ബാര്‍കോഴ അന്വേഷണം 101 ആവര്‍ത്തിച്ചത്

ഇന്ദ്രൻ

ധാര്‍മികത  ബീഫ് പോലെയാണ്, തികച്ചും വ്യക്തിപരമാണ്. വേണ്ടവര്‍ ഉപയോഗിക്കട്ടെ, വേണ്ടാത്തവര്‍ ഉള്ളിറോസ്റ്റ് കഴിക്കട്ടെ. ഒന്നും അടിച്ചേല്‍പ്പിക്കരുത്. മാണിസാറിനും കൂടി ധാര്‍മികത വരാന്‍ തുടങ്ങിയാല്‍ പിന്നെ ആന്റണിസാറിന്റെ സ്ഥിതിയെന്താവും! 

കെ.എം. മാണിക്ക് മടുത്തിട്ടില്ല. പോലീസ് നടത്തുന്ന അന്വേഷണം പോലീസിനെ മടുപ്പിച്ചേക്കാം. മന്ത്രി എന്തിന് മടുക്കണം? ബാറുകള്‍ തുറക്കാനും തുറക്കാതിരിക്കാനും തരാതരം പോലെ കോഴയായും സംഭാവനയായും പണം വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം തുടരാനല്ലേ കോടതി പറഞ്ഞിട്ടുള്ളൂ? മാണിക്ക് വിരോധമില്ല. നൂറ്റൊന്നുവട്ടം അന്വേഷിക്കട്ടെ. രാജിയെക്കുറിച്ചുമാത്രം ആരും ഒരക്ഷരം മിണ്ടരുത് !
മാണി ബാറുടമകളോട് കോഴ ചോദിച്ചിട്ടില്ല. ഇനി അഥവാ ആരോടെങ്കിലും ചോദിച്ചിട്ടുണ്ടെങ്കില്‍ അത് ബാറുടമകളോടല്ല. ബോറുടമകളോടുതന്നെ വല്ലതും ചോദിച്ചിട്ടുണ്ടെങ്കില്‍ അത് കോഴയല്ല. ചോദിക്കാതെ ആരെങ്കിലും വല്ലതും തന്നിട്ടുണ്ടെങ്കില്‍ അത് ബാര്‍ പൂട്ടാനോ തുറക്കാനോ അല്ല. പാര്‍ട്ടിഫണ്ടിലേക്കുള്ള കാരുണ്യസഹായമാണ്. അഥവാ മാണി എന്തോ വാങ്ങിയെന്ന്  ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അതിനൊന്നും ഒരു തെളിവുമില്ല. പോരേ?  അന്വേഷണം അനന്തമായി നടക്കട്ടെ. 101 വട്ടം, അനന്തം എന്നെല്ലാം പറയുന്നുവെന്നേയുള്ളൂ. സംഗതി എങ്ങനെയെങ്കിലും അഞ്ചാറുമാസം കൂടി നീട്ടിക്കൊണ്ടുപോകണമെന്നേയുള്ളൂ. പിന്നെ തിരഞ്ഞെടുപ്പായി. അതിനുശേഷം അനന്തം അജ്ഞാതം അവര്‍ണനീയം.

എം.എല്‍.എ. മൂത്രമൊഴിക്കാന്‍ പോയാല്‍ ഭരണം താഴെപ്പോകുമെന്ന്് പ്രവചിച്ചവരെ തോല്പിക്കുക എന്ന ഏക ലക്ഷ്യമേ മുഖ്യമന്ത്രിക്കുള്ളൂ. ഇത്രയും കുറഞ്ഞ ഭൂരിപക്ഷത്തോടെ, അങ്കംവെട്ടി അഞ്ചുവര്‍ഷം ഭരിച്ച് ഗിന്നസ് ബുക്കില്‍ കേറുക എന്നതാണ് വിനീതമായ ലക്ഷ്യം. യുദ്ധം സമാധാനമാണ്, സാതന്ത്ര്യം അടിമത്തമാണ്, അജ്ഞത അറിവാണ് എന്നൊക്കെ ചില മഹാന്മാര്‍ ചിലയിനം ഭരണങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്്. ദൗര്‍ബല്യമാണ് ശക്തി എന്നതാണ് ഇവിടത്തെ മുദ്രാവാക്യം. ആരോട് പിണങ്ങിയാലും മന്ത്രിസഭ താഴെപ്പോകും എന്നുള്ളതുകൊണ്ട് മുഖ്യമന്ത്രി പിണങ്ങില്ല. രസിക്കുന്ന കാര്യങ്ങളേ പറയൂ.

