ബന്ദുകളുടെ സ്വന്തം നാട്‌

ഇന്ദ്രൻ

ഏറ്റവും നിസ്സാരകാര്യത്തിന്‌ നടത്തിയ ബന്ദ്‌ എന്ന ലോക ബഹുമതി കോഴിക്കോടിന്റെ പേരിലാണ്‍്്‌ ഉണ്ടായിരുന്നത്‌. അത്രക്കൊക്കെ വരുമോ എന്ന്‌ ചിലര്‍ അന്തം വിടുന്നുണ്ടാവണം. സ്വര്‍ണക്കടയുടെയും സാരിക്കടയുടെയുമെല്ലാം കാര്യം പോലെതന്നെയാണ്‌ ബന്ദിന്റെയും കാര്യം. കേരളത്തിലേറ്റവും വലുതെങ്കില്‍ ലോകത്തിലേറ്റവും വലുതുതന്നെ. വേറെങ്ങുണ്ട്‌ ഈ വക സാധനങ്ങള്‍. സി.പി.എം ജില്ലാഓഫീസില്‍ ആരോ രാത്രി അതിക്രമിച്ചുകയറി ഓഫീസ്‌ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതിനായിരുന്നു റെക്കോഡിന്‌ അര്‍ഹമായ ആ ബന്ദ്‌. കാലം കുറച്ചായി.

കോഴിക്കോട്ട്‌ തന്നെ റെക്കോഡ്‌ തകര്‍ത്തിരിക്കുന്നു. ലോ കോളേജിലെ സംഘട്ടനത്തിന്റെ പേരില്‍ യു.ഡി.എഫ്‌ കോഴിക്കോട്‌ ജില്ലയില്‍ കഴിഞ്ഞ ദിവസം ബന്ദ്‌ ….മാപ്പ്‌ യുവര്‍ ഓണര്‍….ഹര്‍ത്താല്‍ നടത്തി. കോണ്‍ഗ്രസ്‌ -മുസ്ലിം ലീഗ്‌ അനുയായിവിദ്യാര്‍ത്ഥികളെ മാര്‍ക്സിസ്റ്റ്‌ അനുയായിവിദ്യാര്‍ത്ഥികള്‍ ആക്രമിച്ചെന്നതാണ്‌ കേസ്‌. സംഭവം നടന്നതായി വിവരം കിട്ടിയ യു.ഡി.എഫുകാര്‍ ഉടന്‍ ചെയ്തത്‌ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയാണ്‌. ഒരു സംഗതിയാണ്‌ നാട്ടുകാര്‍ക്ക്‌ ഇതില്‍നിന്ന്‌ മനസ്സിലായത്‌ . യു.ഡി.എഫ്‌ ജില്ലാനേതൃത്വത്തില്‍ കോളേജില്‍ പഠിച്ചവര്‍ ആരും ഉണ്ടായിരിക്കാനിടയില്ല. ഉണ്ടെങ്കില്‍ തന്നെ മറ്റ്‌ നിരക്ഷരര്‍ക്കാണ്‌ ഭൂരിപക്ഷം. അവര്‍ ടിയാനെ അടിച്ചിരുത്തിയിരിക്കണം. കോളേജില്‍ അടി മാസത്തില്‍ മൂന്നുവട്ടം നിര്‍ബന്ധമാണ്‌. അത്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എ.കെ.ആന്റണിയും വയലാര്‍ രവിയുമെല്ലാം കോളേജില്‍ പഠിക്കുന്ന കാലത്ത്‌ തന്നെ ഇതാണ്‌ നാട്ടുനടപ്പ്‌. അതില്‍ തന്നെ ഏറ്റവും മുന്തിയ അടി ലോ കോളേജിലാണ്‌ ഉണ്ടാവുക. നിയമപഠനത്തിന്റെ പ്രൊജക്റ്റ്‌ വര്‍ക്കാണ്‌ നിയമലംഘനവും അടിയും കേസ്സുമെല്ലാം. കോളേജ്‌ അടിയുടെ പേരില്‍ തലയ്ക്ക്‌ സമനിലയുള്ളവരാരും നാട്ടുകാരുടെ പീടികപൂട്ടിക്കാനും വണ്ടിതടയാനും നടക്കില്ല.

