ലീഗിന്റെ ആശങ്കകള്‍

ഇന്ദ്രൻ

അഖിലേന്ത്യാ പ്രസിഡന്റ്‌ സംസ്ഥാനപ്രസിഡന്റിനെക്കണ്ടാല്‍ എഴുന്നേറ്റുനിന്ന്‌ മുണ്ടിന്റെ മടക്കിക്കുത്ത്‌ അഴിച്ചിടുന്ന ഏകപാര്‍ട്ടിയാണ്‌ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്‌. ചിലപ്പോഴെല്ലാം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റുമാര്‍ ആ നടപടിക്രമം മറന്നുപോകാറുണ്ടെന്ന്‌ മാത്രം. സംസ്ഥാനനേതൃത്വത്തിലുള്ള സകലരും വിശാലമനസ്‌കരായതിനാല്‍ ഒന്നുരണ്ടുവട്ടമൊക്കെ ആ മറവി സഹിക്കും. ക്ഷമയ്‌ക്കുമുണ്ടല്ലോ പരിധി. അറിവില്ലായ്‌മ ആവര്‍ത്തിച്ചാല്‍ ആളുടെ കിടപ്പ്‌ പാര്‍ട്ടിക്ക്‌ പുറത്താവും. വേറെ ശിക്ഷയൊന്നുമില്ല.

ഒരു തരത്തില്‍ നോക്കിയാല്‍ ജി.എം.ബനാത്ത്‌വാല ഭാഗ്യവാനാണ്‌. പഴയ പ്രസിഡന്റ്‌ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്‌ അവസാനകാലത്ത്‌ കിട്ടിയ ശിക്ഷ ബനാത്ത്‌വാലയ്‌ക്കു വാങ്ങേണ്ടിവന്നില്ല. ബാബ്‌റി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ കേരളമന്ത്രിസഭയില്‍ നിന്നും മുന്നണിയില്‍നിന്നും ഒഴിയണമെന്നായിരുന്നു സേട്ടിന്റെ നിലപാട്‌. വേണ്ടെന്ന്‌ സംസ്ഥാനലീഗും തീരുമാനിച്ചു. സേട്ട്‌ ഒടക്കിനിന്നു. സംസ്ഥാനനേതൃത്വത്തിന്‌ വഴങ്ങാത്ത അഖിലേന്ത്യാനേതൃത്വമോ, എങ്കില്‍ കടക്കിന്‍ പുറത്ത്‌ എന്നായി സംസ്ഥാനലീഗ്‌. സേട്ടുസാഹിബ്‌ അങ്ങനെ പുറത്തായി. പിന്നെ അകത്തായതേ ഇല്ല.
ബനാത്ത്‌വാലയ്‌ക്കും ഇതേ തെറ്റിദ്ധാരണയുണ്ടായി. കേന്ദ്രനയം തീരുമാനിക്കേണ്ടത്‌ അഖിലേന്ത്യാനേതൃത്വമാണെന്ന്‌ അദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നു. വേറെ അനിസ്‌ലാമിക ശൈത്താന്‍ പാര്‍ട്ടികളില്‍ അതാണ്‌ രീതിയെന്നുവെച്ച്‌ ലീഗ്‌ അതു പിന്തുടരേണ്ടതില്ലല്ലോ. അഖിലേന്ത്യന്‍ പ്രശ്‌നവും ആഗോളപ്രശ്‌നവുമൊക്കെ തീരുമാനിക്കാന്‍ കഴിയുന്ന നേതൃത്വം കൊടപ്പനക്കലുണ്ട്‌. അത്യാവശ്യം വല്ല ഉപദേശവും കൊടുക്കണമെങ്കില്‍ അത്‌ കൊടുക്കാനുള്ള ആളും സമീപത്ത്‌ തന്നെയുണ്ട്‌. അഖിലേന്ത്യാപ്രസിഡന്റ്‌ ബേജാറാകേണ്ട കാര്യമൊന്നുമില്ല.
കേന്ദ്രം ആണവക്കരാറില്‍ ഒപ്പിടുകയാണെങ്കില്‍ ലീഗ്‌ പ്രതിനിധി കേന്ദ്രമന്ത്രിസഭയില്‍ നിന്ന്‌്‌ രാജിവെക്കണമെന്ന്‌ ബനാത്ത്‌വാല കുറിപ്പെഴുതിവെച്ചിരുന്നുവത്രെ. അദ്ദേഹം അന്തരിച്ചതിന്‌ ശേഷമാണ്‌ ചില ദുഷ്‌ടന്മാര്‍ ആ രേഖയെടുത്ത്‌ പരസ്യപ്പെടുത്തിക്കളഞ്ഞത്‌. നേരത്തെയായിരുന്നെങ്കില്‍ അങ്ങേരെക്കൊണ്ടുതന്നെ അത്‌ നിഷേധിപ്പിക്കാമായിരുന്നു. ഇനിയത്‌ സാധിക്കില്ല. അല്ലെങ്കിലും ഇങ്ങനെ ചില തെറ്റായ പ്രവണതകള്‍ മുംബൈയിലും ഡല്‍ഹിയിലും ജീവിക്കുന്ന നേതാക്കള്‍ക്ക്‌ ഉണ്ടാകാറുണ്ട്‌. വിശാലസാഗരങ്ങളല്ലേ ആ നഗരങ്ങള്‍. അവര്‍ക്ക്‌ ബാബ്‌റി മസ്‌ജിദും ആണവക്കരാറും ഇറാഖും അഫ്‌ഗാനിസ്‌താനുമൊക്കെയാണ്‌ വലിയസംഗതികള്‍. നമ്മുടെ മലപ്പുറം കേരള കിണറ്റിലെ കാര്യത്തെക്കുറിച്ച്‌ ഒരു ചിന്തയും അവര്‍ക്കുണ്ടാകാറില്ല. നമുക്ക്‌ നമ്മുടെ ലോകമല്ലേ വലുത്‌ ? പൊട്ടക്കിണറും ശാന്തസമുദ്രമാണെന്നാണ്‌ അവരുടെ വിചാരം.

