അവിശ്വാസം അവരെ രക്ഷിക്കട്ടെ

ഇന്ദ്രൻ

പാര്‍ട്ടിഗ്രൂപ്പുവഴക്ക്‌ ഇന്‍വെസ്റ്റിഗേറ്റീവ്‌ ജര്‍ണലിസത്തിന്റെ വളര്‍ച്ചക്ക്‌ വലിയ സംഭാവനകളാണ്‌ നല്‍കിക്കൊണ്ടിരിക്കുന്നത്‌. ബൂര്‍ഷ്വാ മാധ്യമസിണ്ടിക്കേറ്റുകാര്‍ ചില്ലറക്കാരല്ലെങ്കിലും ,ഇക്കാലം വരെ അവര്‍ ഇത്രത്തോളം പോയിട്ടില്ല. പാര്‍ട്ടിസെക്രട്ടറിയുടെ മകള്‍ ലണ്ടനിലാണോ പഠിക്കുന്നത്‌, മന്ത്രിഭവനത്തിലെ ഗേറ്റ്‌ മാറ്റിയത്‌ വാസ്തുതത്ത്വം പാലിക്കാനാണോ തുടങ്ങിയ കാര്യങ്ങളാണ്‌ ഏറിയാല്‍ അവര്‍ അന്വേഷിക്കുക.പാര്‍ട്ടിക്കകത്തെ തീവ്രവാദി പത്രപ്രവര്‍ത്തകര്‍ ക്ക്‌ ഇത്തരം അതിരുകളൊന്നുമില്ല

വിവരാവകാശനിയമം ഉള്‍പ്പെടെയുള്ള പുതിയ ടെക്നിക്കുകള്‍ പലതും പ്രയോഗിച്ചാണ്‌ സഖാക്കള്‍ കാടാമ്പുഴ ക്ഷേത്രത്തില്‍ പൂജ നടത്തിയ വി.ഐ.പി.കളുടെ പട്ടിക ശേഖരിച്ചത്‌. പൂമൂടല്‍പൂജ വമ്പിച്ച ജനപ്രിയ കാര്യസാധ്യപ്രാര്‍ത്ഥനയാണെന്ന്‌ തെളിയിക്കുകയോ കാടാമ്പുഴ ക്ഷേത്രത്തിലെ ആരാധകരുടെ എണ്ണം കൂട്ടുകയോ ഒന്നുമായിരുന്നില്ല അവരുടെ ലക്ഷ്യം. അത്‌ സംഗതി വേറെ. സി.പി.എം ഔദ്യോഗികനേതൃത്വം അപ്പടി ജീര്‍ണിച്ച്‌ അമ്പലവാസികളായിരിക്കുന്നു എന്ന്‌ തെളിയിക്കാനാവണം അവര്‍ ഈ ഇടതുപക്ഷ അതിസാഹസികതയ്ക്ക്‌ മുതിര്‍ന്നത്‌. അതിന്‌ ഇത്രയും കഷ്ടപ്പെടേണ്ട കാര്യമുണ്ടോ എന്ന്‌ ചിലര്‍ ചോദിക്കുന്നതും കേട്ടു. ഭൂമി ഉരുണ്ടതാണ്‌ എന്ന്‌ തെളിയിക്കാന്‍ പരീക്ഷണങ്ങളിലേര്‍പ്പെടുന്നവര്‍ ഇപ്പോഴും ഉണ്ടാകാനിടയുണ്ട്‌

വമ്പിച്ച പോലീസ്‌ സേനയുടെയും അര്‍ധസൈനികവിഭാഗത്തിന്റെയുമെല്ലാം തലപ്പത്താണ്‌ കോടിയേരിയുടെ ഇരിപ്പ്‌. ഒരു വിധപ്പെട്ട ശത്രുക്കളെയെല്ലാം കൈകാര്യം ചെയ്യാന്‍ കോടിയേരിക്ക്‌ ഒരു ഫോണ്‍ കോളിന്റെ ചെലവേയുള്ളൂ . പോലീസിനെക്കൊണ്ടും അടങ്ങാത്ത ശത്രുവാണെങ്കില്‍ കേന്ദ്രനിലേക്ക്‌ ഒരു ഫാക്സ്‌ അയച്ചാല്‍ മറ്റവന്‍ തോക്കും ടാങ്കുമായി വരും. എ.കെ.ആന്റണിയാണ്‌ അവിടെ അതിന്റെ തലപ്പത്ത്‌ എന്നത്‌ തടസ്സമേയല്ല. ഇത്രയൊക്കെ ബലം കൈവശം ഉണ്ടായിട്ടും ശത്രു’ വിനെ തുരത്താന്‍ കോടിയേരി കാടാമ്പുഴയില്‍ പോയി പൂജ നടത്തിയെങ്കില്‍ ശത്രു വേറൊരു ഇനത്തില്‍ പെട്ടതാണ്‌ എന്ന്‌ തെളിയിക്കാനാവും ജനശക്തി സംഘം ഉദ്ദേശിച്ചിരിക്കുക.

