നയതന്ത്ര കുതന്ത്രങ്ങള്‍

ഇന്ദ്രൻ

മുസ്‌ലിം ലീഗിന്റെ നേതാക്കളൊന്നും തന്ത്രത്തിന്റെ കാര്യത്തില്‍ പിന്നാക്കമല്ല. ഇ.അഹമ്മദും കുഞ്ഞാലിക്കുട്ടിയുമെല്ലാം തന്ത്രങ്ങളുടെ ഉസ്‌താദുമാരാണ്‌. നയം എന്നുവിളിക്കാവുന്ന കാര്യമായതൊന്നും അവരുടെ കൈയിലില്ലെന്ന്‌ പറയുന്നത്‌ ശത്രുക്കള്‍ മാത്രമാണ്‌.തന്ത്രം
കൊണ്ട്‌ കേന്ദ്രമന്ത്രിവരെ ആയ അഹമ്മദ്‌ക്കയ്‌ക്ക്‌ ഒരു കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്‌ നയതന്ത്രത്തിന്റെ മന്ത്രിയായാല്‍ പല ഊരാക്കുടുക്കുകളിലും ചെന്നുപെടും.
ഗള്‍ഫ്‌, ദുബായ്‌, ഖത്തര്‍, ദോഹ, സൗദി തുടങ്ങിയ എല്ലാ വിശാലവിദേശത്തിന്റെയും മന്ത്രിയായി തിളങ്ങിനടപ്പായിരുന്നു ഇത്രയും കാലം. പ്രവാസികാര്യമന്ത്രി വേറെയുണ്ടെങ്കിലും നമ്മളുടെ പണിയും ഏതാണ്ട്‌ അതൊക്കെത്തന്നെയായിരുന്നു. വിദേശ മലയാളികളുടെ കാര്യം നോക്കിയാല്‍മതി. നയത്തിലങ്ങനെ നില്‍ക്കണമെന്നുമാത്രം, പതിവു തന്ത്രമൊന്നും പുറത്തെടുക്കേണ്ടതില്ല. അറബ്‌ നാടുകളോടുള്ള ഇന്ത്യയുടെ നയം പണ്ടും ഇപ്പോഴും ഒന്നുതന്നെ. വിദേശമന്ത്രി മൈക്കിന്‌ മുന്നില്‍ നിന്ന്‌ ചരിത്രാതീതകാലചരിത്രം അയവിറക്കിയാല്‍ മതി. വാണിജ്യം, വ്യാപാരം, കപ്പലില്‍ വിദേശികളുടെ വരവ്‌, അങ്ങോട്ടേക്ക്‌ ചരക്കിന്റെ പോക്ക്‌, കുരുമുളക്‌, പ്രവാസിക്ഷേമം എന്നൊക്കെ ഓരോ വാക്യത്തിലും ചേര്‍ക്കണം. വിമാനച്ചാര്‍ജ്‌ കുറയ്‌ക്കണമെന്ന്‌ നിവേദനം കിട്ടും. ഒരു പൈസ കുറയ്‌ക്കാന്‍ നമുക്കാവില്ല. നിവേദനങ്ങളെല്ലാം വ്യോമയാനമന്ത്രിക്ക്‌ വിട്ടാല്‍ മതി. ആവശ്യത്തിന്‌ വിമാനമില്ലാത്തതിന്‌ കുറെ പഴി കേള്‍ക്കണം, പഴി പറയുന്നവരുടെ കൂടെ നമ്മളുമങ്ങ്‌ ചേര്‍ന്നുനിന്നാല്‍ മതിയാകും. സൗദിയില്‍ മലയാളികളെയാരെയെങ്കിലും ജയിലിലിട്ടതായി വിവരംകിട്ടും. ഉടനെ അംബാസഡര്‍ക്ക്‌ കത്ത്‌ വിടണം. യാതൊന്നും സംഭവിക്കില്ല.
അസ്സല്‍ പാശ്ചാത്യവേഷത്തില്‍ ചെന്ന്‌ ഐക്യരാഷ്ട്രസഭയുടെ സമിതികളില്‍ പ്രസംഗം വായിക്കുക,

