തീവ്ര അവസരവാദം

ഇന്ദ്രൻ

പറയാറുള്ളത്‌. അതൊരു വലിയ കഴിവാണത്രെ. എന്നാലോ, അവസരത്തിനൊത്ത്‌ വാദിക്കാന്‍ പാടില്ല. അത്‌ അവസരവാദം എന്ന മഹാ അപരാധമാണ്‌‌. ഒന്ന്‌ യോഗ്യതയും മറ്റേത്‌ അയോഗ്യതയും ആയത്‌ എന്തുകൊണ്ടാണ്‌ എന്ന്‌ സത്യമായും അറിയില്ല. ആരെങ്കിലും വിശദീകരിച്ചുതരുമായിരിക്കും. സി.പി.എമ്മില്‍ അവസരോചിതമായി പ്രവര്‍ത്തിക്കുന്നവരല്ലാതെ അവസരവാദപരമായി വാദിക്കുന്നവരില്ല എന്നെങ്കിലും അറിയുക. അവസരവാദത്തെ എതിര്‍ക്കുന്നവരെയാണ്‌ തീവ്രവാദികളെന്ന്‌ മുദ്രകുത്താറുള്ളതെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. പറഞ്ഞത്‌ വലിയ വിവാദമാക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുകയുണ്ടായി. അവരും അവസരത്തിനൊത്ത്‌ ഉയര്‍ന്നതാവാം. പിണറായി വിജയനും തോമസ്‌ ഐസക്കും പരസ്‌പരം നോക്കി ആ പറഞ്ഞത്‌ എന്നെക്കുറിച്ചല്ല, താങ്കളെക്കുറിച്ചാവും എന്നും മനസ്സില്‍ പറയേണ്ട കാര്യമില്ല. മുഖ്യമന്ത്രി ഒരു ലോകതത്ത്വം പറഞ്ഞെന്നേ ഉള്ളൂ, അതില്‍ വിഭാഗീയതയൊന്നുമില്ല.
രണ്ടാം ഭൂപരിഷ്‌കരണം വേണമെന്ന്‌ പറയുന്നത്‌ തീവ്രവാദമാണ്‌ എന്ന്‌ സി.പി.എം. സംസ്ഥാനക്കമ്മിറ്റി പറഞ്ഞുവെന്നതാണല്ലോ പ്രശ്‌നം. ആര്‌ ആരെയാണ്‌ തീവ്രവാദി എന്നുവിളിച്ചത്‌? സംസ്ഥാനക്കമ്മിറ്റി വി.എസ്സിനെ തീവ്രവാദിയെന്ന്‌ വിളിച്ചുവോ? അങ്ങനെയുണ്ടായിട്ടില്ല എന്ന്‌ വി. എസ്സിനുതന്നെ ബോധ്യപ്പെട്ടതാണ്‌. അദ്ദേഹം സംസ്ഥാനക്കമ്മിറ്റിയോഗം സംബന്ധിച്ച രേഖകളെല്ലാം വിവരാവകാശ നിയമപ്രകാരമല്ല, പൊളി. ബ്യൂറോ മെമ്പറുടെ അവകാശ പ്രകാരം പരിശോധിച്ചപ്പോള്‍ ബൂര്‍ഷ്വാപത്രങ്ങളില്‍ വന്നതുപോലുള്ള ഒരൊറ്റ സംഗതിയും കണ്ടില്ല. പാര്‍ട്ടി പത്രത്തിലെ കാര്യം പറയാനുമില്ല. ‘രണ്ടാം ഭൂപരിഷ്‌കരണത്തെപ്പറ്റി ചില തീവ്രവാദിസംഘടനകള്‍ നടത്തുന്ന വാചകമടി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മാത്രമേ ഉതകൂ’ എന്നാണ്‌ സംസ്ഥാനക്കമ്മിറ്റി തീരുമാനം റിപ്പോര്‍ട്ട്‌ ചെയ്‌ത പാര്‍ട്ടി പത്രത്തിലുള്ളത്‌. സംഘടനകളെപ്പറ്റിയേ അതില്‍ പറഞ്ഞിട്ടുള്ളൂ, ഒറ്റയാന്‍ തീവ്രവാദികളെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല.
