ചങ്ങനാശ്ശേരി കോളേജില്‍ ആരാണ് പോലീസ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്നത് ? എസ്.എഫ്.ഐ.ക്കാരല്ല എന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന് സംഭവം നടന്ന ഉടന്‍തന്നെ വിവരം കിട്ടിയിരുന്നു. അല്ല, പ്രത്യേകിച്ച് വിവരം കിട്ടേണ്ട കാര്യമൊന്നുമില്ല. കാരണം, അവിടെ സംഘര്‍ഷം ഉണ്ടായിരുന്നത് എസ്.എഫ്.ഐ.ക്കാരും ജൂനിയര്‍ വര്‍ഗീയ ഫാസിസ്റ്റുകളായ പരിഷത്തുകാരും തമ്മിലാണല്ലോ. കോടിയേരി ബാലകൃഷ്‌ണന്റെ പോലീസിനെ എസ്.എഫ്.ഐ.ക്കാര്‍ കണ്ടാല്‍ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുകയോ കൂട്ടിക്കൊണ്ടുപോയി ഒരു സ്റ്റ്രോങ് ചായ വാങ്ങിക്കൊടുക്കുകയോ ചെയ്യുകയുള്ളൂ. തലയ്‌ക്കടിക്കുന്ന പ്രശ്‌നമേ ഉത്ഭവിക്കുന്നില്ല. അതുകൊണ്ട് എ.എസ്.ഐ എലിയാസിനെ ആരടിച്ചു എന്ന് കണ്ടെത്താന്‍ അന്വേഷണറിപ്പോര്‍ട്ടോ വിന്‍സെന്റ് പോള്‍ റിപ്പോര്‍ട്ടോ ഒന്നും ആഭ്യന്തരമന്ത്രിക്ക് ആവശ്യമില്ല. മരിച്ചത് പോലീസ് എങ്കില്‍ കൊന്നത് പരിഷത് പരിഷകള്‍ തന്നെ.
ജനാധിപത്യം എങ്ങനെ നാട്ടില്‍കൊണ്ടുനടക്കണം എന്ന് തിയറിയും വേണ്ടത്ര പ്രാക്‌റ്റിക്കലും സഹിതം പഠിപ്പിക്കുന്നതിനാണല്ലോ കോളേജില്‍ അതിന്റെ സാമ്പിള്‍ കാണിച്ചുകൊടുക്കുന്നത്. കോളേജില്‍ ഇത് പഠിപ്പിക്കുന്നില്ലെങ്കില്‍ ഗ്രാജ്വേറ്റ്‌പൗരന്മാര്‍ സര്‍ട്ടിഫിക്കറ്റുമായി പുറത്തിറങ്ങുമ്പോള്‍ എങ്ങനെ ജനാധിപത്യത്ത കൈകാര്യം ചെയ്യണം എന്നറിയാതെ റോഡരുകില്‍ അന്തംവിട്ട് നിന്നുപോകും. അതൊഴിവാക്കാനാണ് എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് സര്‍വസമ്മതമായ തീരുമാനത്തിലെത്തിയത്-കോളേജില്‍ രാഷ്ട്രീയവും തിരഞ്ഞെടുപ്പും കത്തിക്കുത്തുമെല്ലാം വേണം. പുസ്‌തകം പഠിപ്പിക്കല്‍ മുടങ്ങിയാലും വിരോധമില്ല, ഇത് മുടങ്ങരുത്. ഇടയില്‍ ഒരു കാര്യം മറക്കണ്ട. രാഷ്ട്രീയകക്ഷികള്‍ തമ്മില്‍ എന്തെല്ലാം ഭിന്നതകളും അടിപിടികളും കുത്തിക്കൊലകളും ഉണ്ടെങ്കിലും ഈ കാര്യത്തിലേ അവര്‍ തമ്മില്‍ ഭിന്നതയില്ലാതുള്ളൂ. ഇങ്ങനെ യോജിപ്പ് വേറെ ഒരൊറ്റക്കാര്യത്തില്‍ കൂടിയുണ്ട്. പറയാന്‍ വിട്ടുപോയതാണ്. അത് പാര്‍ലമെന്റംഗങ്ങളുടെയും നിയമസഭാംഗങ്ങളുടെയും പെന്‍ഷന്‍ കാര്യത്തില്‍മാത്രം. പെന്‍ഷന്‍ വേണ്ടെന്നല്ല, വേണം എന്ന കാര്യത്തില്‍.
