതി. അത് അവസാനിപ്പിച്ചുവോ മുഖ്യമന്ത്രി ? ഇല്ല, ബുദ്ധിമുട്ടാണ്. സേവനാവകാശം വരുന്നു എന്ന് കേള്‍ക്കുന്നുണ്ട്. സമ്മതിക്കില്ല ബ്യൂറോക്രസി. മുഖ്യമന്ത്രി വിചാരിച്ചാലൊന്നും ഇളകുന്ന വെള്ളാനയല്ല അത്. ആ ആന അവിടെ അങ്ങനെ നിന്നോട്ടെ. നമുക്ക് അടുത്ത് നില്‍ക്കുന്ന ആടുകളോട് ഒരു കൈ നോക്കാം. കണ്ണടച്ചുചെയ്യാവുന്ന കുറെ കാര്യങ്ങളുണ്ട്. രോഗചികിത്സയ്ക്ക് സഹായം, തടഞ്ഞുവെച്ച പെന്‍ഷന്‍, വൈദ്യുതി കണക്ഷന്‍… അങ്ങനെ എന്തെല്ലാം കിടക്കുന്നു ഇന്‍സ്റ്റന്റായി ഡിസ്‌പോസ് ആക്കാന്‍.

മുഖ്യമന്ത്രി ബ്യൂറോക്രസിയോട് താങ്ക്‌സ് പറയേണ്ടതുണ്ട്. വില്ലേജ് ഓഫീസര്‍ മുതല്‍ ചീഫ് സെക്രട്ടറി വരെ ഉള്ളവര്‍ നേരാംവണ്ണം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ജനസമ്പര്‍ക്ക മഹായജ്ഞം നടത്താന്‍ അദ്ദേഹത്തിന് അവസരം ലഭിക്കുമായിരുന്നില്ല. പണ്ടേതോ രാജാവിനെ ക്കുറിച്ച് പറഞ്ഞുകേട്ട കഥയുണ്ട്. മുഖ്യമന്ത്രിയെ താഴ്ത്തിക്കെട്ടാന്‍ ഉണ്ടാക്കിയ കഥയല്ല കേട്ടോ. രാജാവ് മറ്റൊരു രാജാവിനോട് വീമ്പ് പറഞ്ഞത്രെ, ഞാന്‍ ദിവസവും ലക്ഷം പേര്‍ക്ക് അന്നദാനം നടത്തുന്നുണ്ട് എന്ന്. ”ഉണ്ടോ… അസ്സലായി” എന്നായി മറ്റേ രാജാവ്. ”ഞാന്‍ അന്നം വിളമ്പി വിളിച്ചിട്ട് ആരും വന്നില്ല. അവറ്റകള്‍ക്ക് തിന്നാന്‍ വീട്ടില്‍ വേണ്ടതുണ്ടത്രെ…. നന്ദിയില്ലാത്ത കൂട്ടര്.” ഭരണം നേരാംവണ്ണം നടക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി പന്തല് കെട്ടി കാത്തിരുന്നാലും ആരും വരില്ല.

പരാതിക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ചാണ് ഭരണത്തിന്റെ വിജയം എന്നുതോന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ കണ്ടാല്‍. ഉദ്യോഗസ്ഥരും ഈ സന്ദേശം ഉള്‍ക്കൊണ്ടുകൊള്ളും. അഗതികള്‍ക്ക് പെന്‍ഷന്‍, അനാഥര്‍ക്ക് ആശ്രയം, ഗതിയില്ലാത്തവന് ഗതി തുടങ്ങിയ കേസുകളിലൊന്നും നമ്മള്‍ തീരുമാനമെടുക്കരുത്. അതെല്ലാം സമ്പര്‍ക്കയജ്ഞത്തില്‍ കൈകാര്യം ചെയ്തുകൊള്ളട്ടെ. എല്ലാ ഉദ്യോഗസ്ഥര്‍ക്കും ക്വാട്ട നിര്‍ണയിച്ചുകൊടുക്കട്ടെ. ഇത്ര ദിവസത്തിനകം ഫയലുകള്‍ തീര്‍ക്കണം എന്നതാവരുത് ക്വാട്ട. ഇത്ര ഫയലുകള്‍ തീരുമാനമെടുക്കാതെ ബാക്കിയാക്കണം എന്നതാവണം ക്വാട്ട. കുടുംബം ഒന്നടങ്കം വന്ന് മുഖ്യമന്ത്രിയുടെ മുമ്പില്‍ നെഞ്ചത്തടിച്ച് നിലവിളിക്കുന്നതുപോലുള്ള ഹൃദയസ്​പൃക്കായ ദൃശ്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുന്നത് പ്രോത്സാഹജനകമായിരിക്കും.

