ഇത് രണ്ടാം തവണയാണ് ആവശ്യം കഴിഞ്ഞപ്പോള്‍ ഇടതുമുന്നണി ലീഡറുടെ പാര്‍ട്ടിയെ കരുവേപ്പില പോലെ വലിച്ചെറിയുന്നത്. രണ്ടാംതവണ എന്ന് വെറുതെ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞാല്‍ ശരിയാവില്ല. രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ആദ്യത്തെ തവണത്തേത് കൊടും ക്രൂരതയാണ് എന്ന് പറഞ്ഞവരേറെയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പിലും എല്ലാം പിന്തുണ വാങ്ങിയ ശേഷമായിരുന്നു ആദ്യത്തെ തിരസ്കാരം. ആദ്യത്തേത് കൊടും ആണെങ്കില്‍ രണ്ടാമത്തേത് കൊടുകൊടുകൊടും ക്രൂരതയാണ്.
ആദ്യം ചെന്നത് ഡി.ഐ.സി. എന്നൊരു പുതിയ പാര്‍ട്ടിയാണ്. ഉദ്യോഗത്തില്‍ ചേരാന്‍ അപേക്ഷ കൊടുക്കും പോലെയോ വിവാഹത്തിന് ആലോചനയുമായി ചെന്നതു പോലെയോ ഇതിനെ കണക്കാക്കിയാല്‍ മതി. വേണമെങ്കിലേ സ്വീകരിക്കേണ്ടൂ. വേണ്ടെങ്കില്‍ വേണ്ട എന്ന് പറഞ്ഞാല്‍ മതി. എന്തുകൊണ്ട് വേണ്ട എന്ന് വിശദീകരിക്കുകയോ ബോധ്യപ്പെടുത്തുകയോ ചെയ്യേണ്ട കാര്യമില്ല. ഉദ്യോഗമായാലും വിവാഹമായാലും വ്യത്യാസമില്ല. രണ്ടാംഘട്ടത്തില്‍ സംഗതിയുടെ കിടപ്പ് മാറിയിരുന്നു. ഇടതുമുന്നണിയില്‍ വര്‍ഷങ്ങളായി ഘടകകക്ഷിയായ ഒരു ദേശീയപാര്‍ട്ടിയെ ആണ് നിഷ്‌കരുണം മൊഴിചൊല്ലിയത്. ഞാനൊന്ന് തുണി മാറട്ടെ, നീയൊന്ന് പുറത്ത് നില്‍ക്ക് എന്നു പറഞ്ഞ് പുറത്തിറക്കിയ ശേഷമാണ് വാതില്‍ അടച്ച് സാക്ഷയിട്ടുകളഞ്ഞത്.
പേരും കൊടിയും ആളുമൊക്കെ മാറിമാറി വന്നിട്ടുണ്ടെങ്കിലും എണ്‍പതു മുതല്‍ കാല്‍നൂറ്റാണ്ടായി മുന്നണിയിലുള്ള കക്ഷിയാണ്, കോണ്‍ഗ്രസ് യു.വില്‍ തുടങ്ങി എന്‍.സി.പി.യില്‍ എത്തിനില്‍ക്കുന്ന ഈ പാര്‍ട്ടി. സര്‍വീസ് കണക്കിലാണെങ്കില്‍ ഇരുപത്താറു കൊല്ലത്തെ സേവനം. പെന്‍ഷനബിള്‍ സര്‍വീസ് ആയിട്ടുണ്ട്. വിവാഹബന്ധത്തിലാണെങ്കില്‍ മക്കള്‍ക്ക് മക്കളാകാന്‍ കാലമായി. അങ്ങനെയൊരു അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ഒരു കാരണംകാണിക്കല്‍ നോട്ടീസ് പോലും കൊടുക്കാതെ പിരിച്ചുവിട്ടത്. ദിവസക്കൂലിക്കാരെ പ്പോലും ഇങ്ങനെ പിരിച്ചുവിടാന്‍ സി.ഐ.ടി.യു. അനുവദിക്കാറില്ല.
