സി.പി.ഐ ധര്‍മസങ്കടങ്ങള്‍

ഇന്ദ്രൻ

എന്താണ്‌ സി.പി.ഐ.യും സി.പി.എമ്മും തമ്മിലുള്ള വ്യത്യാസം ? സി.പി.ഐ.ക്കാരോടാണ്‌ ചോദ്യമെങ്കില്‍ ഉത്തരം കിട്ടാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ടാകും. ബുദ്ധിജീവികള്‍ക്കും മുട്ടും ഉത്തരം. വ്യത്യാസമൊന്നുമില്ല എന്നാണ്‌ ആദ്യം പറയുക. വീണ്ടും കടുപ്പിച്ചൊന്നുചോദിച്ചാല്‍ സ്ഥിതിമാറും. വ്യത്യാസങ്ങള്‍ ഓരോന്നായി പറഞ്ഞുതുടങ്ങും. എല്ലാം പറഞ്ഞുതീര്‍ന്നാല്‍ മനസ്സിലാകും സി.പി.ഐ.യും സി.പി.എമ്മും തമ്മിലുള്ള വ്യത്യാസം ആടും ആടലോടകവും തമ്മില്‍പോലും ഇല്ല എന്ന്‌. ഇതൊക്കെയാണെങ്കിലും, ഒന്നുകില്‍ ലയനം അല്ലെങ്കില്‍ പുനരേകീകരണം അതുമല്ലെങ്കില്‍ ഐക്യം അതും പറ്റില്ലെങ്കില്‍ വേണ്ട, യോജിപ്പുള്ള പ്രശ്‌നങ്ങളില്‍ യോജിച്ച പ്രവര്‍ത്തനം-ഇതിലേതെങ്കിലും ഒന്ന്‌ നിര്‍ബന്ധമാണെന്ന്‌ സി.പി.ഐക്കാര്‍ വിളിച്ചുപറയും. അതാണ്‌ സി.പി.ഐ.ക്കാരുടെ ഗുണം. വളച്ചുകെട്ടില്ല, നേരെ വാ നേരെ പോ. ഇത്തവണ പക്ഷേ എന്തുകൊണ്ടെന്നുമറിയില്ല. ഹൈദരബാദ്‌ കോണ്‍ഗ്രസ്‌ ലയനത്തെപ്പറ്റി ഒരക്ഷരം മിണ്ടുകയുണ്ടായില്ല.

കമ്യുണിസ്‌റ്റ്‌ പാര്‍ട്ടിയുടെ രീതികളെക്കുറിച്ച്‌ അറിയാത്തവര്‍ പലതിനെയും പരിഹസിക്കും. ഒരു ഉദാഹരണം നോക്കണേ…ഹൈദരബാദില്‍ ചേര്‍ന്ന ഇരുപതാം കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച കരട്‌ രാഷ്‌ട്രീയറിപ്പോര്‍ട്ടില്‍ ഒരിടത്ത്‌ അവിഭക്ത കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി എന്നൊരു പ്രയോഗമുണ്ടായിരുന്നു. പഴയ കാലത്തെക്കുറിച്ചൊരു നൊസ്റ്റാള്‍ജിയ ആയിരുന്നു അത്‌്‌. അതിലാര്‍ക്കും അഭിപ്രായവ്യത്യാസം ഉണ്ടാകേണ്ട കാര്യമില്ല. അവിഭക്ത കോണ്‍ഗ്രസ്‌ എന്നുപറയാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക്‌ മടിയില്ല. കമ്യു.പാര്‍ട്ടി അറുപത്തിനാലില്‍ പിളര്‍ന്നു എന്ന്‌ അംഗീകരിക്കാത്തവര്‍ ഈ ഭൂലോകത്തില്ല. പക്ഷേ സമ്മേളനപ്രതിനിധികള്‍ ‘ അവിഭക്ത പാര്‍ട്ടി’ ‘ എന്ന പ്രയോഗം ശരിയല്ല എന്ന്‌ വാദിച്ചു,തര്‍ക്കിച്ചു. രക്ഷയില്ല, ഒടുവില്‍ അത്‌ നീക്കം ചെയ്യേണ്ടിവന്നു എന്നാണ്‌ റിപ്പോര്‍ട്ട്‌. അന്നത്തെ പിളര്‍പ്പ്‌ പിളര്‍പ്പായിരുന്നില്ല, ചിലര്‍ ഇറങ്ങിപ്പോയി വേറെ പാര്‍ട്ടിയുണ്ടാക്കിയെന്ന്‌ മാത്രം. പക്ഷേ, ഇനി വേണ്ടത്‌ ലയനം തന്നെ, അതുനിര്‍ബന്ധം.

