ദളിലെ ഉന്തും തള്ളും

ഇന്ദ്രൻ

ജനതാദള്‍ മതേതരം ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരളത്തിലെവിടെയും മത്സരിച്ചില്ല. പക്ഷേ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ പൊരിഞ്ഞ പണിയായിരുന്നു. സംസ്ഥാനാധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം യു.ഡി.എഫിനെ ജയിപ്പിക്കാന്‍ അരയുംതലയും മുറുക്കി രംഗത്തിറങ്ങി. രാജിവെച്ച മന്ത്രി മാത്യു ടി തോമസ്‌, ഇനി മന്ത്രിയാകാമെന്ന്‌ വിചാരിക്കുന്ന ജോസ്‌ തെറ്റയില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം എല്‍.ഡി.എഫിനെ ജയിപ്പിക്കാനാണ്‌ അരയോ തലയോമുറുക്കിയത്‌. രണ്ടുകൂട്ടര്‍ക്കും സംസ്ഥാനക്കമ്മിറ്റിയുടെ പ്രമേയമായിരുന്നു മാര്‍ഗരേഖ. യു.ഡി.എഫിനെ ജയിപ്പിക്കണമെന്നുള്ളവര്‍ക്ക്‌ അങ്ങനെയും എല്‍.ഡി.എഫിനെ ജയിപ്പിക്കണമെന്നുള്ളവര്‍ക്ക്‌ അങ്ങനെയും ഇനി രണ്ടുമല്ല ബി.ജെ.പി.യെ ജയിപ്പിക്കണമെന്നുള്ളവര്‍ക്ക്‌ അങ്ങനെയും ഇതുമൂന്നുമല്ല വെറുതെ കിടന്നുറങ്ങുകയാണ്‌ നല്ലതെന്ന്‌ കരുതുന്നവര്‍ക്ക്‌ അങ്ങനെയും ചെയ്യാന്‍ പാകത്തിലുള്ളതായിരുന്നു പ്രമേയം. ഇതിനേക്കാള്‍ മുന്തിയ ഉള്‍പാര്‍ട്ടിജനാധിപത്യമൊന്നും ലോകത്തൊരു പാര്‍ട്ടിയിലും ഉണ്ടാകാനിടയില്ല.

ഇടതുമുന്നണിയുടെ വഞ്ചനയ്‌ക്കും അവഗണനയ്‌ക്കുമെതിരെ രാഷ്‌ട്രീയമായി പ്രതികരിക്കുമെന്നാണ്‌ ദളിന്റെ പ്രമേയത്തില്‍ പറഞ്ഞിരുന്നത്‌. ഇതിനെ എങ്ങനെ വ്യാഖ്യാനിച്ചാലും പ്രശ്‌നമല്ല എന്നും പ്രസിഡന്റ്‌ പറഞ്ഞിരുന്നു. അത്‌ കേട്ടാവണം ഇടതുമുന്നണിക്കെതിരെ പ്രതികരിക്കാനുള്ള ബെസ്റ്റ്‌ പരിപാടി അവരുടെ സ്ഥാനാര്‍ഥികള്‍ക്ക്‌ വോട്ടുപിടിക്കലാണെന്ന മാത്യു ടിയും സംഘവും തീരുമാനിച്ചത്‌. എന്തായാലും അതിന്റെ പേരിലൊന്നും ആരേയും ദള്‍ പ്രസിഡന്റ്‌ സസ്‌പെന്റ്‌ ചെയ്‌തൊന്നുമില്ല.. ഇടതുമുന്നണിക്കൊപ്പം നിന്നവരും എതിരെ നിന്നവരും ഉണ്ട്‌ ഈ പാര്‍ട്ടിയില്‍. രണ്ടായ പാര്‍ട്ടിയെ ഒന്നായി കാണുന്നതാണോ അതല്ല ന്നായതിനെ രണ്ടായിക്കാണുന്നതാണോ എന്നൊന്നും പലവട്ടം കണ്ണുതിരുമ്മി നോക്കിയിട്ടും ജനത്തിന്‌ മനസ്സിലാകുന്നില്ല.

