അനന്തരം തന്ത്രിയോട്‌ മന്ത്രി…

ഇന്ദ്രൻ

ഉണ്ടിരിക്കുന്ന മന്ത്രി സുധാകരന്‌ പെട്ടന്നാണ്‌ ഗുരുവായൂരില്‍ നിന്നുള്ള വിളിയുണ്ടായത്‌. കുറച്ചുദിവസമായി പത്രങ്ങളിലെ ഹെഡ്ഡിങ്ങുകളിലൊന്നും സുധാകരന്റെ പേരില്ലാത്തതില്‍ മനംനൊന്ത്‌ പത്രവായനക്കാര്‍ പത്രവരി തന്നെ നിര്‍ത്തുന്ന സ്ഥിതിയെത്തിയപ്പോഴാണ്‌ ഭാഗ്യവശാല്‍ ആ വിളിവന്നത്‌. ഇനി കുറച്ചുകാലത്തേക്ക്‌ വേറൊന്നും വേണ്ട.

ചരിത്രത്തിന്റെ വിളിയാണത്‌. അത്യൂപൂര്‍വമായി, നൂറ്റാണ്ടിലൊരിക്കലോ മറ്റോ സംഭവിക്കുന്ന ഒന്ന്‌. ഏറ്റവുമൊടുവില്‍ കേരളചരിത്രത്തില്‍ ഇത്തരമൊന്നുണ്ടായത്‌ മുക്കാല്‍ നൂറ്റാണ്ട്‌ മുമ്പാണ്‌. അത്ഭുതകരമായ യാദൃച്ഛികത എന്ന്‌ കരുതിയാല്‍ മതി, അതും ഗുരുവായൂരില്‍ നിന്നുള്ള വിളിയായിരുന്നു. അമ്പലത്തില്‍ വന്നാല്‍ സവര്‍ണന്മാര്‍ക്ക്‌ പ്രസാദം അവര്‍ണന്മാര്‍ക്ക്‌ അടി എന്നതായിരുന്നു അന്നത്തെ സമ്പ്രദായം. അതിനെതിരെ ആയിരുന്നു വിളിവന്നത്‌. അതിന്‌ പന്ത്രണ്ട്‌ വര്‍ഷം മുമ്പ്‌ ഇതേവിളി വൈക്കം ക്ഷേത്രത്തില്‍ ഉയര്‍ന്നിരുന്നു. അടി കിട്ടാന്‍ അന്ന്‌ ക്ഷേത്രത്തില്‍ തന്നെ പോകേണ്ടിയിരുന്നില്ല. റോഡിലേ വഴിനടന്നാല്‍ മതിയായിരുന്നു. കെ.കേളപ്പന്‍ തൊട്ടുള്ള മഹാന്മാരാണ്‌ അന്നവിടെ വിളികേട്ട്‌ ഓടിയെത്തി സമരം നടത്തിയത്‌. ഒടുവില്‍ മഹാത്മാഗാന്ധിയും തിരുവിതാംകൂര്‍ മഹാരാജാവ്‌ തന്നെയും ഇടപെടേണ്ടിവന്നു. ഈ മഹാരഥന്മാര്‍ക്കെല്ലാം പകരം നമുക്ക്‌ ഇന്നുള്ളത്‌ മന്ത്രി ജി.സുധാകരന്‍ മാത്രമാണ്‌. ഈ.എം.എസ്‌ ഇല്ലാത്തതിന്റെ കുറവു താന്‍ നികത്താന്‍ ശ്രമിക്കുന്നുണ്ടെന്ന്‌ മാത്രമേ മന്ത്രി സുധാകരന്‍ ഇതുവരെ സമ്മതിച്ചിരുന്നുള്ളൂ. വിനയം കൊണ്ടാണ്‌ അദ്ദേഹം അത്രയും കൊണ്ടു നിര്‍ത്തിക്കളഞ്ഞത്‌ എന്ന്‌ ഇപ്പോഴെങ്കിലും ഭക്തജനങ്ങള്‍ക്ക്‌ മനസ്സിലായിക്കാണുമല്ലോ.