നാലുവര്‍ഷം കൂടുമ്പോള്‍ പാര്‍ട്ടികോണ്‍ഗ്രസ്‌ ചേരുന്നത്‌ കുറെ പ്രമേയം പാസ്സാക്കാനല്ല. സോഷ്യലിസത്തിലേക്ക്‌ പോകാനുള്ള തന്ത്രങ്ങളും നയങ്ങളും രൂപപ്പെടുത്താനാണ്‌. മറ്റേകൂട്ടര്‍ കൊയമ്പത്തൂരില്‍ ഇതേ പണി നടത്തിക്കൊണ്ടിരിക്കുകയാണ്‌. കോണ്‍ഗ്രസ്സിലെ ഒരു നിര്‍ബന്ധ നടപടിക്രമം ഹെല്‍ത്ത്‌ ചെക്കപ്പാണ്‌. പാര്‍ട്ടിയ്‌ക്ക്‌ നോര്‍മലായ നാഡിമിടിപ്പുണ്ടോ ശ്വാസമുണ്ടോ എന്നെല്ലാം സൂക്ഷ്‌മമായി പരിശോധിക്കും. അതിന്റെ റിപ്പോര്‍ട്ട്‌ കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കും. രോഗത്തിനെല്ലാം അംഗങ്ങള്‍ പ്രതിവിധികള്‍ നിര്‍ദ്ദേശിക്കും. ഇരുപതാം കോണ്‍ഗ്രസ്സില്‍ പാര്‍ട്ടി ആരോഗ്യനിലയെക്കുറിച്ച്‌ ഗൗരവപൂര്‍ണമായ ചെക്കപ്പ്‌ നടത്തുകയുണ്ടായി. കണക്കപ്പിള്ളയുടെ വീട്ടില്‍ എന്നും കരിക്കലും പൊരിക്കലും, കണക്കുനോക്കിയപ്പോള്‍ കരച്ചിലും പിഴിച്ചിലും എന്നു പറഞ്ഞതുപോലെയായി സമ്മേളനത്തിലെ ഹെല്‍ത്ത്‌ ചെക്കപ്പ്‌. പാര്‍ട്ടിയുടെ അംഗസംഖ്യയില്‍ കഴിഞ്ഞ പതിനഞ്ചുകൊല്ലത്തിനിടയില്‍ ഒരു മാറ്റവുമില്ല. ബോണ്‍സായി വൃക്ഷം പോലെയാണ്‌ പാര്‍ട്ടി. സീനിയോറിറ്റിയില്‍ കോണ്‍ഗ്രസ്‌്‌ കഴിഞ്ഞാല്‍ തൊട്ടുതാഴെയാണ്‌ സ്ഥാനം. എന്നാല്‍ പാര്‍ട്ടി വളരുന്നില്ല തളരുന്നുണ്ടുതാനും. ഒരു വര്‍ഷം പതിനായിരം പുതിയ അംഗങ്ങളെച്ചേര്‍ത്താല്‍ കൃത്യം പതിനായിരം അംഗങ്ങള്‍ പാര്‍ട്ടിവിടും. ഇതിന്‌ ഇംഗ്‌ളീഷില്‍ ഡ്രോപ്പൗട്ട്‌ എന്നും മലയാളത്തില്‍ കൊഴിഞ്ഞുപോക്ക്‌ എന്നും പറയും. അങ്ങനെ പാര്‍ട്ടി അതിന്റെ ശക്തിയില്‍ മാറ്റമുണ്ടാകാതെ നോക്കും. സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കാന്‍ വേണ്ടി നടത്തുന്നതാണ്‌ ഈ സ്ലിമ്മിങ്‌. ഹൈദരബാദ്‌ കോണ്‍ഗ്രസ്‌ പരിഹാരം നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. കൊഴിഞ്ഞുപോക്ക്‌ പത്ത്‌ ശതമാനമാക്കി കുറയ്‌ക്കണം, റിക്രൂട്ട്‌മെന്റ്‌ ഇരുപതുശതമാനമാക്കണം. എന്തെളുപ്പം, അങ്ങനെ പാര്‍ട്ടി പത്ത്‌ ശതമാനമെന്ന തോതില്‍ കുത്തനെ വളരും, വൈകാതെ രാജ്യം പിടിക്കും. ഈ ബുദ്ധി നേരത്തെ തോന്നാത്തത്‌ കഷ്ടമായിപ്പോയി.

