ചേട്ടന്‍ ബാവ അനിയന്‍ ബാവ

ഇന്ദ്രൻ

കേരളമൊന്ന്‌ വികസിച്ചോട്ടെ എന്ന്‌ വിചാരിച്ച്‌ വല്ലതും ചെയ്യാന്‍ പുറപ്പെട്ടാല്‍ അപ്പോള്‍ തുടങ്ങും വിമര്‍ശനവും അഴിമതിയാരോപണവുമൊക്കെ. ആര്‍ക്കാണ്‌ മനസ്സ്‌ മടുക്കാതിരിക്കുക. ഏറ്റവും ഒടുവിലിതാ, കുറച്ച്‌ കടലിനെ വികസിപ്പിച്ച്‌ കരയാക്കിക്കളയാമെന്ന്‌ ആലോചിക്കാന്‍ തുടങ്ങും മുമ്പ്‌ വികസനവിരുദ്ധന്മാര്‍ ചാടിപ്പുറപ്പെട്ടിരിക്കുന്നു. ഈ തോതില്‍ പോയാല്‍ കേരളമുണ്ടാക്കിയ പരശുരാമന്‍ വിചാരിച്ചാലും കേരളത്തെ രക്ഷിക്കാനാവില്ല.

കടല്‍ നികത്തിയതിന്‌ ആരെയെങ്കിലും ശിക്ഷിക്കുന്നുണ്ടെങ്കില്‍ പരശുരാമനെ വേണം ആദ്യം ശിക്ഷിക്കാന്‍. മുപ്പത്തെട്ടായിരം ചതുരശ്ര കിലോമീറ്റര്‍ കടല്‍ നികത്തിയാണ്‌ പരിസ്ഥിതിവിരുദ്ധ റിയല്‍ എസ്റ്റേറ്റ്‌ ലോബിക്കാരനായ ആ കക്ഷി കേരളം സൃഷ്‌ടിച്ചത്‌. പരിസ്ഥിതി ലംഘനത്തിനുള്ള ലോകചരിത്രത്തിലെ ആദ്യകേസ്‌ പുള്ളിക്കാരന്റെ പേരിലാണ്‌ എടുക്കേണ്ടിയിരുന്നതെന്ന അഭിപ്രായം വ്യവസായ മന്ത്രി എളമരം കരീമിനുണ്ട്‌. മഴുവെറിഞ്ഞപ്പോള്‍ കടല്‍ ഇറങ്ങിപ്പോയി കര ഉയര്‍ന്നുവന്നതാവാനിടയില്ല. തമിഴ്‌നാട്ടില്‍ നിന്നോ മറ്റോ മണ്ണിറക്കി നികത്തിയതാവാനേ തരമുള്ളൂ എന്നാണ്‌ കരീം കരുതുന്നത്‌. അറബിക്കടലിന്റെ ആവാസ വ്യവസ്ഥയ്‌ക്ക്‌ അതുണ്ടാക്കിയ ദ്രോഹം ചില്ലറയൊന്നുമാവില്ല. ആ വിഷയത്തില്‍ രു നടപടിക്കും സന്നദ്ധരല്ലാത്ത ആളുകളാണ്‌ വെറും അയ്യായിരം ഹെക്ടര്‍ കടല്‍ തിരുവനന്തപുരത്ത്‌ നികത്തുന്നതിനെക്കുറിച്ച്‌ ആലോചിക്കുക മാത്രം ചെയ്‌ത സര്‍ക്കാര്‍ ഏജന്‍സിയെ പ്രതിക്കൂട്ടിലാക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്‌. പടച്ചോന്‍ പൊറുക്കില്ല കേട്ടോ. ആകപ്പാടെ ഒരു സമാധാനമേ ഉള്ളൂ. ഇക്കാര്യത്തില്‍ അണുവിട അഭിപ്രായവ്യത്യാസം യു.ഡി.