പുതിയ കരു നീക്കം

ഇന്ദ്രൻ

ചെന്നിത്തല-ഉമ്മന്‍ചാണ്ടി കൂട്ടുകെട്ടിന്റെ നീക്കം വിജയിക്കാനിടയില്ലെന്നാണ്‌ എ.ഐ.സി.സി. മാമാങ്കത്തില്‍ നിന്നുള്ള സൂചന. കോണ്‍ഗ്രസ്‌ വിട്ടുപോയ ഒരാളുടെയും തിരിച്ചുവരവ്‌ ഇക്കാലം വരെ തടയപ്പെട്ടിട്ടില്ല. പോകണമെന്ന്‌ തോന്നുമ്പോള്‍ പോകാം. വരണമെന്ന്‌ തോന്നുമ്പോള്‍ വരാം. രണ്ടിനുമില്ല തടസ്സം. തടസ്സമുണ്ടായാല്‍ അതിനര്‍ഥം കോണ്‍ഗ്രസ്‌ കോണ്‍ഗ്രസ്സല്ലാതായി എന്നാണ്‌. സോണിയാഗാന്ധിക്ക്‌ എന്തായാലും ഇപ്പോള്‍ അതാലോചിക്കാനൊന്നും നേരമില്ല. രാഹുലിന്റെ വഴി തെളിക്കുന്ന പണി തന്നെയുണ്ട്‌ വേണ്ടുവോളം. അതിനിടയിലെവിടെ ലീഡറുടെ വഴിതടയാനൊക്കെ നേരം.

ചാണ്ടി-ചെന്നിത്തലമാരുടെ വേവലാതിയുടെ ന്യായമാണ്‌ ഹൈക്കമാന്‍ഡിന്‌ പിടി കിട്ടാത്തത്‌. ഇവര്‍ എന്തിന്‌ ലീഡറെ ഭയപ്പെടുന്നു എന്ന്‌ മനസ്സിലാകുന്നില്ല. ലീഡര്‍ തിരിച്ചുവന്നാല്‍ പാര്‍ട്ടിയില്‍ പിന്നെയും ഗ്രൂപ്പിസവും തമ്മില്‍ത്തല്ലും ഉണ്ടാകുമത്രെ. അത്‌ ശരി, അപ്പോള്‍ അതാണ്‌ മോഹം. ഗ്രൂപ്പിസവും തമ്മില്‍ത്തല്ലും ഇല്ലാതെ സുഖമായി കഴിഞ്ഞുകൂടാം എന്ന മോഹം തന്നെ കോണ്‍ഗ്രസ്‌ സംസ്‌കാരത്തിനെതിരാണ്‌. വിഭാഗീയത ഉണ്ടാക്കുന്നത്‌ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ എത്ര പാര്‍ട്ടിവിരുദ്ധമാണോ അത്ര പാര്‍ട്ടിവിരുദ്ധമാണ്‌ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിസം ഇല്ലായ്‌മ ചെയ്യുന്നത്‌.

