സാഹിത്യത്തിലെ രാഷ്ട്രീയം; രാഷ്ട്രീയത്തിലെ സാഹിത്യം

ഇന്ദ്രൻ

രാഷ്ട്രീയവിവാദത്തിനു പറ്റിയ വിഷയമൊന്നും ഇല്ലെന്നുവന്നാല്‍ സാഹിത്യവിവാദത്തിനു തീ കൊളുത്തുക എന്നതാണല്ലൊ നമ്മുടെ പരിപാടി. എന്തെങ്കിലുമൊരു വിവാദമില്ലെങ്കില്‍ ഒരു സുഖവും ഇല്ല. വിവാദം കഴിവതും ഞായറാഴ്ച ആവുന്നത്‌ നന്ന്‌. കാഷ്വല്‍ ലീവെടുത്ത്‌ വിവാദം വായിക്കാന്‍ പറ്റില്ലല്ലൊ. ഞായറാഴ്ചയാകുമ്പോള്‍ പ്രാതലിനു പുറത്ത്‌ വിവാദത്തിന്റെ സുഖമൊന്നു വേറെയാണ്‌.

ഈയിടെയായി വിവാദത്തിന്‌ കടുത്ത വിഷയദാരിദ്ര്യം അനുഭവപ്പെടുന്നുണ്ട്‌. പത്രങ്ങള്‍ കണ്ടാലറിയാം വിഷയങ്ങളൊന്നും ഇനി ബാക്കിയില്ലെന്ന്‌. ഒരുവിധപ്പെട്ട വിഷയമൊക്കെ ഇ.എം.എസ്‌. മുതല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ വരെ പലവട്ടം വിവാദവിധേയമാക്കിയതുകൊണ്ട്‌ വീണ്ടും പ്രയോഗിക്കുമ്പോള്‍ കാര്യമായി എങ്ങും ഏശുന്നില്ല. ആധുനികര്‍ക്കുശേഷം സാഹിത്യമുണ്ടായില്ല എന്ന്‌ എം. മുകുന്ദന്‍ പറഞ്ഞതുകേട്ട്‌ അത്യാധുനികന്മാര്‍ വാളെടുത്തുവെങ്കിലും അതും ഏശിയില്ല. ആയിടെ, വിവാദം നല്ലതോ ചീത്തയോ എന്നൊരു വിവാദവും ഉണ്ടായി. പോരെ? അതിനപ്പുറം പോകാനൊക്കുമോ?