എഫിനില്ല. മുന്‍ സര്‍ക്കാറിലെ എളമരം കരീമായിരുന്ന കുഞ്ഞാലിക്കുട്ടിക്ക്‌ ഒട്ടുമില്ല ഭിന്നത. കോഴിക്കോട്ടൊരു വികസനസെമിനാറില്‍ എളമരം കരീമും കുഞ്ഞാലിക്കുട്ടിയും കണ്ടുമുട്ടിയപ്പോള്‍ അന്ന്‌ കുഞ്ഞാലിക്കുട്ടിയനുഭവിക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചോര്‍ത്ത്‌ എളമരം കരീമും ഇന്ന്‌ എളമരം കരീം നേരിടുന്ന കഷ്‌ടപ്പാടിനെക്കുറിച്ചോര്‍ത്ത്‌ കുഞ്ഞാലിക്കുട്ടിയും കണ്ണീര്‍വാര്‍ക്കുന്നതിന്റെ വക്കുവരെയെത്തി. കേരളത്തെ വികസിപ്പിക്കാന്‍വേണ്ടി അനുഭവിക്കുന്ന ത്യാഗങ്ങള്‍ അന്യോന്യം പങ്കുവെച്ച്‌ അവര്‍ നെടുവീര്‍പ്പിട്ടു. പരശുരാമന്‌ പാറ്റന്റ്‌ കൊടുക്കേണ്ട ആശയമാണ്‌ കടല്‍നികത്തുകയെന്നത്‌. ഭൂഗോളത്തിലേറെയും കടലാണെന്ന്‌ കണ്ടാവും അന്ന്‌ അതുചെയ്‌തത്‌. ആ മാതൃകയില്‍ അയ്യായിരം ഹെക്ടര്‍ കൂടി നികത്തി ഫ്‌ളാറ്റോ ഷോപ്പിങ്‌ കോംപ്ലകേ്‌സാ നിര്‍മിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? നികത്താന്‍ തീരുമാനിച്ചിട്ടൊന്നുമില്ല. നികത്തുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നതിനുള്ള എം.ഒ.യു. ഒ’പ്പുവെക്കുന്നതിനുള്ള സാധ്യതാപഠനം നടത്തുന്നതിനുള്ള കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പുവെക്കുന്നതിനുമുമ്പായുള്ള വിദഗ്‌ധപഠനത്തിന്റെ റിപ്പോര്‍ട്ട്‌ വന്നിട്ടേയുള്ളൂ. അപ്പോഴേക്കും വിവാദവ്യവസായത്തിന്റെ പുതിയ യൂണിറ്റിന്‌ തറക്കല്ലിട്ടു. എങ്ങനെ നന്നാകും ഈ സംസ്ഥാനം എന്നാണ്‌ കരീം ചോദിച്ചതും അതുകേട്ട്‌ കുഞ്ഞാലിക്കുട്ടി തലകുലുക്കിയതും. കടലില്‍ നിന്ന്‌ മണലെടുത്ത്‌ കേരളത്തിലെ മണല്‍ക്ഷാമം പരിഹരിക്കാന്‍ പദ്ധതിയിട്ടിരുന്നു കുഞ്ഞാലിക്കുട്ടി. ആരുടെയോ കരിമണല്‍ ക്ഷാമമാണ്‌ പരിഹരിക്കാന്‍ പോകുന്നതെന്ന്‌ പറഞ്ഞാണ്‌ ചിലര്‍ അന്ന്‌ പദ്ധതിക്ക്‌ പാര പണിതത്‌. എല്‍.ഡി.എഫുകാരല്ല, യു.ഡി.എഫുകാര്‍തന്നെ. വേറെയൊരു പദ്ധതിയിട്ടപ്പോള്‍ വെള്ളം കട്ടുവില്‍ക്കുന്ന കള്ളന്മാരെന്ന്‌ മുറവിളികൂട്ടി ദുഷ്‌ടന്മാര്‍ അതും മുടക്കി. അനേകായിരം കോടിയുടെ സ്വപ്‌നസദൃശ പദ്ധതികള്‍ സ്വപ്‌നമായിത്തന്നെ നിലനിര്‍ത്തിയതിലുള്ള സന്തോഷം കൊണ്ടാവണം, ഇത്തവണ നിയമസഭയില്‍ പോയി കഷ്‌ടപ്പെടാതെ വീട്ടില്‍ വിശ്രമിച്ചേതീരൂ എന്ന്‌ കേരളീയര്‍ കുഞ്ഞാലിക്കുട്ടിയെ നിര്‍ബന്ധിച്ചത്‌. അദ്ദേഹത്തിന്‌ അതില്‍ പരിഭവമൊട്ടുമില്ല. അതുകൊണ്ട്‌ സ്വഭാവമൊക്കെ എത്ര നന്നായെന്നോ. ഒരു കാര്യത്തിലദ്ദേഹത്തിന്‌ ആശ്വാസമുണ്ട്‌. താനും യു.