എല്ലാവരും നഗ്നരാണ്‌ സാര്‍

ഇന്ദ്രൻ

ഭ്രാന്തിനുള്ള ചികിത്സ കഴിഞ്ഞ്‌ മടങ്ങുമ്പോള്‍ ഒരാള്‍ തനിക്കിപ്പോള്‍ ഭ്രാന്തില്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ്‌ വേണമെന്ന്‌ ഡോക്‌റ്ററോട്‌ ആവശ്യപ്പെട്ടതായി കഥയുണ്ട്‌. ചികിത്സിച്ച്‌ രോഗം മാറ്റിയെന്ന്‌ രോഗിയെ ബോധ്യപ്പെടുത്തിയ ഡോക്‌റ്റര്‍ക്ക്‌ എങ്ങനെ അത്‌ കൊടുക്കാതിരിക്കാന്‍ കഴിയും ? സര്‍ട്ടിഫിക്കറ്റുമായി മടങ്ങിയ ആള്‍ നാട്ടില്‍ സകലരെയും വെല്ലുവിളിച്ചത്‌, ‘ എനിക്ക്‌ ഭ്രാന്തില്ലെന്നതിന്‌ തെളിവുണ്ട്‌, നിങ്ങള്‍ക്ക്‌ അങ്ങനെയൊരു തെളിവ്‌ ഹാജരാക്കാന്‍ കഴിയുമോ ? ‘ എന്നാണ്‌. ആര്‍ക്കുപറ്റും അങ്ങനെയൊരു തെളിവ്‌ ഹാജരാക്കാന്‍ !

ജനപ്രതിനിധി സഭയ്‌ക്ക്‌ കേന്ദ്രമന്ത്രിസഭയില്‍ വിശ്വാസമുണ്ടെന്ന്‌ തെളിയിക്കുന്നതിനുള്ള പ്രമേയം അംഗീകരിക്കപ്പെട്ടതിന്റെ ആഘോഷപ്രകടനങ്ങള്‍ കഥയിലെ രോഗിയെ ആണ്‌ ഓര്‍മിപ്പിക്കുന്നത്‌. ലോക്‌സഭയില്‍ തെളിഞ്ഞത്‌ വിശ്വാസമാണോ അവിശ്വാസമാണോ എന്ന്‌ തര്‍ക്കിക്കാന്‍ ആര്‍ക്കും കഴിയില്ല. വിശ്വാസമുണ്ടെന്ന്‌ തന്നെയാണ്‌ സര്‍ട്ടിഫിക്കറ്റില്‍ കാണുന്നത്‌.

ഭരിക്കുന്നരില്‍ പാര്‍ലമെന്റിന്‌ വിശ്വാസമുണ്ടെന്ന്‌ തെളിയിക്കുന്നതിനാണ്‌ വിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്‌. ഇങ്ങനെയൊരു അടിയന്തരാവസ്ഥയുണ്ടാകുമെന്ന്‌ ഭരണഘടനയുണ്ടാക്കിയവര്‍ക്ക്‌ ചിന്തിക്കാനേ കഴിഞ്ഞിരുന്നില്ല. മിക്ക രാജ്യങ്ങളിലും അവിശ്വാസം പ്രകടിപ്പിക്കാനാണ്‌ സഭയില്‍ പ്രതിപക്ഷം പ്രമേയമവതരിപ്പിക്കാറുള്ളത്‌. ജനാധിപത്യക്കളിയുടെ നിയമങ്ങളുണ്ടാക്കിയ ബ്രിട്ടനിലും ഇങ്ങനെയൊരു സംവിധാനമില്ല. ഒരിടത്തും ജനത്തിന്‌ വിശ്വാസമുണ്ടോ എന്ന്‌ അന്വേഷിച്ചറിയാന്‍ വ്യവസ്ഥയില്ലാത്തത്‌ ഭാഗ്യം. വിശ്വാസം രക്ഷിക്കട്ടെ എന്ന്‌ പറയാറുള്ളത്‌ ഇതിനെക്കുറിച്ചാണ്‌. ജനത്തിന്‌ വിശ്വാസമുണ്ടെന്ന വിശ്വാസമാണ്‌ എല്ലാ പാര്‍ട്ടികളെയും രക്ഷിക്കുന്നത്‌.

