ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യക്കാരോടുള്ള അസൂയ ചില്ലറയൊന്നുമല്ല. നാട് മുഴുവന്‍ വസൂരി പടരുമ്പോള്‍ ആളുകള്‍ ചികിത്സിക്കാന്‍ ലാടവൈദ്യനെപ്പോലും തേടിപ്പോകും. അപ്പോള്‍ വസൂരിവിദഗ്‌ധനായ ഒരു വൈദ്യന്‍ നമ്മുടെ വീട്ടില്‍ത്തന്നെയുണ്ടെങ്കിലോ ? അതില്‍പരം ഭാഗ്യം വേറെയില്ല. ഇന്ത്യക്കാര്‍ അതേ നിലയിലാണ്. മാന്ദ്യത്തിന്റെ ആക്രമണത്തില്‍ രാജ്യങ്ങള്‍ തലകറങ്ങി വീഴുകയാണ്. എന്താണ് ചികിത്സയെന്ന് ആര്‍ക്കും പിടിയില്ല. ഡിപ്രഷന്‍ എന്നുപറഞ്ഞാല്‍ മാനസികാസ്വാസ്ഥ്യമാണോ എന്ന് ചോദിക്കുന്ന ആളാണ് പോകുന്ന പ്രസിഡന്റ് ബുഷും വരുന്ന പ്രസിഡന്റ് ഒബാമയും. റിസഷനും ഡിപ്രഷനും തമ്മിലുള്ള വ്യത്യാസമെന്ത് എന്ന് ചോദിച്ചാല്‍, അയല്‍വാസി തൊഴില്‍രഹിതനായാല്‍ അത് റിസഷന്‍, തന്റെതന്നെ ജോലി പോയാല്‍ അത് ഡിപ്രഷന്‍ എന്ന് മുമ്പാരോ നിര്‍വചിച്ചിട്ടുണ്ട്.
ഇന്ത്യയ്‌ക്ക് ആ വക പ്രശ്‌നങ്ങളൊന്നുമില്ല. ധനശാസ്‌ത്രജ്ഞനായ മന്‍മോഹന്‍ സിങ് കൃത്യമായി രോഗനിര്‍ണയം നടത്തും, മരുന്നും തരും. നരസിംഹറാവുവിന്റെ കാലംവരെ ഭരിക്കുന്നവര്‍ക്കിടയില്‍ ധനശാസ്‌ത്രജ്ഞന്മാര്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ടായിരുന്നില്ല. രൂപാനോട്ടില്‍ ഒപ്പിടാന്‍ ഒരു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വേണം. ധനശാസ്‌ത്രജ്ഞന്മാരെക്കൊണ്ട് വേറെ കാര്യമായ ആവശ്യമൊന്നുമില്ല. അന്ന് ഒറ്റരൂപാനോട്ട് ആയിരുന്നു കൂടുതല്‍. അതില്‍ ഒപ്പിടുക സര്‍ക്കാര്‍ സെക്രട്ടറിയാണ്. ബജറ്റ്‌കമ്മി നികത്താനുള്ള നോട്ടടിക്കാന്‍ ടെന്‍ഡര്‍ കൊടുക്കുകയായിരുന്നു ഗവര്‍ണര്‍മാരുടെ കാര്യമായ പണി. പ്രധാനമന്ത്രിമാര്‍ക്കും ധനകാര്യമന്ത്രിമാര്‍ക്കും മാത്രമാണ് ധനകാര്യം കുട്ടിച്ചോറാക്കുന്നതിന്റെ ചുമതല. മുന്തിയ ഒരിനം സോഷ്യലിസമായിരുന്നു നാട്ടുനടപ്പ്. വല്ലതും ഉത്‌പാദിപ്പിക്കാനോ ആര്‍ക്കെങ്കിലും തൊഴില്‍കൊടുക്കാനോ ഫാക്ടറി സ്ഥാപിക്കാനോ ഒരുമ്പെടുന്നവനെ പൊതുശത്രുവായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ മാത്രമേ എല്ലാവര്‍ക്കും യോജിപ്പുണ്ടായിരുന്നുള്ളൂ. സര്‍ക്കാറിന്റെ ലൈസന്‍സും പെര്‍മിറ്റും കിട്ടുമ്പോഴേക്ക് അപേക്ഷകന്റെ മൂന്നാംതലമുറയേ നാട്ടില്‍ അവശേഷിച്ചിട്ടുണ്ടാവൂ. ഇതിനേക്കാള്‍ കൂടിയ ഒരിനം സോഷ്യലിസം നടപ്പാക്കിയിരുന്ന സോവിയറ്റ് യൂണിയന്‍ സിദ്ധികൂടിയപ്പോഴാണ് ഇവിടെ കണക്കുപുസ്‌തകമെടുത്ത് നോക്കിത്തുടങ്ങിയത്.
