തെറ്റില്ല, തിരുത്തുണ്ട്‌

ഇന്ദ്രൻ

ബോധപൂര്‍വം തെറ്റുചെയ്യുന്ന പാര്‍ട്ടിയല്ല സി.പി.എം. എന്നാലും മനുഷ്യരല്ലേ, ഉറക്കത്തിലോ മറ്റോ വല്ലതും ചെയ്‌തുപോയോ എന്നറിയില്ലല്ലോ. മൂന്നുദിവസം സെക്രട്ടേറിയറ്റ്‌ കൂടി അക്കാര്യമാണ്‌ കൂലങ്കഷമായി പരിശോധിച്ചത്‌. സെല്‍ഫ്‌ ഹിപ്‌നോസിസ്‌, ഓട്ടോ
സജഷന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്‌ സ്വയംവിമര്‍ശനവും നടത്തുകയുണ്ടായി. ദരു കാര്യം ഉറപ്പായി. പാര്‍ട്ടി തോറ്റു എന്നതുസത്യം, പക്ഷേ തോറ്റത്‌ പാര്‍ട്ടിയുടെ കുറ്റം കൊണ്ടല്ല.

പാര്‍ട്ടി തോറ്റുഎന്ന്‌ സമ്മതിച്ചതുതന്നെ വലിയ ഓദാര്യമാണ്‌. തോറ്റില്ല എന്നുതെളിയിക്കാന്‍ കണക്കുകള്‍ വേണമെങ്കില്‍ ഉണ്ടാക്കാവുന്നതേയുള്ളൂ. ദന്നുരണ്ടാഴ്‌ച ശ്രമിച്ചിട്ടും ദന്നും കിട്ടാഞ്ഞതുമാകാം. എന്തായാലും കൂടുതല്‍ ജനം മറ്റേ കൂട്ടര്‍ക്കാണ്‌‌ വോട്ട്‌ ചെയ്‌തത്‌ എന്നത്‌ സത്യം. വിവരമില്ലാത്തത്‌്‌ കൊണ്ടോ തെറ്റിദ്ധരിച്ചതുകൊണ്ടോ ആണ്‌ പൊതുവെ അങ്ങനെ ചെയ്യാറുള്ളത്‌. ജനത്തിന്‌ വിവരമില്ല എന്ന്‌ പറയാനാവില്ല. വിവരമുള്ളതുകൊണ്ടാണല്ലോ കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പിലും തകര്‍പ്പന്‍ ജയം ജനം നമുക്ക്‌ നല്‍കിയത്‌. ജനത്തിന്‌ പില്‍ക്കാലത്ത്‌ വിവരം നഷ്ടപ്പെട്ടു എന്നുപറയാനാവില്ല. അപ്പോള്‍ എന്താവും സംഭവിച്ചിരിക്കുക ? ശങ്കിക്കാനൊന്നുമില്ല, ജനത്തെ തെറ്റിദ്ധരിപ്പിച്ചു. അതുചെയ്‌തത്‌ യു.ഡി.എഫുകാരും മാധ്യമങ്ങളും. ചുരുക്കിപ്പറഞ്ഞാല്‍ നമ്മള്‍ തെറ്റുചെയ്‌തിട്ടില്ല, തെറ്റ്‌ ചെയ്‌തതായി ജനം തെറ്റിദ്ധരിച്ചുപോയി. ആ ധാരണ മാറ്റിയാല്‍ സംഗതി ക്ലീനാകും.

ഇനി എന്തെല്ലാമാണ്‌ മേജര്‍ തെറ്റിദ്ധാരണകള്‍ എന്നുനോക്കാം. മിക്കതും ജനത്തിന്റെ തെറ്റിദ്ധാരണകളാണ്‌. അപൂര്‍വമായി പാര്‍ട്ടിനേതൃത്വത്തിന്റെ തെറ്റിദ്ധാരണകളും കാണും. രണ്ടും വേര്‍തിരിച്ച്‌ മനസ്സിലാക്കേണ്ടതാണ്‌.