വിശ്വാസത്തിന്റെ റാങ്ക്‌ലിസ്റ്റില്‍ ഒന്നാം സ്ഥാനം കോണ്‍ഗ്രസ്സിന്‌ തന്നെ. ഒരു കക്ഷിയുടെ പിന്‍ബലംകൊണ്ട്‌ മാത്രം ഭൂരിപക്ഷം നേടിയ സര്‍ക്കാര്‍ ആ പിന്‍ബലം നഷ്ടപ്പെട്ടാല്‍ രാജിവെക്കുകയാണ്‌ വേണ്ടതെന്ന്‌ പണ്ടുകാലത്ത്‌ പറയുമായിരുന്നു. ഓരോ പഴയ വിശ്വാസങ്ങള്‍ എന്നുകണക്കാക്കിയാല്‍മതി. കക്ഷികളാണ്‌ ലോക്‌സഭയിലെ ഭൂരിപക്ഷവും ന്യൂനപക്ഷവും നിര്‍ണയിക്കുന്നത്‌. വ്യക്തികളല്ല. വ്യക്തിയാണോ കക്ഷിയാണോ എന്നുറപ്പില്ലാത്ത കുറെപ്പേരുള്ളതുകൊണ്ട്‌ സാങ്കേതികമായി വോട്ടെടുപ്പ്‌ നടത്തുന്നുവെന്നേ ഉള്ളു. യഥാര്‍ഥത്തില്‍ അതിന്റെ ആവശ്യമില്ല. കക്ഷികള്‍ കൊടുക്കുന്ന വിപ്പ്‌ നിയമാനുസൃതമാണെങ്കില്‍ കക്ഷികളുടെ അംഗസംഖ്യമാത്രം നോക്കി സര്‍ക്കാറിന്‌ ഭൂരിപക്ഷം ഉണ്ടോ എന്ന്‌ നിശ്ചയിക്കാവുന്നതേ ഉള്ളു. വിപ്പുലംഘിക്കുകയെന്നത്‌ സഭാംഗത്വം നഷ്ടപ്പെടുത്തുന്ന കുറ്റമാണ്‌. കുറ്റംചെയ്‌ത്‌ അംഗത്വം നഷ്ടപ്പെടാന്‍ പോകുന്നവരുടെ വോട്ട്‌ കൊണ്ടുനിലനില്‍ക്കുന്ന സര്‍ക്കാറാണ്‌ രാജ്യം ഭരിക്കുന്നത്‌. ഇതില്‍പരമൊരു ധാര്‍മികബലം ഇന്നാട്ടിലെ പൗരന്മാര്‍ക്ക്‌ ഇനി കിട്ടാനില്ല.

