ടിക്കറ്റ്‌ യുദ്ധം

ഇന്ദ്രൻ

കോണ്‍ഗ്രസ്‌ അവരുടെ സ്ഥാനാര്‍ഥിനിര്‍ണയം വൈകിച്ചത്‌ രണ്ടുകാരണങ്ങളാലാണ്‌. പ്രധാനകാരണം ആദ്യം പറയാം. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ഭാഗമായി തെരുവുയുദ്ധം, കോലം കത്തിക്കല്‍, റിബലിറക്കം, മുണ്ടുരിയല്‍, തെറിവിളി തുടങ്ങിയ ഉള്‍പാര്‍ട്ടി ജനാധിപത്യ നടപടിക്രമങ്ങളുണ്ട്‌. ഇടതുമുന്നണി കക്ഷികളുടെ ഐക്യദാര്‍ഡ്യപ്രകടനം തെരുവിലും മാധ്യമങ്ങളിലും നടക്കുന്നതിനിടയില്‍ കോണ്‍ഗ്രസ്സുകാരും കൂടി രംഗത്തിറങ്ങിയാല്‍ മാധ്യമറിപ്പോര്‍ട്ടര്‍മാരും ചാനല്‍ ചര്‍ച്ചാജീവിക ളും വലയും. കോണ്‍ഗ്രസ്സിലെ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്‌ വേണ്ടത്ര മീഡിയ കവറേജ്‌ കിട്ടാതെ പോവുകയും ചെയ്യും. അതുകൊണ്ട്‌ ഇടത്‌ അങ്കം ഏതാണ്ടൊന്ന്‌ അടങ്ങിയിട്ടുമതി മറ്റേതെന്ന്‌ തീരുമാനിക്കുകയായിരുന്നു. വൈകിയതിന്‌ ക്ഷമിക്കുക.

ഇനി രണ്ടാമത്തെ കാരണം പറയാം. അമേരിക്കന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്ര സങ്കീര്‍ണമാണ്‌ കോണ്‍ഗ്രസ്സിന്റെ ഒരോ സീറ്റിലെയും സ്ഥാനാര്‍ഥിനിര്‍ണയം. ഇന്ന സ്ഥാനം ഇന്ന ആളേ ആഗ്രഹിക്കാവൂ എന്നൊന്നും ആ പാര്‍ട്ടിയുടെ ഭരണഘടനയിലില്ല. ഐക്യരാഷ്‌ട്രസഭ, പെന്റഗണ്‍, ചൊവ്വാഗ്രഹം, എ.ഐ.സി.സി അടുക്കള തുടങ്ങിയ വിദൂരകേന്ദ്രങ്ങളില്‍ നിന്ന്‌ ബുദ്ധിജീവികള്‍ തൊട്ട്‌ അന്യഗ്രഹജീവികള്‍ വരെ സ്ഥാനാര്‍ഥിയാകാന്‍ വന്നിറങ്ങിയേക്കാം. ബൂത്ത്‌ പ്രസിഡന്റ്‌ തൊട്ട്‌ മേലോട്ടുളള ആര്‍ക്കും സ്ഥാനാര്‍ഥിയാകാന്‍ അവകാശമുള്ളതുകൊണ്ട്‌ വഴിയെ പോകുന്നവരും ഒരുകൈനോക്കും, പോയാലൊരു തേങ്ങ, കിട്ടിയാലൊരു തെങ്ങ്‌ എന്ന ന്യായത്തില്‍. കോണ്‍ഗ്രസ്‌ മെമ്പര്‍ഷിപ്പ്‌ ലിസ്റ്റിനേക്കാള്‍ ചെറുതൊന്നുമാവില്ല ആദ്യഘട്ടത്തിലെ സ്ഥാന ആര്‍ത്തികളുടെ ലിസ്റ്റ്‌. മെമ്പര്‍ അല്ലാത്തവരും ലിസ്റ്റില്‍ ഉണ്ടാകുമല്ലോ.

