സോണിയാദശകം

ഇന്ദ്രൻ

സോണിയാഗാന്ധി പാര്‍ട്ടിപ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുത്ത്‌ പത്ത്‌ വര്‍ഷം തികച്ചതില്‍ രാജ്യവ്യാപകമായി ആഹ്‌ളാദത്തിലാണ്‌ കോണ്‍ഗ്രസ്സുകാര്‍. ആവതുപോലെ മിഠായിവിതരണം, പായസദാനം, കഞ്ഞിപ്പാര്‍ച്ച, പന്തംകൊളുത്തിപ്പട തുടങ്ങിയവയോടെയാണ്‌ ഇതു കൊണ്ടാടിയത്‌. 122 വര്‍ഷത്തിനിടയില്‍ വേറെ ഒരാള്‍ക്കും പത്തുവര്‍ഷം തുടര്‍ച്ചയായി ഇപ്പണിചെയ്യാന്‍ കഴിഞ്ഞിരുന്നില്ല എന്ന്‌ ചരിത്രം പറയുന്നു. മിക്കവാറും ഈ റെക്കോഡ്‌ ബ്രെയ്‌ക്‌ ചെയ്യാന്‍ ഇനിയാര്‍ക്കും കഴിയാനിടയില്ല. ജീവനുള്ളേടത്തോളം കാലം, അവരെ സ്ഥാനത്ത്‌ നിന്നിറങ്ങാന്‍ കോണ്‍ഗ്രസ്സുകാര്‍ സമ്മതിക്കുന്ന പ്രശ്‌നമില്ല.

എന്താണ്‌ സോണിയാഗാന്ധിയോട്‌ കോണ്‍ഗ്രസ്സുകാര്‍ക്കുള്ള കടപ്പാട്‌ ? മദാമ്മയാണ്‌, ഇംഗ്‌ളീഷിലെഴുതിയാണ്‌ ഹിന്ദി വായിക്കുന്നത്‌, ഇന്ത്യയെപ്പറ്റി ഒരു ചുക്കും അറിയില്ല, രാഷ്‌ട്രീയം തീരെ അറിയില്ല, കരുണാകരനെയും കരുണാനിധിയെയും വേര്‍തിരിച്ചറിയില്ല തുടങ്ങിയ കുറ്റങ്ങളും കുറവുകളും നൂറെണ്ണം പറഞ്ഞാലും കോണ്‍ഗ്രസ്സുകാര്‍ മാഡംഗാന്ധിയോടുള്ള കടപ്പാട്‌ വിസ്‌മരിക്കുകയില്ല. അത്‌ എന്താണെന്ന്‌്‌ എഴുതിയത്‌ പാര്‍ട്ടിയുടെ വെബ്‌സൈറ്റ്‌ തുറക്കുമ്പോള്‍ത്തന്നെ കാണാം. വീട്ടിന്റെ മുന്‍വശത്ത്‌ യേശുക്രിസ്‌തു ഈ വീടിന്റെ നാഥന്‍/ ശബരിമല അയ്യപ്പന്‍ ഈ വീട്ടിന്റെ നാഥന്‍ എന്നും മറ്റും എഴുതുന്നത്‌ പോലെ എ.ഐ.സി.സി സൈറ്റിന്റെ കോലായയില്‍ എഴുതിവെച്ചിരിക്കുന്നു-” 2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ വിജയത്തിലേക്ക്‌ നയിച്ചതിന്‌ സോണിയാഗാന്ധിക്ക്‌ അഭിനന്ദനങ്ങള്‍ “. വര്‍ഷം നാല്‌ പിന്നിട്ടിട്ടും നന്ദിബോര്‍ഡ്‌ ഇനിയും മാറ്റിയിട്ടില്ല.

അപ്പോള്‍ കാര്യം വ്യക്തം. രാജ്യത്തെ സോഷ്യലിസത്തിലേക്ക്‌ നയിക്കലോ, ഐക്യവും അഖണ്ഡതയും സംരക്ഷിക്കലോ, പട്ടിണി മാറ്റലോ, മതേതരത്വം സംരക്ഷിക്കലോ ഒന്നുമല്ല നേതാവിന്റെ പണി. അതെല്ലാം പണ്ട്‌. പറയാനുള്ളത്‌ നേരെ ചൊവ്വെ പറയുക എന്നതാണ്‌ ഇപ്പോഴത്തെ ലൈന്‍. തിരഞ്ഞെടുപ്പ്‌ ജയിപ്പിക്കലാണ്‌ മാഡത്തിന്റെ ചുമതല. ആര്‍ക്കും സംശയംവേണ്ട. വേറൊന്നിനെക്കുറിച്ചും നേതാവ്‌ വേവലാതിപ്പെടേണ്ട. ഐക്യവും സോഷ്യലിസവുമൊക്കെ നാട്ടുകാര്‍ക്ക്‌ ഭാഗ്യമുണ്ടെങ്കില്‍ താനെ വന്നുകൊള്ളും.

