ഓരോ തവണ പിണങ്ങുമ്പോഴും ഞാനെങ്ങോട്ടെങ്കിലും പോയിക്കളയും എന്ന് ഭീഷണിപ്പെടുത്തിപ്പോന്ന ഭാര്യയോട്, വെറുതെ കൊതിപ്പിക്കരുതേ എന്ന് ഒരു ഭര്‍ത്താവ് പറഞ്ഞതായി കേട്ടിട്ടുണ്ട്. പാര്‍ട്ടിയുടെ നവകേരളമാര്‍ച്ചില്‍ പങ്കെടുക്കില്ല ഇല്ല ഇല്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിയും ഒരുമാസക്കാലം ചെയ്‌തത് ഇതുതന്നെയാണ്. പാര്‍ട്ടിയിലെ കുലംകുത്തികളെ മാത്രമാണ് കൊതിപ്പിച്ചതെങ്കില്‍ സാരമില്ലായിരുന്നു. പാര്‍ട്ടിനേതൃത്വത്തെയും കൊതിപ്പിച്ചു, പാര്‍ട്ടിവിരുദ്ധരെയും കൊതിപ്പിച്ചു, മാധ്യമസിന്‍ഡിക്കേറ്റിനെയും കൊതിപ്പിച്ചു.
മുന്തിയ വിമാനം പറത്തിക്കൊണ്ടിരിക്കുന്ന പൈലറ്റിന് ജോലി നഷ്‌ടപ്പെട്ടാല്‍ പറപ്പിക്കാന്‍ കുതിരവണ്ടി സജ്ജമാക്കുന്നതു പോലെ കുലംകുത്തികള്‍ വി.എസ്സിന് നയിക്കാന്‍ പുതിയ പാര്‍ട്ടിയുടെ ഒരു കരടുരൂപം വരെ ഉണ്ടാക്കിവെച്ചതാണ്. ശംഖുംമുഖത്തെ സമാപനത്തില്‍കൂടി പങ്കെടുത്തില്ലായിരുന്നുവെങ്കില്‍ അത് വി.എസ്. എന്ന മുഖ്യമന്ത്രിയുടെ സമാപനമാകുമായിരുന്നു. പിന്നെ വി.എസ്സിന് ആശ്രയം ആ കരടുരൂപം മാത്രവും. വി.എസ്. പാര്‍ട്ടിക്ക് പുറത്താകണേ എന്ന് പ്രാര്‍ഥിച്ച് പുന്നപ്ര വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ 101 മെഴുകുതിരി കത്തിച്ചുകാത്തിരിക്കുകയായിരുന്നു അവര്‍.
വെറുതെ കൊതിപ്പിച്ചു.
പഴയ കഥയിലെ കടല്‍ക്കിഴവനെ പേറിയ ആളുടെ അവസ്ഥയിലാണ് രണ്ടര വര്‍ഷമായി പിണറായി ആന്‍ഡ് കോ. ശംഖുംമുഖത്തോടെ തീരും ശല്യമെന്നും ഭാരംതാഴെയിറക്കാമെന്നും അവരും കൊതിച്ചു. മാധ്യമസിന്‍ഡിക്കേറ്റുകാരെയും എസ്.എം.എസ്. അയയ്‌ക്കുന്ന അരാഷ്ട്രീയക്കാരെയും വിശ്വസിച്ച് കടല്‍ക്കിഴവനെ കയറ്റിയിരുത്തിയ പ്രകാശ് കാരാട്ടന്മാര്‍ക്കുള്ള നല്ല പാഠമാകുമായിരുന്നു അത്. അല്ല, അങ്ങനെയൊരു പാഠത്തിന്റെ ആവശ്യമൊന്നുമുണ്ടായിരുന്നില്ല എന്നതുശരി. പ്രകാശ് കാരാട്ടും പി.ബി.യും ഫിബ്രവരി 14ന് ഔപചാരികമായിത്തന്നെ പിണറായിഗ്രൂപ്പില്‍ ചേര്‍ന്നത് ആ പാഠംപഠിച്ച ശേഷമായിരുന്നല്ലോ. എന്നാലും ഒരാളെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് വെറുതെ ഇറക്കിവിടാന്‍ ഇത് കോണ്‍ഗ്രസ്സല്ലല്ലോ. പറയാന്‍ കനമുള്ള ഒരു കാരണം കണ്ടെത്താതെ പറ്റില്ല. മുഴുനീള സസ്‌പെന്‍സ് പടത്തില്‍ അവസാനത്തെ ക്ലൈമാക്‌സ് സീനില്‍ കുതിരപ്പുറത്തുവന്ന് ഇറങ്ങുന്ന നായകനെപ്പോലെയുള്ള വി.എസ്സിന്റെ ആ വരവ് കണ്ടാല്‍ ആര്‍ക്കാണ് ചോര തിളയ്‌ക്കാതിരിക്കുക. കോട്ടയം സമ്മേളനത്തില്‍ ഒകുടിച്ചത് വയറ്റില്‍ കിടക്കാത്ത’വരോട് ലൈവ് ആയി കാച്ചിയതുപോലുള്ള നാല് ഡയലോഗ് പിണറായി കാച്ചാതിരുന്നത് വി.എസ്സിന്റെ ഭാഗ്യമെന്ന് കരുതിയാല്‍ മതി.
