ശത്രു വേറെ വേണ്ട

ഇന്ദ്രൻ

വോട്ടെണ്ണിയ ശേഷം സി.പി.എം ആസ്ഥാനത്ത്‌ നിന്നുണ്ടായത്‌‌ ചെകിടടപ്പിക്കുന്ന മൗനമാണ്‌. നേതാക്കളെയാരെയും മഷിയിട്ടുനോക്കിയിട്ടും കാണാനായില്ല. പ.ബംഗാള്‍ പാര്‍ട്ടിയാണ്‌ ഇങ്ങനെ മൗനം പാലിച്ചിരുന്നതെങ്കില്‍ മനസ്സിലാക്കാമായിരുന്നു, കാരണം പരാജയം അവര്‍ക്ക്‌ പുത്തരിയാണ്‌. മുപ്പത്തിരണ്ടുവര്‍ഷം അങ്ങനെയൊരു സംഭവം അവരുടെ ഡിക്ഷ്‌ണറിയിലില്ലായിരുന്നു. ഇവിടെ അതാണോ സ്ഥിതി ? അയ്യഞ്ചുകൊല്ലം കൂടുമ്പാള്‍ ജയപരാജയങ്ങള്‍ മുറതെറ്റാതെ വരുന്ന നാടാണിത്‌. വേനല്‍കഴിഞ്ഞ്‌ മഴയെന്ന പോലെ ജയം കഴിഞ്ഞാല്‍ തോല്‍വി. തോറ്റാല്‍ പറയേണ്ട ഞൊണ്ടിന്യായങ്ങള്‍ മുന്നണി വക്താക്കള്‍ വോട്ടെണ്ണുംമുമ്പ്‌ തന്നെ തയ്യാറാക്കി കമ്പ്യൂട്ടറില്‍ സൂക്ഷിക്കുകയാണ്‌ പതിവ്‌. ഏത്‌ പരാജയവും വോട്ടുകണക്കോ അതിന്റെ ശതമാനമോ നോക്കി വിജയമാണെന്ന്‌ വ്യാഖ്യാനിക്കാന്‍ കഴിയുന്ന വിദഗ്‌ധര്‍ക്ക്‌ ക്ഷാമമില്ല. ഇത്തവണയെന്തെന്നറിയില്ല, ആയിരം നാവുന്ന അനന്തന്മാര്‍ക്കൊന്നും മിണ്ടാട്ടമുണ്ടായില്ല. ഇറങ്ങിപ്പോയ നാവുകള്‍ ഒരാഴ്‌ച കഴിഞ്ഞിട്ടും പൂര്‍ണമായി പൂര്‍വസ്ഥിതി പ്രാപിച്ചിട്ടില്ല.

ഏറ്റവുമൊടുവില്‍ 2001 മെയിലാണ്‌ പാര്‍ട്ടി ഇന്നത്തെ നിലയോട്‌ തുലനപ്പെടുത്താവുന്നവിധം എട്ടുനിലയില്‍ പൊട്ടിയത്‌. നൂറ്‌ അസംബ്‌ളി സീറ്റില്‍ തോറ്റു. അന്നുപാര്‍ട്ടി ഇതുപോലെ മൗനവ്രതം അനുഷ്‌ഠിച്ചില്ല. മുഴുവന്‍ പിന്തിരിപ്പന്മാരും വര്‍ഗീയവാദികളും കൂട്ടായ്‌മയായി ഒന്നിച്ചുനില്‍ക്കുകയും പുറത്തുനിന്നിരുന്ന ബി.ജെ.പി കാട്ടാളന്മാര്‍ അവരുടെ വോട്ട്‌ മറിച്ചുകൊടുക്കുകയും ചെയ്‌തതിന്റെ ഫലമായാണ്‌ മുന്നണി പരാജയപ്പെട്ടതെന്ന്‌ സംസ്ഥാന നേതൃത്വം ധൈര്യമായി പറഞ്ഞു. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വോട്ടര്‍മാര്‍ പിന്തിരിപ്പന്മാരും വര്‍ഗീയവാദികളുമായാല്‍ പാര്‍ട്ടിക്കെന്തുചെയ്യാനാവും ? ഒന്നേ ചെയ്യാനാവൂ. കൊള്ളാവുന്ന കുറെ വര്‍ഗീയവാദികളെയും പിന്തിരിപ്പന്മാരെയും പാര്‍ട്ടിക്കൊപ്പം ചേര്‍ക്കുക. താമസമുണ്ടായില്ല, അതിനുള്ള പണി തുടങ്ങി. പിന്നെ നടന്ന പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിലും അസംബ്‌ളി തിരഞ്ഞെടുപ്പിലും മറ്റേ പിന്തിരിപ്പന്മാരാണ്‌ എട്ടുനിലയില്‍ പൊട്ടിയത്‌. എല്‍.ഡി.എഫിന്‌ നൂറുനൂറ്റിപ്പത്ത്‌ സീറ്റില്‍ തകര്‍പ്പന്‍ ജയം.