ബി.ജെ.പി.യിലെയും ചെറുകക്ഷികളിലെയും കുറെപ്പേര്‍ മന്‍മോഹന്‍സര്‍ക്കാര്‍ നിലനില്‍ക്കാന്‍ വോട്ട്‌ ചെയ്‌തത്‌ സര്‍ക്കാറിലുള്ള വിശ്വാസം കൊണ്ടാണ്‌ എന്ന്‌ മന്‍മോഹന്‍സിങ്ങോ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഏക ആദര്‍ശധീരന്‍ എ.കെ. ആന്റണിയോ പറയുകയാണെങ്കില്‍ നമ്മളാരും പിന്നെ ഒരക്ഷരം എതിര്‌ പറയരുത്‌. കാരണം, കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ സോണിയാജിയുടെ ഗുഡ്‌ സര്‍ട്ടിഫിക്കറ്റ്‌ ഉളള രണ്ട്‌ സത്യസന്ധര്‍ മന്‍മോഹന്‍ജിയും ആന്റണിജിയുമാണ്‌. പാര്‍ട്ടിയുടെ കേന്ദ്രസദാചാരകമ്മിറ്റിയുടെ സ്ഥിരം രക്ഷാകര്‍ത്താക്കളാണ്‌ ഇരുവരും. വിശ്വാസവോട്ടില്‍ പണം ഒരു പങ്കും വഹിച്ചിട്ടില്ലെന്നും ആരെയും ആരും വിലയ്‌ക്ക്‌ വാങ്ങിയിട്ടില്ലെന്നും രണ്ടുപേരും – തിളച്ച എണ്ണയില്‍ വിരല്‍മുക്കിയൊന്നും സത്യംചെയ്യണ്ട-സ്വന്തം നെഞ്ചത്ത്‌ കൈവെച്ച്‌ പറഞ്ഞാല്‍മതി. പിന്നെ കേസ്സില്ല.

രണ്ടുരക്ഷകരാണ്‌, പഴയ കഥയിലെന്ന പോലെ ലച്ചിപ്പോം എന്നുപറഞ്ഞ്‌ ചാടിവീണത്‌. മുലായംസിങ്ങ്‌ യാദവും അമര്‍സിങ്ങും. രണ്ടാഴ്‌ച മുമ്പുവരെ കോണ്‍ഗ്രസ്സിനും ബി.ജെ.പി.ക്കും എതിരെ മൂന്നാംമുന്നണിയുണ്ടാക്കാന്‍ പാഞ്ഞുനടക്കുകയായിരുന്നു രണ്ടും. ഇടതുമതേതര സഖ്യത്തിന്റെ തലതൊട്ടപ്പന്മാര്‍. ഗുരു ലോഹ്യയുടെ കാലംമുതല്‍ കറകളഞ്ഞ സോഷ്യലിസ്റ്റുകള്‍, കോണ്‍ഗ്രസ്‌ വിരുദ്ധര്‍…സോണിയാഗാന്ധി പ്രധാനമന്ത്രിയാകാതിരിക്കാന്‍ തങ്ങളെക്കൊണ്ടാകുന്നതെല്ലാം ചെയ്‌തവര്‍ പെട്ടന്നാണ്‌ മന്‍മോഹന്‍മന്ത്രിസഭയുടെ ഗുണം തിരിച്ചറിഞ്ഞത്‌. മന്‍മോഹന്‍വീണാല്‍ ഹിന്ദുവര്‍ഗീയക്കാര്‍ മുതലെടുക്കും. അതനുവദിച്ചുകൂടാ. നയാപൈസ കോഴയോ പഞ്ചായത്ത്‌ അംഗത്വമെങ്കിലുമോ പ്രതിഫലമായി ചോദിക്കാതെയാണ്‌ സമാജ്‌വാദികളും പ്രതികളും ഭരണപക്ഷത്തേക്ക്‌ മറിഞ്ഞത്‌. കളങ്കമില്ലാത്ത ദൈവപുത്രന്മാര്‍.

വ്യത്യസ്‌തമായ പാര്‍ട്ടിയാണ്‌ ആര്‍ഷഭാരതസംസ്‌കാരപാര്‍ട്ടി. ഗുരുദക്ഷിണ വാങ്ങിയും കൊടുത്തുമേ ശീലമുള്ളു. കോഴ എന്നുകേട്ടാല്‍ത്തന്നെ വാളെടുക്കും. പക്ഷേ പാര്‍ട്ടിയിലെ അഞ്ചുപത്തെണ്ണം മന്‍മോഹന്റെ സര്‍ക്കാറിനെതാങ്ങിനിര്‍ത്താന്‍ കോഴവാങ്ങിയെന്ന്‌ പാര്‍ട്ടിതന്നെ ഏറ്റുപറയുന്നു. അതില്‍ കുറച്ചെണ്ണത്തിന്‌ അത്യാര്‍ത്തിയായിരുന്നു. ഇരുപത്തഞ്ചുകോടിവാങ്ങി വിശ്വാസപ്രമേയത്തിന്‌ അനുകൂലമായി വോട്ട്‌ ചെയ്‌തു. ബാക്കി ചിലര്‍ ശുദ്ധസാത്വികരാണ്‌. ധര്‍മംവിട്ട്‌ കളിയില്ല. മൂന്നുകോടി വാങ്ങി സഭയില്‍നിന്ന്‌ മുങ്ങുക മാത്രമേ ചെയ്‌തുള്ളു.