ഒന്നൊഴിയാതെ ഗള്‍ഫ്‌ രാജ്യങ്ങളിലെല്ലാം വിമാനത്തില്‍ സര്‍ക്കുലര്‍ സര്‍വീസ്‌ നടത്തുക, ഹജ്ജ്‌ വിമാനത്തിന്‌ പച്ചക്കൊടി വീശുക തുടങ്ങിയ ഭാരിച്ച ചുമതലകള്‍ വേറെയുമുണ്ട്‌. കേരളീയരുടെ ക്ഷേമം ഓര്‍ത്ത്‌ അതെല്ലാം ചെയ്യുന്നെന്നുമാത്രം. വല്ലപ്പോഴും ഇന്ത്യയിലും വരണം. പൊന്നാനിയില്‍ വന്നില്ലെങ്കിലും പാര്‍ലമെന്റില്‍ തല കാണിക്കണം. വേറെ പ്രശ്‌നമില്ല. ചോദ്യങ്ങള്‍ക്ക്‌ ഉത്തരം എഴുതിത്തയ്യാറാക്കാന്‍ മുന്തിയ ഐ.എഫ്‌.എസ്സുകാരെ വെച്ചിട്ടുണ്ട്‌.
അങ്ങനെ സമാധാനപരമായി ജീവിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ ഹലാക്കിലെ ആണവക്കരാര്‍ വന്നത്‌. ലീഗിനെ വീഴ്‌ത്താന്‍ സാനമ്രാജ്യത്വം ഉണ്ടാക്കിയ കെണിപ്പെട്ടിതന്നെ. വേറെ വലിയ കാര്യമൊന്നും ലീഗിന്‌ അതിലില്ല. ഒപ്പിട്ടാലെന്ത്‌്‌, ഇല്ലെങ്കിലെന്ത്‌. എന്നിട്ടും കരാറിനെ എതിര്‍ക്കണമെന്നുംപറഞ്ഞ്‌ എത്രപേരാണ്‌ പിറകെ കൂടിയത്‌. അവര്‍ക്കൊന്നും മേലുകീഴ്‌ നോക്കേണ്ട, എന്തിനെയും എതിര്‍ക്കാം, ഒന്നും നഷ്‌ടപ്പെടാനില്ല. അതാണോ നമ്മുടെ സ്ഥിതി ? കരാര്‍ മോശമോ നല്ലതോ എന്നറിയാന്‍പോലും ഒരുവഴിയുമില്ല. കരാര്‍ വായിച്ചുമനസ്സിലാക്കാന്‍ കണ്ണൂരിലോ മലപ്പുറത്തോ പഠിച്ച പഠിപ്പൊന്നും പോര. അതിന്‌ അമേരിക്കയിലോ ബ്രിട്ടനിലോ പോകേണ്ടി വരും. അതുകൊണ്ടാണ്‌ പാര്‍ലമെന്റില്‍ വിശ്വാസവോട്ട്‌ വന്നപ്പോള്‍ നമ്മള്‍ മിണ്ടാതിരുന്നത്‌.

ആ വയ്യാവേലി ഒരുവിധം അവസാനിച്ചതിന്റെ സമാധാനത്തില്‍ ഇരിക്കുമ്പോഴതാ വരുന്നു വേറൊരു ഏടാകൂടം. ഇസ്രായേലിന്‌ ഗാസയില്‍ ബോംബിടാന്‍ കണ്ട ഒരു സമയമേ…. പണ്ട്‌ പലസ്‌തീന്‍കാര്‍ നമ്മുടെ സ്വന്തക്കാരായിരുന്നു. യാസര്‍ അറഫാത്തിനെ കെട്ടിപ്പിടിക്കലായിരുന്നു നമ്മുടെ നേതാക്കളുടെ പ്രധാനപണി. അങ്ങനെയാണ്‌ അറഫാത്ത്‌ ക്ഷീണിച്ചുപോയത്‌. അഹമ്മദ്‌ക്കയും കെട്ടിപ്പിടിച്ചതാണ്‌ കുറെ. അത്‌ പണ്ട്‌. സ്ഥിതിമാറി. ഇപ്പോള്‍ ബുഷിനെ മാത്രമേ കെട്ടിപ്പിടിക്കാവൂ എന്ന്‌ കരാറുണ്ട്‌. പലസ്‌തീനിലേക്ക്‌ ആരും തിരിഞ്ഞുനോക്കാറില്ല. പലസ്‌തീന്‍കാരുടെ ജന്മനാട്‌ ഏതാണ്ട്‌ മുഴുവന്‍ ഇസ്രായേല്‍ കൈയടക്കിക്കഴിഞ്ഞു; മിക്കയിടവും ഇടിച്ചുനിരപ്പാക്കിയിട്ടുമുണ്ട്‌. അറബ്‌ ലോകത്തിന്റെ നൂറിലൊന്നുവലിപ്പം പോലുമില്ലാത്ത ആ പൊടിരാജ്യത്തിനെ പേടിച്ച്‌ കഴിയുകയാണ്‌ എല്ലാവരും. അമേരിക്കയിലും മുംബൈയിലും പോയി നിരപരാധികളെ ബോംബിട്ടുകൊല്ലുന്ന ഭീകരന്മാര്‍ക്കിതുവരെ ഇസ്രായേലിലൊരു പൊട്ടാസ്‌ പൊട്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. പതമുള്ളയിടത്തേ അവര്‍ പാതാളമുണ്ടാക്കാറുള്ളൂ.