പറയുമ്പോള്‍ മുഴുവന്‍ പറയണമല്ലോ. ഇത്തവണയും പിന്തിരിപ്പന്മാരുടെ പട നമുക്കൊപ്പമുണ്ടായിരുന്നു. നിയമസഭാതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം നിന്ന മുന്തിയ വര്‍ഗീയപിന്തിരിപ്പന്മാരാണ്‌ പി.ഡി.പി. അതിനെ വെള്ള പൂശി ഇടതുപക്ഷ പിന്തിരിപ്പന്മാരാക്കാന്‍ പാര്‍ട്ടി പെട്ട പാടെത്രയാണെന്ന്‌ പാര്‍ട്ടിക്കേ അറിയൂ. ഹിന്ദുത്വഫാസിസ്റ്റായിരുന്ന ഒരു പാവംപിള്ളയെ ഇടതുസാത്വികനാക്കി ഒപ്പം കൂട്ടാനും കുറെ കഷ്ടപ്പെട്ടു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മത ജാതി പിന്തിരിപ്പന്മാര്‍ക്ക്‌ മുഷിച്ചിലുണ്ടാകാതിരിക്കാന്‍ മുന്‍കരുതലെടുത്തു. കാര്യം കാണാന്‍ കഴുതക്കൈയും മുത്താമെന്നത്‌ സാര്‍വത്രികാംഗീകാരമുള്ള ശാശ്വതസത്യമാണല്ലോ. അതിനൊത്താണ്‌ സ്ഥാനാര്‍ഥികള്‍ ചില നികൃഷ്ടജീവികളുടെ കൈമുത്തിയത്‌. പ്രയോജനമുണ്ടായില്ല.

ഇക്കാലംവരെ ഇല്ലാത്ത ചില പ്രശ്‌നങ്ങള്‍ ഇത്തവണയുണ്ടായി. സാധാരണ തിരഞ്ഞെടുപ്പില്‍ മുന്നണി തോറ്റുകഴിഞ്ഞ ശേഷമേ സി.പി.ഐ. നാവനക്കാറുള്ളൂ. 2001 ല്‍ തോറ്റപ്പോള്‍ അവര്‍ വല്യേട്ടനെ ചെറുതായി കുറ്റപ്പെടുത്തുകയുണ്ടായി. മൈന്‍ഡ്‌ചെയ്യേണ്ട കാര്യമല്ല. തോറ്റാല്‍ ആരെയെങ്കിലുമൊന്നു കുറ്റംപറയാതിരിക്കാന്‍ പറ്റില്ല. സി.പി.ഐ.യുടെ കുറ്റം കൊണ്ടാവില്ലല്ലോ മുന്നണി തോല്‌ക്കുക. അതിനുള്ള ശക്തി ദൈവംസഹായിച്ച്‌ പാര്‍ട്ടിക്കില്ല. ഇത്തവണ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചപ്പോള്‍ തന്നെ തുടങ്ങിയതാണ്‌ സി.പി.ഐ.യുടെ ചവിട്ടുംകുത്തും. പ്രസക്തരും പ്രശസ്‌തരുമായ ചിലയിനം പിന്തിരിപ്പന്മാരെ പൊന്നാനിയില്‍ അക്കമഡേറ്റ്‌ ചെയ്യാന്‍ വല്യേട്ടന്‍ ശ്രമിച്ചപ്പോള്‍ എന്തൊക്കെ ബഹളമാണ്‌ ഉണ്ടാക്കിയത്‌. കോഴിക്കോട്‌ സീറ്റ്‌ പാര്‍ട്ടി വളരെ സ്‌നേഹപൂര്‍വം ജനതാ ദളില്‍ നിന്ന്‌ ഏറ്റുവാങ്ങിയത്‌ വേറൊരു വിശിഷ്ടവ്യക്തിയെ മത്സരിപ്പിക്കാനാണ്‌. അഖിലേന്ത്യാ പ്രസിഡന്റിനേക്കാള്‍ യോഗ്യരായ ജില്ലാ പ്രസിഡന്റുമാരുള്ള സംഘടന മുസ്ലിംലീഗേ ഉള്ളൂ എന്നാണ്‌ ജനതാദളുകാര്‍ ധരിച്ചിരുന്നത്‌. അല്ല, ഡി.വൈ.എഫ്‌.ഐ.യിലും അത്തരം പ്രതിഭാശാലികളുണ്ട്‌. കോഴിക്കോട്ടുകാര്‍ക്കും അതു മനസ്സിലായിട്ടില്ലെന്നാണ്‌ വോട്ടെണ്ണിയപ്പോള്‍ മനസ്സിലായത്‌‌. കൊല്ലം സീറ്റ്‌ തിരിച്ചുകിട്ടണമെന്ന്‌ പറഞ്ഞ്‌ വിപ്‌ളവസോഷ്യലിസ്റ്റുകള്‍ അവിടെയും ഉണ്ടാക്കി കുറെ അലമ്പ്‌.

