വീതംവെപ്പ്‌ വിനോദങ്ങള്‍

ഇന്ദ്രൻ

നമ്മുടെ പാരമ്പര്യകലാരൂപങ്ങളിലെ ആകര്‍ഷക ഇനങ്ങളില്‍ ഒന്നാണ്‌ സീറ്റ്‌വീതംവെപ്പ്‌. ഓരോ തിരഞ്ഞെടുപ്പിലും അത്‌ പൂര്‍വാധികം ആസ്വാദകരെ ആകര്‍ഷിക്കുന്നുണ്ട്‌. രണ്ടു ഘട്ടമായാണ്‌ വിനോദിക്കുക. ഘടകകക്ഷികള്‍ക്കിടയിലെ വീതംവെപ്പാണ്‌ ആദ്യഘട്ടം. അവിടെ കിട്ടിയത്‌ രണ്ടാംഘട്ടമായി കക്ഷികള്‍ സ്ഥാന ആര്‍ത്തികള്‍ക്കിടയില്‍ വീതംവെക്കും. ഒന്നിനൊന്നുമെച്ചപ്പെട്ട വിനോദപരിപാടികളാണ്‌ രണ്ടുഘട്ടത്തിലും നടക്കുന്നത്‌.

ഇടതുജനാധിപത്യമുന്നണി പരമ്പരാഗതമായി ഈ രംഗത്ത്‌ പിറകിലായിരുന്നു. വിപ്‌ളവത്തിന്‌ കൂന്തംചെത്തുന്നവര്‍ കസേരയ്‌ക്കുവേണ്ടി വെപ്രാളം കാട്ടരുതെന്ന്‌ ആചാര്യന്മാര്‍ പറഞ്ഞതുകൊണ്ടാണ്‌ പിറകില്‍നിന്നത്‌. മുഖ്യവിപ്‌ളവ കക്ഷി സമയമാകുമ്പോള്‍ സഹ വിപ്‌ളവകക്ഷികളുടെ നേതാക്കളെ വിളിച്ചുകൂട്ടി ഓരോരുത്തര്‍ക്കും അനുവദിക്കുന്ന കസേരകളുടെയും അതിലിരിക്കുന്നവര്‍ ഓരോയിടത്തും പാലിക്കേണ്ട അനുഷ്‌ഠാനങ്ങളുടെയും വിശദാംശങ്ങള്‍ അടങ്ങിയ തിട്ടൂരങ്ങള്‍ നല്‍കുകയായിരുന്നു പതിവ്‌. സി.പി.എം, സി.പി.ഐ തുടങ്ങിയ തൊഴിലാളിവര്‍ഗപാര്‍ട്ടികളില്‍ രണ്ടാം ഘട്ടവിനോദവും പതിവില്ല. കേരളകോണ്‍ഗ്രസ്‌, കോണ്‍ഗ്രസ്‌ എസ്‌, ജനതാദള്‍ തുടങ്ങിയ ഇടതുലേബലുള്ള ബൂര്‍ഷ്വാപാര്‍ട്ടികളില്‍ ചില്ലറ വിനോദങ്ങള്‍ നടക്കാറുണ്ടെങ്കിലും വലിയേട്ടന്‍ കണ്ണുരുട്ടിക്കാട്ടിയാല്‍ പിള്ളേര്‌ അടങ്ങും. അതാണ്‌ വഴക്കം.