ഗാസയിലെ കുഞ്ഞുകുട്ടികളെ വരെ ഇസ്രായേല്‍ ബോംബിട്ടുകൊല്ലുകയാണെന്നത്‌ സത്യംതന്നെ. പക്ഷേ, അതിന്‌ അഹമ്മദ്‌ക്കയുടെ മെക്കിട്ട്‌ കയറുന്നതെന്തിനെന്നുമനസ്സിലാകുന്നില്ല. ഇസ്രായേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കണമെന്ന്‌ മുസ്‌ലിം ലീഗ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. പ്രധാനമന്ത്രിയുടെ ഓഫീസില്‍ കേറി അതുപറയാന്‍ ധൈര്യം പോരാത്തതുകൊണ്ടാണ്‌ മുതലക്കുളത്ത്‌ മൈക്കില്‍ പറഞ്ഞത്‌. പത്രംവായിച്ച്‌ വിവരമറിയുമല്ലോ മന്‍മോഹന്‍സിങ്ങും പ്രണബ്‌ മുഖര്‍ജിയും. അറിഞ്ഞാലുടന്‍ ഇസ്രായേലിനെ മൊഴിചൊല്ലും. അതിന്റെ സൂചനയായിട്ടാണ്‌ പ്രധാനമന്ത്രി ഏഴിമലയില്‍ വന്ന്‌ ഇസ്രായേലിനുനേരെ വാളോങ്ങിയത്‌. വാളോങ്ങിയാല്‍ പേടിച്ചോടും അവര്‍. ഐക്യരാഷ്ട്ര പൊതുസഭ നൂറുപ്രമേയം പാസ്സാക്കിയിട്ട്‌ ചെവിക്കൊള്ളാത്ത കൂട്ടരാണേ…

ഇനി അഥവാ ഇന്ത്യാസര്‍ക്കാര്‍ ഇസ്രായേലിന്റെ കൂടെയുള്ള കിടപ്പ്‌ അവസാനിപ്പിക്കുന്നില്ലെന്ന്‌ വെക്കുക. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്‌ മന്‍മോഹന്‍ സിങ്‌ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാനും തയ്യാറാണ്‌. എന്നുവെച്ച്‌ ഇടതുപക്ഷക്കാര്‍ ആഹ്ല്‌ളാദിക്കുകയൊന്നും വേണ്ട. ഇടതുകാരെപ്പോലെ പിന്തുണ പിന്‍വലിച്ച്‌ പ്രതിപക്ഷത്ത്‌ പോയിരുന്ന്‌ ഗതികെടാനൊന്നും അഹമ്മദിനെ കിട്ടില്ല. വിദേശമന്ത്രിസ്ഥാനത്തിരിക്കുകയും കേന്ദ്രനയത്തിനുവിരുദ്ധമായി പ്രസംഗിക്കുകയും ചെയ്‌ത അഹമ്മദിനെ പുറത്താക്കണമെന്ന്‌ ചില ആളുകള്‍ പറയുന്നുണ്ട്‌. അവരുടെയും അറിവില്ലായ്‌മ നമ്മള്‍ പൊറുക്കണം. ലീഗ്‌ അസാധാരണമായ ഒരു പാര്‍ട്ടിയാണ്‌. മറ്റുപാര്‍ട്ടികളുടെ ഗണത്തില്‍ അതിനെ കൂട്ടരുത്‌. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റ്‌ ഇ.അഹമ്മദാണെന്നതു ശരി.