ഇരുപതാം കോണ്‍ഗ്രസ്സില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തുകൊണ്ടിരിക്കേ, പഴയ കുറെ അംഗങ്ങള്‍ക്കെങ്കിലും ചില വേറെ കുറെ നൊസ്റ്റാള്‍ജിയകള്‍ മനസ്സില്‍ ഓളംവെട്ടുകയുണ്ടായി. കൂട്ടുകാര്‍ക്കൊപ്പം തീര്‍ഥാടനത്തിന്‌ പോയി പുലി പിടിച്ചവന്റെ വീട്ടില്‍ പതിനാറടിയന്തരത്തിന്‌ സദ്യവിളമ്പുന്നതിന്റെ ബഹളംകേട്ട്‌ സഹിക്കാതെ അയല്‍വീട്ടിലെ വൃദ്ധമുത്തശ്ശി ” ഓ..ഇവിടെനിന്നും ഒരുത്തന്‍ പോയിരുന്നല്ലോ, എന്തുപ്രയോജനം !” എന്ന്‌ പുലമ്പിയതായി കഥയുണ്ട്‌. ഹൈദരബാദിലെ ഇരുപതാം കോണ്‍ഗ്രസ്സുകാര്‍ക്ക്‌ മറ്റൊരു ഇരുപതാംകോണ്‍ഗ്രസ്‌ ഓര്‍മവന്നിരിക്കണം. പിതൃരാജ്യമായിരുന്ന സോവിയറ്റ്‌ യൂണിയനിലെ കമ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെ ഇരുപതാം കോണ്‍ഗ്രസ്സാണ്‌ ശരിയായ ഇരുപതാം കോണ്‍ഗ്രസ്‌. അമ്പത്തിരണ്ടുവര്‍ഷം മുമ്പൊരു ഫിബ്രുവരിയില്‍ നടന്ന ഈ കോണ്‍ഗ്രസ്സിലാണ്‌, യഥാര്‍ഥ സോവിയറ്റ്‌ രാഷ്‌ട്രസ്ഥാപകനായ സ്റ്റാലിനെ പാര്‍ട്ടി തള്ളിപ്പറഞ്ഞത്‌. സ്റ്റാലില്‍ കാലഘട്ടത്തിലെ ക്രൂരതകളും ഏകാധിപത്യവാഴ്‌ചയുടെ നിഷ്‌ഠൂരതകളും എണ്ണിയെണ്ണിപ്പറയുന്ന രഹസ്യറിപ്പോര്‍ട്ട്‌ നികിത ക്രൂഷ്‌ചേവ്‌ അവതരിപ്പിച്ചത്‌ സോവിയറ്റ്‌ പാര്‍ട്ടിയുടെ ഇരുപതാം കോണ്‍ഗ്രസ്സിലാണ്‌. 1898 ല്‍ ഒന്നാം കോണ്‍ഗ്രസ്സും 1917 ല്‍ വിപ്‌ളവവും നടത്തിയ പാര്‍ട്ടിയാണിത്‌. ഇരുപതാം കോണ്‍ഗ്രസ്സായപ്പോഴേക്ക്‌ അവര്‍ സ്റ്റാലിനെ തള്ളിപ്പറയാന്‍ പോലും വളര്‍ന്നുകഴിഞ്ഞിരുന്നു. അതും ഇരുപതാം കോണ്‍ഗ്രസ്‌ ഇതും ഇരുപതാം കോണ്‍ഗ്രസ്‌, എന്ത്‌ പ്രയോജനം ?

