കുഞ്ഞാടും ബലിയാടും

ഇന്ദ്രൻ

രാഷ്ട്രീയകക്ഷിക്ക് അധികാരത്തിലേറാന്‍ രക്തസാക്ഷികള്‍ ആവശ്യമാണ്. എത്രയെണ്ണം എന്നതിന് നിശ്ചിത കണക്കൊന്നുമില്ല. എത്ര കൂടുന്നുവോ അത്രയും നല്ലത്. അവര്‍ തെരുവോരങ്ങളില്‍ പോലീസ് വെടിയേറ്റോ നാട്ടില്‍ വര്‍ഗശത്രുവിന്‍െറ വെട്ടും കുത്തുമേറ്റോ മരിച്ചുവീഴുന്നവരാണ്. അധികാരം കിട്ടിക്കഴിഞ്ഞാല്‍ ഇവരെക്കൊണ്ട് വലിയ പ്രയോജനമില്ല. ചിലപ്പോള്‍ ശല്യവുമാണ്. എന്നാലും ഇടയ്ക്കുപോയൊരു പുഷ്പാര്‍ച്ചന നടത്താനോ മുദ്രാവാക്യം വിളിക്കാനോ വിരോധമില്ല. പാവം അനശ്വരകുഞ്ഞാടുകളല്ലേ.
അധികാരം കിട്ടിക്കഴിഞ്ഞാല്‍ അത് നിലനിര്‍ത്താന്‍ വേണ്ടത് കുഞ്ഞാടുകളല്ല, ബലിയാടുകളാണ്. ഭരണമൊക്കെ ആകുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്തത് ചിലത് ചെയെ്തന്നിരിക്കും. ചെയ്യേണ്ടത് പലതും ചെയ്യാനായില്ലെന്നും വരാം. ആളുകള്‍ ആഗ്രഹിക്കുന്നത് മുഴുവന്‍ ചെയ്തുകൊടുക്കാന്‍ സാക്ഷാല്‍ ദൈവത്തിനുതന്നെ കഴിയുന്നില്ല, പിന്നെയല്ലേ വെറും ആള്‍ദൈവങ്ങളായ നേതാക്കളുടെ കാര്യം. അങ്ങനെ വരുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ആവശ്യത്തിന് ബലിയാടുകള്‍ വേണം.

ഏറ്റവും സുലഭവും സൗകര്യപ്രദവും ഐ.എ.എസ്. ഇനം ബലിയാടുകളാണ്. നല്ല മജ്ജയും മാംസവും ബുദ്ധിയും കൊഴുപ്പുമുള്ളവയാണ്. സംസ്ഥാനതലസ്ഥാനത്ത് ഇഷ്ടംപോലെ പുല്ലും വെള്ളവും കൊടുത്തുവളര്‍ത്തുന്നുണ്ട്. കുഞ്ഞാടുകളെപ്പോലെ എല്ലുംതോലുമായ പട്ടിണിപ്പാവങ്ങളല്ല ഇവ. ഒന്നിനെ ഇരയാക്കിയാല്‍ മൃഷ്ടാന്നം ഭുജിക്കാം. കുറേക്കാലത്തേക്ക് പിന്നെ യാതൊന്നും വേണ്ട.
രാജ്യത്തിന്‍െറ നാനാഭാഗത്തുനിന്നും റിക്രൂട്ട് ചെയ്തു കൊണ്ടുവരുന്നതാണ് ഈ മുന്തിയ വെറൈറ്റിയെ. നല്ല ഇംഗ്ലീഷ് മീഡിയം കോണ്‍വെന്‍റിലും പബ്ലിക് സ്കൂളിലുമൊക്കെ മേഞ്ഞുവളര്‍ന്നവയാണ് മിക്കതും. വളരെ ബുദ്ധിയുള്ള ഇനങ്ങളാണെന്ന് നേരത്തേ പറഞ്ഞുവല്ലോ. ബുദ്ധിയേറിപ്പോയാല്‍പ്പറ്റുന്ന ചില അബദ്ധങ്ങളുണ്ട്. അതിലൊന്നാണ് ഐ.എ.എസ്. കുളത്തില്‍പ്പോയി ചാടുകയെന്നത്. ഒരാവേശത്തിന് അങ്ങോട്ടുചെന്ന് ചാടാം. പത്തുവട്ടം ആവേശിച്ചാലും തിരിച്ചുചാടാനായി എന്നുവരില്ല.

