കോളയാണിന്നെന്റെ ദുഃഖം

ഇന്ദ്രൻ

സകല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം പത്രങ്ങളിലെ മുഖപ്രസംഗമെഴുത്തുകാര്‍ക്കറിയാം. എങ്കില്‍പ്പിന്നെ ഇവര്‍ക്ക് വന്ന് പ്രധാനമന്ത്രിസ്ഥാനവും മന്ത്രിസ്ഥാനവും വഹിച്ചുകൂടേ എന്ന്, ഏതോ മുഖപ്രസംഗം വായിച്ച് കുപിതനായ ഒരു മന്ത്രി വിദേശത്തെവിടെയോ ചോദിച്ചതായി കേട്ടിട്ടുണ്ട്. മന്ത്രിതന്നെ ഉടനെ അത് തിരുത്തി. ഇവരൊക്കെ മന്ത്രിമാരായാല്‍ പിന്നെയാരാണ് മുഖപ്രസംഗമെഴുതുക? അതുവേണ്ട, അവര്‍ അവരുടെ പണിയും നമ്മള്‍ നമ്മളുടെ പണിയും തുടരുകയാവും നല്ലത് എന്ന നിഗമനത്തിലാണ് അന്നദ്ദേഹം എത്തിയത്.
ഈ തത്ത്വം വകുപ്പുസെക്രട്ടറിമാര്‍ക്കും ബാധകമാണ്. നാട്ടിലെ ഓരോ രോഗത്തിനുമുള്ള പരിഹാരക്രിയകള്‍ സര്‍ക്കാര്‍ സെക്രട്ടറിമാര്‍ ചെയ്യാന്‍ തുടങ്ങിയാല്‍പ്പിന്നെ മന്ത്രിമാര്‍ക്കും നിയമസഭയ്ക്കുമൊന്നും പണിയുണ്ടാവില്ല. അതുകൊണ്ട് സെക്രട്ടറിമാരും മന്ത്രിമാരും മാധ്യമക്കാരുമൊക്കെ അവരവരുടെ പണി ചെയ്യണമെന്നാണ് പഴഞ്ചന്‍ ജനാധിപത്യ കീഴ്‌വഴക്കങ്ങളില്‍ വിശ്വസിക്കുന്ന ശുദ്ധമനസ്‌കര്‍ക്ക് തോന്നുന്നത്. മന്ത്രി എന്ത് ചെയ്യണമെന്ന് വകുപ്പ് സെക്രട്ടറിയും മാധ്യമക്കാര്‍ എങ്ങനെ എഴുതണമെന്ന് വകുപ്പുമന്ത്രിയും പറയുന്നതാണ് ജനാധിപത്യമെന്ന് ജനം ഇതുവരെ പറഞ്ഞിട്ടില്ലല്ലോ.

നാട് നന്നാക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് സകല ജനത്തിനും അറിയുന്ന ഒരു സംസ്ഥാനമാണ് കേരളം. ഇത്തരമൊരു അപകടാവസ്ഥ ലോകത്ത് വേറെയെങ്ങും ഇല്ല. അപ്പോള്‍പ്പിന്നെ വ്യവസായവകുപ്പ് സെക്രട്ടറിക്കാണോ വ്യവസായം വരാനും വളര്‍ത്താനും എന്താണ് ചെയ്യേണ്ടത് എന്നറിയാത്തത്? മന്ത്രിമാരേക്കാള്‍ നന്നായറിയുമായിരിക്കും. എന്ത് പ്രയോജനം. ഈ തുലഞ്ഞ ജനാധിപത്യത്തില്‍ ജനം തിരഞ്ഞെടുക്കുന്നവര്‍ക്കേ അതിനെല്ലാമുള്ള അധികാരമുള്ളൂ. വിവരമുള്ള സെക്രട്ടറിയെ വെക്കുന്നത് വിവരം മന്ത്രിക്കുകൂടി നല്‍കി വിവരകാര്യത്തിലുള്ള ദാരിദ്ര്യം പരിഹരിക്കാനാണ്. അല്ലാതെ പൊതുവേദിയില്‍ നയപ്രഖ്യാപനം നടത്താനല്ല. അങ്ങനെ ചെയ്യുന്നത് കൂടുതല്‍ വലിയ വിവരദാരിദ്ര്യമാകും.