നരസിംഹറാവുവിന് തന്റെ ധനശാസ്‌ത്രജ്ഞാനത്തെക്കുറിച്ച് നല്ല മതിപ്പുണ്ടായിരുന്നതുകൊണ്ട്, ധനശാസ്‌ത്രജ്ഞനായ മന്‍മോഹന്‍സിങ്ങിനെ ധനകാര്യമന്ത്രിയാക്കി. അങ്ങനെയൊരാളെക്കിട്ടിയാല്‍ പിന്നെ ആ ഭാഗം നമ്മള്‍ നോക്കേണ്ടല്ലോ. സോഷ്യലിസം നടപ്പാക്കുന്നതില്‍ ഭരണക്കാര്‍ക്ക് മുഖ്യകൈയാളായി സേവനമനുഷ്‌ഠിക്കുകയായിരുന്നു ഇരുപതുകൊല്ലത്തോളം മന്‍മോഹന്‍ജി. മറ്റൊരാളെ ഉപദേശിച്ച് വഴിതെറ്റിക്കുന്നതുപോലെയല്ല അവനവന്‍ സ്ഥാനം വഹിച്ച് പ്രശ്‌നപരിഹാരത്തിന് വഴികണ്ടെത്തുന്നത്. ഖജനാവില്‍ നൂറുകോടി ഡോളര്‍ പോലും വിദേശനാണയ നിക്ഷേപമില്ലാത്തപ്പോഴാണ് മന്‍മോഹനെ ധനമന്ത്രിയാക്കിയത്. ഏതെല്ലാം ഇനം ധനക്കമ്മികളിലാണ് ലോകറെക്കോഡെത്തിയത്, ഏതെല്ലാമാണ് ഗിന്നസ് ബുക്കില്‍ വരവുവെച്ചത് എന്നീ കാര്യങ്ങളിലേ സംശയമുണ്ടായിരുന്നുള്ളൂ. അഞ്ചുകൊല്ലം കൊണ്ട്, വളര്‍ച്ചനിരക്ക്, ആളോഹരി, വിദേശനാണയം, ജി.ഡി.പി, എഫ്.ഡി.ഐ, സി.പി.ഐ, ആര്‍.എസ്.പി തുടങ്ങിയ പ്രശ്‌നങ്ങളില്‍ നിന്ന് രാജ്യം ഒരുവിധം കരകയറി. പട്ടിണി ആനുപാതികമായി കൂടിയെന്നത് സത്യമാണെങ്കിലും തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ മന്‍മോഹന്‍ജിയുടെ സഹായം ആവശ്യമായി വന്നില്ല, അതിന് നരസിംഹം ഉണ്ടാക്കിയ കാരണങ്ങള്‍തന്നെ ധാരാളമുണ്ടായിരുന്നു.
