വി.എസ്സിന് എന്തും പറയാം

ഇന്ദ്രൻ

‘രാഘവാ… അനക്ക് എന്തും പറയാം” എന്ന് പറഞ്ഞത് ഇ. കെ. നായനാരാണ്. പറഞ്ഞത് എം.വി. രാഘവനോട്. സന്ദര്‍ഭം ഇപ്പോള്‍ പ്രസക്തമല്ല. സി.പി.എം. പൊളിറ്റ് ബ്യൂറോ ഇങ്ങനെ പറയാന്‍ പോകുന്നത് വി.എസ്. അച്യുതാനന്ദനോടാണ്. വി.എസ്സിന് എന്തും പറയാന്‍ ലൈസന്‍സുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെ വികാരം പൊളിറ്റ് ബ്യൂറോ കണക്കിലെടുത്തില്ലെന്ന വി.എസ്സിന്റെ അഭിപ്രായപ്രകടനം കേട്ടാല്‍ ഇങ്ങനെയേ പ്രകാശ് കാരാട്ടിന് പറയാന്‍ പറ്റൂ. കേരളത്തില്‍ മാത്രം ചുറ്റിക്കളിക്കുന്ന വി.എസ്. അച്യുതാനന്ദന് എന്തും പറയാം. പൊളിറ്റ് ബ്യൂറോവിന് കേരളത്തിലെ കാര്യം മാത്രം നോക്കിയാല്‍ പോര. അത്യാവശ്യം ആളും ഏതാനും ഓഫീസുമൊക്കെ ഉള്ള പാര്‍ട്ടിയായതുകൊണ്ട് തമിഴ്‌നാട്ടിലേക്കും പോകേണ്ടിവരും. ഇനി നാളെ മൂന്നാം മുന്നണിയോ മറ്റോ ഉണ്ടാക്കേണ്ടിവന്നാല്‍ ജയലളിതയുടെയോ കരുണാനിധിയുടെയോ സഹായം തേടേണ്ടിയും വരും. ഈ പ്രാരാബ്ധമൊന്നും വി.എസ്സിനില്ല.

പാര്‍ട്ടി പൊളിറ്റ് ബ്യൂറോ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഒരു പ്രസ്താവന നടത്തിയിട്ടുണ്ട്. രണ്ട് തത്ത്വങ്ങളാണ് അതില്‍ പറയുന്നത്. രണ്ടിനും തുല്യപ്രാധാന്യമെന്ന മട്ട്. എന്നാലും ഒരു കഴഞ്ച് കൂടുതല്‍ പ്രാധാന്യം തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് വെള്ളം എത്തിക്കുന്നതിനുതന്നെ. അതിനെ കുറിച്ചാണ് ആദ്യം പറയുന്നത്. ആള് ചാവുന്ന കാര്യം അവിടെ നില്‍ക്കട്ടെ. അത് രണ്ടാമത്. ഈയിടെ കുറച്ച് കുലുക്കമൊക്കെയുണ്ടായതുകൊണ്ട് കേരളത്തിലെ ആളുകള്‍ക്ക് പേടികൂടി എന്നേ ഉള്ളൂ. അത് പാര്‍ട്ടി കണക്കിലെടുത്തിട്ടുണ്ട്. സുപ്രീം കോടതിയിലെ കേസ് വേഗം തീര്‍ക്കണം, കേരളവും തമിഴ്‌നാടും സഹകരിച്ച് പ്രശ്‌നം തീര്‍ക്കണം. വേറെ പ്രശ്‌നമൊന്നുമില്ല. അടിയന്തര നടപടിയൊന്നും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. ജലനിരപ്പ് ഉടനെ 120 അടിയാക്കണമെന്നോ വേറെ ഡാം ഉണ്ടാക്കാന്‍ കേരളത്തിന് അനുമതി നല്‍കണമെന്നോ പതിവായി പറയാറുള്ളതുപോലെ, ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നുപോലുമോ പറഞ്ഞിട്ടില്ല. എല്‍.ഡി.എഫ്. അണക്കെട്ട് ഉണ്ടാക്കാന്‍ തയ്യാര്‍ എന്ന് വി. എസ്. പറഞ്ഞ സ്ഥിതിക്ക് അതിനുള്ള ബക്കറ്റ് പിരിവിന് പിന്തുണ പ്രഖ്യാപിക്കാമായിരുന്നു പൊളിറ്റ് ബ്യൂറോവിന്. അതുമുണ്ടായില്ല.

