ഇടയ്‌ക്കിടെ ഷര്‍ട്ട് മാറി ടെലിവിഷനില്‍ വരുമെന്നതൊഴിച്ചാല്‍ പറയത്തക്ക കുഴപ്പമൊന്നുമില്ലാത്ത ആളായിരുന്നു രാജിവെച്ച ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍. ലോക്‌സഭയിലേക്ക് കഷ്‌ടപ്പെട്ട് ജയിച്ചുവന്ന ശിങ്കം ശിങ്കങ്ങളായ നൂറെണ്ണത്തിന്റെ പേരുവെട്ടിയാണ്, കഷ്‌ടപ്പെട്ട് തോറ്റ ശിവരാജ് ശിങ്കത്തെ സോണിയാജി ആഭ്യന്തരമന്ത്രിയാക്കിയത്. ഒന്നും കാണാതെ മാഡം അങ്ങനെ ചെയ്യില്ലല്ലോ. ജനാധിപത്യത്തില്‍ വോട്ടര്‍ക്ക് തെറ്റുപറ്റില്ല എന്നൊരു തത്ത്വമുണ്ട്. സോണിയാജിക്ക് അത് ബാധകമല്ല. വോട്ടര്‍മാരേക്കാള്‍ അറിവ് മാഡത്തിനാണ്. എന്തായാലും ഒന്നുറപ്പിച്ച് പറയാം. ശിവരാജ് മറ്റുള്ളവരേക്കാള്‍ ഒട്ടും മോശമായിരുന്നില്ല, മറ്റുള്ളവര്‍ ശിവരാജിനേക്കാള്‍ ഒട്ടും ഭേദമായിരുന്നില്ല എന്നും പറയാം….പക്ഷേ, ശിവരാജിന് രാജിവെക്കേണ്ടിവന്നു.
വേറെയും രണ്ടുതലകള്‍ ഉരുണ്ടു. താരതമ്യേന ചെറിയ തലകളാണ്. തലേലെഴുത്ത് മോശമായാല്‍ ഏതുതലയുമുരുളും. ഭരണത്തില്‍ വലിയ അബദ്ധങ്ങള്‍ ഉണ്ടായാല്‍ ആരെങ്കിലും ധാര്‍മിക ഉത്തരവാദിത്വം ഏല്‍ക്കണമെന്നുണ്ടത്രെ. ഏറ്റെടുത്താല്‍ മാത്രം പോരാ രാജിവെക്കുകയുംവേണം. ഭരണഘടനയിലൊന്നും അങ്ങനെ പറഞ്ഞിട്ടില്ലെങ്കിലും ഒരു ബലിയാടിന്റെയെങ്കിലും രക്തം കണ്ടില്ലെങ്കില്‍ ജനം അടങ്ങില്ല. ആഭ്യന്തരമന്ത്രിമാര്‍ മുമ്പും രാജിവെച്ചിട്ടുണ്ട്. എന്നാല്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തുരാജിവെക്കാനുള്ള ഭാഗ്യമുണ്ടായ ആഭ്യന്തരമന്ത്രി പാട്ടീല്‍മാത്രം.
പണ്ട് ഒരു റെയില്‍വേ മന്ത്രി തീവണ്ടിയപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ച ധര്‍മരാജ്യമാണ് ഭാരതം. അന്നുതുടങ്ങിയതാണ് ഈ ധാര്‍മികരാജി പ്രതിഭാസം. ലാല്‍ബഹാദുര്‍ ശാസ്‌ത്രി എന്ന റെയില്‍വേമന്ത്രിക്ക് വണ്ടിമറിഞ്ഞതില്‍ ഒരു പങ്കുമുണ്ടായിരുന്നില്ല. ഉണ്ടെന്ന് ആരും ആരോപിച്ചിട്ടുമില്ല. ഏതോ ഗെയ്‌റ്റ്‌മാനോ ഗാങ്‌മേനോ പറ്റിയ അബദ്ധത്തില്‍ക്കേറിപ്പിടിച്ചാണ് ശാസ്‌ത്രി മന്ത്രിവണ്ടിയില്‍നിന്ന് പുറത്തുചാടിയത്. തീവണ്ടി മറിഞ്ഞതിന്റെ കുറ്റബോധം കാരണം രാജിവെച്ച മന്ത്രി പിന്നെ വാനപ്രസ്ഥത്തിലേക്ക് നീങ്ങിയൊന്നുമില്ല. റെയില്‍വേയില്‍ ധാര്‍മികമായി പരാജയപ്പെട്ട മന്ത്രി പിന്നെ പ്രധാനമന്ത്രി ആയെന്നത് ചരിത്രം. അങ്ങനെ ചെയ്യുന്നതില്‍ ധാര്‍മികപ്രശ്‌നമൊന്നുമില്ല. ശിവരാജ് പാട്ടീല്‍ വരെയുള്ള നിരവധി യോഗ്യന്മാരുടെ മന്ത്രിപ്പണി കളയിച്ചത് ആ ശാസ്‌ത്രിയാണ്. തീരില്ല ആ പാപഫലം.