ഇക്കാര്യം മനസ്സിലാകാത്ത ഒരാള്‍ സോണിയാജിയായിരുന്നു. രാജീവ്‌ ജി മരിച്ച്‌ ചിതയില്‍ തീയണയും മുമ്പാണ്‌, സോണിയാജിയെ പാര്‍ട്ടി പ്രസിഡന്റകാന്‍ ക്ഷണിച്ചത്‌. രാജീവ്‌ജിയോടുള്ള സ്‌നേഹബഹുമാനങ്ങള്‍ തന്റെ മേല്‍ ചൊരിയുകയാണെന്നേ അവരും ധരിച്ചുള്ളു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജയിക്കുകയും വേറെ പ്രസിഡന്റും പ്രധാനമന്ത്രിയും ഉണ്ടാകുകയും ചെയ്‌തിട്ടും കോണ്‍ഗ്രസ്സുകാര്‍ നമ്പര്‍ പത്ത്‌ ജനപഥിന്റെ ഗേറ്റും പിടിച്ച്‌ രാവും പകലും നില്‍ക്കുന്നതുകണ്ടപ്പോഴേ സോണിയാജിക്ക്‌ സംഗതിയുടെ ഗൗരവം ബോധ്യപ്പെട്ടുള്ളൂ. വെറും സ്‌നേഹം കൊണ്ടൊന്നും ആരും ആറുവര്‍ഷം കരഞ്ഞുനടക്കില്ല. അതിന്‌ കാരണം വേറെ കാണും. അങ്ങനെയാണ്‌ അവര്‍ അതുചോദിച്ചുമനസ്സിലാക്കിയതും പ്രശ്‌നത്തിന്‌ പരിഹാരമുണ്ടാക്കിയതും. അതെല്ലാം പഴയ കഥ.

പാര്‍ട്ടി പ്രസിഡന്റാകാന്‍ തീരുമാനിച്ച ശേഷം പാര്‍ട്ടി മെമ്പര്‍ഷിപ്പ്‌ എടുത്ത ലോകത്തിലെ ഏകനേതാവായിരുന്നു സോണിയാജി. അങ്ങനെയല്ല, പ്രസിഡന്റായ ശേഷമാണ്‌ മെമ്പര്‍ഷിപ്പ്‌ എടുത്തത്‌ എന്ന്‌ വന്നാലും അതൊരു കുറവായി കാണേണ്ടതില്ല. മെമ്പര്‍ഷിപ്പും പ്രസിഡന്റ്‌ സ്ഥാനവുമൊന്നും ഇല്ലാതെതന്നെ പാര്‍ട്ടിക്ക്‌ വേണ്ടി നേരെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിറങ്ങി. ജയിച്ചില്ല. സീതാറാം കേസരി, നരസിംഹറാവു തുടങ്ങിയ കത്തിവേഷങ്ങള്‍ രൗദ്രഭാവത്തില്‍ പാര്‍ട്ടിപോസ്റ്ററുകളില്‍ ഉണ്ടായിരുന്നതുകൊണ്ടാണ്‌ പടം പൊട്ടിയതെന്ന്‌ പറയുന്നവരുണ്ട്‌. ഒരിക്കല്‍ നോക്കിയവര്‍ വീണ്ടും നോക്കാത്ത മട്ടായിരുന്നു കോലങ്ങള്‍. മെമ്പറും പ്രസിഡന്റുമായ ശേഷം വീണ്ടുമൊരു വട്ടംകൂടി ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനിറങ്ങി. ഇത്തവണ മേല്‍പ്പറഞ്ഞ വേഷങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും പാര്‍ട്ടി എട്ടുനിലയില്‍ പൊട്ടി. മൂന്നാംതവണയും തോറ്റിരുന്നുവെങ്കില്‍ കോണ്‍ഗ്രസ്സുകാര്‍ സോണിയാജിയുടെ ശീട്ടുകീറുമായിന്നു. അങ്ങനെ സംഭവിച്ചില്ല, കോണ്‍ഗ്രസ്‌ പക്ഷമാണ്‌ ജയിച്ചത്‌. സത്യമായും ഒരു കാര്യം പറയാം. ആദ്യം തോറ്റതെന്തുകൊണ്ടെന്നോ പിന്നീട്‌ ജയിച്ചതെന്തുകൊണ്ടെന്നോ നേതാവിന്‌ വ്യക്തമായിരുന്നില്ല. ജനാധിപത്യത്തിന്റെ ഓരോരോ കളികള്‍ എന്നല്ലാതെന്ത്‌ പറയാന്‍. 2004ല്‍ ജയിച്ചപ്പോള്‍ വേണമെങ്കില്‍ പ്രധാനമന്ത്രിയാകാമായിരുന്നു. ബി.ജെ.പി.ക്കാര്‍ നാടുകുട്ടിച്ചോറാക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയതുകൊണ്ടൊന്നുമല്ല. താന്‍ പ്രധാനമന്ത്രിയാകുന്നതു ഗുണത്തേക്കാള്‍ ദോഷമാണെന്ന്‌ അവര്‍ക്കും ബോധ്യമായെന്നതാണ്‌ സത്യം. കോണ്‍ഗ്രസ്സുകാര്‍ക്ക്‌ അത്‌ ഇന്നും ബോധ്യമായിട്ടില്ലെന്നത്‌ വേറെകാര്യം.