കാലഹരണപ്പെട്ട ഈ പുണ്യവാളന്‍ പോയിക്കിട്ടിയിരുന്നെങ്കില്‍ അടുത്ത രണ്ടര വര്‍ഷമെങ്കിലും ശരിക്കുമൊന്നു ഭരിക്കാമായിരുന്നു. അതിനിപ്പോള്‍ പിണറായി തന്നെ മുഖ്യമന്ത്രിയാകണമെന്നൊന്നുമില്ല. കോടിയേരിയുണ്ട്. അതുമല്ലെങ്കില്‍ എസ്.ആര്‍.പി. നല്ല മൊഞ്ചന്‍ ഷര്‍ട്ടൊക്കെ തയ്‌ച്ച് റെഡിയായി നില്‍ക്കുന്നുണ്ട്. എന്താണ് ആ സഖാവിന്റെ യോഗ്യത എന്ന് സംശയിക്കുന്നവരുണ്ട്. അറിയാഞ്ഞിട്ടാണ്. പണ്ട് തലശ്ശേരിയില്‍ എന്‍.ജി.ഒ. യൂണിയന്‍ സഖാവായി പ്രവര്‍ത്തനം തുടങ്ങിയതാണ്. തലശ്ശേരിച്ചിട്ടയൊക്കെ അന്നേ നേരില്‍കണ്ടുകാണും, ബാക്കി പറഞ്ഞുകൊടുത്താല്‍ മനസ്സിലാകും. പേരിന്റെ കൂടെ കോടിയേരി, പിണറായി, വയലളം എന്നൊന്നും ചേര്‍ക്കേണ്ട കാര്യമില്ല. ഇനി എസ്.ആര്‍.പി. വേണ്ടെങ്കില്‍ ജാഥാ വൈസ് ക്യാപ്‌ടന്‍ ഇ.പി. ജയരാജന്‍ ഉണ്ടല്ലോ. എന്തിനും പോരും. സഖാവിനെ മുഖ്യമന്ത്രിയാക്കിയാല്‍ കേരളത്തിലെ സര്‍വപ്രശ്‌നങ്ങളും തീരും. ഭക്ഷണത്തിന്റെ ഭാഗമായി പരിപ്പുവടയ്‌ക്ക് പകരം മൂന്നുനേരം മറ്റേ ദ്രാവകം കൊടുക്കും. റേഷന്‍കട വഴിയായിരിക്കും വിതരണം. ആദ്യമേ ഭക്ഷണത്തോടൊപ്പം വേണ്ടിവരൂ. കുറച്ചുകഴിഞ്ഞാല്‍ ഭക്ഷണം വേണ്ടിവരില്ല. ദ്രാവകം മതിയാകും. സമത്വസുന്ദരസ്വര്‍ഗാവസ്ഥയായിരിക്കും പിന്നീടുള്ള കാലം.
