മാര്‍ഗരറ്റ് താച്ചറാകാനൊന്നും പറ്റിയിരുന്നില്ലെങ്കിലും മാര്‍ഗരറ്റ് ആല്‍വയും ജ്വലിച്ചുനിന്ന ഒരു നക്ഷത്രമായിരുന്നു. തിരഞ്ഞെടുപ്പുനടക്കുമ്പോള്‍ ശോഭ പരത്താന്‍ കഴിവുള്ള കോണ്‍ഗ്രസ് നക്ഷത്രം. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. ഓര്‍ക്കാപ്പുറത്ത് അത് നിലംപതിച്ചു.
മഹാരാഷ്ര്ട്ര, പഞ്ചാബ്, ഹരിയാണ തുടങ്ങി ആറ് സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഘടകങ്ങളുടെ ചുമതലയുള്ള ജനറല്‍സെക്രട്ടറി ചില്ലറക്കാരിയാവില്ല. പാര്‍ട്ടി പ്രവര്‍ത്തകസമിതിയംഗം, കേന്ദ്ര ഇലക്ഷന് കമ്മിറ്റിയംഗം എന്നിത്യാദി എടുത്താല്പൊങ്ങാത്ത സ്ഥാനങ്ങള്‍ വഹിച്ചുപോന്ന മഹിളാരത്നം പാര്‍ട്ടിയെക്കുറിച്ച് രണ്ട് സംഗതികള്‍ വിളിച്ചുപറഞ്ഞാണ് ജനത്തെ ഞെട്ടിച്ചത്. ഒന്ന് പാര്‍ട്ടിയില്‍ ടിക്കറ്റ് കച്ചവടമുണ്ട്. രണ്ട്, എന്നിട്ടും തന്റെ മകന് ടിക്കറ്റ് കിട്ടിയില്ല.
കോണ്‍ഗ്രസ്സില്‍ പേമെന്റ് സീറ്റ് സമ്പ്രദായമുണ്ടെന്ന കുമ്പസാരത്തില്‍ വേറെയെന്തെല്ലാം ഉണ്ടെങ്കിലും വാര്‍ത്തയില്ല. കേരളത്തിലെ നേതാക്കന്മാരോട് ചോദിച്ചാല്‍ അവര്‍ സംഭവത്തിന്റെ നടപടിക്രമങ്ങള്‍ പറഞ്ഞുകൊടുക്കുമായിരുന്നു. ഇവിടെ മുമ്പേ നിലവിലുള്ള ഏര്‍പ്പാടാണത്. രണ്ടാമത് പറഞ്ഞതിലാണ് വാര്‍ത്തയുള്ളത്. ഇത്രയും കാലം ഇന്ദിര-രാജീവ്-രാഹുല്‍ തലമുറകളെ നിസ്വാര്‍ഥമായി സേവിച്ച താന്‍ പ്രിയപുത്രന് വേണ്ടി ഒരു സീറ്റ് , ഒരൊറ്റ നിയമസഭാസീറ്റ് ചോദിച്ചിട്ട് തന്നില്ല. മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും എത്രയോ തുക്കടനേതാക്കളുടെ മക്കള്‍ക്ക് കൊടുത്തിക്കുന്നു ടിക്കറ്റ്.
നേതാക്കളുടെ അനര്‍ഹരായ മക്കള്‍ക്ക് സീറ്റ് കൊടുത്തതിനെ മാര്‍ഗററ്റ് എതിര്‍ത്തു എന്നാരും തെറ്റിദ്ധരിക്കരുത്. മാര്‍ഗററ്റിന് ഖേദം തന്റെ മകന് ടിക്കറ്റ് തരാത്തതില്‍ മാത്രമേ ഉള്ളൂ. രാഹുല്‍ ഗാന്ധി മുതല്‍ കനിമൊഴി വരെ( പാര്‍ട്ടി ഏതായാലെന്ത് മക്കള്‍ നന്നായാല്‍ മതി) ഡസന്‍കണക്കിന് പുതീപുത്രന്മാര് ലോക്സഭയിലെത്തിയിട്ട് കാലമേറെയായി. മറ്റനേകം മക്കള്‍ നിയമസഭകളിലും സ്ഥാനം പിടിച്ചപ്പോള്‍ മാര്‍ഗരറ്റിന്റെ മകന് മാത്രമേ അവഗണിക്കപ്പെട്ടുള്ളൂ. ഒരു അമ്മയും ഇത് സഹിക്കില്ല്.
