ഡബ്ള്‍ റോള്‍

ഇന്ദ്രൻ

ചരിത്രം ഏത് വഴിക്ക് വികസിക്കുമെന്ന് പ്രവചിച്ച ആചാര്യനാണ് മാര്‍ക്‌സ്. അക്കാലം വരെ ചെയ്യാന്‍ ആരും ധൈര്യപ്പെടാത്ത സംഗതിയാണ് ആചാര്യന്‍ ചെയ്തത്. തന്റെ കാലശേഷം തന്റെ പേരിലൊരു പാര്‍ട്ടി കേരളമെന്നൊരു ദേശത്തുണ്ടാകുമെന്നും ആ പാര്‍ട്ടി തന്റെ ആശയങ്ങളെ കണ്ടല്‍ക്കാടോളം വികസിപ്പിക്കുമെന്നും കൂടി ഏതോ ഒരു ദുഃസ്വപ്നത്തില്‍ കണ്ടിരുന്നതായി സംശയിക്കാന്‍ ന്യായമുണ്ട്. ദൈവത്തിന് നന്ദി, ഞാനൊരു മാര്‍ക്‌സിസ്റ്റല്ല എന്നദേഹം പറഞ്ഞത് ഈ സന്ദര്‍ഭത്തിലാണ് എന്നത്രെ ഐതിഹ്യം.

മുതലാളിത്തത്തെ തോല്പിച്ച് കാലക്രമേണ വര്‍ഗരഹിത-ഭരണകൂടരഹിത സ്വര്‍ഗംവരുമെന്ന് ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്. അവരൊന്നും പറയാത്ത വഴിക്കാണ് കേരളത്തില്‍ പാര്‍ട്ടി വികസിച്ചുകളഞ്ഞത്. അതിലത്ഭുതമില്ല. ലോകത്താദ്യമായി ഇവിടെ തിരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍വരുമെന്ന് ആചാര്യന്മാര്‍ പ്രവചിച്ചിട്ടില്ല. അതിവിടെ സംഭവിച്ചു, പലവട്ടം സംഭവിച്ചു. അപ്പോള്‍പ്പിന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി ടെലിവിഷന്‍ കമ്പനിയും വാട്ടര്‍ തീം പാര്‍ക്കും കണ്ടല്‍പാര്‍ക്കും റബ്ബര്‍മരക്കമ്പനിയും സ്വാശ്രയകോളേജും നടത്തുമെന്ന് മുന്‍കൂട്ടി കാണാതിരുന്നത് വലിയൊരു തെറ്റാണെന്ന് പറഞ്ഞുകൂടാ.

