…ബഹുകൃതവേഷം

ഇന്ദ്രൻ

വാക്കില്‍ മാത്രം വിപ്ലവകാരിയാവുക ആദായകരമായ ബിസിനസ്സാണ്. വിപ്ലവവായാടികള്‍ എന്ന് അത്തരക്കാരെ വിളിക്കാറുണ്ട്. ഭീകരവാദം ഒരു വായാടിത്തമായി കൊണ്ടുനടക്കുന്നതും അതുപോലെ ആദായകരമായ ഏര്‍പ്പാടാണെന്നാണ് അബ്ദുന്നാസര്‍ മഅദനി കരുതിയിരുന്നത്. കുറെക്കാലം ഭീകരവായാടിത്തം പ്രയോഗിച്ചുനോക്കി. പകയും വൈരവും ഒരോ മെഗാടണ്‍ ശേഷിയുള്ള സേ്ഫാടകവസ്തുക്കളായി മനുഷ്യഹൃദയത്തില്‍ കയറ്റിവെക്കുന്ന പ്രസംഗങ്ങളാണ് നടത്തിപ്പോന്നത്. ഗുണമൊന്നും കിട്ടിയതുമില്ല, സൈഡ് ഇഫക്ട്‌സ് ഇപ്പോള്‍ ആളെ കാര്‍ന്നുതിന്നുകയും ചെയ്യുന്നു. സൃഷ്ടിച്ചുവിട്ട ഭീകരതാവൈറസുകള്‍ ചെകുത്താന്‍മാരായി നാടിനെ അലട്ടുന്നു. പഴയ നോവലിലെ ശാസ്ത്രജ്ഞന്‍ ഫ്രാങ്കൈന്‍സ്റ്റീന്‍ സൃഷ്ടിച്ച സത്വത്തെപ്പോലെ അവ തിരിഞ്ഞുകടിക്കാനും തുടങ്ങിയിരിക്കുന്നു.

സംഘപരിവാര്‍ ഭീകരര്‍ ബാബറി മസ്ജിദ് തകര്‍ത്തതുകൊണ്ടാണ് മഅദനിയുടെ ഐ. എസ്.എസ്. ഉണ്ടായതെന്നൊരു കടങ്കഥ പ്രചരിക്കുന്നുണ്ട്. സത്യമല്ല. മസ്ജിദ് തകര്‍ക്കുംമുമ്പുതന്നെ ഉണ്ടായിരുന്നു ഐ.എസ്.എസ്സും മഅദനിയുടെ തീവ്രവാദ വായാടിത്തവും. ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതിനു വര്‍ഷം മുമ്പാണ് മസ്ജിദ് ആരോ തകര്‍ത്തെന്ന് വ്യാജവാര്‍ത്തയിറക്കി തെക്കന്‍ കേരളത്തിലുടനീളം മഅദനിഅനുയായികള്‍ കലാപമഴിച്ചുവിട്ടത്. മഅദനിയുടെ ശുദ്ധ സാത്വിക പ്രസംഗം കേള്‍ക്കുന്നവന് അന്നുറങ്ങുംമുമ്പ് പിച്ചാത്തി സംഘടിപ്പിച്ച് ആരെയെങ്കിലും കുത്തിമലര്‍ത്തണമെന്നു തോന്നിപ്പോകും. മറ്റേയിനം ഫാസിസ്റ്റ് സംഘത്തിന്റെ അതേ മോഡലിലായിരുന്നു മഅദനി സംഘത്തിന്റെയും ട്രൗസറും വടിയുമൊക്കെ. ബാബറി മസ്ജിദ് തകര്‍ച്ചയുടെ പാപത്തില്‍നിന്നു തടിയൂരുന്നതിന്റെ ഭാഗമായി റാവുസര്‍ക്കാര്‍ ചില സംഘടനകളെ നിരോധിച്ചപ്പോള്‍ ആ കൂട്ടത്തില്‍പ്പെടാനുള്ള യോഗം ഐ.എസ്.എസ്സിനുണ്ടായി. എന്തൊരു അംഗീകാരം! സംഘപരിവാറില്‍പ്പെട്ട രണ്ട് ഊക്കന്‍ ഫാസിസ്റ്റ് സംഘടനകള്‍ക്കൊപ്പം നിരോധിക്കപ്പെട്ട ഏക ന്യൂനപക്ഷ ഫാസിസ്റ്റ് പ്രസ്ഥാനം എന്നതാണ് ചരിത്രത്തില്‍ അവരെക്കുറിച്ച് തങ്കലിപികളില്‍ എഴുതപ്പെട്ടിട്ടുള്ളത്. നിരോധനത്തെ മഅദനി അത്യന്തം ധീരമായാണ് നേരിട്ടത്-നിരോധന ഉത്തരവു വരുംമുമ്പ് സംഘടന പിരിച്ചുവിട്ട് സ്ഥലം കാലിയാക്കി- അല്ല പിന്നെ.