ഇതൊക്കെ ആണെങ്കിലും ഒരു ചോദ്യം ആരും ലീഡറോട്‌ ചോദിച്ചുപോകും. എന്തിനാണിപ്പോള്‍ ഇത്ര കഷ്ടപ്പെട്ട്‌ കോണ്‍ഗ്രസ്സിലേക്ക്‌ മടങ്ങുന്നത്‌ ? മുഖ്യമന്ത്രി സ്ഥാനമൊന്നും അവിടെ ഒഴിവില്ല. അടുത്തകാലത്തൊന്നും ഉണ്ടാവുകയുമില്ല. ഉണ്ടെങ്കില്‍ത്തന്നെ അതൊന്നും ലീഡറുടെ അജന്‍ഡയില്‍ പെട്ട കാര്യമല്ലാതായിട്ട്‌്‌ കാലം കുറച്ചായി. ലീഡര്‍ക്ക്‌ കോണ്‍ഗ്രസ്സിന്റെ ദൈന്യത കണ്ടിട്ട്‌ സഹിക്കാനാവുന്നില്ല എന്നതുമാത്രമാണ്‌ തിരിച്ചുപോക്കിനുള്ള കാരണം. താനും പുത്രനും വിട്ടതിന്‌ ശേഷം കോണ്‍ഗ്രസ്സില്‍ കനത്തുനില്‌ക്കുന്ന ശ്‌മശാനതുല്യമായ മൂകതയും നിശ്ചലതയും സമാധാനവും ലീഡര്‍ക്ക്‌ സഹിക്കുന്നില്ല. മുക്കാല്‍നൂറ്റാണ്ടോളം പ്രവര്‍ത്തിച്ച പാര്‍ട്ടിയല്ലേ, എങ്ങനെ കണ്ടില്ലെന്ന്‌ നടിച്ച്‌ എന്‍.സി.പി. കേരളഘടകത്തിന്റെ ചെറ്റക്കുടിലിലെ കോലായയില്‍ കീറപ്പായ വിരിച്ച്‌ കിടന്നുറങ്ങാനാവും. മൊഴി ചൊല്ലിയെങ്കിലും ഭാര്യ രാത്രി വാതിലടച്ചുതന്നെയാണ്‌ കിടക്കുന്നതെന്ന്‌ ഉറപ്പുവരുത്തേണ്ടേ ?

തന്ത്രങ്ങളുടെ സ്‌്‌റ്റോക്കെല്ലാം തീര്‍ന്ന്‌ പാപ്പരായിട്ട്‌ കാലം കുറച്ചായെങ്കിലും പഴയ ആരാധകര്‍ ഇപ്പോഴും ഇത്‌ ലീഡറുടെ പതിനെട്ടാമത്തെ അടവാണ്‌ എന്ന്‌ കരുതി പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്‌. ഒന്നും കാണാതെ കളത്തിലിറങ്ങുന്ന ആളായിരുന്നില്ലല്ലോ ലീഡര്‍. ഇത്തവണ പുത്രന്റെ അകമ്പടിയില്ലാതെയാണ്‌ പുറപ്പാട്‌. താന്‍ യു.ഡി.എഫിലേക്ക്‌ പോയാല്‍ പുത്രന്‌ എളുപ്പം എല്‍.ഡി.എഫ്‌ വാതില്‍തുറന്നുകൊടുക്കുമെന്നതാണ്‌ തന്ത്രമെന്ന്‌ വരെ ആളുകള്‍ പറയുന്നുണ്ട്‌. പഴയ കഥാപാത്രത്തിന്റെ കാര്യം മുമ്പ്‌ പറഞ്ഞതാണ്‌. ഹൃദയമെടുത്ത്‌ കാട്ടിയാലും ജനം പറയും അത്‌ ട്രിക്കാണെന്ന്‌. ലീഡര്‍ എന്ത്‌ കാട്ടിയാലും പറയും ‘ അത്‌ ലീഡര്‍ടെ തന്ത്രാഡ്രാ ‘ എന്ന്‌. ഒരു നിവൃത്തിയുമില്ല.

കോണ്‍ഗ്രസ്സില്‍ തനിക്ക്‌ നാലണ മെമ്പര്‍ഷിപ്പ്‌ വേണം എന്ന്‌ കരുണാകരനിതുവരെ സോണിയാ ഗാന്ധിക്ക്‌ അപേക്ഷ കൊടുത്തിട്ടില്ല. ഇപ്പോഴാണെങ്കില്‍ സജീവാംഗത്വം പോലുംവേണ്ട. വഴിയെപോകുന്ന ആര്‍ക്കും മെമ്പറാകാം. എന്‍.സി.പി.യില്‍ നിന്ന്‌ കരുണാകരന്‍ പുറത്തിറങ്ങിയിട്ടില്ല. അതിന്‌ മുമ്പ്‌ തുടങ്ങിക്കഴിഞ്ഞ്‌ കോണ്‍ഗ്രസ്സില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍. മൂകതയും നിശ്ചലതയും അവസാനിച്ചിട്ടുണ്ട്‌. അനക്കം വെച്ചുകഴിഞ്ഞു. ഉറക്കപ്പായയില്‍ നിന്ന്‌ എഴുനേറ്റ്‌ ചിലര്‍ അടുത്തുകിടക്കുന്നവരുടെ കഴുത്തിന്‌ നേരെ കൈനീട്ടിത്തുടങ്ങി. ഇനി അധികം താമസമുണ്ടാകില്ല. കര്‍ട്ടണ്‍ ഉയരുകയായി, ഗുസ്‌തി പുനരാരംഭിക്കുകയായി.
**************