ആര്‍.എസ്‌.പി.ക്കാരും സി.പി.ഐ.ക്കാരും ജനതാദളുകാരെപ്പോലെ മറുകണ്ടം ചാടിയില്ലല്ലോ എന്ന്‌ ചിലര്‍ ആശ്വസിക്കുന്നുണ്ട്‌. ശരിയാണ്‌. ജനതാ ദളുകാര്‍ മുന്നില്‍ നിന്നുതന്നെ കുത്തിയപ്പോള്‍ മറ്റേ രണ്ടു ഇടതുപിന്തിരിപ്പന്മാര്‍ ചുമലിലിരുന്നാണ്‌ പള്ളയ്‌ക്കുകുത്തിയത്‌. മൂന്നുപേരുടെയും കൂത്ത്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി മാര്‍ക്ക്‌ ചെയ്‌തിട്ടുണ്ട്‌. പക്ഷേ, കുത്ത്‌ മൂന്നോ നാലോ ഒന്നുമല്ല, നിരവധിയാണ്‌. കണ്ണൂരിലെ ആര്‍ഷഭാരത-തൊഴിലാളിവര്‍ഗ കൊട്ടേഷന്‍ സംഘങ്ങള്‍ എതിര്‍കക്ഷിക്കാരനെ കൊല്ലുമ്പോഴെന്ന പോലെ ചുരുങ്ങിയത്‌ ഇരുപത്തഞ്ചുകുത്തെങ്കിലും എണ്ണാം.

ഇതൊന്നുമല്ല, പാര്‍ട്ടിക്കകത്തുനിന്നുണ്ടായ കുത്താണ്‌ കക്ഷിയുടെ കഥ കഴിച്ചതെന്ന അഭിപ്രായമാണ്‌ വിദഗ്‌ധന്മാര്‍ക്കുള്ളത്‌‌. നിര്‍ണായകമായ കുത്ത്‌ എന്നുപറയാം. കോണ്‍ഗ്രസ്സുകാര്‍ പതിവായി ചെയ്യുന്നതാണെങ്കിലും സി.പി.എമ്മില്‍ അതുപതിവുള്ളതല്ല. സംസ്ഥാനത്തുടനീളം പാര്‍ട്ടിയുടെ വോട്ട്‌ മറുചേരിയിലേക്ക്‌ കുത്തിയൊഴുകി. സ്വയമൊഴുകിയതുമുണ്ട്‌, ഒഴുക്കിക്കൊടുത്തതുമുണ്ട്‌. ഇതിന്‌ മുമ്പത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടന്ന ശേഷം തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി ആന്റണി മാധ്യമസമ്മേളനം വിളിച്ചുചേര്‍ത്തത്‌ രാജി പ്രഖ്യാപിക്കാനാണ്‌. ഏതാണ്ട്‌ അതേ മട്ടില്‍ തോറ്റ വേറൊരു മുഖ്യമന്ത്രി മാധ്യമസമ്മേളനം വിളിച്ചത്‌ പൊട്ടിച്ചിരിക്കാനാണ്‌. ആഘോഷച്ചിരിയാണെന്നാണ്‌ പാര്‍ട്ടിപത്രം പറഞ്ഞത്‌. അവര്‍ക്കല്ലേ കാര്യമറിയൂ.

