അപഹാസ്യന്‍

ഇന്ദ്രൻ

നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ ദയനീയപരാജയത്തിന് കാരണംകണ്ടുപിടിക്കാനാവാതെ കെ.പി.സി.സി. വട്ടംകറങ്ങുകയായിരുന്നു. എത്രയോവട്ടം യോഗംചേര്‍ന്നു, എത്രതവണ ഡല്‍ഹിക്കുപറന്നു, എത്രയോ ജ്യോത്സ്യന്മാരെ കാണാന്‍ പഌനിട്ടു. ഒന്നും ഫലപ്രദമായില്ല. ഒടുവിലിതാ, ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി വെള്ളാപ്പള്ളി നടേശന്‍ എന്ന തിരഞ്ഞെടുപ്പുകാര്യവിദഗ്ധന്‍ എത്തിയിരിക്കുന്നു. ഒരു ചോദ്യത്തിനുമാത്രമല്ല യു.ഡി.എഫുമായും കോണ്‍ഗ്രസ്സുമായും തിരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും വെള്ളാപ്പള്ളിക്ക് ഉത്തരമുണ്ട്.

എല്ലാ ചോദ്യങ്ങള്‍ക്കും ഒരുത്തരമാണെന്ന കുഴപ്പമേയുള്ളൂ  വി.എം. സുധീരന്‍. യു.ഡി.എഫ്. ദയനീയമായി തോല്‍ക്കാന്‍ ആരാണ് കാരണക്കാരന്‍? കോണ്‍ഗ്രസ്സിന് സീറ്റുകുറയാന്‍ ആരാണ് കാരണക്കാരന്‍? ബാറുകളെല്ലാം പൂട്ടിയിടാന്‍ ആരാണ് കാരണക്കാരന്‍? വര്‍ഗീയത പെരുകാന്‍ ആരാണ് കാരണക്കാരന്‍? യു.ഡി.എഫ്. ഭരണത്തില്‍ അഴിമതിക്കാര്‍ കൊടികുത്തിവാഴാന്‍ ആരാണ് കാരണക്കാരന്‍? എല്ലാം സുധീരന്‍. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാവാതിരിക്കാനും കാരണക്കാരന്‍ വി.എം. സുധീരനാണോ എന്നറിവായിട്ടില്ല. മുന്‍കാലങ്ങളില്‍, അടുത്ത തിരഞ്ഞെടുപ്പില്‍ ആരുജയിക്കുമെന്ന് ഏതാണ്ട് കൃത്യമായി പറഞ്ഞിരുന്ന വിദഗ്ധനാണ് ഈ വെള്ളാപ്പള്ളി.  എന്തുചെയ്യാന്‍പറ്റും പഴയകാലത്ത് ചില വൈദ്യന്മാരെക്കുറിച്ച് കേട്ടിട്ടുണ്ട്. നാട്ടിലെ സകലരുടെയും രോഗത്തിന് ഒറ്റമൂലി പറഞ്ഞുകൊടുത്തിരുന്നയാളാണ്. ഒടുവില്‍ വയസ്സുകാലത്ത് വൈദ്യര്‍ ചൊറിയും ചിരങ്ങും വന്ന് അവതാളത്തിലായപ്പോള്‍ ചികിത്സയുമില്ല, ഒറ്റമൂലിയുമില്ല. ആരെവിടെ ജയിക്കും ആരുതോല്‍ക്കും എന്നെല്ലാം കാരണസഹിതം പ്രവചിച്ച വെള്ളാപ്പള്ളി സ്വന്തം വകയായി ഒരു പാര്‍ട്ടിയുണ്ടാക്കി. സാക്ഷാല്‍ നരേന്ദ്രമോദിയുടെ അനുഗ്രഹത്തോടെയും അമിത്ഷാജിയുടെ കുതന്ത്രാസൂത്രണത്തിലൂടെയും മത്സരിച്ച് എട്ടുനിലയില്‍ പൊട്ടിപ്പോയി. ഇനി അതും വി.എം. സുധീരന്റെ വിക്രിയയാണെന്ന് പറയാത്തത്, സുധീരന്‍ കേറിയാളാകുമെന്ന് ഭയന്നിട്ടാവുമോ, എന്തോ. വെള്ളാപ്പള്ളിയും വി.എം. സുധീരനും ഒരുകാര്യത്തില്‍ തുല്യദുഃഖമനുഭവിക്കുന്നവരാണ്. രണ്ടുപേരെയും ശത്രുക്കള്‍ ‘അപഹാസ്യന്‍’ എന്ന് ആക്ഷേപിച്ചുകളയുന്നുണ്ട്. വെള്ളാപ്പള്ളിക്കും സുധീരനും ശത്രുക്കളുടെ കാര്യത്തില്‍ ക്ഷാമമൊട്ടുമില്ല. എമ്പാടുമുണ്ട്. പക്ഷേ, ഇക്കാര്യത്തില്‍ സുധീരന്റെ ശത്രു വെള്ളാപ്പള്ളിയും വെള്ളാപ്പള്ളിയുടെ ശത്രു സുധീരനുമാണ്. രണ്ടാളും തമ്മില്‍ യോജിപ്പുള്ള ഒരേയൊരു കാര്യം ഇതുതന്നെരണ്ടാളും അപഹാസ്യര്‍.

