ഘട്ടംഘട്ടമായി…

ഇന്ദ്രൻ

ഘട്ടംഘട്ടമായി എന്നാരെങ്കിലും പറഞ്ഞാല്‍ ഉടന്‍ മനസ്സിലാകും വിഷയം മദ്യനിരോധനമാണ് എന്ന്. ഘട്ടംഘട്ടമായി സമ്പൂര്‍ണമായി നടപ്പാക്കും എന്നാണ് പ്രയോഗം. ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് നാലരപ്പതിറ്റാണ്ടായി. നാലഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഇതിന്റെ സുവര്‍ണജൂബിലി ഘോഷമായി നടത്താന്‍ പറ്റിയേക്കും. 1967ല്‍ സപ്തകക്ഷിമുന്നണിഭരണം മദ്യനിരോധനം അവസാനിപ്പിച്ചതിന്റെ ജൂബിലിയും ഈ ഘട്ടംഘട്ടം പ്രയോഗത്തിന്റെ ജൂബിലിയും ഒന്നിച്ചു നടത്താം. മദ്യനിരോധനം എടുത്തുകളഞ്ഞതിന്റെ പിറ്റേന്ന് തുടങ്ങിക്കാണുമല്ലോ ഈ പ്രയോഗവും.

തങ്ങള്‍ മറന്നിട്ടൊന്നുമില്ല എന്ന് ജനം അറിയാനാണ് ഈ വാഗ്ദാനം നേതാക്കള്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നത്. നിയമസഭയിലും ചില വിശേഷനാളുകളിലും നിര്‍ബന്ധമായും ഇക്കാര്യം പറയണം എന്നതാണ് നയം. 2001ലെ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയില്‍ സംശയത്തിന് ഇടനല്‍കാതെ പറഞ്ഞിരുന്നത് ‘സമ്പൂര്‍ണമദ്യനിരോധനമാണ് യു.ഡി.എഫിന്റെ ആത്യന്തിക ലക്ഷ്യം’ എന്നാണ്. അതിനുശേഷമിപ്പോള്‍ വര്‍ഷം പത്തുപന്ത്രണ്ടേ കഴിഞ്ഞിട്ടുള്ളൂ. എന്തെല്ലാം ആത്യന്തികലക്ഷ്യങ്ങള്‍ നമുക്കുണ്ട് ? ദാരിദ്ര്യനിര്‍മാര്‍ജനം, സമ്പൂര്‍ണസാക്ഷരത, അസമത്വദൂരീകരണം, എല്ലാവര്‍ക്കും തൊഴില്‍… അതെല്ലാം പോകട്ടെ, സകലര്‍ക്കും കുടിവെള്ളം പോലും കൊടുത്തിട്ടില്ല അറുപത്തഞ്ച് വര്‍ഷം കഴിഞ്ഞിട്ടും. എന്നിട്ടാണ് പന്ത്രണ്ട് വര്‍ഷം കൊണ്ട് സമ്പൂര്‍ണമദ്യനിരോധം നേടാന്‍ പോകുന്നത്.
നമ്മുടെ ആയുസ്സ് തീരുംവരെ ഘട്ടംഘട്ടം ഡയലോഗ് കേട്ടുകൊണ്ടിരിക്കാനുള്ള ഭാഗ്യമുണ്ടാകും എന്നാണ് വിചാരിച്ചിരുന്നത്. അതുനടപ്പില്ല എന്നൊരു സംശയം പെട്ടെന്ന് ഉയര്‍ന്നുവന്നിരിക്കുന്നു. ഉടന്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിക്കളഞ്ഞേക്കും പോലും. ഭരണത്തിലുള്ളവരുടെ നില്‍പ്പ് കാണുമ്പോള്‍, സിനിമയില്‍ പണ്ട് കുതിരവട്ടം പപ്പു പറഞ്ഞതുപോലെ, ‘ഇപ്പം ശര്യാക്കിത്തരു’മോ എന്നൊരു സംശയം.
മദ്യത്തില്‍ നിന്നുള്ള വരുമാനം വേണ്ടെന്നുവെക്കാന്‍ തയ്യാറാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് വലിയ അദ്ഭുതവിദ്യയൊന്നുമല്ല എന്ന് നമുക്കറിയുന്നതാണല്ലോ. ഇവിടെ പണം ഒരു പ്രശ്‌നമല്ല. സംസ്ഥാനസര്‍ക്കാറിന് വരുമാനങ്ങളുടെ കുത്തൊഴുക്കുകാരണം ഇരിക്കപ്പൊറുതിയില്ല. പണമെടുത്ത് കടലിലെറിഞ്ഞാല്‍ പടച്ചോന്‍ പൊറുക്കില്ല. അതുകൊണ്ടാണ് എറിയാത്തത്. അധികവരുമാനം എടുത്ത് അമേരിക്ക, ജര്‍മനി, ജപ്പാന്‍, ബ്രിട്ടന്‍ തുടങ്ങിയ ദരിദ്രരാജ്യങ്ങള്‍ക്ക് ദീര്‍ഘകാല പലിശരഹിത വായ്പയായി കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് മുഖ്യമന്ത്രിയും സഹമദ്യവിരുദ്ധലോബിയും. നമുക്കെന്തിന് മദ്യംവിറ്റുള്ള നക്കാപ്പിച്ച അഞ്ചാറായിരം കോടി രൂഫാാ… ആളോഹരി കുടിയുടെ കാര്യത്തില്‍ പഞ്ചാബിനെയും ഹരിയാണയെയും തോല്പിച്ച് ഒന്നാം സ്ഥാനത്തെത്തിയതുകൊണ്ട് അഞ്ചുകൊല്ലം കൊണ്ട് മദ്യനികുതിയിനത്തിലെ വരുമാനം ഇരട്ടിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും അത് വരുമാനത്തിന്റെ നാല്പതുശതമാനമേ വരൂ. ബാക്കി അറുപതുമതി കേരളത്തെ ഗോഡ്‌സ് ഓണ്‍ ഹെവന്‍ ആക്കാന്‍. ട്രഷറി പൂട്ടല്‍, ശമ്പളം വൈകല്‍, ഫണ്ട് തടഞ്ഞുവെക്കല്‍ തുടങ്ങിയതെല്ലാം ഏതോ യുഗത്തില്‍ കഴിഞ്ഞുപോയ സംഗതികള്‍.

