ആറുവര്‍ഷം മുമ്പ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയിലേക്ക് ഇരമ്പിച്ചെല്ലുകയുണ്ടായി. പതിനായിരക്കണക്കിന് സൈനികരാണ് സര്‍വസജ്ജീകരണവുമായി പത്ത് മാസത്തോളം അഭ്യാസങ്ങളിലേര്‍പ്പെട്ടത്. ഇപ്പംപൊട്ടും യുദ്ധം എന്ന് ലോകം ഭയന്നു. പൊട്ടിയില്ല. ഭീകരര്‍ ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തിന് നേരെ നടത്തിയ ആക്രമണമായിരുന്നു പ്രകോപനം. വേറെ കാര്യമായൊന്നും ചെയ്യാനില്ലെന്ന് ബോധ്യപ്പെട്ട രാഷ്ട്രീയനേതൃത്വമാണ് ആ തീരുമാനമെടുത്തത്. ചാവേര്‍ ആക്രമണം നടത്തിയവര്‍ പാര്‍ലമെന്റിന് മുന്നില്‍ത്തന്നെ ചത്തുമലച്ചിരുന്നു. ആക്രമണം ആസൂത്രണം ചെയ്‌തവര്‍ സുരക്ഷിത താവളങ്ങളിലിരുന്ന് സൈനികനീക്കം കണ്ട് പൊട്ടിച്ചിരിച്ചിട്ടുണ്ടാകണം. അവര്‍ക്കൊരു നഷ്‌ടവും ഉണ്ടായില്ല. പത്തുമാസം കഴിഞ്ഞപ്പോള്‍ സൈനികരെയെല്ലാം ബാരക്കുകളിലേക്ക് തിരിച്ചുവിളിച്ചു. ഭീകരന്മാര്‍ അവരുടെ പണി മുറപോലെ തുടര്‍ന്നു.
നര്‍മബോധവുമുള്ളവരായിരുന്നു അന്നത്തെ സൈനിക മേധാവികളെന്ന് സമ്മതിച്ചേ പറ്റൂ. ആ സൈനിക നീക്കത്തിന് അവരിട്ട പേര് ഓപ്പറേഷന്‍ പരാക്രമം എന്നായിരുന്നു. മലയാളത്തില്‍ പരാക്രമം അത്ര നല്ല വാക്കല്ല; ഹിന്ദുസ്ഥാനിയില്‍ പരാക്രമത്തിന് വേറെ അര്‍ഥം കാണുമായിരിക്കും. സൈന്യം പരാക്രമം നടത്തി എന്ന് എഴുതിയാല്‍ സൈന്യം എന്തോ തോന്ന്യാസം ചെയ്‌തു എന്നേ തോന്നൂ. പരനോട് അക്രമം കാട്ടലാണ് പരാക്രമം. അതിലിത്തിരി പരിഹാസവുമുണ്ട്. ശൗര്യത്തിന്റെ വൃഥാപ്രകടനം എന്നും പറയാം.
ഇത്തരം സൈനികനീക്കങ്ങളുടെ പണച്ചെലവിനെക്കുറിച്ച് പറയുന്നത് രണ്ടാംതരം വര്‍ത്തമാനമാവാം. അയ്യായിരംകോടി രൂപ ഈ പരാക്രമപരിപാടിക്ക് ചെലവായി എന്നാണ് പറഞ്ഞുകേട്ടത്. മുംബൈ ഭീകരാക്രമണത്തില്‍ മരിച്ചതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ പരാക്രമത്തിനിടയിലെ അപകടങ്ങളില്‍ മരിക്കുകയുണ്ടായി, ഒരു വെടിപോലും പൊട്ടിയില്ലെങ്കിലും. മരിച്ചവരില്‍ ഏറെയും നമ്മുടെ വീരസൈനികര്‍. ഒരു പാകിസ്‌താന്‍കാരന്‍പോലും പരാക്രമത്തില്‍ മരിച്ചിട്ടില്ല. യുദ്ധത്തിലോ ഏറ്റുമുട്ടലിലോ മരിക്കുക സൈനികന് അഭിമാനമാണ്. തയ്യാറെടുപ്പിനിടയില്‍ അപകടങ്ങളില്‍ മരിക്കുന്നത് നിര്‍ഭാഗ്യമാണ്. അവര്‍ക്ക് ധീരരക്തസാക്ഷിപദവി കിട്ടില്ല. കടലാസില്‍ എഴുതിവെച്ചതിന് അപ്പുറം ഒരാനുകൂല്യവും കിട്ടില്ല. ജനം അവരെ ഓര്‍ക്കുകയുമില്ല. പരാക്രമം മതി, യുദ്ധം വേണ്ട എന്ന് ഭരണാധികാരികള്‍ തീരുമാനിച്ചാല്‍ സൈന്യത്തിനൊന്നും ചെയ്യാനാവില്ല.
