മൂന്നാര്‍ മൂന്നാം ജന്മം

ഇന്ദ്രൻ

ഇടതുമുന്നണിയുടെ ഭരണകാലത്ത് ആദ്യവസാനം കത്തിനിന്ന വിഷയമേത് എന്ന് ഭാവിയിലേതെങ്കിലും പി.എസ്.സി. പരീക്ഷയില്‍ ചോദിച്ചാല്‍ മൂന്നാര്‍ എന്നുത്തരം കിട്ടണം. അതല്ലാതെ വേറെ ദുരുദ്ദേശ്യമൊന്നും ഭരണനേതാക്കള്‍ക്ക് ഇല്ല. എന്നാല്‍ ആദ്യവസാനം ഈ വിഷയം കത്തിനിന്നുവോ എന്നുറപ്പിച്ചു ചോദിച്ചാല്‍ ഉറച്ചൊരു ഉത്തരം കിട്ടുകയില്ല. ആദ്യമൊന്നു നിന്നുകത്തി. തീയണഞ്ഞപ്പോള്‍ കരിയും പുകയുമേ കണ്ടുള്ളൂ. രണ്ടാം വട്ടം തീപ്പൊരി പാറിയെങ്കിലും കത്തിയില്ല. മൂന്നാം വട്ടമിതാ തീയും പൊരിയുമൊന്നുമില്ല, പുഹ മാത്രം. എങ്കിലെന്ത്?

പൂച്ചയ്ക്ക് ഏഴുജന്മമെന്ന് പറഞ്ഞതുപോലെ മൂന്നാറിനു മൂന്നുജന്മമുണ്ടായില്ലേ? ഉണ്ടായി. ആദ്യജന്മമായിരുന്നു രോമാഞ്ചകരം. മുഖ്യമന്ത്രി വി.എസ്സിന്റെ മൂന്നുപൂച്ചകള്‍ പുലികളായി വേഷംമാറിയാണ് മൂന്നാറില്‍ മുരണ്ടുനടന്നത്. പലര്‍ക്കും കടിയേല്ക്കുകയുണ്ടായി. പൂച്ചകളുടെ സഹായാര്‍ഥം ബുള്‍ഡോസര്‍, ജെ.സി.ബി. തുടങ്ങിയ ഭയജനകമായ ഉപകരണങ്ങളും അയച്ചുകൊടുത്തിരുന്നു. അവകൊണ്ട് കെട്ടിടങ്ങളുടെ തറക്കല്ല് മാന്തുന്നതും ഓടിളക്കുന്നതും ടി.വി.യില്‍ കണ്ടാണ് ജനം ആവേശം കൊണ്ടത്. കെ.പി. രാജേന്ദ്രന്‍, പന്ന്യന്‍ തുടങ്ങിയ സി.പി.ഐ. പുലികളും പിണറായി വിജയന്‍, വൈക്കംവിശ്വന്‍ തുടങ്ങിയ സി.പി.എം. പുലികളും ആദ്യഘട്ടത്തില്‍ ഇതികര്‍ത്തവ്യതാമൂഢരായും എലികളായും പാത്തും പതുങ്ങിയും നിന്നതേ ഉള്ളൂ. പുലികളുടെ ക്ഷമയ്ക്കുമില്ലേ അതിര്. മുഖ്യമന്ത്രിയാണെന്ന് കരുതി ഏകാഭിനയം എത്രകാലം വെറുതെ കണ്ടിരിക്കും. അണിയറയിലെ പുലികള്‍ പുറത്തുചാടിയപ്പോള്‍ പൂച്ചകളെ ജീവരക്ഷാര്‍ഥം നാടുകടത്തുകയായിരുന്നു.