സാധാരണ ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പാര്‍ട്ടികള്‍ ജൂനിയറുകളെ അങ്ങോട്ട് പഠിപ്പിച്ചുകൊടുക്കാറാണ് പതിവ്. ചങ്ങനാശ്ശേരിയില്‍ ഇങ്ങോട്ട് പഠിപ്പിച്ചുതുടങ്ങി. രാഷ്ട്രീയക്കാര്‍പോലും അടിപിടക്കിടയില്‍ പോലീസിനെക്കണ്ടാല്‍ ഓടുകയേ ഉള്ളൂ. പേടിച്ചിട്ടൊന്നുമല്ല ഓടുന്നത്. അതാണ് കീഴ്‌വഴക്കം. ജനാധിപത്യം നിലനില്‍ക്കുന്നത് ഇത്തരം ചില കീഴ്‌വഴക്കങ്ങളിലൂടെയാണെന്നറിയാമല്ലോ. പോലീസിനെകണ്ടാല്‍ ഓടുകയല്ല, തലയ്‌ക്കിട്ട് കൊടുക്കുകയാണ് വേണ്ടത് എന്ന് ജൂനിയര്‍മാര്‍ കാണിച്ചുതന്നിരിക്കുന്നു. പോലീസിന്റെ കൈയ്യിലുള്ള ലാത്തി കുട്ടിവേതാളങ്ങളുടെ കൈയിലുള്ള ആയുധങ്ങളുടെ നാലയലത്ത് വരാന്‍ പേടിക്കും.
സ്‌കൂട്ടറില്‍ പോകുന്നവര്‍ വീണ് തലപൊട്ടിമരിക്കാതിരിക്കാന്‍ വേണ്ടി ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയത് സര്‍ക്കാറാണ്. പോലീസിനെവിട്ടാണ് ഹെല്‍മെറ്റ് ഇല്ലാത്തവരെ പിടിക്കാറ്, പീഡിപ്പിക്കാറ്. എന്നാല്‍ തലങ്ങും വിലങ്ങും കല്ലേറുനടക്കുന്ന, പട്ടികക്കഷ്‌ണങ്ങളുമായി കുട്ടികള്‍ പേപ്പട്ടികളെപ്പോലെ പാഞ്ഞുപോകുന്ന ക്യാമ്പസ്സിലേക്ക് നിയോഗിക്കപ്പെടുന്ന പോലീസുകാരന് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്ന് എന്തേ തോന്നുന്നില്ല. ഓ, പോലീസിന്റെ തല അത്ര പ്രധാനപ്പെട്ട തലയൊന്നുമല്ലല്ലോ.
ഹെല്‍മറ്റ് മാത്രം പോര. അതുപോലുള്ള എന്തെങ്കിലും സാധനം മേലാസകലം ആവശ്യമാണ്. വഴിയോരത്ത് കെട്ടിത്തൂക്കിയ ചെണ്ട പോലെയാണല്ലോ പോലീസ്. വഴിയേ പോകുന്ന ആര്‍ക്കും നിര്‍വിഘ്‌നം കൊട്ടാം. ഒന്നല്ല, തൃപ്‌തിയാകുവോളം കൊട്ടാം. ഒരു ചെള്ളയ്‌ക്ക് അടികിട്ടുമ്പോള്‍ പോലീസ് മറുചെള്ള കാട്ടിക്കൊടുക്കാത്തത് സര്‍വീസ് റൂള്‍സ് അതനുവദിക്കാത്തത് കൊണ്ടുമാത്രമാണ്. ആഗ്രഹമില്ലാഞ്ഞിട്ടല്ല. ജനാധിപത്യം ശക്തിപ്പെടുത്താന്‍ പോലീസ് അതിനും തയ്യാര്‍. സര്‍വീസ് റൂളില്‍ അങ്ങനെ ചേര്‍ക്കുകയോ മന്ത്രിസഭ ഒരു തീരൂമാനമെടുക്കുകയോ ചെയ്‌താല്‍ മതി. പിടിക്കാന്‍ ചെല്ലുമ്പോള്‍ ആള്‍ ഓടുകയാണെങ്കില്‍ പോലീസ് പിറകെ ഓടരുത് എന്ന് നിര്‍ദ്ദേശം കൊടുത്ത നാട്ടില്‍ അതത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല.
പട്ടികക്കഷണം പിടിച്ചുവാങ്ങി പോലീസ് അങ്ങോട്ടാണ് അടി കൊടുത്തിരുന്നതെങ്കില്‍ സംഗതി നേരെ തിരിയുമായിരുന്നു. ആ നിമിഷം വരെ തമ്മിലടിച്ചവര്‍ പിന്നെ ഒന്നിച്ച് നിന്ന് പോലീസിനെതിരെ സംസ്ഥാനഹര്‍ത്താല്‍ നടത്തുമായിരുന്നു. മാര്‍ച്ച്,കല്ലേറ്,ലാത്തിച്ചാര്‍ജ് ,വെടിവെപ്പ് വേറെ. ജനാധിപത്യത്തിന് വേണ്ടി ആണല്ലോ പോലീസ് അനുദിനം രക്തസാക്ഷിയാകുന്നത്. ജീവന്‍ അവശേഷിപ്പിക്കുന്ന രക്തസാക്ഷിത്വം.
