ഏഴാം ക്ലാസ്സിലെ പാഠം പഠിച്ചാല്‍ വിദ്യാര്‍ഥികള്‍ വഴിപിഴച്ചുപോകുമെന്നാണ് വിഷയത്തില്‍ അറിവുള്ളവര്‍ പറയുന്നത്. ജീവന്‍പോയാലും അത് അനുവദിച്ചുകൂടാ. വഴിപിഴയ്‌ക്കുക എന്നതിന് അര്‍ഥം ഒന്നേ ഉള്ളൂ. കുട്ടികള്‍ മതമില്ലാത്തവരായിപ്പോകും. മതമാണ് സകലനന്മകളുടെയും ആധാരകേന്ദ്രം. മതമില്ലാത്ത മനുഷ്യന്‍ മൃഗതുല്യന്‍ എന്നുവരെ മതമേലധ്യക്ഷന്മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആ മഹാവിപത്തില്‍നിന്ന് മാനവരാശിയെ രക്ഷിക്കുന്നതിനാണ്, വിശ്വാസികളുടെ സംഘടനകള്‍ കേരളത്തില്‍ കുറെ ദിവസമായി കൊടും സമരം നടത്തിവരുന്നത്. യു.ഡി.എഫിനെ മൊത്തത്തില്‍ എടുത്തുകൂടാ. നിരീശ്വരത്വത്തിന്റെ അംശങ്ങള്‍ ബാക്കിയുള്ള ചില കൂട്ടര്‍ അതില്‍ ഇപ്പോഴുമുണ്ട്. എം.വി.രാഘവന്‍ ഇപ്പോഴും ഗുരുവായൂരില്‍പോയിത്തുടങ്ങിയിട്ടില്ല. കെ.ആര്‍.ഗൗരിയമ്മ വല്ലപ്പോഴുംപോയി തുലാഭാരം തൂക്കാറുണ്ടെങ്കിലും മിശ്രവിവാഹത്തെത്തള്ളിപ്പറയില്ല. ബാക്കി യു.ഡി.എഫ്. ഒറ്റക്കെട്ടായി മതവിശ്വാസിപക്ഷത്താണ്. മതേതരസര്‍ക്കാറിന്റെ സ്‌കൂളില്‍പോകുന്നതിന് മുമ്പ് മദ്രസ്സ വകയും ചര്‍ച്ച് വകയും ആധ്യാത്മികകേന്ദ്രംവകയുമുള്ള മൂല്യബോധനത്തില്‍ പങ്കെടുത്തവര്‍ മാത്രമാണ് യു.ഡി.എഫിന്റെയും സഭകളുടെയും സംഘപരിവാറിന്റെയും സമരങ്ങളില്‍ പങ്കെടുക്കുന്നത്. വഴിപിഴച്ച ആരും അക്കൂട്ടത്തിലില്ല എന്നര്‍ഥം.
