പോലീസുകാരുടെയും പത്രക്കാരുടെയും കാര്യത്തില്‍ മുമ്പെല്ലാം നാട്ടുകാര്‍ക്ക് ഒരു ധൈര്യം ഉണ്ടായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ച് വീട്ടില്‍പോയാലെങ്കിലും സമാധാനിക്കാം, ഇനി ഇവനെക്കൊണ്ട് ശല്യമുണ്ടാകില്ല എന്ന്. ഇല്ല ഇപ്പോഴിതും പറയാനൊക്കില്ല. ആരാണ് എപ്പോഴാണ് ആത്മകഥ എഴുതുക എന്ന് എങ്ങനെയറിയും ? പൊതിഞ്ഞുകെട്ടി അട്ടത്ത് സൂക്ഷിച്ചിരുന്ന രഹസ്യങ്ങള്‍ എപ്പോളാണ് എടുത്ത് തെരുവിലിട്ടലക്കുക എന്നറിയില്ല. അതിന് ആത്മകഥ എഴുതുകപോലും വേണ്ട. അവനവന്‍ ആപ്പിലാകുമോ എന്നുപോലും നോക്കാതെയാണ് ചിലര്‍ മറ്റുള്ളവരെ ആപ്പിലാക്കുന്നത്. സ്വയം കൊലക്കേസ്സില്‍ പ്രതിയാകുന്ന രഹസ്യം പോലും വിളിച്ചുപറയുന്നു. പോലീസ് കോണ്‍സ്റ്റബള്‍ രാമചന്ദ്രന്‍നായര്‍ ചെയ്‌തത് അതാണ്.
ജോലി ചെയ്‌തിരുന്ന കാലത്തേക്കാള്‍ സ്റ്റോറികള്‍ പിരിഞ്ഞ ശേഷം എഴുതിയ പത്രപ്രവര്‍ത്തകരുണ്ട്. ആര്‍ക്ക് എപ്പോഴാണ് പ്രതിഭ ഉണരുക എന്ന് പറയാനാവില്ലല്ലോ. ജോലിചെയ്‌ത കാലത്ത് പത്രത്തിലെഴുതാതിരുന്ന രഹസ്യം വിരമിച്ചാല്‍ ചിലപ്പോള്‍ പുസ്‌തകത്തിലെഴുതും. പുസ്‌തകം ടോപ്പ്‌സെല്ലറാകും. ഇതെല്ലാം ഇംഗ്ലീഷ് പോലുള്ള വിദേശഭാഷകളിലെ കാര്യമാണ്. നമ്മളത്രയൊന്നും പുരോഗമിച്ചിട്ടില്ല. എങ്കിലും പ്രതീക്ഷയ്‌ക്ക് വകനല്‍കുന്ന ചില സംഗതികള്‍ സമീപകാലത്തുണ്ടാകുന്നുണ്ട്.
പത്രപ്രവര്‍ത്തകരെ വിശ്വസിക്കരുതെന്ന് വെറുതെ പറഞ്ഞതല്ല. മുന്‍കാല പത്രപ്രവര്‍ത്തകന്‍ എന്‍.എന്‍. സത്യവ്രതന്‍ മുരളിയുടെ രക്തസാക്ഷിത്വത്തെക്കുറിച്ച് നാല്‌പത് വര്‍ഷത്തിന് ശേഷം സത്യം എഴുതിയിരിക്കുന്നു. 1967ലെ സപ്‌തകക്ഷിമുന്നണി മന്ത്രിസഭയെ ആഴ്‌ചകളോളം വിറപ്പിച്ചത് മുരളിയുടെ മരണത്തെത്തുടര്‍ന്നുള്ള വിദ്യാര്‍ത്ഥിസമരമായിരുന്നു. ‘ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥിസംഘടന’യായി കെ.എസ്.യുവിനെ വളര്‍ത്തിയതും ഈ സമരമായിരുന്നു. എല്ലാറ്റിന്റെയും അടിസ്ഥാനമായ രക്തസാക്ഷിയായിരുന്ന മുരളി രക്തസാക്ഷിയും ആയിരുന്നില്ല, കെ.എസ്.യു.വും ആയിരുന്നില്ലത്രെ. അശുവായ പാവം പയ്യന്‍ സമരത്തിനോ ജാഥക്കോ ഒന്നും പോയിരുന്നില്ല. അടിയൊന്നും കിട്ടിയിട്ടുമില്ല. അടികൊണ്ട് വീണത് ഒരു മുള്‍ജി ആയിരുന്നുവത്രെ. പത്രത്തില്‍ പേര് തെറ്റി മുരളി ആയി. അടികിട്ടിയ മുള്‍ജി പത്രത്തില്‍ പേരുപോലും വരാത്തതിന്റെ സങ്കടത്തോടെ വൈകുന്നേരം ആസ്‌പത്രി വിട്ട് വീട്ടില്‍ പോയപ്പോഴാണ് അടികിട്ടാത്ത മുരളി ഹൃദ്രോഗം വന്നുമരിച്ചത്. അസുലഭമായ അവസരം. മുന്‍പിന്‍ നോക്കാതെ ചാടിവീണ് മുരളിയെ അനശ്വരരക്തസാക്ഷിയായി ചിത്രീകരിച്ച് കെ.എസ്.യു.ക്കാര്‍ ആനന്ദസാഗരത്തില്‍ ആറാടി. സമരം പൊടിപൊടിച്ചു.. മുരളിയുടെ മരണത്തില്‍ നിന്നാണ് ഉമ്മന്‍ചാണ്ടി എന്ന നേതാവിന്റെ ജനനം, എ.കെ.ആന്റണിയും വയലാര്‍ രവിയും ഒക്കെ വലിയ നേതാക്കളായി വളര്‍ന്നതും ആ സമരംകൊണ്ടുതന്നെ.