കനലേറ്റ കനകം പോലെ തിളങ്ങും ഇടതുപക്ഷം എന്നായിരുന്നു ബൂര്‍ഷ്വാകള്‍ പോലും ധരിച്ചിരുന്നത്‌. ആണവക്കരാര്‍ നല്ലതോ ചീത്തയോ എന്നുനോക്കേണ്ട ബാധ്യതയൊന്നും കമ്യുണിസ്റ്റുകാര്‍ക്കില്ല. അമേരിക്കന്‍ സാമ്രാജ്യവാദികളുമായുള്ള കരാര്‍ ദോഷമേ ചെയ്യൂ. ഗുണംചെയ്‌തേക്കുമോ എന്ന സംശയംപോലും പാടില്ല. അമേരിക്ക ഇന്ത്യക്ക്‌ ഗുണമായി വല്ലതും ചെയ്യും എന്നുണ്ടെങ്കില്‍ കമ്യുണിസത്തിന്‌ പിന്നെയെന്തര്‍ഥം. അതുകൊണ്ടാണ്‌ ബാക്കിയുള്ളവര്‍ കരാറും വ്യവസ്ഥയും വണ്‍ ടു ത്രീയും ഹൈഡ്‌ ആക്‌റ്റുമൊക്കെത്തിരഞ്ഞുപോയപ്പോള്‍ ഒന്നും നോക്കാതെ കാരാട്ടും കൂട്ടാളികളും സര്‍ക്കാറിനുള്ള പിന്തുണ വലിച്ചത്‌.

യു.പി.എ ബന്ധം വിട്ട ഇടതുകാര്‍ ഡല്‍ഹിതെരുവില്‍ ഗതികിട്ടാപ്രേതങ്ങളായി അലയുമെന്നാണ്‌ ഭയപ്പെട്ടിരുന്നത്‌. അതുണ്ടായില്ല. കോണ്‍ഗ്രസ്സിന്റെയും ലാലുവിന്റെയും കരുണാനിധിയുടെയുമെല്ലാം കമ്പനി നഷ്ടപ്പെട്ടുവെങ്കിലെന്ത്‌ ? നല്ല തങ്കംപോലുള്ള ആദര്‍ശവാദികള്‍ക്കൊപ്പമാണ്‌ പുതിയ സഹവാസം. മായാവതിയാണ്‌ മുന്നില്‍. സര്‍വം മായ സര്‍വം മായം. കോണ്‍ഗ്രസ്‌, സമാജ്‌വാദി പാര്‍ട്ടി, ബി.ജെ.പി തുടങ്ങി ആരുമായും കൂട്ടുകൂടാന്‍ മടിച്ചിട്ടില്ല മായാവി. ഇടതുപക്ഷത്തിന്റെ ടെയ്‌സ്റ്റേ അറിയാന്‍ ബാക്കിയുണ്ടായിരുന്നുള്ളു. സമ്പാദിച്ച കോടികള്‍ എവിടെയാണ്‌ സൂക്ഷിക്കേണ്ടതെന്ന്‌ അറിയാത്ത പ്രശ്‌നമുണ്ടായിരുന്നുൂ. കുറച്ചുകോടികള്‍ മൂന്നാംബദല്‍ ശക്തിപ്പെടുത്താനും ഉപയോഗിക്കാം. അഞ്ചുകൊല്ലം ബി.ജെ.പി മന്ത്രിസഭയെ കേന്ദ്രത്തില്‍ നിലനിറുത്താന്‍ ത്യാഗംചെയ്‌ത ചന്ദ്രബാബുനായഡു കാരാട്ടിന്റെ അമേരിക്കാവിരുദ്ധമുന്നണിയില്‍ നെഞ്ചുവിരിച്ചുനില്‍ക്കുന്നത്‌ കാണുമ്പോള്‍ ഏത്‌ ഇടതുപക്ഷക്കാരനാണ്‌ രോമാഞ്ചമുണ്ടാകാതിരിക്കുക. ആന്ധ്രമുഖ്യമന്ത്രിയായുന്ന കാലത്ത്‌ ബില്‍ ക്ലിന്റണുമായായിരുന്ന നായഡുവിന്റെ കൂട്ടുകെട്ട്‌. ക്ലിന്റനായാലും കാരാട്ടായാലും നായഡുവിന്‌ ഭേദമില്ല. ഇനി മതേതര രത്‌നം ജയലളിതയെക്കുടി കൂട്ടിയാല്‍ ലക്ഷണമൊത്ത ആദര്‍ശമുന്നണിയാകും.