തിരഞ്ഞെടുപ്പ് മൂര്‍ധന്യത്തിലെത്തിനില്‍ക്കെ പാര്‍ട്ടിയുടെ അരഡസന്‍ നേതാക്കളെ ജനമധ്യത്തില്‍ അപഹാസ്യരാക്കിയെന്ന കുറ്റം സുധീരന്റെ പേരിലുണ്ട്. അവരില്‍ ചിലര്‍ തോല്‍ക്കുകയുംചെയ്തു. ചിലരെ സുധീരന്‍ ഒന്നും പറഞ്ഞില്ലെങ്കിലും തോല്‍ക്കുമായിരുന്നു എന്നത് വേറെ കാര്യം. വെള്ളാപ്പള്ളിയുടേത് ഏറെ മഹത്ത്വമുള്ള ചെയ്തിയാണ്. സവര്‍ണസംസ്‌കാരത്തിന്റെ വക്താക്കളായ സംഘപരിവാറുമായി കൂട്ടുചേര്‍ന്ന്, ശ്രീനാരായണഗുരുമുതല്‍ താഴേത്തട്ടുവരെയുള്ള സകല നവോത്ഥാന നായകരെയും പ്രവര്‍ത്തകരെയും അപഹാസ്യരാക്കിയെന്ന് വെള്ളാപ്പള്ളിയുടെ നേട്ടമായി ചരിത്രത്തില്‍ രേഖപ്പെടുത്തിക്കഴിഞ്ഞത്രെ. ഇനി ഇതിലും വലുത് എന്തെല്ലാം കാണാനിരിക്കുന്നു!

സുധീരനെ ഒരു പിന്നാക്കസമുദായത്തിന്റെ പേരുമായിച്ചേര്‍ത്ത് വെള്ളാപ്പള്ളി പറഞ്ഞതുകേട്ടു. അധമന്മാരെ പണ്ടുകാലത്ത് കീഴ്ജാതികളുടെ പേരിട്ടുവിളിക്കാറുണ്ട്. സവര്‍ണര്‍ ശ്രീനാരായണഗുരുവിന്റെ പേരുള്ള പ്രസ്ഥാനത്തിന്റെ തലവനില്‍നിന്നുതന്നെ കേള്‍ക്കണമിതും.

**  **  **

രണ്ടുപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനാണത്രെ സി.പി.എം. കേന്ദ്രകമ്മിറ്റി മൂന്നുദിവസം സമ്മേളിക്കുന്നത്. കേരളത്തിലെ ജയമോ പശ്ചിമബംഗാളിലെ തോല്‍വിയോ അല്ല വിഷയമെന്ന് പറയാം. പക്ഷേ, രണ്ടുമായും ചേര്‍ന്നുനില്‍ക്കുന്നതുതന്നെ. കേരളത്തില്‍ ജയിച്ചു. അതിന് കാരണക്കാരനായയാളുടെ സേവനത്തിന് എന്ത് തിരിച്ചുനല്‍കണം എന്നതാണ് കേരള വിഷയം. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്സുമായി കൂട്ടുചേര്‍ന്നാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചുതോറ്റത്. ഹീനജാതിയാണ് ഈ കോണ്‍ഗ്രസ്. ചേര്‍ന്ന് മത്സരിക്കാന്‍തന്നെ പാടില്ലാത്തതാണ്. അതുക്ഷമിക്കാം. ഇനിയും തുടരുമത്രെ അവിടത്തെ അവിഹിതവേഴ്ച. അതിനുള്ള ശിക്ഷ നിശ്ചയിക്കണം.

