രാഷ്ട്രീയപ്രേരിതം

ഇന്ദ്രൻ

ആളെ റോഡില്‍ കണ്ടാല്‍ ചിരിക്കണമോ തല്ലണമോ എന്നുപോലും രാഷ്ട്രീയപ്രേരിതമായി തീരുമാനിക്കുന്ന ഭൂപ്രദേശമാണ് കേരളം. ഇവിടെയാണ് രാഷ്ട്രീയപ്രേരിതമായി ഒരാളെ കേസില്‍ ‍പ്രതിചേര്‍ക്കുക എന്ന നികൃഷ്ടകൃത്യം ഉണ്ടായിരിക്കുന്നത്. പിണറായി വിജയനെ ലാവലിന്‍ കേസില്‍ ഒമ്പതാം പ്രതിയാക്കിയതിനെതിരെ അരയും തലയും മുറുക്കി രംഗത്തിറങ്ങാന് അണികളെ പാര്‍ട്ടി‍‍ ആഹ്വാനിച്ചിട്ടുണ്ട്.

ആഹ്വാനം ശരിക്കും ബോധിച്ചിട്ടില്ലാത്ത ഒരാള്‍ പാര്‍ട്ടി‍‍യുടെ പൊളിറ്റ് ബ്യൂറോക്രാറ്റ് കൂടിയായ മുഖ്യമന്ത്രി അച്യുതാനന്ദനാണ്. കേട്ടിട്ടും കേള്‍ക്കാതെ, കണ്ടിട്ടും കാണാതെ, അറിഞ്ഞിട്ടും അറിയാതെ ഒരു മന്ദബുദ്ധിയുടെ മട്ടിലാണ് അദ്ദേഹം നില്‍ക്കുന്നത്. മന്ദബുദ്ധിജീവികളെ തിരിച്ചറിയാന് ബുദ്ധിജീവികള്‍ക്ക് എളുപ്പം കഴിയും. ആ നില്പ്പ് അരാഷ്ട്രീയവാദത്തിന്റെ നില്പ്പാണെന്നും പറഞ്ഞിട്ടുണ്ട് ബുദ്ധിജീവി. രാഷ്ട്രീയപ്രേരിതവും അരാഷ്ട്രീയതയുമെല്ലാം കെട്ടുപിണഞ്ഞുള്ള വൈരുധ്യാത്മകമായ ഈ കിടപ്പിന്റെ ഉള്ളുകള്ളി നമ്മളെപ്പോലുള്ള സാധാരണജീവികള്‍ക്കൊന്നും മനസ്സിലാവില്ല: മനസ്സിലാകണമെന്നാര്‍ക്കും നിര്‍ബന്ധവുമില്ല.

പക്ഷേ, വിപ്ലവപാര്‍ട്ടിയുടെ പ്രവര്‍ത്തകരും അനുയായികളും ആരാധകരുമായ ജനത്തിന് ആശയക്കുഴപ്പമൊന്നും ഉണ്ടാകാന്‍ പാടില്ല. വാചാലത കൊണ്ടുമാത്രമല്ല മൗനംകൊണ്ടും ആശയക്കുഴപ്പമുണ്ടാക്കുന്നവരുണ്ട്, സൂക്ഷിക്കണം. ബൂര്‍ഷ്വാകള്‍ പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ പറയുന്നതെല്ലാം രാഷ്ട്രീയപ്രേരിതമായ ദുരാരോപണങ്ങളാണ്. പാര്‍ട്ടിനേതാക്കളില്‍ അഴിമതിക്കാരില്ല എന്നതാണ് മനസ്സിലാക്കേണ്ട ആദ്യകാര്യം. (അബ്ദുള്ളക്കുട്ടിയെപ്പോലുള്ള ലോക്കല്‍ ‍കമ്മിറ്റിയംഗങ്ങളെക്കുറിച്ചല്ല പറയുന്നത്.) പാര്‍ട്ടി ഒരാളെ നേതൃസ്ഥാനത്തിരുത്തുന്നുവെങ്കില് അതിനര്‍ത്ഥം ആ സഖാവ് അഴിമതി പോലുള്ള ബൂര്‍ഷ്വാ ദുഷ്ടുകളില്‍ നിന്നെല്ലാം മോചിതനാണ് എന്നാണ്. ബൂര്‍ഷ്വാപാര്‍ട്ടിക്കാരുടെ കാര്യത്തിലാണെങ്കില്‍ ഉറപ്പിച്ചോളണം; അവറ്റകളെല്ലാം അഴിമതിക്കാരാണ്.

