ഇനി സ്വന്തം വിധേയന്‍

ഇന്ദ്രൻ

പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ ചെയ്യുമെന്നുപറഞ്ഞ കാര്യങ്ങള്‍പലതും മുഖ്യമന്ത്രിയായപ്പോള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്ന്‌‌ വി.എസ്‌. ഏറ്റുപറയുകയുണ്ടായി. കുമ്പസാരത്തിന്‌ മാധ്യമങ്ങളില്‍ വലിയ പ്രാധാന്യമാണ്‌ ലഭിച്ചത്‌. പ്രതിപക്ഷത്തിരിക്കുമ്പോഴും തിരഞ്ഞെടുപ്പുകാലത്തും എന്താണ്‌ വാഗ്‌ദാനം ചെയ്യാന്‍ പാടില്ലാത്തത്‌! ചെയ്യും എന്ന്‌ വാഗ്‌ദാനം ചെയ്‌ത കാര്യങ്ങള്‍ ചെയ്യാതിരിക്കുക പുതിയ സംഭവമൊന്നുമല്ല. ചെയ്‌താലാണ്‌ വാര്‍ത്ത, ചെയ്യാതിരുന്നാലല്ല. പറഞ്ഞ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതെപോയ ആദ്യ മുഖ്യമന്ത്രിയാണ്‌ അച്യുതാനന്ദനെന്ന്‌ ഭൂലോകത്താരെങ്കിലും പറയുമോ?

ചെയ്യുമെന്നുപറഞ്ഞതുപലതും ചെയ്യാന്‍ കഴിഞ്ഞില്ല എന്നു പറഞ്ഞാല്‍ അതിനര്‍ഥം ചെയ്യാന്‍ ശ്രമിച്ചില്ല എന്നല്ല, ശ്രമിച്ചുപരാജയപ്പെട്ടു എന്നാണ്‌. എന്തുകൊണ്ടാവും പരാജയപ്പെട്ടത്‌ ? ചെയ്യാനുള്ള കഴിവില്ലാത്തതുകൊണ്ടാവുമോ? സാധ്യതയില്ല. മാധ്യമസമ്മേളനത്തിലാരും ഇതൊന്നും ചോദിച്ചിരിക്കാനിടയില്ല. ചോദിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രിയത്‌ അക്കമിട്ട്‌ വണ്‍ ബൈ വണ്‍ പറയുമായിരുന്നു. സുതാര്യകേരളം എന്നൊന്നും പറയാറില്ലെങ്കിലും അദ്ദേഹത്തിന്‌ ഒളിച്ചുവെക്കലും മറച്ചുവെക്കലുമില്ല എന്ന്‌ നമുക്കറിയാവുന്നതാണല്ലോ.

ഇനിയിപ്പോള്‍ നമുക്ക്‌ അതെല്ലാം ഊഹിച്ചെടുക്കാനേ പറ്റൂ. വാഗ്‌ദാനങ്ങളെന്തെല്ലാമായിരുന്നു എന്നുവേണം ആദ്യം ഓര്‍ത്തെടുക്കാന്‍. പ്രസംഗവും പത്രസമ്മേളനവും പ്രസ്‌താവനയും ദിവസവും ഒരു ഡസനെങ്കിലും ഉണ്ടാകുമല്ലോ. അപ്പോള്‍ അഞ്ചുവര്‍ഷത്തിലെത്രയാണ്‌ മൊത്തം പ്രസംഗം, പത്രസമ്മേളനം, പ്രസ്‌താവന? ഓരോന്നിലും കാണും വാഗ്‌ദാനങ്ങള്‍. കൂരിരുളില്‍ നക്ഷത്രങ്ങള്‍പോലെയാണ്‌ വാഗ്‌ദാനങ്ങളെന്ന്‌ മുമ്പാരോ പറഞ്ഞിട്ടുണ്ട്‌. ആവര്‍ത്തനവാഗ്‌ദാനങ്ങള്‍ എടുത്തുമാറ്റി ബാക്കിയുള്ളവ സമാഹരിക്കട്ടെ. ഏരിയതല, പഞ്ചായത്ത്‌ തല, നിയോജകമണ്ഡലതല, ജില്ലാതല, സംസ്ഥാനതല എന്നിങ്ങനെ തലകള്‍ വേര്‍തിരിച്ച്‌ വാഗ്‌ദാനങ്ങള്‍ പട്ടികയാക്കാന്‍ കമ്പ്യൂട്ടര്‍ വേണ്ടിവരും. എ.കെ.ജി. സെന്ററിലെ കമ്പ്യൂട്ടറുകളില്‍ ഇതൊന്നും ഉണ്ടാവില്ലെന്നുറപ്പ്‌. മാധ്യമങ്ങളോ പൊതുജനമോ ഇതിന്റെയൊന്നും കണക്കുവെച്ചിട്ടുണ്ടാവില്ല. പിന്നെ വാഗ്‌ദാനം ചെയ്യുന്ന ആളാണോ അതെല്ലാം ഓര്‍മിക്കേണ്ടത്‌ ? വേറെ എന്തെല്ലാം പണികിടക്കുന്നു.