ദുര്‍ന്നടപ്പ്‌ അവസാനിപ്പിക്കാന്‍ ബനാത്ത്‌വാലയ്‌ക്ക്‌ നേരത്തെതന്നെ അന്ത്യശാസനം നല്‍കിയിരുന്നതാണ്‌. കേരളത്തില്‍ നിന്ന്‌ പോയാണല്ലോ അദ്ദേഹം പാര്‍ലമെന്റില്‍ സിംഹഗര്‍ജനം നടത്താറുള്ളത്‌. ഇവിടെയൊരു ചാവടിയന്തരത്തിന്‌ പോലും വരാത്തവാലയായ അദ്ദേഹത്തെ പാര്‍ലമെന്റിലേക്ക്‌ സ്ഥിരമായി അയയ്‌ക്കുകയായിരുന്നു. അത്‌ അദ്ദേഹം മറന്നുപോയി. ഗര്‍ജനം അത്രയൊക്കെ മതി, ഇനി കെ.പി.എ. മജീദ്‌ പോയൊന്ന്‌ മന്ത്രിച്ചുനോക്കട്ടെ എന്ന്‌ പാര്‍ട്ടി ആലോചിച്ചത്‌ ആ സാഹചര്യത്തിലാണ്‌. സംഗതി നടന്നില്ലെന്നതുവേറെ കാര്യം.
പിന്നീട്‌ രാജ്യസഭാസീറ്റ്‌ കൊടുക്കാം എന്ന്‌ ബനാത്ത്‌വാലയെ സമാധാനിപ്പിച്ചിരുന്നെങ്കിലും സമയമായപ്പോള്‍ ലോകപ്രശസ്‌ത പ്രവാസി പാര്‍ലമെന്‍േററിയന്‍ സീറ്റ്‌ ചോദിച്ചുവന്നു. പിന്നെയെങ്ങനെയാണ്‌ അഖിലേന്ത്യാപ്രസിഡന്റിന്‌ സീറ്റ്‌ കൊടുക്കുക ! സമദാനിയെ രാജിവെപ്പിച്ച്‌ കൊടുക്കുമെന്നായി പിന്നെ വാഗ്‌ദാനം. അതും നടന്നില്ല. ഇനി സീറ്റും വേണ്ട വാഗ്‌ദാനവും വേണ്ടെന്ന്‌ അദ്ദേഹം പറഞ്ഞുകാണണം. എന്തായാലും, പടച്ചോന്‍ സഹായിച്ച്‌ കൂടുതല്‍ ക്ലേശിക്കാനൊന്നും ഇടവന്നില്ല.
ആണവക്കരാര്‍ പ്രശ്‌നത്തില്‍ പാര്‍ട്ടി നിലപാടെടുക്കുന്നില്ലെന്നതാണ്‌ പരാതി. പാര്‍ട്ടിക്ക്‌ നിലപാടുണ്ട്‌. അതെന്താണ്‌ എന്നുമാത്രം ചോദിക്കരുത്‌. നിലപാട്‌ വളരെ വ്യക്തമാണെന്ന്‌ സംസ്ഥാനസെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്‌്‌. അഖിലേന്ത്യന്മാര്‍ക്കും നാട്ടുകാരില്‍ ചിലര്‍ക്കും അത്‌ മനസ്സിലാകാത്തത്‌ ലീഗിന്റെ കുറ്റമല്ല. പാര്‍ട്ടിക്ക്‌ ആണവക്കരാറിനെക്കുറിച്ച്‌ ചില ആശങ്കകളുണ്ട്‌. ആശങ്കകള്‍ സോണിയാജി, മന്‍മോഹന്‍ജി എന്നിവരുമായി പങ്കുവെച്ചിട്ടുണ്ട്‌. വേണ്ടിവന്നാല്‍ ജോര്‍ജ്‌ ബുഷുമായും പങ്കുവെക്കും. എന്തെല്ലാമാണ്‌ ആശങ്കകളെന്ന്‌ നാട്ടുകാരോട്‌ പറയാന്‍ സമയമായിട്ടില്ല. വിശ്വാസവോട്ട്‌ ചര്‍ച്ചയോടെതന്നെ കുറെ ആശങ്കകള്‍ നീങ്ങി.
ചര്‍ച്ച മുഴുവന്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കാന്‍ വേണ്ടിയാണ്‌ നമ്മുടെ പാര്‍ട്ടി ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത്‌. ഒമര്‍ അബ്ദുല്ലയും ഓവൈസിയും കൃത്യംകൃത്യമായി കാര്യങ്ങള്‍ പറഞ്ഞില്ലേ ? ഇനി ആശങ്ക അധികമൊന്നും ബാക്കിയില്ല. അഹ്‌മദ്‌ രാജിവെക്കുന്നത്‌ മതേതരത്വത്തിന്‌ ഹാനികരമാണ്‌. അഥവാ അഹ്‌മദ്‌ രാജിവെക്കണമെന്നുണ്ടെങ്കില്‍ അതിന്‌ ഇനിയും സമയമുണ്ട്‌. ലോക്‌സഭയുടെ കാലാവധി കഴിയുന്നതിന്‌ ഒരാഴ്‌ചയോ ഒരു മാസംതന്നെയോ മുമ്പ്‌ വേണമെങ്കില്‍ രാജിവെക്കാം. യഥാര്‍ഥത്തില്‍ അതിന്റെ ആവശ്യവുമില്ല. കരാര്‍ നടപ്പാക്കിയാലല്ലേ ആശങ്കയില്‍ കാര്യമുണ്ടോ എന്നറിയൂ. അതിന്‌ അഞ്ചുവര്‍ഷമെങ്കിലുമെടുക്കും. രാജി അപ്പോള്‍ മതിയാകും.