അന്നുതുടങ്ങിയിരുന്നു മഅദനിയുടെ മാനസാന്തരം. ഐ.എസ്.എസ്സിനെയും ചുമന്ന് നടക്കാന്‍ വയ്യ. ജയിലിലാകും. അങ്ങനെയാണ് പിന്നാക്കജാതി-ദലിത്-ന്യൂനപക്ഷ-ചൂഷിതവര്‍ഗ ബഡാ മുന്നണിയാകാമെന്ന് തീരുമാനിച്ചത്. മതവികാരം വ്രണപ്പെടുത്തിയതിനുള്ള കേസുകളുടെ എണ്ണം പല ഡസന്‍ പിന്നിട്ട് ലോക റെക്കോഡ് ആകുമെന്നായപ്പോഴാണ് മഅദനിക്ക് പൊടുന്നനെ മതേതരത്വ ബോധോദയം ഉണ്ടായത്. മതേതരനായാല്‍പ്പിന്നെ പിറകെ പോലീസ് വരില്ലെന്ന സമാധാനവുമുണ്ട്. ഹോ, ഈ മുടിഞ്ഞ കേരളത്തില്‍ ജീവിച്ചുപോകാന്‍ എന്തെല്ലാം വേഷം കെട്ടണം. പി.ഡി.പി.യായി പുതിയവേഷം. തെക്കുവടക്കുനടക്കുന്ന എക്‌സ് നക്‌സല്‍ വിപ്ലവക്കാര്‍ തൊട്ട് എക്‌സ് സംന്യാസിമാരെ വരെ യഥേഷ്ടം കിട്ടി. അങ്ങനെ പി.ഡി.പി. അസല്‍ മതേതര പാര്‍ട്ടിയായി. സി.പി.എമ്മിനുമാത്രം അന്ന് അതത്ര ബോധിച്ചില്ല. അങ്ങനെയാണ് ഇടതുസര്‍ക്കാറിന്റെ പോലീസ് പിടികൂടി തമിഴ്‌നാടിനു കൈമാറിയത്.