തെറ്റിദ്ധാരണ നമ്പര്‍ വണ്‍- വര്‍ഗീയതയോ തീവ്രവാദമോ ദന്നുമില്ലാത്തസാധാരണ മതേതര ജനാധിപത്യ പുരോഗമന പാര്‍ട്ടിയാണ്‌ പി.ഡി.പി. എങ്കിലും അത്‌ ഇടതുമുന്നണിയിലെ ഘടകകക്ഷിയൊന്നുമല്ല. പൊന്നാനി വഴി സഞ്ചരിക്കുമ്പോഴാണ്‌ അവിടെ നല്ലൊരു സ്വതന്ത്രന്‍ മത്സരിക്കുന്നുണ്ടെന്നറിഞ്ഞത്‌. സ്വതന്ത്രരെ നമ്മള്‍ പ്രോത്സാഹിപ്പിക്കണമല്ലോ. അതുകൊണ്ട്‌ ടിയാനെ ഇടതുമുന്നണി പിന്താങ്ങി. യാദൃച്ഛികമായി ആ സ്വതന്ത്രനെ പി.ഡി.പി.യും പിന്താങ്ങി. സ്വതന്ത്രന്റെ പ്രചാരണം ഉദ്‌ഘാടനം ചെയ്യാന്‍ ചെന്നപ്പോഴുണ്ട്‌ സാത്വിക നേതാവ്‌ മദനി സ്റ്റേജിലിരിക്കുന്നു. കണ്ടപ്പോഴൊരു ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തു. വി.എസ്സിനെപ്പോലൊരു സഖാവാണ്‌ കയറിവന്നിരുന്നെങ്കില്‍ മൈന്‍ഡ്‌ ചെയ്യാതിരിക്കാം. അന്യന്മാരെക്കണ്ടാല്‍ ലോഗ്യം പറഞ്ഞില്ലെങ്കിലെന്തുവിചാരിക്കും. അതുകൊണ്ടാണ്‌ അഭിവാദ്യം ചെയ്‌തത്‌. തീവ്രവാദികൂട്ടുകെട്ടായി ഇത്‌ മാധ്യമങ്ങളും പാര്‍ട്ടി ശത്രുക്കളും പ്രചരിപ്പിച്ചു. ജനം തെറ്റിദ്ധരിച്ചു.

തെറ്റിദ്ധാരണ നമ്പര്‍ ടു-ക്രിസ്‌ത്യന്‍ ജനവിഭാഗം വിമോചനസമരകാലത്തെന്ന പോലെ തെറ്റിദ്ധരിച്ചു. കാരണം വ്യക്തമല്ല. സ്വാശ്രയകോളേജ്‌ മുതല്‍ നികൃഷ്ടജീവികള്‍ വരെ പ്രശ്‌നമുണ്ടാക്കി. ബേബി സഖാവ്‌ മൂന്നുവര്‍ഷമായി കഠിനമായി പരിശ്രമിച്ചതിന്റെ ഫലമായി പ്രൊഫഷനല്‍ കോളേജ്‌ പ്രശ്‌നം ദരുവഴിക്കും ക്രിസ്‌ത്യന്‍ വോട്ട്‌ മറ്റൊരു വഴിക്കും പോയി. സിന്ധുജോയി ശ്രമിച്ചിട്ടും തെറ്റിദ്ധാരണ മാറിയില്ല. ഇനി ദൈവംതമ്പുരാന്‍തന്നെ കനിയണം.