ഇതിപ്പോള്‍ പുതിയ സംഗതിയൊന്നുമല്ല. ഇന്നത്തേത്‌ പോലൊരു പ്രതിസന്ധി പാര്‍ട്ടിയെ മുമ്പൊരിക്കല്‍ പിടികൂടിയപ്പോഴും ചെയ്‌തത്‌ ഇതുതന്നെ. ഓരോരുത്തര്‍ക്കും അവരുടെ താല്‌പര്യത്തിനനുസരിച്ച്‌ വ്യാഖ്യാനിക്കാന്‍ കഴിയുന്ന വിധത്തില്‍ ഒരു പ്രമേയം കലക്കിയുണ്ടാക്കി ണ്‍സ്‌ ഗ്‌ളാസ്സില്‍ ഒഴിച്ചുകൊടുത്തു. പ്രമേയം വായിച്ച ഉടനെ ആക്രോശവും അടിപിടിയുമുണ്ടാകുന്നത്‌ അലമ്പല്ലേ, അതുവേണ്ട. റ്റ വായനയ്‌ക്ക്‌ ആര്‍ക്കുമൊന്നും മനസ്സിലാകരുത്‌. അന്നത്തെ പാര്‍ട്ടി സെക്രട്ടറി ബാപ്പു കല്‍ദാത്തെയുടെ പേരില്‍ ഈ അത്യപൂര്‍വഫോര്‍മുലയുടെ പാറ്റന്റ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. യു.ഡി.എഫിന്റെ മന്ത്രിസഭയില്‍ ചേരണമോ അതല്ല ഇടതുപക്ഷത്ത്‌ നില്‍ക്കണമോ എന്നതായിരുന്നു പ്രശ്‌നം. ഇഷ്ടം പോലെ വ്യാഖ്യാനിക്കാന്‍ പാകത്തിലാണ്‌ പ്രമേയമുണ്ടാക്കിയത്‌. അനിവാര്യമായതിനെ നീട്ടിവെക്കാനേ മനുഷ്യന്‌ കഴിയൂ. അത്‌ സംഭവിച്ചു- പാര്‍ട്ടി പിളര്‍ന്നു. വേറെ പ്രശ്‌നമൊന്നുമില്ല.

രാഷ്‌ട്രീയമായി പ്രതികരിക്കുക എന്നതിന്‌ രാഷ്‌ട്രീയം മറന്നും പ്രതികരിക്കുക എന്നും അര്‍ഥമുണ്ട്‌. ഇന്നലെ വരെ പറഞ്ഞ രാഷ്‌ട്രീയമെല്ലാം മാറ്റിപ്പറയേണ്ടിവന്നേക്കാം. എന്നും രേ കാര്യം പറയുന്നതും ശരിയല്ലല്ലോ. ആഗോളീകരണവും ആണവക്കരാറുമെല്ലാം തല്‍ക്കാലം എടുത്ത്‌ അട്ടത്ത്‌ വെക്കേണ്ടിവന്നേക്കാം. കുറച്ച്‌ പുകയേല്‍ക്കുന്നത്‌ നല്ലതാണ്‌. ഉപേക്ഷിക്കേണ്ടതില്ല, പിന്നീട്‌ വേണ്ടപ്പോള്‍ പൊടിതട്ടിയെടുക്കാമല്ലോ. കടുകട്ടി ആദര്‍ശങ്ങളുള്ള പാര്‍ട്ടിയാണ്‌ ജനതാദള്‍. ലോക്‌സഭാസീറ്റ്‌ പോലുള്ള ആദര്‍ശങ്ങളില്‍ പാര്‍ട്ടി രുവിട്ടുവീഴ്‌ചക്കും തയ്യാറല്ല. വര്‍ഷത്തിലേറെയായി സി.പി.എം ചവിട്ടാനും കുത്താനും തുടങ്ങിയിട്ട്‌. അതുസഹിക്കാമായിരുന്നു ലോക്‌സഭാ സീറ്റ്‌ കൊടുത്തിരുന്നെങ്കില്‍. സീറ്റുമില്ല, ചവിട്ടുംകുത്തും സഹിക്കുകയും വേണമെന്ന്‌ പറഞ്ഞാല്‍ ആരാണ്‌ സമ്മതിക്കുക, ആര്‍.എസ്‌.പി.യെപ്പോലും അതിനുകിട്ടില്ല.