ഇനി, രണ്ടാം ഭൂപരിഷ്‌കരണം വേണമെന്ന്‌ ആവശ്യപ്പെട്ടവരാണ്‌ തീവ്രവാദികള്‍ എന്നുകരുതിയാല്‍ത്തന്നെ അങ്ങനെ ആരാണ്‌ ആവശ്യപ്പെട്ടത്‌? മുഖ്യമന്ത്രി ആവശ്യപ്പെട്ടുവോ? സ്വപ്‌നത്തില്‍പ്പോലും അദ്ദേഹമങ്ങനെ വിചാരിച്ചുകാണില്ല. പത്രത്തില്‍ അങ്ങനെ വല്ലതും കണ്ടിട്ടുണ്ടെങ്കില്‍ അത്‌ മാധ്യമസൃഷ്‌ടി മാത്രമായിരുന്നു എന്നു കരുതിയാല്‍ മതി. പിന്നെ എന്തിന്‌ വിവാദം?
തീവ്രവാദികളാരെന്ന്‌ മുഖ്യമന്ത്രി നേരത്തേ തൊട്ടുകാട്ടിക്കൊടുത്തിട്ടുണ്ട്‌. മൂലമ്പള്ളിയില്‍ പാവപ്പെട്ട മനുഷ്യരെ കണ്ണില്‍ച്ചോരയില്ലാതെ പോലീസും ഉദ്യോഗസ്ഥരും അടിച്ച്‌ കുടിയൊഴിപ്പിച്ചതിനെതിരെ ചിലര്‍ വെറുതെ സമരം നടത്തി. അപ്പോഴാണ്‌ മുഖ്യമന്ത്രി ”ഇതാ നോക്കിന്‍ തീവ്രവാദം…. നക്‌സലിസം…” എന്ന്‌ ചൂണ്ടിക്കാട്ടിയത്‌. ന്യായമായ ചില ആവശ്യങ്ങളും തീവ്രവാദമാണ്‌ എന്ന്‌ തോന്നാറുള്ളത്‌ അവസരവാദികള്‍ക്കാണെന്ന ‘അച്യുതാനന്ദന്‍സ്‌ തിയറി ഢഫ്‌ തീവ്രവാദം’ ഈ സന്ദര്‍ഭത്തിലാവാം ജന്മമെടുത്തത്‌. താനല്ലാത്ത ആര്‌ മുഖ്യമന്ത്രിയായിരുന്നാലും വി.എസ്‌. അത്തരമൊരു കുടിയൊഴിപ്പിക്കലിനെതിരെ ഗര്‍ജിക്കുമായിരുന്നു. ഈ മനോധര്‍മത്തെ അവസരവാദമെന്നല്ല, അവസരത്തിനൊത്തുയരല്‍ എന്നാണ്‌ വിളിക്കേണ്ടതും.

തീവ്രവാദ/അവസരവാദ വിവാദം കണ്ട്‌ ചിലരുടെയെല്ലാം പൂതി ആകാശത്തോളമുയര്‍ന്നിട്ടുണ്ട്‌. സി.പി.എമ്മില്‍ വിഭാഗീയത വീണ്ടും കത്തിക്കാളുകയാണെന്നും വി.എസ്‌. രണ്ടും കല്‌പിച്ചിറങ്ങിയിരിക്കയാണെന്നും രണ്ടിലൊന്ന്‌ ഉടനുണ്ടാകുമെന്നും മാധ്യമവ്യവസായത്തിന്റെ സെന്‍സെക്‌സ്‌ ഉയരുമെന്നുമെല്ലാമാണ്‌ അവര്‍ മോഹിക്കുന്നത്‌. ഒന്നും സംഭവിക്കുകയില്ല. ആടിന്റെ അവയവം വീഴുമെന്ന്‌ പ്രതീക്ഷിച്ച്‌ പിറകെനടക്കുന്നതില്‍ ഇതിലേറെ യുക്തിയുണ്ട്‌. മൂന്നാറിലെ വെടിക്കുശേഷം പിന്നെയൊന്നും വി.എസ്സിന്‌ തരമായിട്ടില്ല. കോട്ടയം, കോയമ്പത്തൂര്‍ സമ്മേളനങ്ങള്‍ക്കുശേഷം വി.എസ്‌. തന്നെയാണോ ഇപ്പോഴും മുഖ്യമന്ത്രി?’ എന്ന്‌ ആളുകള്‍ ചോദിക്കാന്‍ തുടങ്ങിയതുമാണ്‌. വിവാദങ്ങളുമില്ല. മാധ്യമങ്ങള്‍ കെ.മുരളീധരനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യേണ്ടിവരുന്നത്‌, പട്ടിണി കാരണം മനുഷ്യര്‍ പച്ചപ്പുല്ലു തിന്നേണ്ടിവരുന്നതുപോലെയാണ്‌.