ഇതിനിടെ, മരിച്ച പോലീസ് ഉദ്യോഗസ്ഥന് കൊടുത്ത നഷ്ടപരിഹാരത്തെക്കുറിച്ച് ചിലര്‍ക്കെല്ലാം ചില്ലറ അഭിപ്രായവ്യത്യാസമുണ്ടെന്ന് കേട്ടു. ആറുലക്ഷം പോരാ. ജയിലില്‍ കൊലചെയ്യപ്പെട്ട പാര്‍ട്ടിക്കാരന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം പത്ത് ലക്ഷമായിരുന്നു. അത്‌പിന്നെ, മരിച്ചത് നമ്മുടെ സഖാവല്ലേ കൂട്ടരേ. പാര്‍ട്ടിക്ക്‌് വേണ്ടി കൊലക്കേസ്സില്‍ പ്രതിയായി ജയിലില്‍കിടക്കുകയായിരുന്നല്ലോ. അതിനുള്ളതും കൂടി നഷ്ടപരിഹാരത്തില്‍ ചേര്‍ക്കേണ്ടേ ? പോലീസുകാര്‍ അത്രവലിയ ത്യാഗമൊന്നും പാര്‍ട്ടിക്ക് വേണ്ടി ചെയ്യുന്നില്ലല്ലോ. ചെയ്‌തുതുടങ്ങട്ടെ, അപ്പോള്‍ നോക്കാം.
*********
ശനിയാഴ്‌ച നടന്ന ഹര്‍ത്താലിന്റെ പ്രാധാന്യം നാട്ടുകാരും മാധ്യമങ്ങളുമൊന്നും വേണ്ടപോലെ മനസ്സിലാക്കിയിട്ടില്ല എന്നാണ് തോന്നുന്നത്. സംഗതി മലബാറിലേ നടന്നുള്ളൂ എന്നത് കൊണ്ട് അത് നിസ്സാരമാക്കിത്തള്ളേണ്ട. നമ്മുടെ പാര്‍ട്ടിയും മലബാറിലല്ലേ ഉള്ളൂ.
ഇത് മുസ്ലീം ലീഗിന്റെ ചരിത്രത്തിലെ ആദ്യത്തെ ബന്ദര്‍ത്താല്‍ ആണ്. ലീഗിന്റെ രൂപവും ഭാവവും എത്രമാറി എന്നതിന്റെ ലക്ഷണമായി വേണം ഇത് കാണാന്‍. കരിപ്പൂരിലെ കളിയേക്കാള്‍ വലിയ അന്യായങ്ങള്‍ നാട്ടില്‍ നടന്നിട്ടും ലീഗ് ഇങ്ങനെ തനിയെ ഒരു ഹര്‍ത്താല്‍ നടത്തിയിട്ടില്ല. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നുവെങ്കില്‍ യു.ഡി.എഫ് പ്രഖ്യാപിക്കും, ‘ അങ്ങനെത്തന്നെ സിന്ദാബാദ് ‘ എന്ന് പറഞ്ഞ് ലീഗും പിറകെനില്‍ക്കും. വയ്യാവേലിക്കൊന്നും മുന്നിട്ടിറങ്ങുന്ന സമ്പ്രദായം നമ്മുടെ പാര്‍ട്ടിയിലില്ല. ബാബ്‌റി മസ്‌ജിദ് തകര്‍ത്തപ്പോള്‍പ്പോലും ലീഗ് തനിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ല. അക്കാലം പോയി. മറ്റുപാര്‍ട്ടികള്‍ ചെയ്യുന്ന മറ്റെല്ലാ തോന്ന്യാസങ്ങളും ലീഗും ചെയ്യുന്നുണ്ട്. ഇനിയെന്തിന് ഇതുമാത്രം ചെയ്യാതിരിക്കണം.