1980ലെ അനുഭവം സി.പി.എം കാര്‍ മറന്നിരിക്കില്ലെന്ന്‌ കരുതുന്നു. അടിയന്തരാവസ്ഥയും ജനതാഭരണവും കഴിഞ്ഞുനടന്ന ആദ്യത്തെ തിരഞ്ഞെടുപ്പില്‍ മുന്നണിയില്‍ കൂട്ടില്ലെന്ന്‌ സി.പി.എം പറഞ്ഞു. മൂന്നുകൊല്ലം കൂടെക്കിടന്ന ശേഷമാണ്‌ ജനതാപാര്‍ട്ടിയില്‍ ആര്‍.എസ്‌.എസ്സുകാരുണ്ടെന്ന്‌ മനസ്സിലായത്‌. അവര്‍ക്കങ്ങനെയാണ്‌. കുറെക്കഴിഞ്ഞേ ബോധംവരൂ. അഖി.ലീഗിന്റെ കാര്യത്തിലും അങ്ങനെയായിരുന്നല്ലോ. ഉടനെ ജനതാപാര്‍ട്ടിയെ മുന്നണിയില്‍ നിന്നുചവിട്ടിപ്പുറത്താക്കി. ഇന്നത്തെ മാതിരിയല്ല, ശരിക്കുമുള്ള ചവിട്ടായിരുന്നു. അന്ന്‌ ജനതാപാര്‍ട്ടി രാഷ്‌ട്രീയമായി പ്രതികരിച്ചത്‌ കോണ്‍ഗ്രസ്‌ ഐ ക്കൊപ്പം മത്സരിച്ചുകൊണ്ടാണ്‌. ജയിലിലിട്ട്‌ അടിച്ചമര്‍ത്തിയ ഇന്ദിരാഗാന്ധിയുടെ പാര്‍ട്ടിക്കൊപ്പം മത്സരിക്കാമെങ്കില്‍ സോണിയാഗാന്ധിയുടെ പാര്‍ട്ടിക്കൊപ്പം നില്‍ക്കാനാണോ പ്രയാസം ?

നാട്ടിലെ ജനതാദളുകാര്‍ മിക്കവരും ആസ്‌പത്രിയിലാണ്‌. വോട്ടെണ്ണുമ്പോള്‍ തലകറങ്ങി വീഴുന്ന സി.പി.എം നേതാക്കളെ ആസ്‌പത്രിയില്‍ കൊണ്ടുപോകാന്‍ മെയ്‌ 16 നല്ലേ ആംബൂലന്‍സുകള്‍ ആവശ്യമുള്ളൂ. അതുവരെ അടികൊണ്ടുവീഴുന്ന കോണ്‍ഗ്രസ്‌, ജനതാദള്‍, വി.എസ്‌. പക്ഷ പ്രവര്‍ത്തകരെ ആസ്‌പത്രിയിലാക്കാന്‍ ആംബുലന്‍സുകള്‍ വിട്ടുകൊടുത്തിട്ടുണ്ട്‌. അതിനിടയില്‍ ട്രാന്‍സ്‌പോര്‍ട്‌്‌ മന്ത്രിയുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നതില്‍ അതീവ ആശങ്കാകുലരാണ്‌ നമ്മുടെ മാത്യു ടിയും തെറ്റയിലും. ട്രാന്‍സ്‌പോര്‍ട്ടിന്റെ ഭാരം ചുമന്ന്‌ മുഖ്യമന്ത്രി കഷ്ടപ്പെടുന്നതിലുള്ള സങ്കടമാണ്‌. അല്ലാതെ മന്ത്രിയാകാനുള്ള ആര്‍ത്തിയൊന്നുമല്ല കേട്ടോ.