പണ്ട് കെ.പി. വിശ്വനാഥനോട് മന്ത്രിസ്ഥാനം രാജിവെക്കാന്‍ പറഞ്ഞതിന്റെ സങ്കടം തീരുന്നില്ല. ഉറക്കം തുടങ്ങുമ്പോള്‍ വിശ്വനാഥന്‍ കണ്ണീരൊലിപ്പിച്ച് മുന്നില്‍ വരും. പിന്നെ മുഖ്യമന്ത്രിക്ക് ഉറക്കമില്ല. ധാര്‍മികത പറഞ്ഞ് രാജി ആവശ്യപ്പെടാന്‍ തുടങ്ങിയാല്‍ ഈ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയും ഉണ്ടാവില്ല പാതി മന്ത്രിമാരും കാണില്ല. കാലത്തിനനുസരിച്ച് മാറേണ്ടേ നമ്മള്‍. പണ്ട് തീവണ്ടി മറിഞ്ഞതിന് രാജിവെച്ച റെയില്‍വേ മന്ത്രിയുണ്ടായിരുന്നല്ലോ. ആകാശം ഇടിഞ്ഞുവീണാലും രാജിവെക്കുമോ ഇപ്പോള്‍?

അല്ലെങ്കിലും ഈ ധാര്‍മികത എന്ന് പറയുന്നതിലൊക്കെ എന്താണ് കാര്യമുള്ളത്?  പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഭരണത്തിലെ അധാര്‍മികതയെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കണം. എന്നാലേ ഭരിക്കുന്നവര്‍ക്ക് ആ സാധനത്തെക്കുറിച്ച് ഓര്‍മ വരൂ. സെന്റ് ആന്റണിയെ വെല്ലുന്ന ധാര്‍മികഗുരു ആരുണ്ട് ഈ ഭൂമിയില്‍. അദ്ദേഹം പറഞ്ഞു,ധാര്‍മികത വ്യക്തിപരമാണ് എന്ന്. ബീഫ് പോലെയാണ്, തികച്ചും വ്യക്തിപരമാണ്. വേണ്ടവര്‍ ഉപയോ ഗിക്കട്ടെ, വേണ്ടാത്തവര്‍ ഉള്ളിറോസ്റ്റ് കഴിക്കട്ടെ. ഒന്നും അടിച്ചേല്‍പ്പിക്കരുത്. മാണിസാറിനും കൂടി ധാര്‍മികത വരാന്‍ തുടങ്ങിയാല്‍ പിന്നെ ആന്റണിസാറിന്റെ സ്ഥിതിയെന്താവും!