പ്ലാച്ചിമടയിലെ കൊക്കകോള ഫാക്ടറി പൂട്ടിയതില്‍ ദുഃഖിക്കാനും പുതുശ്ശേരിയിലെ പെപ്‌സി ഫാക്ടറി പൂട്ടാതിരുന്നതില്‍ സന്തോഷിക്കാനും ടി. ബാലകൃഷ്ണന് ഭരണഘടന പൂര്‍ണസ്വാതന്ത്ര്യം നല്‍കുന്നുണ്ട്. പക്ഷേ, വ്യവസായവകുപ്പ് സെക്രട്ടറിക്ക് അതിനുള്ള സ്വാതന്ത്ര്യമില്ല. സര്‍ക്കാര്‍ ദുഃഖിക്കുന്നതിനും സന്തോഷിക്കുന്നതിനുമൊത്തേ സെക്രട്ടറിക്കും ദുഃഖിക്കാനും സന്തോഷിക്കാനും അധികാരമുള്ളൂ. വ്യവസായവകുപ്പ് സെക്രട്ടറി വ്യക്തിപരമായ അഭിപ്രായം മാത്രമാണ് പറഞ്ഞതെന്ന് മന്ത്രി ന്യായീകരിക്കുന്നെങ്കില്‍ അതിനര്‍ഥം, വിവരദാരിദ്ര്യത്തില്‍ ഇരുവരും തുല്യത പുലര്‍ത്തുന്നു എന്നാണ്. കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ വ്യവസായികളുമായി മുഖാമുഖം നടത്തുമ്പോള്‍ അവിടെ ടി. ബാലകൃഷ്ണനില്ല, വ്യവസായവകുപ്പ് സെക്രട്ടറിയേ ഉള്ളൂ. വ്യവസായവകുപ്പ് സെക്രട്ടറിയെ സാഹിത്യസെമിനാറില്‍ വിളിക്കുമ്പോഴേ സംഗതി വ്യക്തിപരമാകൂ. വ്യവസായസെമിനാറില്‍ അതില്ല. പൗരസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന നിര്‍ഭാഗ്യവാന്മാരാണ് ഈ കൂട്ടര്‍. അയ്യോ പാവം.

പ്ലാച്ചിമടയിലെ ഫാക്ടറി പൂട്ടിയതില്‍ സര്‍ക്കാറിന് ദുഃഖമുണ്ടോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. അത് വലിയൊരു ചോദ്യമാണ്. ആരാണ് ഈ സര്‍ക്കാര്‍ എന്നുപറയുന്നത്? മുഖ്യമന്ത്രിയാണോ മന്ത്രിയാണോ മന്ത്രിസഭയാണോ അതല്ല, വകുപ്പ് സെക്രട്ടറിയോ? ഒന്നും വ്യക്തമല്ല. പ്ലാച്ചിമടയിലെ കോള ഫാക്ടറി അടച്ചതില്‍ മുഖ്യമന്ത്രിക്ക് ദുഃഖമില്ല എന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്ക്
ദുഃഖമുണ്ടോ? പ്ലാച്ചിമടയില്‍ കോളക്കമ്പനിയെ കൊണ്ടുവന്നത് പാര്‍ട്ടി ഭരിക്കുമ്പോഴാണ്. സാരമില്ല, അത് വിവരദാരിദ്ര്യം കൊണ്ടുണ്ടായ അബദ്ധമാണ്. ഏഴ് വര്‍ഷം മുമ്പ് പ്ലാച്ചിമടയിലെ ജനം കോളയ്‌ക്കെതിരെ ആഞ്ഞടിച്ച കാലത്ത് പാര്‍ട്ടിയും അവര്‍ക്കൊപ്പം നിന്നതാണ്. 2003- ല്‍ പാര്‍ട്ടി ദേശീയനേതൃത്വത്തിന്റെ പ്രസിദ്ധീകരണമായ പീപ്പ്ള്‍സ് ഡെമോക്രസിയിലെഴുതിയ ലേഖനത്തില്‍ പറഞ്ഞത് ”വിഷം വില്‍ക്കുന്ന കൊക്കകോളയും പെപ്‌സിയും നാട് വിട്ടേ പറ്റൂ എന്നാണ്.” കുട്ടികളുടെയും യുവാക്കളുടെയും ഒരു തലമുറയ്ക്ക് വിഷംകുടിപ്പിക്കുന്നതുകൊണ്ട് അവരെ പുറത്താക്കണം. ഫാക്ടറിക്ക് ചുറ്റുമുള്ള ഭൂമിയെ തരിശാക്കുന്നതു കൊണ്ട് അവര്‍ പോകണം. കോര്‍പ്പറേറ്റ് ലോകത്തിന്റെ എല്ലാ തിന്മകളുടെയും പ്രതീകമായതുകൊണ്ട് അവ പുറത്തുപോകണം…..” എന്നാണ് അന്ന് എഴുതിയത്.