അക്കാലത്ത് തീവണ്ടികളും കുറവായിരുന്നു, അപകടങ്ങളും കുറവായിരുന്നു. അതുകൊണ്ടാണ് ശാസ്‌ത്രിക്ക് ധൈര്യമായി രാജിവെക്കാനായത്. ഇന്ന് അതുപറ്റില്ല. കൊല്ലത്തില്‍ അഞ്ചും പത്തും അപകടം നടക്കുന്നുണ്ട്, ഓരോ അപകടം നടക്കുമ്പോഴും രാജിവെക്കാന്‍ ഇത്രയധികം റെയില്‍വേ മന്ത്രിമാരെ എവിടെക്കിട്ടാനാണ്. ഇപ്പോഴത്തെ റെയില്‍മന്ത്രിയെ നോക്കൂ… ഒരു ഡസന്‍ അപകടമുണ്ടായാലും ലാലുജി രാജിവെക്കുന്ന പ്രശ്‌നമില്ല. പക്ഷേ, ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ പണ്ടേ രാജിവെക്കേണ്ടതായിരുന്നു എന്ന് പറയാന്‍ ലാലുജി മടിച്ചില്ല. ഭയങ്കര ധാര്‍മികവാദിയാണ് ബിഹാറിലെ ഈ കാലിത്തീറ്റക്കാരന്‍.
ഒരു വിധത്തില്‍നോക്കിയാല്‍ തലേലെഴുത്തിന്റെ കളിയാണിതെല്ലാം. പാകിസ്‌താനില്‍നിന്ന് ഭീകരര്‍ വന്നത് കടല്‍മാര്‍ഗമാണ്. കടലിന്റെ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലാണോ ? ആഭ്യന്തരവകുപ്പിന് കരയിലേ അധികാരപരിധിയുള്ളൂ. നാവിക സേനയുടെ ആസ്ഥാനംതന്നെ മുംബൈയിലാണ്. അതിന്റെ മന്ത്രി ശിവരാജ് ആണോ ? അതുമല്ല. എന്നിട്ടും ജനം ശിവരാജ് പാട്ടീലിന്റെ കൊങ്ങയ്‌ക്കാണ് പിടിച്ചത്. മുംബൈ കടല്‍വഴി ഭീകരന്മാര്‍ വരും എന്ന വിവരം ശിവരാജ് പാട്ടീലിനും സര്‍ക്കാറിനും അറിയാത്തത് കൊണ്ട് പറ്റിയ അബദ്ധമാണെങ്കല്‍ ക്ഷമിക്കാന്‍ നമ്മള്‍ തയ്യാറായിരുന്നു. രണ്ടുകൊല്ലം മുമ്പ് ഒരു നവംബറിലാണ് ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ സംസ്ഥാന ഡി.ജി.പി.മാരുടെ സമ്മേളനത്തില്‍ കടല്‍വഴി ഭീകരര്‍വന്ന് സുപ്രധാന സ്ഥാപനങ്ങള്‍ ആക്രമിച്ചേക്കുമെന്ന് കൃത്യമായ മുന്നറിയിപ്പ് നല്‍കിയത്.
ഇന്റലിജന്‍സുകാര്‍ എഴുതിക്കൊടുത്ത കടലാസ് വായിച്ചതാവുമെന്ന് പരിഹസിക്കാം. എന്നാലും വായിച്ചല്ലോ. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രതിരോധമന്ത്രി ആന്റണിയും ഇതേകാര്യം പാര്‍ലമെന്റില്‍ പറഞ്ഞതാണ്. നാവികരും പട്ടാളവും അതൊന്നും കേട്ടില്ല. അവരുടെയൊന്നും തല ജനത്തിന് വേണ്ട. രാഷ്ട്രീയക്കാരുടെ തലയ്‌ക്കാണ് ഈ സീസണില്‍ ടേസ്റ്റ്.