2007 മെയ് മാസത്തിലെ ആദ്യജന്മത്തിനുശേഷം ഏതാണ്ട് ജീവച്ഛവമായ മൂന്നാര്‍ വിവാദത്തിനു രണ്ടാം ജീവന്‍ നല്‍കാന്‍ മുഖ്യമന്ത്രി സ്വയം ഇറങ്ങേണ്ടിവന്നു. ഭൂപരിഷ്‌കരണം മൂന്നാറിലേക്ക് എന്ന തലക്കെട്ടില്‍ നെടുങ്കന്‍ ലേഖനമെഴുതി പത്രങ്ങള്‍ക്കെല്ലാം നല്‍കിയാണ് അദ്ദേഹം അങ്ങോട്ടു വണ്ടികയറിയത്. അവിടെ ടാറ്റയുടെ കൈയിലുള്ള ഭൂമിയെല്ലാം പത്തുസെന്റ് വീതം കര്‍ഷകര്‍ക്ക് പതിച്ചുനല്‍കുമെന്നും ചായത്തോട്ടമെല്ലാം വെട്ടിനിരത്തി കപ്പയും റബ്ബറും നടുമെന്നുമാണ് മാലോകര്‍ ധരിച്ചത്. അവിടെ ഒരു മൂലയിലുണ്ടായിരുന്ന ടാറ്റയുടെ ബോര്‍ഡ് എടുത്തുമാറ്റി മുഖ്യമന്ത്രി സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചത് ചാനല്‍ലേഖകര്‍ക്ക് ഹരംപകരുകയുണ്ടായി. സര്‍ക്കാറിന്റെ കൈവശമുള്ള ഭൂമിയില്‍ത്തന്നെയാണ് മുഖ്യമന്ത്രി ബോര്‍ഡ് സ്ഥാപിച്ചതെന്ന അപഖ്യാതി ബൂര്‍ഷ്വാകുത്തകയായ ടാറ്റ അന്നുതന്നെ പ്രചരിപ്പിച്ചിരുന്നതാണ്. എന്തായാലും ബോര്‍ഡ് സ്ഥാപിച്ചതോടെ ഭൂപരിഷ്‌കരണം പൂര്‍ത്തിയായതായി ധരിച്ച് സകലരും മടങ്ങുകയും ചെയ്തു. പിന്നീട് മൂന്നാര്‍ എന്ന മൂന്നക്ഷരം നമ്മള്‍ കേട്ടിട്ടില്ല.

വിഷയദാരിദ്ര്യം രൂക്ഷമാകുമ്പോഴാണ് മുഖ്യമന്ത്രി മൂന്നാര്‍ കുന്തവുമായി രംഗത്തുവരുന്നതെന്ന വ്യാഖ്യാനം പാര്‍ട്ടിയിലുണ്ട്. ഓരോതവണ ആവര്‍ത്തിക്കുമ്പോഴും സാധനത്തിന്റെ വീര്യം ചോര്‍ന്നുകൊണ്ടിരിക്കുമെന്നു തെളിയിക്കാന്‍ ലോ ഓഫ് ഡിമിനിഷിങ് റിട്ടേണ്‍സ് അറിയുകയൊന്നും വേണ്ട. റോഡരികിലെ ചെപ്പടിവിദ്യക്കാര്‍പോലും ഒരു സദസ്സിനു മുമ്പില്‍ ഒരേ ഐറ്റം രണ്ടാമതൊരു വട്ടം അവതരിപ്പിക്കാറില്ല. എന്തായാലും പത്രങ്ങളുടെ വിഷയദാരിദ്ര്യത്തിന് ചില ദിവസങ്ങളില്‍ മൂന്നാര്‍ ഗുളിക ശമനമുണ്ടാക്കുന്നുവെന്നത് ചില്ലറ കാര്യമല്ല.