ഐ.എ.എസ്. ആയി നിയമനം കിട്ടുമ്പോഴാണ് ഒരു സത്യം മനസ്സിലാകുക. കോളേജിലായിരുന്നപ്പോള്‍ ക്ലാസ്സിന്‍െറ നാലയലത്തൊന്നും വരാതെ കശുമാവിന്‍തോപ്പില്‍ കറങ്ങിയടിക്കുകയും ബസ്സിന് കല്ലെറിയുകയും പ്രിന്‍സിപ്പലിന്‍െറ കഷണ്ടിയില്‍ മഷികുടയുകയുമൊക്കെ ചെയ്തുനടന്നവരാകും വകുപ്പിന്‍െറ കാര്യങ്ങളൊക്കെ നിശ്ചയിക്കുന്ന മിനിസ്റ്റര്‍ യശമാനന്‍. അങ്ങേര് പറയുന്നത് അനുസരിക്കുകയെന്നതാണ് ഐ.എ.എസ്. സാറന്മാരുടെ ചുമതല. ഇതത്ര ബുദ്ധിമുട്ടുള്ള പണിയൊന്നുമല്ലെന്ന് പറയുന്ന ഐ.എ.എസ്സുകാരും ഉണ്ട്. മന്ത്രിയെന്തുപറഞ്ഞാലും എസ് മിനിസ്റ്റര്‍ എന്ന് പറഞ്ഞാല്‍ മതിയല്ലോ അതിന് എന്ത് വിഷമം.
എല്ലാ മന്ത്രിമാരും പക്ഷേ, അത്തരക്കാരല്ല. മിക്കവരും നല്ല സ്വഭാവക്കാരാണ്. ഒരു പണിയും ചെയ്യില്ല. പാര്‍ട്ടി യോഗങ്ങളിലും പത്രസമ്മേളനങ്ങളിലും പെട്ടിക്കട ഉദ്ഘാടനങ്ങളിലും പങ്കെടുത്ത് തെക്കുവടക്ക് പരക്കംപാഞ്ഞുകൊള്ളും. ഒരു പാഞ്ഞുവരവില്‍ ഫയലെല്ലാം ഒപ്പിട്ടുതീര്‍ക്കുകയും ചെയേ്താളും. ഐ.എ.എസ്. സെക്രട്ടറി കാണിച്ചുകൊടുക്കുന്നേടത്ത് കൃത്യമായി ഒപ്പിട്ടുകൊടുക്കാന്‍ കുറച്ചുദിവസത്തെ ട്രെയ്‌നിങ്ങേ വേണ്ടൂ. പത്രസമ്മേളനത്തില്‍ എന്ത് പറയണം, നിയമസഭയില്‍ ചോദ്യത്തിന് എന്ത് മറുപടി നല്‍കണം, ഫോണില്‍ മുഖ്യമന്ത്രിയോ മറ്റോ വിളിച്ചുചോദിച്ചാല്‍ എന്ത് പറയണം തുടങ്ങി എല്ലാ കാര്യങ്ങളും അവര്‍ തീരുമാനിച്ചുകൊള്ളും. മിനിസ്റ്റര്‍ തലയാട്ടിയാല്‍ മതിയാകും. ചിലര്‍ക്ക് ഇംഗ്ലീഷ് അത്ര പിടികാണില്ല, മലയാളത്തില്‍ തര്‍ജമിച്ചുകൊടുക്കണം. ഇംഗ്ലീഷ് മണിമണിയായി പറയുന്ന ഇനത്തേക്കാള്‍ സൂക്ഷിക്കേണ്ടത് ഇംഗ്ലീഷ് നിശ്ചയമില്ലാത്ത മന്ത്രിയെ ആണ്. സാമാന്യബുദ്ധി ചിലപ്പോള്‍ ഇവര്‍ക്കാണ് കൂടുക. ഇംഗ്ലീഷിന്‍െറ അളവ് കൂടുന്നതിനനുസരിച്ച് മറ്റേതിന്‍െറ അനുപാതം കുറയുമെന്ന് അനുഭവസമ്പന്നരായ മുന്‍കാലബലിയാടുകള്‍ പറയാറുണ്ട്.