ഒന്നുകില്‍ ഞെക്കിക്കൊല്ലും അല്ലെങ്കില്‍ നക്കിക്കൊല്ലും എന്നുപറഞ്ഞത്‌ പത്രക്കാരെക്കൂടി ഉദ്ദേശിച്ചിട്ടാണ്‌. ലീഡറെ ഇന്നത്തെ അവസ്ഥയിലാക്കുന്നതില്‍ മുഖ്യപങ്ക്‌ വഹിച്ചവരുടെ ലിസ്റ്റ്‌ തയ്യാറാക്കിയാല്‍ ആദ്യസ്ഥാനത്തെക്കുറിച്ചേ തര്‍ക്കമുണ്ടാകാതിരിക്കൂ. ആദ്യസ്ഥാനം ലീഡര്‍ക്ക്‌ തന്നെ. പിന്നീടുള്ള സ്ഥാനങ്ങളെക്കുറിച്ചെല്ലാം തര്‍ക്കം നടക്കും. എന്നാലും പേടിക്കേണ്ട, മോശമല്ലാത്ത ഒരു സ്ഥാനം പത്രക്കാര്‍ക്ക്‌ ലഭിക്കും. ‘തണ്ടിലേറിനടക്കു’ ‘മ്പോള്‍ ലീഡറെ പൊതിഞ്ഞ ആളുകളില്‍ ഒരു കൂട്ടര്‍ മാത്രമാണ്‌ ഇപ്പോള്‍ ‘തോളില്‍ മാറാപ്പു’മായി നടക്കുമ്പോഴും ചെന്ന്‌ അദ്ദേഹത്തെ ശല്യപ്പെടുത്താറുള്ളത്‌. അതുപത്രക്കാരാണ്‌. ജി.സുധാകരന്‍ പോലും ഒന്നും മിണ്ടാതിരിക്കുന്ന ദിവസം അവര്‍ മീഡിയ സിന്‍ഡിക്കേറ്റായി സംഘം ചേര്‍ന്ന്‌ ലീഡറെ സമീപിച്ച്‌ എന്തെങ്കിലും ഒരു അബദ്ധം പറയിക്കുക തന്നെ ചെയ്യും. ലീഡര്‍ക്ക്‌ ഇതു സുഖിക്കുകയേ ഉള്ളൂ. നക്കിക്കൊല്ലുന്നതിന്റെ സുഖം ഒന്നുവേറെയാണ്‌.

അതിന്റെ രീതികള്‍ വ്യത്യസ്‌തങ്ങളാണ്‌. വലിയ ബഹുമതിയാണെന്ന മട്ടില്‍ തലയില്‍ വെച്ചുകൊടുക്കുന്ന ഭാരങ്ങള്‍ പ്രായമേറെയുള്ളവര്‍ക്ക്‌ താങ്ങാവുന്നതാണോ എന്ന്‌ സ്‌നേഹം മൂത്താല്‍ മനസ്സിലാകില്ല. ജസ്റ്റിസ്‌ കൃഷ്‌ണയ്യരോടുള്ള സ്‌നേഹം സഹിക്കാനാവാതെ ഇടതുമുന്നണി ഭരണാധികാരികള്‍ അദ്ദേഹത്തിന്റെ തലയില്‍ കെട്ടിവെച്ച ചുമതല നോക്കൂ. ജാംബവാന്റെ കാലം മുതലുള്ള കേരളനിയമങ്ങള്‍ പരിശോധിച്ച്‌ വേണ്ടാത്തത്‌ എടുത്ത്‌ കുപ്പത്തൊട്ടിയിലിടുക എന്ന ചുമതലയുള്ള കമ്മീഷന്റെ തലവനാക്കിയിരിക്കുന്നത്‌ കൃഷ്‌ണയ്യരെയാണ്‌.

