മൗനം വാചാലം

ഇന്ദ്രൻ

മറ്റെന്തു പൊറുത്താലും അഴിമതി പൊറുക്കുന്നവരല്ലല്ലോ നമ്മുടെ നേതാക്കന്മാര്‍. എന്നിട്ടും ആളുകള്‍ക്ക് സംശയം തീരുന്നില്ല. അഴിമതിയെക്കുറിച്ച് സി.പി.എം. മൗനം ദീക്ഷിക്കുന്നതാണ് അഴിമതിയേക്കാള്‍ വലിയ സംഗതിയെന്നുവരെ പറയുന്നുണ്ട് കുറെ ആളുകള്‍. സാധാരണ അഴിമതിയൊന്നുമല്ല, ഇത് ജുഡീഷ്യല്‍ അഴിമതിയാണ്. ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപവാദമാണ്. എന്നിട്ടും സി.പി.എം. മിണ്ടിയില്ലത്രെ. മിണ്ടിയ ചില അപക്വന്മാരുടെ തൊണ്ടയില്‍ പാര്‍ട്ടിപ്പത്രം ചുരുട്ടിയിറക്കി അവരെ നിശ്ശബ്ദരാക്കിയതായും പറഞ്ഞുപരത്തുന്നുണ്ട് ശത്രുക്കള്‍.

സത്യമായിരുന്നില്ല അതൊന്നും. വെറുമൊരു യൂത്ത് കോണ്‍ഗ്രസ്സുകാരന്റെ അഴിമതിയായിരുന്നെങ്കില്‍ വാര്‍ത്ത വരുംമുമ്പ് ചാനലില്‍ പ്രതികരിക്കാം. ആളെ നോക്കി വേണം അഴിമതിക്കെതിരെ പ്രതികരിക്കാന്‍. എതിര്‍കക്ഷിക്കാരനാണെങ്കില്‍ നമ്മള്‍ ഒന്നും ചിന്തിക്കേണ്ടതില്ല. മറിച്ച് തെളിയിക്കപ്പെടുന്നതുവരെ എല്ലാ എതിര്‍കക്ഷിക്കാരും അക്രമികളും അഴിമതിക്കാരും അസാന്മാര്‍ഗികളും മുതലാളിത്തത്തിന്റെ പാദസേവകരും സര്‍വഥാ സാമ്രാജ്യത്വവാദികളുമാണ്. അഴിമതി ആരോപണം നമ്മുടെ പാര്‍ട്ടിയില്‍പ്പെട്ട ആരെയെങ്കിലും കുറിച്ചാണെങ്കിലും ആലോചിക്കേണ്ട കാര്യമില്ല. അപ്പടി തള്ളാം. നമ്മുടെ മഹത്തായ പ്രസ്ഥാനത്തില്‍ അഴിമതിക്കാരില്ല. വിമാനത്താവളം പോലുള്ള തന്ത്രപ്രധാനസ്ഥാപനങ്ങളില്‍ കയറിച്ചെല്ലുമ്പോള്‍ മെറ്റല്‍ ഡിറ്റെക്ടറിനുള്ളിലൂടെ കടക്കേണ്ടതുണ്ട്. ലോഹം വല്ലതും കൈയിലുണ്ടെങ്കില്‍ പീ പീ എന്ന് ശബ്ദം കേള്‍ക്കാം. ഇതുപോലൊരു യന്ത്രം പാര്‍ട്ടി ഓഫീസിലുമുണ്ട്. പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുക്കാന്‍ വരുമ്പോള്‍ത്തന്നെ ആളുകള്‍ ആ യന്ത്രത്തിലൂടെ നൂഴ്ന്നുകടക്കണം. അഴിമതിക്കാരോ ഭാവിയില്‍ ഏതെങ്കിലും സ്ഥാനങ്ങളിലെത്തിയാല്‍ അഴിമതി കാട്ടാനിടയുള്ളവരോ ആണ് ആളെങ്കില്‍ ഉടന്‍ യന്ത്രം കൂകി വിളിക്കും. പിന്നെ ചോദ്യവും വര്‍ത്തമാനവും ഒന്നുമില്ല. മെമ്പര്‍ഷിപ്പ് നിഷേധിക്കപ്പെടും പോരാത്തതിന് കരണക്കുറ്റിക്ക് ഒന്ന് കൊടുക്കുകയും ചെയ്യും. എത്രയോ കാലമായി ഇങ്ങനെ ചെയ്യുന്നതുകൊണ്ടാണ് പാര്‍ട്ടി ശുദ്ധമായി നില്‍ക്കുന്നതെന്ന് പറയാതെ വയ്യ.