വകുപ്പിന്‍െറ നേട്ടങ്ങളുടെയെല്ലാം ക്രെഡിറ്റ് മന്ത്രി തന്നെ ഏറ്റെടുത്തുകൊള്ളും, നമ്മളൊന്നുമറിയേണ്ട. അതുവെറുതെ ഉദ്യോഗസ്ഥരുടെ തലയ്ക്ക് വെച്ചുകെട്ടി അവരെ ബുദ്ധിമുട്ടിക്കരുതല്ലോ. വകുപ്പിനോ സര്‍ക്കാറിനുതന്നെയോ എന്തെങ്കിലും അബദ്ധം പറ്റുകയാണെങ്കില്‍ അത് മുഴുവനായി ഉദ്യോഗസ്ഥരുടെ തലയില്‍ വെച്ചുകെട്ടണമെന്ന് നിര്‍ബന്ധമാണ്. അത് അവര്‍ക്ക് വലിയ സന്തോഷമുള്ള കാര്യമാണ്. തങ്ങളുടെ കാര്യക്ഷമതയില്ലായ്മയുടെയും കൊള്ളരുതായ്മയുടെയും ഫലമായുണ്ടായ പ്രശ്‌നത്തെക്കുറിച്ചോ നഷ്ടത്തെക്കുറിച്ചോ നാലു പ്രസ്താവനയും മൂന്നു മുഖപ്രസംഗവും രണ്ട് വെറുംപ്രസംഗവും കേള്‍ക്കാതെ രാത്രി നേരാംവണ്ണമുറങ്ങാന്‍ ഈ ഉദ്യോഗസ്ഥ ദുഷ്‌നപ്രഭുക്കള്‍ക്ക് കഴിയില്ല. ഇത്തരം വിമര്‍ശനങ്ങളുടെ എണ്ണം നന്നെ കൂടുമ്പോള്‍ മന്ത്രി ഒരു കാര്യം ചെയ്യും- മന്ത്രിതന്നെ ഉദ്യോഗസ്ഥരെ കണക്കിന് ശകാരിക്കും. പട്ടി, പന്നി തുടങ്ങിയ ഇഷ്ടമൃഗങ്ങളുടെ നാമങ്ങള്‍ ശകാരത്തില്‍ സമൃദ്ധമായി കൂട്ടിച്ചേര്‍ക്കുന്ന സംസ്കാരസമ്പന്നരുമുണ്ട്.

മന്ത്രിക്കും മന്ത്രിസഭയ്ക്കും എന്തും തീരുമാനിക്കാനുള്ള അധികാരമുണ്ട്. അതിനാണ് ജനാധിപത്യമെന്ന് പറയുന്നത്. തീരുമാനത്തിന്‍െറ ശരിയും തെറ്റും ഭരണഘടനയുമെല്ലാം ഉദ്യോഗസ്ഥര്‍ നോക്കിക്കൊള്ളും. തെറ്റ് ശരിയാക്കേണ്ട ബാധ്യത അവരുടേതാണ്. മന്ത്രി ശ്രദ്ധിക്കേണ്ട കാര്യം ഒന്നേയുള്ളൂ. തീരുമാനമെടുത്തതിലോ ഉത്തരവിറക്കിയതിലോ തനിക്ക് എന്തെങ്കിലും പങ്കുണ്ടെന്നതിന് യാതൊരു ലക്ഷണവും എവിടെയും അവശേഷിപ്പിക്കരുത്. മന്ത്രിമാരെ കോടതി വിളിപ്പിക്കാറില്ല. തീരുമാനം മന്ത്രിയെടുത്താലും ഉത്തരവിറക്കിയ ഉദ്യോഗസ്ഥനാണ് കൂട്ടില്‍ക്കയറിനിന്ന് സമാധാനം പറയേണ്ടത്. ചില ഉദ്യോഗസ്ഥര്‍ മാപ്പുപറഞ്ഞ് തടിയൂരും. ചിലപ്പോള്‍ പിഴയടയ്ക്കുകയോ ജയിലില്‍കിടക്കുകയോ വേണ്ടിവന്നേക്കാം. എല്ലാം അവരായി, അവരുടെ പാടായി. നമ്മളൊന്നും അറിയേണ്ട, നമ്മള്‍ പ്രസംഗപര്യടനം തുടര്‍ന്നാല്‍ മതിയാകും.