നിയമസഭയില്‍ പ്രതിഷേധിച്ചിറങ്ങിപ്പോകുന്നവര്‍ കുറച്ചുകഴിഞ്ഞ്‌ തിരിച്ചുവരുന്നില്ലേ. അതുപോലെ, പ്രതിഷേധിച്ച്‌ രാജിവെക്കുന്ന മന്ത്രിമാര്‍ക്ക്‌ പിറ്റേന്ന്‌ വീണ്ടും സത്യപ്രതിജ്ഞ ചെയ്‌ത്‌ സ്ഥാനമേല്‍ക്കാവുന്നതേ ഉള്ളൂ. മന്ത്രിസ്ഥാനമില്ലെങ്കില്‍ പിന്നീട്‌ പ്രതിഷേധിക്കേണ്ടിവന്നാല്‍ എന്തുചെയ്യും? ദള്‍ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതില്‍ പ്രതിഷേധിച്ച്‌ വേണമെങ്കില്‍ ഒരിക്കല്‍ കൂടി രാജി കൊടുക്കാവുന്നതേ ഉള്ളൂ, സത്യപ്രതിജ്ഞ പിറ്റേന്നുവേണം, രണ്ടിന്റെയും ലൈവ്‌ ടെലകാസ്റ്റും വേണം.

ആ നിലയ്‌ക്കുനോക്കുമ്പോള്‍, മന്ത്രിയാകേണ്ട എന്ന്‌ മാത്യു ടിക്കും തെറ്റയിലിനും പാര്‍ട്ടി വിപ്പ്‌ കൊടുത്തത്‌ ന്യായമല്ല. ജനതാദളിന്റെ മന്ത്രിയെ പിണറായി തീരുമാനിക്കേണ്ട എന്ന്‌ വി.എസ്‌. വിപ്പ്‌ കൊടുത്തതും ന്യായമല്ല. മുഖ്യമന്ത്രി ആരാവണം എന്ന്‌ തീരുമാനിക്കുന്നതുതന്നെ പിണറായിയാണ്‌. പിന്നെയാണ്‌ ജനതാദള്‍ മന്ത്രിയുടെ കാര്യം. മെയ്‌ പതിനാറുകഴിയട്ടെ, എല്ലാറ്റിനും സമാധാനമുണ്ടാക്കാം.

*****

വേണ്ടിവന്നാല്‍ പ്രധാനമന്ത്രിയാകാന്‍ തയ്യാര്‍ എന്ന്‌ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞതായി പാര്‍ട്ടിയെക്കുറിച്ച്‌ ചുക്കും അറിയാത്ത ഏതോ ഏജന്‍സി ലേഖകന്‍ അടിച്ചുവിട്ടു. ചുക്കും ചുണ്ണാമ്പും അറിയാത്ത പത്രക്കാര്‍ വെണ്ടക്കയിലത്‌ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. പ്രധാനമന്ത്രിയാകാന്‍ തയ്യാറാണെന്ന്‌ പറയാന്‍ രു കമ്യൂണിസ്‌റ്റ്‌പാര്‍ട്ടി സെക്രട്ടറിക്കും അനുവാദമില്ല. അനുവാദമുള്ളത്‌ ആ മോഹം ഇരുചെവിയറിയാതെ കൊണ്ടുനടക്കാന്‍ മാത്രമാണ്‌‌. ആഗ്രഹം സാധിച്ചെടുക്കാന്‍ സുവര്‍ണാവസരം ത്തുവന്നാല്‍ പ്രകാശ്‌ കാരാട്ടിനെപ്പോലുള്ള പ്രത്യയശാസ്‌ത്രവിശാരദന്മാര്‍ പാര്‍ട്ടി ഗ്രന്ഥാവലിയും പാര്‍ട്ടി പരിപാടിയും ജാതകവുമെല്ലാം നോക്കി അത്‌ അലസിപ്പിച്ചുകളയും. അത്‌ ഹിമാലയന്‍ മണ്ടത്തരമായി എന്ന്‌ വന്ദ്യവയോധികനേതാവിന്‌ ശിഷ്ടകാലം മുഴുവന്‍ വിളിച്ചുപറയാം. അതിന്‌ പ്രായം ചുരുങ്ങിയത്‌ എണ്‍പതെങ്കിലുമാകണം. പ്രകാശ്‌ കാരാട്ടിന്‌ അതിനിനിയും കാലമേറെയുണ്ട്‌ ബാക്കി.