ആരാവും ശത്രു ? നമുക്ക്‌ ഊഹിക്കാനേ പറ്റൂ. പാര്‍ട്ടിക്കകത്താണ്‌ എന്ന്‌ അവരും പാര്‍ട്ടിക്ക്‌ പുറത്താണ്‌ എന്ന്‌ പാര്‍ട്ടിഔദ്യോഗികനേതൃത്വവും പറയുന്ന ജനശക്തിസംഘത്തിന്‌ ഒരു പക്ഷെ കൂടുതല്‍ വിവരമറിയുമായിരിക്കും. ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയെ ആണ്‌ ലക്ഷ്യമിട്ടതെന്ന്്‌ പോളിറ്റ്‌ ബ്യൂറോവിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ പാര്‍ട്ടി ആഭ്യന്തരയുദ്ധത്തില്‍ ആഭ്യന്തരമന്ത്രിയേയും അദ്ദേഹത്തിന്റെ പക്ഷത്തേയും തവിടുപൊടിയാക്കാനാകും. സംശയമില്ല. പക്ഷെ കൊക്കിന്‌ വെച്ചത്‌ കോഴിക്ക്‌ പോലും കൊണ്ട ലക്ഷണമില്ല.

ആഭ്യന്തരമന്ത്രിയുടെ ശത്രുക്കളാണെങ്കിലും ജനശക്തി’സംഘവും ആഭ്യന്തരമന്ത്രിയെപ്പോലെ വൈരുദ്ധ്യാധിഷ്ടിതഭൗതികവാദക്കാരാണ്‌. മുഖ്യമന്ത്രിയുടെ ആരാധകരാണെന്ന വൈരുദ്ധ്യം വേറെ കിടപ്പുണ്ട്‌. കാടാമ്പുഴയില്‍ പൂജകളെന്തെല്ലാം, മുട്ടുകളെന്തെല്ലാം എന്നൊന്നും അറിഞ്ഞുകൂടാ. കോടിയേരിക്കെതിരെ ശത്രുസംഹാരത്തിന്‌ ഇറങ്ങും മുമ്പ്‌ കാടാമ്പുഴക്ഷേത്രത്തെ പറ്റി അത്യാവശ്യം വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെങ്കില്‍ ഇങ്ങനെയൊരു അബദ്ധത്തില്‍ ചെന്നു ചാടുമായിരുന്നില്ല. വൈരുദ്ധ്യാധിഷ്ടിതഭൗതികവാദികളായ സി.ഐ.ടി.യുക്കാര്‍ ക്ഷേത്രതൃക്കോവിലിലും ഉള്ളത്‌ കൊണ്ട്‌ വിവരാവകാശനിയമം പ്രയോഗിക്കാതെ തന്നെ വിവരം ശേഖരിക്കാന്‍ പറ്റുമായിരുന്നു. ശത്രുക്കളില്‍ നിന്നുള്ള മുട്ടകറ്റാനാണ്‌ പൂജ. ശത്രുവിനെ അങ്ങോട്ട്‌ ചെന്ന്‌ മുട്ടാനുള്ള സംവിധാനമല്ല അത്്‌. കാടാമ്പുഴ ക്ഷേത്രം ചാത്തന്‍ മഠമല്ല.
********
പറയാന്‍ വിചാരിക്കാത്തതേ നാവില്‍ നിന്ന്‌ വീഴൂ എന്ന്‌ ജാതകത്തില്‍ രേഖയുള്ള മന്ത്രിയാണ്‌ ദൈവികദേവസ്വം കൈകാര്യം ചെയ്യുന്ന ജി.സുധാകരന്‍. എന്നിട്ടും സുധാകരന്‍ ഇതു വരെ കുഴിയില്‍ ശരിക്ക്‌ വീണിട്ടില്ല. പറയാന്‍ വിചാരിച്ചതിനപ്പുറം ഒരു വാക്കും വീഴാത്ത കൂട്ടത്തില്‍ പെടുന്നു ആഭ്യന്തരം നോക്കുന്ന കോടിയേരി ബാലകൃഷ്ണന്‍. എന്നിട്ടും കാടാമ്പുഴ ശത്രുസംഹാരവിവാദത്തില്‍ കുഴിയില്‍ ചാടി കോടിയേരി.