ഹര്‍ത്താലാചരണത്തിന്റെ വികേന്ദ്രീകരണവും ഉദാരവല്‍ക്കരണവുമാണ്‌ കേരളത്തിലിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌. സംസ്ഥാനക്കമ്മിറ്റിതലത്തില്‍ ആലോചന നടത്തിയൊക്കെ ഹര്‍ത്താല്‍ നടത്തുന്നകാലം പോയി . ജില്ലാ -താലൂക്ക്‌- ബ്ലോക്ക്‌ തലത്തില്‍ ആഹ്വാനം കുട്ടിനേതാക്കള്‍ പുറപ്പെടുവിക്കുകയാണിപ്പോള്‍. ഓരോ ദിവസവും കേരളത്തില്‍ എവിടെയെല്ലാമാണ്‌ ഹര്‍ത്താലുള്ളതെന്ന്‌ അറിയിക്കാന്‍ സംവിധാനമൊന്നും ഇപ്പോഴില്ല. ഇന്നത്തെ ഹര്‍ത്താല്‍ എന്നോ മറ്റോ ഒരു കോളം പത്രക്കാര്‍ തുടങ്ങേണ്ടതാണ്‌. തിരുവനന്തപുരത്ത്‌ നിന്ന്‌ രാവിലെ പുറപ്പെടുന്ന ബസ്‌ , ഒരിടത്തും ബന്ദ്‌, റോഡ്‌ തടയല്‍ , കല്ലേറ്‌ എന്നിവയൊന്നുമില്ലാതെ അന്ന്‌ രാത്രി കാസര്‍കോഡെത്തി എന്ന്‌ പറഞ്ഞാല്‍ ആരും വിശ്വസിക്കുകയില്ല. കെ.എസ്‌.ആര്‍.ടി.സി ലാഭകരമായി പ്രവര്‍ത്തിച്ചുതുടങ്ങി എന്ന്‌ പറഞ്ഞാല്‍ പോലും ആളുകള്‍ വിശ്വസിക്കും, ഇത്‌ വിശ്വസിക്കില്ല. എവിടെയെങ്കിലും ഹര്‍ത്താലില്ലാത്ത ഒരുദിവസം പോലും ഉണ്ടാവരുതെന്നാണ്‌ ഇപ്പോഴത്തെ ചിട്ട.

ജനവികാരം പ്രകടിപ്പിക്കാന്‍ ബന്ദ്‌ നടത്തിയിരുന്ന കാലമുണ്ടായിരുന്നു. ഇന്ന്‌ ഹര്‍ത്താല്‍ നടത്തുന്നത്‌ ജനത്തിന്‌ ഒരു വികാരമുമില്ല എന്ന്‌ തെളിയിക്കാനാണ്‌. പത്ത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ തല്ല്‌ കൊണ്ടതിന്റെ പേരിലാണ്‌ ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികളെ ഈ പരീക്ഷാക്കാലത്ത്‌ കണ്ണീര്‌ കുടിപ്പിച്ചത്‌. അത്‌ ചെയ്യാന്‍ ചില്ലറ മൃഗീയതയൊന്നും പോരല്ലോ. ജനത്തിന്‌ അതിലൊന്നും ഒരുപ്രശ്നവുമില്ല. പീടികകളിലും മറ്റും പണിയെടുത്തുജീവിക്കുന്ന ആയിരങ്ങളുടെ കൂലി മുടങ്ങും, പക്ഷെ നേതാക്കളുടെ അരി മുടങ്ങില്ല. നഗരങ്ങളില്‍ ലോഡ്ജില്‍ അന്തിയുറങ്ങി വിശപ്പടക്കാന്‍ ഹോട്ടലിനെ ആശ്രയിക്കുന്നവന്‍ പട്ടിണിയാകും. ഇല്ല, നേതാക്കളൊന്നും ഒരു നേരവും വിശപ്പറിയില്ല. അതിനുള്ള ഏര്‍പ്പാട്‌ വീട്ടില്‍ ചെയ്തിട്ടാണ്‌, കുഞ്ഞിന്‌ മരുന്നുവാങ്ങാനോടുന്ന തന്തയെ സ്കൂട്ടര്‍ തടഞ്ഞ്‌ കൈകാര്യം ചെയ്യുന്നത്‌. ഹര്‍ത്താല്‍ ഒരു പരിശീലനമാണ്‌. സഹനശേഷി വളര്‍ത്താനുള്ള പരിശീലനം. ഈ ഹര്‍ത്താല്‍ ദ്രോഹം സഹിക്കാന്‍ പഠിച്ചാല്‍ പിന്നെ ജീവിതത്തിലെന്ത്‌ അനീതിയേയും സഹിക്കാന്‍ കഴിയും. ഒരു ജനതയ്ക്ക്‌ അവരര്‍ഹിക്കുന്ന ഭരണം കിട്ടും എന്നത്‌ ഈയിടെ മാറ്റിയിട്ടുണ്ട്‌. ഒരു ജനതയ്ക്ക്‌ അവരര്‍ഹിക്കുന്നത്ര ഹര്‍ത്താല്‍ കിട്ടും എന്നതാണ്‌ പുതിയ ശൈലി.

നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും ഹര്‍ത്താല്‍ പോലെ സുഖകരമായ മറ്റൊരു സമരായുധമില്ല . ഒരു അടിപിടിയില്‍ പ്രതിഷേധിച്ച്‌ ജാഥ നടത്തണമെങ്കില്‍ എത്രയുണ്ട്‌ പാട്‌ എന്ന്‌ അത്‌ നടത്തിയവനേ അറിയൂ. ഇക്കാലത്ത്‌ വൈകുന്നേരമൊരു ജാഥയ്ക്ക്‌ നൂറാളെ കിട്ടാന്‍ ചെറുതല്ല കഷ്ടപ്പാട്‌. അതിന്‌ കാശുണ്ടാക്കാനുള്ള പെടാപ്പാട്‌ വേറെ. എല്ലാം കഴിഞ്ഞാല്‍ പത്രങ്ങളില്‍ രണ്ടുവരി വാര്‍ത്ത വരുമോ? ഇല്ല. രണ്ട്‌ ബസ്സിന്‌ കല്ലേറ്‌ നടത്തുകയോ പോലീസുകാരെ തല്ലുകയോ ചെയ്താലേ അതും വരൂ.

ഹര്‍ത്താലാഹ്വാനത്തിന്‌ ഈ വക പെടാപ്പാടുകളൊന്നുമില്ല. ഹര്‍ത്താലിക്കാന്‍ ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക നോക്കുക.1. ലെറ്റര്‍പാഡ്‌ ഷീറ്റ്‌ ഒന്ന്‌ 2.അതിലെഴുതാന്‍ പേന ഒന്ന്‌ 3.എഴുതാനും ഒപ്പ്‌ വരക്കാനും അറിയുന്ന നേതാവ്‌ ഒന്ന്‌. 4.ഹര്‍ത്താലാഹ്വാനം പത്രം, ചാനല്‍ ന്യൂസ്ബ്യൂറോകളില്‍ ഓട്ടോറിക്ഷയിലെത്തിക്കാന്‍ ശിങ്കിടി ഒന്ന്‌. ഇതിനുള്ള ചെലവുകള്‍ നോക്കാം. 1.ആഹ്വാനം ഫോട്ടോസ്റ്റാറ്റ്‌ എടുക്കാന്‍ പതിനഞ്ചുകോപ്പി പതിനഞ്ചുരൂപ. 2. ആഹ്വാനം പ്രസ്ക്ലബ്ബിലെ പെട്ടിയിലിടാന്‍ ഓട്ടോറിക്ഷ ചാര്‍ജ്‌ പതിനഞ്ച്‌ രൂപ.3. ശിങ്കിടിക്ക്‌ ചായ കുടിക്കാന്‍ ഇരുപത്‌ രൂപ. ആകെ അമ്പത്‌ രൂപ.

ചെലവ ്‌ ഇനിയും കുറയ്ക്കാന്‍ കഴിയും. ഒരൊറ്റ ടിവി ചാനലില്‍ ഫോണ്‍ ചെയ്ത്‌ വിവരം പറഞ്ഞാല്‍ മതി. റിപ്പോര്‍ട്ടര്‍ ഫോണ്‍ താഴെ വെക്കും മുമ്പ്‌ ഫ്ലാഷ്‌ കാണിച്ചുതുടങ്ങും. അതുകണ്ടാല്‍ അരമിനിട്ടിനകം മറ്റ്‌ സകലചാനലുകളും കാണിക്കും ഫ്ലാഷ്‌. പത്രക്കാര്‍ക്ക്‌ പൊറുതിമുട്ടും. അവര്‍ ഇങ്ങോട്ട്‌ ഫോണ്‍ ചെയ്തുകൊള്ളും. നേതാവ്‌ മൊബെയില്‍ കയ്യില്‍വെച്ചിരിക്കണമെന്നേ ഉള്ളൂ. ഫോട്ടോസ്റ്റാറ്റിനോ ശിങ്കിടിക്ക്‌ ചായക്കോ ചെലവാക്കണമെന്നില്ല എന്നര്‍ത്ഥം. അപ്പോള്‍ ആകെ എത്രയാണ്‌ ചെലവ്‌ ? ആദ്യത്തെ ഫോണിന്റെ രണ്ടുരൂപ.