കൈയില്‍ നാലുവോട്ടുണ്ടായിരുന്നതുകൊണ്ട് തിരിഞ്ഞുനോക്കാന്‍ ആളുണ്ടായി. യു.ഡി.എഫ്. നേതാക്കള്‍ കോയമ്പത്തൂര്‍ ജയിലില്‍ തലയില്‍ മുണ്ടിട്ട് പോയാണ് നിയമസഭാതിരഞ്ഞെടുപ്പില്‍ വോട്ടുവാങ്ങിയെടുത്തത്. ജയിലില്‍നിന്നു വിടുവിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന വാഗ്ദാനം മാത്രം കൊടുത്താല്‍ മതിയായിരുന്നു അക്കാലത്ത്. അങ്ങനെ മഅദനി യു.ഡി.എഫ്. പക്ഷമായി. പി.ഡി.പി.യുടെ കൂടി വോട്ടുവാങ്ങി അധികാരത്തില്‍ വന്ന യു.ഡി.എഫ് പക്ഷേ, കൊടുംചതിയാണ് പിന്നെ ചെയ്തത്. വീട്ടിലൊരാള്‍ മരിച്ചപ്പോള്‍ പരോളില്‍വരാന്‍ മഅദനിയെ അനുവദിച്ചില്ല. വന്നാല്‍ കേരളത്തില്‍ വര്‍ഗീയകലാപം പൊട്ടിപ്പുറപ്പെടുമെന്ന് കോടതിക്ക് റിപ്പോര്‍ട്ടയച്ചപ്പോള്‍ പരോള്‍ കട്ടപ്പൊകയായി. അവിടെ നിന്നുതുടങ്ങി മഅദനിയുടെ അടുത്ത ഘട്ടം മാനസാന്തരം. ഇടതുപക്ഷത്തേക്കായി ചായ്‌വ്. രണ്ടിലൊന്നിനൊപ്പം നില്ക്കാതെ കേരളത്തില്‍ നിന്നുപിഴയ്ക്കാനാവില്ലല്ലോ. ഇടതും വലതും ചേര്‍ന്ന് നിയമസഭയില്‍ പ്രമേയം പാസ്സാക്കിയതുകൊണ്ടൊന്നുമല്ല, കോടതിയിലെ കേസുകള്‍ ഓരോന്നായി കുളമായതുകൊണ്ടാണ് മഅദനിക്ക് ജയിലില്‍നിന്നിറങ്ങാനായത്. തിരുവനന്തപുരം കടപ്പുറത്ത് പൗരസ്വീകരണം നല്കുമ്പോള്‍ വേദിയില്‍ ഉണ്ടായിരുന്നത് യു.ഡി.എഫുകാരല്ല. കേരളം ഭരിക്കുന്ന മൂന്ന് ഇടതുമന്ത്രിമാരായിരുന്നു. അതിലൊരാള്‍ പോലീസിനെ ഭരിക്കുന്ന കോടിയേരി ബാലകൃഷ്ണനായിരുന്നു. മഅദനിയുടെ ഭാര്യ സൂഫിയയെ അറസ്റ്റ് ചെയ്യാന്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്തുതന്നെ തെളിവുണ്ടായിരുന്നു എന്ന് ഇപ്പോള്‍ പറയുന്ന കോടിയേരി ബാലകൃഷ്ണന്‍തന്നെ.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അസല്‍ ഇടതുപക്ഷമായി. സാമ്രാജ്യത്വവിരുദ്ധം, ആഗോളീകരണവിരുദ്ധം തുടങ്ങിയവ ഡയലോഗിന്റെ ഭാഗമായി. പൊതുവേദിയില്‍ പിണറായി സഖാവ് എഴുന്നേറ്റുനിന്നാദരിക്കുന്നതുകണ്ടപ്പോഴേ നമുക്കു മഅദനിയുടെ വില മനസ്സിലായുള്ളൂ. പക്ഷേ, വോട്ടര്‍മാര്‍ക്ക് അതത്ര ബോധ്യപ്പെട്ടില്ല. വോട്ടെണ്ണിത്തുടങ്ങിയപ്പോള്‍ ആരംഭിച്ച ദുര്‍ദശയുടെ കയ്പ് കൂടിവരുന്നേയുള്ളൂ. ഇടതും വലതും മാറിമാറി വെള്ള പൂശിയിട്ടും മഅദനിയുടെ കരിനിറം ഒട്ടും കുറഞ്ഞിട്ടില്ല.
ഇപ്പോള്‍ ശുദ്ധസംന്യാസിയുടെ വേഷമാണ്. കേരളം കത്തിക്കാനുള്ള തീയുമായി നടന്ന ആള്‍ ഇപ്പോള്‍ ഒരുറുമ്പിനെപ്പോലും വേദനിപ്പിക്കില്ലെന്നാണ് പറയുന്നത്. സത്യമായ വേഷം ഏതാണെന്ന് ജനത്തിനു പിടികിട്ടിയിട്ടില്ല, അതു മഅദനിക്കുതന്നെ അറിയുമോ എന്നും പിടിയില്ല.

** **

ബസ് കത്തിക്കുന്നത് ഭീകരപ്രവര്‍ത്തനം ആണെന്ന് കോടതി പറഞ്ഞിട്ടുണ്ട്. യാത്രക്കാരെ പുറത്തിറക്കിയാണ് അവര്‍ കൃത്യം നിര്‍വഹിച്ചതെന്നത് സത്യം. ഭീകരതയുടെ അളവല്പം കുറച്ചെന്നുമാത്രം. ഭീകരത ഭീകരത തന്നെ.