എന്തായാലും ഇനി അഖിലേന്ത്യാനേതൃത്വമാണെന്ന വീമ്പിളക്കിയാരും സംസ്ഥാനക്കമ്മിറ്റിയെ പേടിപ്പിക്കാന്‍ വരില്ലെന്ന്‌ ഉറപ്പായിട്ടുണ്ട്‌. പാര്‍ട്ടിക്കിപ്പോള്‍ അഖിലേന്ത്യാ നേതൃത്വമില്ലെന്നതുതന്നെ കാരണം. തമിഴ്‌നാട്ടുകാരന്‍ വൈസ്‌ പ്രസിഡന്റ്‌ ഖാദര്‍മൊയ്‌തീന്‌ ആണ്‌ പ്രസിഡന്റിന്റെ ചാര്‍ജ്‌.
ഖാദര്‍ മൊയ്‌തീന്‍ ഒരു അപൂര്‍വപ്രതിഭാസമാണ്‌. ഉദയസൂര്യന്‍ ചിഹ്നത്തില്‍ ജയിച്ച അദ്ദേഹം പാര്‍ലമെന്റില്‍ ഡി.എം.കെ. അംഗമാണ്‌, പുറത്ത്‌ അദ്ദേഹം മുസ്‌ലിംലീഗ്‌ പ്രസിഡന്റാണ്‌. വേറെയേതെങ്കിലും പാര്‍ട്ടിയില്‍പറ്റുമോ ഈ ദ്വയാംഗത്വം ? ഫലത്തില്‍ ഇ.അഹ്‌മദ്‌ അഹ്‌മദിന്റെ വഴിക്കും ആണവക്കരാര്‍ അതിന്റെ വഴിക്കും പോകും എന്നര്‍ഥം. ആര്‍ക്കും ആശങ്ക വേണ്ട.