തെറ്റിദ്ധാരണ നമ്പര്‍ ത്രീ- മൂന്നാം മുന്നണി എന്തോ തമാശക്കളിയാണ്‌ എന്നും കോണ്‍ഗ്രസ്സിന്‌ സീറ്റുകുറഞ്ഞാല്‍ ബി.ജെ.പി.യാണ്‌ ഭരിക്കുക എന്നും ന്യൂനപക്ഷ- മതേതര വിഭാഗങ്ങള്‍ ധരിച്ചുപോയി. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന ന്യായത്തില്‍ അവര്‍ ദന്നടങ്കം കൈപ്പത്തിക്ക്‌ വോട്ട്‌ കുത്തി. കോണ്‍ഗ്രസ്‌ പൊളിഞ്ഞാല്‍ ഇടതുമുന്നണിയാണ്‌ ജയിക്കുക എന്ന്‌ പാര്‍ട്ടിയും ധരിച്ചുപോയിരുന്നു. അതുണ്ടാകാതിരുന്നത്‌ നമ്മുടെ കുറ്റമല്ലല്ലോ.

തെറ്റിദ്ധാരണ നമ്പര്‍ ഫോര്‍- ജനം തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന വിവരം നമ്മെ ആരും ശരിയായി ധരിപ്പിച്ചില്ല. അതുകൊണ്ട്‌ നമ്മളും തെറ്റിദ്ധരിച്ചു. ചില്ലറ പ്രശ്‌നങ്ങളുണ്ടെന്ന തോന്നല്‍ ആദ്യം ഉണ്ടായിരുന്നു. അതുപരിഹരിക്കാനാണ്‌ നവകേരളമാര്‍ച്ച്‌ നടത്തിയത്‌. ന്യൂനപക്ഷക്കാരും സ്‌ത്രീകളും കുട്ടികളും വമ്പിച്ച തോതില്‍ അതില്‍ പങ്കാളികളായി. ഇപ്പോഴാണ്‌ മനസ്സിലാകുന്നത്‌, അവരും നമ്മളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ജാഥയിലുടനീളം ക്യാപ്‌റ്റന്‍ മാധ്യമപ്രതിനിധികളെ വിളിച്ച്‌ ദിവസവും കണക്കിന്‌ കൊടുത്തു. തിരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിച്ചപ്പോള്‍ തെറ്റിദ്ധാരണ മൂര്‍ദ്ധന്യത്തിലായി. ദടുവിലായപ്പോള്‍ സീറ്റ്‌ ഇരുപതല്ലേ ഉള്ളൂ, മുപ്പതുണ്ടായിരുന്നെങ്കില്‍ അതെല്ലാം അടിച്ചെടുക്കാമായിരുന്നല്ലോ എന്നായി സങ്കടം. എന്തെല്ലാം പ്രാന്തന്‍ തെറ്റിദ്ധാരണകള്‍.

തെറ്റിദ്ധാരണ നമ്പര്‍ ഫൈവ്‌-ജനം ആര്‍ക്ക്‌ വോട്ട്‌ ചെയ്‌തു എന്ന്‌ തൃണമൂലതലത്തിലെ സഖാക്കള്‍ക്ക്‌ അറിയുമെന്ന്‌ കരുതി. വെളുക്കെ ചിരിച്ചുകാണിച്ചവരെല്ലാം അരിവാളില്‍ കുത്തിയവരാണെന്ന്‌ ധരിച്ചുപോയി. പാര്‍ട്ടിയുടെ കീഴ്‌ഘടകങ്ങളെക്കൊണ്ട്‌ കണക്കെടുപ്പിച്ചപ്പോഴാണ്‌ ഇരുപതില്‍ ഇരുപതും ജയിക്കുമെന്ന്‌ കണ്ടത്‌. കീഴ്‌ഘടകത്തിലുള്ളവരും കൈപ്പത്തിക്കുകുത്തിയിരിക്കണം. അല്ലാതെ ഇങ്ങനെ വരാന്‍ വഴിയില്ല. ഇക്കാലത്ത്‌ ആരെയും വിശ്വസിച്ചുകൂട.