ചില മതതത്ത്വങ്ങള്‍ പോലെയാണ് കമ്യൂണിസവും. തിരുത്താനാവില്ല. ലോകാവസാനം വരേക്കുള്ളതാണ്. തിരുത്തുന്നത് തിരുത്തല്‍വാദം എന്ന കുറ്റകൃത്യമാണ്. മാപ്പില്ലാത്ത കേസാണ്. തെറ്റുകളാണ് തിരുത്തുക. കമ്യൂണിസത്തില്‍ തെറ്റുകളില്ല, അതുകൊണ്ട് തിരുത്തുകളുമില്ല. സാഹചര്യം മാറുമ്പോള്‍ തത്ത്വങ്ങള്‍ തിരുത്തുകയല്ല, വികസിപ്പിക്കുകയാണ് ചെയ്യുക. അതിന് ഏറെ സാമ്പിളുകളുണ്ട്. ലേറ്റസ്റ്റാണ് കേരളത്തിലേത്. മൂലധനം സ്വരൂപിക്കലും വ്യവസായം സ്ഥാപിക്കലും തൊഴിലാളികളെ നിയമിക്കലും നക്കാപ്പിച്ച കൂലി കൊടുത്ത് ചൂഷണം ചെയ്യലും ലാഭം എന്ന് ചീത്തപ്പേരുള്ള മിച്ചമൂല്യം ഉണ്ടാക്കലുമെല്ലാം മുതലാളിമാര്‍ക്ക് പറഞ്ഞ പണിയാണെന്നത് വികസിപ്പിക്കേണ്ട ധാരണകളാണ്. ഇതൊന്നും മുതലാളിമാര്‍ക്ക് വിട്ടുകൊടുക്കാനാവില്ല എന്നതാണ് പ്രധാനവികസനം. മുതലാളിമാര്‍ ചെയ്യുന്നത് തൊഴിലാളി വര്‍ഗ പാര്‍ട്ടിക്കും ചെയ്യാം. പാര്‍ട്ടി പടുത്തുയര്‍ത്തുന്നതിനേക്കാള്‍ പ്രയാസമുള്ള പണിയൊന്നുമല്ല വ്യവസായം പടുത്തുയര്‍ത്തുന്നത്. രണ്ടും സമാന്തരമായി ചെയ്യാം. ഒന്ന് മറ്റൊന്നിന് സഹായകമാകും. മുതലാളിത്തത്തെ പാഠം പഠിപ്പിക്കാന്‍ ഇതാണ് നല്ല വഴിയെന്ന് പാവം മാര്‍ക്‌സ് കണ്ടെത്തിയിരുന്നില്ല. നമ്മള്‍ കണ്ടെത്തി. നമുക്കേ കാലത്തിനൊത്ത് മാര്‍ക്‌സിസത്തെ വികസിപ്പിക്കാന്‍കഴിഞ്ഞിട്ടുള്ളൂ. വംഗനാട്ടിലെ വംഗന്മാര്‍ക്കുപോലും ഇതൊന്നും മനസ്സിലാക്കാനാവില്ല. മുപ്പതുകൊല്ലമായി ഭരിക്കുന്നത്രെ. ഒരു തീപ്പെട്ടിക്കമ്പനിപോലും തുടങ്ങാനായിട്ടില്ല അവര്‍ക്കവിടെ.

ഇങ്ങനെ വികസിപ്പിക്കുന്നതിലും ചില പ്രയാസങ്ങളുണ്ട്. വര്‍ഗസമരം മുടങ്ങിപ്പോയേക്കുമെന്നതാണ് അതിലൊന്ന്. സൂര്യനുദിക്കുകയും അസ്തമിക്കുകയും ചെയ്യുമ്പോലെ മുടങ്ങാതെ നടക്കേണ്ട സംഗതിയാണ് വര്‍ഗസമരം. മനുഷ്യന്റെ ചരിത്രം മൊത്തം വര്‍ഗസമരത്തിന്റെ ചരിത്രമാണെന്ന് കണ്ടുപിടിച്ചതാണ് മാര്‍ക്‌സേംഗല്‍സ് ആചാര്യര്‍. ചൂഷിതവര്‍ഗം ഒരുഭാഗത്തും ചൂഷകവര്‍ഗം മറുഭാഗത്തും നിന്ന് നടത്തുന്ന അഖണ്ഡ കൈയാങ്കളിഒരുകാരണവശാലും മുടങ്ങരുതെന്ന് ആചാര്യര്‍ പറഞ്ഞിട്ടുണ്ട്. തൊഴിലാളിവര്‍ഗത്തിന്റെ കൈവശമുള്ള മൂര്‍ച്ചയേറിയ ആയുധമാണ് തൊഴിലാളിവര്‍ഗപാര്‍ട്ടി, അതായത് നമ്മുടെ പാര്‍ട്ടി. അങ്ങനെയുള്ളതായിട്ടുള്ളതായ നമ്മുടെ പാര്‍ട്ടി മുതലാളിമാരെപ്പോലെ മൂലധനമിറക്കുന്നതും ലാഭമുണ്ടാക്കുന്നതും തെറ്റല്ലേ എന്നാണ് ചോദ്യം. അതത്ര കാര്യമാക്കാനില്ല. സിനിമയില്‍ നായകന്റെയും വില്ലന്റെയും റോള്‍ ഒരാള്‍തന്നെ അഭിനയിക്കാറില്ലേ? അതിനാണ് ഡബിള്‍ റോള്‍ എന്ന് പറയുന്നത്. മുതലാളിയാകുമ്പോള്‍ നമ്മള്‍ അംബാനിയേക്കാള്‍ മുന്തിയ മുതലാളിയാവുക, തൊഴിലാളിപക്ഷത്ത് നില്‍ക്കുമ്പോള്‍ കാള്‍ മാര്‍ക്‌സിനെ തോല്പിക്കുന്ന വര്‍ഗസമരക്കാരനാവുക.