അതുകൊണ്ട് മതാനുശാസനകള്‍ക്ക് വിധേയമായേ സമരം നടത്താറുള്ളൂ. വെളുക്കുമ്പോള്‍ ഉണര്‍ന്ന് വെള്ളമുണ്ടെടുത്ത് വിശ്വാസത്തിനനുസരിച്ച് ദൈവത്തെ വണങ്ങി പുറപ്പെടുകയായി സമരത്തിന്. വഴിനീളെയുള്ള സര്‍വ ആരാധനാലയങ്ങളെയും വണങ്ങും. മതവിശ്വാസികള്‍ മാത്രമല്ല ഭരണഘടനയനുസരിച്ചുള്ള മതേതരവിശ്വാസികള്‍ കൂടിയാണല്ലോ എല്ലാവരും. ജാഥയില്‍ എം.എ.ബേബിയെ തെറിവിളിക്കുകയൊന്നുമില്ല. ദൈവവചനങ്ങള്‍, സ്‌തോത്രങ്ങള്‍, വേദപുസ്‌തകസൂക്തങ്ങള്‍, ഈശ്വര ഹള്ള തേരേ നാം സബ്‌കോ സമ്മതി ദേ ഭഗവാന്‍ തുടങ്ങിയവയാണ് ആലപിക്കാറ്. ബസ്സിന് കല്ലെറിയുക, പോലീസുകാരെ വെറുതെചെന്ന് ഇടിക്കുക, ചാനല്‍ക്യാമറക്കാര്‍ക്ക് വേണ്ടി വഴിയില്‍ക്കാണുന്നതെല്ലാം തല്ലിത്തകര്‍ക്കുക തുടങ്ങിയ കുത്സിതവൃത്തികളൊന്നും ചെയ്യുകയില്ല. അതെല്ലാം ഏഴാംതരം പാഠംപോലുള്ള ദൈവനിഷേധങ്ങള്‍ പഠിച്ച വഴിപിഴച്ച സന്തതികള്‍ക്കും നിരീശ്വരര്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും പറഞ്ഞിട്ടുള്ളതാണ്. ഞങ്ങള്‍ വിശ്വാസികള്‍, മൂല്യബോധമുള്ളവര്‍, നേരേവാ നേരേപോ മട്ടുകാര്‍, ഇടതുചെകിട്ടത്ത് അടികിട്ടിയാല്‍ വലതുചെകിട്‌കൂടി കാട്ടിക്കൊടുക്കുന്നവര്‍.
വിശ്വാസികളുടെ മനംനൊന്ത പ്രാര്‍ഥന ഏതുകഠിനഹൃദയനെയാണ് ഇളക്കാതിരിക്കുക. കൊടുംപാപിയും ദൈവനിഷേധിയുമായ എം.എ.ബേബിയുടെ പോലും മനമിളകി. ഏഴാംതരം പാഠത്തില്‍ യുക്തിയുടെ ഡോസ് കുറയ്‌ക്കാനും ഭക്തിയുടേത് കൂട്ടാനും ഉത്തരവായിട്ടുണ്ട്. ഒരു വിധപ്പെട്ട ദൈവവിശ്വാസികളെല്ലാം തൃപ്‌തരായെങ്കിലും യൂത്ത് ലീഗ്-യൂത്ത് കോണ്‍ഗ്രസ്സാദി വിശ്വാസികള്‍ വഴങ്ങിയില്ല. അവരാണല്ലോ യഥാര്‍ഥ ദൈവസന്തതികള്‍. അവര്‍ രണ്ടാംഘട്ടത്തിലേക്ക് കടന്നിട്ട് കുറച്ചുദിവസമായി. പാട്ടിന്റെ മട്ടുമാറിയിരിക്കുന്നു. ഒന്നാം ഘട്ടത്തില്‍ സ്‌കൂള്‍ പാഠപുസ്‌തകങ്ങള്‍ ലോറിയില്‍നിന്നിറക്കി തീകൊളുത്തിയിട്ടേ ഉള്ളൂ. ഒട്ടും അധാര്‍മികമല്ല അത്. അഗ്‌നനിദേവന് സമര്‍പ്പിക്കുകയായിരുന്നു ഇഷ്‌ടസാധനങ്ങള്‍ തീര്‍ത്തും മതേതരം. ക്ലസ്റ്റര്‍ മീറ്റിങ്ങിന് വന്ന ഗുരുവന്ദ്യന്റെ നെഞ്ചത്ത് ചവിട്ടുകയെന്ന ഗുരുത്വമുള്ള പ്രവൃത്തിയാണ് ഒടുവില്‍ പരീക്ഷിച്ചത്. വന്‍വിജയമായിരുന്നു അത്. പാഠപുസ്‌തകം മൂല്യവത്താക്കാന്‍ നടത്തുന്ന സമരത്തിനിടയ്‌ക്കല്ലെങ്കില്‍ പിന്നെയെപ്പോഴാണ് ഇങ്ങനെയൊരു പുണ്യം ചെയ്യാന്‍ കഴിയുക?