ഗുരുവായൂരിലെ ഇപ്പോഴത്തെ പ്രശ്‌നം പഴയതിനേക്കാള്‍ സങ്കീര്‍ണമാണ്‌. നേരത്തെ, എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം ലഭിക്കണം എന്നതു മാത്രമായിരുന്നു ആവശ്യം. ന്യായം എന്ന്‌ ആരും പറയും. അവര്‍ണഹിന്ദുക്കള്‍ പ്രവേശനം കിട്ടാന്‍ ആഗ്രഹിച്ച്‌ അത്യാവേശപൂര്‍വം കാത്തുനില്‍ക്കുന്നുമുണ്ടായിരുന്നു. അവര്‍ക്ക്‌ വേണ്ടി സമരം നടത്തിയത്‌ സവര്‍ണഅവര്‍ണ ഭേദമില്ലാതെ ഹിന്ദുക്കള്‍ ആയിരുന്നു. വൈക്കം സത്യാഗ്രഹകാലത്ത്‌ സമരം നടത്താന്‍ കോണ്‍ഗ്രസ്സിലുള്ള കൃസ്‌ത്യാനികള്‍ സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ മഹാത്മാഗാന്ധി തന്നെയാണ്‌ പറഞ്ഞത്‌ അത്രക്ക്‌ മതേതരത്വം നമുക്ക്‌ വേണ്ട എന്ന്‌. ഉജ്വലനേതാവായി വളരുമായിരുന്ന ബാരിസ്റ്റര്‍ ജോര്‍ജ്‌ ജോസഫ്‌ അതിന്റെ പേരിലാണ്‌ ഗാന്ധിയുമായും കോണ്‍ഗ്രസ്സുമായും പിണങ്ങിപ്പിരിഞ്ഞത്‌. അതു പഴയ കഥ. ഇപ്പോഴത്തെ പ്രശ്‌നം അതല്ല. ഗുരുവായൂരില്‍ പ്രവേശിപ്പിക്കണമെന്ന്‌ അപേക്ഷയും സമര്‍പ്പിച്ച്‌ ആരും അവിടെ ക്യൂ നില്‍ക്കുന്നില്ല. ഞാനാര്‍ക്കും അപേക്ഷ കൊടുത്തിട്ടില്ലെന്ന്‌ യേശുദാസ്‌ തന്നെ പറയുകയും ചെയ്‌തു. അതുകൊണ്ടാണ്‌ പറഞ്ഞത്‌ മന്ത്രിസുധാകരന്റെ ദൗത്യം ബുദ്ധിമുട്ടേറിയതാണ്‌ എന്ന്‌. ഒരു പ്രശ്‌നവും ഇല്ലാത്ത സ്ഥലത്ത്‌ പ്രശ്‌നമുണ്ടാക്കാന്‍ മന്ത്രി സുധാകരന്‌ തന്നെ പ്രയാസമാണ്‌ .

യേശുദാസിനെ മാത്രം പ്രവേശനം കൊടുത്താല്‍ പോര, മുഴുവന്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിക്കണം എന്ന്‌ ചിലര്‍ ആവശ്യപ്പെട്ടതായി പത്രങ്ങളില്‍ കണ്ടു. അവരുടെ കൂട്ടത്തില്‍ ഡോ. സുകുമാര്‍ അഴീക്കോടുമുണ്ട്‌. ക്ഷേത്രത്തിലും മതത്തിലും ആരാധനയിലും ദൈവത്തിലും വിശ്വാസമില്ലാത്ത മന്ത്രി സുധാകരനാണ്‌, കുട്ടികള്‍ക്ക്‌ കോളേജ്‌ പ്രവേശനത്തിന്‌ ശുപാര്‍ശക്കത്തയക്കുന്ന ലാഘവത്തോടെ ഗായകന്‍ യേശുദാസിന്‌ ഗുരുവായൂര്‍ പ്രവേശനത്തിന്‌ ശുപാര്‍ശക്കത്തയച്ചത്‌. ആ നിലയ്‌ക്ക്‌ എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണം എന്ന്‌ , ക്ഷേത്രാരാധനയില്‍ വിശ്വാസമില്ലാത്ത വാഗ്‌ഭടാനന്ദശിഷ്യനായ അഴീക്കോടിന്‌ എന്തുകൊണ്ട്‌ ആവശ്യപ്പെട്ടുകൂടാ? അതില്‍ ഒട്ടുമില്ല അപാകം. ശ്രീകൃഷ്‌ണദാസനായ യേശുദാസിന്‌ പ്രവേശനം നിഷേധിക്കുകയും യുക്തിവാദിയായ യു.കലാനാഥന്‌ ലവലേശം മടികൂടാതെ പ്രവേശനമനുവദിക്കുകയും ചെയ്യുന്നവരാണ്‌ ക്ഷേത്രഭരണക്കാര്‍ .ഒരുവിധം ലൗകികകാര്യങ്ങളൊന്നും അവര്‍ക്ക്‌ മനസ്സിലാകില്ല.