പോയതുപോയി, അന്നത്തെ പരാക്രമം കൊണ്ട് രാജ്യമെന്ത് നേടി എന്ന് വാജ്‌പേയിയോ അദ്വാനിയോ ഒന്നും പറയുകയുണ്ടായില്ല. പാകിസ്‌താന്റെ പ്രസിഡന്റ് മുഷറഫ് ഒരു കാര്യം വെളിപ്പെടുത്തിയിരുന്നു. പരാക്രമത്തിന്റെ ആദ്യത്തെ കുറെ രാത്രികളില്‍ തനിക്കുറങ്ങാന്‍ കഴിഞ്ഞിരുന്നില്ല എന്ന്. അതു വലിയ കാര്യം തന്നെ. ഇന്ത്യയെ തകര്‍ക്കാന്‍ ആകാവുന്നതെല്ലാം ചെയ്‌ത മുഷ്‌കരനായിരുന്നല്ലോ മുഷ്. എങ്കിലും, അയാളുടെ കുറച്ചുരാത്രിയിലെ ഉറക്കം നഷ്‌ടപ്പെടുത്താന്‍ 5000 കോടി രൂപ ചെലവിട്ടത് കുറച്ചധികമായിപ്പോയില്ലേ എന്നാരും ചോദിച്ചുപോകും. രാജ്യത്തിന്റെ പാര്‍ലമെന്റ് ആക്രമിച്ചിട്ട് നിങ്ങളെന്തുചെയ്‌തു എന്നാരെങ്കിലും ചോദിച്ചാല്‍ അയ്യായിരം കോടി പൊട്ടിച്ചെന്നെങ്കിലും പറയാനായി വാജ്‌പേയി-അദ്വാനി നേതൃത്വത്തിന്. അത്രയും സമാധാനം.
ഇപ്പോഴിതാ, രണ്ടാം പരാക്രമം എന്നുവിളിക്കാവുന്ന ചിലതെല്ലാം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. മന്‍മോഹന്‍-പ്രണബ്- ആന്റണി നേതൃത്വത്തിന്റെ പരാക്രമം രാജ്യത്തെ യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ഭയം പലര്‍ക്കുമുണ്ട്. അന്നത്തെപ്പോലത്തെ കടുത്ത സൈനികനീക്കമൊന്നുമില്ല. അതുകൊണ്ട് അന്നത്തെ അത്ര പണച്ചെലവ് കാണില്ലായിരിക്കും. യുദ്ധം അധികവും നടത്തുന്നത് പ്രണബ് മുഖര്‍ജിയുടെ നാക്കുകൊണ്ടാണ്. മന്‍മോഹന്‍ജിയും ആന്റണിജിയും അത്രയ്‌ക്ക് പോര. പ്രണബിന്റെ വാചകം കേട്ട് സര്‍ദാരിക്കെങ്കിലും ഉറക്കം നഷ്‌ടപ്പെടുവാനുള്ള സാധ്യത കുറവാണ്.