ഇത്രയും ലോ കോസ്റ്റില്‍ ഇത്രയും വലിയ ജനദ്രോഹം ചെയ്യാന്‍ കഴിയുന്ന മറ്റൊരു സാങ്കേതികവിദ്യയും ലോകത്താരും കണ്ടുപിടിച്ചിട്ടില്ല. രണ്ടുരൂപ ചെലവില്‍ ആയിരം കോടിയുടെ വരെ നഷ്ടം ഒരു സംസ്ഥാനത്തിനുണ്ടാക്കാം. ആയിരങ്ങളെ നരകപ്പാട്‌ പെടീക്കാം. ചെറുനോബല്‍ പ്രൈസിനുള്ള വകുപ്പുണ്ട്‌. കേരളീയര്‍ക്ക്‌ മൊത്തമായിട്ട്‌ തന്നാല്‍ മതിയാകും.

ഹര്‍ത്താലും ബന്ദുമൊക്കെ പാര്‍ട്ടികളുടെ കരുത്തിന്റെയും ജനവികാരത്തിന്റെയും പ്രകടനമായിരുന്നു പണ്ടൊക്കെ. കോണ്‍ഗസ്സുകാര്‍ ആഹ്വാനംചെയ്താല്‍ മാര്‍ക്സിസ്റ്റുകാര്‍ കടയടക്കില്ല. അതിന്റെ പേരില്‍ കുത്തും കൊലയും നടക്കും. ഇന്ന്‌ പിണറായി വിജയന്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്താല്‍ ഉമ്മന്‍ചാണ്ടിക്ക്‌ പെട്ടിക്കടയുണ്ടെങ്കില്‍ അതും അടച്ചിടും. ചാണ്ടി പറഞ്ഞാല്‍ പിണറായിയും അടയ്ക്കും. ബന്ദുകളുടെ പരസ്പരസഹായസഹകരണമുന്നണിയാണ്‌ പാര്‍ട്ടികള്‍.തിരഞ്ഞെടുപ്പില്‍ കിട്ടുന്ന വോട്ടിന്റെ ബലത്തിലായിരുന്നു പണ്ട്‌ ആഹ്വാനം. ഇന്നതിന്റെ ആവശ്യവുമില്ല. സംസ്ഥാനത്തൊട്ടാകെ ഇരുനൂറ്റമ്പതില്‍ കൂടുതല്‍ അനുയായികളുണ്ടെന്ന്‌ തെളിയിച്ചിട്ടില്ലാത്ത പാര്‍ട്ടി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടും ജനങ്ങള്‍ കടയടച്ചല്ലോ. മതി, ഇതിലപ്പുറം പോകാന്‍ ഒരു നാടിനുമാകില്ല.

പൊതുജനങ്ങള്‍ക്ക്‌ പ്രതികരണശേഷിയുള്ള നാടുകളില്‍ ബന്ദുരോഗത്തിന്‌ ഫലപ്രദമായ ചികിത്സ കണ്ടെത്തിയിട്ടുണ്ട്‌. ബന്ദ്‌ നിയമവിരുദ്ധമാണെന്ന്‌ കോടതി പ്രഖ്യാപിച്ചുകഴിഞ്ഞതാണ്‌. ഓരോ ബന്ദു നടക്കുമ്പോഴും ആസ്പത്രിയിലെത്തിക്കാന്‍ കഴിയാതെ ജീവന്‍ നഷ്ടപ്പെട്ടവരും വിമാനത്തിന്‌ സമയത്തിനെത്താന്‍ കഴിയാതെ ജോലിനഷ്ടപ്പെട്ടവരും പരീക്ഷയെഴുതാന്‍ കഴിയാതെ വര്‍ഷം നഷ്ടപ്പെട്ടവരുമെല്ലാം ധാരാളം കാണും. അത്തരക്കാര്‍ക്ക്‌ ഒരു ബന്ദിന്റെ നഷ്ടപരിഹാരമായി മഹാരാഷ്ട്ര കോടതിവിധിച്ച നഷ്ടപരിഹാരം എഴുപത്തഞ്ചു ലക്ഷം രൂപയാണ്‌. ബന്ദ്‌ പ്രഖ്യാപിച്ചവര്‍ കൊടുക്കണം തുക. കേരളത്തില്‍ ഈ വഴി ജനങ്ങള്‍ സ്വീകരിച്ചാല്‍ രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും കുത്തുപാളയെടുക്കും. ബന്ദ്‌ പോയ വഴിക്ക്‌ പുല്ലുമുളക്കില്ല. ഛേ, മോശം. നാമതൊന്നും ചെയ്യരുത്‌. ബന്ദുകളുടെ സ്വന്തം നാട്‌ ആയി കേരളത്തെ നിലനിര്‍ത്തുകതന്നെ വേണം. കാണാന്‍ ടുറിസ്റ്റുകള്‍ വിമാനം പിടിച്ചുവരാന്‍ അധികം വൈകില്ല.
*************************

Leave a Reply

Your email address will not be published. Required fields are marked *

Go Top