ഒരു പാളിയ ശുപാര്‍ശ

ഇന്ദ്രൻ

ദാനം കിട്ടുന്ന പശുവിന്റെ പല്ലെണ്ണാന്‍ പാടില്ലെന്ന്‌ പറയാറുണ്ട്‌.. ദാനം പോലൊരു സൗജന്യമാണ്‌ ശുപാര്‍ശക്കത്തെഴുതാന്‍ കിട്ടുന്ന ചാന്‍സ്‌ . ശുപാര്‍ശ ചെയ്യുമ്പോള്‍ കാര്യവും കാരണവും ന്യായവും യുക്തിയും ഒന്നും നോക്കേണ്ട കാര്യമില്ല. കാല്‍കാശിന്റെ ചെലവില്ല. പോ യാല്‍ ഒരു തേങ്ങ , കിട്ടിയാല്‍ ഒരു തെങ്ങ്‌. ഇവിടെ, പോകുന്നത്‌ ഒരു വാക്ക. കിട്ടുക ഒരു ചാക്ക്‌ നന്ദി, കടപ്പാട്‌. ശുപാര്‍ശയില്ലെങ്കില്‍ രാഷ്ട്രീയമില്ല. രാഷ്ട്രീയമില്ലെങ്കില്‍ ജനാധിപത്യമില്ല. ആകപ്പാടെ നോക്കുമ്പോള്‍ ശുപാര്‍ശയാണ്‌ ഈ രാജ്യത്തിന്റെ നിലനില്‍പ്പിന്റെ ആധാരശില എന്നു വരുന്നു.

മാര്‍ക്സോ ഏംഗല്‍സോ ശുപാര്‍ശക്കത്തിന്റെ സൈദ്ധാന്തികവശത്തെ കുറിച്ചൊന്നും എഴുതിയിട്ടില്ലെങ്കിലും ഉദാരവല്‍ക്കരണത്തിന്‌ മുമ്പ്‌ ഒരു സി.പി.എം നേതാവില്‍ നിന്ന്‌ കത്തൊന്ന്‌ കിട്ടുക സൂചിക്കുഴയിലൂടെ നൂന്നുകടക്കുന്നത്‌ പോലെ പ്രയാസമായിരുന്നു. പാര്‍ട്ടി മെമ്പര്‍ഷിപ്പിന്‌ പണമടച്ചതിന്റെ കുറ്റി കാണിച്ചാലേ ലോക്കല്‍ സെക്രട്ടറിയില്‍ നിന്ന്‌ കത്ത്‌ കിട്ടുമായിരുന്നുള്ളൂ- ഇത്‌ ശിപാര്‍ശക്കത്തല്ല. മേല്‍ക്കമ്മിറ്റിയില്‍ നിന്നോ പാര്‍ട്ടി എം.എല്‍.എ യില്‍ നിന്നോ എം.പി യില്‍ നിന്നോ ശിപാര്‍ശക്കത്ത്‌ കിട്ടാന്‍ ഈ കത്തുമായി വരുന്ന ആള്‍ യോഗ്യനാണെന്ന്‌ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള കത്താണത്‌. പിന്നെ ബന്ധപ്പെട്ട കമ്മിറ്റി യോഗം ചേര്‍ന്ന്‌ വേണം ശരിയായ ശുപാര്‍ശക്കത്ത്‌ കൊടുക്കണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കാന്‍. വേണ്ടിവന്നാല്‍ കുടുതല്‍ ചര്‍ച്ചക്ക്‌ സബ്‌ കമ്മിറ്റി രൂപവല്‍ക്കരിച്ചു എന്നും വരാം. തൊണ്ണൂറുകള്‍ക്ക്‌ ശേഷം സ്ഥിതി മാറി. ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷണം തിന്നണമല്ലോ. ഇപ്പോള്‍ ഫോട്ടാകോപ്പി എടുത്താണ്‌ കൊടുക്കുന്നത്‌.