സി.പി.എം. പൊളിറ്റ് ബ്യൂറോ ഇത്രയെങ്കിലും പറഞ്ഞല്ലോ. വേറെ പാര്‍ട്ടികളൊന്നും ഇത്ര പോലും പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ നമ്മുടെ പാര്‍ട്ടികള്‍ ഒറ്റക്കെട്ടാണ്. കേരളത്തിലെ പാര്‍ട്ടികള്‍ മുല്ലപ്പെരിയാര്‍ ഉടനെ പൊളിഞ്ഞുവീണേക്കുമെന്ന കാര്യത്തില്‍ ഒറ്റക്കെട്ട്. അതേ പാര്‍ട്ടികള്‍ തമിഴ്‌നാട്ടില്‍ ഡാം ഇനിയും നൂറുകൊല്ലം കഴിഞ്ഞാലും വീഴില്ല എന്ന കാര്യത്തില്‍ ഒറ്റക്കെട്ട്. ഇതേ പാര്‍ട്ടികള്‍ക്ക് കേന്ദ്രത്തില്‍ തികഞ്ഞ നിശ്ശബ്ദത, നിസ്സംഗത. എന്തൊരു ഐക്യം. ഇക്കാര്യത്തില്‍ നാളെ ഒരു പ്രസ്താവനയിറക്കേണ്ടിവന്നാല്‍ സി.പി.എം. പ്രസ്താവന പോലെത്തന്നെയിരിക്കും കോണ്‍ഗ്രസ്സിന്റെയോ ബി.ജെ.പി. യുടെയോ സി.പി.ഐ. യുടെയോ കേന്ദ്രനേതൃത്വത്തിന്റെ പ്രസ്താവന. കേരളത്തിന് പുറത്ത് ആളില്ലാത്തതുകൊണ്ട് കേരളാ കോണ്‍ഗ്രസ്സുകാര്‍ക്ക് മാത്രം ഇക്കാര്യത്തില്‍ മേല്കീഴ് നോക്കേണ്ടതില്ല. എന്തും തട്ടിവിടാം.

അതൊക്കെ അവിടെ നില്‍ക്കട്ടെ. ജനം ഒരു ചോദ്യമേ ചോദിക്കുന്നുള്ളൂ. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉടനെ പൊട്ടാന്‍ സാധ്യതയുമുണ്ടോ സാറേ? അതിന് ഒരു ഉപചോദ്യവുമുണ്ട്. പൊട്ടിയാല്‍ ഈ ഭയപ്പെടുത്തുന്നതുപോലെ മൂന്നു ജില്ലകളിലെ ജനം മുഴുവന്‍ മുങ്ങിമരിക്കുമോ സാറേ?

ജനത്തിന് ചോദിക്കാനേ കഴിയൂ. അവര്‍ക്ക് എന്‍ജിനീയറിങ്ങും ഭൂഗര്‍ഭവിജ്ഞാനീയവും ഒന്നും അറിഞ്ഞുകൂടാ. അതൊക്കെ അറിയുന്ന വലിയ എന്‍ജിനീയര്‍മാരും ഭരണാധികാരികളും പറയുന്നത് സത്യമാണോ എന്നും അവര്‍ക്കറിയില്ല. സംഗതികള്‍ ആകെ കുഴഞ്ഞുമറിഞ്ഞാണ് കിടക്കുന്നത്. പൊട്ടുമെന്നാണ് പാര്‍ട്ടികള്‍ പറയുന്നത്. പക്ഷേ, അതൊന്നും അവര്‍ക്ക് കോടതിയെ എന്നല്ല സ്വന്തം ദേശീയനേതൃത്വത്തെത്തന്നെ ബോധ്യപ്പെടുത്താന്‍ പറ്റുന്നില്ല. നാല്പതുലക്ഷം പേര്‍ വെള്ളത്തില്‍ മുങ്ങിച്ചാകാന്‍ പോകുന്നു എന്ന് അലമുറയിട്ടിട്ട് മൈന്‍ഡ് ചെയ്യാത്ത നേതാക്കളെയാണോ നാം ദേശീയ നേതാക്കളെന്ന് വിളിക്കുന്നത്?