ഇത്‌ മന്ത്രിസുധാകരന്റെ കേരളനവോത്ഥാനയജ്ഞത്തിന്റെ ഒരു ഘട്ടം മാത്രമാണ്‌. അടുത്ത നാലു കൊല്ലത്തിനിടയില്‍ ഇടപെട്ട്‌ നാനാവിധമാക്കേണ്ട നൂറു പ്രശ്‌നങ്ങളുടെ പട്ടിക അദ്ദേഹം തയ്യാറാക്കുന്നുണ്ട്‌. ശബരിമലയില്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശനം നല്‍കാത്ത പ്രശ്‌നത്തില്‍ ഇടപെടാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു. കോടതിയലക്ഷ്യം ഉണ്ടായേക്കുമെന്ന്‌്‌ പറഞ്ഞതുകൊണ്ടാണ്‌ വേണ്ട എന്ന്‌ വെച്ചത്‌. ദൈവത്തോട്‌ കളിച്ചാലും പണിപോകില്ല, കോടതിയുടെ കാര്യം അങ്ങനെയല്ലല്ലോ. വേറെ എന്തെല്ലാം പ്രശ്‌നം കിടക്കുന്നു ഇടപെടാന്‍. ഗുരുവായൂരില്‍ ഷര്‍ട്ടിട്ട്‌ കേറാന്‍ പാടില്ല എന്ന വ്യവസ്ഥ തന്നെ നോക്കുക…ശബരിമലയിലേത്‌ സ്‌ത്രീവിവേചനമെങ്കില്‍ ഗുരുവായൂരിലേത്‌ പുരുഷവിവേചനമല്ലേ ? വേണമെങ്കില്‍ സുധാകരന്‍ ഇടപെട്ടോട്ടെ….നമുക്ക്‌ വയ്യ.ആമയെ ചുടുമ്പോള്‍ മലര്‍ത്തിച്ചുടണം എന്ന്‌ പറഞ്ഞെന്നുമാത്രം. വേറെയും വിവേചനങ്ങളുണ്ട്‌….ഹജ്‌ കര്‍മത്തിന്‌ മുസ്ലിംകളെ മാത്രം കൊണ്ടുപോകുന്നു…ആളുകള്‍ സ്വന്തം ജാതിയില്‍ നിന്നും മതത്തില്‍ നിന്നും മാത്രം വിവാഹം കഴിക്കുന്നു… മക്കളെ അവരുടെ അഭിപ്രായം ചോദിക്കാതെ മതത്തില്‍ ചേര്‍ക്കുന്നു..പറഞ്ഞുവന്നാല്‍ ചില്ലറയൊന്നുമല്ല നാട്ടിലെ അനീതി…..ചോര തിളയ്‌ക്കുന്നു…

