പിടിച്ചു, പിടിച്ചില്ല, പിടിക്കും

ഇന്ദ്രൻ

പൂച്ച എലിയെ പിടിച്ചുകളിക്കുന്നതുപോലെയാണ് അബ്ദുന്നാസര്‍ മഅദനിയെ കേരള-കര്‍ണാടക പോലീസുകള്‍ കൈകാര്യം ചെയ്യുന്നത്. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ മുന്തിയ കോണ്‍സ്റ്റബ്ള്‍മാര്‍ കൊല്ലത്തെവിടെയോ ഉണ്ടുറങ്ങുകയാണ്. ഇന്ന് പിടിക്കും നാളെ പിടിക്കും എന്ന് ഇടക്കിടെ കേള്‍ക്കുന്നുണ്ടെങ്കിലും അബ്ദുന്നാസര്‍ മഅദനിയെ ഇതുവരെയാരും പിടിച്ചിട്ടില്ല. അറസ്റ്റ് ഇപ്പോള്‍ ചെയ്യും നാളെ ചെയ്യും എന്നുപറഞ്ഞ് പേടിപ്പിച്ചതിന് മനുഷ്യാവകാശ കമ്മീഷന്‍ കേസ്സെടുക്കുമോ എന്നറിയില്ല.

എന്തേ ഇത്ര താമസിച്ചത് ? കര്‍ണാടക കോടതിയുടെ വാറണ്ടുണ്ട്. പിടിക്കപ്പെടേണ്ട ആള്‍ ഒളിവിലൊന്നുമല്ല, സദാ ടെലിവിഷന്‍ ചാനലിലുണ്ട്. പിടിക്കാന്‍ പോലീസ് അന്‍വാര്‍ശ്ശേരിയിലേക്ക് പോകണമെന്നുമാത്രം. പീഡിപ്പിക്കാരെ പേടിച്ചാണ് ഇത്രയും വൈകിച്ചതെന്ന് അവര്‍ പോലും അവകാശപ്പെടില്ല. കുറെ അനുയായികളെ നിരത്തിനിര്‍ത്തി അറസ്റ്റ് മുടക്കാമെന്നൊന്നും മഅദനി കരുതുകയുമില്ല. ദിവസം നീട്ടിക്കൊണ്ടുപോയാല്‍ അറസ്റ്റ് പൊല്ലാപ്പ് ഒഴിവാക്കാനാവുമെന്നൊന്നും പോലീസും കരുതിക്കാണില്ല. പിന്നെയെന്താണ് പ്രശ്‌നം ? ഉചിതമായ സമയത്ത് അറസ്റ്റ് നടത്തുമെന്നാണ് കേരളാ ഡി.ജി.പി. മാധ്യമക്കാരോട് പറഞ്ഞത്. സമയം ശരിയല്ല എന്നുചുരുക്കം. അക്കാര്യത്തില്‍ നമുക്കാര്‍ക്കും എതിരുപറയാനാവില്ല. ഓരോന്നിനും അതിന്റെ സമയമുണ്ടല്ലോ ദാസാ…..

കര്‍ണാടക പോലീസ് ജ്യോത്സ്യന്മാരും കേരളാ പോലീസ് ജ്യോത്സ്യന്മാരും തമ്മില്‍ സമയത്തിന്റെ കാര്യത്തില്‍ പൊരുത്തമുണ്ടായില്ലെന്നതാണ് പ്രശ്‌നം
രാശി വെച്ച് നല്ല സമയം കണ്ടെത്തിയ ശേഷം മതിയായിരുന്നു കര്‍ണാടക പോലീസ് ബംഗളുരുവില്‍നിന്ന് വിമാനം കേറുന്നത്. വെറുതെ ഒരാഴ്ച കൊല്ലത്ത് ഉണ്ടുറങ്ങിക്കഴിയേണ്ടിയിരുന്നില്ല. അറസ്റ്റിന് ധൃതിപ്പെടേണ്ട കാര്യമുണ്ടായിരുന്നില്ല. കേരളാ പോലീസ് തമിഴ്‌നാട്ടിലോ ബംഗളുരുവിലോ പ്രതികളെ പിടിക്കാന്‍ ചെല്ലുന്നത് അവിടത്തെ ആഭ്യന്തരമന്ത്രിയെ വിളിച്ച് സമയം ചോദിച്ചിട്ടല്ല. പ്രതിയെ പിടിക്കാന്‍ സ്ഥലം എസ്.ഐ.യോട് പറഞ്ഞാല്‍മതി . പക്ഷേ പ്രതി അത്ര ഡൂക്ക്‌ലി ആയിരിക്കണം. തമിഴ്‌നാട്ടില്‍ ചെന്ന് വൈക്കോവിനെയോ കര്‍ണാടകയില്‍ ചെന്ന് ചാലുവാലിഗ സംഘം നേതാവ് വട്ടല്‍ നാഗരാജിനെയോ അങ്ങനെ അറസ്റ്റ് ചെയ്യാനാവില്ല. അതിന് ആ സംസ്ഥാനസര്‍ക്കാറിന്റെ സമയവും സൗകര്യവും നോക്കേണ്ടതുണ്ട്. ചിലപ്പോള്‍ ലോഡ് ലോഡായി പൊലീസിനെ ഇറക്കേണ്ടിവരും. ലാത്തിച്ചാര്‍ജോ അതിലും കൂടിയതോ വേണ്ടിവന്നേക്കും. അതിര്‍ത്തി കടക്കുംവരെ വഴിയിലുടനീളം കാവല്‍ വേണ്ടിവരും. അതൊക്കെ വേണമെങ്കില്‍ ആ സംസ്ഥാനത്തിലെ പോലീസ് മനസ്സ് വെക്കണം. രാഷ്ട്രപതിയെ നോക്കലാണോ അല്ല മഅദനിയെ പിടിക്കലാണോ ആദ്യം വേണ്ടതെന്ന തീരുമാനം സ്റ്റേറ്റ് പോലീസിന്റേതാവും. ഇതൊന്നും അറിയാതെയാണോ കര്‍ണാടകപ്പോലീസ് ചാടിപ്പുറപ്പെട്ടത് ?