യു.ഡി.എഫ്‌ വിജയത്തിന്‌ പിതാക്കന്മാരായി നൂറ്‌ എട്ടുകാലി മമ്മൂഞ്ഞുമാരെ കിട്ടും. ജനതാദളിനോടും സി.പി.എം വിമതരോടുമെല്ലാം കോണ്‍ഗ്രസ്‌ നേതാക്കള്‍ നന്ദി പറയുന്നുമുണ്ട്‌. പക്ഷേ, ആയിരം ശത്രുക്കള്‍ക്ക്‌ പുറത്തുനിന്നുചെയ്യാന്‍ കഴിയുന്നതിലേറെ സേവനം സി.പി.എമ്മിന്റെ തലപ്പത്തിരുന്നു ചെയ്‌തുതന്ന ആളോട്‌ അവര്‍ ഒരു നന്ദിവാക്കുപോലും പറയാത്തത്‌ മഹാപാപംതന്നെയാണ്‌. ഇടതുമുന്നണിക്ക്‌ ഒരു അപൂര്‍വതയുണ്ട്‌. മുന്നണിയിലെ ഘടകകക്ഷികളുടെയെല്ലാം മുഖ്യശത്രു മുന്നണിയെ നയിക്കുന്ന സി.പി.എം ആണ്‌. സി.പി.ഐ.ക്കാര്‍ക്കും ആര്‍.എസ്‌.പി.ക്കാര്‍ക്കും ജനതാദളുകാര്‍ക്കും കോണ്‍ഗ്രസ്സിനോടോ ബി.ജെ.പി.യോട്‌ പോലുമോ ഉള്ളതിലേറെ വിരോധം സി.പി.എമ്മിനോടാണ്‌. ലോകത്ത്‌ ഇങ്ങനെയൊരു മുന്നണി വേറെയില്ല. തിരഞ്ഞെടുപ്പുകാലത്തെങ്കിലും അവരെല്ലാം ശത്രുത മാറ്റിവെച്ച്‌ മുന്നണിക്ക്‌ വോട്ടുപിടിക്കാറാണ്‌ പതിവ്‌. ഇത്തവണ തിരഞ്ഞെടുപ്പുകാലത്തും അവരെ ശത്രുപക്ഷത്ത്‌ നിര്‍ത്താന്‍ സി.പി.എം നേതൃത്വം ഏറെ പരിശ്രമിക്കേണ്ടിവന്നു. ഇതിനെല്ലാം പുറമെയാണ്‌ അസാധാരണമായ ദീര്‍ഘവീക്ഷണത്തോടെ പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തെയും ശത്രുക്കളാക്കിയത്‌.

സംസ്ഥാനസെക്രട്ടറി വിചാരിച്ചാല്‍ ചെയ്യാവുന്നതിന്‌ ഒരു പരിധിയുണ്ട്‌. പത്രസമ്മേളനങ്ങളിലേ അദ്ദേഹം സ്വതസിദ്ധമായ ശൈലി പുറത്തെടുക്കാറുള്ളൂ. ചാനല്‍ ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുക്കാറില്ല, കിങ്കരന്മാരെ നിയോഗിക്കാറാണ്‌ പതിവ്‌. കൊല്ലുന്ന രാജാവിന്‌ തിന്നുന്ന കിങ്കരര്‍. വമ്പിച്ച സേവനമാണ്‌ ജയരാജ ഗോവിന്ദ കിങ്കരസംഘം ദൃശ്യമാധ്യമങ്ങളിലൂടെ നിര്‍വഹിച്ചത്‌. എന്തൊരു വിനയം, എന്തൊരു എളിമ. ധാര്‍ഷ്ട്യം ഏഴലയലത്തുകൂടി പോകാത്ത വിനീതര്‍. യു.ഡി.എഫ്‌ ഒരു പ്രചാരണവും നടത്തിയില്ലെങ്കില്‍പോലും ടി.വി. ചര്‍ച്ചകള്‍ കണ്ടവര്‍ ആര്‍ക്കുവോട്ട്‌ ചെയ്യരുത്‌ എന്ന്‌ മാസങ്ങള്‍ക്ക്‌ മുമ്പുതന്നെ തീരുമാനിച്ചിരുന്നു.

ഇത്രയും നല്ല നേതൃത്വം ഒരു പാര്‍ട്ടിക്കുണ്ടെങ്കില്‍ പിന്നെ ശത്രുക്കള്‍ വേറെ വേണമെന്നില്ല.