തെറ്റിദ്ധാരണ നമ്പര്‍ സിക്‌സ്‌- ഇടതുമുന്നണിയില്‍ സര്‍വത്ര അനൈക്യവും കാലുവാരലുമാണെന്നും തമ്മില്‍ ഭേദം മറ്റേ കൂട്ടരാണെന്നും ജനം ധരിച്ചുപോയി. എന്തൊരു തെറ്റിദ്ധാരണ. സി.പി.ഐ, ആര്‍.എസ്‌.പി., ജനതാദള്‍ എന്നീ ഘടകകക്ഷികള്‍ തമ്മില്‍ വമ്പന്‍ ഐക്യമായിരുന്നു. പല മെയ്യാണെങ്കിലും ഒറ്റ മനസ്സായല്ലേ അവര്‍ നമുക്കിട്ട്‌ പണിതത്‌. അതു ജനത്തിന്‌ മനസ്സിലായില്ല.

തെറ്റിദ്ധാരണ നമ്പര്‍ സെവന്‍- ലാവ്‌ലില്‍ ആണ്‌ മുഖ്യപ്രശ്‌നം എന്ന ജനത്തെ മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിച്ചു. എന്നേ ചീറ്റിപ്പോയ വിഷയമാണെന്നത്‌ അവര്‍ മറന്നു. ഇസ്രയേലില്‍ നിന്ന്‌ ആയുധം വാങ്ങിയ വകയില്‍ ഇരുപത്തയ്യായിരും കോടിയോ മറ്റോ കോണ്‍ഗ്രസ്സുകാര്‍ അടിച്ചുമാറ്റിയെന്ന്‌ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിട്ടും ജനം അത്‌ ഗൗനിക്കാതെ നൂറുകോടിയുടെ നക്കാപ്പിച്ച സി.പി.എം ലാവ്‌ലിനില്‍ നിന്ന്‌ വാങ്ങിയെന്ന തെറ്റിദ്ധാരണയില്‍ കടിച്ചുതൂങ്ങി.

തെറ്റിദ്ധാരണ നമ്പര്‍ എയ്‌റ്റ്‌- ജനങ്ങള്‍ക്ക്‌ ലെനിന്റെ സംഘടനാ തത്ത്വങ്ങളെക്കുറിച്ച്‌ ഒരു ചുക്കും അറിയില്ലെന്നും കോണ്‍ഗ്രസ്സിന്റെ ഗ്രൂപ്പിസത്തെ കാണുംപോലെ സി.പി.എം ഗ്രൂപ്പിസത്തെയും നിസ്സംഗതയോടെ അവര്‍ നോക്കിക്കണ്ടുകൊള്ളുമെന്നും തെറ്റിദ്ധരിച്ചുപോയി. ജനം ലെനിന്റെ തത്ത്വമൊക്കെ അരച്ചുകലക്കിക്കുടിച്ചാണ്‌ നടപ്പെന്ന്‌ വോട്ടെണ്ണിയപ്പോഴേ മനസ്സിലാക്കാനായുള്ളൂ.

തെറ്റിദ്ധാരണ നമ്പര്‍ നൈന്‍- സി.പി.എം സ്ഥാനാര്‍ഥികള്‍ മോശമാണെന്ന തെറ്റിദ്ധാരണ പരത്താന്‍ ചില നിക്ഷിപ്‌തതാല്‌പര്യക്കാര്‍ ശ്രമിച്ചു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിനെ തോല്‌പ്പിക്കാനൊന്നും സി.പി.എം ഒരിക്കലും ശ്രമിച്ചിട്ടില്ല, ശ്രമിച്ചാലൊട്ട്‌ ജയിക്കുകയുമില്ല. കോഴിക്കോട്ട്‌ നിര്‍ത്തിയ സ്ഥാനാര്‍ഥിയെക്കുറിച്ച്‌ അസംബന്ധങ്ങള്‍ ചിലര്‍ പറഞ്ഞുപരത്തി. അത്‌ കേട്ട്‌ കുറെ ജനം തെറ്റിദ്ധരിച്ചെങ്കിലും 2004 ല്‍ ഇടതുമുന്നണിയുടെ യോഗ്യന്‍സ്ഥാനാര്‍ഥിക്ക്‌ കിട്ടിയതിനേക്കാള്‍ വോട്ട്‌ ഇത്തവണത്തെ “ബിനാമി” സ്ഥാനാര്‍ഥിക്ക്‌ കിട്ടിയെന്നത്‌ സത്യം. പക്ഷേ പിണറായിയുടെ കണക്ക്‌ ഇവിടെയും പിഴച്ചു. റിയാസിന്‌ 2004 ലേക്കാള്‍ കൂടുതല്‍ കിട്ടിയത്‌ 1360 വോട്ടാണ്‌. പിണറായി പറഞ്ഞ 17000 വോട്ടല്ല. യു.ഡി.എഫിന്റെ 2004 ലെ ഇറക്കുമതി സ്ഥാനാര്‍ഥിയേക്കാള്‍ ഇത്തവണത്തെ ഇറക്കുമതി സ്ഥാനാര്‍ഥിക്ക്‌ അറുപത്തേഴായിരം വോട്ട്‌ കൂടുതല്‍ കിട്ടിയെന്നുമാത്രം.