പ്രതിപക്ഷനേതാവായിരുന്നപ്പോഴാണ്‌ വി.എസ്‌. ശുപാര്‍ശക്കത്തിന്റെ ഏര്‍പ്പാട്‌ ഹോള്‍സെയ്‌ലായി തുടങ്ങിയത്‌. തുടങ്ങിയപ്പോള്‍ പിന്നെ കളി രണ്ട്‌ കൈയും വിട്ടുള്ളതായി. സ്വകാര്യമായി നല്‍കുന്ന ശുപാര്‍ശക്കത്തും പരസ്യമായി പുറപ്പെടുവിക്കുന്ന പ്രസ്താവനയും തമ്മില്‍ വ്യത്യാസമില്ലെന്നായി. മുന്‍പിന്‍ നോക്കാതെ ശുപാര്‍ശയും കൊടുക്കും പത്രപ്രസ്താവനയും കൊടുക്കും .ആര്‍ക്കും വേണ്ട പരാതി. ജയിലില്‍ ഭര്‍ത്താവിനെ കാണാന്‍ ചെന്ന യുവതിയെ വാര്‍ഡന്മാര്‍ കൂട്ടമായി പീഡിപ്പിച്ചു എന്നാരോ പറയലും പ്രസ്താവന കൊടുക്കലും ഒന്നിച്ചു കഴിഞ്ഞു. പത്രത്തിലൊക്കെ വന്ന്‌ വലിയ കോലാഹലമായപ്പോഴാണ്‌ അറിഞ്ഞത്‌ ആ സംഭവം ഏതോ രാജ്യത്ത്‌ നൂറുകൊല്ലം മുമ്പോ മറ്റോ ആണ്‌ നടന്നതെന്ന്‌. എന്ത്‌ സംഗതിക്കും പരാജയത്തിന്റെ ഒരു ശതമാനം ഉണ്ട്‌. ജലദോഷത്തിനുള്ള മരുന്നായാലും ആയിരമോ പതിനായിരമോ പേരില്‍ ഒരാളോ രണ്ടാളോ മരിക്കുമെന്നൊക്കെ വൈദ്യവിദ്ഗ്ദ്ധന്മാര്‍ പറയാറുണ്ടല്ലോ. മരുന്നും പാളാം പ്രസ്താവനയും പാളാം ശുപാര്‍ശയും പാളാം. എന്നുവെച്ച്‌ ശിപാര്‍ശ ചെയ്യാതിരിക്കാന്‍ പറ്റുമോ ?

മുഖ്യമന്ത്രി ശുപാര്‍ശക്കത്തെഴുതരുതെന്ന്‌ ചട്ടമില്ല. മുഖ്യമന്ത്രി വി.എസ്‌. മുഖ്യമന്ത്രി വി. എസ്സിന്‌ തന്നെ എഴുതരുതെന്നേ ഉള്ളൂ. വേറെ ആര്‍ക്കും ശിപാര്‍ശക്കത്ത്‌ കൊടുക്കാം. ചീഫ്‌ ജസ്റ്റിസ്‌ വന്ന്‌ രാഷ്ട്രപതിക്കുള്ള ഒരു ശുപാര്‍ശക്കത്ത്‌ വേണം എന്ന്‌ പറഞ്ഞാല്‍ പറ്റില്ല എന്ന്‌ പറയാന്‍ കഴിയുന്ന നേതാവ്‌ കേരളത്തില്‍ ഇപ്പോള്‍ ഇല്ല. പണ്ട്‌ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്‌, കണ്ടിട്ടില്ല.

ബാലിക്ക്‌ വേണ്ടിയായാലും സുഗ്രീവന്‌ വേണ്ടിയായാലും കത്തെഴുതുന്നത്‌ ശുപാര്‍ശ നടത്തിക്കാന്‍ കഴിവുള്ള ആള്‍ക്കായിരിക്കണം. ഈ പ്രാഥമികകാര്യം നോക്കിയില്ലെന്നതാണ്‌ മുഖ്യമന്ത്രിക്ക്‌ പറ്റിയ തെറ്റെന്ന്‌ പ്രശസ്ത ശുപാര്‍ശക്കത്ത്‌വിദഗ്ദ്ധന്‍ ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടതായി കേള്‍ക്കുന്നു. പി.എസ്‌. സി. ഇന്റര്‍വ്യൂവിനുള്ള ശിപാര്‍ശക്കത്ത്‌ സെക്രട്ടേറിയറ്റിലെ സെക്ഷന്‍ ഓഫീസര്‍ക്ക്‌ അയച്ചിട്ടെന്ത്‌ കാര്യം. സുപ്രിം കോടതിയിലെ ജഡ്ജിമാരെ നിയമിക്കുന്നത്‌ രാഷ്ട്രപതിയാണെന്ന്‌ ഭരണഘടനയില്‍ കാണുമെങ്കിലും അതൊരു സങ്കല്‍പം മാത്രമാണെന്ന്‌ അറിയാത്തവരില്ല. സുപ്രിം കോടതി ജഡ്ജിമാരടങ്ങിയ കോളീജിയം ആണ്‌ നിയമനലിസ്റ്റ്‌ തയ്യാറാക്കുന്നത്‌. അതില്‍ ഒപ്പിടാന്‍ നിയോഗിക്കപ്പെട്ട നിര്‍ഭാഗ്യവാനാണ്‌ രാഷ്ട്രപതി. ഒപ്പിടുന്നത്‌ ബ്രെയ്ക്‌ ഫാസ്റ്റിന്‌ മുമ്പ്‌ വേണമോ ശേഷം വേണമോ എന്ന്‌ തീരുമാനിക്കാനുള്ള സ്വാതന്ത്യമൊക്കെയുണ്ട്‌ കേട്ടോ. വിജേന്ദ്ര ജെയിന്‍ എന്ന ദില്ലി ജഡ്ജിയെ കുറിച്ച്‌ വന്‍പരാതികള്‍ ജഡ്ജിമാര്‍ തന്നെ ഉന്നയിച്ചപ്പോള്‍ രാഷ്ട്രപതി ഒപ്പിടും മുമ്പ്‌ ചെറുസംശയം പ്രകടിപ്പിച്ചു. ഇയാളെ തന്നെ നിയമിക്കണോ യുവര്‍ഓണര്‍ ? കോടതി ചോദ്യം കേട്ട ഭാവം നടിച്ചില്ല. രാഷ്ട്രപതി ഒപ്പിടുകയും ചെയ്തു. ബാലിയുടെ കേസ്സിലും മറ്റൊന്നും സംഭവിക്കില്ലായിരുന്നു. വി.എസ്സിനെ കൊണ്ട്‌ ശിപാര്‍ശക്കത്ത്‌ എഴുതിച്ച വിവരം സുപ്രിം കോടതിയിലെത്തിയ സ്ഥിതിക്ക്‌ ഇനി ബാലിയുടെ പെന്‍ഷന്‍ കട്ടപ്പൊകയാകാനും സാദ്ധ്യതയുണ്ട്‌.