എന്തു കാരണത്താലാണ് എന്‍.സി.പി.യെ ഇടതുമുന്നണിയില്‍നിന്ന് പിരിച്ചുവിട്ടത് എന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ ആയ സി.പി.എമ്മോ ജോയന്റ് മാനേജിങ് ഡയറക്ടര്‍ ആണെന്ന് നടിക്കുന്ന സി.പി.ഐ.യോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആഗോളീകരണകാലത്ത് പഴയ തൊഴില്‍നിയമങ്ങളൊന്നും പ്രസക്തമല്ലെന്ന് മുതലാളിമാര്‍ പറയുന്നതുപോലെ മുന്നണി യജമാനന്മാരും പറയാമോ? എന്‍.സി.പി. അതിന്റെ എന്തെങ്കിലും നയങ്ങളോ പരിപാടികളോ മാറ്റിയതായി പ്രഖ്യാപിച്ചിട്ടില്ല. നയവും പരിപാടിയുമൊന്നും കാര്യമായി ഇല്ലാത്തതു കൊണ്ട് അങ്ങനെ ഒരു വിഷയമേ ചര്‍ച്ചയ്ക്കു വന്നിട്ടില്ല. നിലവിലുള്ള ലയനം-പിളരല്‍ നിയമങ്ങളനുസരിച്ചും എന്‍.സി.പി. നയപരിപാടികള്‍ മാറിയിട്ടില്ല. ഡി.ഐ.സി. വന്ന് ഇതില്‍ ലയിക്കുകയായിരുന്നു. ഇത് അങ്ങോട്ട് പോയി ഡി.ഐ.സി.യില്‍ ലയിക്കുകയായിരുന്നില്ല. ലീഡറുടെ പാര്‍ട്ടി അതിന്റെ നയങ്ങളെല്ലാം ഉപേക്ഷിച്ച് പവാര്‍പാര്‍ട്ടിയുടെ നയങ്ങള്‍ സ്വീകരിച്ചു എന്നു തന്നെ അര്‍ഥം. ഏതുപോലെ? പി.സി. തോമസിന്റെ പാര്‍ട്ടി- പേരുമറന്നു, എഫ്.ആര്‍.സി.പി.എന്നോ എച്ച്.ഡി.എഫ്.സി. എന്നോ മറ്റോ ആയിരുന്നു- അതിന്റെ വര്‍ഗീയ പിന്തിരിപ്പന്‍ സാമ്രാജ്യത്വ ഡുകുടു ഡുകുടു നയങ്ങള്‍ എല്ലാം ഉപേക്ഷിച്ച് പി.ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്സിന്റെ പുരോഗമന-ഇടതു-മതേതര-ജനാധിപത്യ നയങ്ങള്‍ സ്വീകരിച്ചതുപോലെ. പി.സി. തോമസ് വന്നതോടെ പി.ജെ.ജോസഫ് തൊടാന്‍പോലും കൊള്ളാതായി എന്ന് ഇടതുമുന്നണി പറഞ്ഞിട്ടില്ലല്ലോ.