ഓ ഭാര്യമാരങ്ങനെ എന്തെല്ലാം പൂജയും വഴിപാടും നടത്തുന്നു, അതുകൊണ്ടുണ്ടോ ഭര്‍ത്താക്കന്മാര്‍ രക്ഷപ്പെടുന്നു എന്നോ മറ്റോ ഒരു മറുപടിയാണ്‌ കോടിയേരി പത്രസമ്മേളനത്തില്‍ നല്‍കിയിരുന്നതെങ്കില്‍ പത്രക്കാരും ശത്രുക്കളും മിണ്ടാതെ പോയേനെ. അതുകൊണ്ടും അടങ്ങിയില്ലെങ്കില്‍ സഖാവ്‌ ഇ.എം ഭാര്യയെ പളനിക്ഷേത്രത്തില്‍ അനുഗമിക്കുന്ന ഫോട്ടോ പത്രത്തില്‍ വന്നതല്ലേ എന്നൊരു മറുചോദ്യവും ചോദിക്കാം. സംഗതി അവിടെ തീരും, ഉറപ്പ്‌. അതുപാടില്ലെന്നത്‌ കൊണ്ടാവാം കോടിയേരി ഭാര്യയുടെ ക്ഷേത്രസന്ദര്‍ശനം വാശിപിടിച്ച്‌ നിഷേധിച്ചത്‌.

പാര്‍ട്ടി പറഞ്ഞാല്‍ പോയി കുത്തിക്കൊല്ലാനും ചാവാനും തയ്യാറുള്ള ആയിരങ്ങളുള്ളേടത്ത്‌ പൂമൂടല്‍ നടത്തിയത്‌ ഞാനാണെന്ന്‌ പറയാനാണോ ആളെ കിട്ടാത്തത്‌. നൂറു ബാലകൃഷ്ണന്മാരെ കിട്ടും. അതല്ല, എന്തിനിത്ര വാശിപിടിച്ചു നിഷേധിക്കണം എന്നതാണ്‌ പ്രശ്നം.. ബഹുഭൂരിപക്ഷമാളുകള്‍ കമ്യൂണിസ്റ്റുകാരും ദൈവവിശ്വാസികളും ആണെന്നിരിക്കേ അങ്ങനെയും ഒരു കീര്‍ത്തി കിടക്കട്ടെ എന്ന്‌ വിചാരിച്ചാല്‍ പോരായിരുന്നോ സഖാവ്‌ കോടിയേരിക്ക്‌ ?

പോര,പോര. സംഗതി അത്ര ലാഘവത്തോടെ വിടാന്‍ പറ്റുന്നതല്ല. പാര്‍ട്ടി അംഗങ്ങളായ വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദികള്‍ പരസ്യമായി ദൈവവിശ്വാസം പ്രകടിപ്പിക്കുന്നത്‌ പാര്‍ട്ടിക്ക്‌ അപമാനം ഉണ്ടാക്കുന്നതാണെന്ന്‌ പാര്‍ട്ടി സംഘടനാരേഖയില്‍ വ്യക്തമാക്കിയത്‌ സമീപകാലത്താണ്‌. പാര്‍ട്ടിസംസ്ഥാനക്കമ്മിറ്റി അംഗീകരിച്ച്‌ കീഴ്ഘടകങ്ങള്‍ക്ക്‌ അയച്ചുകൊടുക്കുന്നതും കീഴ്ഘടകങ്ങള്‍ രാവിലെ തൊട്ട്‌ മോന്തിയാകുവോളം ചര്‍ച്ച ചെയ്യുന്നതും ഇടയില്‍ എവിടെയെങ്കിലും വെച്ച്‌ ബൂര്‍ഷ്വാപത്രങ്ങള്‍ക്ക്‌ ചോര്‍ത്തിക്കൊടുക്കുന്നതും ആയ അതിഗൗരവമുള്ള സംഭവമാണ്‌ ഈ സംഘടനാരേഖ എന്നു പറയുന്നത്‌.