വിജിലന്‍സ് കോടതിയുടെ ടൈമിങ് കറക്റ്റായി എന്ന് എം.എം. ഹസ്സന്‍ അഭിനന്ദിച്ചിട്ടുണ്ട്. ച്ചാല്‍, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിധി പ്രഖ്യാപിച്ചത് ഇടതുമുന്നണിയെയോ ബി.ജെ.പി.യെയോ സഹായിക്കാന്‍ വേണ്ടിയാണ് എന്ന്. ജഡ്ജിയുടെ ഹൈസ്‌കൂള്‍ റെക്കോഡുകള്‍ പരിശോധിക്കണം. എസ്.എഫ്.ഐ. ആയിരിക്കാന്‍ സാധ്യതയുണ്ട്. ഒരബദ്ധം പറ്റി. തിരഞ്ഞെടുപ്പ് കമ്മിഷനുകള്‍ നടപ്പാക്കുന്ന മാതൃകാപെരുമാറ്റച്ചട്ടം കോടതികള്‍ക്ക് ബാധകമാക്കിയില്ല. മത്സരിക്കുന്നവരുടെ വോട്ട് കൂടാനോ കുറയാനോ സാധ്യതയുള്ള യാതൊരു കേസും വോട്ടെണ്ണിത്തീരുംവരെ കോടതി പരിഗണിക്കാന്‍ പാടില്ല എന്ന് ചട്ടമുണ്ടാക്കാമായിരുന്നു. എന്നാലും ഹസ്സന്റെ ആശങ്ക അസ്ഥാനത്താണ്. കോടതി എന്തുപറഞ്ഞാലും വോട്ടിനെ ബാധിക്കില്ല. മന്ത്രി മാണി പണം വാങ്ങിയിട്ടില്ലാ എന്ന് വിചാരിക്കുന്ന ഒരു നിഷ്‌കളങ്ക വോട്ടറും കേരളത്തിലെന്നല്ല കേരളാ കോണ്‍ഗ്രസ്സില്‍ പോലും ഉണ്ടാവില്ല. അതെല്ലാം അറിഞ്ഞാണ് അവര്‍ അരുവിക്കരയില്‍ വോട്ടുചെയ്തത്.
മാണിയെ കോടതി ശിക്ഷിച്ചിട്ടൊന്നുമില്ലല്ലോ. ഇനി അഥവാ ശിക്ഷിച്ചാല്‍ത്തന്നെ എന്താണ്? അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആദ്യ പ്രമുഖ നേതാവ് എന്ന ബഹുമതി നേടിയ മറ്റൊരു സീനിയര്‍ കേരള കോണ്‍ഗ്രസ് നേതാവ് ഇപ്പോള്‍ എവിടെ നില്‍ക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചുകൊടുത്താല്‍ മതി. അനുകരണീയമായ കീഴ്‌വഴക്കം സൃഷ്ടിക്കാന്‍ മാണി തന്നെയാണോ ആര്‍. ബാലകൃഷ്ണപിള്ളയെ പ്രതിപക്ഷത്തേക്ക് പറഞ്ഞയച്ചത് എന്നാരും സംശയിക്കരുതേ…
എല്ലാവരുടെയും രണ്ടുകാലിലും മന്ത് വീങ്ങിക്കഴിഞ്ഞാല്‍ എല്ലാവര്‍ക്കും സമാധാനമായി വഴി നടക്കാം. ആരും ആരെയും പരിഹസിക്കില്ല. മോദി സര്‍ക്കാര്‍ കണ്ടെത്തിയ ഇന്ത്യയിലെ ഏറ്റവും നല്ല ധനമന്ത്രിയെ തള്ളിപ്പറയുന്നതും രണ്ടുവട്ടം ആലോചിച്ചുമതി ബി.ജെ.പി.ക്കാരേ…
****
കോഴക്കേസും കൊലക്കേസും തമ്മില്‍ വല്ല ബന്ധവുമുണ്ടോ?  പ്രാസത്തിനപ്പുറം  ചില ബന്ധങ്ങളുണ്ട് എന്നുവേണം കരുതാന്‍. കോഴക്കേസ് ആവുമ്പോള്‍ കേസില്‍ പ്രതിയാകുംമുമ്പ്, പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കോടതി പറഞ്ഞാല്‍ത്തന്നെ മന്ത്രി രാജിവെക്കണം. ഇന്ത്യന്‍ പീനല്‍ കോഡില്‍ അങ്ങനെ പറയുന്നില്ല. പ്രശ്‌നം ധാര്‍മികതയാണ്. അതാണെങ്കിലും ഉരുട്ടിയാല്‍ ഉരുണ്ടും പരത്തിയാല്‍ പരന്നും ഇരിക്കുന്ന ഒരു വസ്തുവാണ്. കൊല മാന്യന്മാര്‍ ചെയ്യുന്ന പണിയാണ്. നാണിക്കേണ്ട കാര്യമില്ല. രക്തഹാരമണിയിച്ച് സ്വീകരിക്കാം. വേണമെങ്കില്‍ സ്ഥാനാര്‍ഥിയും ആക്കാം. കോഴക്കേസിലെ മന്ത്രിരാജി പോലെ ഇക്കാര്യത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ ചുമ്മാ നിഴല്‍യുദ്ധം നടത്തരുത്. ഒരു സമന്വയത്തില്‍ എത്തണം.