ഒന്നും നടന്നില്ല, വെറുതെ കൊതിപ്പിച്ചു
വി.എസ്. പുറത്തായിക്കിട്ടിയിരുന്നെങ്കില്‍ പാര്‍ട്ടി ശത്രുക്കള്‍ക്കും നല്ല പണിയായേനെ. എം.വി.രാഘവന്‍, കെ.ആര്‍.ഗൗരിയമ്മ തുടങ്ങിയ മുന്‍ മാര്‍ക്‌സിസ്റ്റുകാര്‍ പാര്‍ട്ടിയില്‍നിന്നിറങ്ങി വഴിയാധാരമാകുന്ന വി.എസ്സിനെ സംരക്ഷിക്കാന്‍ സജ്ജരായി നില്‍ക്കുകയായിരുന്നല്ലോ. ഭയങ്കരശക്തികാരണം രണ്ടുപാര്‍ട്ടികള്‍ക്കും പരസഹായമില്ലാതെ എഴുന്നേറ്റുനടക്കാന്‍ കഴിയുകയില്ലെന്ന ഒരു പ്രശ്‌നമേ ഉള്ളൂ. എന്നാലും തങ്ങളെ ഈ കോലത്തിലാക്കുന്നതില്‍ നല്ല പങ്കുവഹിച്ച ഒരാള്‍ അതിനേക്കാള്‍ മോശം കോലത്തിലാകുന്നത് കാണുന്നതിന്റെ സന്തോഷം ഒന്നുവേറെ തന്നെയാണ്. വി.എസ്സിന് ചനമ്രം പടിഞ്ഞിരിക്കാന്‍ ഒരു പഴയ ദേശാഭിമാനിയും മുന്നില്‍ വിരിക്കാന്‍ ഒരു തോര്‍ത്തും സംഘടിപ്പിച്ച് തെരുവോരത്ത് അവര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ഒരു നിയമസഭാതിരഞ്ഞെടുപ്പില്‍ പത്തുമണ്ഡലങ്ങളിലെങ്കിലും ഷൊറണൂര്‍മോഡല്‍ തരപ്പെടുത്താന്‍ കഴിഞ്ഞാല്‍ ചില്ലറ നേട്ടമൊന്നുമല്ലല്ലോ. അടുത്ത തിരഞ്ഞെടുപ്പിന് രണ്ടര വര്‍ഷമുണ്ടെന്നതാണ് ഒരു ആശങ്ക. അത്രയും നില്‍ക്കാനുള്ള പെട്രോള്‍ വണ്ടിയില്‍ കാണുമോ എന്ന് സംശയമുണ്ട്. നോക്കാം.
എന്നാലും അദ്ദേഹം വന്നില്ല. വെറുതെ കൊതിപ്പിച്ചു.
എന്തായാലും, ഒരു പൊളിറ്റ് ബ്യൂറോ മെമ്പര്‍ പാര്‍ട്ടി നടത്തിയ ഒരു പരിപാടിയില്‍ പങ്കെടുത്തുവെന്നത് വാഷിങ്‌ടണില്‍ ആറ്റംബോംബിട്ടാലെന്നപോലെ സര്‍വമലയാളപത്രങ്ങളും എട്ടുകോളം ചക്കമുഴുപ്പില്‍ കൊടുത്തത് ഗ്രൂപ്പിസത്തിന്റെ ചരിത്രത്തിലെ ലോകറെക്കോഡ് ആണ്. പിണറായിയും വി.എസ്സും തലകുത്തി മാര്‍ച്ച് നടത്തിയാലും അത്രയും വലിയ ഹെഡിങ് കിട്ടില്ല. കരുണാകരന്‍ ആന്റണിയെ കണ്ടു…ചിരിച്ചു എന്നൊക്കെ പണ്ട് പത്രത്തില്‍ ഒറ്റക്കോളം വാര്‍ത്തയാണ് വന്നിരുന്നത്. എത്ര ഗ്രൂപ്പ് റാലിയും ജാഥയും മാര്‍ച്ചും നടത്തിയിരിക്കുന്നു. എന്തുപ്രയോജനം. ഗ്രൂപ്പ് കളിക്കുന്നതെങ്ങനെയെന്ന് ഇനിയെങ്കിലും കണ്ടുപഠിക്കട്ടെ.
രമേശ് ചെന്നിത്തലയെ ചില റോഡുകളിലെല്ലാം കണ്ടതായി റിപ്പോര്‍ട്ടുണ്ട്‌്. അതും മാര്‍ച്ചാണത്രെ. ആരെങ്കിലും പങ്കെടുക്കുന്നുണ്ടോ പങ്കെടുക്കുമോ എന്നൊന്നും ചോദിക്കാന്‍ ഒരു പത്രക്കാരന്‍പോലുമില്ല. കേരളരക്ഷായാത്രയില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല, സോണിയാഗാന്ധി ഉടന്‍ ഇടപെടും എന്നോ മറ്റോ ഒരു എക്‌സ്‌ക്ലൂസീവ് വാര്‍ത്ത ആര്‍ക്കെങ്കിലും ചോര്‍ത്തിക്കൊടുത്ത് ഒരു കൈ നോക്കാമായിരുന്നു. അതുകൊടുക്കാനും വീക്ഷണം തന്നെ വേണ്ടിവരും, വേറെയാര്‍ക്കുണ്ട് താത്‌പര്യം?