വലതുകമ്യൂണിസ്റ്റുകാര്‍, ആര്‍.എസ്. പി.ക്കാര്‍ തുടങ്ങിയ വ്യാജ കമ്യൂണിസ്റ്റുകാര്‍ക്ക് ഈ തത്ത്വം ബാധകമല്ല. അവരില്‍ പലവിധ ബൂര്‍ഷ്വാദുഷ്ടുകളുമുണ്ട്. സോഷ്യലിസ്റ്റുകളുടെ കാര്യം പറയാനേ ഇല്ല, അടിമുടി അഴിമതിയാണ്. നമ്മുടെ ഒപ്പം ഇരുന്നു ഭരിക്കുന്നു എന്നതുകൊണ്ടൊന്നും അവരില്‍ സ്വഭാവശുദ്ധി ഉണ്ടാകില്ല. ചന്ദനം ചാരിയാലും മറ്റേത് മണക്കുന്ന കൂട്ടരാണെല്ലാം. 1967 ലെ അനുഭവം ഓര്‍മ്മയില്ലേ? എം.എന്‍. ഗോവിന്ദന്നായര് മഹാമാന്യനും സാത്വികനുമൊക്കെയായിരുണെന്ന് വ്യാജകമ്യൂണിസ്റ്റുകാരും ബൂര്‍ഷ്വാകളും പറയുമായിരിക്കും. നമുക്കതത്ര ബോധ്യമുള്ള കാര്യമല്ല. ഉന്നയിച്ചില്ലേ നമ്മള് അങ്ങേര്ക്കെതിരെയും അഴിമതിആരോപണം, പ്രഖ്യാപിച്ചില്ലേ അന്വേഷണം ? കേസില്‍ പ്രതിചേര്‍ക്കാന്‍ സമയംകിട്ടാഞ്ഞിട്ടാണ്, മന്ത്രിസഭ അകാലനിര്യാണമടഞ്ഞതുകൊണ്ട് ടി.വി.തോമസിനെയും വിപ്ലവ സോഷ്യലിസ്റ്റായ ടി.കെ.ദിവാകരനെയും പില്ക്കാലത്ത് അച്യുതമേനോനെയുംവരെ വെറുതെ വിട്ടിട്ടില്ല. ഇതെല്ലാം രാഷ്ട്രീയപ്രേരിതമായ നടപടികളാണെന്ന് അന്ന് ശത്രുക്കള് ആക്ഷേപിച്ചിട്ടുണ്ട്. അതിലൊന്നും കഴമ്പില്ല. സി.പി.എം. ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങളൊന്നും രാഷ്ട്രീയ പ്രേരിതമല്ല; സി.പി.എം. നേതാക്കള്ക്ക് എതിരെ ഉന്നയിക്കുന്നതെല്ലാം രാഷ്ട്രീയപ്രേരിതമാണ്. സോ സിമ്പിള്.