മുഷറഫും സര്‍ദാരിയും തമ്മിലുള്ള വലിയ വ്യത്യാസം പ്രണബ്-മന്‍മോഹന്‍മാര്‍ക്ക് അറിയാത്തതല്ല. മുഷറഫിന്റെ കൈയില്‍ത്തന്നെയായിരുന്നു ഭീകരന്മാരെ പോറ്റുന്ന ഐ.എസ്.ഐ.യുടെയും കടിഞ്ഞാണ്‍. സര്‍ദാരി പ്രസിഡന്റായി എന്നത് ശരിതന്നെ. രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ പത്രം വായിച്ചറിയാറുണ്ട് സര്‍ദാരിയും. വേറെ ഒരുപിടിയുമില്ല. അദ്ദേഹത്തിന്റെ ഉറക്കം നഷ്‌ടപ്പെടുന്നത് ഐ.എസ്.ഐ. എന്ത് അക്രമമാണ് ചെയ്യാന്‍ പോകുന്നത് എന്നോര്‍ത്താണ്. സ്വന്തം ഭാര്യയെക്കൊന്ന ഭീകരരെ ഇതുവരെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത സര്‍ദാരി എങ്ങനെയാണ് മുംബൈ താജ് ആക്രമിച്ച ഭീകരരെ പിടിക്കാന്‍ പോകുന്നത്?
മുംബൈയില്‍ നടന്നതുപോലുള്ള അനേകം ആക്രമണങ്ങള്‍ ഭീകരന്മാര്‍ പാകിസ്‌താനില്‍ നടത്തിയിട്ടുണ്ട്. അതൊന്നും നിയന്ത്രിക്കാന്‍ കഴിയാതെ ശ്വാസംമുട്ടുന്ന സര്‍ദാരിയോട് ഇന്ത്യയില്‍ നടക്കുന്ന ആക്രമണവും തടയണമെന്ന് ആവശ്യപ്പെടുന്നത് കുറച്ച് കടന്ന കൈയാണ്. പക്ഷേ മന്‍മോഹന്‍- പ്രണബുമാരും നിസ്സഹായരാണ്.
പൊതുതിരഞ്ഞെടുപ്പിന് മാസം മൂന്നേ മുന്നിലുള്ളൂ. ഭീകരര്‍ക്കെതിരെ ചിലതെല്ലാം ചെയ്‌തെന്നുവരുത്തുകയെങ്കിലും വേണം. ചില്ലറ വെടിയും പുകയുമെങ്കിലും ഉണ്ടാക്കാഞ്ഞാല്‍ ജനം പുച്ഛിക്കും. ഹോ, ഒരു തിരഞ്ഞെടുപ്പുകടമ്പ കടക്കാന്‍ എന്തെല്ലാം പരാക്രമം കാട്ടണം മനുഷ്യന്.
ചെയ്യുന്നതെന്ത് എന്നതിനെക്കുറിച്ചുള്ള വ്യക്തതയാണ് സൈന്യത്തിന് ഏറ്റവും പ്രധാനമെന്ന് സൈനികമേധാവികള്‍ പറയാറുണ്ട്. ഇപ്പോള്‍ സൈന്യം ആശയക്കുഴപ്പത്തിലാണ്. എന്നാല്‍ ഭരണാധികാരികളിലുള്ളിടത്തോളം ആശയക്കുഴപ്പം സൈന്യത്തിനില്ലെന്നതുകൊണ്ട് അത്ര ഭയപ്പെടാനില്ല.
* * ** * ** ** * **
അഞ്ചുമിനിറ്റുകൊണ്ട് പപ്പടം ചുടുന്നതുപോലെ എട്ടുബില്ലുകളാണ് ലോക്‌സഭ പാസാക്കിയെടുത്തത്. ലോക റെക്കോഡ് ഇടുന്നതിനുള്ള പുറപ്പാടാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. പഴയ കാലത്തെപ്പോലെ ബില്ലുകളൊക്കെ തിരിച്ചും മറിച്ചും ചര്‍ച്ച ചെയ്‌തും ഭേദഗതി ചെയ്‌തുമൊന്നും ഉണ്ടാക്കിയെടുക്കാന്‍ ഇക്കാലത്ത് എവിടെയാണ് മാഷേ സമയം ? എല്ലാ സംഗതികളും ഇന്‍സ്‌റ്റന്റ് ആയിക്കൊണ്ടിരിക്കുകയല്ലേ, നിയമങ്ങളും അങ്ങനെയായിക്കോട്ടെ.
