കേന്ദ്ര ആഭ്യന്തരവകുപ്പിലെ ഉപ/സഹ മന്ത്രിമാരുടെ പ്രധാന നേരമ്പോക്ക് സംസ്ഥാനങ്ങളില്‍പോയി കഴിയാവുന്നത്ര ആഭ്യന്തരപ്രശ്‌നമുണ്ടാക്കുക എന്നതാണ്. എല്ലാ സംസ്ഥാനങ്ങളിലും പോയി പ്രശ്‌നമുണ്ടാക്കുന്നത് മോശമായതുകൊണ്ട് അതു ചെയ്യാറില്ല. സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒരു കാരണവശാലും പോയിക്കൂടാത്തതാണ്. പോയാല്‍ത്തന്നെ യാതൊന്നും മിണ്ടിക്കൂടാത്തതുമാണ്. കേന്ദ്രത്തില്‍ പ്രതിപക്ഷത്തിരിക്കുന്ന പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് നല്ല മേച്ചില്‍പ്പുറങ്ങള്‍. അവിടെ പോയാല്‍ മേല്‍കീഴ് നോക്കേണ്ടതില്ല. ക്രമസമാധാനം തകര്‍ന്നു എന്നു തുടങ്ങി ഇവിടെയൊരു ഭരണമുണ്ടോ എന്നുവരെയുള്ള വിലയിരുത്തലുകളും വിമര്‍ശനങ്ങളും ഭീഷണികളും നടത്താം. മറുപടിക്ക് മറുപടിപറയാന്‍ കുറച്ച് പോലീസ് സ്ഥിതിവിവരക്കണക്കുകള്‍ കൈയില്‍ വെക്കുന്നത് നന്നാവും; ഇല്ലെങ്കിലും തകരാറില്ല. അമ്പത്തേഴ് കാലത്തുതന്നെ തുടങ്ങിയിരുന്നു ആഭ്യന്തരത്തെച്ചൊല്ലിയുള്ള ഈ കലഹം. അന്ന് സംഗതി എളുപ്പമായിരുന്നു. കേരളത്തിനുമേല്‍ മാത്രമേ മേല്‍ നോട്ടം ആവശ്യമായിരുന്നുള്ളൂ.
വേറെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും കോണ്‍ഗ്രസ്സിന്റെ തന്നെ ഭരണത്തിലായിരുന്നു. അറുപത്തേഴായപ്പോഴേക്ക് പിടിപ്പതു പണിയായി. കേരളവും തമിഴ്‌നാടും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേറെയും പ്രതിപക്ഷ കൂട്ടുകക്ഷികളുടെ ഭരണത്തിലായി. ആഭ്യന്തരം നോക്കാനൊന്നും അവിടെ ഭരിക്കുന്നവര്‍ക്ക് സമയമുണ്ടായിരുന്നില്ല. കാലുമാറ്റത്തിലായിരുന്നു ശ്രദ്ധ-രാവും പകലും. കോണ്‍ഗ്രസ് ഒഴികെയുള്ള കക്ഷികളെല്ലാം പ്രതിപക്ഷത്തായിരുന്നതുകൊണ്ട് ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല കേന്ദ്രത്തിന്-വീഴാന്‍ സാധ്യതയുള്ളതിനെയെല്ലാം വീഴ്ത്താമായിരുന്നു. പില്‍ക്കാലത്ത് സംഗതികള്‍ അത്ര എളുപ്പമായിരുന്നില്ല. കേന്ദ്രത്തിലെ ഭരണത്തെ പിന്താങ്ങുന്ന കക്ഷി സംസ്ഥാനത്ത് ഭരണം നടത്തുക, ആ കേന്ദ്രഭരണകക്ഷി സംസ്ഥാനത്ത് ഒന്നാം നമ്പര്‍ പ്രതിപക്ഷമാവുക. കുഴഞ്ഞില്ലേ കേസ്. കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഈ ഊരാക്കുടുക്കില്‍നിന്ന് തലയൂരാറുള്ളത് ഒരു വിദ്യ പ്രയോഗിച്ചുകൊണ്ടാണ്. അത്തരം സംസ്ഥാനങ്ങളില്‍ അബദ്ധത്തില്‍പ്പോലും ചെന്നിറങ്ങുകയില്ല. ഇറങ്ങേണ്ടിവന്നാല്‍ത്തന്നെ മാധ്യമക്കാരെ കാണുകയില്ല, കണ്ടാല്‍ത്തന്നെ മുന്‍കരുതലായി ചുണ്ടുകളില്‍ ടേപ്പ് ഒട്ടിച്ചിരിക്കും. സംസ്ഥാനങ്ങളിലേക്ക് പോകുന്നതിനുമുമ്പ് അവിടത്തെ കക്ഷിസ്ഥിതിയെക്കുറിച്ചുള്ള സമഗ്രമായ വിവരം പാര്‍ലമെന്ററികാര്യമന്ത്രിയെയോ പാര്‍ട്ടിസെക്രട്ടറിയെയോ കണ്ട് ശേഖരിച്ച് മനഃപാഠം പഠിക്കാറുമുണ്ട്. അബദ്ധം വല്ലതുംപറഞ്ഞാല്‍ സംസ്ഥാനകക്ഷി പ്രകോപിതരായി കേന്ദ്രസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കും. അതോടെ തീരും എല്ലാ ഇടപാടും. ഈ കേന്ദ്ര-സംസ്ഥാന പോര് ഇത്രയും കാലം കണ്ടുകൊണ്ടിരുന്ന കന്നുകാലിജനം ധരിച്ചിരുന്നത് സംസ്ഥാനങ്ങളിലെ ക്രമസമാധാനത്തിന്റെ മേല്‍നോട്ടം കേന്ദ്രത്തിലെ ആഭ്യന്തര സഹ/ഉപ മന്ത്രിമാരുടെ ചുമതലയാണെന്നാണ്.