മദ്യം രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന സാധനം തന്നെയാണ്. മദ്യനികുതി കൊണ്ട് ഭരണം നടത്തുന്നു എന്നതല്ല കാര്യം. ലാഭത്തില്‍ നല്ലൊരു പങ്ക് മദ്യബിസിനസ്സുകാര്‍ ജനാധിപത്യം ശക്തിപ്പെടുത്താന്‍ വേണ്ടി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് നല്‍കുന്നുണ്ട്. എന്നിട്ട് വെറുതെ അവരെ മദ്യലോബി എന്നുംമറ്റും ശകാരിക്കും. തിരഞ്ഞെടുപ്പുകാലത്ത് മാത്രമല്ല മറ്റവസരങ്ങളിലും ഹൃദയവിശാലതയോടെ ജനാധിപത്യസേവനം ചെയ്യുന്നവരാണ് ഇവര്‍. ഇക്കാര്യത്തില്‍ പൊതുവേ യു.ഡി.എഫ്. എല്‍.ഡി.എഫ്. മുന്നണികള്‍ക്ക് അകത്ത് തര്‍ക്കമോ ആഭ്യന്തരയുദ്ധമോ ഒന്നുമുണ്ടാകാറില്ല.
എന്നാല്‍, ഈയിടെയായി യു.ഡി.എഫ്. തലപ്പത്തേക്ക് ഉയര്‍ന്നുവന്ന ഒരുതാരം ഒരു ഏകാംഗ മദ്യവിരുദ്ധ ലോബിക്ക് രൂപം നല്‍കിവരുന്നതായി സംശയമുയര്‍ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പാര്‍ട്ടി ഏകകണ്ഠമായി മദ്യത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ചും ആത്യന്തികമായി നടപ്പാക്കുന്ന സമ്പൂര്‍ണ മദ്യനിരോധത്തെക്കുറിച്ചും പറയുക, ചാരായനിരോധം പോലുള്ള വിദ്യകള്‍ ഇറക്കുക തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ ബാറുകളും വില്പനകേന്ദ്രങ്ങളും ഏകകണ്ഠമായി അനുവദിക്കുക എന്നതാണ് ചിരകാലമായി തുടര്‍ന്നുവരുന്ന നയം. മുഖ്യമന്ത്രിതന്നെയാണ് രണ്ടും ചെയ്യേണ്ടത്. ഇത്തരം അംഗീകൃതനയങ്ങള്‍ മറന്ന്, തിരഞ്ഞെടുപ്പൊന്നും മുന്നിലില്ലാത്തപ്പോഴാണ് കെ.പി.സി.സി. പ്രസിഡന്റ് മദ്യവിരുദ്ധ ബ്രാന്‍ഡ് അംബാസഡറായി രംഗത്തുവന്നിരിക്കുന്നത്. ആര്‍ എപ്പോള്‍ മദ്യവിരുദ്ധ വെളിച്ചപ്പാടാവണം എന്ന വ്യവസ്ഥ മറന്ന് ഇടയ്ക്കുകേറി വാളെടുക്കരുതാരും.
കെ.പി.സി.സി. പ്രസിഡന്റിന് രണ്ട് ജന്മം തീര്‍ത്താല്‍ തീരാത്ത പ്രശ്‌നം കോണ്‍ഗ്രസ്സില്‍ തന്നെയുണ്ട്. അതൊന്നും ചെയ്യാതെ മദ്യത്തിലിടപെട്ടാല്‍ മദ്യനിരോധം തന്നെയങ്ങ് നടപ്പാക്കാനും മടിക്കില്ല മുഖ്യമന്ത്രി. സൂക്ഷിച്ചോ…സുധീരന് മദ്യം വേണ്ടെങ്കില്‍ മുഖ്യമന്ത്രിക്കും വേണ്ട മദ്യം. രമേശ് ചെന്നിത്തലയ്ക്കും കെ. ബാബുവിനും വേണ്ട. മദ്യത്തേക്കാള്‍ ലഹരിയുള്ളതാണ് എല്ലാവര്‍ക്കും അധികാരം.