ശുപാര്‍ശക്കത്തിന്റെ പേരില്‍ വി.എസ്‌. അച്യൂതാനന്ദന്റെ പെന്‍ഷന്‍ വെട്ടിക്കാനൊന്നും പിണറായി പക്ഷക്കാര്‍ നടക്കേണ്ട . സത്യമായും ഇതില്‍ ഗ്രൂപ്പിസമൊന്നുമില്ല . ‘ഭരണഘടനാപരമായി മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമായ ചുമതലകളും കടമകളും നിര്‍വഹിക്കും ‘ എന്ന്‌ മുഖ്യമന്ത്രി പറഞ്ഞാല്‍ അതിനര്‍ഥം ‘എനിക്കൊന്നും പറയാനില്ല, വെറുതെ ബുദ്ധിമുട്ടിക്കരുതേ…’ എന്നാണ്‌. അത്‌ മനസ്സിലാക്കാനുള്ള ബോധമൊക്കെ പത്രക്കാര്‍ക്കും കാണുമല്ലോ.
****************************************

സഖാവ്‌ പിണറായി വിജയന്‍ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ പോയത്‌ ചില തീവ്രവാദികള്‍ക്ക്‌ പിടിച്ചിട്ടില്ല. വിജയന്‍ അവിടെ ഒരാഴ്ച ധ്യാനമിരുന്നെന്നോ ഹല്ലേലുയ്യ പാടിയെന്നോ മറ്റോ തോന്നും ഇവ രുടെ വിമര്‍ശനം കേട്ടാല്‍. വൈരുദ്ധ്യങ്ങള്‍ ചിലത്‌ ഉണ്ടാകാമെങ്കിലും വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദം വിട്ടൊരു കളിയും വിജയന്‍ സഖാവ്‌ കളിക്കില്ല. ബൂര്‍ഷ്വാകോടതി ചില അതിക്രമങ്ങള്‍ മുരിങ്ങൂരില്‍ കാട്ടിയത്‌ ശ്രദ്ധിച്ചിരിക്കുമല്ലോ. അതിനെ ചൊല്ലി തിരുവമ്പാടിയില്‍ യു.ഡി.എഫുകാര്‍ ചില്ലറ അപവാദപ്രചരണമൊന്നുമല്ല അഴിച്ചുവിട്ടത്‌. കോടിയേരിയുടെ പോലീസ്‌ കേറി ധ്യാനകേന്ദ്രം തവിടുപൊടിയാക്കിയെന്നൊക്കെയാണ്‌ അവര്‍ കൃസ്ത്യന്‍ വോട്ടര്‍മാര്‍ക്കിടയില്‍ പറഞ്ഞുനടന്നത്‌. വേറെ വല്ല മണ്ഡലവും ആയിരുന്നെങ്കില്‍ പള്ളീലച്ചന്മാര്‍ക്കെതിരെ രണ്ട്‌ ഡയലോഗ്‌ വിടാമായിരുന്നു. തിരുവമ്പാടിയില്‍ അത്‌ പറ്റില്ല. അവിടെ ന്യൂനപക്ഷക്കാര്‍ക്കാണ്‌ കൂടുതല്‍ വോട്ട്‌. ധ്യാനകേന്ദ്രത്തില്‍ പോലീസ്‌ വളരെ ഡീസന്റ്‌ ആയേ പെരുമാറിയുള്ളൂ എന്നാണ്‌ മണ്ഡലത്തില്‍ ഇടതുമുന്നണി ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞ്‌. അത്‌ കൊണ്ട്‌ വോട്ടിന്‌ കുറവൊന്നുമുണ്ടായില്ല.