ഒരു കിലോമീറ്റര്‍ അകലെക്കൂടി പോകുന്ന വിവാദത്തെപ്പോലും നീണ്ട കയര്‍ എറിഞ്ഞ്‌ കഴുത്തിനു കുരുക്കിട്ട്‌ പിടിച്ചുവലിക്കാറുള്ള ടി. പത്മനാഭനും ഈയിടെയായി വിവാദത്തോട്‌ എന്തെന്നില്ലാത്ത മനംമടുപ്പ്‌. എ.കെ. ആന്റണിയുടെ മട്ടില്‍ പപ്പേട്ടനും ‘വിവാദത്തിനു ഞാനില്ല’ എന്നു പറയുന്നതുകേട്ട്‌, കണ്ണൂരുകാര്‍ക്കു പോലും സംശയം – ഇത്‌ ടി. പത്മനാഭന്‍ തന്നെയോ? ഓടക്കുഴല്‍ അവാര്‍ഡോടെയാണ്‌ പപ്പേട്ടന്‌ ഇഹലോകകാര്യങ്ങളില്‍ മടുപ്പും വിവാദങ്ങളോടു വിരോധവും തോന്നിത്തുടങ്ങിയതത്രെ. ഓടക്കുഴല്‍ അവാര്‍ഡ്‌ നിരസിച്ചിട്ടും ആളുകള്‍ അത്‌ വേണ്ടത്ര ഗൗനിച്ചില്ല. ഗൗനിക്കാത്തത്‌ പോട്ടെ, പപ്പേട്ടന്‍ കളവ്‌ പറഞ്ഞെന്ന്‌ ആക്ഷേപവും. അവാര്‍ഡ്‌ പ്രഖ്യാപിച്ചശേഷമേ താനറിഞ്ഞുള്ളു എന്നു പറഞ്ഞത്‌ കളവായിരുന്നുവത്രെ. അതിന്‌ പ്രൊഫ. എം. അച്യുതന്റെ വക തെളിവും സാക്ഷിയും ഹാജരാക്കേണ്ട കാര്യമൊന്നുമുണ്ടായിരുന്നില്ല. അവാര്‍ഡ്‌ നിഷേധിക്കുന്നുവെങ്കില്‍, അതിന്‌ പത്രത്തില്‍ ചിത്രവും വാര്‍ത്തയും വരുന്നതുവരെ കാത്തിരിക്കേണ്ടിയിരുന്നോ എന്നാണ്‌ അച്യുതന്‍ മാസ്റ്ററുടെ ചോദ്യം. വിദ്യ കൈയിലിരിക്കട്ടെ മാഷെ. നിങ്ങള്‍ ടെലിഫോണില്‍ അവാര്‍ഡ്‌ തരികയും ടെലിഫോണില്‍ തന്നെ അവാര്‍ഡ്‌ നിരസിക്കുകയും ചെയ്താല്‍ മാലോകരത്‌ അറിയാന്‍ പോകുന്നുണ്ടോ? ആദ്യം അവാര്‍ഡ്‌ പ്രഖ്യാപിക്കുക. പടവും വാര്‍ത്തയും എല്ലാ പത്രങ്ങളിലും വരട്ടെ. എന്നിട്ടല്ലേ അവാര്‍ഡ്‌ സ്വീകരിക്കണമോ എന്ന്‌ ആലോചിക്കാന്‍തന്നെ പറ്റൂ? കിട്ടാത്ത സാധനം നിരസിക്കാന്‍ പറ്റുമോ മിസ്റ്റര്‍? ഇത്രയേ പപ്പേട്ടന്‍ ചെയ്തിട്ടുള്ളു. അതു വലിയ കുറ്റമായിപ്പോയി. ഇങ്ങനെയായാല്‍ മാന്യന്മാര്‍ക്ക്‌ അവാര്‍ഡ്‌ നിരസിക്കാനും പറ്റാത്ത സ്ഥിതിയുണ്ടാവില്ലേ? പപ്പേട്ടന്‌ ഇപ്പോള്‍ മറ്റൊരുതരത്തില്‍ മനഃസമാധാനമുണ്ട്‌. ‘ഓടക്കൊയല്‍’ ഓടയിലേക്കു വലിച്ചെറിയുകയും അതു തരാന്‍ മാത്രം ബുദ്ധിശൂന്യത കാട്ടിയവര്‍ക്ക്‌ അര്‍ഹിക്കുന്നത്ര ശകാരം കൊടുക്കുകയും ചെയ്ത സ്ഥിതിക്ക്‌ ഇനിയാരും അവാര്‍ഡും കൊണ്ട്‌ പപ്പേട്ടന്റെ പടി കയറിവരില്ലല്ലോ. അതുതന്നെ സമാധാനം.