പക്ഷേ അഹമ്മദ്‌ ആ പാര്‍ട്ടിയുടെ എം.പി.യല്ല. അഹമ്മദ്‌ കേരളമുസ്‌ലിംലീഗ്‌ കമ്മിറ്റിയുടെ സ്ഥാനാര്‍ഥിയായാണ്‌ ജയിച്ചതും പാര്‍ലമെന്റിലിരിക്കുന്നതും. അത്‌ സ്‌പീക്കറുടെ ഓഫീസ്‌ വിവരാവകാശനിയമപ്രകാരം അറിയിച്ചിട്ടുമുണ്ട്‌. യൂണിയന്‍ മുസ്‌ലിംലീഗിന്‌ പാര്‍ലമെന്റില്‍ അംഗങ്ങളില്ല. കേരളത്തില്‍നിന്നുള്ള അഹമ്മദ്‌ കേരളമുസ്‌ലിംലീഗ്‌ എന്ന പാര്‍ട്ടിയുടെയും തമിഴ്‌ നാട്ടില്‍ നിന്നുള്ള ഖാദര്‍ മൊയ്‌തീന്‍ ഡി.എം.കെ.യുടെയും പ്രതിനിധിയാണ്‌. ആകപ്പാടെ ഇതിനൊരു അര്‍ഥമേ ഉള്ളൂ. യൂണിയന്‍ മുസ്‌ലിം ലീഗ്‌ കേന്ദ്രമന്ത്രിസഭവിട്ടാലും അഹമ്മദ്‌ രാജിവെക്കേണ്ടതില്ല. മുതലക്കുളത്ത്‌ പ്രസംഗിച്ചത്‌ യൂണിയന്‍ ലീഗിന്റെ കേന്ദ്രമന്ത്രിയല്ല, കേരളലീഗ്‌ എന്ന മറ്റേ പാര്‍ട്ടിയുടെ എം.പി.യാണ്‌. യേത്‌ ?
ഇനി പറയിന്‍ യൂണിയന്‍ ലീഗിന്‌ നയമില്ലേ ? തന്ത്രമില്ലേ? രണ്ടുമുണ്ട്‌്‌. ബാബറി മസ്‌ജിദ്‌ പൊളിച്ചപ്പോഴും ഉണ്ടായിരുന്നു, സദ്ദാമിനെ കൊന്നപ്പോഴുമുണ്ടായിരുന്നു. ഇപ്പോള്‍ പലസ്‌തീനെ തവിടുപൊടിയാക്കുമ്പോഴുമുണ്ട്‌. പടച്ചോനാണേ സത്യം, ലീഗിന്‌ നയവും ഉണ്ടേ, തന്ത്രവും ഉണ്ടേ….
****
നിയമപരിഷ്‌കാരകമ്മീഷന്‌ പണി പൂര്‍ത്തിയാക്കാനും പത്രസമ്മേളനം നടത്താനും കണ്ട ഒരു സമയം ! ലോക്‌സഭയിലേക്കുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിച്ചുതുടങ്ങി. അപ്പോഴാണ്‌ കൃഷ്‌ണയ്യര്‍ സ്വന്തം വഹ പുതിയ കുറെ പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കിക്കൊണ്ടുവരുന്നത്‌. നിയമപരിഷ്‌കാരത്തിന്റെ പണി നിയമമന്ത്രി വിജയകുമാറിനെത്തന്നെ ഏല്‌പിച്ചാല്‍ മതിയായിരുന്നുവെന്ന്‌ തോന്നിപ്പോകുന്നു.
നൂറിലേറെ നിയമപരിഷ്‌കാരങ്ങള്‍ സമിതി നിര്‍ദേശിച്ചിട്ടുണ്ടത്രെ.നല്ലകാര്യം. തൊണ്ണൂറ്റഞ്ചു നിര്‍ദേശവും ആരും ശ്രദ്ധിച്ചിട്ടുപോലുമില്ല. നാലഞ്ചെണ്ണം മതി ഇത്തവണത്തെ ഇലക്ഷന്‍ കുളമാക്കാന്‍. നഞ്ച്‌ നാനാഴി വേണ്ടല്ലോ. അല്ലെങ്കില്‍ത്തന്നെ ഇവിടെ വയറില്‍തീയുമായാണ്‌ നടപ്പ്‌.