എങ്കിലും നൂറ്റൊന്ന്‌ ആവര്‍ത്തിച്ചവ ജനത്തിന്റെ മനസ്സില്‍നിന്ന്‌ ഒഴിഞ്ഞുപോയിരിക്കില്ല. ഊക്കന്‍ ഹെഡ്‌ഡിങ്‌ വാര്‍ത്തകളായിരുന്നു ഓരോന്നും. അത്തരം സൂപ്പര്‍ വാഗ്‌ദാനങ്ങള്‍തന്നെയുണ്ടാകും ആഴ്‌ചയില്‍ ഒന്നെന്ന തോതില്‍ പത്തിരുനൂറ്റമ്പതെണ്ണം. എത്ര വാഗ്‌ദാനം പാലിച്ചു, എത്ര പാലിച്ചില്ല എന്നതിന്റെ സ്ഥിതിവിവരക്കണക്കൊന്നും പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ പുറത്തിറക്കിയതായി കണ്ടില്ല. മുഖ്യമന്ത്രി ഒന്നുംചെയ്‌തില്ല എന്ന്‌ പാര്‍ട്ടിയിലെ ശത്രുക്കള്‍പോലും പറയില്ല. പറഞ്ഞതെല്ലാം അതേപടി ചെയ്യാനായില്ല എന്നേ മുഖ്യമന്ത്രിയും പറഞ്ഞുള്ളൂ. ‘എങ്കിലും അഭിമാനിക്കുന്നു. കഴിയാവുന്നതിന്റെ പരമാവധി ചെയ്‌തിട്ടുണ്ട്‌’ എന്നാണ്‌ മുഖ്യമന്ത്രി മുന്‍കൂര്‍ജാമ്യമെടുത്തത്‌. ഇത്‌ പലതരം വ്യാഖ്യാനങ്ങള്‍ക്ക്‌ വിധേയമാക്കാവുന്ന സംഗതിയാണ്‌. ‘കഴിയാവുന്നതിന്റെ പരമാവധി’ എന്ന്‌ കോണ്‍ഗ്രസ്സുകാരും യു.ഡി.എഫുകാരും ബി.ജെ.പി.ക്കാരുമെന്നല്ല ഏത്‌ ഭരണകക്ഷിയും സ്ഥാനമൊഴിയുമ്പോള്‍ അവകാശപ്പെടാറുള്ള കാര്യമാണ്‌.