കേരളത്തിലെ നേട്ടത്തിന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ വി.എസ്സിനെ പ്രശംസിച്ചിട്ടുണ്ട്. അതുതന്നെ വലിയ കാര്യമാണ്. പാര്‍ട്ടി തത്ത്വപ്രകാരം വ്യക്തികളല്ല വിജയവും തോല്‍വിയുമെന്നും ഉണ്ടാക്കുന്നത്. എല്ലാം പടച്ചവന്റെ നിശ്ചയമെന്ന് വിശ്വാസികള്‍ പറയുന്നതുപോലെയാണ് കമ്യൂണിസ്റ്റുകാരും പറയുക എന്നു ചിലര്‍ പരിഹസിക്കുമായിരിക്കും. പക്ഷേ, വ്യത്യാസമുണ്ട്. വസ്തുനിഷ്ഠ സാഹചര്യങ്ങളാണ് വിപ്ലവംപോലും അനിവാര്യമാക്കുന്നത്. അങ്ങനെ സി.പി.എം. ജയം അനിവാര്യമായിത്തീര്‍ന്നു എന്നതാണ് വാസ്തവം. പോട്ടെ, എന്നിട്ടും വി.എസ്സിനെ പ്രശംസിച്ചു. ഇനി വേണമെങ്കില്‍ എ.കെ.ജി. സെന്ററില്‍ ഒരു പൂര്‍ണമായ കളര്‍ചിത്രം സ്ഥാപിക്കാം. ‘ഈ പാര്‍ട്ടിയുടെ ഐശ്വര്യം’ എന്നൊരു ബോര്‍ഡും സ്ഥാപിക്കാം. അല്ലാതെ, ഭൗതികമായ സമ്മാനമോ പ്രതിഫലമോ നല്‍കുന്നത് മാര്‍ക്‌സിസത്തിന്റെ ഗ്രന്ഥങ്ങളില്‍ പറയുന്ന തത്ത്വങ്ങള്‍ക്ക് വഴങ്ങുമോ എന്ന് കേന്ദ്രകമ്മിറ്റിക്ക് ചര്‍ച്ച ചെയ്യാതെ പറ്റില്ല. എന്തായാലും രണ്ടുനാള്‍കൊണ്ട് വിവരമറിയും. പന്ത് കേരളത്തിലേക്ക് തട്ടിക്കൊടുക്കുന്നതാവും ബുദ്ധി എന്ന അഭിപ്രായവും ഉയര്‍ന്നേക്കും.

പശ്ചിമബംഗാളിലേതാണ് ഗൗരവമുള്ള പ്രശ്‌നം. നികൃഷ്ടജീവികള്‍ക്കൊപ്പം മത്സരിച്ചു. തരക്കേടില്ല, അതുവഴി അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍. കണക്കപ്പിള്ളമാരുടെ ഉപദേശംകേട്ട് എടുത്തുചാടിയതാണ്. മമതയ്‌ക്കൊപ്പമായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദുഷ്ടന്മാരുടെ നില്‍പ്പ്. ഇത്തവണ അവര്‍ ശ്രേഷ്ഠമാര്‍ക്‌സിസ്റ്റുകാര്‍ക്കൊപ്പമായി. മമതയുടെ അക്കൗണ്ടില്‍നിന്ന് അത്രയും വോട്ട് കുറയ്ക്കുകയും ഇടതുവോട്ടിനൊപ്പം കൂട്ടുകയും ചെയ്താല്‍ വിജയം സുനിശ്ചിതം. മുഖ്യമന്ത്രിയെക്കൂടി തീരുമാനിച്ച് ആഹ്ലാദചിത്തരായാണ് വോട്ടുപിടിച്ചത്. പക്ഷേ, തിരഞ്ഞെടുപ്പില്‍ രണ്ടും രണ്ടും ചേര്‍ന്നാല്‍ അത് ചിലപ്പോള്‍ ആറാവാം. ചിലപ്പോള്‍ ഒന്നുമാവാമെന്ന് പശ്ചിമബംഗാള്‍ പാര്‍ട്ടിക്ക് ഇപ്പോഴേ മനസ്സിലായുള്ളൂ.