***

ശക്തമാണ് മദ്യവിരുദ്ധ വോട്ട്ബാങ്ക് എന്നൊരു തെറ്റിദ്ധാരണ ഇവിടെ പലരും വെച്ചുപുലര്‍ത്തുന്നുണ്ട്. പക്ഷേ, വോട്ടെടുപ്പ് അടുക്കുമ്പോള്‍ എടുക്കുന്ന മദ്യവിരുദ്ധ നടപടികളൊന്നും വോട്ടിനെ ബാധിച്ചതായി തെളിവില്ല. ഉണ്ടായിരുന്നെങ്കില്‍ എ.കെ. ആന്റണി പലവട്ടം മുഖ്യമന്ത്രിയായി ഇവിടെത്തന്നെ ചുറ്റിത്തിരിയുന്നുണ്ടാകുമായിരുന്നു. തോറ്റതുകൊണ്ടദ്ദേഹത്തിന് രണ്ടാംറാങ്ക് ദേശീയ നേതാവാകാന്‍ കഴിഞ്ഞു. ഇവിടെനിന്ന് പാഠം പഠിച്ചതുകൊണ്ടാവാം പട്ടാളക്കാരുടെ മദ്യത്തില്‍ ഒരു മുപ്പത് എം.എല്‍. അദ്ദേഹം കുറച്ചിട്ടില്ല ഇതുവരെ.
ഒരോ മദ്യനയപരിഷ്‌കാരവും ഇടത്തേക്കാലിലെ മന്ത് വലത്തേക്കാലിലാക്കലായിരുന്നു. ചാരായം നിര്‍ത്തിയിട്ടും കുടിയാരും നിര്‍ത്തിയില്ല, അമ്പതുരൂപയ്ക്ക് ലിവറ് കരിയിക്കാമായിരുന്നത് ഇരുനൂറുരൂപയ്‌ക്കേ പറ്റൂ എന്നായി. കള്ളിന്റെ നിലവാരമുയര്‍ത്താന്‍ സഹകരണസംഘമാക്കി. ഒടുവില്‍ കോടതിക്ക് ചോദിക്കേണ്ടിവന്നു, എന്തിന് കള്ളുകുടിക്കുന്നു… വല്ല ബിയറും വാങ്ങിച്ചുകൂടേ എന്ന്. അത്രയ്ക്ക് കേമമായി നിലവാരം. മദ്യത്തിന്റെ ചില്ലറ വ്യാപാരം സര്‍ക്കാര്‍ ഏറ്റെടുത്തപ്പോഴും നിലവാരം കെങ്കേമമായി. എന്താണ് ഉപഭോക്താക്കളെ കന്നുകാലികളായി കണക്കാക്കുന്നത് എന്ന് ചോദിക്കേണ്ടി വന്നു കോടതിക്ക്.
അങ്ങനെ പോകുന്നു മദ്യവിരുദ്ധപോരാട്ടവിജയങ്ങള്‍