തെറ്റിദ്ധാരണകള്‍ വരുന്ന വഴികളേയ്‌….

പാര്‍ട്ടിക്ക്‌ തെറ്റൊന്നും പറ്റിയില്ലെന്നതു ശരി. എന്നാലും തെറ്റുതിരുത്തല്‍ മുറപോലെ നടക്കും. പാപമൊന്നും ചെയ്‌തില്ലെങ്കിലും പള്ളിയില്‍ പോയി കുമ്പസരിക്കുന്നതുപോലെയാണ്‌ ഇതും. പാര്‍ട്ടിയുണ്ടായ കാലംമുതല്‍ നിലവിലുള്ള ആചാരമാണ്‌ തെറ്റുചെയ്യലും തിരുത്തലും. തെറ്റിദ്ധാരണ വേണ്ട, രണ്ടും നിര്‍വിഘ്‌നം തുടരും.

*****

നാല്‌ സീറ്റിലെ തോല്‍വി പഠിക്കാന്‍ കെ.പി.സി.സി തീരുമാനിച്ചതായി വാര്‍ത്തയുണ്ട്‌. മത്സരിച്ച പതിനേഴ്‌ സീറ്റിലും ഉറപ്പായും ജയിക്കേണ്ട പാര്‍ട്ടിയല്ലേ നാലിടത്ത്‌ പോയി അപ്രതീക്ഷിതമായി തോറ്റത്‌ ! തീര്‍ച്ചയായും പഠിക്കേണ്ട വിഷയംതന്നെ.
.
പക്ഷേ ദരു സംശയം. എങ്ങനെ പതിമൂന്നുസീറ്റില്‍ പാര്‍ട്ടി ജയിച്ചു എന്നു പഠിച്ച ശേഷം പോരെ നാല്‌ സീറ്റില്‍ എങ്ങനെ തോറ്റു എന്നുപഠിക്കുന്നത്‌ ? നാലഞ്ചുസീറ്റിലൊഴികെ സ്ഥാനാര്‍ഥികള്‍ അതുവഴി മുമ്പ്‌ തീവണ്ടിയില്‍ മാത്രം പോയവരായിരുന്നു. ദന്നോ രണ്ടോ സീറ്റിലൊഴികെ ദരിടത്തും സ്ഥാനാര്‍ത്ഥിക്കൊപ്പം ഓടാന്‍ ആവശ്യത്തിന്‌ ആളുണ്ടായിരുന്നില്ല. കമ്മിറ്റികളോ പ്രവര്‍ത്തനമോ ഇല്ലാത്ത ബൂത്തുകള്‍ ഡസന്‍കണക്കിനാണ്‌. ചില കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികളുടെ പ്രചാരണയോഗം കണ്ടാല്‍ കെട്ടിവെച്ചതുകിട്ടുമോ എന്ന്‌ സംശയം തോന്നിപ്പോകുംവിധം ശുഷ്‌കമായിരുന്നു. പലേടത്തും പ്രചാരണം തുടങ്ങിയ ദിവസം മുങ്ങിയ പാര്‍ട്ടി ഭാരവാഹികളെ കണ്ടത്‌ വിജയാഹ്‌ളാദപ്രകടനത്തില്‍ മാത്രമാണ്‌. ഹൈക്കമാന്‍ഡില്‍ നിന്ന്‌ കിട്ടിയ ഫണ്ടുംകൊണ്ട്‌ മുങ്ങിയവരെ അന്നും കണ്ടില്ല.