വര്‍ഗസമരത്തിന്റെ ഊക്കുകുറയാതെ നോക്കേണ്ടതുണ്ട്. ഇതിന് പല പോംവഴികളുണ്ട്. മുതലാളിവര്‍ഗത്തിനെതിരായ ഗീര്‍വാണത്തില്‍ ഒരുകുറവും വരുത്തരുത്. നേരിട്ട് തൊഴിലാളിവര്‍ഗത്തെ ചൂഷണം ചെയ്യുന്ന ഏര്‍പ്പാടുകള്‍ക്ക് പകരം പൊതുജനത്തെ മൊത്തത്തില്‍ ചൂഷണംചെയ്യുന്ന ഏര്‍പ്പാടുകളിലാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. അതുപാടില്ലെന്ന് മാര്‍ക്‌സ് പറഞ്ഞിട്ടുണ്ടോ? കിത്താബിലൊന്നും കണ്ടതായി ഓര്‍ക്കുന്നില്ല. പൊതുജനത്തെ ചൂഷണംചെയ്യുന്നത് പൊതുജനം കേണപേക്ഷിച്ചിട്ടാണ്. എല്ലായിടത്തും സര്‍ക്കാര്‍ ആസ്​പത്രികളുണ്ട്. പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ആസ്​പത്രിയില്‍പോകാം. അവിടെയും നമ്മുടെ പാര്‍ട്ടി തന്നെയാണ് ഭരിക്കുന്നത്. ചൂഷണമില്ല. എന്നെയൊന്നുചൂഷണം ചെയ്‌തേ എന്ന് നിലവിളിച്ച് പാര്‍ട്ടിവക സഹകരണ ആസ്​പത്രിയിലേക്ക് ആംബുലന്‍സും പിടിച്ച് പാഞ്ഞുവരുന്ന ജനത്തെ നമ്മള്‍ നിരാശപ്പെടുത്തരുതല്ലോ. അതുകൊണ്ടാണ് കൂടുതല്‍ കൂടുതല്‍ സഹകരണ ആസ്​പത്രികള്‍ തുടങ്ങേണ്ടിവന്നത്. അതു കണ്ട് കോണ്‍ഗ്രസ്സുകാരും അവിടെയിവിടെ ഓരോന്നുതുടങ്ങിവെച്ചിട്ടുണ്ട്. ഇവിടെ തൊഴിലാളിവര്‍ഗപാര്‍ട്ടി തേങ്ങയുടയ്ക്കുമ്പോള്‍ മുതലാളി പാര്‍ട്ടിക്ക് ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേ. എന്തായാലും ഷോര്‍ട്ട് ബ്രെയ്ക് പോലുമില്ലാതെ നമ്മള്‍ വര്‍ഗസമരം മുന്നോട്ടുകൊണ്ടുപോകും.