യു.ഡി.എഫ്‌ ആണ്‌ പരമ്പരാഗതമായി വിനോദത്തിന്റെ അരങ്ങും കൂത്തമ്പലവും. തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതിന്‌ ആറുമാസംമുമ്പ്‌ തുടങ്ങും ചവിട്ടുനാടകം. കാലുവാരല്‍, കുതികാല്‍വെട്ട്‌, ഹൈക്കമാന്‍ഡ്‌ സേവ, ഡല്‍ഹിയില്‍നിന്നുള്ള ഹെലികോപ്‌റ്റര്‍ ക്രാഷ്‌ ലാന്‍ഡിങ്‌, റിബല്‍ സ്ഥാനാര്‍ഥിഅരങ്ങേറ്റം തുടങ്ങിയ കലാപരിപാടികളും സ്റ്റണ്ട്‌ സാഹസികരംഗങ്ങളും. വ്യത്യസ്‌ത ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തില്‍ ഒന്നിച്ചും കൂട്ടായും ഇവ അരങ്ങേറും. അതുകൊണ്ട്‌, ഗാന്ധിയന്‍ പാര്‍ട്ടിയിലെ വിനോദം നേരംപുലര്‍ന്നാലും അവസാനിക്കാറില്ല.

ദേശീയ ആര്‍ഷഭാരതപാര്‍ട്ടി കേരളത്തിലെന്നും മൂന്നാം സ്ഥാനത്തേ നില്‍ക്കാറുള്ളൂ. മുന്നണിയില്ലാത്തതുകൊണ്ട്‌ ആദ്യഘട്ടവിനോദത്തിന്‌ ഒട്ടും വകയുണ്ടാകാറില്ല. പാതിരായ്‌ക്ക്‌ റോഡില്‍ പതിയിരുന്ന്‌ കിഡ്‌നാപ്പിങ്‌ നടത്തിയാല്‍പ്പോലും മുന്നണിയുണ്ടാക്കാന്‍ ഒരു കക്ഷിയെയും കിട്ടാറില്ല. സ്ഥാനാര്‍ഥിനിര്‍ണയത്തിലുമുണ്ടാകാറില്ല വിനോദം. ചാവേറുകളെ ബലംപ്രയോഗിച്ച്‌ കൊണ്ടുവന്ന്‌ സ്ഥാനാര്‍ഥിയാക്കുകയാണ്‌ പതിവ്‌. വിനോദം ഒന്നുരണ്ട്‌ ഇനങ്ങളില്‍ ഒതുങ്ങും – വോട്ടുകച്ചവടച്ചന്ത, കെട്ടിവെച്ചതുക വെച്ചുള്ള ചീട്ടുകളി എന്നിവ. തീര്‍ന്നു.

കാറല്‍ മാര്‍ക്‌സ്‌ പറഞ്ഞാലും ഇല്ലെങ്കിലും കാലത്തിനൊത്തുമാറാത്തവര്‍ക്ക്‌ നിലനില്‍പ്പില്ലല്ലോ. ആയതുകൊണ്ട്‌ വിനോദപരിപാടികളില്‍ ഇടതുപക്ഷം ഇത്തവണ പരമ്പരാഗതരീതി മാറ്റിയിട്ടുണ്ട്‌. തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതിന്‌ മുമ്പുതന്നെ ആരംഭിച്ചു കളി. അതുകൊണ്ട്‌ യു.ഡി.എഫുകാരുടെ കൊട്ടകകള്‍ക്ക്‌ മുന്നില്‍ ഇത്തവണ കാഴ്‌ചക്കാര്‍ കുറവാണ്‌, ചാനല്‍കുട്ടികളുമില്ല. കുലഗൂരു കരുണാകര്‍ജിയ്‌ക്ക്‌ ആവതില്ലാത്തതിന്റെ ദോഷംമുഴുക്കെ അവിടെ കാണാനുണ്ട്‌. അതുകൊണ്ട്‌ എല്ലാവരും വിനോദത്തിന്‌ എല്‍.ഡി.എഫിനെയാണ്‌ ഉറ്റുനോക്കുന്നത്‌. കക്ഷികള്‍ക്കിടയിലെ ആദ്യഘട്ട വീതംവെപ്പുനാടകംപോലും അവസാനിച്ചിട്ടില്ല. യു.ഡി.എഫില്‍ ആ എപ്പിസോഡുകള്‍ എന്നോ തീര്‍ന്നിരിക്കുന്നു. എല്‍.ഡി.എഫില്‍ അത്‌ സസ്‌പെന്‍സും സ്റ്റണ്ടുമായി മുന്‍കാലറെക്കോഡുകളെല്ലാം തകര്‍ത്ത്‌ മുന്നേറുകയാണ്‌. അത്‌ ചിലപ്പോള്‍ പത്രികാസമര്‍പ്പണദിനം വരെ നീണ്ടുപോയേക്കുമെന്നാണ്‌ കോഴിക്കോട്‌, വയനാട്‌, പൊന്നാനി ദേശങ്ങളില്‍ നിന്നുള്ള വിവരം. പതിവില്ലാത്ത വിധം സ്ഥാനാര്‍ഥിനിര്‍ണയത്തിലും കലാപരിപാടി ഉണ്ടായേക്കാം എന്നാണ്‌്‌ വര്‍ക്കലയില്‍ നിന്നുള്ള സൂചന. ബാക്കിയെല്ലാം കണ്ടുതന്നെ അറിയാം
+++