വി.എസ്സിന്‌ ഇനിയും മൂന്നുകൊല്ലം കഴിച്ചുകൂട്ടേണ്ടതുണ്ട്‌ എന്ന്‌ മറക്കരുത്‌. ആശയസമരത്തിനൊന്നും വലിയ സ്‌കോപ്പ്‌ ഇനിയില്ല, ആശയക്കുഴപ്പസമരമെങ്കിലും നടക്കട്ടെ.

പാറപ്പുറത്ത്‌ യോഗംകൂടി പാര്‍ട്ടി രൂപവല്‍ക്കരിച്ചിട്ട്‌ കൊല്ലം പത്തറുപത്തെട്ടായെങ്കിലും ഇപ്പോഴേ ആ ഐഡിയ തലയില്‍ ഉദിച്ചുള്ളൂ. പട്ടികജാതിക്കാരുടെ കൂട്ടായ്‌മ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ത്തന്നെ നടത്തി. എന്തുകൊണ്ട്‌ ഇങ്ങനെയൊരു പുതിയ ലൈന്‍ എന്ന്‌, പവര്‍കട്ടിന്റെ തിരക്കിനിടയിലും വൈദ്യുതിമന്ത്രി എ.കെ. ബാലന്‍ പാര്‍ട്ടി പത്രത്തിലെഴുതിയ ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്‌. പാര്‍ട്ടി വര്‍ഗകാഴ്‌ചപ്പാട്‌ ഉപേക്ഷിച്ച്‌ ജാതികാഴ്‌ചപ്പാട്‌ സ്വീകരിക്കുന്നുവെന്ന്‌ ആക്ഷേപിക്കുന്നത്‌ ശുദ്ധഅബദ്ധമാണ്‌. വര്‍ഗകാഴ്‌ചപ്പാടില്‍ ലവലേശം വിട്ടുവീഴ്‌ച ചെയ്യാതെയാണ്‌ ജാതികാഴ്‌ചപ്പാട്‌ സ്വീകരിക്കുന്നത്‌.
വര്‍ഗസമരം മാത്രം മതി, ജാതിസമരം വേണ്ട എന്നായിരുന്നു പഴയ സിദ്ധാന്തം. ”അവകാശങ്ങള്‍ നേടിയെടുക്കാനുള്ള മാര്‍ഗം അധഃസ്ഥിതജാതിക്കാരെ ജാതിയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയമായി സംഘടിപ്പിക്കുകയല്ല” എന്ന്‌ ഇ.എം.എസ്‌. ആചാര്യന്‍ നൂറിടത്ത്‌ എഴുതിയിട്ടുണ്ട്‌. മുതലാളിത്തം നേരാംവണ്ണം വന്നാല്‍ത്തന്നെ ജാതി ഇല്ലാതാകും എന്നായിരുന്നു ആചാര്യന്റെ സിദ്ധാന്തം. സോഷ്യലിസം വന്നാലത്തെ കഥ പറയാനുമില്ല. എന്തോ, രണ്ടും വരുന്നില്ല, ജാതി പോകുന്നുമില്ല. ഇനി ആചാര്യന്‍ പറഞ്ഞതും കേട്ടോണ്ടിരുന്നാല്‍, വെള്ളാപ്പള്ളി നടേശന്‍ ശ്രീനാരായണഗുരുവിന്റെ കാര്യത്തില്‍ പറഞ്ഞതുപോലെ, നമ്മള്‌ തെണ്ടിപ്പോകത്തേ ഉള്ളൂ.