ആദ്യം എലിമിനേഷന്‍ റൗണ്ടാണ്‌. മുഖപരിചയം പോലുമില്ലാത്തവരുടെ പേരുകള്‍ ആദ്യവും ഒരു ശുപാര്‍ശക്കത്തെങ്കിലും ഇല്ലാത്തവരുടേത്‌ രണ്ടാമതായും വെട്ടിമാറ്റും. ഒരു സീറ്റില്‍ പത്തില്‍കൂടുതല്‍ ആര്‍ത്തികളെ ഹൈക്കമാന്‍ഡ്‌ സ്വീകരിക്കില്ല. അത്രയും പേരുളള ലിസ്റ്റുമായാണ്‌ വിമാനം കയറുക. അവിടെച്ചെന്നാല്‍ സെലക്ഷന്‍കമ്മിറ്റി, ഇലക്ഷന്‍ കമ്മിറ്റി, സ്‌ക്രീനിങ്‌ കമ്മിറ്റി തുടങ്ങിയ കമ്മിറ്റികളിലൂടെയും കമ്മിറ്റികളേക്കാള്‍ ബലവാന്മാരായ ദിവ്യന്മാരുടെ തലകളിലൂടെയും ലിസ്റ്റ്‌ കടന്നുപോകേണ്ടതുണ്ട്‌. ഈ ഘട്ടത്തില്‍ ലിസ്റ്റിലുള്ളവര്‍ പുറത്തുപോവും, പിന്നെ തിരിച്ചുകയറും. ലിസ്റ്റിലേ ഇല്ലാത്തവര്‍ കയറിക്കൂടും, ഉടനെ പുറത്താകും, വീണ്ടും പുറത്താവും അകത്താവും- നീണ്ടുപോകാം ഈ പ്രക്രിയ. നിശ്ചിതസമയത്ത്‌ ലിസ്റ്റില്‍ ആരൊക്കെയുണ്ട്‌ എന്നറിയാന്‍ ആ സമയത്തെ ചാനല്‍വാര്‍ത്ത കേട്ടാല്‍ മതി. ഒരു സമയത്ത്‌ ഒരുചാനല്‍ വാര്‍ത്തയേ കേള്‍ക്കാവൂ. ഓരോ ചാനലിനും വ്യത്യസ്‌തലിസ്‌റ്റുകളാണ്‌ പ്രസിദ്ധീകരണത്തിനു നല്‍കുക. ഏതെങ്കിലും ഒരു ചാനലില്‍ ഒരു തവണയെങ്കിലും പേരുവന്നിട്ടില്ലാത്ത കോണ്‍ഗ്രസ്സുകാര്‍ പിന്നെ കോണ്‍ഗ്രസ്സാണെന്ന്‌ പറഞ്ഞുനടന്നിട്ട്‌ കാര്യമില്ല. ഇതിനെല്ലാം ശേഷം ജീവനോടെ അവശേഷിക്കുന്നവരാണ്‌ അവസാനത്തെ ലിസ്റ്റിലെത്തുക. സര്‍വൈവല്‍ ഓഫ്‌ ദി ഫിറ്റസ്റ്റ്‌ എന്ന്‌ പറഞ്ഞത്‌ ഈ ജീവികളെക്കുറിച്ചാണ്‌.

സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചാല്‍ ഹൈക്കമാന്‍ഡിനെ എല്ലാവരും കുറ്റം പറയും. കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിലിസ്റ്റ്‌ തയ്യാറാക്കാന്‍ പിണറായി വിജയനെ ചുമതലപ്പെടുത്തിയിരുന്നെങ്കില്‍ ഇതിലും ഭേദപ്പെട്ട ലിസ്റ്റ്‌ ഉണ്ടായേനെ എന്നുപോലും പറയും ചിലര്‍. അതല്ലകാര്യം. ആകെ പതിനേഴ്‌ സ്ഥാനമേ ഉള്ളൂ. നൂറുകണക്കിനാളുള്ള ലിസ്റ്റില്‍നിന്ന്‌ നൂറു കാര്യങ്ങള്‍ പരിഗണിച്ചുവേണം സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍. മതം ജാതി ഗ്രൂപ്പ്‌ എന്നിവയാണ്‌ പരമ്പരാഗതമായി നോക്കിവരുന്ന സംഗതികള്‍. ഓരോന്നിനും അനുപാതങ്ങളുണ്ട്‌. നായര്‍ ഇത്ര, ഈഴവര്‍ ഇത്ര, മുസ്ലിം ഇത്ര, കൃസ്‌ത്യന്‍ ഇത്ര എന്നിങ്ങനെയുള്ള അനുപാതം. സെന്‍സസ്‌ റിപ്പോര്‍ട്ട്‌ നോക്കി ഈ അനുപാതം ശരിയാക്കാം. എന്നാല്‍ ഗ്രൂപ്പിന്റെ അനുപാതം ശരിയാക്കുന്നതെങ്ങനെ ? ഇതിനുപുറമെയാണ്‌ ആണ്‍-പെണ്‍ അനുപാതം, വൃദ്ധ-യുവ അനുപാതം, തൊഴിലാളി-മുതലാളി അനുപാതം, ഹിന്ദു-മുസ്ലിം അനുപാതം, കന്നി-മുന്‍പരിചയ അനുപാതം, കെ.എസ്‌.യു-യൂത്ത്‌ കോണ്‍ഗ്രസ്‌ അനുപാതം, സ്വദേശി-പരദേശി അനുപാതം തുടങ്ങിയ ഡസന്‍കണക്കിന്‌ അനുപാതങ്ങള്‍. ഇതിനുപുറമെയാണ്‌ ഹൈക്കമാന്‍ഡ്‌ ദിവ്യന്മാരുടെ ആശ്രിതലിസ്റ്റ്‌. ഓരോ ദിവ്യനും ഈരണ്ടുപേരെയെങ്കിലും തിരുകിക്കയറ്റാനുണ്ടാകും. അതും അവഗണിക്കാന്‍ പറ്റില്ല. ഒന്നു ശരിയാകുമ്പോള്‍ മറ്റൊന്നുതെറ്റും. നൂറുതട്ടുള്ള തുലാസാണിത്‌. എല്ലാം ഒരേ ലവലില്‍ നിര്‍ത്തുകയെന്നത്‌ ദൈവംതമ്പുരാന്‌ പോലും കഴിയില്ല. അതുകൊണ്ടുതന്നെ ലിസ്റ്റിറങ്ങിയ നിമിഷം മുതല്‍ തല്ല്‌ ഉറപ്പ്‌.