നിയമവും വകുപ്പും നോക്കാതെ, പഴയകാല നാട്ടുരാജാക്കന്മാര്‍ ചെയ്തിരുന്നതുപോലെ, ഖജനാവില്‍ കിടക്കുന്ന പണം എടുത്ത് ആയിരം, പതിനായിരം എന്നൊക്കെ എഴുതി ഓരോരുത്തര്‍ക്ക് കൊടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന ആക്ഷേപം ഇടതുമുന്നണിക്കാര്‍ക്ക് തുടക്കത്തിലേ ഉണ്ട്. ഇപ്പോള്‍ ധനവകുപ്പിന്റെ അണിയറയിലും മുറുമുറുക്കലുകള്‍ കേള്‍ക്കുന്നുണ്ടത്രെ. ധനവകുപ്പ് പിരിച്ചുവിട്ടാല്‍ത്തന്നെ കേരളം ഒരു വിധം രക്ഷപ്പെട്ടുപോകും എന്ന് കരുതുന്നവര്‍ സെക്രട്ടേറിയറ്റില്‍ത്തന്നെയുണ്ട്. നാട്ടുകാര്‍ക്ക് ഈ അഭിപ്രായം പണ്ടേ ഉണ്ട്. ഉമ്മന്‍ചാണ്ടി ഈ കൂട്ടത്തില്‍ പെടുമോ എന്ന് വ്യക്തമല്ല. ധനവകുപ്പിന്റെ നിയമവും വകുപ്പും നോക്കിയാല്‍ ജനസമ്പര്‍ക്കം ജനസംഘര്‍ഷമായി മാറും. അതുകൊണ്ട് മുഖ്യമന്ത്രി പിന്തിരിയുന്ന പ്രശ്‌നമില്ല.

ആരോടും ”നോ” പറയില്ല എന്നതാണ് ജനപ്രീതിയുടെ അടിസ്ഥാനം. 2004-ല്‍ ആദ്യം മുഖ്യമന്ത്രിയായപ്പോള്‍ ഉമ്മന്‍ചാണ്ടി തുറന്നുകൊടുത്തതാണ് സെക്രട്ടേറിയറ്റിന്റെ വാതില്‍. വഴിയേ പോകുന്ന ആര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറി ഒരു നിവേദനം എഴുതിക്കൊടുക്കാമെന്ന അവസ്ഥ അന്നേ ഉണ്ടാക്കിയതാണ്. നിവേദനം അയച്ചുകൊടുക്കാന്‍ പോസ്റ്റ് ഓഫീസ് പോരെ, മുഖ്യമന്ത്രി ഇങ്ങനെ വേവലാതിപ്പെടേണ്ടതുണ്ടോ എന്ന് ചിലരെല്ലാം ചോദിച്ചതാണ്. നിവേദനത്തില്‍ അപ്പപ്പോള്‍ തീരുമാനം എഴുതിക്കൊടുക്കുന്ന സംവിധാനമാണിത്. ഫയലുണ്ടായശേഷം തീരുമാനമുണ്ടാവുകയല്ല, തീരുമാനമുണ്ടായശേഷം ഫയലുണ്ടാവുകയാണ് പുതിയ രീതി.

ബഹുജനസമ്പര്‍ക്ക പ്രക്രിയകൊണ്ട് പരാതിക്കാരുടെ വംശം കുറ്റിയറ്റുപോകുമെന്നോ മന്ത്രിമാര്‍ക്ക് വാങ്ങാന്‍ നിവേദനം ഇല്ലാതായിപ്പോകുമെന്നോ ആരും ഭയപ്പെടേണ്ട. നിവേദനം എന്നത് ഒരു രോഗലക്ഷണം മാത്രമാണ്. ഭരണസംവിധാനം തീര്‍ത്തും അലമ്പാണെന്നതാണ് രോഗം. ദൈവം സഹായിച്ച് രോഗത്തിന്മേല്‍ ഒരു മന്ത്രിസഭയും കൈവെക്കില്ല. രോഗലക്ഷണത്തിന്മേല്‍ തിരക്കിട്ട് മരുന്നുപുരട്ടുന്നത് തുടരാം. നിവേദകര്‍ ലക്ഷം ലക്ഷമായി പെരുകട്ടെ.