ഇവിടെ ആദ്യം ആരോപണവിധേയനായ ആള്‍ എതിര്‍പാര്‍ട്ടിക്കാരനാണെന്നതു ശരിതന്നെ. പക്ഷേ, ആളുടെ ഭാര്യാപിതാവ് മുന്‍ ചീഫ് ജസ്റ്റിസാണ്. മുന്‍ ചീഫ് ജസ്റ്റിസ് ഇപ്പോള്‍ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാണ്. അങ്ങനെയൊരാളെക്കുറിച്ച് ആലോചന കൂടാതെ വല്ലതും പറഞ്ഞ് പാര്‍ട്ടി കുടുക്കിലായാലോ? കോടതിയലക്ഷ്യനിയമം ചീഫ് ജസ്റ്റിസിനുമാത്രമല്ല, മുന്‍ ചീഫ് ജസ്റ്റിസിനും ബാധകമാണെങ്കിലോ? ഡല്‍ഹിയില്‍ ഒരു ജഡ്ജി റിയല്‍ എസ്റ്റേറ്റുകാരനായ മകന്റെ താത്പര്യം രക്ഷിക്കാനാണ് അനധികൃതകെട്ടിടങ്ങളെന്നു പറഞ്ഞ് കുറെയെണ്ണം പൊളിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങളെ ശിക്ഷിച്ചപ്പോള്‍ കോടതിയെന്താണ് പറഞ്ഞത്? കോടതിയലക്ഷ്യനിയമം മുന്‍ ജഡ്ജിക്കും ബാധകമാണെന്നുതന്നെയാണ് പറഞ്ഞത്. അതുംപോകട്ടെ, ഇനി ഈ നിയമം ചീഫ് ജസ്റ്റിസിന്റെ കുടുംബത്തിനും ബാധകമാണെന്ന് വല്ല വ്യവസ്ഥയും എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കിലെന്തുചെയ്യും.

കോടതിയലക്ഷ്യം പിന്നെയും സഹിക്കാം. മനുഷ്യാവകാശക്കമ്മീഷന്‍ അധ്യക്ഷനെതിരെ പ്രസ്താവനയിറക്കുന്നത് മനുഷ്യാവകാശലംഘനമാണെന്നു പറഞ്ഞ് ആരെങ്കിലും ഇറങ്ങിപ്പുറപ്പെട്ടാലോ. ഐക്യരാഷ്ട്രസഭയില്‍ കയറി പരാതി പറയാന്‍ പോലും മടിക്കാത്തവരാണ് ഈ മനുഷ്യാവകാശക്കാര്‍. പ്രശ്‌നത്തിന്റെ സകലവശങ്ങളും പഠിക്കാന്‍ വേണ്ടിയാണ് പാര്‍ട്ടിയും പാര്‍ട്ടിപത്രവും കുറച്ചുദിവസം മൗനം പാലിച്ചത്. ഏറെ ചര്‍ച്ചയ്ക്കുശേഷം പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്-അഴിമതി നടത്തിയത് ആരായാലും ശിക്ഷിക്കുന്നതില്‍ പാര്‍ട്ടിക്കു വിരോധമില്ല. എന്തൊരു വിപ്ലവകരമായ തീരുമാനം.

ഇടയ്ക്ക് വേറൊരു സംഗതി പാര്‍ട്ടിപ്പത്രം ചൂണ്ടിക്കാട്ടിയിരുന്നു. കേരളീയനാണ് മുന്‍ ചീഫ് ജസ്റ്റിസ്, അടിച്ചമര്‍ത്തപ്പെട്ട സമുദായത്തില്‍നിന്ന് നാടിന്റെ പരമോന്നത പദവിയിലെത്തിയ ആളാണ്. അത്തരമൊരാള്‍ക്ക് അഴിമതി നടത്താനവകാശമുണ്ടെന്നല്ല ആളുടെ ജാതിയും ഭാഷയും പദവിയുമൊന്നും നോക്കാതെ അഴിമതി വാര്‍ത്തയെഴുതാന്‍ പാടുണ്ടോ കൂട്ടരേ… ആധികാരികത ഉറപ്പാക്കണം, പേരിന് ഒന്നോ രണ്ടോ വാര്‍ത്ത കൊടുക്കുന്നത് മനസ്സിലാക്കാം. പിന്നെയും പിന്നെയും കൊടുക്കാമോ? സിന്‍ഡിക്കേറ്റ് പത്രങ്ങള്‍ക്ക് പല അജന്‍ഡയും കാണും. അതിനൊപ്പമൊന്നും പോകാന്‍ പാര്‍ട്ടിപ്പത്രത്തിന് കഴിയില്ല. നേര് നേരത്തേ എന്നതിന്റെ അര്‍ഥമിതൊന്നുമല്ല താനും.