ഇതൊന്നും പോരാ എന്ന മട്ടില്‍ യുവരാജാവ്‌ രാഹുല്‍ പുതിയ ഒരു വ്യവസ്ഥയും കൊണ്ടുവന്നിരിക്കുന്നു. സ്ഥാനാര്‍ഥികള്‍ കഴിവുള്ളവരായിരിക്കണമത്രെ. ഇത്തരം കഠിനവ്യവസ്ഥകള്‍ കൊണ്ടുവരുന്നത്‌ ക്രൂരമല്ലേ ? രാഹുലിന്‌ മാത്രമേ അതില്‍ ഇളവുള്ളൂ. വിനയം കാരണം അദ്ദേഹം അത്‌ സമ്മതിക്കാറില്ലെങ്കിലും പാര്‍ട്ടിക്കാര്‍ക്കെല്ലാം അതറിയാം. കഴിവും ജയസാധ്യതയും വിലയിരുത്താന്‍ മുന്തിയ കമ്പനികളില്‍നിന്നുള്ള വിദഗ്‌ധന്മാര്‍ രാജ്യംമുഴുക്കെ സഞ്ചരിച്ച്‌ ഒരോരോ സ്ഥാനാര്‍ഥിയുടെയും റേറ്റിങ്‌ രേഖപ്പെടുത്തുകയും ചെയ്‌തതാണ്‌. അതുംകൂടി നോക്കിയാണ്‌ ഒടുവിലത്തെ ലിസ്‌റ്റിന്‌ രൂപം നല്‍കിയത്‌.

ഇതെല്ലാം ഭൂതക്കണ്ണാടിവെച്ച്‌നോക്കി തയ്യാറാക്കിയ ലിസ്‌‌റ്റ്‌ പത്ത്‌ കുരുടന്മാര്‍ ചേര്‍ന്ന്‌ ഒരു ബോര്‍ഡില്‍ വരച്ച മനുഷ്യരൂപം പോലെയുണ്ടെന്നാണ്‌ പരാതി. ഒരനുപാതവും ശരിയല്ല. കാലുണ്ട്‌ തലമുതല്‍ വാലുപോലെ നീണ്ടുകിടക്കുന്നു. കണ്ണുവയറ്റത്തായിപ്പോയി. മൂക്ക്‌ നെഞ്ചത്താണ്‌. കൈകള്‍ രണ്ടും തലയ്‌ക്ക്‌ മുകളിലാണ്‌. അങ്ങനെയങ്ങനെ….
ഇരുപതുപേരില്‍ പെണ്ണൊന്നുമാത്രം, ആ ഒന്ന്‌ ഓടിരക്ഷപ്പെടുകയും ചെയ്‌തു. സി.പി.എം. തൊഴിലാളിവര്‍ഗ ലേബല്‍ കളഞ്ഞ്‌ വിദ്യാര്‍ഥി വര്‍ഗപാര്‍ട്ടിയായപ്പോള്‍ കോണ്‍ഗ്രസ്സില്‍ യുവാക്കള്‍ മരുന്നിനുപോലുമില്ല. ഇനിയിപ്പോള്‍ യുവത്വം തെളിയിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്കായി ഡൈ ഇറക്കുമതി ചെയ്യണം എ.ഐ.സി.സി. ആളുകള്‍ സ്വന്തംനാട്ടില്‍ മത്സരിച്ചാല്‍ ഉള്ള വോട്ടും നഷ്ടപ്പെടുമെന്നതുകൊണ്ടാവും പതിനേഴില്‍ പതിമൂന്നും ഇറക്കുമതിയാക്കിയത്‌. നിയമസഭയിലേക്ക്‌ അയച്ചവര്‍ ആ പണി വഴിയില്‍കളഞ്ഞ്‌ പാര്‍ലമെന്റിലേക്ക്‌ കയറാന്‍ നോക്കുന്നു. ഇരുപതും മുപ്പതും വര്‍ഷമായി മത്സരിക്കുന്നവര്‍ യുവാക്കളെ പിന്തള്ളി സ്ഥാനാര്‍ഥികളായി.