എല്ലാം കഴിഞ്ഞാല്‍ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്‌ കൂടി ചെയ്യാം. മന്ത്രി സുധാകരന്റെ പ്രതിമ ഗുരുവായൂരമ്പലത്തില്‍ … അകത്ത്‌ പറ്റുമോ എന്നറിയില്ല, തന്ത്രി സമ്മതിക്കാനിടയില്ല. തന്ത്രിയാണല്ലോ എല്ലാം തീരുമാനിക്കുന്നത്‌. ഗുരുവായൂരപ്പന്‌ അതിനകത്ത്‌ നില്‍ക്കാന്‍ തന്നെ തന്ത്രിയുടെ സമ്മതം വേണമത്രെ. കാഠ്‌മണ്ഡുവിലെ പ്രസിദ്ധമായ പശുപതിനാഥ ക്ഷേത്രത്തില്‍ നടയില്‍ വിഗ്രഹത്തിന്റെ പലയിരട്ടി വലുപ്പമുള്ള പ്രതിമ സ്ഥാപിച്ചത്‌ കണ്ടിട്ടുണ്ട്‌. വിഗ്രഹത്തിന്‌ അഭിമുഖമായി രാജാവ്‌ തന്നെ സ്വന്തം പ്രതിമ സ്ഥാപിച്ചതാണ്‌. ഒരു വെറും രാജാവിന്‌ പറ്റുന്നത്‌ ദേവസ്വം വകുപ്പ്‌ മന്ത്രിക്ക്‌ പറ്റില്ലെന്നോ..
**********************************

കോണ്‍ഗ്രസ്സില്‍ രാഹു(ല്‍)കാലത്തിന്റെ വരവ്‌ അറിയിച്ചുകൊണ്ടുള്ള അപശബ്ദങ്ങള്‍ ഉത്തരപ്രദേശത്ത്‌ നിന്നുണ്ടാകുന്നുണ്ട്‌. പാര്‍ട്ടിയില്‍ അഞ്ചാം തലമുറക്കാരന്റെ അരങ്ങേറ്റം കുറെ മുമ്പെ നടന്നതാണ്‌. പാര്‍ലമെന്റില്‍ ഇരിപ്പുറപ്പിച്ചിട്ട്‌ തന്നെ വര്‍ഷം രണ്ടരയായി. തലമുറ ഓരോന്നു പിന്നിടുന്നതിനനസരിച്ച്‌ ജീനുകളുടെ വൈഭവം കുറയുകയാണോ ചെയ്യുക എന്നറിയില്ല. ഇവിടെ എന്തായാലും അതിന്റെ ലക്ഷണമാണ്‌ കാണുന്നത്‌. മൂന്ന്‌ വര്‍ഷത്തെ രാഹുലിന്റെ രാഷ്ട്രീയബിരുദപഠനത്തിന്‌ പാസ്‌മാര്‍ക്ക്‌ കിട്ടണമെങ്കില്‍ കനത്ത തോതില്‍ മോഡറേഷന്‍ വേണ്ടിവരും.

എട്ടാം ക്ലാസ്സില്‍ കെ.എസ്‌.യു വില്‍ ചേര്‍ന്നതുമുതല്‍ പോസ്റ്ററൊട്ടിക്കുകയും അത്യാവശ്യം രണ്ടോ മൂന്നോ പത്രങ്ങള്‍ വായിക്കുകയും ചെയ്‌തുപോന്ന നല്ല പ്ലസ്‌ ടു ക്കാരെ പി.സി. വിഷ്‌ണുനാഥിനോട്‌ ചോദിച്ചാല്‍ എത്രവേണമെങ്കിലും കാണിച്ചുതരും .രാഹുല്‍ പറയുന്നതിനേക്കാള്‍ കുറച്ച്‌ മാത്രം അബദ്ധമേ അവര്‍ പറയൂ. കുറച്ച്‌ ഹിന്ദുസ്ഥാനി കൂടി പഠിപ്പിച്ച്‌ കട്ടിഗ്ലാസ്സുള്ള കണ്ണടയും വെളുത്ത ഖദര്‍ജുബ്ബയും വാങ്ങിക്കൊടുത്ത്‌ വണ്ടികേറ്റി യു.പി ക്ക്‌ വിട്ടാല്‍ മതിയായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ്സ്‌ കേഡറുകള്‍ക്ക്‌ വേണ്ടി രാഷ്ട്രീയപഠന ഇന്‍സ്റ്റിറ്റിയൂട്ടോ സര്‍ക്കസ്‌ കളരിയോ വേറെ എന്തെല്ലാമോ തുടങ്ങുന്നതായി രമേശ്‌ ചെന്നിത്തല പറഞ്ഞുനടക്കുന്നുണ്ടായിരുന്നു. സോണിയാഗാന്ധിയോട്‌ പറഞ്ഞ്‌ ഭാവി പ്രധാനമന്ത്രിമാരായ രാഷ്ട്രീയ നവസാക്ഷരര്‍ക്ക്‌ വേണ്ടി ഒരു പഠനകോഴ്‌സ്‌ ഡല്‍ഹിയില്‍ തുടങ്ങട്ടെ ആദ്യം. അതില്‍ വിട്ടുവീഴ്‌ച പാടില്ല. രാഷ്ട്രത്തിന്റെ ഭാവിയെ ബാധിക്കുന്ന കാര്യമാണ്‌.