മുന്നിലിട്ടുകൊടുക്കുന്ന ഇലയോ പുല്ലോ കടിച്ച് മിക്ക ബലിയാടുകളും ബലിയുടെ സമയമാകും വരെ നിന്നുകൊള്ളും. ഇഷ്ടമുള്ള തസ്തികയിലേക്ക് ഒരു ട്രാന്‍സ്ഫര്‍, ഒരു വിദേശയാത്ര തുടങ്ങിയ ചെറു മോഹങ്ങളേ മിക്കവര്‍ക്കും ഉള്ളൂ. നൂറുകോടി, അഞ്ഞൂറുകോടി റിയല്‍എസ്റ്റേറ്റ് സമ്പാദിക്കലൊന്നും അവര്‍ക്ക് വിധിച്ചിട്ടുള്ളതല്ല. അതെല്ലാം താഴെക്കിട ഉദ്യോഗസ്ഥ, രാഷ്ട്രീയ ഭാഗ്യവാന്മാര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. ഏറ്റവും വലിയ സൗകര്യം ഈ ഇനത്തില്‍പ്പെട്ട ആടുകള്‍ ഒരിക്കലും പറ്റമായി നടക്കുകയില്ല എന്നതാണ്. പേരിനൊരു യൂണിയനോ അസോസിയേഷനോ മറ്റോ കാണുമെങ്കിലും ജാഥ നടത്തുകയോ മുദ്രാവാക്യം വിളിക്കുകയോ സത്യാഗ്രഹം നടത്തുകയോ ഒന്നും ചെയ്യുകയില്ല. തടിയും കൊളസ്റ്ററോളും കുറയ്ക്കാന്‍ ട്രൌസറിട്ട് ടെന്നീസ് കളിക്കുകയോ ഓടുകയോ ചെയ്യുമെന്നല്ലാതെ മറ്റൊരാവശ്യത്തിനും റോഡിലിറങ്ങാറേ ഇല്ല. ലവലേശം പേടിക്കേണ്ടാത്ത ശാന്തമൃഗങ്ങളാണ്. ഏറിവന്നാല്‍ ചെയ്യുക കേന്ദ്രസര്‍വീസിലേക്ക് പോകാന്‍ കടലാസ് കൊടുക്കുമെന്ന് മാത്രമാണ്. പോട്ടെ, ഒരു ബലിയാട് പോയാല്‍ വേറൊന്നുവരും, അല്ലാതെന്ത് ?

ഏറ്റവും കൂടുതല്‍ ബലിയാടുകളെ അറുത്ത് ഇറച്ചിയാക്കുന്ന മന്ത്രിസഭയെ്ക്കന്തോ പ്രത്യേക ദേശീയ ബഹുമതിയുണ്ടെന്ന് കേന്ദ്രത്തില്‍ നിന്ന് അറിവ് ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ വെറും രണ്ടുവര്‍ഷത്തിനിടയില്‍ ബലിയാടുകളുടെ എണ്ണം അരഡസന്‍ കവിഞ്ഞിട്ടുണ്ട്. ദേശീയ ബഹുമതി തീര്‍ച്ചയായും വി.എസ്. അച്യുതാനന്ദന്‍െറ വിപ്ലവ പുരോഗമന ജനക്ഷേമ ഭരണത്തിനുതന്നെയാവും. അസൂയപ്പെട്ടിട്ട് കാര്യമില്ല.

പബ്ലിക് ഇന്‍ററസ്റ്റ് എന്താണ്, പബ്ലിസിറ്റി ഇന്‍ററസ്റ്റ് എന്താണ് എന്നൊന്നും നിശ്ചയമില്ലാത്ത പടുവിഡ്ഢികളാണ് പൊതുജനം കഴുതകളിലേറെയും. തിരുവനന്തപുരത്തെ ഗോള്‍ഫ് ക്ലബ് പൂട്ടിക്കാനും അവിടെ സ്മാളടിച്ച് ഗോള്‍ഫ് കളിക്കുന്ന മാന്യന്മാരുടെ സ്കൂള് പൂട്ടിക്കാനുമുള്ള തത്പരകക്ഷികളുടെ ശ്രമത്തെ എത്ര വിജയകരമായാണ് നമ്മുടെ ജനാധിപത്യസ്ഥാപനങ്ങളായ എക്‌സിക്യൂട്ടീവും ലെജിസ്ലേറ്റീവും ജുഡീഷ്യറിയുമെല്ലാം ചേര്‍ന്ന് അട്ടിമറിച്ചത്. ജനാധിപത്യം വിജയിക്കട്ടെ.
സര്‍ക്കാര്‍ സ്ഥലത്ത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സര്‍ക്കാര്‍ ചെലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തില്‍ ഇത്രയും കുറച്ചാളുകള്‍ക്ക് ഈ വിധത്തിലുള്ള വിനോദങ്ങള്‍ നടത്താന്‍ കഴിയുന്നതുതന്നെയാണ് പബ്ലിക് ഇന്‍ററസ്റ്റ്.