വായടയ്‌ക്കൂ പണിയെടുക്കൂ എന്ന അടിയന്തരാവസ്ഥക്കാലത്തെ തത്ത്വം വായടയ്‌ക്കൂ ബില്ല് പാസ്സാക്കൂ എന്ന് ഭേദഗതി ചെയ്യുകയാണ്. ബില്ല് പാസ്സാക്കിയ ശേഷം വായതുറക്കാം. ബഹളം, വാക്കൗട്ട്, സ്‌തംഭിപ്പിക്കല്‍ തുടങ്ങിയ ക്രിയാത്മക കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അംഗങ്ങള്‍ക്ക് പരമാവധി സമയം അനുവദിക്കുകയാണ് യു.പി.എ.യുടെ പാര്‍ലമെന്ററി നയം. പ്രതിപക്ഷത്തിനും അവരുടെ സര്‍ഗാത്മകത പ്രകടിപ്പിക്കാന്‍ ഇതാണ് നല്ലത്. ബില്ല് പഠിച്ചുവന്നു പ്രസംഗിച്ചാല്‍ കേള്‍ക്കാന്‍ സഭയിലാരും ഉണ്ടാവില്ല, പ്രസംഗം കൊടുക്കാന്‍ മാധ്യമങ്ങളുണ്ടാവില്ല, ഏതെങ്കിലും മാധ്യമം കൊടുത്താല്‍ ശ്രദ്ധിക്കാന്‍ ജനവുമില്ല. പിന്നെയെന്തിന് വെറുതെ ചര്‍ച്ച ചെയ്‌ത് സമയം പാഴാക്കുന്നു.
അടിയന്തരാവസ്ഥയ്‌ക്ക് മുമ്പുള്ള കാലത്ത് വര്‍ഷം നൂറ്റമ്പത് ദിവസം വരെ സമ്മേളിച്ചിരുന്ന ലോക്‌സഭയാണിത്. സഭ ഒരു മിനിട്ട് സമ്മേളിക്കാന്‍ കാല്‍ ലക്ഷം രൂപ ചെലവാണെന്നൊക്കെ വെറുതെ പറഞ്ഞതുകൊണ്ട് കാര്യമില്ല. അധികം സംസാരിക്കാതിരുന്നാല്‍ത്തന്നെ ചെലവ് കുറയ്‌ക്കാം. അതുകൊണ്ട് ഇക്കൊല്ലം അമ്പതില്‍ താഴെ ദിവസമേ സഭ സമ്മേളിച്ചുള്ളൂ. പതിന്നാലാം ലോക്‌സഭയുടെ ആദ്യത്തെ മൂന്നു വര്‍ഷം 26 ശതമാനം സമയത്ത് സഭയില്‍ സ്‌തംഭനമായിരുന്നു പരിപാടി. ഇക്കൊല്ലത്തെ ബജറ്റ് സമ്മേളനത്തില്‍ സ്‌തംഭനം 34 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞു. ആകെ സമയത്തില്‍ പാതി ബഹളമുണ്ടാക്കി സഭ നിര്‍ത്തിവെപ്പിക്കും, ബാക്കി സമയത്ത് ബഹളംകൂടാതെ അംഗങ്ങള്‍ കാന്റീനിലേക്ക് നീങ്ങും- അതായിരുന്നു നടപടിക്രമം. സ്‌തംഭിപ്പിക്കാനുള്ള വക സര്‍ക്കാര്‍തന്നെ ഉണ്ടാക്കിക്കൊടുക്കും. ആ സമ്മേളനത്തില്‍ നാല് ബില്ലേ ചര്‍ച്ചയില്ലാതെ ചുട്ടെടുക്കാന്‍ കഴിഞ്ഞുള്ളൂ. അത് ഇത്തവണ എട്ടായി ഉയര്‍ത്തി. ഇക്കാര്യത്തിലും വരുംസമ്മേളനങ്ങളില്‍ വന്‍ പുരോഗതിയാണ് പ്രതീക്ഷിക്കുന്നത്.
