രാഷ്‌ട്രീയത്തിലും ദാരിദ്ര്യം

ഇന്ദ്രൻ

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം എന്ന്‌ അര്‍ജുന്‍സിങ്‌ നിര്‍ദേശിക്കുകയും പ്രണബ്‌ മുഖര്‍ജി സര്‍വാത്മനാ പിന്താങ്ങുകയും ചെയ്‌തപ്പോഴാണ്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ ഞെട്ടിയുണരുകയും സ്വന്തം ശരീരത്തില്‍ പലേടത്തും നുള്ളിനോക്കുകയും ചെയ്‌തത്‌. ഇല്ല, താന്‍ ജീവനോടെത്തന്നെയാണ്‌ ഇരിക്കുന്നത്‌. അദ്ദേഹത്തിന്റെ സംശയം ന്യായമായിരുന്നു. സാധാരണഗതിയില്‍ പ്രധാനമന്ത്രി കാലം

ചെയ്‌താലാണ്‌ ശേഷിക്കുന്ന മന്ത്രികാലന്മാര്‍ യോഗംചേര്‍ന്ന്‌ ഇനിയാര്‌ എന്ന്‌ ചര്‍ച്ച ചെയ്യുകയും പേര്‌ നിര്‍ദേശിക്കുകയും പിന്താങ്ങുകയുമെല്ലാം ചെയ്യാറുള്ളത്‌. ജീവിച്ചിരിക്കുമ്പോള്‍ അങ്ങനെ ചെയ്യണമെങ്കില്‍ ആള്‍ രാജിക്കത്ത്‌ നല്‍കിയിരിക്കണം. രണ്ടിലേതാണ്‌ സംഭവിച്ചത്‌ എന്ന്‌ മന്‍മോഹന്‍ജി ഓര്‍ത്തുനോക്കി. രണ്ടും സംഭവിച്ചിട്ടില്ല. തന്റെ അറിവോടെ സംഭവിച്ചിട്ടില്ല എന്നേ പറയാനാവൂ. അധികാരരാഷ്‌ട്രീയത്തിന്റെ രീതിയതാണ്‌. മരിച്ച ആള്‍ ജീവിച്ചിരിക്കുന്നതായി ജനങ്ങളെ തോന്നിപ്പിക്കും; മറിച്ചും.

രാഹുല്‍ജി പ്രധാനമന്ത്രിയാകാന്‍ യോഗ്യനാണ്‌ എന്ന്‌ ടോണി ബ്ലെയര്‍ എഴുതി ഒപ്പിട്ട്‌ കൊടുത്തിട്ടുണ്ട്‌. അങ്ങനെയൊരു സര്‍ട്ടിഫിക്കറ്റ്‌ വേറെ ആരുടെ കൈയിലുണ്ട്‌? അദ്വാനിയുടെ കൈയിലുണ്ടോ? ടോണി ബ്ലെയറിന്‌ രാഹുലിനെ എങ്ങനെ അറിയാം എന്നാവും ചോദ്യം. നമുക്കറിയുന്നതിലേറെ ബ്ലെയറിനാണ്‌ അറിയുക. ഒരു മുന്‍പ്രധാനമന്ത്രിക്ക്‌ മറ്റൊരു പൊട്ടന്‍ഷ്യല്‍ പ്രധാനമന്ത്രിയെ ഒരു കിലോമീറ്റര്‍ ദൂരെ കണ്ടാലറിയും. മാത്രമല്ല, പ്രായപൂര്‍ത്തിയായ ശേഷം രാഹുല്‍ ഇന്ത്യയിലുണ്ടായിരുന്നതിലേറെ സമയം ലണ്ടനിലാണ്‌ ഉണ്ടായിരുന്നത്‌. ബ്ലെയറായിരുന്നിരിക്കണം ലോക്കല്‍ ഗാര്‍ഡിയന്‍. ബ്ലെയറിന്റെ രഹസ്യപ്പോലീസ്‌ രാഹുലിനെ സദാ നിരീക്ഷിച്ചിട്ടുണ്ടാകണം. എല്ലാറ്റിനുമുള്ള കോപ്പ്‌ ചെറുപ്പക്കാരന്റെ കൈവശം ഉണ്ട്‌ എന്ന റിപ്പോര്‍ട്ട്‌ ബ്ലെയറിന്‌ കിട്ടിക്കാണും.