********

സി.പി.എമ്മില്‍ ഇനിയാര്‍ക്കും മൂന്ന് തവണയില്‍ കൂടുതല്‍ ഒരേ സ്ഥാനത്തിരുന്നുകൂടത്രെ. പണ്ടുകാലത്തൊന്നും പാര്‍ട്ടിയില്‍ കേട്ടുകേള്‍വിയില്ലാത്ത സംഗതിയാണിത്. അമേരിക്ക പോലുള്ള മുതലാളിത്ത രാജ്യങ്ങളില്‍ ഇത്തരം വ്യവസ്ഥകളുണ്ട്. അവിടത്തേത് ജീര്‍ണവ്യവസ്ഥയാണല്ലോ. രണ്ട് തവണ അധികാരം വഹിക്കുമ്പോഴേക്ക് ആള്‍ ദുഷിക്കും. കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ആ പ്രശ്‌നമില്ല. ശുദ്ധജലാശയംപോലെ നിര്‍മലമായ സമൂഹമാണ്. ജീര്‍ണത ലവലേശമില്ല. കൊടുക്കുന്തോറുമേറിടും എന്നുപറഞ്ഞതുപോലെ, ഭരിക്കുന്തോറും ശുദ്ധത കൂടും. അതുകൊണ്ട് അന്നൊക്കെ സ്ഥാനാരോഹണമേ ഉള്ളൂ. അവരോഹണമില്ല. നേതാവിനെ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് ശ്മശാനത്തിലേക്ക് പുറപ്പെടുമ്പോള്‍ പിന്‍ഗാമിയെ കണ്ടെത്തിയാല്‍ മതിയാകുമായിരുന്നു. സ്റ്റാലിന്‍ മൂന്ന് വട്ടമല്ല, മൂന്ന് പതിറ്റാണ്ടാണ് ഭരിച്ചത്. മാവോ സേ തൂങ്ങും കുറച്ചില്ല; 31 കൊല്ലം ഭരിച്ചു. ക്യൂബയിലെ ഫിദല്‍ കാസ്‌ട്രോവിന് മടുത്തതുകൊണ്ട് അദ്ദേഹം വാശിപിടിച്ച് സ്ഥാനത്തുനിന്നിറങ്ങി. ക്യൂബയല്ല, സ്വര്‍ഗരാജ്യം പോലും 46 കൊല്ലമൊക്കെ ഭരിച്ചാല്‍ ആരായാലും മടുക്കും.

ഇത് ചീഞ്ഞുനാറുന്ന ഫ്യൂഡല്‍-മുതലാളിത്ത വ്യവസ്ഥിതിയാണ്. അത് സഹിക്കാമായിരുന്നു, അല്ലെങ്കില്‍ ഇത്രയും കാലം സഹിച്ചുപോന്നിട്ടുണ്ട്. കുറച്ചായി ആഗോളീകരണത്തിന്റെ പ്രാന്ത് സഖാക്കളുടെ തലയിലും കേറിയിരിക്കുന്നു. ഇത് നേരിടാനാണ് പാര്‍ലമെന്ററി സ്ഥാനങ്ങളിലിരിക്കുന്നവര്‍ തവണ രണ്ടായാല്‍ നിര്‍ത്തണമെന്ന നിര്‍ദേശം വന്നത്. നിര്‍ദേശമെന്നേ പറയാവൂ, നിയമമൊന്നുമല്ല. തിരഞ്ഞെടുപ്പ് ജയിക്കലാണ് പ്രധാനം. ഞാന്‍നിന്നാലേ ജയിക്കൂ എന്ന് പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ എല്ലാവര്‍ക്കും കഴിയില്ല, ചിലര്‍ക്ക് എല്ലായ്‌പ്പോഴും കഴിയും.

രണ്ടായാല്‍ നിര്‍ത്തണം എന്ന വ്യവസ്ഥ വന്ന ശേഷമാണത്രെ ആസക്തിരോഗം വഷളായത്. ഒരാള്‍ രണ്ട് വട്ടം പൂര്‍ത്തിയാക്കുമ്പോഴേക്ക് ഒരു ഡസന്‍ ആളുകള്‍ ക്യൂവില്‍ നിരന്നുകഴിയും; അടുത്തത് ഞാന്‍ എന്ന ബോര്‍ഡും പിടിച്ച്. ആര്‍ക്കും എന്തും മോഹിക്കാം എന്ന മധുരമോഹന അവസ്ഥ സംജാതമായിരിക്കുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തവന്‍ നോക്കുന്നത് അടുത്ത രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയം എപ്പോള്‍ എന്നാണ്. ഈ മാതിരി എല്ലാ രോഗത്തിനുമുള്ള ഒറ്റമൂലിയാണ് മൂന്നായാല്‍ നിര്‍ത്തണം എന്ന വ്യവസ്ഥയെന്ന ധാരണ വേണ്ട. ഒരു പരീക്ഷണം മാത്രം. ഇതിലും വലിയ കടുംപിടിത്തമൊന്നുമില്ല. സഖാവിന് മൂന്നൊന്നും പോര, നാലെങ്കിലും വേണം എന്നൊരു കമ്മിറ്റിക്ക് തോന്നിയാല്‍ നാലാം വട്ടവും ഭാരവാഹിയാകാം. തത്ത്വം അത്രയൊക്കെ മതി.

Leave a Reply

Your email address will not be published. Required fields are marked *

Go Top