ഇതെല്ലാം വായിച്ചു ദുഃഖിച്ചാവണം ഫാക്ടറിയെ രക്ഷിക്കേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. അതുകൊണ്ടാണ് അടയ്ക്കാന്‍ കോടതിയും കല്പിച്ചത്. കോള ഫാക്ടറിയുണ്ടാക്കിയ അപകടം പഠിക്കാന്‍ സീനിയര്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതിയെ സര്‍ക്കാര്‍ അയച്ചതും അതുകൊണ്ടാവണം. ഉന്നതാധികാര സമിതി സര്‍ക്കാറിനോട് പറഞ്ഞത് കോള ഫാക്ടറി 216 കോടി രൂപയുടെ നഷ്ടം നാടിനുണ്ടാക്കിയിട്ടുണ്ടെന്നാണ്. ജലം ഊറ്റി നാടിനെ മരുഭൂമിയാക്കുന്നുവെന്നാണ്, വളമെന്ന് തെറ്റിദ്ധരിപ്പിച്ച് വിഷം ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ്, ഉള്ള ഇത്തിരി ഭൂഗര്‍ഭവെള്ളത്തെ മലിനമാക്കിയെന്നാണ്, കാര്‍ഷികോത്പാദനം കുറച്ചെന്നാണ്, ത്വക്, ശ്വാസകോശരോഗങ്ങള്‍ പരത്തിയെന്നാണ്, സ്ത്രീകള്‍ക്ക് നരകയാതനയുണ്ടാക്കിയെന്നാണ്, നാട്ടിലെ ഒരു പാട് നിയമങ്ങള്‍ ലംഘിച്ചുവെന്നാണ്…..

എങ്കിലും വ്യവസായ സെക്രട്ടറിക്ക് അതിലൊന്നുമില്ല ദുഃഖം. ഫാക്ടറി രക്ഷിക്കാന്‍ കഴിയാത്തതിലുള്ള സെക്രട്ടറിയുടെ ദുഃഖപ്രകടനത്തില്‍ വ്യവസായമന്ത്രി തെറ്റൊന്നും കാണുന്നില്ല. സര്‍ക്കാറിന് ഫാക്ടറി അടപ്പിക്കാനും സര്‍ക്കാര്‍ സെക്രട്ടറിക്ക് അതില്‍ ദുഃഖിക്കാനും സ്വാതന്ത്ര്യമുണ്ട്.
ഇതില്‍ നാട്ടുകാര്‍ ദുഃഖിക്കേണ്ട കാര്യമില്ല……

* * * *

ഒപ്പമുള്ള ആരോ അതിരപ്പിള്ളി പദ്ധതിക്ക് പാര വെക്കുന്നുണ്ട് എന്നാണ് വൈദ്യുതിമന്ത്രി എ.കെ. ബാലന് തോന്നുന്നത്. സഹമന്ത്രി ബിനോയ് വിശ്വമാണ് അതു ചെയ്യുന്നത് എന്ന് ബാലന്‍ പറഞ്ഞിട്ടില്ല. ബാലന്‍ പറയാതെതന്നെ ജനത്തിന് അങ്ങനെ തോന്നുന്നുവെങ്കില്‍ അതു ബാലന്റെ കുറ്റമാകില്ല, ബിനോയിയുടെ കുറ്റമാകാനേ തരമുള്ളൂ.