സ്വാധീനമുള്ള കുടുംബമോ സൗഹൃദമോ പണമോ ഇല്ലെങ്കില്‍ ഈ വ്യവസ്ഥക്കകത്ത് കയറാന്‍ പറ്റില്ലെന്ന നിലയാണ് മാറ്റിയെടുക്കേണ്ടതെന്ന് രാഹുല്‍ജി ഈയിടെ പറഞ്ഞല്ലോ. എന്തൊരു ദീര്‍ഘവീക്ഷണം. അതുമൂന്നും ഉണ്ടായിട്ടും മാര്‍ഗററ്റിന്റെ പുത്രന് കയറാന്‍ പറ്റിയില്ല. അപ്പോള്‍ എന്താവും മറ്റുള്ളവരുടെ നില.
കോണ്‍ഗ്രസ്സിന്റെ ടിക്കറ്റ് ലേലംചെയ്തുവില്ക്കുകയാണെന്ന് ജനറല്‍ സിക്രട്ടറി പറഞ്ഞിട്ടും വിശ്വസിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. വേണ്ട, അന്വേഷിക്കാനൊക്കെ പുറപ്പെട്ടാല്‍ ആകപ്പാടെ ചളിയാകും. ഒരു പരിഹാരമേ ഉള്ളൂ. ജനറല്‍ സിക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്തുകളയുക. കോണ്‍ഗ്രസ്സിലെ ഏറ്റവും എളുപ്പം നടക്കുന്ന സംഗതിയതാണ്. ഒരു ജനറല്സിക്രട്ടറിയെ പുറത്താക്കിയതായി മറ്റൊരു ജനറല്‍ സിക്രട്ടറിക്ക് പ്രസ്താവനയിറക്കാന്‍ സ്വാതന്ത്ര്യമുള്ള ഏകപാര്‍ട്ടി.
ചില വനിതകളോട് ടിക്കറ്റിന് എണ്‍പതുലക്ഷം ചോദിച്ചതായി വേറൊരു അഖിലേന്ത്യന്‍ നേതാവ് സാക്ഷി പറ്റുകയുണ്ടായി. പട്ടികജാതി വനിതാ സംവരണ സീറ്റിനാണത്രെ അത്രയും ചോദിച്ചത്. ഗാന്ധിയന്‍ പാര്ട്ടിയായതുകൊണ്ടാവണം പട്ടികജാതി വനിതക്ക് ഈ കണ്സഷന് അനുവദിച്ചത്. അനിഷേധ്യ വനിതാ നേതാവ് മാഡം ഗാന്ധി നയിക്കുന്ന പാര്‍ട്ടി അത്രയെങ്കിലും ചെയ്തേ പറ്റൂ.