ഈ പത്തുവര്‍ഷത്തെയും സേവനം നിസ്വാര്‍ഥമായിരുന്നു. എത്ര കാലമാണെന്ന്‌ വെച്ചാണ്‌ നിസ്വാര്‍ഥം നടക്കുക. യുവാക്കളിലല്ലേ രാജ്യത്തിന്റെ്‌ ഭാവി ? സോണിയാജിക്ക്‌ അതിനെക്കുറിച്ച്‌ നല്ല ബോധ്യമുണ്ട്‌. പോരാത്തതിന്‌, യുവനക്ഷത്രം രാഹുല്‍ജി ഉദിച്ചുയരുന്നുണ്ട്‌. ‘ ലോകത്തിലേക്ക്‌ വെച്ച്‌ ഏറ്റവും വലിയ ജനാധിപത്യപാര്‍ട്ടി ‘ എന്നാണ്‌ എ.ഐ.സി.സി വെബ്‌ സൈറ്റിലെ അവകാശവാദം. അതറിയാഞ്ഞതുകൊണ്ടാവണം, കോണ്‍ഗ്രസ്സില്‍ ജനാധിപത്യമില്ലെന്ന്‌ രാഹുല്‍ജി ഏതാനും ദിവസം മുമ്പ്‌ പറഞ്ഞത്‌. യുവാക്കള്‍ക്ക്‌ അനുകരണീയ മാതൃകയാണ്‌ അദ്ദേഹം. മുതുമുത്തശ്ശന്‍ നെഹ്‌റു ഇന്ത്യയെക്കണ്ടെത്തിയതാണല്ലോ എന്ന്‌ പറഞ്ഞ്‌ മിണ്ടാതിരുന്നില്ല യുവാവ്‌ . സ്വയം ഇന്ത്യയെ കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ചു. ഗ്രാമങ്ങളില്‍ സ്റ്റാര്‍പദവിയോ എയര്‍കണ്ടീഷന്‍ പോലുമോ ഇല്ലാത്ത വീടുകളില്‍ ഉറങ്ങി. അടുത്ത തിരഞ്ഞെടുപ്പിലല്ലെങ്കില്‍ അതിനടുത്ത തിരഞ്ഞെടുപ്പിലെങ്കിലും ദേശ്‌ കാ നേതാ ആയി വോട്ടര്‍മാര്‍ അദ്ദേഹത്തെ യഥാസ്ഥാനത്ത്‌ ഇരുത്തും എന്ന പ്രതീക്ഷയിലാണ്‌ സോണിയാജി. അതുസംഭവിച്ചാലും ഇല്ലെങ്കിലും കോണ്‍ഗ്രസ്സും സോണിയയും ഉള്ള കാലം വരെ പ്രസിഡന്റ്‌ സ്ഥാനത്ത്‌ അവരുണ്ടാകും. തീര്‍ച്ച.
********