പത്രങ്ങളിലെ തലക്കെട്ടുകള്‍ കണ്ട്‌, ശുദ്ധഗതിക്കാരായ പലരും പരിഭ്രമിക്കുന്നുണ്ടാകണം. സി.പി.ഐ പൊന്നാനിയില്‍ വേറിട്ട്‌ മത്സരിച്ചുകളയുമോ ? ജനതാദള്‍ കോഴിക്കോട്ട്‌ ? ഇടതുമുന്നണിയിലെ പിണങ്ങിക്കക്ഷികള്‍ ഇരുപതുസീറ്റിലും മത്സരിച്ച്‌ ആകെ കുട്ടിച്ചോറാക്കുമോ ?
ഒന്നും സംഭവിക്കുകയില്ലെന്ന്‌ ഇരുമുന്നണികളിലെയും സീറ്റുകളുടെ ഹോള്‍സെയ്‌ല്‍ ഡീലര്‍മാരായ കോണ്‍ഗ്രസ്‌ – സി.പി.എം മാനേജര്‍മാര്‍ക്കറിയാം. യു.ഡി.എഫിലെ അനിയന്മാരെ കണ്ട്‌ എല്‍.ഡി.എഫ്‌ അനിയന്മാര്‍ പലതും പഠിക്കാനുണ്ട്‌. യു.ഡി.എഫ്‌ അടിമകള്‍- ക്ഷമിക്കണം അനിയന്മാര്‍ കുറെയായി വല്യേട്ടനോട്‌ കമ എന്ന്‌ മിണ്ടാറില്ല. കിട്ടിയതുവാങ്ങി മിണ്ടാതിരിക്കും. ഇടതിലെ അനിയന്മാര്‍ വല്യേട്ടനെ വെറുതെ പേടിപ്പിച്ചുനോക്കുകയാണ്‌. ഒന്നും കിട്ടിയില്ലെങ്കിലും ജനത്തിന്‌ ഒരു ഇംപ്രഷന്‍ ഉണ്ടായിക്കോട്ടെ എന്നാവും വിചാരം. കേസ്‌ തോറ്റാലെന്താ.. മ്മള വക്കീല്‌ കോഴി കൊത്തുമ്പോലെ കൊത്തിയില്ലേ എന്ന്‌ ആശ്വസിച്ച കക്ഷിയെപ്പോലെ.