മിസ്റ്റര്‍ ക്ലീന്‍ എന്നുംപറഞ്ഞ് ഒരു ചങ്ങാതി കുറച്ചുകാലം മുമ്പ് പ്രധാനമന്ത്രിയാവുകയുണ്ടായി. ഇന്ത്യാസര്‍ക്കാര്‍ ബോഫോഴ്സ് കമ്പനിയില്‍നിന്ന് പീരങ്കിവാങ്ങിയപ്പോള് ആരോ ഇടത്തട്ടില്‍നി‍ന്നു ശതമാനംപറ്റിയെന്ന് ആരോപണമുയര്‍ന്നപ്പോള്‍ അന്വേഷണം, രാജി, കേസ്, അറസ്റ്റ് തുടങ്ങിയ നടപടി ഉടനടി നമ്മുടെ പാര്‍ട്ടി ആവശ്യപ്പെടുകയുണ്ടായി. രാജീവ് ഗാന്ധി കോഴവാങ്ങിയോ ഇല്ലേ എന്നൊന്നും നമുക്കുനോക്കേണ്ട കാര്യമില്ല. ‘അഴിമതിയില്ലാത്തവരില്ല ബൂര്ഷ്വാനേതാക്കളില്‍, അഴിമതിയുള്ളവരില്ല മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍’ എന്നതാണ് പൊതുതത്ത്വം. റേഡിയോ സ്റ്റേഷനില്‍ പരിപാടിക്കിടയില്‍ പാട്ടുപാടാന്‍ പറഞ്ഞപ്പോള്‍ ‘ഗലി ഗലി ഷോര് ഹൈ, രാജീവ് ഗാന്ധി ചോര് ഹൈ ‘ എന്ന് കുട്ടികള്‍ പാടുന്ന സ്ഥിതിവരെ ഉണ്ടായി.

രാജീവ് ഗാന്ധിയല്ലല്ലോ പിണറായി വിജയന്. സാനമ്രാജ്യത്വ ഗൂഢാലോചന വളരെ പ്രകടം. പിണറായി വിജയന് ലോകമുതലാളിത്തത്തിന് വന്ഭീഷണിയാകാന് സാധ്യതയുണ്ടെന്ന് ലോകമുതലാളിമാര് തിരിച്ചറിഞ്ഞിക്കണം. വിവരമറിയിക്കാന് അവര്ക്ക് കേരളത്തില് ചാരന്മാര് ഇഷ്ടംപോലെയുണ്ട്. ഇവിടത്തെ പാര്ട്ടിയുടെ വ്യാവസായികാടിത്തറയെക്കുറിച്ച് അവര് രഹസ്യവിവരം നല്കിക്കാണും. തുടര്ന്നാവും പാര്ട്ടിയെ തകര്ക്കാനുള്ള തന്ത്രങ്ങള് ആസൂത്രണം ചെയ്തത്. ലാവലിന് ഭീകരനെയാണ് അതിനായി രംഗത്തിറക്കിയത്. പാര്ട്ടിയെ ചൂണ്ടയില് കുടുക്കാന്വേണ്ടി ലാവലിന് കമ്പനി കാന്സര് ആസ്പത്രി എന്ന ഇരയിടുകയാണ് ചെയ്തത്. വിദ്യുച്ഛക്തി കണ്ടുപിടിച്ചതിന് ശേഷം ആദ്യമായല്ലേ ജനറേറ്ററിനും ടര്ബൈനും ഒപ്പം ആസ്പത്രിക്കട്ടിലും കപ്പല്കയറ്റിയത്്.

പിണറായി വിജയന് ഇപ്പോഴും വൈദ്യുതി മന്ത്രിയായിരുന്നെങ്കില്, കേസില് പ്രതിയായ ഉടനെ രാജിക്കത്ത് നല്കുമായിരുന്നു. സംശയംവേണ്ട. ഇപ്പോള് പിണറായി പാര്ട്ടി സെക്രട്ടറിയാണ്. മന്ത്രിയായപ്പോള് ഉണ്ടായ അഴിമതിയുടെ പേരില് പാര്ട്ടി സെക്രട്ടറി രാജി വെക്കണമെന്ന് ആവശ്യപ്പെടുന്നതില് ഒരു യുക്തിയും ന്യായവും കാണാനില്ല. ഒന്നാമത് മാര്ക്സിസ്റ്റ് പാര്ട്ടിയുടെ മന്ത്രിമാരാരും സ്വയംപ്രേരിതമായി അഴിമതി നടത്താറില്ല. അഴിമതിയും ഒരു രാഷ്ട്രീയപ്രവര്ത്തനമാണ്. പാര്ട്ടിയറിഞ്ഞേ എന്തും ചെയ്യൂ. കിട്ടുന്നതു പാര്ട്ടി ഫണ്ടിലിടുകയും ആവശ്യാനുസരണം സോഷ്യലിസ്റ്റ് തത്ത്വങ്ങള്ക്കനുസരിച്ച് പുനര്വിതരണം നടത്തുകയുമാണ് ചെയ്യുക. ഇത് ബൂര്ഷ്വാപാര്ട്ടിക്കാര്ക്കും മാധ്യമങ്ങള്ക്കും മനസ്സിലാകില്ല. അവരൊക്കെ അഴിമതി നടത്തി പണം പോക്കറ്റിലിടുകയും അതിന്റെ ചെറിയൊരു ഭാഗമെടുത്ത് ഗ്രൂപ്പുണ്ടാക്കി സ്ഥാനംപിടിക്കുകയുമാണ് ചെയ്യുക. അങ്ങനെയാണ് സി.പി.എമ്മിലും നടത്തിപ്പ് എന്നാണവര് ധരിച്ചിരിക്കുന്നത്. ഇവര്ക്ക് പാര്ട്ടിയെപ്പറ്റി ഒരു ചുക്കും അറിയില്ല.