കോണ്‍ഗ്രസ്‌ ബ്രോക്കര്‍മാരും അമര്‍സിങ്ങും കോടികള്‍ ചെലവിട്ടിട്ടും വലയില്‍വീഴ്‌ത്താന്‍ കഴിഞ്ഞത്‌ ബി.ജെ.പി.യുടെയും ശിവസേനയുടെയും മറ്റും നെത്തലുകളെയും ചൂടകളെയും പരളുകളെയും മാത്രമാണ്‌. നയാപൈസ ചെലവാക്കാതെ സി.പി.എമ്മില്‍നിന്ന്‌ ഭരണവര്‍ഗ സാമ്രാജ്യത്വവാദി ബൂര്‍ഷ്വാ പിന്തിരിപ്പന്‍ കൂട്ടുകെട്ടിന്‌ കിട്ടിയത്‌ വലിയൊരു തിമിംഗലത്തിനെയാണ്‌. അറുപത്തൊന്നുകൊല്ലത്തിനിടയില്‍ കോണ്‍ഗ്രസ്സിന്റെ ചൂണ്ടയില്‍ ഇത്രയും വലുതൊന്നുകൊത്തിയിട്ടില്ല. നാല്‌പതുകൊല്ലം പാര്‍ട്ടിയുടെ തലപ്പത്തുണ്ടായിരുന്ന ആളാണ്‌ മറുകണ്ടം ചാടിയത്‌. ഇതിലും വലിയ ചാട്ടം കമ്യുണിസ ചരിത്രത്തിലുണ്ടോ എന്ന്‌ അന്വേഷിക്കുന്നുണ്ട്‌ എ.കെ.ജി സെന്ററിലെ ആസ്ഥാന ചരിത്രകാരന്മാര്‍. ഗോര്‍ബച്ചേവോ മറ്റോ കാണുമായിരിക്കും. സോമനാഥ്‌ ചാറ്റര്‍ജിയെപ്പോലൊരാളെ ഇത്തരമൊരു ഘട്ടത്തില്‍ കൂടെ നിര്‍ത്താന്‍ കഴിയാത്ത നേതൃത്വത്തിന്‌ വിപ്ലവമോ മറ്റോ വന്നാല്‍ ആരെയെങ്കിലും കൂടെനിര്‍ത്താന്‍ കഴിയുമോ എന്ന്‌ സി.പി.ഐ.ക്കാര്‍ സ്വകാര്യമായി ചോദിക്കുന്നുണ്ട്‌.

അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്നുപറഞ്ഞതുപോലെ വിശ്വാസവോട്ടെടുപ്പിനിടയില്‍ ഉടുതുണി നഷ്ടപ്പെടാത്തവരായി ആരും ബാക്കിയില്ല. പഴയ കഥയിലെകുട്ടി രാജാവ്‌ നഗ്നനാണ്‌ എന്നേ പറഞ്ഞിട്ടുള്ളു. ഇവിടെയിപ്പോള്‍ സകലരും നഗ്നരാണ്‌. അതുകൊണ്ടാര്‍ക്കും നാണം വേണ്ട.

******

രാജ്യത്തിന്റെ ഭരണഘടനയും പാര്‍ട്ടി ഭരണഘടനയും കലക്കിക്കുടിച്ചതിന്റെ ഫലമായാകണം സോമനാഥ്‌ ചാറ്റര്‍ജിക്ക്‌ രണ്ടും വേര്‍തിരിച്ചറിയാന്‍ കഴിയാതെപോയത്‌. ആവശ്യത്തിലേറെ അറിവുള്ള ആളുകളെ ഓരോ സ്ഥാനത്ത്‌ കയറ്റിയിരുത്തും മുമ്പ്‌ പാര്‍ട്ടി ഇനിയെങ്കിലും രണ്ടു വട്ടം ആലോചിക്കുമായിരിക്കും.

സ്‌പീക്കര്‍ പാര്‍ട്ടിക്കതീതനാണ്‌ എന്നാണ്‌ സോമനാഥ്‌ പറഞ്ഞത്‌. അത്‌ സ്‌പീക്കറു ടെ ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍ മാത്രമാണ്‌. സ്‌പീക്കറുടെ ചുമതലയെങ്ങനെ നിര്‍വഹിക്കണം എന്നുപാര്‍ട്ടി പറയേണ്ട കാര്യമില്ല, പറഞ്ഞാല്‍ സ്‌പീക്കര്‍ അനുസരിക്കേണ്ട കാര്യവുമില്ല. എന്നാല്‍ സോമനാഥ്‌ സ്‌പീക്കറായിരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്‌ പാര്‍ട്ടി തന്നെയാണ്‌. കാരണം സ്‌പീക്കര്‍ ആയ ശേഷവും സോമനാഥ്‌ പാര്‍ട്ടി അംഗമായി തുടര്‍ന്നിരുന്നു.

കാലുമാറുന്ന അംഗങ്ങളെ അയോഗ്യരാക്കാന്‍ ചുമതലയുള്ള സ്‌പീക്കര്‍ തന്നെ കാലുമാറിയിരിക്കുന്നു എന്നതാണ്‌ ഫലം. സ്‌പീക്കര്‍ കാലുമാറുന്ന അവസ്ഥ നിയമ നിര്‍മാതാക്കള്‍ സങ്കല്‍പ്പിക്കാതിരുന്നത്‌ ഭാഗ്യം. എന്തായാലും സോമനാഥ്‌ കാരണം കോണ്‍ഗ്രസ്സിനും അമര്‍സിങ്ങിനും എത്ര കോടി രൂപയാണ്‌ ലാഭമുണ്ടായതെന്ന്‌ ഊഹിക്കാനേ കഴിയൂ. സോമനാഥ്‌ രാജിവെച്ചിരുന്നെങ്കില്‍ സ്‌പീക്കര്‍സ്ഥാനത്തേക്ക്‌ മത്സരമുണ്ടാകുമായിരുന്നു. യു.പി.എ സ്ഥാനാര്‍ഥി തോറ്റിരുന്നെങ്കില്‍ വിശ്വാസവോട്ടില്‍ തോറ്റ ഫലംതന്നെയാകുമായിരുന്നു. ജയിക്കാന്‍ എത്ര സൂട്ട്‌കെയ്‌സ്‌ കൈമാറേണ്ടിവരുമായിരുന്നു ?

Leave a Reply

Your email address will not be published. Required fields are marked *

Go Top