ആലപ്പുഴയും സ്‌പെഷല്‍ ഇക്‌ണോമിക്‌ സോണാണ്‌്‌. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സ്‌പെഷല്‍ സോണുകളില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌ സി.ഐ.ടി.യു പ്രഖ്യാപിക്കുന്ന ആലപ്പുഴ പോലത്തെ സോണുകള്‍. കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകളുടെ തൊഴില്‍ നിയമങ്ങളൊന്നും രണ്ടുസോണുകളിലും ബാധകമല്ല. ഒരിടത്ത്‌ തൊഴില്‍ എങ്ങനെ ചെയ്യണമെന്ന്‌്‌ മുതലാളിമാര്‍ നിശ്ചയിക്കും. മറ്റേയിടത്ത്‌ അത്‌ സി.ഐ.ടി.യു നിശ്ചയിക്കും. ജോലിക്കിടയില്‍ കൂടുതല്‍തവണ മൂത്രമൊഴിക്കാന്‍ പോയാല്‍ കൂലി കുറക്കുന്നതിനുള്ള കമ്പ്യൂട്ടര്‍ സംവിധാനം ചില രാജ്യങ്ങളിലുമുണ്ടത്രെ. സര്‍ക്കാര്‍ സ്‌പെഷല്‍ സോണുകളിലും ഇത്തരം അത്യാധുനികസംവിധാനങ്ങള്‍ ക്രമേണ വന്നേക്കും. വികസനം വരണമെങ്കില്‍ ചിലപ്പോള്‍ മൂത്രമൊക്കെ കുറക്കേണ്ടി വന്നേക്കും. പരിഭവിച്ചിട്ട്‌ കാര്യമില്ല.

മറ്റിടങ്ങളിലുള്ള തൊഴിലാളികള്‍ അംഗീകരിക്കുന്ന നിയമങ്ങള്‍ ആലപ്പുഴയില്‍ ബാധകമല്ല. പ്രത്യേകതൊഴില്‍ നിയമങ്ങള്‍ കൊണ്ടുവരാന്‍ ഇന്ത്യന്‍ ഭരണഘടന അവിടെ ചില തൊഴിലാളിസംഘടനകള്‍ക്ക്‌ അധികാരം നല്‍കിയിട്ടുണ്ടെന്നാണ്‌ തോന്നുന്നത്‌. വകുപ്പും ഉപവകുപ്പുമൊന്നും ചോദിക്കരുത്‌. അധികാരമുണ്ടെന്നുമാത്രം മനസ്സിലാക്കിയാല്‍ മതി. അതില്ലായിരുന്നുവെങ്കില്‍ കര്‍ഷകന്‌ കൊയ്യാന്‍ തൊഴിലാളിയൂണിയന്‍ ഓഫീസില്‍ പോയി ഓച്ഛാനിച്ച്‌ നിന്ന്‌ എന്‍.ഓ.സി. വാങ്ങേണ്ടിവരില്ലായിരുന്നുവല്ലോ. അധ്വാനം എനിക്കിഷ്ടമാണ്‌, ഞാനത്‌ എത്രനേരവും നോക്കിനില്‍ക്കും എന്ന്‌ പറഞ്ഞതുപോലെ പണിയെടുക്കുന്നത്‌ നോക്കിനിന്നതിന്‌ കൂലി വാങ്ങുന്ന തൊഴിലാളി ലോകത്തിലിവിടെയേ ഉള്ളൂ. മണ്ണു നിങ്ങള്‍ ടിപ്പര്‍ വെച്ചിറക്കിക്കോ, ഞങ്ങള്‍ നോക്കിനില്‍ക്കാം, അതിന്റെ കൂലി തന്നാല്‍ മതി.