പാര്ട്ടിക്കകത്തുള്ള മന്ദബുദ്ധിജീവികള്ക്ക് ഇതറിയാത്തതാണോ? അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന മട്ടില്… കേട്ടിട്ടും കേട്ടിട്ടില്ലെന്ന മട്ടില്… പാര്ട്ടി അറിഞ്ഞു ചെയ്ത കാര്യങ്ങളെക്കുറിച്ച് പാര്ട്ടിയില് പരാതിനല്കുകയും മൗനവ്രതമാചരിക്കുകയും ചെയ്യുകയാണ് അവര്. ഇത് ഇനിയധിക കാലം നടപ്പില്ല കേട്ടോ …

+++

എന്തൊരു ഭയങ്കരമായ അവസ്ഥയാണിത് ? രാജ്യത്തിന്റെ സമുന്നത കുറ്റാന്വേഷണ ഏജന്സിയായ സി.ബി.ഐ. അതുജന്മംകൊണ്ട 1946 മുതല് തികഞ്ഞ അടിമത്തത്തിലാണ്. കേന്ദ്രസര്ക്കാറിന്റെ ആഭ്യന്തരവകുപ്പ് സി.ബി.ഐ.യെ പോമറേനിയനെ എന്ന പോലെ ചങ്ങലയ്ക്കിട്ടുപോറ്റുകയാണ്. സി.ബി.ഐ. ഡയറക്ടറെ ആഭ്യന്തരമന്ത്രി നിയമിക്കുന്നു, ഉദ്യോഗസ്ഥരെ ആഭ്യന്തരവകുപ്പ് സ്ഥലംമാറ്റുന്നു. സി.ബി.ഐ.ക്ക് സ്വന്തമായി ഒരു രാഷ്ട്രീയപ്രേരിത കേസും എടുക്കാന് പറ്റില്ല. കേന്ദ്രസര്ക്കാറോ കോടതിയോ പറയണം. എന്തൊരനീതി.