ടി. പത്മനാഭന്‍ ഓടക്കുഴല്‍ അവാര്‍ഡുകാരോടു ചെയ്തതിനെക്കാള്‍ വലിയ കടുംകൈ ആണ്‌ തകഴിച്ചേട്ടന്‍ പുരോഗമന കലാസാഹിത്യസംഘക്കാരോടു ചെയ്തത്‌. സാഹിത്യകാരന്മാരെപ്പോലെ നന്ദിയില്ലാത്ത വര്‍ഗം വേറെയില്ലെന്നതിന്‌ ഇനിയും തെളിവുവേണോ? പു. ക. സ. യുടെ അഞ്ചാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ തകഴിച്ചേട്ടനെ വിളിച്ചത്‌ നാട്ടില്‍ വേറെ ആളെ കിട്ടാഞ്ഞിട്ടാണെന്ന്‌ നിങ്ങള്‍ കരുതേണ്ട. ലോകത്തിലെ ഏതു സാഹിത്യസമ്മേളനവും ഉദ്ഘാടനം ചെയ്യാന്‍ യോഗ്യനായ ഇ.എം.എസ്‌. തകഴിയെക്കാള്‍ ആരോഗ്യത്തോടെ ഇരിപ്പുണ്ട്‌. പിന്നെ കവികള്‍ക്കാണോ പഞ്ഞം? കടമ്മനിട്ട മുതല്‍ കെ. സി. ഉമേഷ്‌ ബാബുവരെ ഉള്ളവരുണ്ട്‌. അതൊക്കെയെന്തിന്‌? നോംചോംസ്‌കിയെ തന്നെ വേണമെങ്കില്‍ വിളിക്കാമായിരുന്നു. അങ്ങേര്‌ ഇവിടെ തന്നെ ഉണ്ടായിരുന്നല്ലൊ. എന്നിട്ടും ഞങ്ങള്‍ തകഴിച്ചേട്ടനെയാണ്‌ ഉദ്ഘാടകനായി ക്ഷണിച്ചത്‌. പഴയ കാലത്തെ ‘പെറ്റി ബൂര്‍ഷ്വാ ചെറ്റത്തര’മൊന്നും ഓര്‍മയില്ലാത്തതുകൊണ്ടല്ല. എല്ലാം ഓര്‍മയുണ്ട്‌. എന്നാലും പലതും മറക്കണമല്ലൊ. പാര്‍ട്ടിക്ക്‌ സ്വതന്ത്ര സഹയാത്രികരായ ബുദ്ധിജീവികളുടെ ആവശ്യമുണ്ട്‌. മാത്രവുമല്ല, ഞങ്ങള്‍ പണ്ടത്തെ കടുംപിടുത്തമൊക്കെ എത്രയോ അയവു വരുത്തിയില്ലേ? എത്രയെത്ര തെറ്റുകള്‍ ഞങ്ങള്‍ തിരുത്തി? തിരുത്തിത്തിരുത്തി ഒടുവില്‍ ‘കല കലയ്ക്കുവേണ്ടി’യാണ്‌ എന്നു പോലും സമ്മതിച്ചുതന്നില്ലേ? ഇത്രയൊക്കെ ചെയ്തിട്ടും തകഴിച്ചേട്ടന്‍ ചെയ്തതെന്താണ്‌? പു.ക.സ. യുടെ ഉദ്ഘാടനത്തിന്‌ വന്നിട്ട്‌ പു. ക.സ. യെ അടക്കിച്ചീത്തവിളിച്ചു. അത്‌ കടന്നകൈയായിപ്പോയി.

പുതിയ വല്ല കാര്യത്തിന്റെ പേരിലായിരുന്നു ഈ ശകാരമെങ്കില്‍ മനസ്സിലാക്കാമായിരുന്നു. പണ്ട്‌ അരനൂറ്റാണ്ടു മുമ്പ്‌ തന്റെ സാഹിത്യത്തെ പെറ്റി ബൂര്‍ഷ്വ ചെറ്റത്തരം എന്നൊക്കെ ആക്ഷേപിച്ചതും സുഭാഷ്‌ ചന്ദ്രബോസിനെ പട്ടി എന്നു വിളിച്ചതുമെല്ലാം പു.ക.സ. സമ്മേളനത്തിന്റെ ഉദ്ഘാടനയോഗത്തില്‍ വിസ്തരിച്ചത്‌ മര്യാദയായില്ല. ഇതെല്ലാം പലവട്ടം ചൊല്ലിക്കഴിച്ചിട്ടുള്ള കാര്യങ്ങളല്ലേ? സുഭാഷിന്റെ മേല്‍, ജാപ്പ്‌ ഏജന്റെന്നും ചെരിപ്പുനക്കിയെന്നും തുടങ്ങി മണ്ണിന്റെ മണമുള്ള അനേകം ആക്ഷേപപദങ്ങള്‍ ചൊരിഞ്ഞതിനെക്കുറിച്ച്‌ എത്രയൊ വര്‍ഷം മുമ്പ്‌ ചെറുകാട്‌ ‘ജീവിതപ്പാത’യില്‍ എഴുതിയിട്ടുണ്ടല്ലൊ. അതുകഴിഞ്ഞ്‌ കാലമെത്ര കടന്നുപോയി. ഇന്ന്‌ ഇവിടെ ഇത്രയൊക്കെയല്ലേ സംഭവിച്ചിട്ടുള്ളു എന്നാശ്വസിക്കുകയും ഇതിന്റെ പേരില്‍ ഇ.എം.എസിനെ അഭിനന്ദിക്കുകയുമായിരുന്നു തകഴി ചെയ്യേണ്ടിയിരുന്നത്‌. സോവിയറ്റ്‌ നാട്ടില്‍ അക്കാലത്ത്‌ ‘തകഴി’മാരുടെ ഗതി എന്തായിരുന്നുവെന്ന്‌ ഓര്‍മയുണ്ടോ? അക്കാദമിക്‌ യോഗ്യതയില്ലാതെ കവിതയെഴുതിയ കുറ്റത്തിനാണ്‌ ബ്രോഡ്‌സ്‌കിയെ സൈബീരിയന്‍ തടങ്കല്‍പാളയത്തിലേക്ക്‌ അയച്ചത്‌. ഇവിടെ തകഴിയെ ശകാരിക്കുകയല്ലേ ചെയ്തിട്ടുള്ളൂ? അത്രത്തോളം ആശ്വസിക്കുകയല്ലേ വേണ്ടത്‌?