എന്തായാലും പൊതുതിരഞ്ഞെടുപ്പുകഴിയുംവരെ സി.പി.എമ്മില്‍ ഇടുന്നത് ആര്‍ട്ട് പടമായിരിക്കും. ഇന്നത്തെ പിണറായി ഡയലോഗിന് ഒരാഴ്‌ച കഴിഞ്ഞാവും വി.എസ്സിന്റെ മറുപടി ഡയലോഗ്. പാര്‍ട്ടി ഭരണഘടന നോക്കിവേണം ഓരോന്നും പറയാന്‍. പ്രകാശ് കാരാട്ടിന് മലയാളത്തിലെ പത്തുപതിനഞ്ച് വാക്കുകളേ അറിയൂ. ഒരുവിധപ്പെട്ട അധിക്ഷേപമൊന്നും മനസ്സിലാകില്ല. ഉറുദുകവിത മലയാളത്തില്‍പറഞ്ഞാല്‍ അത്രയും മനസ്സിലാകില്ല. അതുകൊണ്ട് അച്ചടക്കനടപടിയൊന്നും വരില്ല. തിരഞ്ഞെടുപ്പിന് ശേഷം വി.എസ്. പൂര്‍വാധികം ശക്തിയോടെ വീണ്ടും വരും. ഇല്ല, ഇല്ല, ഇല്ല എന്ന് പറഞ്ഞ് നാട്ടുകാരെ വെറുതെ കൊതിപ്പിക്കാന്‍.
കോണ്‍ഗ്രസ്സിന്റെ കേന്ദ്രമന്ത്രിയായിരുന്ന ഒരു സുഖിയന്‍ രാമനെ കോടതി ശിക്ഷിച്ചതായി വാര്‍ത്തയുണ്ട്. നിസ്സാരമാണ് കേസ്. വെറും അഞ്ചാറുകോടി രൂപ അടുക്കളയിലും കക്കൂസിലുമൊക്കെ കാണപ്പെട്ടു. സ്വയംഭൂ ആയിരുന്നു. വെറുതെ സി.ബി.ഐ. സുഖിയനെ പിടികൂടി. പണം വന്ന വഴി പറഞ്ഞുകൊടുക്കാന്‍ പാവത്തിന് പറ്റിയില്ല. ഇക്കാലത്ത് എത്ര ആദര്‍ശശാലികള്‍ കോടികള്‍ വന്ന വഴി സംശയത്തിന് ഇടംകൊടുക്കാതെ സി.ബി.ഐ.യെ ബോധ്യപ്പെടുത്തുന്നു. ജനം സ്‌നേഹം സഹിക്കാന്‍ കഴിയാതെ കൊണ്ടുവന്ന് ഏല്‍പ്പിച്ചതാണെന്ന് പറഞ്ഞാല്‍ പോലും സി.ബി.ഐ.യും കോടതിയും വിശ്വസിക്കുമെന്ന് ചില വനിതാരത്‌നങ്ങള്‍ തെളിയിച്ച കാര്യം സുഖിയന്‍ അറിഞ്ഞിട്ടുണ്ടാവില്ല.
പ്രധാനകാര്യം അതുമല്ല. കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് കോണ്‍ഗ്രസ്സിന്റെ തലപ്പത്തുള്ള ഒരാളെ സി.ബി.ഐ. പിടികൂടുക, കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്തുതന്നെ കോടതി ആ വിദ്വാനെ ശിക്ഷിക്കുക. ഇതെന്തൊരു മര്യാദയാണ്, ഇതെന്ത് രാഷ്ട്രീയമാണ്? രാഷ്ട്രീയപ്രേരിതമല്ലാതെ കേസെടുക്കുന്ന ഏര്‍പ്പാടും സി.ബി.ഐ.ക്കുണ്ടെന്നോ ? അവിശ്വസനീയം.