ഇവിടത്തെ പാര്‍ട്ടികളും മാധ്യമങ്ങളും പറഞ്ഞതുകൊണ്ടാണ് മുല്ലപ്പെരിയാര്‍ ഇന്നോ നാളെയോ പൊട്ടുമെന്ന് ഭയന്ന് ജനം മുറവിളി കൂട്ടുന്നത്. കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാന്‍ ജനത്തെ ഒന്ന് പേടിപ്പിക്കുന്നതില്‍ അത്ര വലിയ തെറ്റുണ്ടോ? എന്തുപറഞ്ഞാലാണ് കേസ്സിനു ഗുണം എന്നുനോക്കണമല്ലോ. പൊട്ടാനും പൊട്ടാതിരിക്കാനും സാധ്യതയുണ്ട് എന്നതാണ് സത്യമെങ്കിലും ഇപ്പം പൊട്ടും എന്നുപറഞ്ഞാലേ സംഗതിക്കൊരു ഗൗരവം വരൂ. പൊട്ടാതിരിക്കാന്‍ തന്നെയാണ് കൂടുതല്‍ സാധ്യത. പൊട്ടിക്കൂടെന്നില്ലെന്നില്ലെന്നില്ല എന്നുവേണമെങ്കില്‍ പറയാം. ഭൂകമ്പമുണ്ടായാല്‍ ഏത് അണയും പൊട്ടാം. മുല്ലപ്പെരിയാല്‍ പൊട്ടിയെന്നിരിക്കട്ടെ. ആ വെള്ളം വന്നുനിറഞ്ഞ് ഇടുക്കി പൊട്ടുമോ? പ്രയാസമാണ്. മുല്ലപ്പെരിയാറിനോളം പഴക്കമുള്ള മണ്ണണകള്‍ ലോകത്ത് പലേടത്തും പൊട്ടിയിട്ടുണ്ട്. പക്ഷേ, മണ്ണണയിലെ വെള്ളം വന്നുനിറഞ്ഞ് അതിന്റെ അഞ്ചിരട്ടിയിലേറെ വെള്ളം കൊള്ളുന്ന കോണ്‍ക്രീറ്റ് അണ പൊട്ടുന്നത് ഹോളിവുഡ് സിനിമക്കാരുടെ സങ്കല്‍പ്പത്തില്‍ കൂടി ഉണ്ടായിട്ടില്ല. ആകപ്പാടെ നോക്കുമ്പോള്‍, പുഴ വറ്റിപ്പോകുകയും അക്കരയിലെ വീട്ടിലെ പട്ടി കയറുപൊട്ടിച്ചോടിവന്ന് നമ്മളെ കടിക്കുകയും ചെയ്താലോ എന്നാരോ ചോദിച്ചതുപോലെയുണ്ട്.

മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇടുക്കിയും പൊട്ടുമെന്ന് ഭരണാധികാരികള്‍ ഭയപ്പെടുന്നുണ്ടായിരുന്നെങ്കില്‍ അവര്‍ ഇതിനകം പരിഭ്രമിച്ച് പരക്കം പാഞ്ഞ് ജനത്തെ മുഴുവന്‍ ആ പ്രദേശങ്ങളില്‍ നിന്നൊഴിപ്പിച്ചിട്ടുണ്ടാകുമായിരുന്നു. പത്ത് കുടുംബത്തെപ്പോലും ഇതുവരെ ഒഴിപ്പിച്ചിട്ടില്ല. മുല്ലപ്പെരിയാര്‍ മണ്ണണയാണ്, സമ്മതിച്ചു. അതിന് അനുവദിച്ച ആയുസ്സ് 1945- ല്‍ തീര്‍ന്നതാണ്. മണ്ണണയ്ക്ക് അധികൃതര്‍ അമ്പതുവര്‍ഷമേ ആയുസ് കൊടുത്തിട്ടുള്ളൂ. മുല്ലപ്പെരിയാറിന്റെ ആയുസ്സ് തീര്‍ന്ന ശേഷമാണ് ഇടുക്കി അണ ഉണ്ടാക്കിയത്. അപ്പോള്‍ ഈ കാര്യമൊന്നും നോക്കിയില്ലേ എന്ന് ജനങ്ങളില്‍ ചിലരെങ്കിലും ചോദിച്ചുപോകും. മുകളിലത്തെ ഒരണ പൊട്ടിയാല്‍ താഴത്തെ അണയും അതിനുതാഴെയുള്ളതും എല്ലാം വെടിക്കെട്ടുപോലെ ഒന്നൊന്നായി പൊട്ടുമെങ്കില്‍ ആരാണ് സാര്‍ ഈ പുഴയില്‍ അരഡസന്‍ അണക്കെട്ടുണ്ടാക്കിയത്? ആയുസ്സ് കഴിഞ്ഞ മുല്ലപ്പെരിയാറിന് ചുവടെ ഇടുക്കി ഉണ്ടാക്കുമായിരുന്നുവോ? ഭാരതപ്പുഴയിലുമുണ്ട് അരഡസന്‍ അണകള്‍. എന്‍ജിനീയര്‍മാരും വിദഗ്ധന്മാരും ചാനലുകാരും ക്ഷമിക്കണം, വിവരമില്ലാത്തതുകൊണ്ടുചോദിച്ചുപോകുന്നതാണ് ഈ മണ്ടന്‍ ചോദ്യങ്ങളൊക്കെ.