അത്‌ പറയാനിടയായത്‌ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ രണ്ട്‌ എം.എല്‍.എ.മാര്‍ നിയമസഭയില്‍ ദൈവത്തെ പിടിച്ച്‌ സത്യപ്രതിജ്ഞ ചെയ്തതാണ്‌. ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിക്കാനുള്ളതല്ല, സ്വകാര്യമായി കൊണ്ടുനടക്കാനുള്ളതാണ്‌. ആരും കാണില്ലെന്ന്‌ നാലുപാടും നോക്കി ഉറപ്പുവരുത്തിമാത്രം പ്രകടിപ്പിക്കാനുള്ളതുമാണ്‌. ഈ വിപ്ലവരീതിയാണ്‌ രണ്ട്‌ എം.എല്‍.എ സഖാക്കള്‍-കൃത്യമായി പറഞ്ഞാല്‍ ഒരു സഖിയും ഒരു സഖാവും-പരസ്യമായി ലംഘിച്ചത്‌. ചെറിയ അപരാധമല്ല അത്‌. പാര്‍ട്ടിയില്‍ അംഗത്വമെടുക്കുമ്പോള്‍ താന്‍ ഭൗതികവാദിയാണെന്ന്‌ പ്രതിജ്ഞയെടുക്കുക, നിയമസഭയില്‍ അംഗത്വം ഏല്‍ക്കുമ്പോള്‍ ദൈവവിശ്വാസിയാണെന്ന്‌ പ്രതിജ്ഞയെടുക്കുക-എങ്ങനെ പാര്‍ട്ടി സഹിക്കും ഈ ഇരട്ടത്താപ്പ്്്‌.

പാര്‍ട്ടിയുടെ അനുമതിയോടെയാണിത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത്‌ എന്ന്‌ അറിയാനുള്ള വിവേകം ഇവര്‍ക്കുണ്ടായില്ല. പാര്‍ട്ടിക്ക്‌ ഇക്കാര്യത്തില്‍ കടുംപിടുത്തമൊന്നുമില്ല. വലിയ സഖാവിന്‌ മതചടങ്ങുകളോടെ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പാര്‍ട്ടി കുടുംബത്തിന്‌ അനുമതി നല്‍കിയതാണ്‌. മതവിശ്വാസിക്കോ മതപ്രചാരകന്‌ തന്നെയോ പാര്‍ട്ടി അംഗമാകാന്‍ പറ്റില്ലെങ്കിലും പാര്‍ലമെന്റിലേക്ക്‌ നിയമസഭയിലേക്കോ പാര്‍ട്ടിചിഹ്നത്തില്‍ മത്സരിക്കാം.ജയിച്ചാല്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞയുംചെയ്യാം. വോട്ട്‌ കിട്ടാന്‍ മതസ്ഥാപനത്തില്‍ കയറിച്ചെന്ന്‌, പാര്‍ട്ടി മതത്തിന്‌ എതിരേ അല്ല എന്ന്‌ പ്രസംഗിക്കാം. അന്ധവിശ്വാസം പരത്തുന്ന ആള്‍ദൈവമെന്ന്‌ മുമ്പ്‌ ആക്ഷേപിച്ചവരുടെ വേദികളില്‍ പാര്‍ട്ടിമന്ത്രിമാര്‍ക്ക്‌ കയറിച്ചെന്ന്‌ പ്രശംസ ചെരിയാം. അതൊന്നും പാര്‍ട്ടിക്ക്‌ അപമാനം സൃഷ്ടിക്കില്ല, വോട്ട്‌ ബാങ്കേ സൃഷ്ടിക്കൂ. ഐഷാപോറ്റിയുടെ നടപടി അപമാനവും എ.കെ.ബാലന്റെ നടപടി അഭിമാനവും സൃഷ്ടിക്കും. ഇത്തരം പ്രത്യേകതരം വൈരുദ്ധ്യാത്മകതകള്‍ ഇളകിയാടുന്ന ഇക്കാലത്ത്‌ പൂമൂടല്‍ നടത്തിയത്‌ ഭാര്യയാണെന്ന്‌ പറഞ്ഞാലൊന്നും തടിയൂരാന്‍ കഴിഞ്ഞെന്നു വരില്ല. കോടിയേരിയെ ഭയപ്പെടുത്തുന്നത്‌ പാര്‍ട്ടിക്ക്‌ പുറത്തെ ചെകുത്താന്മാരാവില്ല, പാര്‍ട്ടിയിലെ ദൈവങ്ങളാവാം. നിങ്ങളുടെ വിശ്വസം നിങ്ങളെ രക്ഷിക്കട്ടെ എന്നാണ്‌ പൊതുവെ എല്ലാവരേയും ആശംസിക്കുക. ഇവിടെ അത്‌ പറ്റില്ല. സഖാവേ താങ്കളുടെ അവിശ്വാസം താങ്കളെ രക്ഷിക്കട്ടെ എന്ന്‌ നമുക്കാശംസിക്കാം. ഒരു ശതുമുട്ട്‌ കഴിപ്പിക്കുകയും ചെയ്യാം.