ഇതില്‍ നിന്ന്‌ ഒരു കാര്യം വ്യക്തം. വാഗ്‌ദാനങ്ങള്‍ രണ്ടുതരമുണ്ട്‌ – ശ്രമിച്ചാല്‍ നടപ്പാക്കാന്‍ കഴിയാവുന്നവ, പരമാവധി ശ്രമിച്ചാലും നടപ്പാക്കാന്‍ കഴിയാത്തവ. ഭരണംകിട്ടിയാല്‍ ആറുമാസത്തിനകം കിളിരൂര്‍ കേസിലെ വി.ഐ.പി.യെ അറസ്റ്റ്‌ ചെയ്യുമെന്ന്‌ വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നുകരുതുക. ഒരു ഉദാഹരണം പറഞ്ഞെന്നേ ഉള്ളൂ. വി.എസ്‌.അങ്ങനെയൊന്നും പറഞ്ഞിരിക്കില്ല. പരമാവധി ശ്രമിച്ചാലും നടപ്പാക്കാന്‍ കഴിയാത്ത കൂട്ടത്തില്‍പ്പെടുന്നതാണ്‌ ഇത്‌. ഇടതുപക്ഷഭരണകാലത്ത്‌ സ്‌ത്രീപീഡനമുണ്ടാകില്ല എന്നതും ഈ ഇനത്തില്‍പ്പെടും. സ്‌ത്രീപീഡനക്കാരെ കയ്യാമംവെച്ച്‌ തെരുവിലൂടെ നടത്തിക്കുമെന്നത്‌ വേറൊന്ന്‌. കയ്യാമങ്ങള്‍ ആവശ്യത്തിന്‌ ലഭ്യമല്ല എന്നത്‌ പിന്നീടാവും ബോധ്യപ്പെടുന്നത്‌. പരമാവധി ശ്രമിക്കായ്‌കയല്ല. കിളിരൂര്‍ വി.ഐ.പി.യെ അറസറ്റ്‌ ചെയ്യും, കരിമണല്‍ മാഫിയയുടെ കഴുത്തുവെട്ടും, അഴിമതിയുടെ വേരറുക്കും, എ.ഡി.ബി. ഉദ്യോഗസ്ഥരുടെ ചെകിട്ടത്തടിക്കും, മൂന്നാര്‍ ടാറ്റയെ കെട്ടുകെട്ടിക്കും, കാസര്‍കോട്ട്‌ എന്‍ഡോസള്‍ഫാനെ നാടുകടത്തും, വനംമാഫിയയുടെ വയറിളക്കും, ഭൂമാഫിയയുടെ കൈവെട്ടും… തുടങ്ങിയ വാഗ്‌ദാനങ്ങളും ഈ ഇനത്തില്‍പ്പെട്ടവയാണ്‌. പരമാവധി ശ്രമിച്ചാലും നടക്കാത്തവ.

ഇതൊന്നും ചെയ്യാന്‍ കഴിയാതെപോയത്‌ പാര്‍ട്ടിയോ മുഖ്യമന്ത്രിയുടെ ഓഫീസോ മുന്നണിയിലാരെങ്കിലുമോ പാര വെച്ചതുകൊണ്ടല്ല. എല്ലാം മുതലാളിത്ത വ്യവസ്ഥയുടെയും ബൂര്‍ഷ്വാ ഭരണഘടനയുടെയും കുറ്റമാണ്‌. വേറൊരു ചെറിയ അബദ്ധവും പറ്റിയെന്നുവെച്ചോളൂ. മുഖ്യമന്ത്രിയാണ്‌ സംസ്ഥാനം ഭരിക്കുന്നത്‌ എന്നു തെറ്റിദ്ധരിച്ചുപോയി. പാര്‍ട്ടിയാണ്‌ ഭരിക്കുന്നത്‌. മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിന്‌ ശേഷം തീരുമാനങ്ങള്‍ പത്രക്കാര്‍ക്ക്‌ വായിച്ചുകൊടുത്താല്‍മതിയാകും. അതിനിടയില്‍ അലമ്പുവര്‍ത്തമാനം പറയരുതെന്ന്‌ പാര്‍ട്ടി പ്രത്യേകം പറഞ്ഞിട്ടുമുണ്ട്‌. നന്നേ വൈകുംമുമ്പേ ഇത്രയും മനസ്സിലാക്കാന്‍ കഴിഞ്ഞതുതന്നെ ഭാഗ്യം. പാര്‍ട്ടിയുടെ വിശ്വസ്‌തനായ വിധേയന്‍ എന്ന നിലയില്‍ ഇനി ഇതനുസരിച്ചുഭരിച്ചുകൊള്ളാം. മറ്റുവാഗ്‌ദാനങ്ങളൊന്നും പാലിച്ചില്ലെങ്കിലും അഞ്ചുകൊല്ലം ഭരിക്കും എന്ന വാഗ്‌ദാനം ഒരു കാരണവശാലും ലംഘിക്കുന്നതല്ലെന്ന്‌ ഉറപ്പുനല്‍കിക്കൊള്ളുന്നു. ആര്‍ക്കും വിഷമംവേണ്ട.