ഏതെങ്കിലും ലോക്കല്‍ നേതാവിനെ ആയിരുന്നെങ്കില്‍ ഒളിവിലാണെന്ന് പറഞ്ഞ് പോലീസിനെ മടക്കാമായിരുന്നു. മഅദനിയുടെ കാര്യത്തില്‍ അതുപറ്റില്ല. അന്‍വാര്‍ശ്ശേരിയില്‍ ആരാധകര്‍ തൂങ്ങിമരിക്കുമെന്ന് പറഞ്ഞാലും പോലീസ് മടങ്ങിപ്പോകില്ല. ഭൂമികയ്യേറ്റം ഒഴിപ്പിക്കലോ മറ്റോ ആയിരുന്നെങ്കില്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടാകുമെന്ന് കോടതിയെ പേടിപ്പിക്കാമോ എന്നുനോക്കാമായിരുന്നു. ഇവിടെ അതും പറ്റില്ല. നോമ്പ് കാലത്തോ മണ്ഡലകാലത്തോ അറസ്റ്റ് പാടില്ലെന്ന് നിയമത്തിലില്ല. പ്രാര്‍ഥനയ്ക്കിടയില്‍ അറസ്റ്റ് പാടില്ലെന്ന് കരുതിയിരുന്നെങ്കില്‍ കൊലക്കേസ്സില്‍ കാഞ്ചി മഠാധിപനെ അറസ്റ്റ് ചെയ്യാനേ പറ്റുമായിരുന്നില്ല. കേസ് കള്ളക്കേസ്സാവാം, പ്രതികാരമാവാം, ഗൂഡാലോചനയാകാം. മഠാധിപനാകട്ടെ മഅദനിയാകട്ടെ, മുന്‍കൂര്‍ ജാമ്യമോ പിന്‍കൂര്‍ ജാമ്യമോ അല്ലാതെ വേറെ വഴിയൊന്നുമില്ല വിധിക്കുമുമ്പ് പുറത്തുകടക്കാന്‍. നിയമം അതിന്റെ വഴിക്ക് പോയല്ലേ പറ്റൂ.

****

കേസ്സില്‍ പ്രതി ചേര്‍ത്ത് ജയിലിലടക്കപ്പെടുന്നവരില്‍ എത്ര പേര്‍ ശിക്ഷിക്കപ്പെടാറുണ്ട് ? സ്ഥിതിവിവരക്കണക്കുകള്‍ കൈവശമില്ല. എന്തായാലും നല്ലൊരു ശതമാനം പ്രതികളെ കോടതികള്‍ വെറുതെ വിടുന്നുണ്ട്. വെറുതെ വിട്ടതുകൊണ്ടൊന്നും അവര്‍ രക്ഷപ്പെടില്ല. ജീവിതകാലം മുഴുവന്‍ കുറ്റവാളി എന്ന ലേബ്ള്‍ പേറി നടക്കേണ്ടി വരും. സ്ത്രീപീഡനക്കേസ്സില്‍ അറസ്റ്റിലായാല്‍ ഫോട്ടോ സഹിതം വാര്‍ത്തവരും. കുറ്റവാളിയല്ലെന്ന് കണ്ട് വെറുതെ വിട്ടാല്‍ ഫോട്ടോ എന്തായാലും ഉണ്ടാവില്ല, ചിലപ്പോള്‍ വാര്‍ത്തതന്നെയും ഉണ്ടാവില്ല. ശിഷ്ടകാലവും ബലാല്‍സംഗക്കാരനായി ജീവിക്കാം. ഇത് നീതിനിര്‍വഹണത്തിന്റെ പല നീതികേടുകളിലൊന്നാണ്.