എന്നിട്ടും അനേഷിക്കുന്നത്‌ എങ്ങനെ നാലിടത്ത്‌ തോറ്റുഎന്നാണ്‌, എങ്ങിനെ മറ്റിടങ്ങളില്‍ ജയിച്ചു എന്നല്ല.

****

മന്ത്രിസഭയില്‍ കാബിനറ്റ്‌ മന്ത്രിമാരുമുണ്ട്‌, സ്റ്റേറ്റ്‌ മന്ത്രിമാരുമുണ്ട്‌‌. എന്താണാവോ ഈ സ്റ്റേറ്റ്‌ മന്ത്രി എന്ന പ്രയോഗത്തിന്റെ അര്‍ഥം ? പുതുതായി സ്ഥാനമേല്‍ക്കുന്ന മന്ത്രിമാരെയെങ്കിലും ആരെങ്കിലും ഇതിന്റെ അര്‍ഥം പഠിപ്പിക്കേണ്ട നിലയെത്തിയിട്ടുണ്ട്‌. മാധ്യമങ്ങളെയും പൊതുപ്രവര്‍ത്തകരെയും കൂടി പഠിപ്പിക്കണം.

സ്റ്റേറ്റ്‌ മന്ത്രി എന്നതിനര്‍ഥം സ്വന്തം സ്റ്റേറ്റിന്റെ കാര്യം മാത്രം നോക്കുകയും രാജ്യത്തിന്റെ വിഭവങ്ങളാകെ സ്വന്തം സ്റ്റേറ്റിലേക്ക്‌ അടിച്ചുമാറ്റുകയും ചെയ്യുന്ന മന്ത്രി എന്നാണെന്ന്‌ ധരിച്ച ലാലുമാരും വേലുമാരും ബാലുമാരും കഴിഞ്ഞ മന്‍മോഹന്‍ മന്ത്രിസഭയിലും ധാരാളമുണ്ടായിരുന്നു. പ്രദേശികപാര്‍ട്ടികള്‍ പ്രധാനമന്ത്രിയെ മൂക്കുകൊണ്ട്‌ ക്ഷ, ഝ വരപ്പിച്ചിരുന്ന ആ നാളുകളില്‍ അത്‌ അപ്രതീക്ഷിതവുമല്ല.

വേലുമാരുടെ ദുഷ്‌ചെയ്‌തികള്‍ തിരുത്തുന്നതിന്‌ പകരം ഇ.അഹമ്മദിനെ കേരളവേലുവാക്കാനാണ്‌ എല്ലാവരുടെയും പുറപ്പാട്‌. വേലുവല്‍ക്കരണത്തിനുള്ള മുറവിളിയാണ്‌ എങ്ങും ഉയരുന്നത്‌. മന്തിസ്ഥാനമേല്‍ക്കുന്ന കടലാസ്സില്‍ നിന്ന്‌ പേനയെടുക്കുംമുമ്പാണ്‌, ഏതെല്ലാം പുതിയ വണ്ടികളാണ്‌ കേരളത്തിലേക്ക്‌ സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരിക്കുന്നത്‌ എന്നുവരെ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന്‌ ചോദ്യമുണ്ടായി. ഇ.അഹമ്മദിനെ കേരളവാദികളില്‍നിന്ന്‌ പടച്ചോന്‍ കാത്തുരക്ഷിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

Go Top