കമ്യൂണിസ്റ്റുകാര്‍ സാഹിത്യത്തെ ആയുധമാക്കിയെന്നതാണ്‌ തകഴി കാണുന്ന കുറ്റം. തകഴിയും ചെയ്തത്‌ അതുതന്നെയല്ലേ എന്നാണ്‌ നമ്പൂതിരിപ്പാടിന്റെ ചോദ്യം. ശരിയാണ്‌. മാര്‍ക്സിസ്റ്റ്‌ പ്രത്യയശാസ്ത്രം ഉള്‍ക്കൊണ്ട്‌ താനും അതു ചെയ്തിട്ടുണ്ടെന്ന്‌ തകഴിയും പറയുന്നു. എങ്കില്‍പിന്നെ രണ്ടുകൂട്ടര്‍ക്കും പരസ്പരം ചീത്ത പറയാതെ ചാരുകസേരയില്‍ മിണ്ടാതിരുന്നുകൂടേ എന്നാണ്‌ വായനക്കാര്‍ ചോദിക്കുന്നത്‌.

ഒക്കെ സഹിക്കാം പക്ഷേ, ഒന്നു പറഞ്ഞ്‌ രണ്ടാമത്തേതിന്‌, ജാതി പറഞ്ഞ്‌ ചീത്ത വിളിക്കുന്നത്‌ സഹിക്കാന്‍ പ്രയാസമുണ്ട്‌. നമ്പൂതിരിമാര്‍ എണ്ണത്തില്‍ കുറവും അഹിംസാവാദികളും ആയതുകൊണ്ടല്ലേ തൊട്ടതിനും പിടിച്ചതിനുമെല്ലാം ഇതു നമ്പൂരിത്തം, ഇതു നമ്പൂരിത്തം എന്ന്‌ ആക്ഷേപിക്കാന്‍ എല്ലാവരും ധൈര്യപ്പെടുന്നത്‌. ശിവശങ്കരപ്പിള്ളയും പറയുന്നത്‌ അതുതന്നെ. ശിവശങ്കരപ്പിള്ളയില്‍ പിള്ളത്തം ഉള്ളത്ര നമ്പൂതിരിപ്പാടില്‍ നമ്പൂരിത്തം ഉണ്ടാവില്ല. തീര്‍ച്ച. പിള്ളയും നമ്പൂരിയുമല്ലാതെ വേറെയാരെയും ഇങ്ങനെ ആക്ഷേപിക്കാമെന്ന്‌ വിചാരിക്കേണ്ട. ഒന്നുകില്‍ തടികേടാവും, അല്ലെങ്കില്‍ ജാതിവിളിച്ചതിന്‌ കേസില്‍ പ്രതിയായി ജയിലിലാവും.

*** *** ***

പഴയ സാഹിത്യകാരന്മാര്‍ ചെയ്യുന്നതിലേറെ ദ്രോഹമാണ്‌ പഴയ പാര്‍ട്ടി സഖാക്കള്‍ ചെയ്യുന്നത്‌. കേളപ്പജിയെ കൊല്ലാന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്ലാനിട്ടിരുന്നുവെന്ന്‌ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നതാരാണ്‌? കെ. മാധവന്‍. സി.പി.ഐ. യിലായിരുന്ന ഇദ്ദേഹത്തെ പാര്‍ട്ടിയിലെടുത്തതിന്റെ പേരിലാണ്‌ കാസര്‍കോട്‌ സി. പി.ഐയും സി.പി.എമ്മും തമ്മില്‍ അടിയുടെ വക്കത്തെത്തിയത്‌. അന്നേ സി.പി.ഐ. ക്കാര്‍ പറഞ്ഞതാണ്‌ മാധവനെ പാര്‍ട്ടിയിലെടുക്കേണ്ടെന്ന്‌. അതിന്റെ ഫലം ഇപ്പോള്‍ അനുഭവിച്ചോളിന്‍ സി.പി. എമ്മുകാരേ.