അടുത്തഘട്ടം ഇതിലും കേമമാക്കും. അതുംകൂടി കഴിഞ്ഞാല്‍ പാഠപുസ്‌തകവുമായി അധ്യാപകരൊന്നും സ്‌കൂളിലേക്ക് വരില്ല. സ്‌കൂളുകളൊന്നും ബാക്കിയില്ല എന്നുറപ്പുവരുത്തും. എല്ലാം അഗ്‌നനിക്കിരയാക്കാം; അധ്യാപകരെയും. പള്ളിവേണ്ടെങ്കില്‍ പള്ളിക്കൂടവും വേണ്ട. വഴി പിഴയ്‌ക്കാതിരിക്കാന്‍ വേറെ വഴിയില്ല.
**************
ആണവക്കരാര്‍ ഒപ്പിടുന്നത് തകിടം മറിച്ച് അമേരിക്കന്‍ സാനമ്രാജ്യത്വത്തിന്റെ ചെകിട്ടത്ത് രണ്ടുപൊട്ടിക്കാന്‍ കിട്ടിയ അത്യപൂര്‍വാവസരമായിരുന്നു അത്. അപ്പോഴാണ് സോമനാഥ് കാരണവരുടെ വക പിറകില്‍ നിന്നുള്ള കുത്തുണ്ടായത്. എവിടെയോ കാര്യമായ പിഴവുണ്ട്. പാര്‍ട്ടി ഏറ്റെടുക്കുന്ന മഹാദൗത്യങ്ങളുടെ പ്രാധാന്യം പാര്‍ട്ടിക്കാരണവന്മാര്‍ക്ക് മനസ്സിലാകുന്നില്ലെങ്കില്‍ എങ്ങനെയാണ് അത് പാര്‍ട്ടിയിലെ സാദാ മേമ്പ്രന്‍മാര്‍ക്കും ബഹുജനത്തിനും മനസ്സിലാകുക ? മേലോട്ട് പോകുന്നതിനനുസരിച്ച് ചില വലിയ സഖാക്കള്‍ക്ക് എന്തുകൊണ്ടാണാവോ ബുദ്ധി പിറകോട്ട് പോകുന്നത് ?
സോമനാഥ് ചാറ്റര്‍ജിയെ പിടികൂടിയത് ഗുരുതരമായ മനോവിഭ്രാന്തിയാണ്. സി.പി.എം. എന്ന വിപ്ലവപാര്‍ട്ടിയുടെ പടയാളി മാത്രമാണ് അദ്ദേഹം. സോഷ്യലിസം സ്ഥാപിക്കാന്‍ പാര്‍ട്ടി നടത്തുന്ന പോരാട്ടത്തിനിടയ്‌ക്ക് പടയാളികളെ പാര്‍ട്ടി പല പണിയും ഏല്‌പിക്കും. ചിലപ്പോഴത് പോസ്റ്റര്‍ ഒട്ടിക്കാനാവും, ചിലപ്പോള്‍ ചുമരെഴുതാനാകും, ചിലപ്പോള്‍ വര്‍ഗശത്രുവിനെ തല്ലിക്കൊല്ലാനാവും, ചിലപ്പോള്‍ പാര്‍ലമെന്റംഗമാകാനാകും. പാര്‍ട്ടി പറയുന്നത് ചെയ്യുക എന്നതാണ് അച്ചടക്കമുള്ള കാഡറുടെ ചുമതല. പഞ്ചായത്ത് ബോര്‍ഡിലായാലും ശരി ഐക്യരാഷ്ട്രസഭയിലായാലും ശരി, കയറിയിരിക്കാന്‍ പാര്‍ട്ടി പറഞ്ഞാല്‍ കയറുക; ഇറങ്ങാന്‍ പറഞ്ഞാല്‍ ഇറങ്ങുക. രണ്ടിന്റെയും ശരിതെറ്റുകള്‍ ആലോചിച്ച് അംഗം തലപുണ്ണാക്കേണ്ടതില്ല. അതിന് പാര്‍ട്ടിയില്‍ വേറെ ആളുണ്ട്.