നാവികസേനയ്‌ക്കും പ്രതിരോധസ്ഥാപനങ്ങള്‍ക്കും പറ്റിയ വീഴ്‌ചയുടെ ധാര്‍മികഉത്തരവാദിത്വമുള്ള പ്രതിരോധമന്ത്രിയുടെ തലയെടുക്കാനും ആരും നടക്കുന്നില്ല. ധാര്‍മികത്തിന്റെ ഹോള്‍സെയ്‌ല്‍ ബിസിനസ്സുള്ള ആളാണ് പ്രതിരോധമന്ത്രി. രാജിവെക്കാന്‍ കിട്ടിയ ചാന്‍സൊന്നും ഇക്കാലംവരെ പാഴാക്കിയിട്ടില്ല അദ്ദേഹം. സിവില്‍സപ്‌ളൈസ് മന്ത്രിയായിരിക്കുമ്പോള്‍ പാര്‍ലമെന്റില്‍ മറ്റൊരു മന്ത്രി സിവില്‍സപ്‌ളൈസ് വകുപ്പിനെ കുറ്റപ്പെടുത്തിയതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജികൊടുത്ത് തിരുവനന്തപുരത്തേക്ക് വിമാനം കയറിയ ചരിത്രമുണ്ട് ആന്റണിക്ക്. അത് നരസിംഹറാവുവിന്റെ കാലമായിരുന്നു. മന്ത്രിമാര്‍ സര്‍വതന്ത്രസ്വതന്ത്രരായിരുന്നു. നാലുകാശുണ്ടാക്കാന്‍ മാത്രമല്ല, രാജിവെക്കാനൊന്നും ആരുടെയും ശീട്ടൊന്നും വാങ്ങേണ്ടിയിരുന്നില്ല. ഇന്ന് രാജിവെക്കാന്‍ ആന്റണിക്ക് മാഡത്തിന്റെ ശീട്ട് വേണം.
ശിവരാജ് പാട്ടീലിനെ വെട്ടാന്‍ വാളുമായി മുന്നില്‍ നിന്നത് പഴയ ആഭ്യന്തരന്‍ ആഡ്വാണിയാണ്. സര്‍ദാര്‍ പട്ടേലിന്റെ പുതിയ പതിപ്പാണ് അദ്ദേഹമെന്നാണ് അക്കാലത്ത് സംഘപരിവാറുകാര്‍ പറയാറുണ്ടായിരുന്നത്. ലോഹ് പുരുഷ്. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഇന്ത്യന്‍ പാര്‍ലമെന്റിന് നേരെയുള്ള ഭീകരാക്രമണം നടന്നത്. കടല്‍വഴിയോ ആകാശമാര്‍ഗേനയോ ആയിരുന്നില്ല, റോഡ് വഴിയാണ് അന്നത്തെ ഭീകരന്മാര്‍ വന്നത്, രണ്ട് ലൊടക്ക് ജീപ്പില്‍. പരമാവധി പേരെ കൂടെക്കൂട്ടിയാണ് പരലോകത്തേക്കുപോയത്. രാജ്യത്തിന്റെ പരമോന്നത അധികാരമാണ് ആക്രമിക്കപ്പെട്ടതെങ്കിലും ആരും ലോഹ് പുരുഷന്റെ രാജി ആവശ്യപ്പെട്ടില്ല. പട്ടാളത്തെ അതിര്‍ത്തിവരെ അയച്ച് കുറെ കോടിരൂപ പൊടിപൊടിക്കുകയും ചെയ്‌തു. അതിര്‍ത്തിയില്‍ചെന്ന് മസില് കാട്ടിയെന്നല്ലാതെ യുദ്ധത്തിനൊന്നും ഒരുമ്പെട്ടില്ല. അന്നത്തെ സ്ഥിതിയല്ല ഇന്നത്തേത്. ഇലക്ഷന്‍ അടുത്തുവരുന്നുണ്ട്. ശിവരാജിന്റെ ചോര കിട്ടിയതുകൊണ്ടുമാത്രം ജനം അടങ്ങുന്ന ലക്ഷണമില്ല. യുദ്ധം പൊട്ടിച്ച് ആയിരങ്ങളുടെ ചോര ഒഴുക്കിയാലേ ചിലപ്പോള്‍ അടങ്ങൂ. ബോംബുകള്‍ കുറച്ചെണ്ണം അവിടെ കൊണ്ടുപോയിടേണ്ടിവന്നേക്കും. ജയ്‌പുരിലും ബംഗളുരുവിലും അഹ്‌മദാബാദിലും സ്‌ഫോടനമുണ്ടായപ്പോള്‍ത്തന്നെ ബി.ജെ.പി.യുടെ വോട്ടിന്റെ ഗ്രാഫ് ഉയര്‍ന്നതാണ്.