ഇടിയും മഴയും ഉണ്ടായാല്‍ത്തന്നെ പേടിച്ചരണ്ട് ഉറങ്ങാതിരിക്കുന്നവരാണ് കുട്ടികള്‍. രാത്രികളില്‍ അവര്‍ ഞെട്ടിയുണരുന്നത് അണക്കെട്ട് പൊട്ടുന്ന ദുഃസ്വപ്നം കണ്ടുകൊണ്ടാണ്. മുല്ലപ്പെരിയാര്‍ വാര്‍ത്ത കുട്ടികള്‍ കാണാതിരിക്കാന്‍ കൈയില്‍ റിമോട്ടുമായി ഇരിക്കുന്ന അച്ഛനമ്മമാര്‍ പോലുമുണ്ട്. തമിഴ്‌നാട്ടില്‍ നവംബറില്‍ മഴ പെയ്യുമ്പോഴേ കേരളത്തില്‍ മുല്ലപ്പെരിയാറിന്റെ കുട പിടിക്കൂ. അല്ലാത്തപ്പോള്‍ മിണ്ടില്ല. ഇതാദ്യത്തെ തവണയല്ല. അഞ്ചുവര്‍ഷമെങ്കിലുമായി ജനങ്ങളെ മാനസിക സമ്മര്‍ദത്തിലാഴ്ത്തുന്നു. ഇനിയും കുറച്ചുകാലം കൂടി ഇതുതുടര്‍ന്നാല്‍ ജീവിതം മുഴുവന്‍ നീണ്ടുനില്‍ക്കുന്നമാനസികപ്രശ്‌നങ്ങള്‍ ആളുകള്‍ക്കുണ്ടാവുന്ന ലക്ഷണമുണ്ട്.

ഇതിനൊരു മറുവശമുണ്ടെന്നതും സത്യം. അണ പൊട്ടാന്‍ പോകുന്നു എന്ന് വെപ്രാളപ്പെട്ടില്ലെങ്കില്‍ നൂറുകൊല്ലം കഴിഞ്ഞാലും മുല്ലപ്പെരിയാറില്‍ വേറെ അണ ഉണ്ടാകാന്‍ പോകുന്നില്ല. അതുകൊണ്ട് കുറച്ച് അതിശയോക്തി ചേര്‍ത്തേ നമുക്ക് പറയാനാവൂ. ഇല്ലെങ്കിലവര്‍ മുല്ലപ്പെരിയാറിലെ വെള്ളത്തിന്റെ ലെവല്‍ ഇനിയും ഉയര്‍ത്തി നമ്മളെ കഷ്ടത്തിലാക്കും. വെള്ളത്തിന്റെ കാര്യം വന്നാല്‍ സമനില തെറ്റി തമിഴ്മക്കള്‍ തമിഴ്പുലികളാകും. രണ്ടുനേരം കുളിക്കാനും ദിവസവും അലക്കി ഇസ്ത്രിയിടാനുമല്ലല്ലോ അവര്‍ വെള്ളം ഉപയോഗിക്കുന്നത്. കാവേരിയെച്ചൊല്ലി ചോരയൊഴുക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. അതു മടുത്തു. ഇനി മുല്ലപ്പെരിയാറില്‍ തീ പടര്‍ത്താന്‍ തരംനോക്കിയിരിപ്പാണ് വൈകോ ഇനത്തില്‍ പെട്ട വകകള്‍.

കടലിലെ വെള്ളം കയറി കൂടംകുളം ആണവകേന്ദ്രത്തില്‍ പൊട്ടിത്തെറിയുണ്ടായാല്‍ കൂട്ടമരണമുണ്ടാകുമെന്ന് ഭയന്നിരിക്കുകയാണ് അവര്‍. ഇന്ത്യയില്‍ ഇതുവരെ മണ്ണണ തകര്‍ന്ന ചരിത്രമുണ്ടോ എന്നുചോദിക്കുന്ന തമിഴ് മക്കളോട് ഇന്ത്യയിലിതുവരെ ആണവ നിലയത്തില്‍ വെള്ളം കേറിയ ചരിത്രമുണ്ടോ എന്നും ചോദിക്കാവുന്നതാണ്. രണ്ടു കാര്യങ്ങള്‍ ഉറപ്പാണ്. കൂടംകുളത്ത് അപകടമുണ്ടായാല്‍ തമിഴ് മക്കളും മലയാളമക്കളും ഒപ്പം ചത്തൊടുങ്ങും. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ കേരളത്തില്‍ വെള്ളത്തില്‍ മുങ്ങിമരിക്കുന്നതിന്റെ പലയിരട്ടി തമിഴര്‍ കുടിക്കാന്‍ വെള്ളം കിട്ടാതെ മരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Go Top