വക്താവും വക്കീലും

ഇന്ദ്രൻ

കോണ്‍ഗ്രസ്സിന് ഇത്തരം കുറെ നേതാക്കന്മാര്‍ ഉണ്ടെങ്കില്‍ ശത്രുക്കള്‍ വേറെ വേണമെന്നില്ല. അവര്‍ക്ക് ഒരുപാട് വിദ്യാഭ്യാസവും വിവരവുമൊക്കെയുണ്ടെങ്കില്‍ പറയുകയേ വേണ്ട. സെല്‍ഫ് ഗോള്‍ അടിച്ച് പാര്‍ട്ടിയുടെ കഥ കഴിക്കും.

ഐക്യരാഷ്ട്രസഭയില്‍നിന്നിറക്കിക്കൊണ്ടുവന്ന് പാര്‍ലമെന്റിലേക്കയച്ച ബുദ്ധിജീവിയും എഴുത്തുകാരനുമായ മലയാളി ട്വിറ്ററാശാനെ കളി തുടങ്ങിയ ഉടന്‍തന്നെ പരക്കെ സെല്‍ഫ് ഗോളടിച്ചതുകൊണ്ട് തത്കാലം കളത്തിനുപുറത്തിറക്കിയിട്ടേ ഉള്ളൂ. ആ പ്രതിഭാശാലിയെ പല തരത്തിലും അനുസ്മരിക്കുന്നുണ്ട് പാര്‍ട്ടിയുടെ വക്താവ് കൂടിയായ പാര്‍ലമെന്റംഗം അഭിഷേക് സിംഘ്‌വി.

ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ്, കേംബ്രിജ്, ഹാര്‍വാഡ്, ഡോക്ടറേറ്റ്, പോരാത്തതിന് ട്വിറ്ററും……. അതാകുന്നു സിംഘ്‌വിയുടെയും വഴി. എഴുത്തും വശമുണ്ട്. ഒരു പുസ്തകം ഈയിടെ പ്രധാനമന്ത്രിയാണ് പുറത്തിറക്കിയത്. പത്രങ്ങളില്‍ പംക്തിയെഴുത്തുമുണ്ട്. യോഗ്യത കൂടുതലുള്ളതുകൊണ്ടാവണമല്ലോ പാര്‍ട്ടിയുടെ വക്താവാക്കിയത്. ബുദ്ധിജീവിയായതുകൊണ്ടാണ് പാര്‍ട്ടിയുടെ സംസ്ഥാനഘടകം ജീവന്മരണപ്പോര് നടത്തുന്ന വിഷയത്തില്‍ പാര്‍ട്ടി പറയുന്നതിനെതിരെ വാദിക്കാന്‍ അതേ സംസ്ഥാനത്തെ ഹൈക്കോടതിയിലേക്ക് വക്താവ് കറുത്ത കോട്ടുമിട്ട് കയറിവന്നത്. ലോട്ടറി നിയമമനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ കേന്ദ്രത്തിനേ അധികാരമുള്ളൂ എന്ന് വാദിക്കാനാണ് ഡല്‍ഹിയില്‍നിന്ന് ഇങ്ങോട്ട് വിമാനം കേറിയത്. ഇതേ വക്കീല്‍ ഡല്‍ഹിയില്‍ വക്താവ് വേഷംകെട്ടി മാധ്യമലേഖകര്‍ക്കു മുന്നില്‍ എതിര്‍വാദം ഉന്നയിക്കും; ലോട്ടറി കാര്യത്തില്‍ സംസ്ഥാനസര്‍ക്കാറിന് നടപടിയെടുക്കാം എന്ന്. ഏത് വാദമാണ് ശരി എന്നൊന്നും ചോദിക്കരുത്.