ഡി.എഫും അധികാരത്തില്‍ നിന്നിറങ്ങിയാല്‍ സ്വപ്‌നപദ്ധതികളെല്ലാം ചുകപ്പന്‍ മാര്‍ക്‌സിസ്റ്റ്‌ മന്ത്രിമാര്‍ ആറടി മണ്ണില്‍ കുഴിച്ചുമൂടുമെന്ന്‌ അദ്ദേഹം ഭയന്നിരുന്നു. ഇപ്പോള്‍ ആ ഭയമില്ല. പദ്ധതികള്‍ ഒന്നൊന്നായി ഇടതുപക്ഷ വ്യവസായവകുപ്പ്‌ ഏറ്റെടുക്കുന്നുണ്ട്‌. ഈ കടല്‍ നികത്തല്‍ പരിപാടി തന്നെ നോക്കൂ. യു.ഡി.എഫ്‌. ഭരണകാലത്ത്‌ കൊട്ടിഗ്‌ഘോഷിച്ച ജിം പദ്ധതിയിലൊന്നായിരുന്നു അത്‌. പാവങ്ങളുടെ കുഞ്ഞാലിക്കുട്ടിയാണ്‌ എളമരം കരീം എന്ന്‌ ചില ആളുകള്‍ പറയുന്നത്‌ നല്ല അര്‍ഥത്തില്‍ തന്നെയാണ്‌ കേട്ടോ. മൂലധന നിക്ഷേപകരുടെ ചെറിയ ഒരാവശ്യം നിറവേറ്റാന്‍ മന്ത്രി കരീം ശ്രമിക്കുന്നുണ്ട്‌. മന്ത്രിസഭ ഇടയ്‌ക്കിടെ മാറുന്നതിലൊന്നും മൂലധന ഉടമകള്‍ക്ക്‌ ഒരു വിഷമവുമില്ല. നല്ല രസമല്ലേ, വേണമെങ്കില്‍ കൊല്ലംതോറും മന്ത്രിസഭ മാറ്റിക്കളിക്കട്ടെ. പക്ഷേ, മന്ത്രിസഭയ്‌ക്കൊപ്പം നയം മാറരുത്‌. നയം മാറ്റുന്നില്ലെങ്കില്‍ പിന്നെയെന്തിനാണ്‌ മന്ത്രിസഭയെ മാറ്റുന്നതെന്ന്‌ ജനം ചോദിച്ചുകൂടായ്‌കയില്ല. അത്‌ അവരുടെ പ്രശ്‌നം. മുന്നണി മാറുന്നതിനൊത്ത്‌ നയം മാറുന്നതെന്തിന്‌ എന്നാണ്‌ കരീം ചോദിക്കുന്നത്‌. ബൂര്‍ഷ്വാപാര്‍ട്ടികള്‍ക്ക്‌ ഇക്കാര്യത്തില്‍ഒരു ഗുണമുണ്ട്‌. ഏത്‌ പാര്‍ട്ടി വന്നാലും നയം മാറില്ല. കുത്തകകളുടെ കാലുതിരുമ്മുകയാണല്ലോ അവരുടെ മുഖ്യ ഉപജീവനനയം. തൊഴിലാളി വര്‍ഗപാര്‍ട്ടിക്ക്‌ അങ്ങനെ പറ്റില്ലെന്നതൊക്കെ പഴയ സങ്കല്‌പം. ഇക്കാലത്ത്‌ അതും പറഞ്ഞിരുന്നാല്‍ പറ്റില്ല. നമ്മളും നയം മാറ്റരുത്‌. ആദ്യം മുതലാളിത്തം തഴച്ചുവളരട്ടെ. പിണ്ണാക്കും വെള്ളവും കൊടുക്കണം. അവറ്റ കൊഴുത്തുവന്നിട്ടുവേണം പിടിച്ചുകെട്ടി സോഷ്യലിസം സ്ഥാപിക്കാന്‍. വ്യവസായമന്ത്രിസ്ഥാനത്തിരുന്ന്‌ പറയുന്നത്‌ പ്രതിപക്ഷത്ത്‌ എത്തിയാലും പറയുമോ എന്നൊരു ക്രൂരചോദ്യം പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി കരീമിനോട്‌ ചോദിച്ചതായി വ്യവസായ സെമിനാറില്‍ കരീം തന്നെ വെളിപ്പെടുത്തി. ഇതാണ്‌ രാഷ്ട്രീയപ്രേരിത ചോദ്യം എന്നുപറയുന്നത്‌. പ്രതിപക്ഷത്തും ഭരണപക്ഷത്തും ഇരുന്ന്‌ ഒരേകാര്യം പറയാന്‍ കരീമിന്‌ പ്രയാസമില്ല, പാര്‍ട്ടിയതുതന്നെ പറയുമോ എന്ന്‌ കരീമിനും ഉറപ്പില്ല. അതുറപ്പിക്കാന്‍ ഒരുവഴിയേ ഉള്ളൂ. പാര്‍ട്ടിയെ എല്ലായ്‌പ്പോഴും ഭരണകക്ഷിയായി നിലനിര്‍ത്തുക. എന്തുകൊണ്ടുപാടില്ല? നയം മാറ്റിയെന്ന പരാതി പിന്നെയുണ്ടാവില്ലല്ലോ. യു.ഡി.എഫിന്റെ ജിം പദ്ധതികളെ ഒന്നൊന്നായി പാര്‍ട്ടി ചീന്തിയെറിഞ്ഞിട്ടുമുണ്ട്‌, ചിലതിന്‌ ക്രമേണ ജീവന്‍വെപ്പിച്ചിട്ടുമുണ്ട്‌. നാളെ പ്രതിപക്ഷത്തായാല്‍ എന്തുചെയ്യണമെന്ന്‌ ഇപ്പോള്‍ തീരുമാനിക്കാനാവില്ല. ഇതെല്ലാം യു.ഡി.എഫിനും ബാധകമാണ്‌. ഒരുകാര്യത്തില്‍ പക്ഷേ, സി.പി.എമ്മിനാണ്‌ ഉറച്ച നയമുള്ളത്‌. ഹര്‍ത്താല്‍, ബന്ദ്‌ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്‌ചയില്ല. ഭരണത്തിലായാലും പുറത്തായാലും ഹര്‍ത്താല്‍ വിട്ടൊരു വികസനത്തിനും സി.പി.എമ്മില്ല. യു.ഡി.എഫുകാര്‍ ഭരിക്കുമ്പോള്‍ കടുത്ത ഹര്‍ത്താല്‍ വിരുദ്ധരാണ്‌. പ്രതിപക്ഷത്തെത്തിയാല്‍ തക്കാളിപ്പനി, ചിക്കുന്‍ഗുനിയ, വെള്ളപ്പൊക്കം, പേമാരി എന്നിവയ്‌ക്കെതിരെപോലും ഹര്‍ത്താല്‍ നടത്തും. യു.ഡി.എഫിന്റെ എക്‌സ്‌പ്രസ്‌ ഹൈവേ പദ്ധതിയെ പ്രതിപക്ഷത്തിരുന്ന കാലത്ത്‌ എങ്ങനെയാണ്‌ എതിര്‍ത്തുകൊന്നതെന്ന്‌ കരീമിന്‌ നല്ല ഓര്‍മയുണ്ട്‌. ഹൈവേ വന്നാല്‍ അതിനപ്പുറത്തെ പറമ്പില്‍ പശുവിനെ കെട്ടാന്‍ കഴിയാതാവും എന്നുപോലും പറഞ്ഞാണ്‌ അതിനെ എതിര്‍ത്തതെന്ന്‌ കരീം ഓര്‍ക്കുന്നു. കേരളത്തെ രണ്ടായി പിളര്‍ക്കുന്ന വന്‍മതിലാകും ഹൈവേ എന്ന്‌ വേറെ ചിലര്‍ ആക്രോശിച്ചു. ഹൈവേ പോയ വഴിയില്‍ പുല്ലുമുളച്ചില്ല. പ്രതിപക്ഷത്തിരുന്ന്‌ പറഞ്ഞത്‌ ഭരിക്കുമ്പോഴും പറയുന്നത്‌ അത്ര നല്ല കാര്യമൊന്നുമല്ല. എക്‌സ്‌പ്രസ്‌ ഹൈവേ വേണം. പേരിന്റെ കാര്യത്തില്‍ ഒരു വാശിയുമില്ല. ആര്‍ക്കുണ്ട്‌ അഭിപ്രായവ്യത്യാസം ?