പാര്‍ട്ടിക്കകത്ത് സുതാര്യതയില്ലാത്തതാണ് മാര്‍ഗററ്റിനെ വിഷമിപ്പിക്കുന്നത്. കുടുംബവാഴ്ചക്കും വേണം ചില വ്യവസ്ഥകളൊക്കെ. സീറ്റ് കിട്ടാന്‍ മക്കള്‍ക്ക് എന്തെല്ലാം യോഗ്യതകളാണ് വേണ്ടത് ? പഠിക്കുന്ന കാലത്ത് പാര്‍ട്ടിയുടെ നാലയലത്ത് വന്നിട്ടില്ല എന്നതാവണോ പ്രധാന യോഗ്യത, വിദേശഡിഗ്രി നിര്‍ബന്ധമാക്കണമോ ? പേമെന്റ്് സീറ്റിന്റെ കാര്യത്തിലും വേണം ചട്ടങ്ങള്‍. എത്ര ശതമാനം സീറ്റുകളാണ് പേമെന്റ് വിഭാഗത്തിലുണ്ടാവുക. ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന സീറ്റിനുവാങ്ങുന്ന റെയ്റ്റ് ജയസാധ്യതയില്ലാത്ത സീറ്റിന് വാങ്ങേണ്ടതുണ്ടോ ? ജയസാധ്യതയോളം പ്രധാനമാണ് പിരിവുസാധ്യത. ജയസാധ്യത ഏറ്റവും കുറഞ്ഞ സീറ്റിലാണ് പിരിവുസാധ്യത ഏറ്റവും കൂടുതല്‍.പിരിച്ചത് പാതിയും പോക്കറ്റിലാക്കാം. ഇത്തരം സീറ്റിന്റെ ടിക്കറ്റിനുമുണ്ട് പിടിവലി . റെയ്റ്റ് നിര്‍ണയത്തില്‍ ഇതും പരിഗണിക്കണം. നേതാക്കളുടെ മക്കള്‍, വനിതകള്‍, പിന്നോക്ക വിഭാഗക്കാര്‍, പട്ടികജാതിക്കാര്‍ എന്നിവര്‍ക്ക് തുകയില്‍ ഇളവുകൊടുത്തേ തീരൂ. സാമൂഹ്യനീതിയില്‍ വിശ്വസിക്കുന്ന പാര്‍ട്ടി, ഗാന്ധിയന്‍ പാതയില്‍നിന്ന് വ്യതിചലിച്ചുകൂടാ.
ടിക്കറ്റ് വില്‍പ്പനയുടെ നിയമാവലി പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാക്കുകയാവും നല്ലത്. പഴയ സദാചാരക്കമ്മിറ്റി ഇപ്പോള്‍ വിശേഷിച്ച് പണിയൊന്നുമില്ലാതെ നടക്കുന്നുണ്ട്. മന്മോഹന്സിങ്ങ് , എ.കെ.ആന്റണി…….
****
തിരഞ്ഞെടുപ്പ് കമ്മീഷന് അടിയന്തരമായി ചെയ്യേണ്ട ഒരു കാര്യം സ്ഥാനാര്‍ഥികളുടെ പ്രചാരണച്ചെലവിന് ഏര്‍പ്പെടുത്തിയ പരിധി എടുത്തുകളയുക എന്നതാണ്. പരിധി ഇല്ലാതാക്കാന്‍ അധികാരമില്ലെന്നൊന്നും ബഹു.കംഷണര്മാര് പറയരുത്. തോറ്റ സ്ഥാനാര്‍ഥിയെ ജയിച്ചതായി പ്രഖ്യാപിക്കുന്നതൊഴികെയുള്ള അധികാരമെല്ലാം കംഷന് ഉണ്ടെന്നാണ് പണ്ട് ടി.എം.ശേഷന്സാര് ഭാവിച്ചിരുന്നത്. പരിധി തീര്‍ത്തും എടുത്തുകളയാന്‍ പറ്റില്ലെങ്കില്‍ ലോകസാമ്പത്തികമാന്ദ്യം തീരുന്നതുവരെ ആ വ്യവസ്ഥ സസ്പെന്റ് ചെയ്യുകയെങ്കിലും വേണം.