നില്‍ക്കക്കള്ളിയില്ലാഞ്ഞിട്ട് ചെയ്‌തതാണ് എന്ന് വേണമെങ്കില്‍ വിചാരിച്ചോളിന്‍. പത്ത് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ് ഈയിടെ പുറത്തിറങ്ങിയ ആ കരുനാഗപ്പള്ളിക്കാരന്‍ കരിനാഗത്തിന്റെ പ്രതികാരത്തോടെ കറങ്ങിനടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മലബാര്‍ പ്രേമത്തിന്റെ രഹസ്യം നമുക്ക് മനസ്സിലാകില്ല എന്നാവും വിചാരം. പഴയ മലയാളി മെമ്മോറിയലിന്റെയും ഈഴവ മെമ്മോറിയലിന്റെയും സ്റ്റൈലില്‍ ഒരു മലബാര്‍മെമ്മോറിയലുമായി ഇറങ്ങുന്നവരുടെ മനസ്സിലിരിപ്പ് മനസ്സിലായി. ‘ മലപ്പുറത്തെ തമ്പുരാക്കള്‍ ‘ക്കും ചില്ലറ ബൂദ്ധിയൊക്കെയുണ്ട് ഉസ്‌താദേ…
സച്ചാറിനെപ്പിടിച്ച് നമ്മളെ പ്രതിക്കൂട്ടിലാക്കാനുള്ള കളി മാര്‍ക്‌സിസ്റ്റുകാര്‍ കളിക്കുന്നതും കണ്ടിരിക്കുമല്ലോ. മലപ്പുറം പിടിക്കാനാണ് അവരുടെയും നോട്ടം. എല്ലാ പഹയന്മാരും ഇങ്ങോട്ട് നോട്ടമിടുന്നത് എന്തിന് എന്ന് മനസ്സിലാകുന്നില്ല. കളിച്ച് കളിച്ച് മൊയ്‌ല്യാരുടെ താടിയോട് കളി തുടങ്ങിയിരിക്കുന്നു. പഴയതുപോലെ ചാരുകസേരയില്‍ നാലും കൂട്ടിമുറുക്കി ചാരിക്കിടന്നാല്‍ പാര്‍ട്ടിയും വായിലെ മുറുക്കിയതിന്റെ കോലത്തിലാകും. ഇനിയങ്ങോട്ടുള്ള കാലത്ത് ഹര്‍ത്താലും അടിപിടിയുമെല്ലാം വേണ്ടിവന്നേക്കും. സമാധാനമായി ജീവിക്കാന്‍ സമ്മതിക്കില്ലെങ്കിലെന്ത് ചെയ്യും.
ഹര്‍ത്താല്‍ നടത്തുന്നുവെങ്കില്‍ വിമാനത്താവളം തന്നെയാണ് നല്ല വിഷയം. കുറ്റിപ്പുറം നാഷണല്‍ ഹൈവെ പൊളിഞ്ഞുകുളമായിട്ടുണ്ടാകാം. പക്ഷേ ഹര്‍ത്താല്‍ നടത്താനുള്ള ബര്‍ക്കത്ത് ആ വിഷയത്തിനില്ല. കേന്ദമന്ത്രിസഭയില്‍ അംഗത്വമുള്ള പാര്‍ട്ടിയാണ് നമ്മുടേത് എന്ന് പറഞ്ഞിട്ട് കാര്യമില്ല. അവിടെ നമ്മള്‍ പറയുന്നതൊന്നും ആരും കേള്‍ക്കുകയില്ല. അഹമദ് ? കോന്‍ ഹേ അഹമദ് ? എന്ന് മന്‍മോഹന്‍ ചോദിച്ചുകളയും.
**********
കെ.കരുണാകരന്‍ എന്‍.സി.പി.വിട്ട് കോണ്‍ഗ്രസ്സിലേക്ക് പോകുന്നു, മകന്‍ മുരളീധരന്‍ ഉറച്ചുനില്‍ക്കുന്നു എന്നുതുടങ്ങിയ വാര്‍ത്തകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. ഒരോ ദിവസവും ന്യൂസ്‌അവര്‍ ആകുമ്പോഴേക്ക് വാര്‍ത്ത കൊടുക്കാന്‍ ബാധ്യസ്ഥരായ മാധ്യമലേഖകരെ കുറ്റപ്പെടുത്തേണ്ട. പക്ഷേ, വായനക്കാരും ശ്രോതാക്കളും അത് കാര്യമായെടുക്കുന്നില്ല. കൗശലം അവര്‍ എത്രകാലമായി കാണുന്നു. എന്‍.സി.പി.യില്‍ പോയതിന് ശേഷം വാര്‍ത്തയില്‍ കേറിപ്പറ്റാന്‍ ഒരു വഴിയും കാണാതെ കഷ്ടപ്പെട്ടിരിക്കുകയായിരുന്നു പിതാവും പുത്രനും. ഗ്രൂപ്പിസം കളിച്ചാലേ പത്രങ്ങളും ടിവിക്കാരും വാര്‍ത്തയിടൂ എന്ന് വെച്ചാല്‍ മനുഷ്യന്‍ എന്തുചെയ്യും. എന്‍.സി.പി യില്‍ ആളുകുറവായതുകൊണ്ട് വലിയ ഗ്രൂപ്പിസത്തിന് സാധ്യത കുറവാണ്. പിന്നെന്ത് ചെയ്യും, അച്ഛനും മകനും ഓരോ ഗ്രൂപ്പായി പ്രസ്‌താവനയിറക്കുകതന്നെ. വേറെ ഒരു നിവൃത്തിയുമില്ലാഞ്ഞിട്ടാണ് കേട്ടോ.