**** മാധ്യമ പ്രവര്‍ത്തനത്തിന്റെ മര്യാദകളെല്ലാം ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്ക്‌ മാത്രമാണ്‌ ബാധകം. സത്യം എഴുതുക, വസ്‌തുനിഷ്‌ഠമാവുക, സ്വതന്ത്രനിലപാടെടുക്കുക, നിഷ്‌പക്ഷത പുലര്‍ത്തുക തുടങ്ങിയതെല്ലാം ബൂര്‍ഷ്വാ മാധ്യമ മൂല്യങ്ങളാണ്‌. പാര്‍ട്ടിപത്രങ്ങള്‍ക്ക്‌ അതൊന്നും വേണ്ട. പാര്‍ട്ടിക്കുവേണ്ടിയാണെങ്കില്‍ എന്ത്‌ പച്ചക്കള്ളവും എഴുതാം. ആരെയും എങ്ങനെയും അപമാനിക്കാം. എഴുതിയതൊന്നും സത്യമല്ലല്ലോ എന്ന്‌ ചൂണ്ടിക്കാട്ടിയാല്‍ വായനക്കാര്‍തന്നെ പറയും- ” അതുപിന്നെ പാര്‍ട്ടിപ്പത്രമല്ലിയോ, അങ്ങനെയല്ലാതെ എഴുതുമോ….. ശരിയാണ്‌. മാന്യര്‍ക്കെതിരെയേ അപഖ്യാതി പറയാനാവൂ. മറ്റേ കൂട്ടര്‍ക്ക്‌ എവിടെയും ചെന്നുകിടക്കാം. എഴുത്തുകൊണ്ടുമാത്രം വലിയ കാര്യമൊന്നുമില്ല. പുതിയ വഴികള്‍ തേടണം. എതിര്‍ പത്രങ്ങളില്‍ വരുന്നതിന്‌ മറുപടി എഴുതുകയും അവരുടെ കള്ളത്തരങ്ങള്‍ തുറന്നുകാട്ടുകയുമായിരുന്നു പഴയ രീതി. പഴഞ്ചന്‍രീതി. ഇപ്പോള്‍ അതുമാറുകയാണ്‌. രാവിലെ പത്രങ്ങള്‍ വായിച്ച ഉടനെ, പാര്‍ട്ടി സെക്രട്ടറിയെക്കുറിച്ചോ മന്ത്രിമാരെക്കുറിച്ചോ എഴുതിയവരുടെ നമ്പറുകള്‍ തപ്പിയെടുക്കുക. ഓരോരുത്തര്‍ക്കുമുള്ള വഹ ഫോണില്‍ കൊടുക്കുക. മുഖ്യമന്ത്രിയെക്കുറിച്ച്‌ എഴുതിക്കോട്ടെ സാരമില്ല. അതുപോലെയാണോ പിണറായി വിജയനെക്കുറിച്ചെഴുതുന്നത്‌? മന്ത്രി തോമസ്‌ ഐസക്കിനെക്കുറിച്ച്‌ എഴുതുന്നത്‌? കാലൊടിക്കും, തലവെട്ടും, മീശ വടിക്കും തുടങ്ങിയ ഭീഷണികളാണ്‌ പത്രത്തില്‍ നിന്ന്‌ പുറപ്പെടുന്നത്‌. ഇതൊരു ആദ്യപടി മാത്രമാവും. അടുത്ത ഘട്ടത്തില്‍ കാലൊടിക്കാനും തലവെട്ടാനും മീശ വടിക്കാനും പത്രാധിപന്മാര്‍ നേരിട്ട്‌ ഇറങ്ങിപ്പുറപ്പെട്ടുകൂടായ്‌കയില്ല. ഇതിനായി പുതിയ തസ്‌തിക പത്രത്തില്‍ സൃഷ്‌ടിക്കുന്നതാണ്‌ – അസോസി യേറ്റ്‌ എഡിറ്റര്‍ (ക്വട്ടേഷന്‍).