ബഹുഭാര്യത്വം കര്‍ശനമായി നിരോധിക്കണമെന്നാണ്‌‌ ഒരു ശുപാര്‍ശ. രാവിലെതൊട്ട്‌ പാതിരാത്രിവരെ ചാനല്‍ചര്‍ച്ചകള്‍ക്ക്‌ പറ്റിയ വിഷയമായി. കേരളത്തിലെ മുഖ്യപ്രശ്‌നം ഭര്‍ത്താക്കന്മാര്‍ മുഴുവന്‍ ഡസന്‍കണക്കിന്‌ ഭാര്യമാരെയും കൊണ്ട്‌ അര്‍മാദിച്ചുനടക്കുന്നതാണ്‌ എന്നാണ്‌ കേട്ടാല്‍തോന്നുക . ഓരോന്നുതന്നെ പ്രയാസമാണ്‌. കേരളം മുഴുവനെടുത്താല്‍ എത്രപേര്‍ക്കുണ്ട്‌ ഒന്നിലേറെ ഭാര്യമാര്‍ ? അവരില്‍ എത്ര പേരുണ്ട്‌ അമ്പതില്‍താഴെ പ്രായമുള്ളവര്‍? നിയമകമ്മീഷന്റെ കൈയില്‍ കണക്കുകളുണ്ടാകാന്‍ ഇടയില്ല. ജസ്റ്റിസ്‌ കൃഷ്‌ണയ്യരോട്‌ ഈ പ്രായത്തിലിനി സര്‍വേ നടത്താനാവശ്യപ്പെടുന്നത്‌ മോശമാണ്‌. ഇപ്പോള്‍ചെയ്യിച്ചതുതന്നെ ക്രൂരതയാണ്‌. പ്രിവന്‍ഷന്‍ ഓഫ്‌ ക്രുവല്‍റ്റി ടു ഓള്‍ഡ്‌ സിറ്റിസണ്‍സ്‌ നിയമം നിര്‍മിക്കണമെന്നാണ്‌ കമ്മീഷന്‍ ആദ്യം ആവശ്യപ്പെടേണ്ടിയിരുന്നത്‌.

നിയമനിര്‍മാണത്തെ എതിര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട മതപണ്ഡിതന്മാരുടെ വാദംകേട്ടാല്‍തോന്നുക നാലുകെട്ടാന്‍ പറ്റിയില്ലെങ്കില്‍ മുസ്‌ലിങ്ങള്‍ക്കെല്ലാം നരകത്തില്‍ പോകേണ്ടിവരുമെന്നാണ്‌. രണ്ടാംകെട്ട്‌ കെട്ടുന്നതിന്‌ നിയമകമ്മീഷന്‍ മുന്നോട്ടുവെക്കാന്‍പോകുന്ന ഉപാധിയാണ്‌ ബഹുജോര്‍. ഒന്നാം ഭാര്യയുടെ പെര്‍മിഷന്‍ വാങ്ങണമത്രെ. നല്ലതമാശ. അനുമതി കിട്ടാനാണോ പ്രയാസം? പെര്‍മിഷന്‍തന്നില്ലെങ്കില്‍ മൊഴിചൊല്ലണം.അല്ലപിന്നെ !
ബഹുഭാര്യത്വനിരോധനത്തിലൊതുങ്ങുന്നില്ല കൃഷ്‌ണയ്യരുടെയും സഹനിയമജ്ഞരുടെയും ഭാവനാലോകം. സഭാസ്വത്ത്‌ ട്രസ്റ്റാക്കണം, രണ്ടുകുട്ടികളില്‍കൂടുതലുള്ളവര്‍ക്ക്‌ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കണം, ദയാവധം അനുവദിക്കണം തുടങ്ങിയ വേറെയും കൊസ്രാക്കൊള്ളി നിര്‍ദേശങ്ങളുണ്ട്‌ കടലാസില്‍. ക്രിസ്‌ത്യാനികളുടെയും മുസ്‌ലിങ്ങളുടെയും വോട്ടിലാണ്‌ കണ്ണ്‌ എന്നുവ്യക്തം. ഇരുപതില്‍ ഇരുപതും കുട്ടിച്ചോറാക്കാന്‍ തന്നെ പുറപ്പാട്‌. കാര്യത്തിന്റെ കിടപ്പ്‌ മോശമാണെന്ന്‌ അറിയാന്‍ പിണറായി വിജയനെ ആരും പഠിപ്പിക്കേണ്ടതില്ല. അദ്ദേഹം സംഗതി വ്യക്തമാക്കിയിട്ടുണ്ട്‌. കമ്മീഷന്‌ നിയമമുണ്ടാക്കണമെന്ന്‌ നിര്‍ദേശിക്കാനേ അധികാരമുള്ളൂ.