ടാറ്റയുടെ കൈയിലെ അന്‍പതിനായിരമോ എഴുപതിനായിരമോ ഏക്കര്‍ സ്ഥലത്തില്‍ ഒരിഞ്ചിന്റെ കുറവ് മൂന്നുവര്‍ഷത്തെ പരാക്രമങ്ങള്‍കൊണ്ടൊന്നും ഉണ്ടാക്കാനായിട്ടില്ല. മൂന്നാറിന്റെ മൂന്നാം ആവര്‍ത്തനത്തില്‍ പൂച്ചകളുമില്ല, ജെ.സി.ബി.യുമില്ല. അച്യുതാനന്ദന്‍ മാത്രമുണ്ട്. ഇത്തവണ അന്‍പതിനായിരം ഏക്കറോ കാക്കത്തൊള്ളായിരം ഭൂമി കൈയേറ്റങ്ങളോ ചര്‍ച്ചപോലും ആകുന്നില്ല. ചര്‍ച്ച മുഴുവന്‍ ഏതോ മൂലയില്‍ കെട്ടിയ തടയണയെക്കുറിച്ചാണ്. അതുടന്‍ പൊളിച്ചടുക്കിയാല്‍ മൂന്നാര്‍ പ്രശ്‌നം തീരുമെന്നാണ് ഒച്ചയും ബഹളവും കേട്ടാല്‍ തോന്നുക. ടാറ്റ തടയണ കെട്ടി വൈദ്യുതി ഉത്പാദിപ്പിച്ച് കൊള്ളവിലയ്ക്ക് വില്ക്കുകയാണെന്നും തോന്നിപ്പോകും. തൊഴിലാളികള്‍ പറയുന്നത് അവര്‍ക്ക് കുടിവെള്ളത്തിനു വേണ്ടി ടാറ്റ ഉണ്ടാക്കിയതാണ് അണ എന്നാണ്. ടാറ്റയെ തൊടാന്‍ പറ്റിയില്ലെങ്കില്‍ തൊഴിലാളിയുടെ കുടിവെള്ളം മുട്ടിക്കാനെങ്കിലും കഴിഞ്ഞാല്‍ തൃപ്തിയാകും.

ടാറ്റയ്ക്കുമില്ല ചില്ലറ കൈയേറ്റക്കാര്‍ക്കുമില്ല ഇപ്പോള്‍ വേവലാതി. ജെ.സി.ബി.യും പൂച്ചകളുമില്ലാത്തതുകൊണ്ട് എന്തായാലും പൊളിച്ചടുക്കല്‍ ഉണ്ടാവില്ലെന്നുറപ്പ്. കൈയേറ്റങ്ങളെയും കുടിയേറ്റങ്ങളെയും വേര്‍തിരിച്ചുകാണുമെന്ന് എല്ലാ പാര്‍ട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. കേട്ടാല്‍ തോന്നുക മൂന്നാറില്‍ നിസ്സാരവിലയ്ക്ക് ഭൂമി വാങ്ങിയാണ് ഇപ്പോള്‍ കര്‍ഷകര്‍ കപ്പ നടുന്നതെന്നാണ്. സെന്റിന് അനേക ലക്ഷങ്ങളാണ് മൂന്നാറിലെ ഭൂമിവില. നാട്ടില്‍ വേറെ ഭൂമിയുള്ളവര്‍തന്നെയാണ് മൂന്നാറില്‍ കുടിയേറ്റമെന്ന ഭാവത്തില്‍ കൈയേറ്റത്തിനു മുതിരുന്നത്. കൈയേറിയ ഭൂമിക്ക് പട്ടയം സംഘടിപ്പിച്ചുകൊടുക്കാന്‍ സര്‍വകക്ഷി കൂട്ടായ്മയുണ്ട്. കുടിലു കെട്ടാന്‍ കൈയേറിയ അഞ്ചുസെന്റില്‍ അഞ്ചുനില കെട്ടിടമുയരാന്‍ അധികം താമസമുണ്ടാകില്ല. ലക്ഷങ്ങള്‍ പോക്കറ്റിലാക്കി കൈയേറ്റക്കാര്‍ ചുരമിറങ്ങും. നേരത്തേ പട്ടയം കിട്ടിയവരെല്ലാം ഇങ്ങനെ മൂന്നാര്‍ വിട്ടുകഴിഞ്ഞത്രെ. അവരുടെ ഭൂമികളില്‍ ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ തലയുയര്‍ത്തി നില്ക്കുന്നുണ്ട്.