പത്തുസെന്‍റ് ഭൂമിയിലൊന്നുമല്ല. അനേകമേക്ര നഗരമധ്യത്തില്‍…..അത് നിര്‍ത്തലാക്കാന്‍ പബ്ലിസിറ്റി ഇന്‍ററസ്റ്റുകാരനായ മന്ത്രി നടപടിയെടുത്തപ്പോള്‍ മിന്നല്‍ വേഗത്തിലല്ലേ സകല അധികാരകേന്ദ്രങ്ങളും ഇടപെട്ട് പബ്ലിക് ഇന്‍ററസ്റ്റ് സംരക്ഷിച്ചത്. ഇതിനിടയിലാണ് ആരോ അവിടെ യോഗ്യന്മാര്‍ മദ്യപിക്കുന്നതിനെതിരെ കോടതിയില്‍ പോയത്. അസൂയക്കാരനായ ഏതോ പബ്ലിസിറ്റി ഇന്‍ററസ്റ്റുകാരനാണെന്ന് ബഹുകോടതിക്ക് ഹരജിക്കാരന്‍െറ മുഖം കണ്ടപ്പോള്‍ത്തന്നെ മനസ്സിലായി. ഗോള്‍ഫ് ക്ലബ് ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി വലിച്ച് ദൂരെക്കളഞ്ഞതിനേക്കാള്‍ വേഗത്തിലാണ് മദ്യവിരുദ്ധരുടെ ഹരജി വലിച്ച് ദൂരെക്കളഞ്ഞത്. ഹല്ല പിന്നെ.

****

വിഗ്രഹാരാധന വാഗ്ഭടാനന്ദശിഷ്യര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. അതുകൊണ്ടുതന്നെ സുകുമാര്‍ അഴീക്കോട് വിഗ്രഹഭഞ്ജനം തുടങ്ങിയിട്ട് അരനൂറ്റാണ്ടെങ്കിലുമായി. വിഗ്രഹത്തെ പിന്നെയും പൊറുപ്പിക്കും, ആള്‍ദൈവങ്ങളെ അഴീക്കോട് അത്രപോലും പൊറുപ്പിക്കില്ല. രാഷ്ട്രീയത്തിലെ ആള്‍ദൈവവും അസല്‍ ആള്‍ദൈവവും ഒരു പോലെ അലര്‍ജിയാണ് അദ്ദേഹത്തിന്. അവസരം കിട്ടുമ്പോളെല്ലാം രണ്ടിനെയും വധിക്കും. രണ്ടുകൂട്ടര്‍ക്കും അതുകൊണ്ടൊരു ദോഷവും ഉണ്ടായില്ലെന്നത് വേറെ കാര്യം. വാഗ്ഭടാനന്ദഗുരുവിന്‍െറ കാലത്ത് ആള്‍ദൈവം എന്ന ശകാരപദം ഇല്ലാതിരുന്നത് ഭാഗ്യം, അല്ലെങ്കില്‍ സ്വാമിയെയും ആള്‍ദൈവമാക്കുമായിരുന്നു. അതിനുംമുമ്പ് ജനിച്ചതുകൊണ്ട് ബുദ്ധനും ജൈനനും പ്രവാചകരും രക്ഷപ്പെട്ടെന്നുപറഞ്ഞാല്‍ മതിയല്ലോ. ഒരു കാര്യം അഴീക്കോടിന് ബോധ്യപ്പെട്ടു. രാഷ്ട്രീയത്തിലെ ആള്‍ദൈവങ്ങളാണ് മറ്റേകൂട്ടരേക്കാള്‍ ഭേദം. അരനൂറ്റാണ്ട് നിര്‍ത്താതെ അവര്‍ക്കെതിരെ രോഷവും പരിഹാസവും ചൊരിഞ്ഞിട്ടും ഇതുവരെ അവരുടെ അനുയായികള്‍ തിരിച്ചൊന്നും ചെയ്തിട്ടില്ല. അടുത്തകാലത്ത് മറ്റേകൂട്ടര്‍ക്കെതിരെ ചെറിയ ഡോസ് കൊടുത്തപ്പോള്‍തന്നെ കര്‍ണാനന്ദകരവും അമൃതാനന്ദകരവുമായ വാക്കുകള്‍ ആള്‍ദൈവശിഷ്യഗണങ്ങള്‍ ടെലിഫോണിലൂടെയും ലിഖിതരൂപത്തിലും അദ്ദേഹത്തിന് എത്തിച്ചുകൊടുക്കുന്നുണ്ട്. രാഷ്ട്രീയക്കാര്‍ക്ക് ശകാരം ശീലമായതുകൊണ്ടാവാം സഹിഷ്ണുത വളര്‍ത്താന്‍ കഴിഞ്ഞത്. ഇന്നത്തെ നില തുടര്‍ന്നാല്‍ ആള്‍ദൈവാരാധകരും അതാര്‍ജിക്കും എന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *

Go Top