ഭരണഘടന വായിച്ചുനോക്കിയിട്ടുള്ളവര്‍ പറയുന്നത് അങ്ങനെയൊന്നും ഗ്രന്ഥത്തിലില്ല, ക്രമസമാധാനം സംസ്ഥാനവിഷയമാണ് എന്നാണ്. ക്രമസമാധാനം അറുവഷളായ സംസ്ഥാനങ്ങളിലെ മന്ത്രിസഭയെ പിരിച്ചുവിടാന്‍ കേന്ദ്രത്തിന് അധികാരമുള്ള കാലത്തോളം ഇതിനെക്കുറിച്ച് തര്‍ക്കിച്ചിട്ടു കാര്യമില്ല – ക്രമസമാധാനത്തില്‍ കേന്ദ്രന്‍ തലയിടും. പിരിച്ചുവിടലൊന്നും നടക്കില്ലെങ്കിലും ഒന്ന് പേടിപ്പിച്ചുവിടാമല്ലോ. കേന്ദ്രന്‍ നേരിട്ട് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രമസമാധാനം കേമമാണെന്നാകും നമ്മുടെ ധാരണ. പലേടത്തും പട്ടാളത്തിനു വഴിനടക്കാന്‍ പറ്റില്ലെന്നതാണ് സത്യം. പക്ഷേ, അതുനോക്കാന്‍ വേറെയാര്‍ക്കും അധികാരമില്ലെന്നത് വലിയ സൗകര്യമാണ്. എന്തായാലും, ബ്രഹ്മാനന്ദറെഡ്ഡിമാരും യോഗേന്ദ്ര മക്വാനമാരും ഓംമേത്തമാരും ചെയ്തുകൊണ്ടിരുന്ന ഭരണഘടനാബാഹ്യ എക്‌സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റിയേ നമ്മുടെ നാട്ടുകാരന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ചെയ്യുന്നുള്ളൂ. വേറെ ദുരുദ്ദേശ്യമൊന്നുമില്ല. മുല്ലപ്പള്ളിക്ക് ഒരു സൗകര്യമുണ്ട്. കൃത്യം ആഭ്യന്തര സഹവകുപ്പുതന്നെ കൈയില്‍ കിട്ടി. ഏറെ കാത്തിരുന്നിട്ടാണ് ഇത്. വകുപ്പുകിട്ടിയാലും പോരല്ലോ, അത് കൈവശമുള്ള കാലത്ത് സംസ്ഥാനത്ത് സി.പി.എം. നേതൃത്വത്തിലുള്ള ഭരണമുണ്ടാകുകയും വേണമല്ലോ. അതും തരമായി. ഉമ്മന്‍ചാണ്ടി ഭരിക്കുമ്പോഴാണ് മുല്ലപ്പള്ളി കേന്ദ്രത്തില്‍ സഹന്‍ ആവുന്നതെങ്കില്‍ മുല്ലപ്പള്ളിയുടെ പേര് പത്രത്തില്‍ വരുന്നത് പാര്‍ലമെന്റില്‍ വല്ല ചോദ്യത്തിനും മറുപടി പറയാന്‍ ചാന്‍സ് കിട്ടിയാല്‍ മാത്രമായിരിക്കും. കേരളത്തില്‍ വരുന്നത് ലോകനാര്‍കാവിലെഉത്സവം കാണാനോ മറ്റോ മാത്രമാകും. ചരിത്രപരമായ ചുമതല നിര്‍വഹിക്കുന്നതിന്റെ ഭാഗമായാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഈയിടെ കേരളത്തില്‍ വന്ന് ഇവിടത്തെ ഗുണ്ടകളുടെ സെന്‍സസ് കണക്കുകള്‍ ശേഖരിച്ചത്. പോള്‍ മുത്തൂറ്റ് എന്ന വാണിജ്യപ്രമുഖനെ ഒരു ഗുണ്ട വെറുതേ കൊലചെയ്തതിന്റെ തുടര്‍പ്രകമ്പനങ്ങള്‍ നടക്കുന്ന സമയമായതുകൊണ്ട് അതിനുപറ്റിയ അവസരവുമായി.