ആദ്യ ദൗത്യസംഘം-പൂച്ചകളുടെ സെറ്റ്-പോയി ചെറുകിടക്കാരെ മാത്രം കൈകാര്യം ചെയ്യാന്‍ മുതിര്‍ന്നെന്നും വെറുമൊരു പാവത്താനായതുകൊണ്ട് മുഖ്യമന്ത്രിക്ക് അതു മനസ്സിലായില്ലെന്നും പറഞ്ഞിരിക്കുന്നത് എല്ലാം മനസ്സിലാക്കാന്‍ കഴിവുള്ള മന്ത്രി പാലോളി മുഹമ്മദ്കുട്ടിയാണ്. മൂന്നാറില്‍ 90 ശതമാനം കൈയേറ്റഭൂമിയാണെന്ന സ്ഥിതിവിവരക്കണക്കും അദ്ദേഹം അവതരിപ്പിച്ചിരുന്നു. ചെറുകിടക്കാരെ കുടിയിറക്കേണ്ട എന്നതാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു. ടാറ്റയെ കാട്ടി ചെറുകിട കൈയേറ്റക്കാരെയും ചെറുകിടക്കാരെ കാട്ടി വന്‍കിട കൈയേറ്റക്കാരെയും തടിയൂരാന്‍ അനുവദിക്കാമെന്നൊന്നും അദ്ദേഹം പറയുകയുണ്ടായില്ല. പക്ഷേ, മന്ത്രിയൊരു വലിയ സത്യം പറഞ്ഞു: ജനങ്ങളുടെ ക്ഷമകൊണ്ടാണ് നിയമസഭ തല്ലിപ്പൊളിക്കാത്തതെന്ന്. തീര്‍ച്ചയായും, അതാണ് സര്‍, നമ്മുടെ ധൈര്യം.

******

ഒരു എക്‌സ് എം.പി.കൂടി സി.പി.എമ്മിന്റെ പടിയിറങ്ങിയിരിക്കുന്നു. പാര്‍ലമെന്റില്‍ ചെന്നിരിക്കുമ്പോള്‍ പാര്‍ട്ടിക്കുണ്ടാകാനിടയുള്ള പാര്‍ലമെന്ററി വ്യാമോഹത്തെക്കുറിച്ച് ആചാര്യന്മാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ പാര്‍ലമെന്റിലെ കാലാവധി കഴിയുമ്പോള്‍ പാര്‍ട്ടിയംഗങ്ങള്‍ക്കുണ്ടാകുന്ന വ്യാമോഹരോഗത്തെക്കുറിച്ച് ഇതുവരെയും ആരും എഴുതിയതായി കണ്ടിട്ടില്ല. പത്തറുപത് വര്‍ഷമായി പാര്‍ട്ടി പാര്‍ലമെന്റിലെ ഇടപാട് തുടങ്ങിയിട്ട്. ഇന്നത്തേക്കാള്‍ കൂടുതല്‍ അംഗങ്ങളെ പാര്‍ട്ടി പണ്ടും പാര്‍ലമെന്റിലേക്കയച്ചിട്ടുണ്ട്. എന്നാല്‍ ഒരേ ടേമില്‍ അംഗമായിരുന്ന രണ്ടും മൂന്നും അംഗങ്ങള്‍ എന്തോ അജ്ഞാതവ്യാമോഹരോഗത്തിന് അടിപ്പെട്ട് മറുകണ്ടം ചാടുന്ന പ്രതിഭാസത്തെക്കുറിച്ച് അവശേഷിക്കുന്ന താത്ത്വികാചാര്യന്മാര്‍ അപഗ്രഥിക്കേണ്ടതുണ്ട്.