അകാലത്തില്‍ പെയ്‌ത മഴയില്‍ നെല്ല്‌ വയലില്‍ക്കിടന്ന്‌ മുളച്ചപ്പോഴേ ലോകം ആലപ്പുഴയിലെ പ്രത്യേക തൊഴില്‍നിയമത്തെക്കുറിച്ച്‌ അറിഞ്ഞുള്ളൂ. യു.ഡി.എഫ്‌ നേതാക്കള്‍ ഉടനെ അങ്ങോട്ട്‌ കുതിച്ച്‌ പ്രതീകാത്മക മുതലെടുപ്പ്‌ …ക്ഷമിക്കണം പ്രതീകാത്മക വിളവെടുപ്പ്‌ നടത്തി. സമീപഭാവിയില്‍ കേരളത്തില്‍ മൊത്തം വിളവെടുപ്പ്‌ പ്രതീകാത്മകമാകും. ഇവിടെ വേണ്ടതിന്റെ നാലിലൊന്നുതൊഴിലാളികളേ ഉള്ളൂ. കൊയ്‌ത്ത്‌ യന്ത്രത്തിന്‌ പോലും തമിഴനെ ആശ്രയിക്കണം. കൃഷിയും കൊയ്‌ത്തും മാത്രമല്ല ക്രമേണ ഭക്ഷണം കഴിക്കലും പ്രതീകാത്മകമാവുന്നതാണ്‌.

********

‘ ഞാന്‍ ഈ ദേവസ്വം ബോര്‍ഡ്‌ മെമ്പര്‍മാരെ അടിക്കും. പല പ്രാവശ്യം കൈ ഓങ്ങിയതാണ്‌. പ്രത്യേകിച്ച്‌ ആ സ്‌ത്രീയെ.
ചോദ്യം: എത്ര പ്രാവശ്യം?
ഉത്തരം: കുറഞ്ഞത്‌ ഒരു പത്ത്‌ പന്ത്രണ്ട്‌ പ്രാവശ്യം.
ചോദ്യം : അത്‌ സ്‌ത്രീ പീഡനമാവുകയില്ലേ ?
ഉത്തരം : എനിക്കതില്‍ പേടിയൊന്നുമില്ല. സ്‌ത്രീപീഡനമായിരിക്കാം. മരിക്കാനും ജയിലില്‍ക്കിടക്കാനുമൊന്നും എനിക്ക്‌ പേടിയില്ല. അടുത്ത ദിവസങ്ങള്‍ക്കകം അതുനടന്നിരിക്കും.’

രണ്ടാഴ്‌ച മുമ്പ്‌ ചാനലില്‍ നടന്നതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട അഭിമുഖത്തിന്റെ പ്രസക്തഭാഗമാണ്‌ വായിച്ചത്‌. അഭിമുഖം ചെയ്യപ്പെട്ടത്‌ തലസ്ഥാനത്തെ അധോലോകക്വട്ടേഷന്‍ സംഘാംഗമൊന്നുമല്ല. ആള്‌ മഹാമാന്യനാണ്‌, ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റാണ്‌്‌. ദേവസ്വം ബോര്‍ഡിനെ ദൈവം രക്ഷിക്കട്ടെ. `ആ സ്‌ത്രീയെ’ അടിക്കുമെന്ന്‌ വാഗ്‌ദാനം ചെയ്‌ത ദിവസത്തിനകം അത്‌ നടന്നോ എന്നറിയാനാണ്‌ കുറച്ചുദിവസം കാത്തുനിന്നത്‌. അവിചാരിതമായ കാരണങ്ങളാല്‍ നടന്നില്ല എന്നുതോന്നുന്നു.

പഠിക്കുന്ന കാലത്ത്‌ എ.കെ.ആന്റണി, വയലാര്‍ രവി തുടങ്ങിയവരെ പലവട്ടം അടിച്ചതായി അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. അവകാശവാദം കേട്ടാല്‍ ദിവസം മിനിമം പത്തുപേരെയെങ്കിലും അടിക്കാറുണ്ടെന്ന്‌ ഉറപ്പിക്കാം. മഹാമാന്യന്റെ ഭാര്യാപിതാവ്‌ കേരളത്തിലെ ഏറ്റവും ആദരണീയനായ ജനനേതാവും ഭരണാധികാരിയുമായിരുന്നു. അദ്ദേഹത്തെയും അടിച്ചിട്ടുണ്ടാകുമോ എന്നറിയില്ല. അഭിമുഖത്തില്‍ എന്തായാലും അങ്ങനെ അവകാശപ്പെട്ടിട്ടില്ല.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ സംബന്ധിച്ച്‌ ഇനി ആരും ഒന്നും പരസ്യമായി പറയരുതെന്ന്‌ ഇടതുമുന്നണി ഏകോപനസമിതി തീരുമാനിച്ചിട്ടുണ്ട്‌. അതിനര്‍ഥം ഇനി വൈകാതെ ‘ കൈക്രിയ’ തുടങ്ങും എന്നായിരിക്കുമല്ലോ. അക്ഷമരായി കാത്തിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Go Top