കണ്ണൂരില്‍ കാരായിമാരായ രണ്ട് കൊലക്കേസ് പ്രതികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. തികച്ചും അധാര്‍മികം എന്നാണ് യു.ഡി.എഫ്. പറയുന്നത്. യു.ഡി.എഫിന് സ്മൃതിരോഗം ഉണ്ട്. പി. ജയരാജന്‍ വേണ്ടിവന്നു ഓര്‍മിപ്പിക്കാന്‍. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് അനേകവര്‍ഷം ജയിലില്‍ ആയിരുന്ന കോണ്‍ഗ്രസ് നേതാവിനെ കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ സ്ഥാനാര്‍ഥിയാക്കിയിട്ടുണ്ട്. തോറ്റുപോയെന്നത് സത്യം. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ക്ക് മത്സരിക്കാമെങ്കില്‍ കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തിയിട്ടിയില്ലാത്ത ആള്‍ക്കാണോ മത്സരിക്കാന്‍ പാടില്ലാത്തത്? യു.ഡി.എഫുകാര്‍ പിന്നെ ആ വിഷയം മിണ്ടിയിട്ടില്ല.
ചികിത്സ കഴിഞ്ഞാല്‍ രോഗത്തില്‍നിന്ന് മോചിതനാവുംപോലെ ശിക്ഷ കഴിഞ്ഞാല്‍ കുറ്റത്തില്‍നിന്നും മോചിതനാകണം വ്യക്തി. പൂര്‍വസ്ഥിതി പ്രാപിക്കണം. ശിക്ഷിക്കപ്പെടാത്തവനും നിരപരാധി, ശിക്ഷ അനുഭവിച്ചുകഴിഞ്ഞവനും നിരപരാധി. കൊലയ്ക്ക് മാത്രമല്ല, കോഴയ്ക്കും ഇതുതന്നെ നല്ല ന്യായം.
****
ഗ്രാമീണരോട് കാണിക്കുന്ന ഒരു അനീതിയെക്കുറിച്ച് ഗ്രാമീണര്‍ പോലും പരിഭവിക്കുന്നില്ല. നഗരവാസികളെ ഭരിക്കാന്‍ കോര്‍പ്പറേഷന്‍ എന്ന ഒറ്റ ഭരണകൂടമേ ഉള്ളൂ പ്രാദേശികതലത്തില്‍. ഗ്രാമീണനെ ഒരു കൂടം ഭരിച്ചാലൊന്നും ഭരിയില്ല. മൂന്നാണ് ഗ്രാമീണരെ ഭരിച്ചുനന്നാക്കുന്ന കൂടങ്ങള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്. നഗരവാസികള്‍ യോഗ്യന്മാരായതുകൊണ്ടാവണം അവരുടെ തലയില്‍ ഒരു അധികാരിയെ മാത്രം കയറ്റിയിരുത്തിയത്. ഗ്രാമീണന് അത്ര പോരല്ലോ. അവന്‍/അവള്‍ മൂന്ന് വോട്ട് കുത്തണം.
പഞ്ചായത്തീരാജ് തുടങ്ങിയ കാലം മുതല്‍ അറിവും അനുഭവവും ഉള്ളവര്‍ പറഞ്ഞിട്ടുണ്ട് ഗ്രാമത്തിനും ജില്ലയ്ക്കും ഇടയില്‍ ബ്ലോക്ക് എന്നൊരു സാധനം തിരുകിക്കയറ്റേണ്ട എന്ന്. ഇവിടെ അടിത്തട്ടിലെ പ്രാദേശിക ഭരണത്തിന് മുകളില്‍ ജില്ലാ പഞ്ചായത്തേ വേണ്ടൂ എന്ന്. നമ്മുടെ പഴയ ജില്ലാ കൗണ്‍സിലുകളായിരുന്നു മികച്ച വികേന്ദ്രീകരണ രീതി. നൂറ്റമ്പതോളം ബ്ലോക്കുകളെ ജനം വെറുതെ നികുതി കൊടുത്തു പോറ്റണം. ഇല്ല, രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടില്ല. രണ്ടുമൂവായിരം പാര്‍ട്ടിക്കാര്‍ക്ക് പണി കിട്ടുന്ന സംവിധാനം ഇല്ലാതാക്കുകയോ? ജനത്തിന് പ്രയോജനമുണ്ടോ എന്നെന്തിന് വെറുതെ നോക്കണം?
nprindran@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Go Top