കീഴ്‌ക്കോടതിയില്‍ വാദിക്കുവേണ്ടിയും അപ്പീല്‍ക്കോടതിയില്‍ പ്രതിക്കുവേണ്ടിയും ഒരേകേസില്‍ വാദിക്കാം. ”അല്ല വക്കീലേ; നിങ്ങളല്ലേ മറ്റേ കോടതിയില്‍ പ്രതി നിരപരാധിയാണെന്ന് വാദിച്ചത്; ഇവിടെ വന്ന് പ്രതി കുറ്റവാളിയാണെന്ന് വാദിക്കുകയോ” എന്ന് ഒരു ജഡ്ജിയും ചോദിക്കുകയില്ല. കാശ് തരുന്നവനുവേണ്ടി അവന്‍ പറയുന്നതുപോലെ വാദിക്കാമെന്നതാണ് വക്കീല്‍ പണിയുടെ സൗകര്യം. കൊലയാളിക്കുവേണ്ടി വാദിക്കുന്നത് അധാര്‍മികമാണെന്ന് ആരും പറയില്ല. രാഷ്ട്രീയത്തിലതുപറ്റില്ല. കാശ് വാങ്ങാം, പക്ഷേ, കാശ് തന്നവനുവേണ്ടി പരസ്യമായി വാദിച്ചുകൂടാ. ലോട്ടറി പോലുള്ളതാണ് കേസെങ്കില്‍ എതിരായി വാദിക്കുന്നതായി അഭിനയിക്കുകയും വേണം. എന്തൊരു ബുദ്ധിമുട്ടാണെന്നോ. എന്നാലും വേണ്ടേ ലേശമൊക്കെ വകതിരിവ്. അയോധ്യയിലേത് പള്ളിയാണ് എന്ന് കോടതിയില്‍ വാദിച്ച വക്കീല്‍ നേരേ ടി.വി. ചാനലില്‍ പോയി അയോധ്യയിലേത് രാമക്ഷേത്രം തന്നെയാണ് എന്ന് വാദിക്കുമോ? സാധ്യതയില്ല, ആളുകള്‍ ശാരീരിക ക്ഷതങ്ങള്‍ ഉണ്ടാക്കി സാധാരണ ആസ്​പത്രിയിലോ അതല്ലെങ്കില്‍ ഉടലിനു കേടൊന്നും വരുത്താതെ മാനസികാസ്​പത്രിയിലോ അഡ്മിറ്റ് ചെയ്യും.

വക്താവിന്റെ ന്യൂസ് കോണ്‍ഫറന്‍സിലെ വാദവും വക്കീലിന്റെ കോടതിയിലെ വാദവും തമ്മിലുള്ള ഒരു വ്യത്യാസം; ഒരിടത്ത് പ്രതിഫലം പണമായും മറ്റേടത്ത് അത് നെല്ലായുമാണ് കിട്ടുക എന്നതാണ്. ദിവസവും ലേഖകന്മാരുടെ പീഡനത്തിനു വിധേയനായാല്‍ വക്താവിന് അവിടെ അധികമായി കിട്ടുക ചാനലിലെ പബ്ലിസിറ്റിയാണ്. ക്രമേണ മന്ത്രിസ്ഥാനം കിട്ടിക്കൂടെന്നില്ല. ഉറപ്പില്ല. മറ്റേത് അങ്ങനെയല്ല. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവിനെ കോടതിയില്‍ വക്കീലായിക്കിട്ടാന്‍ കക്ഷി നല്ല കനമുള്ള കവര്‍ തന്നെ കൊടുക്കേണ്ടിവരും. ലോട്ടറി മാഫിയയ്ക്കുവേണ്ടി കോടതിയില്‍ ഹാജരാകാനും കേരളത്തിലെ കോണ്‍ഗ്രസ്സുകാരെ കണക്കറ്റ് നാണം കെടുത്താനും ഒരുകോടി രൂപ വക്താവ് ഫീസ് വാങ്ങിയെന്നാണ് ചില ദുഷ്ടാത്മാക്കള്‍ പ്രചരിപ്പിക്കുന്നത്. സത്യം സാന്റിയാഗോ മാര്‍ട്ടിനും സാംഘ്‌വിക്കും അറിയുന്നതാണ്. ഇതിനേക്കാള്‍ കുറഞ്ഞ കാശിന് വേറെ നല്ല വക്കീലിനെ കിട്ടുമെങ്കിലും സിംഘ്‌വി തന്നെ വേണമെന്ന് വാശിപിടിച്ചത് ഒന്നും കാണാതെയല്ലല്ലോ.