കോടതിയലക്ഷ്യക്കേസ്സില്‍ നോട്ടീസയക്കും മുമ്പ്‌ തന്നെ കോണ്‍ഗ്രസ്സുകാര്‍ പാലൊളിയുടെ രാജി ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്‌. കീഴ്‌വഴക്കത്തെകുറിച്ച്‌ കോണ്‍ഗ്രസ്സുകാര്‍ക്ക്‌ വലിയ പിടിപാട്‌ പോര. മുഖ്യമന്ത്രിയായിരുന്ന ഈ. എം.എസ്സിനെ കോടതിയലക്ഷ്യക്കേസ്സില്‍ ആയിരം രൂപ ശിക്ഷിച്ചിട്ട്‌ അന്ന്‌ രാജിവെച്ചിട്ടില്ല. പിന്നെയല്ലേ നോട്ടീസ്‌ വരുമ്പോഴേക്ക്‌ പാലൊളി രാജിവെക്കാന്‍ പോകുന്നത്‌. ആയിരം രൂപ പിഴ നമ്പൂതിരിപ്പാടിന്‌ ശിക്ഷയായി തന്നെ തോന്നിയില്ല. ജഡ്ജി ഹിദായത്തുള്ള കേസ്സിന്റെ വിധിയില്‍ തന്നെ മാര്‍ക്സിസം പഠിപ്പിക്കാന്‍ ഒരുമ്പെട്ടതാണ്‌ അദ്ദേഹത്തിന്‌ വലിയ ശിക്ഷയായി തോന്നിയത്‌.

കോണ്‍ഗ്രസ്സുകാര്‍ വാക്ക്‌ കൊണ്ടോ ചിന്ത കൊണ്ടോ കോടതിയലക്ഷ്യത്തിന്റെ നാലയലത്തൊന്നും പോകില്ലെന്ന്‌ രമേശ്‌ ചെന്നിത്തല പറഞ്ഞിട്ടുണ്ട്‌. ഒരക്ഷരം കോടതിക്കെതിരായി പറയില്ല. ഇന്ദിരാജിയുടെ ശിഷ്യനായല്ലേ ചെന്നിത്തലയുടെ തുടക്കം. അന്ന്‌ കോടതിവിധി വന്നിട്ടും രാജിവെക്കാതിരിക്കാന്‍ നിയമം തന്നെ ഭേദഗതി ചെയ്യുകയേ ഇന്ദിരാജി ചെയ്തുള്ളൂ. എതിരായി വിധിക്കുന്ന ജഡ്ജിക്ക്്‌ പ്രൊമോഷന്‍ കൊടുക്കാതിരിക്കുക, വിധേയന്മാരെ കണ്ടെത്തി സീനിയോറിറ്റിമറികടന്ന്‌ ചീഫ്‌ ജസ്്റ്റിസാക്കുക, വഴങ്ങാത്തവരെ വല്ല കാട്ടുമൂലയിലേക്കും സ്ഥലം മാറ്റുക തുടങ്ങിയ നിര്‍ദ്ദോഷകൃത്യങ്ങളേ ചെയ്യാറുള്ളൂ. ഇതിനാണ്‌ ഇന്ദിരാജി കമ്മിറ്റഡ്‌ ജുഡീഷ്യറി എന്ന്‌ പറഞ്ഞിരുന്നത്‌. ഒന്നും നടക്കുന്നില്ലെന്ന്‌ കണ്ടാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും,അല്ലാതെന്ത്‌? കോടതിയലക്ഷ്യം പറയുന്ന ചില്ലറ ഏര്‍പ്പാടിന്‌ സിപിഎമ്മുകാരെ നോക്കിയാല്‍ മതി, നമ്മളെ കിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Go Top