വടക്ക് പരിയാരത്ത്, കമ്യൂണിസത്തിലേക്കുള്ള പാതിവഴിയില്‍ ബൂര്‍ഷ്വാ ആയിപ്പോയ മുന്‍നേതാവാണ് ഊക്കനൊരു സഹകരണ ആസ്​പത്രിയും മെഡിക്കല്‍ കോളേജും തുടങ്ങിവെച്ചത്. കുറെക്കാലമായി സംസ്ഥാന ഭരണം മാറുന്നതിനനുസരിച്ച് പോലീസിനെയും മറ്റും ഉപയോഗിച്ച് ചത്തും കൊന്നും നമ്മളത് അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കൊണ്ടിരിക്കുകയാണ്. ജനസേവനവ്യഗ്രത മൂര്‍ച്ഛിക്കുന്നതാണ് കാരണം. സ്വകാര്യ സ്വാശ്രയക്കാരെ വെല്ലുന്ന റെയ്റ്റില്‍ വിദ്യാഭ്യാസ-വൈദ്യക്കച്ചവടം നടത്തി നമ്മള്‍ സ്ഥാപനത്തിന്റെ ആകെ നഷ്ടം നാനൂറുകോടിയായി ഉയര്‍ത്തിയിട്ടുണ്ട്. അവിടെ ലേശം പൊതുജനചൂഷണം കാണുമായിരിക്കും.സേവനത്തിന്റെ കൂടപ്പിറപ്പാണ് ചൂഷണം. ഇരട്ട പെറ്റതാണ്, ഒന്നിനെ മാത്രമായി തരാന്‍ ഒക്കില്ല. ആസ്​പത്രിയും കോളേജും നടത്തി 400 കോടി രൂപ നഷ്ടമുണ്ടാക്കുക അത്ര എളുപ്പമല്ലെന്നറിയാമല്ലോ. ഈ നഷ്ടം പൊതുജനം കഴുത എന്ന നികുതിദായകന്‍ സഹിച്ചുകൊള്ളും. സംസ്ഥാനത്ത് പലേടത്തും ഇങ്ങനെ നടത്തുന്ന തൊഴിലാളി വര്‍ഗ വ്യവസായങ്ങളുടെയെല്ലാം ഭാരംതാങ്ങുന്ന സഹകരണ ബാങ്കുകളുടെ നടുവൊടിയാതെ നോക്കേണ്ട ചുമതലയും പൊതുജനത്തിന്റേതാണ്.

കണ്ണൂരാണല്ലോ കേരളത്തിലെ കമ്യൂണിസ്റ്റ് വ്യവസായത്തിന്റെ തലസ്ഥാനം. വിസ്മയകരമായ വാട്ടര്‍തീം പാര്‍ക്ക് പാര്‍ട്ടിക്കാര്‍ സ്ഥാപിച്ചത് തൊഴിലാളിവര്‍ഗത്തിന് വിശ്രമവേളയില്‍ ഉല്ലസിക്കാനാണ്. അകലെയല്ലാതെ തുടങ്ങിയ കണ്ടല്‍ പാര്‍ക്കിനെച്ചൊല്ലിയാണ് ഇപ്പോള്‍ ബഹളം. തീരനിയമം ലംഘിച്ചത്രെ. ഇതിലെന്താണ് ഇത്ര പുതുമയെന്ന് മനസ്സിലാകുന്നില്ല. തലശ്ശേരിയില്‍ മഹാനായ തൊഴിലാളി വര്‍ഗനേതാവിന്റെ പേരില്‍ ആസ്​പത്രിയും ഒപ്പംചേര്‍ന്ന് വ്യാപാരസമുച്ചയവും നിര്‍മിച്ചത് തീരദേശനിയമം അഞ്ചരക്കണ്ടിപ്പുഴയില്‍ ഒഴുക്കിയിട്ടാണ്. വികസനമാണ് ലക്ഷ്യം. വര്‍ഗസമരവും പരിസ്ഥിതിയും പറഞ്ഞിരുന്നാലൊന്നും വികസനം നടക്കില്ലെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല. പിന്നെങ്ങനെയാണ് ഈ സംസ്ഥാനത്തെയൊന്നു രക്ഷപ്പെടുത്തുക?

** ** **

യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് വ്യവസായികളുടെ പ്രതിനിധിയായി സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത മുന്‍ ലോക്‌സഭാംഗം പി. രാജേന്ദ്രന് വ്യവസായവുമായി ഒരു ബന്ധവുമില്ലെന്ന് ആരോപിക്കുന്നുണ്ട് ശത്രുക്കള്‍. വ്യവസായികളാരും അക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായി അറിവില്ല. കൊല്ലത്തിലൊന്നോ രണ്ടോവട്ടം സമ്മേളിച്ച് തല്ലിപ്പിരിയുന്ന സെനറ്റില്‍ വ്യവസായികള്‍ക്ക് എന്താണ് കാര്യമെന്നാര്‍ക്കും മനസ്സിലായിട്ടുമില്ല. ഒരുകാര്യം അവരും സമ്മതിക്കും-വ്യവസായം എന്ത് എന്നതിന്റെ യാഥാസ്ഥിതികമായി നിര്‍വചനങ്ങള്‍ മാറ്റേണ്ട കാലമായി. മുമ്പൊന്നും പത്രവ്യവസായം എന്നാരും പറയാറില്ല. ഇന്നത് കേട്ടാലാര്‍ക്കും അസ്‌ക്യതയില്ല. വിദ്യാഭ്യാസം, ആസ്​പത്രി എന്നിവയും വൈകാതെ അങ്ങനെയാകും.