വിദ്യാഭ്യാസവും ബുദ്ധിയുമൊക്കെ കുറച്ചേറെയുള്ളതുകൊണ്ടാവണം സോമനാഥ് ചാറ്റര്‍ജിക്ക് അതു മനസ്സിലായില്ല. അദ്ദേഹം ധരിച്ചത് ബൂര്‍ഷ്വാപാര്‍ലമെന്റിനെ ബാധിച്ചിട്ടുള്ള വില്ലന്‍ചുമ, വരട്ടുചൊറി, ഓക്കാനം തുടങ്ങിയ രോഗങ്ങള്‍ മാറ്റാന്‍ ഇന്ത്യന്‍ ജനതയും കാലവും ചുമതലപ്പെടുത്തിയിട്ടുള്ള അഷ്‌ടവൈദ്യനാണ് താന്‍ എന്നാണ്. പുതുതായി പി.എസ്.സി. നിയമനം കിട്ടിയ ഒന്നാംക്ലാസ്സിലെ വാധ്യാരെപ്പോലെ സ്‌പീക്കറായതുമുതല്‍ കഠിനപ്രയത്‌നത്തിലായിരുന്നു സോമനാഥ് ചാറ്റര്‍ജി. കുഴിമടിയരും മന്ദബുദ്ധികളുമായ ചെക്കന്‍സുകളെ നാലക്ഷരം പഠിപ്പിക്കാന്‍ തലകുത്തിമറിയുന്നതുപോലെ, ലോക്‌സഭാംഗങ്ങളെ അസല്‍ പാര്‍ലമെന്ററി മര്യാദ, നിയമബോധം, ചട്ടങ്ങളോട് ആദരവ്, എതിര്‍പക്ഷബഹുമാനം തുടങ്ങിയ ബൂര്‍ഷ്വാകാപട്യങ്ങള്‍ പഠിപ്പിക്കുകയായിരുന്നു ചാറ്റര്‍ജി.
സ്‌പീക്കര്‍കസേരയില്‍ ഇരിക്കുന്ന ആള്‍ നിഷ്‌പക്ഷനാകുക എന്നൊരു സമ്പ്രദായം ബൂര്‍ഷ്വാപാര്‍ലമെന്റുകളിലുണ്ട്. തികഞ്ഞ കാപട്യംതന്നെ. കമ്യൂണിസ്റ്റുകാര്‍ക്ക് നിഷ്‌പക്ഷത എന്നൊരവസ്ഥയില്ല. ഉറക്കത്തില്‍പ്പോലും പക്ഷംപിടിക്കണം നല്ല കമ്യുണിസ്റ്റുകാരന്‍. തനിക്ക് പക്ഷമില്ല എന്നൊരാള്‍ പറയുന്നുണ്ടെങ്കില്‍ അതിനര്‍ഥം അയാള്‍ വിപ്ലവവിരുദ്ധപക്ഷത്താണ് എന്നാണ്. അമേരിക്കന്‍ സാനമ്രാജ്യത്വത്തിനെതിരായ ജീവന്‍മരണപോരാട്ടത്തിലാണ് പാര്‍ട്ടി. ഹിന്ദുത്വവര്‍ഗീയതയുടെ ചെകുത്താന്‍ ഒരു വശത്തും അമേരിക്കന്‍ സാനമ്രാജ്യഭീകരന്‍ മറുവശത്തും നിന്ന് കണ്ണുരുട്ടിക്കാട്ടിയിട്ടും തെല്ലും ഭയപ്പെടാതെ സാനമ്രാജ്യഭീകരന് നേരെ പാഞ്ഞടുക്കുകയാണ് പാര്‍ട്ടി ചെയ്‌തത്. അതുമനസ്സിലാക്കാനുള്ള വകതിരിവ് ബഹുമാനപ്പെട്ട സ്‌പീക്കര്‍ക്ക് ഇല്ലാതെപോയി. പാര്‍ട്ടിയംഗത്വമില്ലാത്ത സ്വതന്ത്ര നിഷ്‌പക്ഷ ജീവിയാണ് താനെന്ന് സോമ്‌നാഥ്‌ജി ധരിച്ചിരിക്കുന്നു. ചെറിയ ചികിത്സകൊണ്ടൊന്നും മാറുന്ന രോഗമല്ല അത്.