*****

പാര്‍ലമെന്റില്‍ പ്രതിപക്ഷം ബഹളമുണ്ടാക്കുന്നത്‌ എന്തിനുവേണ്ടിയാണ്‌? ഭരണകക്ഷിയെ വെള്ളംകുടിപ്പിക്കാന്‍ എന്നാവും പൊതുജനംകഴുതയുടെ ധാരണ. വെള്ളം തുടര്‍ച്ചയായി കുടിക്കാറുള്ളത്‌ സ്‌പീക്കര്‍ മാത്രമാണ്‌. ഭരണകക്ഷിക്ക്‌ ബഹുസുഖമാണ്‌, കടല കൊറിക്കാം. കഴിഞ്ഞ പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ അഞ്ചുമിനിറ്റിനകം ഒമ്പതുനിയമം ചര്‍ച്ചയൊന്നും കൂടാതെ പാസ്സാക്കാന്‍ ഭരണകക്ഷിക്കുകഴിഞ്ഞു. ബഹളംതന്നെ രക്ഷ. ബഹളമില്ലാത്ത പാര്‍ലമെന്റ്‌ സമ്മേളനമായിരുന്നെങ്കില്‍ ആ ബില്ലുകള്‍ ഭരണക്കാരെയായിരുന്നു വെള്ളംകുടിപ്പിക്കുക.
ഉത്‌പന്നം വിറ്റഴിക്കാനാകാതെ ഗോഡൗണില്‍ കെട്ടിക്കിടക്കുമ്പോള്‍ ചില സ്ഥാപനഉടമകള്‍ പണിമുടക്കുതുടങ്ങാന്‍ തൊഴിലാളിനേതാക്കളെ പ്രേരിപ്പിക്കാറുണ്ടെന്ന്‌ കേട്ടിട്ടുണ്ട്‌. ഗോഡൗണ്‍ വേറെ തിരയേണ്ട, തൊഴിലാളികള്‍ക്ക്‌ കുറച്ചുകാലം കൂലിയും കൊടുക്കേണ്ട. രണ്ടും ലാഭം. പാര്‍ലമെന്റ്‌ സ്‌തംഭിപ്പിക്കാന്‍ ഭരണകക്ഷിതന്നെ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നുണ്ടോ എന്ന്‌ സംശയം തോന്നും ബഹളത്തിനിടയില്‍ പാസ്സാക്കിയ ബില്ലുകളുടെ ഉള്ളടക്കം കേട്ടാല്‍.