നാദാപുരത്ത് ചെയ്താല്‍ ശരിയും അതേകാര്യം അതിരപ്പിള്ളിയില്‍ ചെയ്താല്‍ തെറ്റുമാകുന്നതെങ്ങനെ എന്ന ബാലന്റെ ചോദ്യത്തില്‍ കഴമ്പുണ്ട്. നാദാപുരത്ത് ബാലനും ബിനോയിയും ഒന്നാകും. അതു ബിനോയിയോടുള്ള സ്‌നേഹം കൊണ്ടല്ല, നാദാപുരം ബാലന്റെ സ്വന്തം ജന്മനാടാണ്. ബിനോയിക്ക് അതു സ്വന്തം മണ്ഡലം മാത്രം. എന്തായാലും അവിടെ നമുക്ക് വൈദ്യുതി കിട്ടിയാല്‍ മതി, പരിസ്ഥിതിയും കുണ്ടാമണ്ടിയുമെല്ലാം സൈഡില്‍ കിടക്കട്ടെ. അതിരപ്പിള്ളിയിലെത്തുമ്പോള്‍ നമ്മള്‍ക്ക് വൈദ്യുതിമന്ത്രിയും വനംമന്ത്രിയുമാകാം.
വൈദ്യുതിമന്ത്രി ഒരു കാരണവശാലും പരിസ്ഥിതിയെപ്പറ്റി ചിന്തിക്കരുത് എന്നും വനം-പരിസ്ഥിതിമന്ത്രി വൈദ്യുതിയെപ്പറ്റി ചിന്തിക്കുകയോ പറയുകയോ ചെയ്യരുത് എന്നും സത്യപ്രതിജ്ഞ ചെയ്ത മട്ടിലാണ് കാലാകാലമായി രണ്ടിനം മന്ത്രിമാരുടെയും പെരുമാറ്റം. അക്കാര്യത്തില്‍ യു.ഡി.എഫ്., എല്‍.ഡി.എഫ്. വ്യത്യാസമില്ല. സൈലന്റ് വാലിയുടെ കാലംമുതല്‍ തുടങ്ങിയതാണ് അത്. ഇനി മുഖ്യമന്ത്രിക്ക് ഒരു ബോധോദയമുണ്ടായി ബാലന്റെയും ബിനോയിയുടെയും വകുപ്പുകള്‍ പരസ്​പരം മാറ്റിയെന്നിരിക്കട്ടെ. എ.കെ. ബാലന്‍ പ്രകൃതിയെപ്പറ്റി കരയാന്‍ തുടങ്ങും. നാദാപുരത്തുപോലും വനംവിട്ടൊരു കളിയുമില്ല എന്ന് തറപ്പിച്ചുപറയും. ചിലപ്പോള്‍ കവിതയെഴുതാനും മടിക്കില്ല. ബിനോയ് വനംകണ്ടാല്‍ കണ്ണടച്ചുകളയും. ഇനിയീ മനസ്സില്‍ കവിതയില്ല എന്ന് ഗദ്ഗദം കൊള്ളും.

ഒരു മന്ത്രിക്കുതന്നെ വനംവകുപ്പും വൈദ്യുതി വകുപ്പും പതിച്ചുകൊടുക്കാന്‍ വിവരദാരിദ്ര്യമുള്ള ഏതെങ്കിലും മുഖ്യമന്ത്രി എന്നെങ്കിലും തുനിഞ്ഞാല്‍ ഉണ്ടാകാനിടയുള്ള അപകടമോര്‍ത്ത് പേടിയാകുന്നു. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെയും പരിസ്ഥിതി-വനം ഉദ്യോഗസ്ഥരുടെയും ഉപദേശം ഒരേ സമയം കേട്ട് മന്ത്രിക്ക് ഉണ്ടാകാനിടയുള്ള മാനസിക പ്രതിസന്ധികള്‍ നാടിന് ഭീഷണിയാകാന്‍പോലും സാധ്യതയുണ്ട്. ഘടകകക്ഷികള്‍ വേണ്ട മുന്‍കരുതല്‍ എടുക്കുമായിരിക്കും.