കോണ്‍ഗ്രസ്‌ വല്യേട്ടനേക്കാള്‍ ദുഷ്ടനാണ്‌ സി.പി.എം വല്യേട്ടന്‍ എന്നാണ്‌ പൊതുധാരണ. സത്യമെന്താണ്‌ ? കോണ്‍ഗ്രസ്‌ എറിഞ്ഞുകൊടുത്ത മൂന്നുസീറ്റും വാങ്ങി യു.ഡി.എ അനിയന്മാര്‍ മിണ്ടാതിരിക്കുകയാണല്ലോ. എല്‍.ഡി.എഫിലതല്ല സ്ഥിതി. ചോദിക്കുംമുമ്പ്‌ സി.പി.ഐ.ക്ക്‌ രാജ്യസഭാസീറ്റ്‌ കൊടുത്തു. എന്നാലെങ്കിലും ആര്‍ക്കും വേണ്ടാത്ത ആ പൊന്നാനി സീറ്റിന്‌ ബലം പിടിക്കില്ലെന്നാണ്‌ കരുതിയത്‌. എന്തുചെയ്യും വെളിവില്ലാത്തവനല്ലേ തലപ്പത്ത്‌. എന്തുകൊടുത്താലും മോന്ത മൊന്ത പോലെ വീര്‍ത്തിരിക്കും. അസംതൃപ്‌തിയാണ്‌ പെര്‍മനന്റ്‌ മുഖഭാവം. മൂന്നര സീറ്റ്‌ കിട്ടിയിട്ടും നിര്‍ത്താതെ അലമുറയിടുകയാണ്‌. ഇരുപതില്‍ പതിനേഴ്‌സീറ്റില്‍ കോണ്‍ഗ്രസ്‌ മത്സരിക്കുമ്പോള്‍ എതിര്‍മുന്നണിയില്‍ ഇരുപതില്‍ പതിനാല്‌ സീറ്റ്‌ മാത്രമാണ്‌ സി.പി.എം വല്യേട്ടന്‌ മത്സരിക്കാന്‍ കിട്ടിയത്‌. കോണ്‍ഗ്രസ്സിനെയും സി.പി.എമ്മിനെയും മാറ്റിനിര്‍ത്തിയാല്‍ ഏറ്റവും കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നത്‌ സി.പി.ഐ ആണ്‌. സംസ്ഥാന നിയമസഭയിലും സ്ഥിതിയതുതന്നെ. കക്ഷിനില കണ്ടാല്‍തോന്നുക കോണ്‍ഗ്രസ്സും (24) സി.പി.ഐ.യും (17) തമ്മില്‍ ശക്തിയില്‍ വലിയ വ്യത്യാസമില്ലെന്നാണ്‌. സത്യത്തിന്റെ കിടപ്പ്‌ പടച്ചോനല്ലേ അറിയൂ.

എന്തായാലും നമ്മുടെ നേതാക്കള്‍ക്ക്‌ ബുദ്ധിയില്ലെന്ന്‌ പറയാന്‍പറ്റില്ല. 1964 ന്‌ ശേഷം ഇടതുവലതുമുന്നണികളിലെ ഒരു കക്ഷിയും ഒരു നിയമസഭാസീറ്റിലോ ലോക്‌സഭാസീറ്റിലോ ഒറ്റക്ക്‌ മത്സരിച്ചിട്ടില്ല. ജാഥ നടത്തിയല്ലാതെ വോട്ടെണ്ണി അവര്‍ ശക്തിപ്രകടനത്തിനൊരുമ്പെടാറില്ല. അതാണ്‌ ബുദ്ധി. പി.ജെ.ജോസഫ്‌ ഒരു തവണ അതിന്‌ മുതിര്‍ന്നു. അതിന്റെ കെടുതി അദ്ദേഹം ഇന്നും അനുഭവിക്കുന്നുണ്ട്‌. നാല്‌പ്പത്തഞ്ചുകൊല്ലം മുമ്പാണ്‌ സി.പി.ഐ. അവസാനമായി ആ അബദ്ധം ചെയ്‌തത്‌. ഒറ്റക്കങ്ങ്‌ മത്സരിച്ചു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കെങ്കേമന്‍ നേതാക്കള്‍ പലരും കൂടെയുണ്ടായിരുന്നതിന്റെ ബലത്തില്‍ വന്നുപോയ ഒരു വ്യാമോഹമായിരുന്നു. അമ്പത്തഞ്ചു സീറ്റില്‍ മത്സരിച്ചു. മൂന്നിടത്ത്‌ ജയിച്ചു. അതുഭാഗ്യം. മുപ്പതിലേറെസ്ഥലത്ത്‌ കെട്ടിവെച്ചതും പോയി. അതിന്‌ ശേഷം ഇക്കാലം വരെ അങ്ങനെയൊരു ദുര്‍ബുദ്ധിയുണ്ടായിട്ടില്ല, ഇനി ഒട്ടുണ്ടാവുകയുമില്ല. അതുകൊണ്ട്‌ പൊന്നാനിയല്ലെന്ന്‌ പറഞ്ഞാലൊന്നും പൊന്നനിയന്‍ എങ്ങോട്ടും പോവുകയില്ലെന്നുറപ്പ്‌.
+++