ഓരോരുത്തര്‍ക്കും വേണ്ട മണ്ഡലം ചോദിച്ച്‌ നറുക്കിട്ടാല്‍ സ്ഥിതി ഇതിലും ഭേദമാകുമായിരുന്നു എന്നുകരുതുന്നവരുണ്ട്‌. നറുക്ക്‌ നഷ്ടപ്പെട്ടവര്‍ പരാതിപ്പെടില്ല. നറുക്കുവീണ പതിനേഴുപേര്‍ക്കെങ്കിലും തൃപ്‌തിയാകുമല്ലോ. ഇപ്പോള്‍ സീറ്റ്‌ കിട്ടിയവരില്‍ എം.ഐ. ഷാനവാസ്‌ ഒഴികെ ആരും തൃപ്‌തരല്ലത്രെ. സ്വയംകു
കൃതാനര്‍ഥം എന്നല്ലാതെന്തുപറയാന്‍.

++++

ഘടകകക്ഷികള്‍ അഴിമതിക്കാരാണോ എന്നുനോക്കിയൊന്നും മുന്നണിയുണ്ടാക്കാനാവില്ലെന്ന്‌ പ്രകാശ്‌ കാരാട്ട്‌ പറഞ്ഞത്‌ വര്‍ഗീയതയ്‌ക്കും ബാധകമാണ്‌. ഘടകകക്ഷി വര്‍ഗീയമാണോ എന്നുനോക്കിയൊന്നും മുന്നണിയുണ്ടാക്കാനാവില്ല. പിന്നെയാണ്‌ ഘടകകകക്ഷി പണ്ട്‌ വര്‍ഗീയമായിരുന്നോ എന്നുനോക്കുന്നത്‌. നടപ്പുള്ള കാര്യമല്ല അതൊന്നും.

മദനി ജയിലില്‍ പോകുന്നതുവരെ കൊടുംവര്‍ഗീയവാദിയായിരുന്നുവെന്നതിന്‌ പാര്‍ട്ടിപത്രംതന്നെ തെളിവാണ്‌. ഇ.കെ.നായനാരുടെ പോലീസാണ്‌ മദനിയെ പിടിച്ച്‌ തമിഴ്‌നാട്‌ പോലീസിനെ ഏല്‌പ്പിച്ചത്‌. വിചാരണ കൂടാതെയാണ്‌ ഏകാന്തത്തടവിലിട്ട്‌ പീഡിപ്പിച്ചെന്നും മനുഷ്യാവകാശം ലംഘിച്ചെന്നുമൊക്കെ കുറ്റപ്പെടുത്താമെങ്കിലും മദനിക്കത്‌ വലിയ ഗുണം ചെയ്‌തെന്നാണ്‌ പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും പറയുന്നതില്‍ നിന്ന്‌്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌. ജയിലില്‍പ്പോയ മദനി വര്‍ഗീയവാദിയും തീവ്രവാദിയുമൊക്കെയായിരുന്നു. പുറത്തിറങ്ങിയ മദനി അസ്സല്‍ ഇടതുമതേതര മനുഷ്യസ്‌നേഹി.