പല ആദര്‍ശശിങ്കങ്ങള്‍ക്കും പ്രായമേറുമ്പോള്‍ ബൂര്‍ഷ്വാ അസുഖങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ യുവകേസരികളായ പാര്‍ലമെന്റംഗങ്ങള്‍ വ്യാമോഹത്തിനു വഴങ്ങി പാര്‍ട്ടിവഞ്ചനയുടെ പാതയില്‍ ചരിക്കുന്നത് മനസ്സിലാക്കാന്‍ പ്രയാസമുള്ള സംഗതിയാണ്. പണ്ടും പലരും പാര്‍ട്ടി വിട്ടിട്ടുണ്ട്. അവര്‍ കൂടുതല്‍ ശരി ഉള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും ഗ്രൂപ്പുകളിലേക്കുമാണ് മാറാറുള്ളത്. ഇപ്പോള്‍ മാറ്റം ബൂര്‍ഷ്വാ-മുതലാളിത്ത-സാമ്രാജ്യത്വ മൂടുതാങ്ങി പക്ഷത്തേക്കാണ്. മനുഷ്യനെ വഴിതെറ്റിക്കാനുള്ള സംവിധാനങ്ങളെല്ലാം ഉള്ള സ്ഥാപനമാണ് പാര്‍ലമെന്റ് എന്ന് പണ്ട് എ.കെ.ജി. തന്നെ പറഞ്ഞിട്ടുണ്ട്. കമ്യൂണിസ്റ്റുകാരെ കുടുക്കാനുള്ള ബൂര്‍ഷ്വാ കെണി കൂടിയാണത്. കര്‍ത്താവിന്റെ പരീക്ഷണങ്ങളെല്ലാം മറികടന്നേ സ്വര്‍ഗത്തിലേക്ക് പോകാനാവൂ എന്നതുപോലെയാണ് പാര്‍ലമെന്ററി പ്രലോഭനവും. അതിനെ അതിജീവിക്കാന്‍ കഴിയാത്തവര്‍ക്ക് കമ്യൂണിസ്റ്റ് സ്വര്‍ഗത്തില്‍ പ്രവേശം കിട്ടില്ല. കൂടുതല്‍ക്കൂടുതല്‍ യുവവിപ്ലവകാരികള്‍ ബൂര്‍ഷ്വാരോഗങ്ങള്‍ക്ക് അടിപ്പെടുന്നതിന്റെ ഗുട്ടന്‍സ് കണ്ടുപിടിക്കാന്‍ ഏതെങ്കിലും നല്ല ജ്യോത്സ്യരെക്കൊണ്ട് പ്രശ്‌നം വെപ്പിച്ചുനോക്കുകയെങ്കിലും വേണം. ഇനി എം.പി. പെന്‍ഷന്റെ മേലുള്ള ക്രൂരമായ ലെവിയാണ് പ്രശ്‌നമെങ്കില്‍ അക്കാര്യത്തില്‍ ഉദാരീകരണം നടപ്പാക്കാവുന്നതാണ്.

മാര്‍ക്‌സിസ്റ്റ് പക്ഷത്തുനിന്ന് ഇങ്ങനെ എക്‌സുകള്‍ മതിലുചാടിവരുന്നതില്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് ബഹുസന്തോഷമാണെന്നാരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കു തെറ്റി. നിയമസഭയില്‍ 140, ലോക്‌സഭയില്‍ 20 എന്നൊക്കെ സീറ്റിന്റെ എണ്ണം പറയാമെങ്കിലും ഏതു തരംഗത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിക്കുന്നത് പാതിയില്‍ താഴെ സീറ്റില്‍ മാത്രമാണ്. അതിലൊരു സീറ്റ് ഒപ്പിച്ചെടുക്കണമെങ്കില്‍ ഒരായുസ്സിന്റെ പാതി നേതാക്കളുടെ പിറകെ നടക്കണം. മുഴുവനായുസ്സ് നടന്നിട്ടും കിട്ടാത്തവരാണ് കിട്ടിയവരുടെ പലമടങ്ങ്. അതിനിടയിലാണ് കണക്കില്‍പ്പെടാത്ത കുറെയാളുകള്‍ ടിക്കറ്റിനുള്ള ക്യൂവിലേക്ക് തള്ളിക്കയറുന്നത്. അരിശം വരാതിരിക്കുന്നതെങ്ങനെ. കെ. മുരളീധരന് അംഗത്വംപോലും കിട്ടാത്തപ്പോള്‍ അബ്ദുള്ളക്കുട്ടിക്ക് നിയമസഭാംഗത്വംതന്നെ കിട്ടിയത് കണ്ടില്ലേ? ഇങ്ങനെ പത്തെണ്ണം വന്നാല്‍ നമ്മള് ചുമരെഴുതിയും റസീറ്റ് പിരിച്ചതും തല്ലുകൊണ്ടതുമെല്ലാം വെള്ളത്തില്‍ ചിത്രം വരച്ചതുപോലാവില്ലേ?