സാമ്പത്തികമാന്ദ്യത്തിന് ഒരു മറുമരുന്നേ ഉള്ളൂ. ആളുകള്‍ പണം പുല്ലുപോലെ വലിച്ചെറിയുക. പണമൊഴുകുമ്പോള്‍ സാധനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയരും. അതുയരുമ്പോള്‍ ഉത്പാദനം കൂടും. ലാഭം കൂടും. തൊഴില്കൂടും. വരുമാനവും കൂടും. ആ ചക്രമങ്ങനെ ചലിച്ചുതുടങ്ങിയാല്‍ പിന്നെ മാന്ദ്യക്കരടിക്ക് നിക്കക്കള്ളിയില്ലാതാകും. മാന്ദ്യത്തെ നേരിടാല്‍ കേന്ദ്രസര്‍ക്കാര്‍ ഇരുപത്തയ്യായിരം കോടി അടിസ്ഥാസസൗകര്യമേഖലയില് ചെലവഴിക്കാന്‍ പോകുന്നത് അടിസ്ഥാനസൗകര്യം കൂട്ടണമെന്ന സദുദ്ദേശത്തോടെയാണോ ? അല്ലേയല്ല. പണം ജനങ്ങളില്‍ എത്തിക്കാനാണ്. പാവം കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാല്‍ അത്രയൊക്കെയേ പറ്റൂ.
പറ്റുന്ന ഒരേ ഒരു കൂട്ടരുണ്ട്. അത് രാഷ്ട്രീയ പാര്‍ട്ടികളാണ്, നേതാക്കന്മാരാണ്. ഇഷ്ടം പോലെയാണ് അവരുടെ കൈയ്യില്‍ പണം. കോണ്‍ഗ്രസ് നേതാവ് യോഗേന്ദ്ര മക്വാന പറഞ്ഞത് സത്യമാണെങ്കില്‍ രാജസ്ഥാനിലെ അല്‍വാര്‍ നിയമസഭാടിക്കറ്റ് ഒരു ടിക്കാറാം ജൂലിക്ക് കൊടുത്തത് രണ്ടരക്കോടി രൂപയ്ക്കാണ്്. പാവപ്പെട്ട പട്ടികജാതിക്കാരനായതുകൊണ്ടാവും തുകയിത്ര കുറഞ്ഞുപോയത്. അഞ്ചുകോടിയെങ്കിലും മതിപ്പുവിലയുള്ളതാണ് ഒരു നിയമസഭാടിക്കറ്റ്.
ജയിക്കാന്‍ കാശ് വേറെ ഇറക്കണമല്ലോ. പരിധിയും പൊല്ലാപ്പും ഉള്ളത് കൊണ്ട് സ്ഥാനാര്‍ഥികള്‍ക്ക് മനസ്സറിഞ്ഞ് നാല് കാശ് ചെലവഴിക്കാന്‍ കഴിയുന്നില്ല. വരും ഡിറ്റക്റ്റീവുകളെപ്പോലെ കേന്ദ്രനിരീക്ഷകന്മാര്. തിരഞ്ഞെടുപ്പുകഴിയുംവരെ രാജാക്കന്മാരാണ് അവര്‍. അവര്‍ക്ക് ചെലവഴിക്കാവുന്ന തുകയ്ക്ക് പരിധിയെന്നുമില്ല. സര്‍ക്കാര്‍ കാശല്ലേ തിന്നുമുടിക്കും. അവര്‍ വരുന്നത് സ്ഥാനാര്‍ഥികളും പാര്‍ട്ടികളും പരിധിക്കകത്തല്ലേ ചിലവഴിക്കുന്നത് എന്നുനോക്കാനാണ്. ഇലക്ഷന് കമ്മീഷന് കൊടുത്ത കാശല്ല, സര്‍ക്കാറിന്റെ നികുതിപ്പണവുമല്ല പാര്ട്ടിക്കാര് ചെലവഴിക്കുന്നത്. പിന്നെയെന്തിനാണ് കമ്മീഷന് ഇത്ര ഉഷ്ണിക്കുന്നതെന്നുമാത്രം ഇതുവരെ മനസ്സിലായിട്ടില്ല.