പ്രധാനമന്ത്രിസ്ഥാനത്ത്‌ ഒഴിവ്‌ വരും മുമ്പെ പേര്‌ നിര്‍ദേശിക്കുന്നത്‌ ഓടുന്ന നായയ്‌ക്ക്‌ ഒരു മുഴം മുമ്പെ എറിയല്‍ മാത്രമാണ്‌. മന്‍മോഹന്‍ജിയുടെ സജീവതയുടെ മേലുള്ള ഒരഭിപ്രായപ്രകടനമായി അതിനെ കാണരുത്‌. രാഹുലിന്റെ കാര്യത്തില്‍ സോണിയാജിക്ക്‌ തങ്ങളെക്കുറിച്ച്‌ സംശയമൊന്നുമുണ്ടാകരുതല്ലോ. ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ പ്രധാനമന്ത്രിയായിക്കളയാമെന്ന്‌ അബദ്ധത്തില്‍ മോഹിച്ചുപോയവര്‍ ഇക്കൂട്ടത്തിലുണ്ടെന്നതുതന്നെ കാരണം. ഇത്തവണ അതുണ്ടാവില്ല. പുത്രന്റെ സ്ഥാനാരോഹണം എപ്പോള്‍ വേണമെങ്കിലുമാകാം. തിരഞ്ഞെടുപ്പ്‌ കഴിയാനും വീണ്ടും അധികാരത്തില്‍ വരാനും കാത്തുനിന്നാല്‍ ഒന്നും നടന്നില്ലെങ്കിലോ?

എന്തായാലും പ്രധാനമന്ത്രിസ്ഥാനത്ത്‌ ഇപ്പോള്‍ ഒഴിവൊന്നുമില്ലെന്ന്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ ഉറപ്പിച്ചുപറഞ്ഞതോടെ സംശയം തീര്‍ന്നിരിക്കയാണ്‌. വോട്ടെടുപ്പിന്‌ മുമ്പ്‌ ഇറക്കിവിടാന്‍ മാഡത്തിന്‌ പദ്ധതിയില്ലെന്ന്‌ മന്‍മോഹന്‍ജിക്കും ഉറപ്പായി. ആള്‍ സ്ഥാനമോഹിയൊന്നുമല്ലെന്നത്‌ ശരിതന്നെ. പക്ഷേ, ഇറക്കിവിടല്‍ സഹിക്കില്ല. എന്നാലോ, തിരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും പോയുറങ്ങണമെന്നുണ്ടായിരുന്നു മന്‍മോഹന്‌. ജയിക്കാതിരിക്കാനുള്ള പണി മന്‍മോഹന്‍തന്നെ നോക്കേണ്ട നിലയാണ്‌ വന്നിരിക്കുന്നത്‌. ജയിച്ചാല്‍ മന്‍മോഹന്‍ വീണ്ടും പ്രധാനമന്ത്രിയാകണമെന്ന്‌ സോണിയാജി നിര്‍ബന്ധിക്കുകയാണ്‌. പ്രധാനമന്ത്രി മാറില്ലെങ്കിലും ഭരണത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാകും. ഇപ്പോള്‍ തലയ്‌ക്ക്‌ മുകളില്‍ സോണിയാജിയേ ഉള്ളൂ. അതുമാറും. മൂക്കിന്‌ മുന്നില്‍ രാഹുല്‍ജിയും ഉണ്ടാകും. കേന്ദ്ര ആഭ്യന്തരമന്ത്രി, രാജ്യരക്ഷാമന്ത്രി തുടങ്ങിയ ഏതെങ്കിലും നാമമാത്ര തസ്‌തികയിലാകും ഇരിപ്പ്‌. സോണിയാജിയുടെ തീരുമാനങ്ങള്‍ തുടക്കത്തില്‍ രാഹുല്‍ജി മന്‍മോഹനനെ അറിയിക്കും. അത്‌ അപ്രന്റീസ്‌ഷിപ്പ്‌ കാലം. ക്രമേണ അതുമാറും. സോണിയാജിക്ക്‌ ക്രമേണ പണികുറയും. ഒരു ഘട്ടം കഴിഞ്ഞാല്‍ മന്‍മോഹന്‍ജിക്ക്‌ വീട്ടില്‍ പോയിരിക്കാനാവും. എണ്‍പത്‌ വയസ്സെങ്കിലും പിന്നിട്ടിരിക്കും അപ്പോള്‍. രാഹുലിന്ന്‌ നാല്‌പത്‌ തികയും. നല്ല സമയം. ആ പ്രായത്തിലാണ്‌ പിതാജി രാജീവ്‌ജി പ്രധാനമന്ത്രിയായത്‌.