91 വയസ്‌ പിന്നിട്ടിരിക്കുന്നു ജസ്‌ററിസ്‌ കൃഷ്‌ണയ്യര്‍. അമ്പതുകൊല്ലം മുമ്പ്‌ കേരളത്തിന്റെ നിയമമന്ത്രിയായിരുന്ന ആള്‍ നിയമപ്രവര്‍ത്തനത്തോട്‌ വിടപറഞ്ഞിട്ട്‌ വര്‍ഷം ഇരുപത്തേഴായി. കൃഷ്‌ണയ്യരെപ്പോലൊരു മഹാപ്രതിഭ വേണോ പഴഞ്ചന്‍ നിയമങ്ങള്‍ തിരഞ്ഞുപിടിച്ച്‌ പൊടിതട്ടുന്ന പണി ചെയ്യാന്‍ി ? എം.കെ.ദാമോദരനോ മറ്റോ പോരേ അതിന്‌ ? പത്മ ബഹുമതി നല്‍കുംമുമ്പ്‌ സുകുമാര്‍ അഴീക്കോടിനോട്‌ വേണോ എന്ന്‌ ചോദിച്ചില്ല. കൃഷ്‌ണയ്യരോട്‌ ഇതും ചോദിച്ചുകാണില്ല. അദ്ദേഹത്തോട്‌ കാട്ടുന്ന വലിയ ഔദാര്യമാണിതെന്ന്‌ ഭരണാധികാരികള്‍ ധരിച്ചിരിക്കാം. കമ്മിറ്റി – അക്കാദമി അംഗത്വങ്ങള്‍ വിതരണം ചെയ്യലാണല്ലോ ഭരണം. പഴയ നിയമങ്ങള്‍ വലിച്ചെറിയും മുമ്പ്‌ വേണ്ടത്‌, തൊണ്ണൂറുകഴിഞ്ഞവരെക്കൊണ്ട്‌ ലേഖനമെഴുതിക്കുകയും പണിയെടുപ്പിക്കുകയും ചെയ്യുന്നവരെ ശിക്ഷിക്കുന്നതിനുള്ള നിയമമുണ്ടാക്കുകയാണ്‌. അതല്ല, സൊസൈറ്റി ഫോര്‍ പ്രവന്‍ഷന്‍ ഓഫ്‌ ക്രുവല്‍ട്ടി ടു സീനിയര്‍ സിറ്റിസണ്‍സ്‌ എന്നൊരു സംഘടന മതിയോ ?

************
പോലീസുകാര്‍ക്ക്‌ വിരോധം തോന്നരുത്‌. ഒന്നുപറയാം. ധാരാളമാളുകളുടെ ജീവിതത്തിലെ എത്രയും വലിയ പ്രാര്‍ത്ഥന ‘ മരിക്കുവോളം പോലീസുമായി ഇടപെടേണ്ട അവസരം ഉണ്ടാകരുതേ പടച്ചവനേ ‘ എന്നതാണ്‌. പരാതിക്കാരനായോ കേസ്സില്‍ പ്രതിയായോ ആണ്‌ സാധാരണമനുഷ്യര്‍ പോലീസുമായി ഇടപെടേണ്ടിവരാറ്‌. പോലീസ്‌ ഉദ്യോഗസ്ഥര്‍ മുതല്‍ ആഭ്യന്തരമന്ത്രിവരെയുള്ളവരെ ഈ സാധാരണക്കാരുടെ കൂട്ടത്തില്‍ പെടുത്തിയിട്ടില്ല. പരാതിക്കാരനാകുന്നതാണോ പ്രതിയാകുന്നതാണോ മോശം അനുഭവം എന്ന്‌ അനുഭവിച്ചവര്‍ക്കേ ആധികാരികമായി പറയാനാവൂ. അത്തരക്കാര്‍ അപൂര്‍വമാണ്‌.