പ്രധാനമന്ത്രിയായ നാലര വര്‍ഷക്കാലത്തെ ധനകാര്യത്തില്‍ മന്‍മോഹന് പ്രധാനറോളില്ല. ധനവകുപ്പിന്റെ ചുമതല ഉണ്ടായിരുന്നില്ല എന്നത് മാത്രമായിരുന്നില്ല ആശ്വാസം. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഭരിച്ചിരുന്നതുകൊണ്ട് നടപ്പാക്കാന്‍ കഴിയാതെ പോയ എല്ലാറ്റിന്റെയും ബാധ്യത അവരുടെ ചുമലില്‍ വെച്ചുകെട്ടാമായിരുന്നു. ഇടതുപക്ഷം പോയില്ലേ ഇനി വല്ലതും ചെയ്‌തുകൂടേ എന്ന് ചോദിക്കുന്നവരുണ്ട്. പറ്റില്ല. ചെകുത്താന്റെ പിടിയില്‍ നിന്ന് പോയികടലില്‍ വീണെന്ന് പറഞ്ഞതുപോലെ ഇടതുപക്ഷം പോയപ്പോഴിതാ സാമ്പത്തികമാന്ദ്യം വന്നിരിക്കുന്നു. യാതൊന്നും ചെയ്യാന്‍ നിവൃത്തിയില്ല. പണ്ട് പറഞ്ഞ ന്യായങ്ങള്‍ തന്നെ സാമ്പത്തികമാന്ദ്യക്കാലത്തും പറയുക ബുദ്ധിയാവില്ല. ആഗോളസാമ്പത്തികവ്യവസ്ഥയുമായി പരമാവധി കൂടിച്ചേര്‍ന്നാല്‍ നമ്മുടെ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന് മന്‍മോഹന്‍ജി മുമ്പെപ്പോഴും പറയാറുണ്ട്. ആഗോളം ആകപ്പാടെ പാളീസാകുമ്പോഴും അതുപറയുന്നതെങ്ങനെ ?
ആഗോളസാമ്പത്തികപ്രവണതയില്‍ നിന്ന് രാജ്യത്തെ പരമാവധി അകറ്റിനിര്‍ത്തലാണ് നയമെന്ന് ഈയിടെ പറഞ്ഞത് അതുകൊണ്ടാണ്. നെഒുവിയന്‍ സോഷ്യലിസത്തിലേക്ക് തിരിച്ചുപോകുമെന്ന് പറഞ്ഞാല്‍പ്പോലും ഇപ്പോള്‍ ആളുകള്‍ സഹിക്കുമെന്നായിട്ടുണ്ട്. അത്രയ്‌ക്ക് മേലോട്ട് പോയിരിക്കുന്നു സോഷ്യലിസത്തിന്റെ സെന്‍സെക്‌സ്. അമേരിക്കയില്‍ ഇപ്പോള്‍ ആളുകള്‍ ദാസ് കേപ്പിറ്റലും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും വായിക്കാന്‍ പുസ്‌തകക്കടകളില്‍ കേറിയിറങ്ങുന്നുണ്ടത്രെ. സാധനംസ്റ്റോക്കില്ല, റഷ്യയിലെ പഴയ ഏതെങ്കിലും ഗോഡൗണിലുണ്ടോ എന്ന് അന്വേഷിച്ച് വിവരം തരാന്‍ പുചിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബറാക് ഒബാമ സോഷ്യലിസ്‌റ്റാണ് എന്ന് തിരഞ്ഞെടുപ്പിനിടയില്‍ എതിരാളികള്‍ ആരോപിക്കുകയുണ്ടായല്ലോ. പ്രസംഗത്തിലെപ്പോഴോ സമ്പത്തിന്റെ വിതരണം എന്ന് പറഞ്ഞുവെന്നതാണ് കുറ്റം. വ്യഭിചാരിയാണെന്ന് കേട്ടാല്‍പ്പോലും സഹിക്കും വോട്ടര്‍മാര്‍, സോഷ്യലിസ്റ്റിനെ സഹിക്കില്ല. ഒരു കൊല്ലം മുമ്പാണെങ്കില്‍ അതു മതി തോഒാന്‍. പക്ഷേ, ഒബാമ തോറ്റില്ല. ഇപ്പോള്‍ ഇടത്തോട്ടാണോ വലത്തോട്ടാണോ പോകേണ്ടത് എന്നറിയാതെ വട്ടംചുറ്റുകയാണ് മന്‍മോഹന്‍സിങ്‌ജിയുടെ ഭരണം. സാമ്പത്തികകാര്യത്തില്‍ ഉപദേശിക്കാന്‍ വേറൊരു സാമ്പത്തികവിദഗ്‌ധനെ നിയോഗിച്ചതായി കേട്ട് ഞെട്ടിയിരിക്കയാണ് ജനം. മന്‍മോഹനെ ഉപദേശിക്കാന്‍ വേറൊരാളോ ? രഘുറാംരാജന്‍ ആള് കേമന്‍ തന്നെയാവണം.. ഏതാനുംമാസം മുമ്പ് ഇന്ത്യന്‍ ബാങ്കുകളെ മുഴുവന്‍ അമേരിക്കന്‍ ലൈനിലാക്കാന്‍ വിദഗ്‌ധശുപാര്‍ശ നല്‌കിയത് ഇതേ രാജനായിരുന്നു. ശുപാര്‍ശകള്‍ വേഗം നടപ്പാക്കാത്തതും ചിലപ്പോള്‍ ഗുണത്തിനായിവരും. ഇന്ത്യന്‍ ബാങ്കുകള്‍ ഒന്നും പൊളിഞ്ഞില്ല. രണ്ടു ധനശാസ്‌ത്രജ്ഞര്‍-ഉപദേശം നല്‌കുന്നയാളും അത് വാങ്ങുന്നയാളും – ചേര്‍ന്നാണ് ഇനി മാന്ദ്യക്കരടിയെ കൈകാര്യം ചെയ്യാന്‍ പോകുന്നത്. ആറുമാസത്തിനകം രണ്ടിലൊന്ന് സംഭവിക്കും. രഘുരാം രാജന്റെ നല്ല വില്‌പനയുള്ള പുസ്‌തകത്തിന്റെ പേര് മുതലാളിത്തവാദികളില്‍ നിന്ന് മുതലാളിത്തത്തെ രക്ഷിക്കല്‍ എന്നാണ്. അടുത്തത് ധനശാസ്‌ത്രജ്ഞരില്‍നിന്ന് ധനശാസ്‌ത്രത്തെ രക്ഷിക്കല്‍ എന്നാകാനിടയുണ്ട്. ********* കാലഹരണപ്പെട്ട പുണ്യവാളനാണ് വി.എസ്. എന്ന് സാഹിത്യഅക്കാദമി ചെയര്‍മാന്‍ എം.മുകന്ദന്‍ അഭിപ്രായപ്പെട്ടത് കള്‍ച്ചറല്‍ കൊമ്മീഷണര്‍ എം.എ ബേബിക്ക് പിടിച്ചിട്ടില്ല. ഒരു ജോലിചെയ്യാന്‍ നിയമിക്കപ്പെട്ട ആളുകള്‍ ആ ജോലി ചെയ്‌താല്‍മതി. വി.എസ് അച്യുതാന്ദന്‍ കാലഹരണപ്പെട്ടു എന്ന് ആ ജുബ്ബ കണ്ടാല്‍ അറിയാം. കാലവും ഹരണവും തീരുമാനിക്കാന്‍ എം.മുകുന്ദന്‍ ആരാണ് ? ഏത് ആശയം കാലഹരണപ്പെട്ടു ഏത് നേതാവ് കാലഹരണപ്പെട്ടു എന്ന് നിശ്ചയിക്കുന്നതിനുള്ള റഡാറും മീറ്ററുമൊന്നും പാര്‍ട്ടി സാഹിത്യഅക്കാഡമി ചെയര്‍മാനെ ഏല്‌പിച്ചിട്ടില്ല. അതിന് വേറെ ആളുണ്ട്. ‘ജീവനകാലം കഴിഞ്ഞ ആശയങ്ങളെയും അത്തരം ആശയങ്ങളുടെ വക്താക്കളെയും’ എന്ത് ചെയ്യണമെന്ന് മന്ത്രിയാകുന്നതിന് ഒരു വര്‍ഷം മുമ്പ് ആലപ്പുഴയിലൊരു സമ്മേളനത്തില്‍ ബേബി കൃത്യമായി നിര്‍ദേശിച്ചതാണ്. നടപടിക്രമം ഏതാണ്ട് ഇതാണ്-‘ ‘സംഘടനയെയും സഖാക്കളെയും സംസ്‌കരിച്ചെടുക്കുന്നതിനുള്ള ചവിട്ടിപ്പിഴിയലുകള്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ നടക്കും’ ‘.