രക്തസാക്ഷിദിനങ്ങള്‍ മുഴുവന്‍ ആചരിക്കാന്‍പോലും കഴിയാത്തത്ര അധികം രക്തസാക്ഷികളുള്ള പ്രസ്ഥാനക്കാര്‍ക്ക് അറിയില്ല അതില്ലാത്തവരുടെ വിഷമം. അമ്പതുകൊല്ലം കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടും കടുത്ത രക്തസാക്ഷിദാരിദ്ര്യം അനുഭവിക്കേണ്ട അവസ്ഥയിലാണ് കെ.എസ്.യു. നാലുരക്തസാക്ഷിയെങ്കിലുമില്ലാതെ എങ്ങനെ സമ്മേളനനഗരികള്‍ക്ക് പേരിടും, ആരുടെ ശവകുടീരത്തില്‍ നിന്നാണ് ദീപശിഖ കൊണ്ടുവരിക ? അക്രമരാഷ്ട്രീയത്തിന്റെ ആശാന്മാരൊക്കെയാണെങ്കിലും ഇക്കാര്യത്തില്‍ മാര്‍ക്‌സിസ്റ്റുകാര്‍ വേണ്ടവിധം സഹായിച്ചില്ല. അല്ലെങ്കിലും അവര്‍ക്ക് സഹജീവിസ്‌നേഹം കുറവാണ്. ചുമ്മാ തല്ലും എന്നല്ലാതെ നേരാംവണ്ണം ഒരു രക്തസാക്ഷിയെപ്പോലും തന്നില്ല.
കെ.എസ്.യുവിന് ആകെയുള്ള രക്തസാക്ഷി വ്യാജരക്തസാക്ഷിയാണെന്ന സത്യം നാല്‌പതുകൊല്ലവും വെളിപ്പെടുത്താഞ്ഞതെന്ത് എന്ന് ചോദിച്ചല്ലോ. നാല്‌പത് കൊല്ലമെന്തിന്, പിറ്റേന്ന് തന്നെ പത്രത്തില്‍ സത്യം തെളിച്ചുപറഞ്ഞിരുന്നുവെങ്കില്‍ സമരം പാളീസാകുമായിരുന്നില്ലേ ? തീര്‍ച്ചയായും അതുകൊണ്ടുതന്നെയാവണം അന്നൊന്നും മിണ്ടാതിരുന്നത്. നാട്ടില്‍ നല്ലൊരു രക്തസാക്ഷിയുണ്ടാകുന്നതും മോശം കാര്യമല്ല. മറ്റെന്തും ആവശ്യമുള്ളപ്പോള്‍ ഉണ്ടാക്കാം, രക്തസാക്ഷിയുടെ കാര്യം അങ്ങനെയല്ല. മാത്രമോ, അന്നേ സത്യം വെളിപ്പെടുത്തിയിരുന്നുവെങ്കില്‍ ഉമ്മന്‍ചാണ്ടി തുടങ്ങി എം.എം.ഹസ്സന്‍ വരെയുള്ള നേതാക്കളൊന്നും കേരളത്തിലേ ഉണ്ടാകുമായിരുന്നില്ല. എങ്കില്‍ എന്താകുമായിരുന്നു കേരളത്തിന്റെ അവസ്ഥ ? പത്രപ്രവര്‍ത്തകര്‍ എന്തെഴുതുമ്പോഴും ഭാവിയെ മുന്‍പില്‍ കാണണം.