പാര്‍ട്ടിയെക്കുറിച്ച്‌ ജനങ്ങള്‍ക്ക്‌ നല്ല മതിപ്പാണ്‌, പക്ഷേ, ആളുകള്‍ പാര്‍ട്ടിക്കുവോട്ട്‌ ചെയ്യുന്നില്ല. പഞ്ചാബില്‍ നേരത്തെ രണ്ടുസീറ്റുണ്ടായിരുന്നു. ഇപ്പോഴൊന്നുമില്ല. ഉത്തരപ്രദേശില്‍ 22സീറ്റില്‍ മത്സരിച്ചു, ഒരിടത്തൊഴികെ 5000 വോട്ട്‌ എങ്ങും കിട്ടിയില്ല. മണിപ്പൂരില്‍പ്പോലും നേരത്തെയുള്ള അഞ്ച്‌ മൂന്നായി. ആകപ്പാടെ അശകൊശ. ആകെ ഒരു സമാധാനമേയുള്ളൂ. സി.പി.എമ്മിന്റെ സ്ഥിതിയൊട്ടും ഭേദമല്ല.

പാര്‍ട്ടി ശക്തിപ്പെടുത്താന്‍ യുവനേതൃത്വത്തെ വളര്‍ത്തിക്കൊണ്ടുവരണമെന്നുണ്ട്‌. എന്നാല്‍ സുപര്‍സീനിയര്‍മാര്‍ ഒഴിഞ്ഞുപോകുന്നില്ല. പോകാത്തതല്ല, പോകാന്‍ ജുനിയര്‍കളും സബ്‌ജുനിയര്‍കളും സമ്മതിക്കാത്തതാണ്‌ എന്ന്‌ അവര്‍ പറയുന്നു. ആശാന്‍ തന്നെമതി എന്ന്‌ ആര്‍ത്തുവിളിച്ച്‌ യുവാക്കള്‍ പിറകെകൂടി എന്നാണ്‌ വെളിയം പറഞ്ഞത്‌. ആവോ. എണ്‍പതുകഴിഞ്ഞ വെളിയത്തെയും അതിനോടടുക്കുന്ന ബര്‍ദാനെയും ഒഴിവാക്കാന്‍ യുവാക്കള്‍ സമ്മതിക്കുന്നില്ല. ഏറെ നിര്‍ബന്ധിച്ചപ്പോഴാണ്‌ അറുപത്താറുതികഞ്ഞ യുവനേതാവ്‌ സുധാകര്‍ റെഡ്ഡി ഡപ്യുട്ടി ജനറല്‍ സെക്രട്ടറിയാകാന്‍ തയ്യാറായത്‌. നാലുകൊല്ലം കഴിയുമ്പോള്‍ അദ്ദേഹം പാകമുള്ള യുവനേതാവാകും, അപ്പോള്‍ ജനറല്‍ സെക്രട്ടറിയുമാകാം. കേരളത്തിലൊന്നും അതിനുപോലും പറ്റിയവരില്ല. സി.എന്‍.ചന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, സി.കെ.ചന്ദ്രപ്പന്‍, കെ.ഇ.ഇസ്‌മെയില്‍ തുടങ്ങിയ ശിശുക്കളേ ഉള്ളൂ.

പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ വല്ലതും ചെയ്‌തില്ലെങ്കില്‍ ദേശീയപാര്‍ട്ടിയെന്ന ലേബല്‍തന്നെ ഇല്ലാതാകും. ഇപ്പോഴതിന്‌ ആള്‍ബലമം കഷ്ടിച്ചേ ഉള്ളൂ. മൂന്നാം മുന്നണിയെന്നും മറ്റും പറഞ്ഞുനടന്നതുകൊണ്ടൊരു കാര്യവുമില്ല. സംസ്ഥാനത്തെ അവസ്ഥ നോക്കി മുന്നണിയോ കൂട്ടുകെട്ടോ ഉണ്ടാക്കുകയേ രക്ഷയുള്ളു. ആന്ധ്രയില്‍ കഴിഞ്ഞ തവണ തെലുഗുദേശത്തെ തോല്‍പ്പിക്കാനെന്ന്‌ പറഞ്ഞ്‌ കോണ്‍ഗ്രസ്സിനൊപ്പം കൂടി. ഇത്തവണ കോണ്‍ഗ്രസ്സിനെതോല്‍പ്പിക്കാനെന്ന്‌ പറഞ്ഞ്‌ തെലുഗുദേശത്തിനൊപ്പം കൂടണം. അങ്ങനെ ഓരോ സംസ്ഥാനത്തും തരാതരംപോലെ. സീറ്റാണ്‌ പ്രധാനം. ബാക്കിയൊക്കെ പിറകെ…