ഇപ്പോള്‍ നടക്കുന്ന യജ്ഞം അതൊന്നുമല്ല. കോണ്‍ഗ്രസ്സിനെ അധികാരത്തിന്റെ നാലയലത്ത്‌ അടുപ്പിക്കരുത്‌. ബി.ജെ.പി.യെയും അടുപ്പിച്ചുകൂടാ. ഇതുരണ്ടുമല്ലാത്ത ഡസന്‍കണക്കിന്‌ പാര്‍ട്ടികളില്ലേ ഈ ദുനിയാവില്‍. അവ ഏതെങ്കിലും നിലയില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ തരിമ്പെങ്കിലും ഭേദമാണോ എന്നൊന്നും ചോദിക്കരുത്‌. ഏതുപക്ഷത്തും ചേരാന്‍ അവര്‍ തയ്യാര്‍. ആഗോളീകരണത്തെ എതിര്‍ക്കാനും തയ്യാര്‍, അനുകൂലിക്കാനും തയ്യാര്‍. ആണവക്കരാറിനെ എതിര്‍ക്കാനും തയ്യാര്‍ അനുകൂലിക്കാനും തയ്യാര്‍. സംഘപരിവാറിനൊപ്പം കിടക്കാനും തയ്യാര്‍ കോണ്‍ഗ്രസ്സിനൊപ്പം നടക്കാനും തയ്യാര്‍. ഭൂരിപക്ഷം ഒപ്പിച്ചെടുക്കാന്‍ ആര്‍ക്കാണ്‌ കൂടുതല്‍ കഴിവുള്ളത്‌ എന്നേ അവര്‍ നോക്കൂ. പിന്നെ ലേലംവിളിയാരംഭിക്കും. ദീപസ്‌തംഭം മഹാശ്ചര്യം….

പടച്ചോനാണേ സത്യം, രാജാവാകുന്നതിനേക്കാള്‍ ആയിരംമടങ്ങ്‌ സൂഖമുള്ളത്‌ രാജാവിനെ നിര്‍മിക്കുന്ന പണിയാണ്‌. ഇംഗ്‌ളീഷുകാര്‍ കിങ്ങ്‌മേക്കര്‍ എന്നുപറയും. സകലരും പ്രധാനമന്ത്രിയുടെ കാലുതടവും, പ്രധാനമന്ത്രി നമ്മുടെ കാലുതടവും. എന്തൊരു സൂഖം. യു.പി.എ. ഭരണത്തില്‍ നാലുവര്‍ഷം അതായിരുന്നു കളി. പക്ഷേ ഒടുവില്‍ മന്‍മോഹന്‍ ആ തടവില്‍നിന്നും തടവലില്‍നിന്നും രക്ഷപ്പെട്ടുകളഞ്ഞു.

എന്‍.സി.പി, ബി.എസ്‌.പി., ബി.ജെ.ഡി, അണ്ണാ ഡി.എം.കെ., തെലുഗുദേശം, ജനതാദള്‍ എസ്‌., ജനതാദള്‍യു., സമതാപാര്‍ട്ടി, അഖില ഭാരത ലാലു പാര്‍ട്ടി, അഖില ഭാരത മുലായം പാര്‍ട്ടി തുടങ്ങിയ ഡസനോളം പാര്‍ട്ടികളില്‍ കാലുതടവുവിദഗ്‌ധരും വിദഗ്‌ധകളും നിരവധിയുണ്ട്‌. ഓരോരുത്തരുടെയും കൈയില്‍ നീണ്ട കാലത്തെ എക്‌സ്‌പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റുകളുമുണ്ട്‌. വാജ്‌പേയി ഒപ്പിട്ട സര്‍ട്ടിഫിക്കറ്റും ഉണ്ട്‌, മന്‍മോഹന്‍ സിങ്ങ്‌ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റുമുണ്ട്‌. രണ്ടുപേരില്‍ നിന്നും സര്‍ട്ടിഫിക്കറ്റ്‌ വാങ്ങിയവര്‍ക്കാണ്‌ മൂന്നാം മുന്നണിയില്‍ മുന്‍ഗണന. അവരെ ഭരണമേല്‍പ്പിക്കാം. എങ്കില്‍ പ്രകാശ്‌ കാരാട്ടിന്‌ അവരുടെ കോച്ചും റഫറിയും സെലക്‌റ്ററുമായി സസുഖം വാഴാം.