ഒരാള്‍ ഒരു വീടുണ്ടാക്കുമ്പോള്‍ നാനൂറോ അഞ്ഞൂറോ ഇനം ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് വാങ്ങുമെന്നാണ് വാണിജ്യവിദഗ്ധര്‍ പറയാറുള്ളത്. ഭവനനിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ നികുതിയിഴവും മറ്റും നല്‍കുന്നതിന്റെ രഹസ്യം ഇതാണ്. തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഒരായിരം ഉല്പ്പന്നത്തിനെങ്കിലും ചെലവുണ്ടാകും. മൈക്കും പ്രസംഗവുമല്ലല്ലോ ഇക്കാലത്തെ പ്രചരണമാധ്യമം. കമ്പൂട്ടറും ഇന്റര്‍നെറ്റും അച്ചടിമഷിയും കടലാസ്സും പെട്രോളും വാഹനവും കൊടിയും തുണിയും കത്തിയും തോക്കും കുപ്പിയും സോഡയും കാറും ലോറിയും സി.ഡിയും സിനിമയും ചായയും കാപ്പിയും ചോറും കറിയും തുടങ്ങിയെത്രയെത്ര സാധനങ്ങള്‍. ഓരോ സ്ഥാനാര്‍ഥിയെയും കഴിവിനൊത്തുചെലവാക്കാന് അനുവദിക്കുകയാണ് വേണ്ടത്. ടിക്കറ്റ് കിട്ടാന്‍ രണ്ടരക്കോടി ചെലവാക്കാമെങ്കില്‍ ജയിക്കാന്‍ എത്രയാണ് ചെലവാക്കിക്കൂടാത്തത്. വോട്ടര്‍മാര്‍ക്ക് പണംകൊടുക്കുന്നതും നിയമവിധേയമാക്കാം. രണ്ടോ മൂന്നോ സ്ഥാനാര്‍ഥികളില്‍ നിന്ന് പണം പറ്റുകയും വോട്ട്് കുത്തുമ്പോള്‍ അതപ്പടി മറക്കുകയും ചെയ്താല്‍മതി.
വോട്ടര്‍മാര്‍ക്കേ പണം നല്‍കാവൂ എന്നില്ല. സ്ഥാനാര്‍ഥികളുടെ ഫോട്ടോ, പ്രസംഗം തുടങ്ങിയവ നല്കാന് മാധ്യമങ്ങള്‍ക്കും പരസ്യച്ചാര്‍ജ് നിരക്കില്‍ പണംകൊടുക്കാവുന്നതാണ്. തീരട്ടെ അവറ്റകളുടെയും മുടിഞ്ഞ പ്രതിസന്ധി.
ലോക്സഭ പിരിച്ചുവിട്ട് പൊതുതിരഞ്ഞെടുപ്പ് കൂടി നടത്തുകയാണെങ്കില്‍ നന്നാകും. അഞ്ഞൂറിലേറെ മണ്ഡലങ്ങള്‍, ആയിരിക്കണക്കിന് സ്ഥാനാര്‍ഥികള്‍. കുശാല്തന്നെ കുശാല്‍. മാന്ദ്യക്കരടി പാഞ്ഞ വഴിയില്‍ പുല്ലുമുളക്കില്ല.
********
ആര്‍ഷഭാരത സംസ്കാരപാര്ട്ടിയിലും ടിക്കറ്റ് കച്ചവടം നടന്നതായി റിപ്പോര്‍ട്ടുണ്ട്. ടിക്കറ്റ് കച്ചവടത്തില്‍ എത്താനേ മറ്റുസംസ്ഥാനക്കാര്‍ക്ക് ഇതുവരെയായി കഴിഞ്ഞിട്ടുള്ളൂ. ടിക്കറ്റ് കച്ചവടത്തേക്കാള്‍ മുന്തിയ ബിസിനസ് വോട്ട് കച്ചവടമാണെന്ന് അവര്‍ക്കറിയില്ല. ആ ഘട്ടവും കഴിഞ്ഞ് ഇനിയെന്ത് വില്ക്കേണ്ടൂ എന്ന് തലപുകയുകയാണ് ഇവിടെ. കേരളം ഇന്നലെ ചിന്തിച്ചത് ഭാരതം നാളെ ചിന്തിക്കും എന്നരോ പറഞ്ഞതിന്റെ അര്ഥമിതാവും.