ഇന്ദിരയുടെയും രാജീവിന്റെയും കഴിവുകള്‍ രാഹുലില്‍ സമ്മേളിച്ചിട്ടുണ്ടെന്നാണ്‌ കോണ്‍ഗ്രസ്‌ ആസ്ഥാനത്തുള്ളവര്‍ പറയുന്നത്‌. സാധാരണമനുഷ്യര്‍ക്ക്‌ ഭൂതക്കണ്ണാടി വെച്ചുനോക്കിയാല്‍ കാണാന്‍ കഴിയാത്തത്‌ കാണാന്‍ കഴിയുന്നവരെയാണ്‌ ഹൈക്കമാന്‍ഡില്‍ നിര്‍ത്തിയിരിക്കുന്നത്‌. ബിരുദപഠനം പൂര്‍ത്തിയാക്കാന്‍ മൂന്നുപേര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതിലാണ്‌ കാര്യമായ സാദൃശ്യം കാണാനാകുന്നത്‌. രാഹുല്‍ ഹാര്‍വാര്‍ഡില്‍ പഠനം പൂര്‍ത്തിയാക്കിയതാണെന്നും ഡിഗ്രി കിട്ടാനുള്ള ഗ്രേഡ്‌ ഉണ്ടായിരുന്നില്ല എന്നേ ഉള്ളൂ എന്നും അനുയായികളില്‍ അറിവുള്ളവര്‍ പറയുന്നുണ്ട്‌. ഡിഗ്രിയിലും ഗ്രേഡിലും വലിയ കാര്യമില്ല. അതൊന്നുമില്ലാതെ തന്നെ രാജീവും ഇന്ദിരയും നാട്‌ ഭരിച്ച ്‌ നാനാവിധമാക്കിയിട്ടുണ്ട്‌. ഗാന്ധിജി യെ രാഷ്‌ട്രപിതാവാക്കിയത്‌്‌ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ നോക്കിയിട്ടല്ലല്ലോ.

1999 വരെ വിദേശത്ത്‌ രാഹുല്‍ജി എന്തെടുക്കുകയായിരുന്നു, അതിന്‌ ശേഷം പാര്‍ലമെന്റംഗം ആകും വരെ ഇന്ത്യയില്‍ എന്തെടുക്കുകയായിരുന്നു, വിവാഹിതനാണോ, ആണെങ്കില്‍ ആരാണ്‌ ഭാര്യ, അല്ലെങ്കില്‍ എപ്പോഴുംകൂടെക്കാണുന്ന തരുണി ആരാണ്‌, പ്രധാനമന്ത്രിയാകാനുള്ള അദ്ദേഹത്തിന്റെ യോഗ്യത നിര്‍ണയിച്ചത്‌ ആരാണ്‌, എന്താണ്‌ യോഗ്യത, എ.കെ.ആന്റണിയോ പി.ചിദംബരമോ മുതല്‍ ഇങ്ങ്‌ കേരളത്തിലെ ഉമ്മന്‍ചാണ്ടിയോ ചെന്നിത്തലയോ വരെയുള്ളവരേക്കാള്‍ എന്താണ്‌ കൂടുതലുള്ള കഴിവ്‌ തുടങ്ങി എത്ര ചോദ്യം വേണമെങ്കില്‍ ചോദിക്കാനുള്ള സ്വാതന്ത്ര്യം ഈ നാട്ടിലെ ഓരോ പൗരനുമുണ്ട്‌, മറുപടി നല്‍കിക്കൊള്ളണമെന്നില്ല. അതിനും സ്വാതന്ത്ര്യമുണ്ട്‌.