*****

ഗാന്ധിയന്‍ അഹിംസാപാര്‍ട്ടിയുടെ മുഖപത്രത്തിന്‌ ഇത്രത്തോളം പോകാന്‍ ഈ ജന്മത്ത്‌ ശേഷിയുണ്ടാവില്ല. കഷ്‌ടിച്ച്‌ നിന്നുപിഴയ്‌ക്കുന്നുവെന്നേ ഉള്ളൂ. എല്ലാവരും തേങ്ങയുടയ്‌ക്കുമ്പോള്‍ ഒരു ചിരട്ടയെങ്കിലും രാജ്യത്തിന്റെ ഭരണകക്ഷി ഉടയ്‌ക്കണമല്ലോ. പാര്‍ട്ടി മെമ്പര്‍മാര്‍ക്കിടയില്‍ എഴുത്ത്‌, വായന തുടങ്ങിയ ദുഃസ്വഭാവങ്ങളുള്ളവര്‍ കുറവായതുകൊണ്ട്‌ പത്രമില്ലെങ്കിലും വലിയ ദോഷമില്ല. എന്തെഴുതിയാലും ആരും മൈന്‍ഡ്‌ ചെയ്യാറുമില്ല. ജീവിച്ചിരിക്കുന്നുണ്ടെന്ന്‌ അറിയിക്കാനെങ്കിലും വല്ലതും ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണ്‌ കഴിഞ്ഞ ദിവസമൊരു വെടി പൊട്ടിച്ചത്‌. പാര്‍ട്ടി സസ്‌പെന്‍ഡ്‌ചെയ്‌ത ആളെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമോ എന്ന്‌ പാര്‍ട്ടി തീരുമാനിക്കുംമുമ്പ്‌ വേണ്ട എന്ന്‌ പാര്‍ട്ടിപത്രം തീരുമാനമെടുത്തു. ആ ആള്‍ക്കെതിരെ സാമാന്യം അമാന്യമായി ആഞ്ഞടിക്കുകയും ചെയ്‌തു. എന്നെയൊന്ന്‌ പാര്‍ട്ടിയിലെടുക്കൂ എന്ന്‌ കരഞ്ഞുനടക്കുന്ന ആളെക്കൊണ്ട്‌, ഞാന്‍ വരുന്നില്ലേ എന്ന്‌ പറയിക്കുകയാവും ഉദ്ദേശ്യം. അതിന്‌ ആളെ വേറെ നോക്കണം. മാലിന്യം, ശവം, വിഷം, അമേധ്യം, പട്ടി തുടങ്ങിയ വിശിഷ്‌ടപദങ്ങള്‍ സമൃദ്ധമായി ഉപയോഗിച്ചിട്ടുണ്ട്‌. പാര്‍ട്ടിയില്‍ വന്നാല്‍ കിട്ടുന്നതിന്റെ ഒരു സാമ്പിള്‍ മാത്രം. മരിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ മൃതദേഹത്തിന്‌ മുന്നില്‍ വെച്ച്‌ കാട്ടിക്കൂട്ടിയ കാടത്തവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇതെത്ര മാന്യം എന്ന്‌ സമാധാനിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Go Top