ഐ.ടി. നിയമത്തിന്റെ പുതിയ ഭേദഗതികള്‍ നടപ്പാകുന്നതോടെ ഇന്ത്യന്‍ ജനാധിപത്യവും മുഗാബെയുടെ സിംബാബ്‌വെയും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലാതാകും. ഒരു വാഹനമുള്ള ആരെയും തടഞ്ഞുപരിശോധിച്ചാല്‍ അഞ്ഞൂറുരൂപ പിഴയടപ്പിക്കാന്‍ ഏതുപോലീസുകാരനും പറ്റുമെന്നുപറഞ്ഞതു പോലെ, ഒരു കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉള്ള ആരെയും എസ്‌.ഐ. റാങ്കിലുള്ള ആള്‍ക്ക്‌ അഞ്ചോ ഏഴോ കൊല്ലം ജയിലിലാക്കാനുള്ള വകുപ്പുകണ്ടെത്താനാകും. ആരുടെ വീട്ടിലും വാതിലിലൊന്നുമുട്ടുക പോലും ചെയ്യാതെ ഇടിച്ചുകയറി കമ്പ്യൂട്ടര്‍ പരിശോധിക്കാം. മലമ്പുഴയിലെ യക്ഷിപ്രതിമയുടെ ഫോട്ടോ കമ്പ്യൂട്ടറിന്റെ ഡസ്‌ക്‌ടോപ്പിലിടുന്നവനും കാരാഗൃഹവാസം ഉറപ്പ്‌. ആരുടെയും ഇ-മെയിലും എസ്‌.എം.എസ്സും ചോര്‍ത്താം. ഏതുവെബ്‌സൈറ്റും സര്‍ക്കാറിന്‌ തടയാം. ഇതിനെയെല്ലാം ചോദ്യംചെയ്യുന്നവനെ തീവ്രവാദി മുദ്രകുത്തി അകത്തിട്ടാല്‍ ആറുമാസത്തേക്ക്‌ ജാമ്യാപേക്ഷയുമായി കോടതിയുടെ നാലയലത്ത്‌ ചെല്ലുകയും വേണ്ട.

ശരി, ബില്ലിന്റെ ഉള്ളടക്കം പ്രതിപക്ഷം അപ്പോഴറിഞ്ഞിരുന്നില്ല. പിന്നീടോ ? പത്രങ്ങളിലെല്ലാം റിപ്പോര്‍ട്ടുകള്‍വന്നിട്ടും ഒരു പ്രതിപക്ഷപാര്‍ട്ടിയും മിണ്ടിയിട്ടില്ല. ജെ.പി.യുടെ നേതൃത്വത്തില്‍ അടിയന്തരാവസ്ഥയെ ചെറുത്ത്‌ ജയിലില്‍ പോയവര്‍ക്കുമില്ല മിണ്ടാട്ടം. ഹല്ല, നമ്മള്‌ കേറി ചുമ്മാ എതിര്‍ക്കണമോ…നാലുമാസം കഴിഞ്ഞാല്‍ ഭരണം നമുക്കാണെങ്കിലോ ? സംഘപരിവാര്‍ ഫാസിസ്റ്റുകളുടെ കാര്യം അവിടെ നി’ട്ടെ. സംഭാവന കൊടുക്കാത്ത എന്‍ജിനീയറെ തല്ലിക്കൊല്ലുന്നവരുടെ മായാവിലാസിനിയെ പ്രധാനമന്ത്രിയാക്കാന്‍ നടക്കുന്നവര്‍ക്കുപോലും ഇതിനെയെതിര്‍ക്കാന്‍ പറ്റില്ല. പാര്‍ലമെന്റിലെ ബഹളങ്ങള്‍ എല്ലാമൊന്നും നിര്‍ദോഷ ബഹളങ്ങളാവാനിടയില്ലെന്നൊരു തോന്നല്‍.

******
രണ്ടുസിനിമകളില്‍ പട്ടാളക്കാരനായി അഭിനയിച്ചതിന്‌ മോഹന്‍ലാലിന്‌ ഇവിടെ ഓണററി ലഫ്‌റ്റനന്റ്‌ പദവി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്‌. വീരചക്രമോ പരമവീരചക്രമോ കൂടി നല്‍കണമെന്ന്‌‌ രസികര്‍മന്‍ട്രക്കാര്‍ പ്രമേയം പാസ്സാക്കുമെന്നു കരുതുന്നു.