മുംബൈ കൂടി കഴിഞ്ഞതോടെ അക്കാര്യം പറയാനുമില്ല. വേറെ വഴിയൊന്നുമില്ലെങ്കില്‍ ബോംബിട്ടേക്കും.
അമേരിക്കയിലെ ഇരട്ടടവര്‍ ആക്രമണത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസിഡന്റ് ബുഷ് രാജിവെക്കുകയുണ്ടായില്ല. ആരുമത് ആവശ്യപ്പെട്ടുമില്ല. അവിടെയൊന്നും അങ്ങനെയൊരു ചവിട്ടുനാടകമില്ലെന്നാണ് തോന്നുന്നത്. ടവറില്‍ വിമാനം കൊണ്ടുചെന്നിടിച്ചപ്പോള്‍. മൂവായിരംപേരാണ് നിമിഷങ്ങള്‍കൊണ്ട് വെന്തുമരിച്ചത്. മുംബൈ ആക്രമണത്തിന്റെ ആയിരം ഇരട്ടിവരും അതിന്റെ ആഘാതം. അതിന്റെ പേരില്‍നടന്ന അഫ്‌ഗാന്‍, ഇറാഖ് യുദ്ധങ്ങളില്‍ എത്രയായിരം പേര്‍ മരിച്ചു. യുദ്ധം രണ്ടും വെറുതെയായിരുന്നുവെന്ന് അമേരിക്കന്‍സര്‍ക്കാര്‍തന്നെ സമ്മതിക്കുകയും ചെയ്‌തു. എന്നിട്ടുമാരും ബുഷിന്റെ രാജി ആവശ്യപ്പെട്ടില്ല. ബുഷ് ചെയ്‌ത അബദ്ധങ്ങളുടെ കണക്കെടുത്താല്‍ ശിവരാജ് പാട്ടീല്‍ അടുത്ത അമേരിക്കന്‍ പ്രസിഡന്റാകാന്‍പോലും യോഗ്യനാണെന്ന് പറയേണ്ടിവരും.
മുംബൈ ആക്രമണത്തില്‍ മരിച്ചതിന്റെ പല ഇരട്ടി ആളുകള്‍ ഗുജറാത്തില്‍ ഒരൊറ്റ ദിവസംകൊണ്ട് കൊലചെയ്യപ്പെട്ടിട്ടുണ്ട്. അല്‍ഖ്വെയ്‌ദ, ലഷ്‌കര്‍ ഭീകരന്മാര്‍ ഒരു വിധത്തില്‍നോക്കിയാല്‍ ദയാലുക്കളാണ്. ഒറ്റവെടിക്ക് കഥ കഴിക്കും. വര്‍ഗീയഭീകരന്മാര്‍ ഇഞ്ചിഞ്ചായി പീഡിപ്പിച്ചാണ് ഇരകളെ കൊല്ലുക. ഗുജറാത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നോക്കിനില്‍ക്കെയാണ് അത് സംഭവിച്ചത്. മുംബൈ ഭീകരാക്രമണം പോലെ അതും മൂന്നുദിവസം നീണ്ടുനിന്നു. ലൈവ്‌് ടെലികാസ്റ്റ് ഉണ്ടായില്ലെന്നുമാത്രം. കാല്‍ നൂറ്റാണ്ട് മുമ്പ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ഡല്‍ഹിയിലാണ് സമാനമായ രീതിയില്‍ ഭരണകൂടം കൊഴിഞ്ഞുവീണ അവസ്ഥ ഉണ്ടായിട്ടുള്ളത്. രണ്ടിടത്തും ആര്‍ക്കും ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജികൊടുക്കാന്‍ മനസ്സുണ്ടായില്ല. ഗുജറാത്തിലെ ഒന്നാം നമ്പര്‍ ധാര്‍മികക്കാരന്‍ പ്രധാനമന്ത്രിയാകാന്‍ ചാന്‍സുണ്ടോ എന്നന്വേഷിച്ച് നടക്കുകയാണ്. അതുപോലെയെങ്കില്‍ അഞ്ചുവട്ടം പ്രധാനമന്ത്രിയാകാനും യോഗ്യനാണ് ശിവരാജ് പാട്ടീല്‍.