പാര്‍ട്ടിക്കകത്തെ കടുത്ത നേതൃദാരിദ്ര്യം കൊണ്ടാണ്‌ തങ്ങള്‍ രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ നടക്കുന്നതെന്ന്‌ കോണ്‍ഗ്രസ്സുകാര്‍ സമ്മതിക്കുകയില്ല. ഇഷ്ടം പോലെ യോഗ്യന്മാരുണ്ട്‌. പോരാത്തതിന്‌ ലീഡര്‍ തിരിച്ചുപോയിട്ടുമുണ്ട്‌. യോഗ്യരുടെ വന്‍പട തന്നെ പാര്‍ട്ടിയിലുണ്ടെങ്കിലും യുവതയ്‌ക്ക്‌ പ്രാതിനിധ്യം നല്‍കാന്‍ വേണ്ടി മാത്രമാണ്‌ രാഹുലിനെ പൊക്കിക്കാട്ടുന്നത്‌. ബി.ജെ.പി.യിലും യോഗ്യരെ എണ്ണിയാല്‍ത്തീരില്ല. യുവത്വം മാത്രമല്ല, മറ്റേതും. പക്ഷേ, പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍ എല്‍.കെ.അദ്വാനി മാത്രം.

രാഷ്‌ട്രീയത്തിന്റെ ഒരു മൂല പോലും ഇതുവരെ കണ്ടിട്ടില്ലാത്ത രാഹുലുമായി, രാഷ്‌ട്രീയത്തിന്റെ പതിന്നാല്‌ ലോകവുമറിയുന്ന അദ്വാനിയെ താരതമ്യപ്പെടുത്തുകയൊന്നുമല്ല. പക്ഷേ, സംഗതി ഇതും നേതൃദാരിദ്ര്യം തന്നെ. കോണ്‍ഗ്രസ്സില്‍ ഒരു വിധം, ബി.ജെ.പി.യില്‍ മറ്റൊരുവിധം. മൂപ്പെത്താത്തവരെ വംശമഹിമയുടെ പേരില്‍മാത്രം പൊക്കിക്കാട്ടുന്നതും മൂപ്പേറി കൊഴിയാന്‍ തുടങ്ങിയവരെ കഷ്ടപ്പെട്ട്‌ ഉന്തിത്തള്ളിക്കൊണ്ടുവരുന്നതും തമ്മില്‍ വലിയ വ്യത്യാസമില്ല. കോണ്‍ഗ്രസ്സില്‍ യോഗ്യതയുള്ള കുടുംബം ഒന്നേ ഉണ്ടായിരുന്നുള്ളു എങ്കിലും പാര്‍ട്ടിക്ക്‌ അനേകം പ്രധാനമന്ത്രിമാരും സൂപ്പര്‍ പ്രധാനമന്ത്രിമാരും ഉണ്ടായിരുന്നു. ബി.ജെ.പി.ക്കോ? അരനൂറ്റാണ്ടായി അടലും അദ്വാനിയും മാത്രം.