ഇന്ത്യയിലെവിടെ ബോംബ്‌ പൊട്ടിയാലും മറിച്ച്‌ തെളിയിക്കപ്പെടുന്നില്ലെങ്കില്‍ അതിന്‌ പിന്നില്‍ ഒന്നുകില്‍ പാകിസ്‌താനാണ്‌, അല്ലെങ്കില്‍ സദേശി ഇസ്‌ലാമികഭീകരരാണ്‌, ചിലപ്പോള്‍ രണ്ടുംചേര്‍ന്നാണ്‌. ഇതിവിടെ ഉറച്ചുകഴിഞ്ഞ വിശ്വാസമാണ്‌. മറിച്ചൊരു അഭിപ്രായം സംഘപരിവാറില്‍ നിന്നുണ്ടാകുമെന്നാരും കരുതിയതല്ല.
ബംഗളുരുവിലും അഹ്‌മദാബാദിലും നടന്ന സ്‌ഫോടനങ്ങള്‍ക്ക്‌ പിന്നില്‍ കേന്ദ്രം ഭരിക്കുന്ന യു.പി.എ. ആണെന്ന്‌ പറഞ്ഞത്‌ സംഘപരിവാറിന്റെ തിളക്കമുള്ള മഹിളാമണി സുഷമാസ്വരാജാണ്‌. എന്തിനാണ്‌ ബോംബ്‌ പൊട്ടിച്ചതെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. വിശ്വാസവോട്ടെടുപ്പിനിടയില്‍ ഉണ്ടായ കോഴ ആരോപണത്തില്‍ നിന്ന്‌ ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍വേണ്ടിയാണ്‌ കേന്ദ്രസര്‍ക്കാര്‍ ഈ കടുംകൈ ചെയ്‌തത്‌.
പടച്ചോനേ എന്താണിത്‌ കേള്‍ക്കുന്നത്‌. രാജ്യം ഭരിക്കുന്നവര്‍ ചില്ലറ രാഷ്ട്രീയനേട്ടത്തിന്‌ വേണ്ടി ജനത്തിനെ കൊല്ലാറുണ്ടെന്നോ. വായില്‍ വരുന്നതെല്ലാം പാടുന്ന കോതയല്ല സുഷമാസ്വരാജ്‌. രാജ്യസഭയിലെ പ്രതിപക്ഷ ഉപനേതാവാണ്‌. അഞ്ചുവര്‍ഷം കേന്ദ്രമന്ത്രിയായിരുന്നു. സുഷമ പറഞ്ഞത്‌ സ്വന്തം അഭിപ്രായം മാത്രമാണെന്ന്‌ പറഞ്ഞ്‌ ബി.ജെ.പി. തടിയൂരാന്‍ നോക്കുന്നുണ്ട്‌. അതുകൊണ്ട്‌ കാര്യമുണ്ടെന്നു തോന്നുന്നില്ല.
സുഷമ പറഞ്ഞതില്‍നിന്ന്‌ പൊതുജനമെന്ന കഴുത ചിലതെല്ലാം ഊഹിക്കുകയാണ്‌. എല്ലാ സ്‌ഫോടനത്തിന്‌ പിന്നിലും മതഭീകരരാകണമെന്നില്ല. ചിലതെല്ലാം രാഷ്ട്രീയ ഭീകരരുടെ സൃഷ്‌ടിയാവാം. ഒരു പ്രശ്‌നത്തില്‍ നിന്ന്‌ ശ്രദ്ധ മാറ്റാന്‍ ബോംബ്‌ പൊട്ടിച്ച്‌ നിരപരാധികളെക്കൊല്ലുന്ന ഏര്‍പ്പാട്‌ ഇന്ത്യാരാജ്യത്തുണ്ട്‌. യു.പി.എ. സര്‍ക്കാറിന്റെ കാലത്ത്‌ അങ്ങനെ നടക്കുന്നുണ്ട്‌ എന്ന്‌ തോന്നാനുള്ള അറിവ്‌ എന്‍.ഡി.എ.യുടെ കേന്ദ്രമന്ത്രിയായിരുന്ന കാലത്താണോ സുഷമാജിക്ക്‌്‌ ഉണ്ടായത്‌ ? ആര്‍ക്കറിയാം. അക്കാലത്തും ബോംബുകള്‍ കുറെ പൊട്ടിയതാണല്ലോ. മതഭീകരര്‍ പൊട്ടിച്ചത്‌ ഏതെല്ലാം, രാഷ്ട്രീയ ഭീകരര്‍ പൊട്ടിച്ചത്‌ ഏതെല്ലാം എന്ന്‌ എന്നെങ്കിലും സുഷമാജി തന്നെ തുറന്നുപറയുമായിരിക്കും. നമുക്ക്‌്‌ കാത്തിരിക്കാനേ പറ്റൂ.

മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്‌ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. കയറിന്റെ ഒരറ്റത്ത്‌ ഒരു പശുവുണ്ടെന്ന്‌ പറഞ്ഞതുപോലെ, മദ്രസ്സ അധ്യാപകര്‍ക്ക്‌ പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്ന തീരുമാനം വാര്‍ത്തയുടെ അറ്റത്തുണ്ട്‌. സച്ചാര്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്ക്‌ അനുസൃതമായാണ്‌ കുട്ടികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ ഏര്‍പ്പെടുത്തുന്നത്‌. വളരെ നല്ല കാര്യം. മതം പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക്‌ പെന്‍ഷനും ക്ഷേമനിധിയും ഏര്‍പ്പെടുത്താനുള്ള തീരുമാനവും സച്ചാര്‍ കമ്മീഷന്റെ ശുപാര്‍ശയാണോ ? എന്നുസര്‍ക്കാര്‍ പറഞ്ഞിട്ടില്ല. സച്ചാര്‍ കമ്മീഷന്‍ അങ്ങനെയൊരു ശുപാര്‍ശ നല്‌കിയിട്ടുമില്ല. സച്ചാറിനെ മാത്രം നോക്കിയാല്‍ സംഗതി നടക്കില്ല. സച്ചാറിനേക്കാള്‍ വലിയ കമ്മീഷനാണ്‌ പാലൊളികമ്മീഷന്‍. മദ്രസ അധ്യാപകരുടെ രക്ഷയ്‌ക്കെത്തിയത്‌ പാലോളിയാവണം. സ്വാഭാവികമായും സച്ചാറിന്‌ പാലോളിയോളം വിവരമുണ്ടാകാന്‍ വഴിയില്ല. മതമില്ലാത്ത ജീവനും വേറെ കുറെ ഗുലുമാലുകളും ചേര്‍ന്ന്‌ മുന്നണിയുടെ വോട്ട്‌ ബാങ്ക്‌ പാപ്പരാക്കിക്കൊണ്ടിരിക്കുകയാണ്‌. മതത്തിന്റെ ജീവനേക്കാള്‍ പ്രധാനമിപ്പോള്‍ മുന്നണിയുടെ ജീവനാണ്‌. മതം പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക്‌ പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നതും മതേതരത്വം തന്നെ. മദ്രസ വിദ്യാഭ്യാസത്തിനല്ല, മുഖ്യധാരാ വിദ്യാഭ്യാസത്തിനാണ്‌ ഊന്നല്‍ നല്‍കേണ്ടതെന്ന്‌ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌ സച്ചാര്‍. സച്ചാര്‍ എന്തും പറയട്ടെ സര്‍ക്കാറിന്റെ നിലനില്‍പ്പാണ്‌ പ്രധാനം

Leave a Reply

Your email address will not be published. Required fields are marked *

Go Top