രാഷ്ട്രീയത്തെയും സര്‍ക്കാര്‍ ഈ വിഭാഗത്തില്‍ പെടുത്തിയിരിക്കാം. ആള്‍ ഈ വ്യവസായത്തെ പ്രതിനിധീകരിക്കാന്‍ യോഗ്യനാണെന്ന് സര്‍ക്കാറിനും നോമിനേറ്റ് ചെയ്യപ്പെടുന്ന ആള്‍ക്കും ബോധ്യപ്പെട്ടാല്‍ വേറെയാര്‍ക്കാണ് അതിനെ ചോദ്യം ചെയ്യാനാവുക? കണ്ണൂരിലെ നവവ്യവസായികളോട് ഇടതുസര്‍ക്കാര്‍ ഈ ഔദാര്യം കാണിക്കാത്തതിലേ വികസനവാദികള്‍ക്ക് ചെറിയൊരു സങ്കടമുള്ളൂ.

** ** **
ചെകുത്താന്റെ വോട്ട് വേണ്ട എന്നുപറയാന്‍ മാണിസ്സാറെ കിട്ടില്ല, പിന്നെയല്ലേ പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട് വേണ്ട എന്ന് പറയുന്നത്. വോട്ടുചോദിച്ചുള്ള ശീലമേ ഏത് രാഷ്ട്രീയപ്രവര്‍ത്തകനുമുള്ളൂ. ആളുടെ കോണ്‍ഡക്റ്റ് സര്‍ട്ടിഫിക്കറ്റ് നോക്കി വോട്ട്‌ചോദിക്കുന്ന ഒരാളും ഭൂലോകത്തിലില്ല. കള്ളനായാലും കൊലയാളിയായാലും ബലാത്സംഗക്കാരനായാലും വോട്ട് നമുക്കുതന്നെ ചെയ്യണം. അതുതന്നെയാണ് ജനാധിപത്യവും.

കോണ്‍ഗ്രസ്സിനെ ഒരരുക്കാക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടുമെന്ന് സഖാവ് ഇ.എം. പണ്ട് പറഞ്ഞിട്ടുണ്ട്. കൂട്ടുകൂടുമ്പോഴാണ് കക്ഷി നല്ലതോ ചീത്തയോ എന്ന് നോക്കേണ്ടത്. സംഘടനകള്‍ എന്തുപറഞ്ഞാലും വോട്ട് പൗരന്റേതാണ്. അത് വേണ്ടെന്നാരെങ്കിലും പറയുമോ? വോട്ട് വേണോ ചേച്ചീ എന്ന് ചോദിച്ച് ഒരു പോപ്പുലര്‍ ഫ്രണ്ടുകാരനും സ്ഥാനാര്‍ഥികളുടെയടുത്ത് പോകുകയില്ല. വോട്ടിനുവേണ്ടി വര്‍ഗീയവാദികളെയും ഭീകരരെയും പാര്‍ട്ടികള്‍ പ്രീണിപ്പിക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നം. അതുചര്‍ച്ച ചെയ്യാന്‍ തുടങ്ങിയാല്‍ പല മുഖംമൂടികള്‍ കൊഴിഞ്ഞുവീഴും. അതുവേണ്ട. നമുക്ക് അവരുടെ വോട്ടുവേണ്ട, ഇവരുടെ വോട്ടുവേണ്ട എന്നുപറഞ്ഞുകൊണ്ടേ ഇരിക്കാം. ആര്‍ ആര്‍ക്ക് വോട്ടുചെയ്‌തെന്ന് ആരും അറിയാന്‍ പോകുന്നില്ലെന്നതാണ് ആശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *

Go Top