കേരളത്തിലെ മാധ്യമ മാഫിയയ്ക്കും പ്രതിപക്ഷത്തിനുമൊന്നും ഈ ന്യായങ്ങള്‍ മനസ്സിലാകാത്തതില്‍ അത്ഭുതമില്ല. പാര്‍ട്ടി പൊളിറ്റ് ബ്യൂറോക്രാറ്റുകള്‍ക്കും മനസ്സിലായില്ലത്രെ. അവര്‍ അവയ്‌ലബിള്‍ പി.ബി.യില്‍ തീരുമാനമെടുത്ത് പത്രസമ്മേളനം വിളിച്ചുകൂട്ടി അഴിമതിവിരുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ലാവലിന്‍ കേസിലെ ഹര്‍ജി നേരത്തേ പരിഗണിക്കാന്‍ നിര്‍ദേശം നല്‍കി പാര്‍ട്ടി സെക്രട്ടറിയെ സഹായിച്ചത് ചീഫ് ജസ്റ്റിസ് കെ.ജി.ബി. ആണെന്നത് സത്യം തന്നെ. പക്ഷേ, അതിന്റെ പേരില്‍ അഴിമതിവിരുദ്ധത്തില്‍ വെള്ളം ചേര്‍ക്കുന്ന പാര്‍ട്ടിയല്ല നമ്മുടേത് എന്ന് ഭൂമിമലയാളത്തിലെല്ലാവര്‍ക്കും അറിവുള്ളതുമാണ്. പൊളിറ്റ് ബ്യൂറോ അതില്‍പെടില്ല.

ജഡ്ജിമാരുടെ അഴിമതിയെന്നു കേട്ടാല്‍ മുട്ടുവിറയ്ക്കുന്ന പാര്‍ട്ടിയല്ല സി.പി.എം. പശ്ചിമബംഗാളിലെ ചീഫ് ജസ്റ്റിസ് ആയിരുന്നു സൗമിത്ര സെന്‍. ഒരു കേസിലെ തര്‍ക്കവിഷയമായ തുക-കോടിയൊന്നുമില്ല വെറും 33,22,800 രൂപ-കോടതിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാതെ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കുകയെന്ന കുറ്റമാണ് അദ്ദേഹം ചെയ്തത്. അഴിമതി തന്നെ. ഗുരുതരമാണോ അതിഗുരുതരമാണോ എന്നൊന്നുമറിയില്ല. തുക പിന്നീട് തിരിച്ചടയ്ക്കുകയും ചെയ്തു. അധികാരദുര്‍വിനിയോഗം, ധനദുര്‍വിനിയോഗം ഇത്യാദി കുറ്റങ്ങള്‍ ചുമത്തി സൗമിത്രനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം കഴിഞ്ഞ വര്‍ഷം രാജ്യസഭയില്‍ അവതരിപ്പിച്ചത് സീതാറാം യെച്ചൂരിയാണ്. നമ്മുടെ പാര്‍ട്ടിയിലെ യുവകേസരി. സൗമിത്രനെ ഇംപീച്ച് ചെയ്ത് പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തത് നമ്മുടെ ഓണറബിള്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനാണ്.