*****
അച്യുതാനന്ദനെ ഇനിയും വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. പുതിയ ഒരിനം ഉപജാപകസംഘത്തിന്റെ വരുതിയിലാണ് അദ്ദേഹമെന്ന് സ്വന്തം പ്രൈവറ്റ് സെക്രട്ടറിതന്നെ പാര്‍ട്ടി സംസ്ഥാനസമിതിയില്‍ ആരോപിച്ചിരിക്കുന്നു. ആരോപണത്തിന് മൂപ്പുകൂട്ടാന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും മുതിര്‍ന്നിറങ്ങിയെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.
മാധ്യമങ്ങളാണ് പറയുന്നത് എന്ന് അടിവരയിട്ട് വായിക്കണം. മുമ്പാണെങ്കില്‍ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയാത്ത പത്രക്കാരാണ് ഈ പണി ചെയ്യാറുള്ളത്. അവരെയോരോരുത്തരെയായി പുറത്താക്കിയ ശേഷവും ഇപ്പോള്‍ ആരാണ് ഈ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് ? പാര്‍ട്ടിയെക്കുറിച്ച് ചുക്കും ചുണ്ണാമ്പുമെല്ലാം അറിയുന്നവരാകും ചോര്‍ത്തുന്നത്. തെറ്റാവാനിടയില്ല. ഒരേ വാര്‍ത്തയാണ് എല്ലാ പത്രത്തിലും വരുന്നത് എന്നതുകൊണ്ട് പുതിയ മാധ്യമസിന്‍ഡിക്കേറ്റ് ജനിച്ചെന്നാരും ആക്ഷേപിച്ചേക്കരുതേ….
അച്യുതാനന്ദന് ഇത്ര നാള്‍ മുഖ്യമന്ത്രിക്കസേരയിലിരുന്നിട്ടും പാര്‍ട്ടിഭരണത്തെക്കുറിച്ച് ഒരു ചുക്കും മനസ്സിലായില്ലെന്നത് അത്യന്തം ഖേദകരമാണ്. അദ്ദേഹമിപ്പോള്‍ സ്വയം നിയോഗിച്ച ഒരു ഉപജാപകസംഘത്തിന്റെ പിടിയിലാണ്. ഉപജാപകസംഘത്തെ സ്വയം തീരുമാനിക്കാനൊന്നും മുഖ്യമന്ത്രിക്ക് അധികാരമില്ലെന്ന ചട്ടമായിരുന്നു മുഖ്യമന്ത്രി ആദ്യം പഠിക്കേണ്ടിയിരുന്നത്. പ്രൈവറ്റ് സെക്രട്ടറി, പൊളിറ്റിക്കല്‍ സെക്രട്ടറി എന്നിവരെ പാര്‍ട്ടി സെക്രട്ടറി നിയമിക്കും, എന്നിട്ട് ആ രണ്ടു സെക്രട്ടറിമാരും പാര്‍ട്ടി സെക്രട്ടറിയും ചേര്‍ന്നുള്ള മൂന്നംഗ ഉപജാപകസംഘം രൂപവല്‍ക്കരിക്കും. ആ സംഘം കാണിച്ചുകൊടുക്കുന്നേടത്ത് ഒപ്പിടുകയും എഴുതിക്കൊടുക്കുന്നത് വായിക്കുകയും ചെയ്യുക എന്നതാണ് മുഖ്യമന്ത്രിയുടെ ചുമതല. അത് മനസ്സിലാക്കിയാല്‍ എത്രകാലം വേണമെങ്കിലും മുഖ്യമന്ത്രിസ്ഥാനത്തിരിക്കാം. ഇത്രയും പാഠമെങ്കിലും പഠിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് പാസ്‌മാര്‍ക്ക് കൊടുക്കുക? ഈ കൊല്ലത്തെ പരീക്ഷയില്‍ കടന്നുകൂടുക പ്രയാസമാവും.