കേളപ്പജിയെ കൊല്ലാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നുവെന്നു കേട്ടാല്‍ മാലോകര്‍ ഞെട്ടിപ്പോകുമെന്നായിരിക്കും മാധവേട്ടന്‍ വിചാരിച്ചത്‌. കല്‍ക്കത്ത തീസിസിന്റെ ആ കാലത്ത്‌ പണ്ഡിറ്റ്‌ നെഹ്‌റുവിനെ കൈയില്‍ കിട്ടിയാലും കൊല്ലുമായിരുന്നു. പിന്നെയല്ലേ കേളപ്പജി. കല്‍ക്കത്ത തീസിസ്‌ പോയിട്ട്‌ ഒരു തീസിസും ഇല്ലാത്ത ഇക്കാലത്തെന്താണ്‌ സ്ഥിതി? രാഘവന്റെ വീട്‌ കത്തിച്ചതില്‍ തെറ്റില്ലായെന്നും കൈയില്‍ കിട്ടിയിരുന്നെങ്കില്‍ രാഘവനെ തന്നെ ശരിപ്പെടുത്തുമായിരുന്നുവെന്നും ഇ.കെ. നായനാര്‍ ഇന്നലെയും പ്രസംഗിച്ചു. അപ്പോള്‍പിന്നെ അന്നത്തെ കേളപ്പജിയുടെ കാര്യത്തില്‍ അത്ഭുതം ഒട്ടുമില്ല. പാര്‍ട്ടിക്ക്‌ ശല്യമായവനെ തരപ്പെട്ടാല്‍ കൊല്ലുക എന്നത്‌ തന്നെയാണ്‌ തീസിസ്‌ ഇന്നും. പ്രത്യേകിച്ച്‌ പഴയ കണ്ണൂര്‍ ജില്ലയില്‍. അതില്‍നിന്നൊഴിവായവര്‍ അധികമില്ല – കെ.പി.ആര്‍. ഗോപാലനുണ്ട്‌. അത്‌, കെ.പി. ആര്‍. രയരപ്പനെ പേടിച്ചിട്ടാകാനാണ്‌ സാധ്യത. പിന്നെ, നായനാരുടെ കാര്‍ണവരുമല്ലേ?

*** *** ***

വയലാര്‍ രവി ‘ഐ’ ഗ്രൂപ്പിലെ ചിലരെ ‘അല്‍പ’ന്മാരെന്നു വിശേഷിപ്പിച്ചു. രവി അങ്ങനെ പറയണമെങ്കില്‍ സംഭവം ഗൗരവമുള്ളതായിരിക്കണം. വല്ലവിധത്തിലും യു.ഡി. എഫിനെ ഒന്നു രക്ഷിച്ചെടുക്കാന്‍ വേണ്ടി ഏറെ കഷ്ടപ്പെട്ടാണ്‌ ആന്റണിയെയും കുഞ്ഞാലിക്കുട്ടിയെയും കരുണാകരനെ കാണാന്‍ പ്രേരിപ്പിച്ചത്‌. ഓരോ വരവിനും ആന്റണിയുടെ കരണക്കുറ്റിക്ക്‌ ഓരോ അടി അടിച്ചിട്ടേ ലീഡര്‍ജി മടങ്ങാറുള്ളൂ. എന്നിട്ടും ആന്റണി ലീഡര്‍ജിയെ വീട്ടില്‍ ചെന്നുകണ്ടു. കണ്ടെന്നു മാത്രമല്ല ദോശയും തിന്നു: കുഞ്ഞാലിക്കുട്ടി നോമ്പും തുറന്നു. അതുകഴിഞ്ഞപ്പോഴാണ്‌ കടവൂര്‍ ശിവദാസന്‍, ശോഭനാ ജോര്‍ജ്‌, ശരച്ചന്ദ്രപ്രസാദ്‌ തുടങ്ങിയ കരുണാകരഭക്തന്മാര്‍, ആന്റണിയും കുഞ്ഞാലിക്കുട്ടിയും വീട്ടില്‍ചെന്ന്‌ ലീഡര്‍ജിയുടെ കാലു പിടിച്ചെന്നു പ്രചരിപ്പിച്ചത്‌. ആന്റണിക്കു സഹിക്കുമോ? രവിക്കുപോലും സഹിച്ചില്ല. അല്‍പന്മാരുടെ രാഷ്ട്രീയം എന്ന്‌ വയലാര്‍ രവി പറഞ്ഞെങ്കില്‍ രവിയെ കുറ്റപ്പെടുത്താനൊക്കില്ല. ടി. എച്ച്‌. മുസ്തഫ എത്ര മാന്യന്‍ എന്നാണിപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ പറയുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *

Go Top