കാലം മോശമാണ്‌. വര്‍ഗസമരം എന്നുകേട്ടിട്ടുപോലുമില്ലാത്ത, ജാതിസമരം മാത്രമറിയുന്ന മായാവതിയെ പ്രധാനമന്ത്രിയാക്കാന്‍ നടക്കേണ്ട സ്ഥിതിയിലാണ്‌ പാര്‍ട്ടി. അവറ്റകളെ കേരളത്തിലും കൂടെക്കൂട്ടേണ്ടിവന്നേക്കാം. അനുഭാവികളായ പട്ടികജാതി കുഞ്ഞാടുകളെ അടുപ്പിച്ചുനിര്‍ത്തിയില്ലെങ്കില്‍ എങ്ങോട്ടേക്കാണ്‌ പാഞ്ഞുപോവുകയെന്ന്‌ പറയാന്‍പറ്റില്ല. ഇതിനെ വോട്ടുബാങ്ക്‌ രാഷ്ട്രീയമെന്നൊന്നും വിശേഷിപ്പിച്ചേക്കരുത്‌. ഇതിന്റെ ടേസ്റ്റ്‌ നോക്കിയിട്ടുവേണം ഈഴവ കൂട്ടായ്‌മ, മുസ്‌ലിം കൂട്ടായ്‌മ, ക്രിസ്‌ത്യന്‍കൂട്ടായ്‌മ, നായര്‍കൂട്ടായ്‌മ എന്നിത്യാദി കൂട്ടുകള്‍ കൂടി തൊട്ടുകൂട്ടാന്‍.

തലതിരിഞ്ഞ മക്കളുണ്ടായാല്‍ അമ്മമാര്‍ ഇങ്ങനെയൊന്നില്ലാത്തതായിരുന്നു നല്ലത്‌ എന്ന്‌ പ്‌രാകിപ്പോകാറുണ്ട്‌. ജില്ലയിലെ നിയമസഭാസീറ്റുകളുടെ എണ്ണം നാലെണ്ണം കൂടിയപ്പോള്‍ മലപ്പുറത്തെ നേതാക്കള്‍ക്കെല്ലാം കക്ഷിഭേദമെന്യേ സന്തോഷമായിരുന്നു. നാല്‌ എം.എല്‍.എ മാര്‍ കൂടുകയല്ലേ, ഒന്നെനിക്ക്‌ ഒന്നെനിക്ക്‌ എന്ന്‌ യാചിച്ച്‌ പിറകെവരുന്ന ഭാവിസ്ഥാനാര്‍ഥികളുടെ എണ്ണം അനുദിനം പെരുകുകയാണത്രെ. സീറ്റ്‌ കൂടേണ്ടിയിരുന്നില്ല എന്ന്‌ നേതാക്കള്‍ക്ക്‌ തോന്നിത്തുടങ്ങിയിട്ടുണ്ട്‌..
മലപ്പുറം യു.ഡി.എഫില്‍ കോണ്‍ഗ്രസ്സുകാരും ലീഗുകാരും തമ്മില്‍ അഡ്വാന്‍സായി പിണങ്ങിയത്‌ കൂടുതല്‍ വന്ന സീറ്റിനുവേണ്ടിയുള്ള വടംവലിയുടെ ഉദ്‌ഘാടനമാണെന്ന്‌ കരുതുന്നവരുണ്ട്‌. ലീഗിന്റെ നാലിലൊന്നെങ്കിലും കോണ്‍ഗ്രസ്സുണ്ടെങ്കില്‍ ന്യായമായി അവര്‍ക്കൊരു സീറ്റ്‌ കൊടുക്കണമല്ലോ. അതില്ലെന്നാണ്‌ വാദമെങ്കില്‍ അത്‌ കാട്ടിക്കൊടുത്തിട്ട്‌ തന്നെയേ അവര്‍ക്കുറങ്ങാന്‍ പറ്റൂ. എന്തായാലും കളി തുടങ്ങിയിട്ടേയുള്ളൂ. പലതും കാണാനിരിക്കുന്നു.