കൊല്ലം നാല്‌പത് കഴിഞ്ഞ സ്ഥിതിക്ക് ഉചിതമായ സമയത്ത് വേണമല്ലോ സംഗതി വെളിപ്പെടുത്താന്‍. കെ.എസ്‌്.യു. അതിന്റെ അമ്പതാം ജന്മദിനം മുരളി നഗറില്‍ ആഘോഷിക്കുമ്പോഴല്ലെങ്കില്‍ മറ്റെപ്പോഴാണ് അത് വെളിപ്പെടുത്തുക ? നേരത്തെ, സത്യം വിളിച്ചുപറയാന്‍ തുനിഞ്ഞ ഗ്രന്ഥകാരനെ ഉമ്മന്‍ചാണ്ടി മുടക്കിയതായി ഗ്രന്ഥകാരന്‍തന്നെ പറയുന്നുണ്ട്. ഇനി ആരെന്ത് സത്യം പറഞ്ഞാലും ഒന്നും നഷ്ടപ്പെടാനില്ലാത്ത അവസ്ഥയിലെത്തിയിട്ടുണ്ട് ഉമ്മന്‍ചാണ്ടിയും വയലാര്‍ രവിയും എ.കെ. ആന്റണിയും കെ.എസ്‌്.യു തന്നെയും. ആരെന്തെഴുതിയാലും വിരോധമില്ല.
***********************
മുരളി വ്യാജരക്തസാക്ഷിയായിരുന്നോ? കോണ്‍ഗ്രസ്സുകാര്‍ക്കുതന്നെയും സംശയമായിട്ടുണ്ട്. അല്ലെന്ന് വാദിക്കാന്‍ ഒരു സാക്ഷിയെപ്പോലും ഇതുവരെ കിട്ടിയിട്ടില്ല. മുരളിയുടെ കുടുംബാംഗങ്ങള്‍ പോലും ഇപ്പോള്‍ കെ.എസ്.യു.വിന് വേണ്ടി വാദിക്കാന്‍ വരുന്നില്ല. രക്തസാക്ഷിക്ക് വേണ്ടി തെളിവുനല്‍കാന്‍ അല്‌പംഭേദപ്പെട്ട ഒരു സാക്ഷിയെ കിട്ടാന്‍ സാധ്യത കാണുന്നുണ്ട്. ആള്‍ പഴയ കെ.എസ്.യു. പ്രസിഡന്റും ആന്റണി -ഉമ്മന്‍ചാണ്ടിമാരുടെ സന്തതസഹചാരിയുമൊക്കെയായിരുന്നുവെന്നത് അയോഗ്യതയായി കാണരുത്. മാര്‍ക്‌സിസ്‌റ്റു പാര്‍ട്ടിക്ക് അങ്ങനെ എളുപ്പം തള്ളാന്‍ പറ്റാത്ത കക്ഷിയാണ്.
1967 സപ്‌തംബറിലെ സംഭവങ്ങള്‍ ഒരു കൃതിയില്‍ പ്രസ്‌തുത സാക്ഷി വിവരിക്കുന്നുണ്ട്. അതിങ്ങനെ…
` സെപ്‌തംബര്‍ 30 ന് തേവരയിലെ മുരളി മരിച്ചു. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ രണ്ടാംവര്‍ഷ പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു പതിനേഴുകാരനായിരുന്ന ടി.കെ.മുരളി. തേവര കോളേജിലേക്ക് ബസ്‌റൂട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു മുരളി. ഓടയില്‍ മറിഞ്ഞുവീണ മുരളിയെ പോലീസ് ലാത്തിയുപയോഗിച്ച് ക്രൂരമായി തല്ലുകയാണുണ്ടായത്. ലാത്തിയടിയേറ്റാണ് തന്റെ മകന്‍ മരണമടഞ്ഞതെന്ന് മുരളിയുടെ പിതാവ് എന്‍.പി. മേനോന്‍ സര്‍ക്കാറിന് പരാതി കൊടുത്തു. എന്നാല്‍, മുരളിയുടെ മരണം ഹൃദയസ്‌തംഭനം മൂലമാണെന്നാണ് സര്‍ക്കാര്‍ പത്രക്കുറിപ്പ് ഇറക്കിയത്`.