സിംഘ്‌വി വക്താവ് ഇതാദ്യമാണ് ഇങ്ങനെ അനാശാസ്യ വ്യവഹാര സഹായിയായി കോടതിയില്‍ ചെന്നത് എന്നു ധരിക്കേണ്ട. കുറച്ചുമുമ്പ് അദ്ദേഹം ഡൗ കെമിക്കല്‍സിന്റെ നിയമോപദേശകനായി പ്രത്യക്ഷപ്പെട്ടിരുന്നു. ആരാണ് പുള്ളികളെന്നോ? ഭോപ്പാലില്‍ ആയിരക്കണക്കിനാളുകളുടെ കാലനായ കാര്‍ബൈഡ് കമ്പനിയുടെ മുഖ്യഉടമസ്ഥന്മാരാണ്. ചോദ്യമുയര്‍ന്നപ്പോള്‍ ഡൗ കെമിക്കല്‍സും സിംഘ്‌വിയും പറഞ്ഞത് ഒന്നുതന്നെ. ഡൗ വെറും ഓഹരിയുടമകള്‍ മാത്രം, സിംഘ്‌വി അവരുടെ നിസ്സാരനായ വക്കീലും. വക്കീലായ സിംഘ്‌വി പറയുന്നതാവില്ല വക്താവായ സിംഘ്‌വി പറയുന്നത് എന്നുമാത്രം-അതാണ് അന്നത്തെയും ഇന്നത്തെയും പ്രശ്‌നം. എന്തോ പാര്‍ട്ടി കോണ്‍ഗ്രസ്സായതുകൊണ്ട് സിംഘ്‌വിക്ക് അന്നൊന്നും സംഭവിച്ചില്ല. ഇന്നും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ജോര്‍ജ് ബുഷിന് ഭാരതരത്‌നം പുരസ്‌കാരം നല്‍കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് വിവാദംസൃഷ്ടിച്ച ചരിത്രവും സിംഘ്‌വിക്കുണ്ട്. എന്നിട്ടും വക്താവുപണിക്ക് യാതൊന്നും സംഭവിച്ചിട്ടില്ല. അതിലും വലുതല്ലല്ലോ ലോട്ടറി.

** ** **

യു.ഡി.എഫിന്റെ സീറ്റ് വിഭജനത്തിന് ശാസ്ത്രീയമായ മാനദണ്ഡങ്ങളുണ്ടാകണമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പറഞ്ഞത് വീര്‍പ്പുമുട്ടിക്കുന്ന വേദന കൊണ്ടായിരിക്കും. അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടിക്ക് ഇപ്പോഴും ഓഹരിവെച്ചുകിട്ടുന്നത് 25 വര്‍ഷം മുമ്പ് കിട്ടിയ സീറ്റ് മാത്രം. എങ്ങനെ സഹിക്കുമിത്, എത്ര കാലം സഹിക്കും?

സംഗതിയിലെ ഏറ്റവും വലിയ പ്രശ്‌നം യു.ഡി.എഫിലെ എല്ലാ പാര്‍ട്ടികളും വളര്‍ന്നുകൊണ്ടേയിരിക്കുന്നു എന്നതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തുള്ളതിനേക്കാള്‍ ശക്തികുറഞ്ഞ ഏതെങ്കിലും പാര്‍ട്ടി യു.ഡി.എഫിലുണ്ടോ? ഇല്ലേയില്ല. പക്ഷേ, സീറ്റില്‍ മാത്രം വര്‍ധനയില്ല. സീറ്റുകള്‍ അനുവദിക്കുന്നത് മുന്‍തിരഞ്ഞെടുപ്പില്‍ മത്സരിച്ചതുനോക്കി മാത്രം. എല്ലാവര്‍ക്കും ശക്തിക്കനുസരിച്ച് കൊടുക്കാന്‍ സീറ്റ് തമിഴ്‌നാട്ടിലോ മറ്റോ നോക്കേണ്ടിവരും. അതിനിടെ മറ്റേ മുന്നണിയില്‍ നിന്ന് ചവിട്ടിപ്പുറത്താക്കപ്പെട്ടതോ അതുണ്ടാകുമെന്ന് ഭയന്ന് സ്ഥലംവിട്ടതോ ആയ അഗതികള്‍ കയറിവന്ന് ഇല്ലാത്ത മസിലുരുട്ടിക്കാട്ടി കുറെ സീറ്റ് കൈക്കലാക്കുന്നു. അപ്പോഴും സീറ്റ് കുറയുന്നത് കേരളാ കോണ്‍ഗ്രസ് പോലെ അപാരമായ ശക്തിയും അതോടൊപ്പം വിശാലമായ ഹൃദയവും ഉള്ള പാര്‍ട്ടികള്‍ക്ക്. എന്തൊരു സങ്കടം.