ഈ അംഗീകാരം മറ്റേ ഇനം രസികന്മാരെ നിരാശപ്പെടുത്തിയിരിക്കാന്‍ സാധ്യതയുണ്ട്‌. എത്ര സിനിമകളില്‍ സി.ബി.ഐ. ശിങ്കമായും ഐ.ജി.യായുമെല്ലാം അഭിനയിച്ചയാളാണ്‌ നമ്മുടെ നടികര്‍തിലകം. ലഫ്‌റ്റനന്റ്‌ കേണല്‍സ്ഥാനം പോയിട്ട്‌ ഒരു ഹെഡ്‌ കോണ്‍സ്‌റ്റബിള്‍ സ്ഥാനംപോലും കൊടുത്തില്ല. ഈ അനീതി തിരുത്താനാവണം കേരളസര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ്‌ മമ്മൂട്ടിസാറിന്‌ ഡോക്ടറേറ്റ്‌ നല്‍കാന്‍ തീരുമാനിച്ചത്‌. വൈദ്യഡോക്ടറായി അഭിനയിച്ചിട്ടുണ്ടെങ്കിലും ഈ ഇനം ഡോക്ടറായി അദ്ദേഹം അഭിനയിച്ചിട്ടില്ല. അഭിനയിക്കാത്ത സാധനത്തിന്‌ ഡോക്ടറേറ്റ്‌ നല്‍കാന്‍ കീഴ്‌വഴക്കമുണ്ടോ എന്നും മറ്റും ചോദിക്കരുത്‌. ഇഷ്‌ടം പോലെയുണ്ട്‌. എം.ജി.ആര്‍. അണ്ണന്‌ ഒരു ഡസനെങ്കിലും കാണണം തമിഴ്‌ സര്‍വകലാശാലകളുടെ ഡോക്ടറേറ്റ്‌.

ലഫ്‌റ്റനന്റിനെക്കാള്‍ എന്തുകൊണ്ടും ബെസ്റ്റ്‌ ഡോക്ടറേറ്റ്‌ തന്നെ. മറ്റേത്‌ അലമാരയില്‍ സൂക്ഷിക്കാനേ പറ്റൂ. ഡോക്ടറേറ്റ്‌ സദാ കഴുത്തില്‍ തൂക്കിയിട്ട്‌ നടക്കാം. താണു പത്‌മനാഭനേയും എം.എസ്‌. സ്വാമിനാഥനെയും പോലെയുള്ള ശാസ്‌ത്രപ്രതിഭകള്‍ക്ക്‌ കൊടുക്കാതിരുന്ന സാധനമാണത്‌. എന്തിനേറെ തിരുവനന്തപുരത്ത്‌ രണ്ടുപതിറ്റാണ്ട്‌ ജീവിച്ച എ.പി.ജെ. അബ്‌ദുല്‍ കലാമിന്‌ അതിനുള്ള യോഗ്യത ഉണ്ടായിട്ടില്ല. അത്തരമൊരു വിശിഷ്‌ടവസ്‌തുവാണ്‌ മമ്മൂട്ടിക്ക്‌ കൊടുത്തിരിക്കുന്നത്‌. സൂപ്പര്‍സ്റ്റാറിന്റെ തിളക്കം അതുകൊടുക്കാന്‍ മാത്രം പോരാ എന്നറിയാത്തവരില്ല. എന്നാല്‍ മറ്റേ സ്ഥാനമുണ്ടല്ലോ കൈരളി ചെയര്‍മാന്‍ പദവി. അതിന്‌ ഇത്രയെങ്കിലും കൊടുക്കാതെ പറ്റില്ല. കള്‍ച്ചറല്‍ കമ്മിസാര്‍ ബേബിസ്‌കോവ്‌ പ്രോ ചാന്‍സലറായിരിക്കുമ്പോഴല്ലെങ്കില്‍ പിന്നെയെപ്പോഴാണ്‌ ഇതുനല്‍കുക?

Leave a Reply

Your email address will not be published. Required fields are marked *

Go Top