നീണ്ട എണ്‍പത്തിഒന്നുകൊല്ലം മുമ്പാണ്‌ അദ്വാനി ജനിച്ചത്‌. ഈ പ്രായത്തില്‍ പ്രധാനമന്ത്രിയാകരുതെന്ന്‌ ഭരണഘടനയിലില്ല. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായത്‌ ഇതിനേക്കാള്‍ രണ്ടുവര്‍ഷം കൂടി മൂപ്പേറിയ ഘട്ടത്തിലാണ്‌. അന്ന്‌ മൊറാര്‍ജിയെ അല്ല പ്രാന്തനെന്ന്‌ സര്‍ട്ടിഫിക്കറ്റുള്ള രാജ്‌ നാരായണനെ പ്രധാനമന്ത്രിയാക്കാന്‍പോലും ജനം തയ്യാറായിരുന്നു. ഇന്ന്‌ രണ്ടുസംസ്ഥാനങ്ങളിലെങ്കിലും അദ്വാനിയേക്കാള്‍ പ്രായമുള്ള മുഖ്യമന്ത്രിമാരുണ്ട്‌. പിന്നെയെന്താണ്‌ പ്രശ്‌നം? പ്രശ്‌നമൊന്നുമില്ല. അഞ്ചുവര്‍ഷം ഉപപ്രധാനമന്ത്രിയായ ആളെത്തന്നെ പ്രധാനമന്ത്രിയാക്കണമെന്ന്‌ തോന്നുന്നത്‌ തെറ്റേയല്ല. വിഭജനകാലത്തില്‍ നിന്ന്‌ ഒരു ഫര്‍ലോങ്‌ മുന്നോട്ട്‌ പോയിട്ടില്ല പാര്‍ട്ടി. വിചാരവും ധാരയുമൊക്കെ അന്നത്തേതുതന്നെ, നേതാവും അന്നത്തേതായാല്‍ ഒന്നാന്തരം.

പൊതുപ്രവര്‍ത്തനത്തിന്റെയും ജീവിതത്തിന്റെ തന്നെയും മുഖ്യഘട്ടം പിന്നിട്ടുവെന്ന്‌ ബോധ്യപ്പെടുമ്പോഴാണ്‌ മിക്ക ആളുകളും ആത്മകഥയെഴുതുന്നത്‌. അദ്വാനിയും എഴുതിത്തുടങ്ങിയത്‌ അങ്ങനെ. രാമകഥ പറഞ്ഞ്‌ മടുത്തപ്പോഴാവണം ആത്മകഥ. പിന്നെയാണ്‌ മനസ്സിലായത്‌ ഒരംഗത്തിനുള്ള ബാല്യം ബാക്കിയുണ്ടെന്ന്‌. വാക്കിങ്‌ സ്‌റ്റിക്ക്‌്‌ കൊണ്ട്‌ മാങ്ങയും കൊളുത്തിയിടാം. ആത്മകഥ കൊണ്ട്‌ വോട്ടുപിടിക്കാമോ എന്ന്‌ പരീക്ഷണം. അദ്വാനി ജനിച്ച അതേ വര്‍ഷം ജനിച്ച മറ്റൊരു നേതാവ്‌ ഇവിടെ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്‌. പതിനേഴ്‌ വര്‍ഷം മുമ്പ്‌ പ്രധാനമന്ത്രിസ്ഥാനമൊഴിഞ്ഞ ചന്ദ്രശേഖര്‍. അമ്പത്താറാംവയസ്സില്‍ തിരുവനന്തപുരം മുതല്‍ ഡല്‍ഹി വരെ പദയാത്ര നടത്തിയ നേതാവ്‌. ആരോഗ്യമുള്ളതുകൊണ്ടോ അനുയായികളുള്ളതുകൊണ്ടോ മാത്രം ഒരു നേതാവ്‌ കാലഹരണപ്പെടാതിരിക്കുന്നില്ല എന്ന്‌ ചന്ദ്രശേഖര്‍ നേരത്തെ മനസ്സിലാക്കിയിരുന്നു. എല്ലാവര്‍ക്കും അത്‌ മനസ്സിലാകണമെന്നില്ല.