*******

ലാപ്‌ടോപ്പ്‌ കാണാതെപോയതിന്റെ ദു:ഖം മൂലം വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌തു. വേദനാജനകമാണ്‌ സംഭവം. അച്ഛനമ്മമാര്‍ക്കാണ്‌ വലിയ നഷ്ടം. സഹപാഠികള്‍ക്ക്‌ കൊടുംവേദന. ചെയ്യാത്ത റാഗിങിന്റെ പേരില്‍, തന്നെ കുറ്റവാളിയാക്കാന്‍ ശ്രമിക്കുന്നുവെന്നറിഞ്ഞ്‌ ദു:ഖിതനായ മറ്റൊരു വിദ്യാര്‍ഥി ആത്മഹത്യക്ക്‌ ശ്രമിച്ചു. ദു: ഖവും വേദനയുമെല്ലാം കഴിഞ്ഞാല്‍ കുട്ടികളോട്‌ പറയേണ്ട കാര്യം, ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പറയേണ്ട കാര്യം നിങ്ങള്‍ ഈ കാട്ടുന്നത്‌ തികഞ്ഞ അപക്വതയും ശുദ്ധവിഡ്ഡിത്തവും ആണെന്നതാണ്‌. അതിലേറെ ശുദ്ധവിഡ്ഡിത്തവും അപക്വതയും കാട്ടുന്നത്‌ ഈ സഹതാപത്തില്‍നിന്ന്‌ മുതലെടുക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിസംഘടനകളാണ്‌. അടിക്കുകയും പൊളിക്കുകയും കത്തിക്കുകയും ചെയ്യുന്നതിലൂടെ അവര്‍ കുറെ നഷ്ടമുണ്ടാക്കുന്നുവെന്നതല്ല പ്രശ്‌നം. ആത്മഹത്യയാണ്‌ വഴി എന്നാണ്‌ അവര്‍ കുട്ടികള്‍ക്ക്‌ കാട്ടിക്കൊടുക്കുന്നത്‌. മരണശേഷമെങ്കിലും ശ്രദ്ധിക്കപ്പെടാന്‍, സഹതാപംനേടാന്‍ കുട്ടികള്‍ക്ക്‌ പ്രേരണനല്‍കുകയാണ്‌ സംഘടനകള്‍. തൂങ്ങിച്ചാകാന്‍ പ്രേരിപ്പിക്കുകയാണ്‌ എന്നര്‍ഥം.

സംഘടനകള്‍ക്ക്‌ അവരുടെ ദൗത്യം അല്‍പ്പംകൂടി മുന്നോട്ട്‌ കൊണ്ടുപോകാവുന്നതാണ്‌. ഐസ്‌ സ്‌ക്രീം വാങ്ങിത്തരാത്തതിന്‌, സിനിമ കാണാന്‍ സമ്മതിക്കാത്തതിന്‌, ടി.വി.തുറക്കാന്‍ വിസമ്മതിച്ചതിന്‌,ക്യാമറയുള്ള മൊബൈല്‍ ഫോണ്‍വാങ്ങിക്കൊടുക്കാത്തതിന്‌, ആത്മഹത്യചെയ്‌ത കുട്ടികളുടെ അച്ഛനമ്മമാരെ തല്ലാനും വീട്‌ തകര്‍ക്കാനും എന്തേ ആരും ഇറങ്ങിത്തിരിക്കാത്തത്‌ ?