നെഹ്‌റുകുടുംബമായിരുന്നു ഭരണത്തിലെങ്കില്‍ ബാബ്‌റി മസ്‌ജിദ്‌ തകരുമായിരുന്നില്ല, ഇന്ദിരാഗാന്ധിയുടെ കഴിവ്‌ കൊണ്ടാണ്‌ പാകിസ്‌താന്‍ രണ്ടായത്‌ …എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞാണ്‌ രാഹുല്‍ ഉത്തരപ്രദേശില്‍ സമാന്യം നല്ല ചീത്തപ്പേര്‌ ഉണ്ടാക്കിയിരിക്കുന്നത്‌. പഠിപ്പിക്കാനേല്‍പ്പിച്ചവര്‍ മുഴുവന്‍ പറഞ്ഞുകൊടുക്കാത്തത്‌ കൊണ്ടാണോ അതല്ല, പഠിപ്പിച്ചത്‌ പകുതിയും തലയില്‍ കേറാത്തതിന്റെ കുറ്റമാണോ എന്നേ അന്വേഷിക്കാനുള്ളൂ. ബാബ്‌രി തകര്‍ക്കപ്പെടുമ്പോള്‍ കോണ്‍ഗ്രസ്‌ തന്നെയായിരുന്നു ഭരണത്തില്‍ എന്നും പി.വി. നരസിംഹറാവു എന്ന പ്രധാനമന്ത്രി കോണ്‍ഗ്രസ്സുകാരന്‍ തന്നെയായിരുന്നു എന്നും പറഞ്ഞുകൊടുത്തില്ല. പഴയ മസ്‌ജിദ്‌ കെട്ടിടം വിഗ്രഹാരാധനയ്‌ക്ക്‌ തുറന്നുകൊടുത്ത്‌ എല്ലാം കുത്തിക്കലക്കിയത്‌ പിതാജി രാജീവ്‌ജി ആയിരുന്നു എന്നും പറഞ്ഞുകൊടുത്തില്ല. ബംഗ്ലാദേശില്‍ തീവ്രമായ സ്വാതന്ത്ര്യസമരമായിരുന്നു എന്നും നമ്മള്‍ വേറെ ഒരു നിവൃത്തിയും ഇല്ലാത്തത്‌ കൊണ്ട്‌ ഇടപെട്ടാതാണ്‌ എന്നും അല്ലെങ്കില്‍ അങ്ങനെയേ പുറത്ത്‌ പറയാവൂ എന്നും പഠിപ്പിച്ചില്ല.

യു.പി.യിലേത്‌ വെറും റിഹേഴ്‌സല്‍ മാത്രമാണ്‌. രണ്ടുവര്‍ഷം കഴിഞ്ഞ്‌ സര്‍ദാര്‍ മന്‍മോഹന്‍സിങ്ങിന്‌ വിശ്രമം കൊടുത്ത്‌ രാഹുലിനെ പ്രധാനമന്ത്രിയാക്കാനുള്ളതാണ്‌. എന്‍ട്രന്‍സ്‌ പരീക്ഷക്ക്‌ നമ്മുടെ കുട്ടികള്‍ പഠിക്കുന്നതുപോലെ രാവും പകലും സ്‌പെഷല്‍ ട്യൂഷന്‍ ഏര്‍പ്പെടുത്തി തീവ്രയജ്ഞപരിപാടി നടപ്പാക്കിയില്ലെങ്കില്‍ സംഗതി അപകടമാവും. രാജീവ്‌ജി വളരെ ബുദ്ധിപൂര്‍വം ആദ്യത്തെ ഏഴെട്ട്‌ വര്‍ഷം ചെയ്‌തതും സോണിയാമാതാജി ഇപ്പോഴും ചെയ്യുന്നതുമായ കാര്യം പുത്രനും ചെയ്യാവുന്നതാണ്‌. മണിശങ്കര്‍ അയ്യറെ പോലെ യോഗ്യന്മാര്‍ എഴുതിത്തയ്യാറാക്കുന്നതേ പ്രസംഗവേദികളില്‍ വായിക്കാവൂ. പത്രസമ്മേളനം, ടിവി അഭിമുഖം തുടങ്ങിയ അപകടസാധ്യതയുള്ള പരിപാടികള്‍ പരമാവധി ഒഴിവാക്കുക-ഇത്രയുമെങ്കിലും ചെയ്യണം, പിടിച്ചുനില്‍ക്കണ്ടേ . * *****************