ഭീകരതയുടെ നിര്‍വചനം കാലത്തിനും ദേശത്തിനും വ്യക്തികള്‍ക്കുമനുസരിച്ച് മാറുമായിരിക്കാം. ചരിത്രത്തിലെ ആദ്യ ബസ് തീവെപ്പൊന്നുമല്ല കളമശ്ശേരിയിലേത്. വിമോചനസമരം മുതലിങ്ങോട്ട് എത്രയെത്ര സ്റ്റേറ്റ് ബസ്സുകള്‍ അഗ്‌നിക്കിരയാക്കിയിരിക്കുന്നു. കെ.എസ്.ആര്‍.ടി.സി. പോലും അതിന്റെ കണക്ക് സൂക്ഷിച്ചിരിക്കാനിടയില്ല. കേരളത്തിലെ മുഖ്യ പാര്‍ട്ടികള്‍ക്ക് മഅദനിയുടെ പാര്‍ട്ടിയെ വിമര്‍ശിക്കാനും പ്രതിക്കൂട്ടില്‍ കയറ്റാനും എത്രത്തോളം ധാര്‍മികാവകാശമുണ്ടെന്ന് പഴയകാര്യങ്ങള്‍ ഓര്‍ക്കുന്നവര്‍ക്കറിയാം.

നമ്മുടെ ദേശീയ അഹിംസാപാര്‍ട്ടിയുടെ കാര്യമെടുക്കാം. മഹാത്മാഗാന്ധിയുടെ അനുയായികളാണ്. 1977-78 കാലത്ത് ജനതാപാര്‍ട്ടിക്കാര്‍ രണ്ടുതവണയായി 48 മണിക്കൂര്‍ ഇന്ദിരാഗാന്ധിയെ ജയിലിലിട്ടപ്പോള്‍ കത്തിയ ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ക്കും ട്രെയിനുകള്‍ക്കും കെട്ടിടങ്ങള്‍ക്കും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും കൈയും കണക്കുമില്ല,78 ഡിസംബര്‍ 20 നാണ് ഇന്ദിരാജിയെ ലോക്‌സഭയില്‍നിന്നു പുറത്താക്കിയതും രണ്ടാംവട്ടം ജയിലിടച്ചതും. അന്നുരാത്രി തിരുവനന്തപുരം-കന്യാകുമാരി റൂട്ടിലെ തക്കലയില്‍ തമിഴ്‌നാട് ട്രാന്‍. കോര്‍പ്പറേഷന്റെ ബസ് രാത്രി ഒരുസംഘമാളുകള്‍ തീവെച്ചു. വെന്തുമരിച്ചത് എട്ടുപേര്‍. ഡിസംബര്‍ 27-ന്റെ ഒന്നാംപേജ് വാര്‍ത്തയുടെ തലക്കെട്ട് ഇതാ ഇങ്ങനെ-‘മൂന്നുപേര്‍ അറസ്റ്റില്‍: തക്കല ബസ് കത്തിച്ചത് കോണ്‍. ഐ.ക്കാര്‍’.

ബസ്‌കത്തിക്കലൊന്നും അന്നത്തെ നിലവാരമനുസരിച്ച് ഭീകരപ്രവര്‍ത്തനമല്ല. ഇന്ദിരാഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ വേറൊന്നുകൂടിചെയ്തു. കൊല്‍ക്കത്ത-ഡല്‍ഹി റൂട്ടില്‍ പറക്കുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടുപോയി വാരാണസിയിലിറക്കി. അക്കാലത്ത് മൊബൈല്‍ ഫോണൊന്നും ഇല്ലാതിരുന്നതുകൊണ്ട് ഏതെല്ലാം നേതാക്കള്‍ക്കാണ് ഇതില്‍ പങ്കെന്ന് കണ്ടുപിടിക്കാന്‍ പോലീസിനു കഴിഞ്ഞുകാണില്ല. വിമാനം തട്ടിക്കൊണ്ടുപോകുന്നത് ഭീകരപ്രവര്‍ത്തനമാണോ എന്നുമറിയില്ല. ഒരുകാര്യം സമ്മതിച്ചേതീരൂ. അഹിംസാപാര്‍ട്ടിയായതുകൊണ്ടാവണം അസല്‍ തോക്കല്ല, കളിത്തോക്ക് കാട്ടി പൈലറ്റിനെ ഭീഷണിപ്പെടുത്തി വിമാനം തട്ടിയത്.