ജീവിതത്തിലൊരിക്കലും തീവ്രവാദിയായിട്ടില്ലാത്ത, മതവികാരം ഇളക്കുന്ന ഒരു പ്രസംഗമെങ്കിലും ചെയ്‌തിട്ടില്ലാത്ത, ഒരു ബോംബുപോലും എവിടെയും വെച്ചിട്ടില്ലാത്ത ഈ മുസ്ലിം ലീഗ്‌ എന്തടിസ്ഥാനത്തിലാണ്‌ ഇപ്പോള്‍ മതേതര സര്‍ട്ടിഫിക്കറ്റും കൊണ്ട്‌ വരുന്നത്‌ എന്ന്‌ മനസ്സിലാകുന്നില്ല. ഭ്രാന്ത്‌ മാറിയെന്നതിന്‌ സര്‍ട്ടിഫിക്കറ്റ്‌ കൈയിലില്ലാത്തവര്‍ക്ക്‌ ഭ്രാന്തില്ലെന്ന്‌ അവകാശപ്പെടാന്‍ എന്തവകാശം ?
++++

പ്രതിസന്ധി വന്നാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ബേജാറാകുന്നവരാണ്‌ മിക്ക പാര്‍ട്ടിക്കാരും. അങ്ങനെയൊരു വേവലാതി ഒട്ടും ഇല്ലാത്ത ഒരു പാര്‍ട്ടിയാണ്‌ ജനതാദള്‍. രണ്ട്‌ അഭിപ്രായങ്ങള്‍ വരികയും ഏത്‌ അഭിപ്രായം സ്വീകരിക്കണമെന്ന്‌ തര്‍ക്കമുണ്ടാകുകയും ചെയ്യുമ്പോഴാണല്ലോ പ്രതിസന്ധിയുണ്ടാവുക. പ്രതിസന്ധി തീര്‍ക്കാന്‍ ഒരു മാര്‍ഗമേ ഉള്ളൂ. ഉടന്‍ പിളരുക. ഒറിജിനല്‍ ആയ ഒറ്റമൂലി.

ഈ കണ്ടുപിടുത്തം പുതിയതൊന്നുമല്ല. സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയായിരുന്ന കാലം മുതല്‍ വിജയകരമായി നടപ്പാക്കിവരുന്ന സംഗതിയാണ്‌. അതുകൊണ്ടൊരു ശക്തിക്കുറവും പാര്‍ട്ടിക്കില്ല കേട്ടോ. ജനതാദളിന്‌ എം.പി.മാര്‍ മൂന്നേ ഉള്ളൂ എങ്കിലെന്ത്‌ ? വിവിധയിനം ജനതാ- സമതാ- സമാജ്‌ വാദി പാര്‍ട്ടികളിലെല്ലാം കൂടിയാല്‍ നൂറോളം വരും സോഷ്യലിസ്റ്റ്‌ ഇനത്തില്‍ പെട്ട എം.പി.മാര്‍. ഒന്നിച്ചാണെങ്കില്‍ വലിയ പൊല്ലാപ്പാണ്‌. മൂന്നാമത്തെ വലിയ കക്ഷിയെന്നൊക്കെ പറഞ്ഞ്‌ ഓരോ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ല. പുതിയ പിളര്‍പ്പിന്‌ വല്ല വഴിയും ഉണ്ടോ എന്നുനോക്കി ചുമ്മാ ഇരുന്നാല്‍മതി.

കോഴിക്കോട്‌ സീറ്റ്‌ കിട്ടാത്തതിനെച്ചൊല്ലിയുള്ള പുതിയ പ്രതിസന്ധിയില്‍ പാര്‍ട്ടിക്ക്‌‌ പഴയ ഗുണം നഷ്ടപ്പെട്ടോ എന്നൊരു സംശയം. മന്ത്രിയോട്‌ രാജിവെക്കാന്‍ പറഞ്ഞിട്ടും പാര്‍ട്ടി പിളരുന്നില്ല. മന്ത്രി വാച്ച്‌ നോക്കി കൃത്യസമയത്ത്‌ ചിരിച്ചുകൊണ്ട്‌ രാജിവെക്കുന്നു. പാര്‍ട്ടിഅംഗങ്ങള്‍ നേടിയ സ്ഥാനങ്ങള്‍ ഒഴിയാന്‍ പറഞ്ഞിട്ടും പിളരുന്നില്ല. എത്ര ദിവസം ഇങ്ങനെ പിളരാതെ മുന്നോട്ടുപോകും ? തലമുറകളായി വളര്‍ത്തിയെടുത്ത സല്‍പ്പേര്‌ നശിപ്പിക്കില്ലെന്നും പാരമ്പര്യം നിലനിറുത്തുമെന്നും പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Go Top