ടോം വടക്കന്‍ എ.ഐ.സി.സി ആസ്ഥാനത്ത്‌ വെള്ളം കോരുകയോ വിറകുവെട്ടുകയോ ചെയ്യുന്ന ആളല്ല. സമുന്നത ഉദ്യോഗസ്ഥനാണ്‌. നാല്‌ ജനത്തെ കണ്ടിട്ടില്ലെങ്കിലും സോണിയാഗാന്ധിയെയും അദൃശ്യ ഹൈക്കമാന്‍ഡിനെയും നല്ലോണം കണ്ടിട്ടുണ്ട്‌. തൃശ്ശൂരില്‍ മത്സരിച്ച്‌ ലോക്‌സഭാംഗമാകാന്‍ യോഗ്യനായ ഏകവ്യക്തി ടോമനാണെന്ന്‌ ഉറപ്പുള്ള ഒരാള്‍ ടോമന്‍ തന്നെയാണ്‌. ആ മഹാസത്യം അദ്ദേഹം തൃശ്ശിവപേരൂറിലെ പിതാവിനെ ബോധ്യപ്പെടുത്തുകയും ചെയ്‌തു. തദനന്തരം പിതാവ്‌ ഇന്ദ്രപ്രസ്ഥത്തിലേക്കുപറന്നുചെന്ന്‌ മാഡത്തോട്‌ സംഗതിപറഞ്ഞു.

മാഡം ഞെട്ടിയിരിക്കണം. താനറിയാത്ത ഒരു ടോമനോ? കൊല്ലം കുറെയായി രാവും പകലും എ.ഐ.സി.സി ഓഫീസില്‍ തിരിഞ്ഞുകളിക്കുന്ന ആളാണ്‌ ടിയാന്‍. ആ ടിയാന്‍ ടോമിനെക്കുറിച്ചാണ്‌ ഹൈക്കമാന്‍ഡില്‍ചെന്ന്‌ പിതാവ്‌ ശുപാര്‍ശക്കത്ത്‌്‌ കൊടുത്തത്‌. കൊല്ലന്റെ ആലയില്‍ സൂചി വില്‍ക്കുക എന്ന്‌ കേട്ടിട്ടേയുള്ളു. സഭയുടെ സ്വന്തം ആളായ ടോമിനെ സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ തൃശ്ശൂരിലെ കൃസ്‌ത്യാനികള്‍ വോട്ട്‌ വേറെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞത്രെ. ഫാദര്‍ വടക്കനേക്കാള്‍ വലിയ കുഞ്ഞാടോ ടോംവടക്കന്‍ ?