ബി.ജെ.പി.ക്കൊപ്പംനിന്ന് വിശ്വാസപ്രമേയത്തിന്മേല്‍ വോട്ട് ചെയ്യാന്‍ പറ്റില്ലെന്നാണ് സോമ്‌നാഥ്‌ജി പറയുന്നത്. അതുപറഞ്ഞ് അദ്ദേഹം പാര്‍ട്ടി സെക്രട്ടറിക്ക് കത്തെഴുതിയത്രെ. എന്തൊരതിക്രമം ! കത്തെഴുത്ത് പോലൊരു ബൂര്‍ഷ്വാസമ്പ്രദായം ഇല്ലാത്ത പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് അറിയാത്ത നേതാവോ ? കോടതിയിലുള്ള കേസിനെക്കുറിച്ച് ജഡ്‌ജ ിക്ക് കത്തെഴുതുന്നത് കോടതിയലക്ഷ്യമാവുന്നത് പോലെ, പാര്‍ട്ടി തീരുമാനമെടുത്ത വിഷയത്തില്‍ സെക്രട്ടറിക്ക് കത്തെഴുതുന്നത് പാര്‍ട്ടിയലക്ഷ്യമാണ്. ശിക്ഷ ഉറപ്പ്.
സോമനാഥിന്റെയും ഗുരുവായ ജ്യോതിബസുവിനോട് കുറെ ബൂര്‍ഷ്വാകക്ഷികള്‍ കുറച്ചുകാലം മുമ്പ് പ്രധാനമന്ത്രിയാകാന്‍ പറഞ്ഞത് മറക്കാറായിട്ടില്ല. കമ്യൂണിസ്റ്റുകാരനോട് പ്രധാനമന്ത്രിയാകാന്‍ ബൂര്‍ഷ്വാപിന്തിരിപ്പന്മാര്‍ ആവശ്യപ്പെടുക ! ബൂര്‍ഷ്വാകളുടെ അധഃപതനം…. സ്വാഭാവികമായും പാര്‍ട്ടി അതനുവദിച്ചില്ല. അതില്‍ ജ്യോതിബസുവിന്റെ കെറുവ് ഇപ്പോഴും തീര്‍ന്നിട്ടില്ല. സ്‌പീക്കറായ ആളെക്കൊണ്ടുള്ള പൊല്ലാപ്പ് നോക്കുമ്പോള്‍ അന്നത് അനുവദിച്ചിരുന്നെങ്കിലാണ് ഹിമാലയന്‍ വിഡ്‌ഢിത്തമാകുക എന്നു കരുതുന്നവരുണ്ട്.
എല്ലാം പാര്‍ലമെന്ററി വ്യാമോഹത്തിന്റെ വ്യത്യസ്‌തകോലങ്ങള്‍. സോഷ്യലിസ്റ്റ് വിപ്ലവം നടക്കുന്നതുവരെ ഇങ്ങനെ എന്തെല്ലാം സഹിക്കണം…
******************
പാര്‍ലമെന്ററി വ്യാമോഹത്തെക്കാള്‍ രൂക്ഷമാവുകയാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ പഞ്ചായത്തുവ്യാമോഹം കൊണ്ടുള്ള പ്രശ്‌നങ്ങള്‍. കോഴിക്കോട് ജില്ലയിലെ വിപ്ലവത്തിന്റെ ആദ്യകാല ആസ്ഥാനമായിരുന്ന ഒഞ്ചിയത്ത് കഴിഞ്ഞദിവസം പാര്‍ട്ടിഅച്ചടക്കത്തിന്റെ പൊട്ടിത്തെറിതന്നെയുണ്ടായി. പാര്‍ട്ടിക്കാരനായ പഞ്ചായത്ത് പ്രസിഡന്റിനെ മാറ്റിയതാണ് പ്രശ്‌നം. ഇതില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് പാര്‍ട്ടിപ്രവര്‍ത്തകരാണ് നേതൃത്വത്തിനെതിരെ പ്രകടനം നടത്തിയത്.