* * * *

ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് എന്ന കമ്പനിയില്‍ മെമ്പര്‍ ആയി നിയമനം കിട്ടുന്നതിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പത്രപരസ്യം കണ്ടിരിക്കുമല്ലോ. അപേക്ഷാഫോറം പരസ്യത്തില്‍ പൂര്‍ണരൂപത്തില്‍ കൊടുത്തിട്ടുണ്ട്. വളരെ സൂക്ഷിച്ചുവേണം ഫോറം ഫില്ലപ്പ് ചെയ്യാന്‍. കോപ്പിയെടുക്കുമ്പോള്‍ ഫോമിന്റെ വലിപ്പം കുറയാനോ കൂടാനോ പാടില്ല. ആംഗലത്തിലാണ് ഫോമിലെ ചോദ്യങ്ങളെല്ലാം. ഭാഷ അറിയാത്തവര്‍ ഇങ്ങോട്ടുവരേണ്ട, വേറെ വല്ല പണിയും നോക്കിയാല്‍ മതി.

ബാങ്ക് ജോലിക്കെല്ലാം അപേക്ഷിക്കുന്നതുപോലെ ഓരോ കള്ളിയില്‍ പേര് വികസിപ്പിച്ചെഴുതാനൊക്കെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്ക് അറിയുമായിരിക്കും. എന്തായാലും കുറെ ജോലിക്ക് അപേക്ഷിച്ച ശീലം ഇല്ലാതിരിക്കില്ലല്ലോ. ജനനത്തീയതി, ബ്ലഡ് ഗ്രൂപ്പ്, ജാതി, മതം, മൊബൈല്‍ നമ്പര്‍, ഇ-മെയ്ല്‍ വിലാസം തുടങ്ങി മൊത്തം പത്തിരുപത് കള്ളികള്‍ പൂരിപ്പിക്കാനുണ്ട്. ഒരിടത്ത് സെക്‌സ് എന്ന ചോദ്യവും കാണുന്നുണ്ട്. ഒട്ടും ഇല്ല എന്ന് എഴുതിയാല്‍ മതി. ബാര്‍കോഡ് എന്ന് കണ്ട് ബേജാറാകേണ്ട. അതിന് നമ്മള്‍ പോകുന്ന ബാറുമായി ഒരു ബന്ധവുമില്ല. അതു റിട്ടേണിങ് ഓഫീസര്‍ പൂരിപ്പിച്ചുകൊള്ളും.
ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ആദ്യമേ ശേഖരിച്ചുവെച്ചേക്കണേ….. ഒന്നും വിട്ടുപോകരുത്. ഏതെങ്കിലും കള്ളി എഴുതാതെ വിടുകയോ സര്‍ട്ടിഫിക്കറ്റുകള്‍ വെക്കാതിരിക്കുകയോ ചെയ്താല്‍ ഉടനടി അപേക്ഷ നിരസിക്കുന്നതായിരിക്കും. പിന്നെ കരഞ്ഞിട്ട് കാര്യമില്ല. ഇനി എല്ലാം എഴുതി, സര്‍ട്ടിഫിക്കറ്റുകള്‍ ചേര്‍ത്ത് കൊടുത്തതുകൊണ്ട് മെമ്പര്‍ഷിപ്പ് തന്നുകൊള്ളും എന്നില്ല. അടച്ച ഫീസ് എന്തായാലും തിരിച്ചുകിട്ടില്ല. അതിന്റെ കാരണം ചോദിച്ചിങ്ങോട്ടൊന്നും വരേണ്ട. അതങ്ങനെയാണ്.

ലക്ഷക്കണക്കിന് യുവാക്കള്‍ ഓരോ മണ്ഡലത്തിലും അപേക്ഷാഫോമിനുവേണ്ടി ഇരമ്പിവരുന്നത് വമ്പിച്ച ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുമെന്നതുകൊണ്ടാണ് അംഗത്വഫോറം പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയത്. ആരും തെറ്റിദ്ധരിക്കരുത്. അച്ചടിച്ചുകൊണ്ടുവന്ന ഫോറം ചെലവാകാതെ കിടക്കുന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചില ശത്രുക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്. സത്യമല്ല.

എന്തായാലും ഇതാണ് പോക്കിന്റെ രീതിയെങ്കില്‍ യൂത്ത് കോണ്‍ഗ്രസ്സിനെ പിടിച്ചാല്‍കിട്ടില്ല. കണ്ടോളിന്‍ !!

Leave a Reply

Your email address will not be published. Required fields are marked *

Go Top