ഇത്‌ രണ്ടും അല്ലാതെ, മരിക്കുവോളം മാന്യമായി ജീവിച്ച്‌, സമൂഹത്തിന്‌ ഓര്‍മിക്കാവുന്ന സംഭാവനകള്‍ ചെയ്‌തവര്‍ അനുഭവിക്കേണ്ട ഒരു ശിക്ഷയായി മരണാനന്തരമുള്ള പോലീസ്‌ ബഹുമതി മാറിക്കൊണ്ടിരിക്കുന്നു. സാഹിത്യഅക്കാദമിയുടെ ബഹുമതി പോലും സ്വീകരിക്കാതിരുന്ന വിജയന്‍മാഷിന്‌ നല്‍കാന്‍ കഴിഞ്ഞ ഏറ്റവും വലിയ ശിക്ഷയായിരുന്നു പോലീസ്‌ ബഹുമതി. അവസാനവിടവാങ്ങലിന്റെ ഹൃദയം നിലയ്‌ക്കുന്ന കനത്ത അന്തരീക്ഷത്തില്‍ ആകാശത്തേക്ക്‌ വെടിവെക്കുക ! ടി.പത്മനാഭന്‍ പറഞ്ഞു എന്നതുകൊണ്ടുമാത്രം ഒരു കാര്യം തെറ്റാവണമെന്നില്ലല്ലോ. വിജയന്‍മാഷോട്‌ കാട്ടിയ അവസാനത്തെ അവഹേളനമായിരുന്നു അതെന്ന്‌ അദ്ദേഹം പറഞ്ഞു. മരിക്കുവോളം മാഷെ അവഹേളിച്ചവര്‍ക്കും ആ അവഹേളനം സഹിക്കാവുന്നതിലേറെയായി . ഒടുവിലിതാ സി.വി.ശ്രീരാമനും കിട്ടി ചെടിടടപ്പന്‍ വെടി.

ജൂഡീഷ്യറിയില്‍ ഫ്യൂഡലിസത്തിന്റെ അംശങ്ങള്‍ ഇപ്പോഴും പറ്റിനില്‍ക്കുന്നതില്‍ മുഖ്യമന്ത്രി വി.എസ്‌ ഈയിടെ അസംതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. മരിച്ച സിവിലിയന്‌ പോലീസ്‌ ബഹുമതി നല്‌കുന്നത്‌ ഏത്‌ സംസ്‌കാരത്തിന്റെ അവശിഷ്ടമാണ്‌ എന്നറിയില്ല. മുതലാളിത്തഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമാണ്‌ പോലീസ്‌ എന്ന്‌ പറയുന്നവര്‍ പോലീസ്‌ വെടിയൊച്ചയ്‌ക്ക്‌ എന്തിന്‌ പവിത്രത കല്‍പ്പിക്ക്‌ുന്നു.

************
വിലക്കയറ്റം മാധ്യമസൃഷ്ടിയാണത്രെ. വളരെ സംബന്ധമായ (അസംബന്ധം വിപരീതം സംബന്ധം) കാര്യങ്ങള്‍ മാത്രം പറയാറുള്ള സിവില്‍ സപ്ലൈസ്‌ മന്തി ദിവാകരനാണ്‌ സമാന്യം അണ്‍ സിവില്‍ ആയ ഈ അഭിപ്രായം പറഞ്ഞത്‌. മാധ്യമങ്ങള്‍ വളരെ പ്രയാസപ്പെട്ട്‌്‌ പല ദ്രോഹങ്ങളും സമൂഹത്തിന്‌ ചെയ്യുന്നുണ്ട്‌. എന്നാല്‍ ഇങ്ങനെയൊന്നിനെക്കുറിച്ച്‌ സ്വപ്‌നത്തില്‍ പോലും ആലോചിച്ചിരുന്നില്ല.