ജഡ്ജിമാരെ നിയമിക്കുമ്പോള്‍ത്തന്നെ അഴിമതിക്കാരോ അല്ലയോ എന്ന് നിശ്ചയിക്കാന്‍ എന്തോ അദൃശ്യസംവിധാനം ഉണ്ടെന്നു വേണം വിശ്വസിക്കാന്‍. എന്താണതെന്ന് ഭരണഘടനയിലൊന്നും പറഞ്ഞിട്ടില്ല. സി.പി.എമ്മില്‍ നടപ്പാക്കിയ സംവിധാനമാവാന്‍ ഇടയില്ല. സംഗതിയെന്തായാലും ഇന്ത്യയിലൊരു ജഡ്ജിയെയും അഴിമതിയുടെ പേരില്‍ ഇക്കാലം വരെ ഇംപീച്ച് ചെയ്തിട്ടില്ല. ഏതെങ്കിലും ജഡ്ജി അഴിമതിക്കാരനാണെന്ന് നമ്മളാരെങ്കിലും പറഞ്ഞാല്‍ കോടതിയലക്ഷ്യത്തിന് ജയിലിലാകും. സംഗതി സത്യമാണെങ്കില്‍പ്പോലും ജയിലിലാകും എന്നതായിരുന്നു അടുത്തകാലം വരെ വ്യവസ്ഥ. അതുകൊണ്ട് ജുഡീഷ്യറിയില്‍ അഴിമതിയില്ല എന്ന് നമ്മള്‍ ഉറച്ചുവിശ്വസിക്കണം. അതിന് തെളിവൊന്നും നോക്കേണ്ട. തെളിവുനോക്കിയിട്ടാണോ ആളുകള്‍ ദൈവത്തില്‍ വിശ്വസിക്കുന്നത്. ജഡ്ജിമാര്‍ ആരും അഴിമതി നടത്തില്ല എന്ന് ഉറപ്പുവരുത്തുന്നതും ദൈവംതന്നെയാണ്. മനുഷ്യനിര്‍മിതമായ നിയമത്തിലൊന്നും അതിന് വ്യവസ്ഥയില്ല. അപ്രമാദിത്വം ഉള്ളവരായതുകൊണ്ടാണ് ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ നിയമിക്കുന്നത്. അതിനും ഭരണഘടനയിലൊന്നും വ്യവസ്ഥയില്ല. പക്ഷേ, തങ്ങള്‍ മാത്രമാണ് അഴിമതിയില്ലാത്തവര്‍ എന്നുറപ്പുള്ളതുകൊണ്ടാവണം ആ അധികാരം കോടതി തന്നെയങ്ങ് ഏറ്റെടുത്തത്.

സൗമിത്ര സെന്നിന്റെ അഴിമതി ഇംപീച്ച്‌മെന്റ് ഇതുവരെ പാര്‍ലമെന്റില്‍ വന്നിട്ടില്ല. വന്നാല്‍ ആരെല്ലാം മൗനം പാലിക്കുമെന്നറിയില്ല. പറയുമ്പോള്‍ മുഴുവന്‍ പറയണമല്ലോ. സി.പി.എമ്മുകാരേക്കാള്‍ വലിയ മൗനവ്രതക്കാര്‍ കോണ്‍ഗ്രസ്സുകാരാണ്. ജുഡീഷ്യല്‍ അഴിമതിക്കെതിരായ ഏറ്റവും ഫലപ്രദമായ ആയുധം മൗനമാണ് എന്ന് തെളിയിച്ചവരാണ് കോണ്‍ഗ്രസ്സുകാര്‍. അതും മിസ്റ്റര്‍ ക്ലീന്‍ രാജീവ് ഗാന്ധിയുടെ കാലത്ത്. അക്കാലത്താണ് ജസ്റ്റിസ് രാമസ്വാമിയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം പാര്‍ലമെന്റില്‍ വന്നത്. രാമസ്വാമിയുടെ അഴിമതി പല ജുഡീഷ്യല്‍ സമിതികള്‍ക്ക് മുന്നിലും തെളിയിക്കപ്പെട്ടതാണ്. എന്നിട്ടും ഇംപീച്ച്‌മെന്റ് പ്രമേയം പാര്‍ലമെന്റില്‍ പാസായില്ല. നമ്മുടെ അഴിമതി വിരുദ്ധ ഗാന്ധിശിഷ്യന്മാര്‍ രാജീവ്ഗാന്ധി ശിഷ്യന്മാര്‍ കൂടിയായതുകൊണ്ട് അവര്‍ പ്രമേയവോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഇല്ല, ഇറങ്ങിപ്പോക്ക് നടത്തിയൊന്നുമല്ല. നിറഞ്ഞ മൗനത്തോടെ വോട്ടിങ്ങില്‍ നിന്ന് വിട്ടു നിന്നു.

മൗനമല്ലോ സുഖപ്രദം.

Leave a Reply

Your email address will not be published. Required fields are marked *

Go Top