സി.ബി.ഐ.യെ സ്വതന്ത്രമാക്കണം എന്നാവശ്യപ്പെട്ട് ഒരു സ്വാതന്ത്ര്യസമരം ഉടനാരംഭിക്കാനിടയുണ്ട്. നിയമജ്ഞനും പാര്‍ലമെന്‍റേറിയനുമായ വര്ക്കല രാധാകൃഷ്ണന് അതിന്റെ നായകത്വം ഏറ്റെടുത്തേക്കും. സി.ബി.ഐ.യെ മോചിപ്പിക്കുമ്പോള് ഒരു മാതൃകയായി എടുക്കാവുന്നത് കേരളമുള്പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പോലീസിനെയാണ്. സി.ബി.ഐ. 1946ലെ നിയമമനുസരിച്ചാണ് പ്രവര്ത്തിക്കുന്നതെങ്കില് പോലീസ് പ്രവര്ത്തിക്കുന്നത് 1861 ലെ നിയമമനുസരിച്ചാണ്. ചില സാധനങ്ങള്ക്ക് കാലം പഴകുന്നതിനനുസരിച്ച് വീര്യംകൂടും. ഇത് അത്തരമൊന്നാണ്. പഴകിദ്രവിച്ച് പരന്ന ദുര്ഗന്ധം സഹിക്കാതെ സുപ്രീംകോടതി കല്പ്പിക്കേണ്ടിവന്നു ആ നിയമംവലിച്ചുകീറിക്കളയാന്. കോടതി പറഞ്ഞതുകൊണ്ടുമാത്രം കേരളവും പോലീസ് നിയമംമാറ്റി. പഴയ സാധനം പുതിയ ഒന്നാന്തരം കുപ്പിയിലാക്കി പോലീസിനെ സര്വതന്ത്രസ്വതന്ത്രമാക്കിയിരിക്കയാണ്. ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണമോ ? ഇല്ലയില്ല. പോലീസിനെ ആഭ്യന്തരമന്ത്രിക്കുപോലും പേടിയാണ്. രാഷ്ട്രീയപ്രേരിതം ലവലേശമില്ലാതെ പ്രവര്ത്തിക്കുന്ന അസല് സ്വതന്ത്ര പോലീസ്. സ്വാതന്ത്ര്യം കൊണ്ട് നില്ക്കാന് വയ്യേ, ഞങ്ങളെയൊന്നു നിയന്ത്രിക്കൂ എന്നു പോലീസുതന്നെ ആവശ്യപ്പെടുന്ന നിലയെത്തിയിട്ടുണ്ട്. ഇങ്ങനെയൊരു പോലീസ് ഇവിടെയുള്ളപ്പോള് തൊട്ടതിനും തൊടുന്നതിനുമെല്ലാം ആളുകളും കോടതിയും സി.ബി.ഐ.യുടെ പിറകെ പോകുന്നതെന്തിനെന്നുമാത്രമാണ് മനസ്സിലാകാത്തത്.

+++

പ്രധാനമന്ത്രിയുടെ ഹൃദയധമനികളിലേക്കുള്ള തടസ്സങ്ങള് നീക്കിയത് ഇന്ത്യയിലെ ഒരു ആസ്പത്രിയില്വെച്ച്, ഇന്ത്യക്കാരായ ഡോക്ടര്മാരായിരുന്നു. പ്രധാനമന്ത്രിയില് നിന്ന് ഇത്രയും നിരുത്തരവാദപരമായ പെരുമാറ്റം പ്രതീക്ഷിച്ചതല്ല. നൂറുകോടിയിലേറെ ജനങ്ങളുള്ള, ലോകശക്തിയായി വളര്ന്നുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു സര്ക്കാര് ആസ്പത്രിയില് സ്വന്തം ഹൃദയം- പൈല്സോ മറ്റോ ആയിരുന്നെങ്കില് സാരമില്ലായിരുന്നു -കീറിത്തുന്നിക്കൂട്ടാന് അനുവദിച്ചത് നിരുത്തരവാദമല്ലെങ്കില് മറ്റെന്താണ് ?

ആഗോളീകരണത്തിന്റെ ആശാനും ലോകബാങ്കിന്റെ തലതൊട്ടപ്പനും മുതലാളിത്തത്തിന്റെ ഏജന്റുമൊക്കെയാണെന്ന് ചുമ്മാ ഗമ പറഞ്ഞുനടക്കുന്നെന്നേ ഉള്ളൂ. രാജ്യത്തിന്റെ കാര്യത്തില് ഒട്ടും താത്പര്യമില്ലെന്നുവ്യക്തം. ഇവിടെ നമ്മുടെ നാട്ടില് ചെറുകിടജനസേവകര് പോലും ‘ഇവിടത്തെ ആസ്പത്രിയില് ശസ്ത്രക്രിയ നടത്തി ജീവന് പണയംവെക്കാന് തയ്യാറില്ലെന്ന നയം വ്യക്തമാക്കി അമേരിക്കയ്ക്ക് വിമാനം കയറിയവരാണ്. മന്മോഹന് അവരുടെ അത്രപോലും രാജ്യസ്നേഹമില്ല !

Leave a Reply

Your email address will not be published. Required fields are marked *

Go Top