1970 ജനവരി 21ന് കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്ത് ചാവശ്ശേരിയില്‍ രാത്രി ബസ് കത്തി ഒരാള്‍ അവിടെത്തന്നെ മരിച്ചുവീണു. ഡസന്‍കണക്കിനാളുകള്‍ ജീവച്ഛവങ്ങളായി. ചിലര്‍ പിന്നീട് മരിച്ചു. ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികളുടെ സമരം അച്യുതമേനോന്‍ സര്‍ക്കാറിനെതിരായ രാഷ്ട്രീയ സമരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ തെരുവിലിറങ്ങിയ സഖാക്കള്‍ കാട്ടിക്കൂട്ടിയ പല വിക്രസ്സുകളില്‍ ഒന്നായിരുന്നു ആ കത്തിക്കല്‍.

മറ്റേ ആര്‍ഷഭാരത സാംസ്‌കാരിക പാര്‍ട്ടിക്ക് കത്തിക്കാന്‍ ബസ് വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ഗുജറാത്തിലും പുറത്തും എണ്ണമറ്റ നഗരങ്ങളില്‍ അവര്‍ പച്ചമനുഷ്യരെത്തന്നെയാണ് കത്തിച്ചിരുന്നത്.

ഭീകരപ്രവര്‍ത്തനമെന്നത് നമ്മുടെ നാട്ടില്‍ പുതിയ ഏര്‍പ്പാടാണ്. ചെയ്യുന്ന ആളിനും നാളിനും കാലത്തിനും ദേശത്തിനും വിശ്വാസത്തിനുമെല്ലാമനുസരിച്ച് അതിന്റെ നിര്‍വചനം മാറിക്കൊണ്ടിരിക്കും.

** **

കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ ബന്ധു ഭീകരവാദിയും ലഷ്‌കര്‍-ഇ-തൊയ്ബ പ്രവര്‍ത്തകനുമൊക്കെയാണെന്ന് സി.പി.എം. മുഖപത്രത്തില്‍ വെണ്ടക്ക വാര്‍ത്തയാണ്. ബന്ധുത്വം എന്ത് എന്ന് ആ വാര്‍ത്തയില്‍ത്തന്നെയുണ്ട്. സഹോദരിയുടെ മകളുടെ ഭര്‍ത്താവിന്റെ അനുജന്‍. റോഡില്‍ കണ്ടാല്‍ അഹമ്മദിന് ആളെ തിരിച്ചറിയാനാകുമോ എന്നറിയില്ല. മഹാത്മാഗാന്ധിക്ക് സ്വന്തം പുത്രന്‍ മദ്യപനും ശത്രുവുമാകുന്നത് തടയാന്‍ കഴിഞ്ഞിട്ടില്ല. പിന്നെയല്ലേ അഹമ്മദിന് സഹോദരിയുടെ മകളുടെ ഭര്‍ത്താവിന്റെ അനുജനെ നന്നാക്കാനാകുന്നു.

ഭീകരതാബന്ധത്തിന്റെ ചുവന്ന പാടുകള്‍ എതിര്‍പാര്‍ട്ടിയുടെ കൊടിയിലുണ്ടെന്ന് തെളിയിക്കാന്‍ ഓരോ പാര്‍ട്ടിയും നടത്തുന്ന ശ്രമത്തിന്റെ ചെറിയ സാമ്പിള്‍ മാത്രമാണിത്. നാലുവോട്ടുകിട്ടാന്‍ ആരെയും പുല്‍കുമായിരുന്നു ഇവരെല്ലാം. ഇപ്പോള്‍ പൂരപ്പറമ്പില്‍ കണ്ട പരിചയം പോലും നടിക്കുന്നില്ല. ഭീകരവാദിയുടെ അയല്‍വാസിയായിപ്പോയവരോ ഒന്നിച്ചൊരു കടയില്‍ ചായകുടിച്ചവരോ ഒരേ ബസ്സില്‍ എന്നോ യാത്ര ചെയ്തവരോ ബാര്‍ബര്‍ഷോപ്പില്‍ മുടി മുറിച്ചവനോ ടാക്‌സിയോടിച്ചവനോ എതിര്‍ പാര്‍ട്ടിക്കാരായി ഉണ്ടോ എന്നുവരെ അന്വേഷിക്കുകയാണ്. ആരായാലും മതി.

Leave a Reply

Your email address will not be published. Required fields are marked *

Go Top