അബദ്ധപഞ്ചാംഗമാണ്‌ അദ്വാനിയുടെ ആത്മകഥയെന്ന്‌ അത്‌ വായിച്ച ചിലര്‍ പറയുന്നു. എന്‍.ഡി.എ. ഭരണത്തിന്റെ കൈക്കുറ്റപ്പാടുകള്‍ക്കൊന്നും താന്‍ ഉത്തരവാദിയായിരുന്നില്ല എന്ന്‌ സ്ഥാപിക്കാനുള്ള വെപ്രാളം. വിദേശകാര്യമന്ത്രി ഭീകരവാദിയെയും കൊണ്ടു വിമാനത്തില്‍ പറക്കാന്‍ തീരുമാനിച്ച വിവരം അറിഞ്ഞിട്ടില്ലാത്ത ആഭ്യന്തരമന്ത്രി. തന്നോടൊപ്പം മന്ത്രിസഭയിലുണ്ടായിരുന്ന ഒമര്‍ അബ്ദുല്ലയ്‌ക്കും അച്ഛനും കശ്‌മീരിന്റെ സ്വയംഭരണത്തേക്കാള്‍ താത്‌പര്യം മന്ത്രിസ്ഥാനത്തിലായിരുന്നു എന്ന്‌ എഴുതിയിട്ടുണ്ട്‌ അന്നത്തെ ആഭ്യന്തരമന്ത്രി. ഇത്തരം നേതാക്കളെ വിശ്വസിച്ചെങ്ങനെ മുന്നണിയില്‍ച്ചേരും ? ഇനി എന്‍.ഡി.എ.ക്കൊപ്പം പോകില്ലെന്ന്‌ ഉറപ്പിച്ച്‌ പറഞ്ഞിരിക്കുന്നു അച്ഛനും മോനും. ഇനിയാരെല്ലാം തള്ളിപ്പറയുമെന്ന്‌ കാത്തിരുന്നുകാണാം.

നേതൃദാരിദ്ര്യം കേരളത്തിലില്ല. നേതാക്കള്‍ ഇഷ്ടം പോലെയുണ്ട്‌. പന്തല്‌ നിറയെ തൂണാണ്‌. പക്ഷേ, സാമാന്യബുദ്ധിയുടെ ദാരിദ്ര്യം ഉണ്ടോ എന്നൊരു സംശയം. ഭക്ഷ്യമന്ത്രി ശരദ്‌ പവാറിനെക്കണ്ടാല്‍ വല്ലതും തടയുമോ എന്നറിയാന്‍ ഭിക്ഷാപാത്രവുമായി പോകുമ്പോള്‍ അങ്ങേരുടെ സ്വന്തക്കാരനായ കെ.മുരളീധരനെക്കൂടി കൂട്ടാനുള്ള സാമാന്യബുദ്ധി്‌ ഇല്ലാതെപോയി.

നിയമസഭയില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികളെയാണ്‌ സാധാരണ സര്‍വകക്ഷികൂട്ടായ്‌മകളില്‍ പങ്കെടുപ്പിക്കാറുള്ളത്‌. നിയമസഭയ്‌ക്കകത്ത്‌ രണ്ടംഗങ്ങളും പുറത്ത്‌ അതിന്റെ ഏതാനും പെരുക്കം അംഗസംഖ്യയുള്ള ഊക്കന്‍ പാര്‍ട്ടിയായിരുന്നിട്ടും എന്‍.സി.പി.യെ ക്ഷണിക്കാതിരിക്കുന്നതില്‍ ഉമ്മന്‍ചാണ്ടിയും വി.എസ്സും യോജിച്ചു. പൊതുപ്രശ്‌നങ്ങളില്‍ എല്‍.ഡി.എഫും യു.ഡി.എഫും യോജിക്കും എന്ന്‌ ഇരുനേതാക്കളും പറയാറുള്ളതിന്റെ പൊരുള്‍ ഇപ്പോഴേ തിരിഞ്ഞുള്ളൂ. കാര്യമൊക്കെ ശരി, അരി കിട്ടാന്‍ ഡല്‍ഹിക്ക്‌ വിമാനം കയറിയപ്പോള്‍ അടുപ്പത്ത്‌ കയറ്റിയ ചെമ്പ്‌ ഇറക്കിവെച്ചേക്ക്‌.

Leave a Reply

Your email address will not be published. Required fields are marked *

Go Top