ചവിട്ടിപ്പിഴിയലുകളും എണ്ണയിട്ട് തിരുമ്മലുകളും ഫലിപ്പിച്ചില്ലെങ്കിലാണ് അറ്റകൈ പ്രയോഗം – ആ സഖാക്കളെ സംഘടനാപരമായി സംസ്‌കരിക്കും. കോട്ടയം സമ്മേളനത്തിലും അതിനു മുന്നോടിയായി നടന്ന കീഴ്‌ഘടക സമ്മേളനങ്ങളിലും എണ്ണയിട്ട് തിരുമ്മല്‍ ജോറായി നടക്കുകയുണ്ടായി. ഇതിന്റെ ഫലമായുണ്ടായ എണ്ണവിലക്കയറ്റം കൊണ്ടാണ് കേരകര്‍ഷകര്‍ കഷ്‌ടിച്ച് രക്ഷപ്പെട്ടത്. കാര്യമായി ആരേയും സംഘടനാപരമായി സംസ്‌കരിക്കേണ്ടി വന്നില്ല. തിരുമ്മലിന്റെ ഫലമായി കാലഹരണപ്പെട്ടവര്‍ക്കും കാര്യം മനസ്സിലായെന്നും അവര്‍ കാലോചിതമായി പരിഷ്‌കരിച്ചെന്നും വി.എസ്. അച്യുതാനന്ദന്റെ സമീപകാലപ്രസംഗങ്ങള്‍ കേട്ടിട്ടും മുകുന്ദന് മനസ്സിലായില്ലേ?. മനസ്സിലാകാത്ത കാര്യങ്ങള്‍ പാര്‍ട്ടിയോട് ചോദിച്ചുമനസ്സിലാക്കി വേണം അഭിമുഖമൊക്കെ നടത്താന്‍.
നേരത്തേ പറഞ്ഞ ചവിട്ടിത്തിരുമ്മല്‍ മുകുന്ദന് ആവശ്യമാണോ എന്ന് പാര്‍ട്ടി ഉടനെ തീരുമാനിക്കുന്നതാണ്. ആഴ്‌ചപ്പതിപ്പില്‍ അഭിമുഖം കൊടുത്ത് ആഴ്‌ചകള്‍ പിന്നിട്ടപ്പോളാണ് താന്‍ പറഞ്ഞതല്ല അച്ചടിച്ചുവന്നതെന്ന് വി.എസ്സിന് ബോധ്യപ്പെട്ടത്. പറയാത്തത് കൊടുത്തെന്ന് മുകുന്ദനും പരാതിയുണ്ട്. സംഘടനാപരമായി സംസ്‌കരിച്ചെടുത്തതുകൊണ്ട്, പാര്‍ട്ടി പറഞ്ഞപ്പോള്‍തന്നെ സ്വന്തം അഭിമുഖം വി.എസ്. മടിയില്ലാതെ തിരുത്തി. മുകുന്ദന്‍ ഇനിയുമേറെ സംസ്‌കരിക്കപ്പെടാനുണ്ട്. ശ്രമിച്ചാല്‍ നടക്കാത്ത സംഗതിയൊന്നുമല്ല. ശ്രമിക്കണമെന്ന് മാത്രം.
********** യു.ഡി.എഫില്‍ തൊട്ടുകൂടാത്തവര്‍ ആരുമില്ലെന്ന് എന്‍.സി.പി പ്രസിഡന്റ് -കെ.മുരളീധരന്‍ തൊട്ടു. തൊട്ടില്ല, തൊട്ടു.. തൊട്ടില്ല, മൊട്ടിട്ടുവല്ലോ….. (മോഹങ്ങള്‍)