***

ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കും എന്നാണ് രാഹുല്‍ഗാന്ധി ഉറപ്പിച്ച് പറയുന്നത്. ഭൂരിപക്ഷമില്ലാതെ പുള്ളിക്കാരന്‍ അരുതാത്ത വേറെ എവിടെയെങ്കിലും കേറിയിരുന്നുകളയുമെന്നാരെങ്കിലും ഭയന്നുവോ എന്തോ.
തോറ്റാലും പ്രതിപക്ഷത്തുതന്നെയിരിക്കേണ്ട കാര്യമൊന്നുമില്ല എന്ന് ചരിത്രകിത്താബ് വായിച്ചവര്‍ക്കറിയാം. അതിനെന്തെല്ലാം വിദ്യകളിരിക്കുന്നു. അംഗസംഖ്യയില്‍ മൂന്നാമത്തെയോ നാലാമത്തെയോ സ്ഥാനം പോലുമില്ലാത്ത കക്ഷികളുടെ തലവന്മാര്‍ വരെ പ്രധാനമന്ത്രിയായിട്ടുണ്ട് ഈ രാജ്യത്ത്. രാഹുല്‍ പ്രതീക്ഷ വെടിയേണ്ട.

***

സ്വന്തം ഫോട്ടോ സ്വയം എടുക്കുന്നതിന് പേരാണ് സെല്‍ഫി. ഇത് എന്തോ ഇനം മാനസികപ്രശ്‌നമാണെന്ന് ചില കൂട്ടര്‍ പറയുന്നുണ്ട്. ശരിയോ എന്നറിയില്ല. ഒരു കൈകൊണ്ട് പാര്‍ട്ടി ചിഹ്നവും മറ്റേകൈ കൊണ്ട് ക്യാമറയും എടുത്ത്, വോട്ട് ചെയ്ത വിരലും പൊക്കിക്കാട്ടി പൊതുസ്ഥലത്ത് നിന്നുകൊണ്ട് ഫോട്ടോ എടുക്കുന്നത് നമ്മളൊക്കെ ആണെങ്കില്‍ അത് തമാശയേ ആകൂ. ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള നേതാവ് അത് ചെയ്തത് കണ്ടപ്പോള്‍ ആര്‍ക്കും തമാശ തോന്നിക്കാണില്ല. ഫോട്ടോ എടുക്കുന്നതിലെ സെല്‍ഫി അപകടമല്ല, തമാശയാണ്. രാഷ്ട്രീയത്തിലെ സെല്‍ഫി തമാശയല്ല, അപകടമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Go Top