മറ്റേ മുന്നണിപ്രശ്‌നത്തിന് ശാസ്ത്രീയപരിഹാരം കണ്ടുപിടിച്ചതായി സൂചനയുണ്ട്. അവിടെ ഒരു പാര്‍ട്ടി മാത്രം ശക്തിപ്പെടുകയും മറ്റുള്ളവ ദുര്‍ബലമാവുകയും ചെയ്യുന്നതായാണ് കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ് അവിടെ സീറ്റ് വിഭജനം. ഒരു കൂട്ടരുടെ സീറ്റ് കൂടും മറ്റുള്ളവരുടേത് കുറയും. കുറഞ്ഞുകുറഞ്ഞ് ക്രമേണ ഇല്ലാതാവും. സാമ്പിള്‍ സര്‍വേ പോലെ എന്തോ ഏര്‍പ്പാടാണ് എന്ന് തോന്നുന്നു. പാറ്റന്റ് എടുത്ത വിദ്യയായതുകൊണ്ട് പറഞ്ഞുതരാന്‍ സാധ്യതയില്ല. ആ വിദ്യ കോണ്‍ഗ്രസ് കണ്ടെത്തിയിട്ടില്ലല്ലോ എന്ന് സമാധാനിക്കുകയേ ഇപ്പോള്‍ നിവൃത്തിയുള്ളൂ.

** ** **

പഴയ ബ്രിട്ടീഷ് അടിമകള്‍ക്ക് പരസ്​പരം കാണാനും കെട്ടിപ്പിടിക്കാനുമുള്ള ഒരു ഏര്‍പ്പാടാണ് കോമണ്‍വെല്‍ത്ത്. കോളേജ് അലുംനി പോലെ ഒരിനം. ഇത്രകാലം കഴിഞ്ഞിട്ടും അടിമത്തത്തിന്റെ പഴയ രസം പോകാത്തതുകൊണ്ടാവണം അത് പിരിച്ചുവിടാത്തതും അതിന്റെ കേറോഫില്‍ ഗെയിംസ് പോലുള്ള ഏര്‍പ്പാടുകള്‍ നടത്തുന്നതും. കുറെ കോടികള്‍ കലങ്ങിക്കിട്ടുകയും ചെയ്യും. അറുപത്തിമൂന്ന് വര്‍ഷം മുമ്പ് ബ്രിട്ടനെ പറഞ്ഞയച്ചതിന്റെ ദുഃഖം ഇപ്പോഴും തീര്‍ന്നിട്ടില്ല. അതുകാരണമാണ് ഡല്‍ഹി ഗെയിംസ് വില്ലേജില്‍ പാലം പൊളിയുന്നതും മേല്‍ത്തട്ട് വീഴുന്നതും. ഗെയിംസ് തലവന്‍ ദുഃഖം സഹിക്കാതെ തൂങ്ങിച്ചാകാന്‍ ശ്രമിച്ചപ്പോഴാണ് സീലിങ് പൊളിഞ്ഞതെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നത് പക്ഷേ, സത്യമല്ല.

ഗെയിംസിന്റെ കൊള്ളയും കൊള്ളരുതായ്മയും സഹിക്കാനാകാതെയാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ മുന്‍മന്ത്രിയും നേതാവുമെല്ലാമായ മണിശങ്കര്‍ അയ്യര്‍ സ്ഥലം വിട്ടത് എന്ന് പറയുന്നു. അദ്ദേഹം ലണ്ടനിലേക്കാണ് പോയത്; ഇനി ഗെയിംസ് കഴിഞ്ഞേ വരൂ. ഗെയിംസ് കഴിയുമ്പോള്‍ ആരെല്ലാം സ്ഥലം വിടേണ്ടിവരുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. കാത്തിരുന്നുകാണാം.

Leave a Reply

Your email address will not be published. Required fields are marked *

Go Top