ഇതാ ഇവിടെ മറ്റൊരുതമാശ. ഉമ്മന്‍ചാണ്ടിക്കെതിരായ ഒരാരോപണം അന്വേഷിക്കാന്‍ സി.ബി.ഐ. യോട് സംസ്ഥാനസര്‍ക്കാര്‍ വീണ്ടും വീണ്ടും കേണപേക്ഷിക്കുന്നു. സി.ബി.ഐ. യെപ്പോലെ അധഃപതിച്ച ഒരു ഏജന്‍സിയെ ഇത്തരമൊരു പണി ബുദ്ധിയുള്ളവര്‍ ആരെങ്കിലും ഏല്‍പ്പിക്കുമോ? സംസ്ഥാന പോലീസുകളിലെ വിവരമില്ലാത്ത പോലീസുകാരെ സെലക്‌റ്റ് ചെയ്‌താണ് സി.ബി.ഐ.യിലേക്ക് നിയോഗിക്കുന്നതെന്ന് നമ്മുടെ മന്ത്രി ജി.സുധാകരന്‍ പറഞ്ഞത് കേട്ടിട്ടില്ലേ ? ലോകത്തിലെ ഏറ്റവും മോശം പോലീസ് സി.ബി.ഐ. ആണെന്ന് പാര്‍ട്ടിപത്രം സ്ഥാപിച്ചുകഴിഞ്ഞ ശേഷവും എന്തുകൊണ്ടാണ് ആഭ്യന്തരമന്ത്രി ഇത്തരം അബദ്ധങ്ങള്‍ ചെയ്യുന്നതെന്ന് മനസ്സിലാകുന്നേയില്ല. വിവരമില്ലായ്‌മ ആഭ്യന്തരമന്ത്രിയെയും ബാധിച്ചുവോ?
***
സി. ഐ.എ.യുടെ കളി തന്നെയാവും അതും. പിണറായി സി.പി.എം. സെക്രട്ടറിയായതുകൊണ്ടാവണം, ശംഖുമുഖത്ത് കവിത പറഞ്ഞ ഉടനെ ഇന്‍വെസ്റ്റിഗേറ്റീവ് ജര്‍ണലിസ്റ്റുകള്‍ ആ കവിതയുടെ ഉറവിടം കണ്ടുപിടിക്കാന്‍ ബഹുഭാഷാപണ്ഡിതര്‍, നിരൂപകര്‍ തുടങ്ങിയവരെയും കൂട്ടി ഭൂതക്കണ്ണാടിയുമായി ഇറങ്ങിത്തിരിച്ചത്. ഉറുദുകവിത മലയാളഗദ്യത്തില്‍പറഞ്ഞപ്പോള്‍ ഇതാണ് സ്ഥിതിയെങ്കില്‍ പിണറായി ഉറുദു കവിത ചൊല്ലിയിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി?
ആരെല്ലാം കവിത ചൊല്ലുന്നു, കവിതയെഴുതുന്നു. കഥ പറയുന്നു, എഴുതുന്നു. വായ തുറന്നാല്‍ അധിക്ഷേപംമാത്രം ചൊരിയുന്ന ചില മന്ത്രിമാര്‍ക്ക് പോലും പേനയെടുത്താല്‍ കവിതയേ വരൂ എന്നായിട്ടുണ്ട്. പിണറായിക്ക് ഒരു കവിത പറഞ്ഞുകൂടാ. എന്തൊരുവിവേചനം.
ഇന്‍വെസ്റ്റിഗേറ്റീവ് ജര്‍ണലിസ്റ്റുകള്‍ കേമന്മാരാണ് കേട്ടോ. അവര്‍ കവിതയുടെ ഉറവിടം കണ്ടുപിടിച്ചു. മുമ്പ് സുലൈമാന്‍ സേഠ് പാര്‍ട്ടി വിട്ടപ്പോള്‍ അബ്‌ദുല്‍സമദ് സമദാനിയാണത്രെ നദി/കുട്ടി/ബക്കറ്റ്/കവിത ആദ്യം രാഷ്ട്രീയവിപണയില്‍ ഇറക്കിയത്. കവിത ഉദ്ധരിക്കുന്നതിന് ബൗദ്ധികസ്വത്തവകാശമൊന്നുമില്ല. പിണറായിക്കും പറയാം കവിത, ചൊല്ലുന്നതുസൂക്ഷിച്ചുമതി.
ഒരു അബദ്ധമേ ഉണ്ടായുള്ളൂ. സുലൈമാന്‍ സേഠ് ലീഗ് വിടുമ്പോള്‍ സി.പി.എം. അതിനെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചത് ബക്കറ്റില്‍ തിരമാലകളുടെ ഇരമ്പമുണ്ടാകുമെന്ന ധാരണയിലായിരുന്നു. പിന്നെയേ സംഗതി മനസ്സിലായുള്ളൂ. അതിനുശേഷം സമാനസംഭവം കേരളത്തിലുണ്ടായിട്ടില്ല. ഇപ്പോള്‍ സി.പി.എമ്മില്‍ അതുണ്ടാവുന്നു എന്നാണോ ?