പാര്‍ട്ടിനേതാവ് വഹിച്ചുപോന്ന പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനതാദളിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത് തീര്‍ച്ചയായും പാര്‍ട്ടിയുടെ ഹൃദയവിശാലത കൊണ്ടുതന്നെയാവണം. ജനാധിപത്യ മതേതര ഐക്യം വളര്‍ത്താന്‍ പാര്‍ട്ടി എന്തു ത്യാഗത്തിനും തയ്യാര്‍. സംസ്ഥാനാടിസ്ഥാനത്തില്‍ത്തന്നെ ജനതാ ദളിനോട് കുറച്ചുകാലമായി സി.പി.എമ്മിനുള്ള സ്‌നേഹം കരകവിഞ്ഞൊഴുകുകയായിരുന്നു. ഇടതുമുന്നണിയില്‍നിന്നുതന്നെ പുറന്തള്ളപ്പെടുമോ എന്ന് ആശങ്കയിലായിരുന്ന പാര്‍ട്ടി സി.പി.എമ്മിന്റെ ഏറാമലയിലെ ഔദാര്യംകണ്ട് ഏറെ അമ്പരന്നിട്ടുണ്ടാകണം.
ഷൊറണൂരില്‍ പാര്‍ട്ടിക്കാരനായ മുനിസിപ്പല്‍ വൈസ് ചെയര്‍മാനെ സ്ഥാനത്ത് നിന്ന് തെറിപ്പിക്കാന്‍ സോമനാഥ് ചാറ്റര്‍ജിയെ രാജിവെപ്പിക്കാന്‍ പെട്ടതിലേറെ പാടുപെടുകയുണ്ടായി പാര്‍ട്ടി. ഒടുവില്‍ അദ്ദേഹത്തെ തെരുവില്‍ തല്ലിച്ചതയ്‌ക്കുകയും ചെയ്‌തു. അവിടെയും ഉണ്ടായി ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ പാര്‍ട്ടിക്കെതിരായ പരസ്യകലാപം. സി.പി.എമ്മിലെ ആഭ്യന്തരജനാധിപത്യത്തിന്റെ പോക്കുകണ്ട് കോണ്‍ഗ്രസ്സുകാര്‍പോലും അസൂയപ്പെടുകയാണ്.
ഷൊറണൂരിലെയും ഒഞ്ചിയത്തെയും സംഭവങ്ങളില്‍ വിഭാഗീയതയുള്ളതായി മാധ്യമസിന്‍ഡിക്കേറ്റുകാര്‍പോലും ആരോപിക്കാന്‍ സാധ്യതയില്ല. കാരണം കോട്ടയം സമ്മേളനവും കോയമ്പത്തൂര്‍ സമ്മേളനവും കഴിഞ്ഞതോടെ പാര്‍ട്ടിയില്‍ വിഭാഗീയത ഉന്മൂലനം ചെയ്യപ്പെട്ടുകഴിഞ്ഞു. ഏറാമല പഞ്ചായത്ത് പ്രസിഡന്റും ഷൊറണൂര്‍ വൈസ്‌പ്രസിഡന്റും വി.എസ്. പക്ഷക്കാരായിരുന്നുവെന്നോ? അതുതീര്‍ത്തും യാദൃച്ഛികമാകാനേ തരമുള്ളൂ.
Senior Journalist and Columnist