അങ്ങാടിയില്‍ വില്‍ക്കുന്ന സാധനങ്ങളുടെ വില പത്രക്കാര്‍ വര്‍ദ്ധിപ്പിക്കുന്നു എന്നൊരു അഭിപ്രായം ദിവാകരന്‍മന്ത്രി പോലും പറയാനിടയില്ല. പത്രക്കാര്‍ വിചാരിച്ചാല്‍ വില വര്‍ദ്ധിപ്പിക്കാനാവുമെങ്കില്‍ പഴയ പത്രക്കടലാസിന്റെ വിലയെങ്കിലും അവര്‍ വല്ല വിധേനയും വര്‍ദ്ധിപ്പിക്കാതിരിക്കില്ല. അവരേറ്റവും കൂടുതല്‍ വാങ്ങുന്നത്‌ പത്രമാണ്‌. ഒരു ഡസന്‍ പത്രം വായിച്ചേ ഇപ്പോള്‍ പണിക്കിറങ്ങാനാവൂ എന്ന നിലയെത്തിയിട്ടുണ്ട്‌. മറ്റു പല ‘നിത്യോപയോഗ ‘ സാധനങ്ങളുടെയും വില വര്‍ദ്ധിച്ച തോതില്‍ നോക്കിയാല്‍ പഴയ പത്രത്തിന്‌ കിലോവിന്‌ നൂറുരൂപയെങ്കിലും കിട്ടേണ്ട കാലമായി. എന്തുചെയ്യും ? പതിനഞ്ചുകൊല്ലം മുമ്പ്‌ കിട്ടിയിരുന്ന അഞ്ചുരൂപയാണ്‌ ഇപ്പോഴും കിട്ടുന്നത്‌. നാളികേരത്തിന്‌ മാത്രമേ ഈ തോതില്‍ വിലയിടിവുണ്ടായിട്ടുള്ളൂ.

ഇല്ലാത്ത വിലക്കയറ്റം ഉണ്ടെന്ന്‌ വരുത്തുകയാണ്‌ മാധ്യമങ്ങള്‍ എന്നാവാം മന്ത്രി പറഞ്ഞതിന്റെ അര്‍ഥം. അതുശരിയുമാണ്‌. ഒരു സാധനം നാട്ടില്‍ ഉണ്ടോ ഇല്ലയോ എന്ന്‌ പറയേണ്ടത്‌ പത്രക്കാരല്ലല്ലോ. വില കയറുന്നുണ്ടോ എന്ന്‌ നോക്കാനുള്ള പണി ആരാണ്‌ അവരെ ഏല്‌്‌പ്പിച്ചത്‌്‌ ? അത്‌ മന്ത്രിയുടെ ചുമതലയാണ്‌. മന്ത്രി അങ്ങാടിയില്‍ പോയി നോക്കിയിട്ട്‌്‌ പറയും വില കയറുന്നുണ്ടോ കുറയുന്നുണ്ടോ എന്ന്‌്‌. നാട്ടുകാര്‍ മന്ത്രി പറയുന്നത്‌ മാത്രമേ വിശ്വസിക്കാവൂ. മറ്റുള്ളതെല്ലാം വെറും തോന്നലുകളാണ്‌. സോവിയറ്റ്‌ യൂണിയനില്‍ അങ്ങനെയായിരുന്നു. എന്തെങ്കിലും ഒരു സാധനത്തിന്‌ ക്ഷാമം ഉള്ളതായി അവിടെ പത്രങ്ങള്‍ പറയുകയേ ഇല്ല. ജനം പത്തോ പതിനഞ്ചോ വര്‍ഷം ഒരു സാധനം കിട്ടാന്‍ ക്യൂവില്‍ നിന്നിട്ടും കിട്ടുന്നില്ലെങ്കിലാണ്‌ അതിന്‌ ക്ഷാമം ഉള്ളതായി അംഗീകരിക്കുക. പിന്നെ വേണം പ്ലാനിങ്‌ കമ്മിറ്റി യോഗം കൂടി ആ സാധനത്തിന്റെ ഉല്‌പ്പാദനം കൂട്ടാനുള്ള തീരുമാനമെടുക്കാന്‍. ഇവിടെ കമ്യൂണിസ്‌ററുകാരനായ മന്ത്രി ദിവാകരന്‍ സപ്‌ളൈസ്‌ കൈകാര്യം ചെയ്യുമ്പോഴെങ്ങനെയാണ്‌ വിലക്കയറ്റമുണ്ടാകുക. അസാധ്യം.

Leave a Reply

Your email address will not be published. Required fields are marked *

Go Top