******

പാര്‍ലമെന്റ് പാസ്സാക്കിയ വിവരാവകാശനിയമം തങ്ങള്‍ക്ക് ബാധകമല്ലെന്ന വാദവുമായി സുപ്രീംകോടതി സുപ്രീംകോടതിയില്‍ത്തന്നെ അപ്പീല്‍ഹര്‍ജി നല്‍കിയത് തമാശയായി നാട്ടുകാര്‍ക്ക് തോന്നുമെങ്കിലും കാര്യം സീരിയസ്സാണ്. പരാതിയില്‍ വിധി പറയുക സുപ്രീംകോടതിതന്നെ-അതായത് പരാതിക്കാരന്‍തന്നെ പരാതിയില്‍ വിധി പറയുമെന്നര്‍ഥം. സുപ്രീംകോടതി സുപ്രീംകോടതിയുടെ ഹര്‍ജിയോട് സ്വജനപക്ഷപാതം കാട്ടുമെന്ന മുന്‍വിധിയൊന്നും ആര്‍ക്കും വേണ്ട. ചിലപ്പോള്‍ സുപ്രീംകോടതിയുടെ പരാതി സുപ്രീംകോടതി തള്ളിയേക്കാം. സുപ്രീംകോടതിയുടെ ഹര്‍ജി ഹൈക്കോടതി നേരത്തേ തള്ളിയതാണ്. ഹൈക്കോടതിക്ക് തള്ളാമെങ്കില്‍ സുപ്രീംകോടതിക്കും അതാവാമല്ലോ.

കൂടുതല്‍ തമാശയുള്ള വേറൊരു കാഴ്ച കേരള നിയമസഭയില്‍ കാണാം. ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമം തങ്ങള്‍ക്കു ബാധകമല്ലെന്ന ഉറച്ച നിലപാടാണ് കേരള നിയമസഭാ ഓഫീസിന്‍േറത്. ഇവിടെ ഹര്‍ജി പരിഗണിക്കും മുമ്പ് വിധി വന്നുകഴിഞ്ഞു. നിയമസഭാംഗം നിയമസഭയില്‍ ചെയ്ത പ്രസംഗത്തിന്റെ വീഡിയോ ജനം ചോദിച്ചാല്‍ കൊടുക്കേണ്ടതില്ല എന്നാണ് വിധി. ഹൈക്കോടതി ചോദിച്ചിട്ട് കൊടുത്തിട്ടില്ല, പിന്നെയല്ലേ ജനത്തിനു കൊടുക്കുന്നത്. കൊടുത്താല്‍ അത് നിയമസഭയുടെ പ്രത്യേകാവകാശങ്ങളുടെ ലംഘനവുമാകുമെന്നുറപ്പ്. ജനപ്രതിനിധിയുടെ പ്രസംഗമെന്തിന് ജനം വീഡിയോവില്‍ കാണണം, കടലാസില്‍ വായിച്ചാല്‍ പോരെ എന്നാണ് ചോദ്യം. അത്ര വലിയ ജനാധിപത്യാവകാശമൊന്നും ജനത്തിനു വേണ്ട. നിയമസഭയേക്കാള്‍ മേലെയൊരു പാര്‍ലമെന്‍േറാ ?

Leave a Reply

Your email address will not be published. Required fields are marked *

Go Top