പക്ഷേ, ചെറിയൊരു കല്ലുകടി വന്നുപെട്ടു. ഡല്‍ഹിയിലെ ഒരു മാധ്യമ സിന്‍ഡിക്കേറ്റുകാരന്‍ ആ സമയത്തുതന്നെ കേരളത്തിലെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌നനെ വിളിച്ചുവരുത്തി ഏറ്റവുമധികം ക്രമസമാധാനം നിറഞ്ഞുതുളുമ്പുന്ന സംസ്ഥാനത്തിനുള്ള അവാര്‍ഡ് സമ്മാനിച്ചുകളഞ്ഞു. പഞ്ചായത്തുതോറും ഗുണ്ടകള്‍ ക്രമസമാധാനപാലനത്തിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ത്തന്നെ വേണമായിരുന്നോ ഇതെന്ന ചോദ്യം പ്രസക്തമാണ്. ഡല്‍ഹി മാധ്യമത്തെ കുറ്റപ്പെടുത്താന്‍ പറ്റില്ല. രാജ്യത്തിന്റെ മിക്കവാറും ഭാഗങ്ങളില്‍ സ്തുത്യര്‍ഹമായ രീതിയില്‍ ക്രമസമാധാനപാലനം നടത്തുന്നത് മാവോയിസ്റ്റുകളോ മറ്റേതെങ്കിലും ഇനം തീവ്രവാദികളോ അരാഷ്ട്രീയ അധോലോകക്കാരോ ഒക്കെ ആയതുകൊണ്ട് നല്ല രാഷ്ട്രീയബോധമുള്ള ചെറുകിട ഇടത്തരം ഗുണ്ടകള്‍ അക്രമപാലനം നടത്തുന്ന സംസ്ഥാനത്തിനു വേണമല്ലോ അവാര്‍ഡ് നല്‍കാന്‍. അവാര്‍ഡ് ദാതാക്കളില്‍ വലിയ രാഷ്ട്രീയബോധത്തിന്റെ ലക്ഷണമൊന്നും കാണുകയില്ല. യു.ഡി.എഫ്. ഭരിക്കുന്ന കാലത്തും കൊടുത്തിട്ടുണ്ട് ചിലര്‍ ഇത്തരം അവാര്‍ഡ്. അതു പറഞ്ഞുനടക്കാന്‍ പക്ഷേ, യു.ഡി.എഫിന് മടിയാണ്. ക്രമസമാധാനം ഇപ്പോഴും യു.ഡി.എഫ്. കാലത്തെ അത്ര ഭദ്രമെന്ന് സമ്മതിക്കലായിപ്പോകില്ലേ അത്? പറ്റില്ല. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനം കേരളമാണെന്ന് 2002-ല്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കിയതായി അന്നു വാര്‍ത്തയുണ്ടായിരുന്നു. പോലീസ് ഡയറക്ടര്‍ ജനറല്‍മാരുടെ അഖിലേന്ത്യാ യോഗത്തില്‍ അവതരിപ്പിച്ചതായിരുന്നു റിപ്പോര്‍ട്ട്. കൊലപാതകം, ബലാത്സംഗം, കവര്‍ച്ച, കൊള്ള തുടങ്ങിയവയിലൊന്നും ദേശീയനിലവാരം കൈവരിക്കാന്‍ കേരളത്തിനു കഴിഞ്ഞില്ല എന്ന് ആ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ജനസംഖ്യ നോക്കുമ്പോള്‍ കുറ്റകൃത്യനിരക്ക് കൊല്ലത്തില്‍ 1.6 ലക്ഷമെങ്കിലും വേണം, പക്ഷേ, ഇവിടെ 1.1 ലക്ഷമേ ഉള്ളൂ. കിണഞ്ഞ് ശ്രമിച്ചിട്ടും എന്തേ ലക്ഷ്യം നേടാനാവാത്തത് എന്നു വ്യക്തമല്ല. യു.ഡി.എഫ്. വിചാരിച്ചാലും എല്‍.ഡി.എഫ്. വിചാരിച്ചാലും ഒരു പരിധിക്കപ്പുറം ക്രമസമാധാനം തകര്‍ക്കാന്‍ പറ്റുന്നില്ലെന്നതുമാത്രമാണ് ആകപ്പാടെ മനസ്സിലാക്കാന്‍ കഴിയുന്നത്. കേന്ദ്ര ആഭ്യന്തര സഹനും സംസ്ഥാന ആഭ്യന്തരനും തമ്മിലുള്ള ശീതയുദ്ധം അടുത്ത രണ്ടുവര്‍ഷം കൂടി കണ്ടുകൊണ്ടിരിക്കാം. സൗജന്യമാണ് ഷോ. മുല്ലപ്പള്ളിയുടെയും കോടിയേരിയുടെയും നാട്ടില്‍ കടുത്ത അഹിംസാവാദികള്‍ക്കാണ് മുന്‍കൈ. വെട്ടിക്കൊലയില്‍ കുറഞ്ഞതൊന്നും ചെയ്യില്ല. പക്ഷേ, ഇവര്‍ രണ്ടുപേരും ശാന്തജീവികളാണ്. അതുകൊണ്ട് കടുത്ത തട്ടുപൊളിപ്പന്‍ സ്റ്റണ്ടുകളൊന്നും പ്രതീക്ഷിക്കേണ്ട.
ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌നന് ഗൗരവമുള്ള ഒരു പരാതിയുണ്ട്. പോലീസ് ചെയ്യുന്ന നല്ല കാര്യങ്ങള്‍ വാര്‍ത്തയാകുന്നില്ല, ചര്‍ച്ചയാകുന്നില്ല. തെളിയിക്കാത്ത കേസുകളെക്കുറിച്ചേ ആളുകള്‍ക്ക് പറയാനുള്ളൂ. അതിനെക്കുറിച്ചേ വാര്‍ത്താപരമ്പരകള്‍ രചിക്കപ്പെടുന്നുള്ളൂ. തെളിഞ്ഞ കേസിനെക്കുറിച്ച് മിണ്ടാട്ടമില്ല. വിനയംകൊണ്ട് പറഞ്ഞില്ലെന്നേ ഉള്ളൂ. പ്രതിപക്ഷത്തായിരുന്നപ്പോള്‍ അദ്ദേഹം ഇങ്ങനെയായിരുന്നില്ല. ക്രമസമാധാനം തകര്‍ന്നെന്നു തോന്നിയാലും അങ്ങനെ അടക്കിപ്പറയില്ല. തെളിയാത്ത കേസുകള്‍ തെളിയിക്കണം എന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയാല്‍ പിറ്റേന്ന്, തെളിയിച്ച കേസുകള്‍ എണ്ണിപ്പറഞ്ഞ് പോലീസ് ഐ.ജി.ഓഫീസിലേക്ക് അനുമോദനമാര്‍ച്ച് നടത്തുമായിരുന്നു.
നാളെ ആഭ്യന്തരമന്ത്രി ആകേണ്ടിവരുമല്ലോ എന്നോര്‍ത്തുകൂടിയാണ് അതു ചെയ്തത്. പത്രക്കാര്‍ക്ക് പിന്നെ അങ്ങനെയൊരു മുന്‍പിന്‍ വിചാരം വേണ്ടല്ലോ. തെളിയാത്ത കേസുകള്‍ പറയുന്നതിനൊപ്പം തെളിഞ്ഞ കേസുകള്‍ കൂടി പരാമര്‍ശിക്കണമെന്ന തത്ത്വം മറ്റു കാര്യങ്ങളിലും ബാധകമാക്കാന്‍ മാധ്യമക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആയിരം തീവണ്ടി ഓടുമ്പോള്‍ ഒന്നാണ് അപകടത്തില്‍പ്പെട്ട് ആളുകള്‍ മരിക്കുന്നത്. അതു വലിയ വാര്‍ത്തയാക്കും. അപകടം സംഭവിക്കാത്ത മറ്റു 999 വണ്ടികളെപ്പറ്റി മിണ്ടില്ല. ഇതാണോ പത്രധര്‍മം. അതില്‍ സഞ്ചരിച്ച പതിനായിരക്കണക്കിനാളുകളുടെ പട്ടിക പത്രത്തില്‍ കൊടുക്കുകയുമില്ല. എല്ലാ വണ്ടികളും വൈകിയോടുമ്പോള്‍ കൃത്യസമയത്തോടിയ ഒന്ന് വാര്‍ത്തയാകുംപോലെ, ഒരു കേസും തെളിയാത്ത കാലം വന്നാല്‍ തെളിയുന്ന ഒരു കേസ് മുഖ്യവാര്‍ത്തയാകുമായിരിക്കും. കാത്തിരിക്കാം.