ഒരു കൊല്ലത്തിനിടയില്‍ നടക്കുന്ന പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ത്തന്നെ ചിലതെല്ലാം കാണാനാവും. ബുദ്ധിയുള്ളവര്‍, ഢടുന്ന നായയ്‌ക്ക്‌ ഒരു മുഴം മുമ്പെ എറിഞ്ഞുകഴിഞ്ഞു. മലബാറിനോടുള്ള വിദ്യാഭ്യാസ അവഗണനയ്‌ക്കെതിരെ കരുനാഗപ്പള്ളിക്കാരന്‍ അബ്ദുള്‍നാസര്‍ മദനി സമരം പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ, പശു എന്തിനാണ്‌ വാലു പൊക്കുന്നതെന്ന്‌ ആളുകള്‍ ചോദിച്ചുതുടങ്ങിയതാണ്‌. പി.ഡി.പി. പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ മത്സരിക്കാന്‍ പോകുന്നു. മദനിക്ക്‌ സ്ഥാനമോഹം ലവലേശമില്ല. പക്ഷേ, പൊന്നാനിക്കാര്‍ നിര്‍ബന്ധിച്ചാല്‍ മത്സരിക്കാതിരിക്കാന്‍ പറ്റില്ല.
ഇതിന്റെയെല്ലാം അര്‍ഥങ്ങള്‍ മനസ്സിലാക്കി അവസരത്തിനൊത്ത്‌ ഉയര്‍ന്ന്‌ അവസരോചിത നടപടികള്‍ സ്വീകരിക്കേണ്ടത്‌ ഇടതുമുന്നണിയാണ്‌. മദനി തീവ്രവാദിയൊന്നുമല്ല, നിര്‍മലഹൃദയനാണ്‌. നിര്‍ബന്ധിച്ചാല്‍ ഇടതുപിന്തുണയും സ്വീകരിക്കും. ലോക്‌സഭാംഗമാകുകയെന്ന ത്യാഗത്തിനും തയ്യാര്‍. ഇത്രയും കാലം ജയിലില്‍ കിടന്ന ആള്‍ക്ക്‌ ലോക്‌സഭയില്‍ കിടക്കാന്‍ പ്രയാസമുണ്ടാകില്ല.
പൊന്നാനി മണ്ഡലത്തിനോട്‌ ചില പാലക്കാടന്‍ ഭാഗങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തതുകൊണ്ട്‌ ഇടതുസ്ഥാനാര്‍ഥിയുടെ ജയസാധ്യത കൂടിയിട്ടുണ്ടെന്നാണ്‌ ഇ. അഹമ്മദ്‌ സാഹിബിനോടുള്ള അസൂയ സഹിക്കാന്‍ കഴിയാത്ത ദുഷ്‌ടശക്തികള്‍ പറയുന്നത്‌. എ.കെ.ജി. സെന്ററിലെ സീറ്റ്‌ കഴുകന്മാരുടെ നോട്ടം അങ്ങോട്ട്‌ പതിഞ്ഞിട്ട്‌ കാലം കുറച്ചായത്രെ.
സി.പി.ഐ.ക്കാര്‍ പരിഭവിക്കേണ്ട. എത്ര കാലമായി നിങ്ങള്‍ പൊന്നാനിയില്‍ തോല്‍ക്കുന്നു. നന്ദിയുണ്ട്‌. ഇനിയിപ്പോള്‍ നിങ്ങള്‍ ജയിച്ച്‌ ഡല്‍ഹിയില്‍പ്പോയും കഷ്‌ടപ്പെടണമെന്നില്ല. യോഗ്യന്മാര്‍ ഇവിടെ വേറെയുണ്ട്‌. ചിലപ്പോള്‍ സാക്ഷാല്‍ മദനിതന്നെ ആയേക്കാനും മതി.

Leave a Reply

Your email address will not be published. Required fields are marked *

Go Top