പഴയതുപോലത്തെ അവികസിത പിന്നാക്ക ജനാധിപത്യമല്ല ഇത്. അറുപതുകൊല്ലംകൊണ്ട് നിയമമൊക്കെ ഉണ്ടാക്കിക്കഴിഞ്ഞു. ഇനി വല്ലപ്പോഴുമൊക്കെയൊന്നു സമ്മേളിച്ചാല്‍ മതിയാകും. സ്‌കൂള്‍കുട്ടികള്‍ പഠനയാത്രയ്‌ക്ക് വരുമ്പോള്‍ കാണിച്ചുകൊടുക്കാന്‍ അതാവശ്യമാണ്. അംഗങ്ങള്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. സമ്മേളനത്തിലെ ചര്‍ച്ചയും പഠനവും നിയമനിര്‍മാണവുമെല്ലാം ഏത് അനുപാതത്തില്‍ കുറയുന്നുവോ ആ അനുപാതത്തില്‍ പാര്‍ലമെന്റംഗങ്ങളുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചുതരുന്നതായിരിക്കും.
******
സി.പി.എം. സ്വകാര്യപക്ഷത്തേക്ക് എന്ന് യമണ്ടന്‍ തലക്കെട്ട് ചില പത്രങ്ങളിലുണ്ട്. മുറുക്കാന്‍കട വരെ ദേശസാല്‍ക്കരിച്ചുള്ള കടുകട്ടി കമ്യൂണിസമായിരുന്നു മിനിഞ്ഞാന്ന്‌വരെ എന്നും കമ്യൂണിസ്റ്റുകാര്‍ അതില്‍നിന്ന് വഞ്ചനാപരമായി പിന്‍വാങ്ങുകയാണ് എന്നുമാണ് തലക്കെട്ട് കണ്ടാല്‍ തോന്നുക. കമ്യൂണിസ്റ്റുകാര്‍ക്കുള്ളതിനേക്കാള്‍ സോഷ്യലിസ്റ്റ് ഭ്രമവും സ്വകാര്യമൂലധനവിരോധവും മുതലാളിത്തവാദികള്‍ക്കുണ്ട് എന്നും നമ്മള്‍ ധരിക്കണം.
കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞവരെക്കൂടി ബോധ്യപ്പെടുത്താനാണ്, ആദ്യം അധികാരത്തില്‍ വന്നപ്പോള്‍ത്തന്നെ ബിര്‍ളയെ കൂട്ടിക്കൊണ്ടുവന്ന് വ്യവസായം തുടങ്ങിച്ചത്. അതുകഴിഞ്ഞ് വര്‍ഷം അമ്പതായിട്ടും അക്കൂട്ടര്‍ക്ക് കമ്യുണിസ്റ്റുകാരെ മനസ്സിലാക്കാനായില്ലെന്നത് മഹാകഷ്‌ടമാണ്. സോഷ്യലിസം സ്ഥാപിക്കണമെങ്കില്‍ ആദ്യം നേരാംവണ്ണം മുതലാളിത്തമുണ്ടാകണം എന്നാണ് കിത്താബില്‍ പറഞ്ഞിട്ടുള്ളത്. അതിനുള്ള ശ്രമമാണ് നടക്കുന്നത്. അക്കാര്യത്തില്‍ കമ്യൂണിസ്റ്റുകാരെ സഹായിക്കുന്നില്ലെങ്കിലും ഉപദ്രവിക്കാതിരുന്നുകൂടേ?
വിപ്ലവം കഴിഞ്ഞുവരുന്ന ജനകീയ ജനാധിപത്യത്തിലും സ്വകാര്യവ്യവസായമുണ്ടാകുമെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഇന്നത്തെ നിലയ്‌ക്ക് ജനകീയ ജനാധിപത്യംതന്നെ അനേക നൂറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കാനാണ് സാധ്യത. വിപ്ലവംകഴിഞ്ഞ് അറുപതുവര്‍ഷം പിന്നിട്ട നമ്മുടെ അയല്‍രാജ്യത്തിപ്പോള്‍ സ്വകാര്യമൂലധനനിക്ഷേപകരുടെ കൊ’ുത്സവമാണ്. അപ്പോഴാണ് ഇവിടെ ചിലര്‍ സ്വകാര്യനിക്ഷേപവും സ്വകാര്യവത്‌കരണവും ചര്‍ച്ച ചെയ്യുന്നത്.