നിയമംനമ്മളല്ലേ ഉണ്ടാക്കേണ്ടത്‌. ഇങ്ങനെ എന്തെല്ലാം ശുപാര്‍ശകള്‍ ഏതെല്ലാം കമ്മീഷനുകള്‍ എപ്പോഴെല്ലാം സമര്‍പ്പിച്ചത്‌ സെക്രട്ടേറിയറ്റിന്റെ അലമാരയില്‍ കിടക്കുന്നു. ഈ ശുപാര്‍ശകളും അവിടെ സുരക്ഷിതമായി കിടന്നുകൊള്ളും. വൈകാതെ ശുപാര്‍ശകള്‍ സൂക്ഷിക്കാന്‍ ഒരു പ്രത്യേകബ്ലോക്ക്‌ നിര്‍മിക്കണമെന്ന്‌ ഏതെങ്കിലും കമ്മീഷന്‍ ആവശ്യപ്പെട്ടുകൂടായ്‌കയുമില്ല.
****
രാജ്യംഭരിക്കാന്‍ നമ്മുടെ സമ്മതിപത്രം തേടിവരാന്‍ തയ്യാറെടുക്കുന്ന ഒരു പാര്‍ട്ടിയുടെ കേന്ദ്രഓഫീസില്‍നിന്ന്‌ ഈയിടെ രണ്ടരക്കോടി രൂപ കാണാതായി. ആര്‍ഷഭാരത സംസ്‌കാരമുള്ള പാര്‍ട്ടിയായതുകൊണ്ട്‌ അതിന്‌ പുറത്തുനിന്നുള്ള കള്ളന്മാരൊന്നും വരേണ്ടിവന്നില്ല എന്നാണ്‌ കേള്‍വി. ‘വ്യത്യസ്‌തമായ പാര്‍ട്ടി ‘ ആയതുകൊണ്ട്‌ പോലീസില്‍ പരാതിയൊന്നും കൊടുത്തുമില്ല. നിസ്സാരതുകയ്‌ക്കുവേണ്ടി എന്തിന്‌ പോലീസിനെ ശല്യപ്പെടുത്തണം. ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ എല്ലാവരും സംഗതി മറന്നു, വാര്‍ത്തയുമില്ല, ഒരു ചോദ്യവുമില്ല.
കുറച്ചാഴ്‌ച മുമ്പാണ്‌, ഇന്ത്യയില്‍ സോഷ്യലിസം കെട്ടിപ്പടുക്കാന്‍പോകുന്ന ഒരു പാര്‍ട്ടിയുടെ സെക്രട്ടറി അമേരിക്കയിലെ ക്ലിന്റന്‍ ഫൗണ്ടേഷന്‌ പത്തുലക്ഷം ഡോളര്‍ സംഭാവന നല്‍കിയതായി വാര്‍ത്തവന്നത്‌. വെറും അഞ്ചുകോടി രൂപ. അതും മറന്നിരിക്കുന്നു എല്ലാവരും.

തലസ്ഥാനത്ത്‌ വേറെ എന്തെല്ലാം പണി കിടക്കുന്നു. നിസ്സാരവാര്‍ത്തകള്‍ക്കുപിറകെ പോകാന്‍ ആര്‍ക്കുണ്ട്‌ സമയം, ആര്‍ക്കുണ്ട്‌ താത്‌പര്യം !

Leave a Reply

Your email address will not be published. Required fields are marked *

Go Top