ക്രൂരമായ മര്‍ദ നത്തെക്കുറിച്ചുള്ള വിവരണം വായിക്കുമ്പോള്‍ സാക്ഷി വെറും സാക്ഷിയല്ല ദൃക് സാക്ഷി തന്നെയായിരുന്നു എന്ന് തോന്നുന്നുണ്ട്. അറിയില്ല. താല്‍പ്പര്യമുള്ളവര്‍ക്ക് നേരിട്ട് അന്വേഷിക്കാവുന്നതേയുള്ളൂ. വിശദവിവരം തരാം. ഗ്രന്ഥകാരന്‍ ചെറിയാന്‍ ഫിലിപ്പ്, ഗ്രന്ഥം ‘കാല്‍നൂറ്റാണ്ട് ‘. എ.കെ.ജി. സെന്ററിലോ കൈരളി ടി.വി.യിലോ കെ.ടി.ഡി.സി. യിലോ അന്വേഷിച്ചാല്‍ സാക്ഷിയെ കിട്ടിയേക്കും.
*********************
മന്ത്രി സുധാകരന്‍ മജിസ്‌ട്രേറ്റുമാരെ കൊഞ്ഞാണന്‍മാര്‍ എന്ന് വിശേഷിപ്പിച്ചത് സംബന്ധിച്ച കോടതിയലക്ഷ്യക്കേസ് നിര്‍ഭാഗ്യവശാല്‍ നടപടിയൊന്നുമില്ലാതെ അവസാനിപ്പിച്ചിരിക്കുന്നു. മന്ത്രിയെ ശിക്ഷിക്കാതെ കേസ്‌് അവസാനിച്ചതിലാണ് സങ്കടം എന്ന് ധരിക്കരുത്. അത്തരം ദുഷ്ടചിന്തയൊന്നുമില്ല. രാഷ്ട്രീയവ്യവഹാരഭാഷയ്‌ക്ക് മന്ത്രി സംഭാവനചെയ്‌ത ഉശിരന്‍ വാക്കിന്റെ ഭാവിയിലെ ഉപയോഗം സംബന്ധിച്ച് കോടതിയില്‍ നിന്ന് ആധികാരികമായി അഭിപ്രായമൊന്നും കിട്ടാതെപോയതിലാണ് സങ്കടം. അത് ഭാഷയുടെ നഷ്ടമാണ്.
നിയമസഭയിലാണെങ്കില്‍ ഒരു വാക്ക് അണ്‍പാര്‍ലമെന്ററി ആണോ എന്ന് സ്‌പീക്കര്‍ അപ്പോള്‍ത്തന്നെ റൂളിങ്ങ് നല്‍കണം. പക്ഷേ, ഒരു വാക്ക് കോടതിയലക്ഷ്യമാണോ അല്ലയോ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ കോടതി റൂളിങ്ങ് നല്‍കിയില്ല. കോഞ്ഞാണന്‍ എന്ന പ്രയോഗം കൊണ്ട് കോടതികളെയോ മജിസ്‌ട്രേറ്റുമാരെയോ അവഹേളിക്കുകയോ ഇടിച്ചുതാഴ്‌ത്തുകയോ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന വിശദീകരണം കോടതിക്ക് സ്വീകാര്യമായി എന്നാണ് പത്രറിപ്പോര്‍ട്ടുകളിലുള്ളത്. വാക്ക് മന്ത്രി ഉപയോഗിച്ചത് തന്നെ. പക്ഷെ, ഇടിച്ചുതാഴ്‌ത്താന്‍ ഉദ്ദേശ്യമില്ലായിരുന്നു. ഇടിച്ചുതാഴ്‌ത്താന്‍ ഏത് പദമാണ് മന്ത്രി ഉപയോഗിക്കാറെന്ന് വിശദീകരിച്ചുകണ്ടില്ല.
കൊഞ്ഞാണന്‍ എന്ന വാക്ക് മന്ത്രിയുടെ സൃഷ്ടിയല്ല. അത് പല ഭാഷാനിഘണ്ടുകളിലുമുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധപ്പെടുത്തിയ കേരളഭാഷാനിഘണ്ടുവില്‍ ഈ വാക്കിന് കൊടുത്ത അര്‍ത്ഥം വകയ്‌ക്ക് കൊള്ളാത്തവന്‍, മടയന്‍, മൂഢന്‍ എന്നെല്ലാമാണ്. വാക്ക് കൊജ്ഞാണ്ണന്‍ എന്ന് സംസ്‌കൃതീകരിച്ചും ഉപയോഗിക്കാറുണ്ട്. ഇടിച്ചുതാഴ്‌ത്താന്‍ ഉദ്ദേശ്യമില്ലായിരുന്നു എന്ന് ഉറപ്പ്. ഇത്തരം വികൃതാര്‍ഥങ്ങള്‍ നിഘണ്ടുവില്‍ കൊടുത്തവര്‍ക്കെതിരെ വേണം കോടതിയലക്ഷ്യനടപടികള്‍ സ്വീകരിക്കാന്‍.