*****
തൃശ്ശൂരില്‍ നിന്ന്‌ ക്വട്ടേഷന്‍ സംഘത്തെ കോണ്‍ഗ്രസ്സുകാര്‍ പോളിങ്‌ ദിവസം കണ്ണൂരില്‍ കൊണ്ടുവന്നതെന്തിന്‌ എന്നതിനെക്കുറിച്ച്‌ വലിയ വിവാദം നടക്കുന്നുണ്ട്‌. പിടികിട്ടിയവരാരും എന്തിനാണ്‌ വന്നത്‌ എന്ന്‌ പറഞ്ഞതായി അറിവില്ല. ഊഹോപോഹങ്ങളേ ഉള്ളൂ. ഈ രംഗത്തുപരിചയമുള്ള സി.പി.എമ്മുകാരുടെ അറിവനുസരിച്ച്‌ കൊല്ലാനേ ഈ കൂട്ടരെ ആരും വിളിക്കാറുള്ളൂ. കാവലിനാണെങ്കില്‍ വല്ല സെക്യൂറിറ്റിക്കാരെയും വിളിച്ചാല്‍ മതിയല്ലോ. സി.പി.എമ്മിലെ ഏതെങ്കിലും നേതാവിനെ തിരഞ്ഞെടുപ്പുനാളില്‍ കൊല്ലാന്‍ മാത്രം മന്ദബുദ്ധിയല്ല കെ.സുധാകരന്‍ എന്നവര്‍ക്കറിയാം. പിന്നെയാരെയാവും കൊല്ലുക? യു.ഡി.എഫിലെ ആരെയെങ്കിലും കൊന്നിട്ട്‌ എല്‍.ഡി.എഫിന്റെ ചുമലില്‍ വെക്കാനാവും. ഈ രംഗത്തെ സഹൃദയരായതുകൊണ്ട്‌ അവര്‍ അങ്ങനെ ചിന്തിച്ചതില്‍ തെറ്റില്ല.

തീര്‍ച്ചയായും കോണ്‍ഗ്രസ്സുകാരുടെ നടപടി അങ്ങേയറ്റം അപലപനീയമാണ്‌. സി.പി.എമ്മുകാര്‍ ഒരിക്കലും ചെയ്യാത്ത നീചകൃത്യമാണത്‌. തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ്‌ പ്രദേശങ്ങളില്‍ ആരെ, എങ്ങനെ, എപ്പോള്‍, ആരുടെ മുന്നില്‍ വേണമെങ്കിലും അമ്പതോ നൂറോ വെട്ടുവെട്ടി കൊല്ലാന്‍ കഴിവുളള അസംഖ്യം തദ്ദേശീയ ക്വട്ടേഷന്‍കാര്‍ ഉള്ളപ്പോള്‍ മറ്റിടങ്ങളില്‍ നിന്ന്‌ അവരെ ഇറക്കുന്നത്‌ അംഗീകൃത തൊഴില്‍നിയമങ്ങളുടെ കടുത്ത ലംഘനമാണ്‌. മണ്ണിന്റെ മക്കള്‍ക്ക്‌ തൊഴില്‍ നിഷേധിക്കരുത്‌. തൃശ്ശൂരിലെയോ എറണാകുളത്തെയോ ക്വട്ടേഷന്‍കാര്‍ പത്തുകൊല്ലത്തിനകം നടത്തിയതിലേറെ കൊലകള്‍, കൈവെട്ടലുകള്‍, കാലുവെട്ടലുകള്‍ വര്‍ഷംനടത്തിയിട്ടുണ്ട്‌ കണ്ണൂരിലെ ക്വട്ടേഷന്‍കാര്‍. കൃത്യം കണക്ക്‌ കോടിയേരിയുടെ പോലീസിനോട്‌ ചോദിച്ചാല്‍ പറഞ്ഞുതരും. എന്നിട്ടെന്തുകൊണ്ടാണ്‌ കോണ്‍ഗ്രസ്സുകാര്‍ മറുനാട്ടുകാരെ വിളിച്ചത്‌ ? മറുനാട്ടുകാരെ വിളിച്ചാല്‍ രഹസ്യം ചോരില്ലെന്നാവും ധരിച്ചിരിക്കുക. എന്നിട്ടെന്തായി ? റോഡിലിറങ്ങാന്‍ പറ്റാതായില്ലേ ?

Leave a Reply

Your email address will not be published. Required fields are marked *

Go Top