തൃശ്ശൂരില്‍ കൃസ്ത്യാനികളുടെ രോഷം അടങ്ങിയിട്ടില്ല. സ്വാശ്രയത്തിന്റെ പരിഭവം വേറെ കിടപ്പുണ്ട്‌. അതു കൊണ്ടാണ്‌ പോലീസ്‌ മുരിങ്ങൂരില്‍ വഴിവിട്ടു പെരുമാറിയിരുന്നു എന്ന്‌ പിണറായി സഖാവ്‌ അവിടെച്ചെന്ന്‌ മുന്‍കാലപ്രാബല്യത്തോടെ ആക്ഷേപിച്ചത്‌.

കോടതിക്കേസ്സും പോലീസ്‌ നടപടിയും ഉണ്ടായത്‌ ഒരു വിധത്തില്‍ നന്നായി. ഒരു കാരണം കിട്ടിയപ്പോള്‍, പിണറായി കാരന്തൂര്‍ മര്‍ക്കസ്സില്‍ പ്രത്യക്ഷപ്പെട്ട്‌ വരം എന്ത്‌ വേണമെങ്കിലും ചോദിച്ചോളാന്‍ പറഞ്ഞതാണ്‌. പണ്ട്‌ ആള്‍ദൈവമൊക്കെയായിരുന്നുവെങ്കിലും ഇപ്പോള്‍ ‘സര്‍ക്കാറിന്‌ പോലും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യുന്ന മാതാ അമൃതാനന്ദമയീദേവി’യുടെ ചടങ്ങിന്‌ ഇ.കെ.ബാലനെ പറഞ്ഞയച്ച്‌ അവിടെയും സൗഹൃദം പ്രഖ്യാപിച്ചതാണ്‌. പോലീസ്‌ നടപടി വന്നത്‌ കൊണ്ട്‌ മുരിങ്ങുരില്‍ പോകാനും ഒരു ചാന്‍സായി. ഇനിയാര്‍ക്കും പരിഭവം വേണ്ട. ഇതൊക്കെ തന്നെയല്ലേ സഖാവേ ഈ മതേതരത്വമെന്നൊക്കെ പറയുന്നത്‌ ?വേണമെങ്കില്‍ വൈരുദ്ധ്യാധിഷ്ടിത മതേതരത്വം എന്ന്‌ വിളിച്ചോളൂ.
**********************************

പൗരന്മാരോട്‌ വിവേചനം പാടില്ലെന്ന്‌ ഭരണഘടനയില്‍ പറയുന്നത്‌ കൊണ്ട്‌ സുകുമാര്‍ അഴീക്കോട്‌ പത്മശ്രീ ബഹുമതി നിരസിക്കുകയാണത്രെ. അരുത്‌ സാര്‍ അരുത്‌ .
എല്ലാ ഇന്ത്യക്കാര്‍ക്കും വിവേചനം കൂടാതെ പത്മശ്രീ കൊടുക്കുവാന്‍ സര്‍ക്കാറിന്‌ ആഗ്രഹമില്ലാഞ്ഞിട്ടല്ല, സാമ്പത്തികമായും മറ്റും ആവതില്ലാഞ്ഞിട്ടാണ്‌. ഇത്തവണ സുകുമാര്‍ അഴീക്കോട്‌, ബാലചന്ദ്രമേനോന്‍, മെജിഷ്യന്‍ മുതുകാട്‌ എന്നിവരെ തുല്യരാക്കിയില്ലേ ? എന്തൊരു മേജിക്ക്‌ !അടുത്ത തവണ കുറച്ച്‌ കൂടി ഭേദപ്പെട്ട വ്യക്തികളെ അഴീക്കോടിന്‌ തുല്യരാക്കും. ക്രമേണ മുഴുവന്‍ ജനങ്ങളേയും തുല്യരാക്കും. അങ്ങനെ ഘട്ടം ഘട്ടമായല്ലേ സമ്പൂര്‍ണസമത്വം നടപ്പാക്കാനാവൂ. ധൃതിവെക്കരുത്‌ ആരും.

Leave a Reply

Your email address will not be published. Required fields are marked *

Go Top