കേന്ദ്രകമ്മിറ്റിക്ക് രണ്ട് ചുമതലകളുണ്ട്. ബംഗാള്‍കമ്മിറ്റിയെ ‘എര്‍ത്തമാറ്റിക്‌സ്’ പഠിപ്പിക്കുകയാണ് ഒന്ന്. രണ്ടാമത്തേതാണ് ഗൗരവമേറിയത്. പഴയൊരു പാര്‍ട്ടികോണ്‍ഗ്രസ് തയ്യാറാക്കിയ ജാതകപ്രകാരം കോണ്‍ഗ്രസ്സുമായുള്ള ബന്ധം പാടില്ല. ആ ജാതകം മാറ്റിയെഴുതണമോ അതല്ല, ജാതകവിരുദ്ധബന്ധത്തിന് തുനിഞ്ഞവരെ അവരുടെ പാട്ടിനുപോയി തുലയാന്‍ വിടണമോ എന്ന് തീരുമാനിക്കണം. രണ്ടായാലും വിവരം രണ്ടുനാള്‍ക്കകമറിയാം. ഈ പന്ത് കൊല്‍ക്കത്തയ്ക്കുതട്ടി ഇതില്‍നിന്ന് തടിയൂരുന്ന കാര്യവും ആലോചിക്കാവുന്നതാണ്.

**  **  **

കേരളത്തിലെവിടെയെല്ലാം ബംഗാളികളുണ്ട്, അസംകാരുണ്ട്, ഒഡിഷക്കാരുണ്ട് എന്ന് സെന്‍സസെടുക്കുകയാണ് ചില രാഷ്ട്രീയക്കാരും മാധ്യമക്കാരും. പ്രകോപനം ഒന്നുമാത്രംപെരുമ്പാവൂരില്‍ ഒരു പെണ്‍കുട്ടി അതിമൃഗീയമായി കൊലചെയ്യപ്പെട്ടു. കേരളത്തില്‍ നടക്കുന്ന ആദ്യസംഭവമാണിത്, അന്യസംസ്ഥാനക്കാര്‍ വന്നതുകൊണ്ടുമാത്രമാണിത് സംഭവിച്ചത്, അന്യസംസ്ഥാനക്കാരെല്ലാം പീഡകരും ബലാത്സംഗവിഷയാസക്തരുമാണ് എന്നുതോന്നും വെപ്രാളംകണ്ടാല്‍. അന്യസംസ്ഥാനക്കാര്‍ ഇത്തരക്കാരാണെന്ന് പറയുമെന്നുമാത്രമല്ല, മലയാളികള്‍ ഈവിധ ദോഷങ്ങളൊന്നുമില്ലാത്ത ലോലമനസ്‌കരും സദാചാരതത്പരരും സദ്ഗുണസമ്പന്നരുമാണെന്നും പറയാതെ പറയുകയാണ് നാം.

അന്യസംസ്ഥാനക്കാരെ നാടുകടത്തുക, ഇനിവരുന്നവര്‍ക്ക് വിസ ഏര്‍പ്പെടുത്തുക എന്നുംമറ്റും ആവശ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട് നമ്മുടെ സുഹൃത്തുക്കള്‍. ഇതൊന്നും കേരളത്തിലേക്ക് കടക്കുമ്പോഴുള്ള വണ്‍വേ ട്രാഫിക് നിയന്ത്രണമാവുകയില്ലല്ലോ. അതുവേണമെങ്കില്‍ കേരളത്തിന് സ്വതന്ത്രപദവി ആവശ്യപ്പെടേണ്ടിവരും. കേരളത്തില്‍നിന്നുപോയി മറ്റിടങ്ങളില്‍ അന്യസംസ്ഥാനക്കാരാകുന്നവരുണ്ട്. മറ്റുരാജ്യങ്ങളില്‍പ്പോയി അന്യരാജ്യത്തൊഴിലാളികളാകുന്നവരുമുണ്ട്. അവരാരെങ്കിലും ഇതുപോലൊരു പ്രതിയായാലോ?

Leave a Reply

Your email address will not be published. Required fields are marked *

Go Top