മതിയായ ഒരു കാരണവും ഇല്ലാതെ ആത്മഹത്യക്കൊരുമ്പെടുന്നവരുടെ കാര്യത്തിലേ നമ്മള്‍ ഇടപെടാവൂ. ചില അരാഷ്ട്രീയ ആത്മഹത്യകളും നാട്ടില്‍ നടക്കുന്നുണ്ട്‌. മരണമല്ലാതെ മറ്റൊരു ഗതിയും ഇല്ലെന്ന്‌ ബോധ്യപ്പെട്ട്‌ ചിലര്‍ മരിക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌. കൊയ്യാന്‍ തൊഴിലാളികളെക്കിട്ടാഞ്ഞും യന്ത്രമിറക്കാന്‍ അനുമതികിട്ടാഞ്ഞും കൃഷിനശിച്ച്‌ ലക്ഷങ്ങള്‍ നഷ്ടംവന്ന ഒരു കര്‍ഷകന്‍ തൂങ്ങിമരിച്ചതായി കുട്ടനാട്ടില്‍ നിന്ന്‌ വാര്‍ത്തയുണ്ട്‌. ഇതിന്റെ പേരില്‍ യൂണിയന്‍ ആപ്പീസോ പാര്‍ട്ടിആപ്പീസോ പൊളിക്കാനൊന്നും ആരും ഇറങ്ങിത്തിരിച്ചേക്കരുതേ..മാധ്യമ സിന്‍ഡിക്കേറ്റുകാര്‍ ചമച്ച കള്ളവാര്‍ത്തയാകാം. എല്ലാനേരും നേരത്തെ അറിഞ്ഞുകൊള്ളണമെന്നില്ല. നേര്‌ പാര്‍ട്ടിപ്പത്രത്തില്‍ വരുന്നത്‌ വരെ ക്ഷമിക്കിന്‍….

********

അകാലത്തില്‍പെയ്‌ത വേനല്‍മഴയുടെ കെടുതി മനസ്സിലാക്കാന്‍ കേന്ദ്രസംഘം ഏപ്രിലോടെ വരും എന്നാണ്‌ റിപ്പോര്‍ട്ട്‌. കൊടുംമഴയത്ത്‌ വന്നാല്‍ നനഞ്ഞ്‌ വിഷമിക്കുമെന്നറിയുന്നത്‌ കൊണ്ട്‌ യാത്ര അവര്‍ ബുദ്ധിപൂര്‍വം വൈകിച്ചതാവാം. കേന്ദ്രത്തിലാണോ ബുദ്ധിക്ക്‌ ക്ഷാമം. സോണിയാഗാന്ധിയെക്കാണാന്‍ ആഴ്‌ചയില്‍ നാല്‌ വട്ടം ദല്‍ഹിക്ക്‌ പറക്കാറുള്ള കോണ്‍ഗ്രസ്സുകാര്‍ക്കറിയാം നമ്മളൊക്കെ ടൗണിലൊന്ന്‌ പോയിവരുന്നതുപോലുള്ള നിസ്സാരകാര്യമാണ്‌ ഡല്‍ഹിയാത്രയെന്ന്‌. കുട്ടനാട്ടില്‍ പ്രതീകാത്മകം നടത്തിയത്‌ പോലെ പ്രതിപക്ഷനേതാവിന്‌ എന്ത്‌ കൊണ്ട്‌ ഒരു പ്രതീകാത്മകകേന്ദ്രസംഘപരിശോധന നടത്തിക്കൂടാ ?
ഇത്രയും വൈകിയ സ്ഥിതിക്ക്‌ ഇനി ഒന്നര മാസം കൂടികാത്താല്‍ വരള്‍ച്ചയുടെ കെടുതി കാണാനുള്ള വരവുകൂടി ഒപ്പമാക്കാവുന്നതേയുള്ളൂ. അതുംബുദ്ധിമുട്ടാണെങ്കില്‍ പിന്നെയും ഒരു മാസം കൂടി കാത്താല്‍ കാലവര്‍ഷക്കെടുതി കാണാന്‍ വരാവുന്നതേയുള്ളൂ. എന്തായാലും കേന്ദ്രസംഘംവരാതെ ഞങ്ങള്‍ വിടുന്ന പ്രശ്‌നമില്ല.

Leave a Reply

Your email address will not be published. Required fields are marked *

Go Top