തീരുമാനമെടുക്കുന്നത്‌ പാര്‍ട്ടി, അത്‌ നടപ്പാക്കുന്ന എക്‌്‌സിക്യൂട്ടീവ്‌ ഓഫീസര്‍മാര്‍ മാത്രമാണ്‌ മുഖ്യമന്ത്രിയും മന്ത്രിമാരും. മുഖ്യമന്ത്രിയാകട്ടെ, പാര്‍ട്ടിക്ക്‌ പൂര്‍ണവിധേയന്‍. പിന്നെയെന്താണ്‌ പ്രശ്‌നം?

പാത്രക്കടവ്‌ പദ്ധതി സൈലന്റ്‌ വാലി പദ്ധതി തന്നെയാണെന്നും പുതിയ പേരിട്ട്‌ നടപ്പാക്കുക യു.ഡി. എഫിന്റെ സൂത്രമാണെന്നും പ്രതിപക്ഷനേതാവ്‌ വി. എസ്‌. അച്യുതാനന്ദന്‍ പാലക്കാട്ട്‌ 2004 ജൂണ്‍ രണ്ടാം വാരത്തില്‍ പത്രസമ്മേളനം വിളിച്ച്‌ പറഞ്ഞിട്ടുണ്ട്‌. കൊടും മഴ കാരണം അന്ന്‌ അദ്ദേഹത്തിന്‌ പാത്രക്കടവില്‍ പോകാനായില്ല. പോയില്ലെങ്കിലെന്ത്‌ ? ആദ്യമായി അവിടെപോയി , സൈലന്റ്‌ വാലി പദ്ധതിയിതാ പാത്രക്കടവ്‌ പദ്ധതി എന്ന വ്യാജനാമത്തില്‍ നടപ്പാക്കാന്‍ പോകുന്നു എന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത കൈരളി ചാനലിന്റെ ലേഖകനെ വിളിച്ചുവരുത്തി വിവരങ്ങളെല്ലാം എഴുതി വാങ്ങിയാണ്‌ അച്യുതാനന്ദന്‍ പറഞ്ഞത്‌ ഈ സൂത്രം ഇവിടെ നടപ്പാക്കാന്‍ അനുവദിക്കുന്ന പ്രശ്‌നം ഇല്ലാാാാാാാാ എന്ന്‌.

യു.ഡി. എഫ്‌ സര്‍ക്കാറിനെ കൊണ്ട്‌ നടപ്പാക്കിക്കില്ല എന്നേ പറഞ്ഞിട്ടുള്ളൂ. എല്‍.ഡി.എഫിന്‌ അതു നടപ്പാക്കാം. പ്രതിപക്ഷനേതാവ്‌ അന്നു പറഞ്ഞതൊന്നും മുഖ്യമന്ത്രിക്ക്‌ ഇന്നു ബാധകമല്ല. രണ്ടും ഒരാളല്ലേ അല്ല. എഡിബി വായ്‌പ ഗുണം ചെയ്യുമോ , പാത്രക്കടവ്‌ ഗുണം ചെയ്യുമോ എന്നെല്ലാം ഭാവികാലം തെളിയിക്കും, നമ്മളെന്തിന്‌ വര്‍ത്തമാനകാലത്ത്‌ വെറുതെ വര്‍ത്തമാനം പറഞ്ഞ്‌ ക്ഷീണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Go Top