പത്തുവര്‍ഷക്കാലം ജയിലില്‍ കിടന്ന ശേഷം നിരപരാധി എന്ന വിധിപ്പകര്‍പ്പുമായി പുറത്തുവരുന്ന ആളുടെ സ്ഥിതി ഇതിലേറെ കഷ്ടമാണ്. അബ്ദുള്‍ നാസര്‍ മഅദനിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ മേല്‍കോടതിയില്‍ അപ്പീല്‍പോലും കൊടുത്തില്ല. അതിനര്‍ഥം വിധിയെ ഭരണകൂടം ശരിവെക്കുന്നു എന്നാവണം. വിമാനം വൈകിയാല്‍ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ നിയമം കൊണ്ടുവരാന്‍ പോകുന്നു. നിയമവാഴ്ചയുടെ വണ്ടി വഴിയില്‍ കിടന്നതുകൊണ്ട് പത്തുവര്‍ഷം ജയിലില്‍ ജീവിതം പാഴാക്കേണ്ടിവന്ന പൗരന് നഷ്ടപരിഹാരം നല്‍കുമോ എന്നറിയില്ല.

പോകട്ടെ, കേസ് നടത്തിപ്പിന്റെ കുഴപ്പം കൊണ്ടാണ് മഅദനിയെ വെറുതെ വിട്ടതെന്നും തമിഴ്‌നാട് സര്‍ക്കാര്‍ രാഷ്ട്രീയ കാരണങ്ങളാലാണ് അപ്പീല്‍ നല്‍കാഞ്ഞതെന്നും വാദിക്കാം. എന്നാല്‍, ജയിലില്‍ നിന്നിറങ്ങിയ ഈ മുന്‍ ഭീകരനെ കാട്ടില്‍ നിന്നിറങ്ങിയ പുലിയെ ശ്രദ്ധിക്കും പോലെ ഭരണകൂടം ശ്രദ്ധിക്കേണ്ടിയിരുന്നില്ലേ ? വളരെ ശ്രദ്ധിച്ചു. ജയില്‍ വിമോചിതനായ നെല്‍സണ്‍ മണ്ടേലയെ ആദരിക്കുംപോലെ നേതാക്കള്‍- കേരള ആഭ്യന്തരമന്ത്രിയുള്‍പ്പെടെ- സ്വീകരിച്ചു. ഇപ്പോള്‍ പറയുന്നൂ, ബി കാറ്റഗറി സെക്യൂറിറ്റി ഉണ്ടായിരുന്ന കാലത്ത് മഅദനി കുടകില്‍ പോയി തീവ്രവാദി യോഗത്തില്‍ പങ്കെടുത്തെന്ന്. വല്ല ഗുളികയും കഴിച്ച് ഇന്‍വിസിബ്ള്‍ ആകാനുള്ള വിദ്യ സ്വായത്തമാക്കിയിട്ടുണ്ടാകണം. വേറെ വഴിയൊന്നും കാണാനില്ല. സെക്യൂറിറ്റി ചുമതലയുണ്ടായിരുന്ന കേരളാപോലീസ് മൗനവ്രതത്തില്‍, രഹസ്യപ്പോലീസും തഥൈവ. ഇനി ഇവരെല്ലാം അറിഞ്ഞാവുമോ മഅദനി കുടകില്‍ പോയത് ? ഇഞ്ചികൃഷിക്ക് പോയതാണെന്ന് ധരിപ്പിച്ചിരിക്കുമോ ?

തീവ്രവാദത്തിനെതിരായ നിയമക്കളി സെക്കന്റ് ഹാഫില്‍ ആകെ മാറിയിരിക്കുന്നു. പോലീസ് തുരുതുരെ സെല്‍ഫ് ഗോളാണ് അടിക്കുന്നത്. ജനാധിപത്യ-മതേതരത്വപക്ഷത്തുറച്ച് നില്‍ക്കുന്ന പുസ്തകപ്രസാധന സ്ഥാപനങ്ങളില്‍പോലും റെയ്ഡും വേട്ടയും നടക്കുന്നു. മണല്‍വാരാന്‍ വന്നവരെ മതംമാത്രം നോക്കി പിടികൂടി തീവ്രവാദിപ്പട്ടികയില്‍ പെടുത്തുന്നു. ഹിന്ദുത്വഭീകരര്‍ സ്‌ഫോടനം സംഘടിപ്പിക്കുന്നു എന്ന് പോസ്റ്റര്‍ ഒട്ടിച്ചവരെ മതസ്പര്‍ദ്ധയുണ്ടാക്കിയതിന് അറസ്റ്റ് ചെയ്യുന്നു. സിയാവുദിന്‍ സര്‍ദാറിനെയും ഒസാമ ബിന്‍ ലാദനെയും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവര്‍ക്ക് മഅദനിയും സമദാനിയും തമ്മിലുള്ള വ്യത്യാസവും മനസ്സിലാവില്ല.

ഒന്നുകില്‍ ഗുരുക്കളുടെ നെഞ്ചത്ത്, അല്ലെങ്കില്‍ കളരിക്ക് പുറത്ത്. തീവ്രവാദിസംഘടനക്കാര്‍ക്ക് ഇതിലേറെ സന്തോഷമുള്ള കാര്യം വേറെമില്ല. മേലനങ്ങാതെ എത്ര അനുഭാവികളെയാണ് കിട്ടുന്നത് !

Leave a Reply

Your email address will not be published. Required fields are marked *

Go Top