*****
പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ അനുമതി കൂടാതെ മാധ്യമസമ്മേളനത്തില്‍ പൊട്ടിച്ചിരിച്ച മുഖ്യമന്ത്രിയുടെ നടപടി തികഞ്ഞ അച്ചടക്കലംഘനമാണ്‌. ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ പരക്കെ തോറ്റതില്‍ അനുശോചനസൂചകമായി കറുത്ത ബാഡ്‌ജ്‌ ധരിക്കുകയും മുഖം വീര്‍പ്പിച്ചിരിക്കുകയും ഇടക്കിടെ കണ്ണീര്‍ പൊഴിക്കുകയുമായിരുന്നു മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത്‌. തമിഴ്‌ നാട്ടിലെ പാര്‍ട്ടിയാണ്‌ ഇങ്ങനെ തോറ്റിരുന്നുവെങ്കില്‍ അംഗങ്ങള്‍ കൂട്ടത്തോടെ മണ്ണെണ്ണ തലയിലൊഴിച്ച്‌ തീകൊളുത്തുമായിരുന്നു. അതിന്‌ പകരമാണ്‌ ഇവിടെ പൊട്ടിച്ചിരിക്കുന്നത്‌.

തീര്‍ച്ചയായും മുഖ്യമന്ത്രിയുടെ പക്ഷത്തുനിന്നുകൂടി ഇതിനെ നോക്കിക്കാണേണ്ടതുണ്ട്‌. വോട്ടെണ്ണലിന്‌ മുമ്പ്‌ നടന്ന സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടിയായിരുന്നല്ലോ മുറവിളി. ഇരുപതില്‍ പത്തെങ്കിലും സീറ്റ്‌ ഇടതുമുന്നണിക്കായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു വി.എസ്സിന്റെ അവസ്ഥ ? ആ മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങള്‍ പത്രക്കാരോട്‌ പറയുക പുതിയ മുഖ്യമന്ത്രിയായിരുന്നേനെ. അതോര്‍മ വന്നാല്‍ ആരാണ്‌ ചിരിക്കാതിരിക്കുക ?

മുന്നണി തോറ്റുതുന്നംപാടിയിട്ടും ഒരാള്‍ പോലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നില്ലെന്നോര്‍ത്താല്‍ ഏത്‌ മുഖ്യമന്ത്രിയാണ്‌ ചിരിക്കാതിരിക്കുക ? മുന്നണി തോറ്റതുകൊണ്ടുമാത്രം സ്വന്തം തല രക്ഷപ്പെടുത്തിയ വേറെ ഏതുമുഖ്യമന്ത്രിയുണ്ട്‌ രാജ്യത്ത്‌ ? തീര്‍ന്നില്ല. തലയ്‌ക്ക്‌ മേടാനും ഹെഡ്‌മാഷ്‌ ചമയാനും ആഴ്‌ചതോറും വിമാനമിറങ്ങിവരാറുള്ള കാരാട്ടിന്റെ ഇപ്പോഴത്തെ നിലയോര്‍ത്താല്‍ ആരാണ്‌ ചിരിക്കാതിരിക്കുക ? മുപ്പതുകൊല്ലമായി തോറ്റിട്ടില്ലെന്നതിന്റെ ബലത്തില്‍ കേരളപാര്‍ട്ടിയെ പുച്ഛിക്കുന്ന വംഗനാട്ടിലെ വങ്കന്മാരെക്കുറിച്ചോര്‍ത്താല്‍ എങ്ങിനെ ചിരിക്കാതിരിക്കും ? മൂലയില്‍ കിടന്ന മഴുവെടുത്ത്‌ കാലിലിട്ടെന്ന്‌ പറഞ്ഞതുപോലെ എവിടെയോ ഇരുന്ന പി.ഡി.പി.യെ മുന്നണിവേദിയിലേക്കാനയിച്ച്‌ ഉള്ള വോട്ടും നഷ്ടപ്പെടുത്തിയ അതിബുദ്ധിയെക്കുറിച്ചോര്‍ത്താല്‍ എങ്ങനെ ചിരിക്കാതിരിക്കും ? മായാവതിയെയോ ജയലളിതയെയോ ചന്ദ്രബാബൂനായഡുവിനെയോ ലാലു-മുലായം-പവാര്‍-ഗൗഡ ആശാന്മാരെയാരെയെങ്കിലുമോ പ്രധാനമന്ത്രിയാക്കാന്‍ തലയ്‌ക്ക്‌ വെളിവുള്ള ആരെങ്കിലും വോട്ടുചെയ്യുമെന്ന്‌ ധരിച്ച ബുദ്ധിജീവികളെക്കുറിച്ചോര്‍ത്താല്‍ എങ്ങിനെ പൊട്ടിച്ചിരിക്കാതിരിക്കും?

ചാനലുകാര്‍ കാണുമല്ലോ എന്നോര്‍ത്താവും നിലത്ത്‌ വീണുകിടന്ന്‌ ആര്‍ത്തുചിരിക്കാതിരുന്നത്‌. വി.എസ്സിനോട്‌ ക്ഷമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Go Top