സോണിയാജി ടോമനെ സ്ഥാനാര്‍ഥിയാക്കുമോ എന്നൊന്നും അറിഞ്ഞുകൂടാ. എന്നാല്‍ ഒരു കാര്യമുറപ്പ്‌. സ്ഥാനാര്‍ഥി നിര്‍ണയത്തിന്‌ ഒമ്പതോ പത്തോ പേരുള്ള സബ്‌ കമ്മിറ്റിയുണ്ടാക്കിയിട്ടുണ്ടല്ലോ. അതിലൊരു പിതാവിനെയും പെടുത്താത്തതുകൊണ്ടാണ്‌ പിതാവിന്‌ കഷ്ടപ്പെട്ട്‌ ഡല്‍ഹിയിലേക്ക്‌ പറക്കേണ്ടിവന്നത്‌. മേലില്‍ അതുപാടില്ലെന്ന്‌ ഹൈക്കമാന്‍ഡ്‌ കല്‌പ്പിക്കും. കമ്മിറ്റിയില്‍ ഒന്നോരണ്ടോ കോണ്‍ഗ്രസ്‌ താപ്പാനകള്‍ ഉണ്ടായിക്കോട്ടെ. പക്ഷേ സ്ഥാനാര്‍ഥിനിര്‍ണയമൊന്നും അവര്‍ നടത്തേണ്ട. കമ്മിറ്റിയില്‍ പിതാക്കന്മാര്‍ക്കും സന്യാസിമാര്‍ക്കും മുസലിയാര്‍മാര്‍ക്കും ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം നല്‍കണം. സ്ഥാനാര്‍ഥികളെ അവര്‍ നിശ്ചയിക്കും, അവര്‍ ജയിപ്പിക്കും. അതു ആദ്യഘട്ടത്തില്‍. ക്രമേണ സ്ഥാനാര്‍ഥിയാകുന്ന പണിയും അവര്‍തന്നെ ഏറ്റെടുത്തുകൊള്ളും. കോണ്‍ഗ്രസ്സുകാര്‍ ചുമരെഴുതുകയോ പോസ്റ്ററൊട്ടിക്കുകയോ മറ്റോ ചെയ്‌താല്‍മതി. അതാണ്‌ സുഖമുള്ള പണി.
+++

അഖിലേന്ത്യാ മുസ്ലിം ലീഗ്‌ എന്നൊരുകക്ഷി പണ്ട്‌ ഇടതുമുന്നണിയിലുണ്ടായിരുന്നു. കുറെക്കാലം കൂടെകഴിഞ്ഞപ്പോഴാണ്‌ കക്ഷിക്ക്‌ വര്‍ഗീയതയുടെ ഉപദ്രവം ലേശം ഉണ്ടെന്ന സംശയം തിരുമേനിക്കുണ്ടായത്‌. പിന്നെ വൈകിയില്ല, മൊഴിചൊല്ലി.
ഇപ്പോള്‍ സ്ഥിതിമാറി. വര്‍ഗീയതയല്ല, തീവ്രവാദം തന്നെയുണ്ടായാലും വിരോധമില്ലെന്നായിട്ടുണ്ട്‌. മുസ്ലിംലീഗിന്‌ തീവ്രത പോരെന്ന്‌ പറഞ്ഞ്‌ പിരിഞ്ഞുപോയവരുമൊത്താണ്‌ ഇപ്പോള്‍ വര്‍ഗീയവിരുദ്ധരുടെ വെപ്പുംകുടിയും. അതിലൊരുകൂട്ടര്‍ക്ക്‌ വേണ്ടി കൂടെപ്പിറപ്പായ സി.പി.ഐ.യെ പുറത്തുകളയുമെന്ന നില വരെ എത്തിയിട്ടുണ്ട്‌. ഇതിനേക്കാള്‍ മുന്തിയ നിലയിലാണ്‌ യു.ഡി.എഫിന്റെ കിടപ്പ്‌. മതതീവ്രവാദികളുടെ വോട്ട്‌ വേണ്ട എന്ന്‌ അബദ്ധവശാല്‍ പറഞ്ഞുപോയിരുന്നു എം.കെ.മുനീര്‍. വോട്ട്‌ വേണമോ മുനീര്‍ വേണമോ എന്ന ചോദ്യംവന്നപ്പോള്‍ ശരിയായ തീരുമാനം ലീഗിലുണ്ടായി – മുനീര്‍ വേണ്ട.

Leave a Reply

Your email address will not be published. Required fields are marked *

Go Top