നയവും പരിപാടിയും മാറിയില്ലെങ്കിലും ശരി, മുന്നണിക്ക് ദ്രോഹമായി വല്ലതും ചെയ്ത കക്ഷിയാണെങ്കില്‍ അതിനെ മുന്നണിയില്‍നിന്ന് പുറത്താക്കാന്‍ ആരോടും ചോദിക്കേണ്ട. എന്‍.സി.പി.യെക്കുറിച്ചോ അതില്‍ ലയിച്ച ഡി.ഐ.സി.യെക്കുറിച്ചോ അങ്ങനെയൊരു ആക്ഷേപം ആരും പറയുകയേ ഇല്ല. മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടിട്ടു പോലും സിറിയക് ജോണോ എ.കെ. ശശീന്ദ്രനോ ഒരക്ഷരം എതിരു പറഞ്ഞിട്ടില്ല. സിറിയക് ജോണ്‍ മൂന്നുവട്ടം നിന്നു തോറ്റ മണ്ഡലമായതു കൊണ്ട്, തിരുവമ്പാടിയില്‍ സി.പി.എമ്മിനെയും തോല്‍പിക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു. അദ്ദേഹമങ്ങനെയൊരു കടുംകൈ ചെയ്തില്ല. കോണ്‍ഗ്രസ്സിലായിരുന്നപ്പോള്‍ സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്പോലും ലീഡര്‍ ഇങ്ങനെ കഠിനാദ്ധ്വാനം ചെയ്ത് ജയിപ്പിച്ചിട്ടില്ല; സാധാരണ കഠിനാദ്ധ്വാനം ചെയ്ത് തോല്‍പിക്കാറാണ് പതിവെങ്കിലും. സി.പി.എം. മുന്നണി ഭരണം വരണമെന്ന് ആഗ്രഹിച്ചുവെന്ന് മാത്രമല്ല, അത്തരമൊരു ഭരണം സ്ഥിരമായി പ.ബംഗാളിലെ പോലെ നിലനില്‍ക്കണമെന്ന് സി.പി.എം. മുഖപത്രത്തില്‍ ലേഖനമെഴുതിക്കൊടുക്കുക പോലും ചെയ്തിട്ടുണ്ട്. ഇതിലപ്പുറം മെയ് വഴക്കം എങ്ങനെ പ്രകടിപ്പിക്കാനാവും. ആര്‍ക്ക് പ്രകടിപ്പിക്കാനാവും.
ഇടതുമുന്നണി തീരുമാനത്തില്‍ ഇടതുമുന്നണിക്കാരല്ലാത്ത എല്ലാവരും ഇതിനകം രൂക്ഷമായി പ്രതിഷേധിച്ചുകഴിഞ്ഞു. പൊതുരീതി അതായതുകൊണ്ട് കോണ്‍ഗ്രസ്സും അമര്‍ഷപ്രകടനവുമായി രംഗത്തുണ്ട്. മരിച്ചത് ആജന്മശത്രുവാണെങ്കിലും അനുശോചന യോഗത്തിലാരും ഡാന്‍സ് കളിക്കാറില്ലല്ലോ. കോണ്‍ഗ്രസ് നേതാക്കളുടെ ദുഃഖവും രോഷവും കണ്ടാല്‍ തോന്നുക, ലീഡറെയും പുത്രനെയും ഇത്രയും സ്നേഹിക്കുന്നവര്‍ ഈ ഭൂമിയില്‍ വേറെയാരും ഇല്ലെന്നാണ്. ലീഡറുടെ പാര്‍ട്ടിയായ എന്‍.സി.പി.യോട് ഇടതുമുന്നണി കാട്ടിയത് കൊടുംക്രൂരത, കൊടിയവഞ്ചന, പാലം കടന്നപ്പോള്‍ കൂരായണ തുടങ്ങി എന്തെല്ലാമാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചാനല്‍ ക്യാമറകള്‍ക്കു മുന്നില്‍ അധിക്ഷേപിച്ചുകൊണ്ടിരുന്നത്. രോഷപ്രകടനം കഴിഞ്ഞ് പാര്‍ട്ടി ഓഫീസില്‍ ചെന്നാല്‍ സന്തോഷം സഹിക്കാതെ മുട്ടുമടക്കിച്ചാടുകയാണ് ചെന്നിത്തലയും അനുചരവൃന്ദവും. രഹസ്യമായി കാണാന്‍ കിട്ടിയാല്‍ അവര്‍ പിണറായിയെയും വെളിയത്തെയും പിടിച്ച് ഉമ്മ വെക്കാന്‍ പോലും മടിക്കില്ല. ലീഡര്‍ക്ക് ഇടതുമുന്നണി കൊടുത്തതിലും വലിയ ശിക്ഷ ആരു വിചാരിച്ചാലും കൊടുക്കാനാവില്ല. മുപ്പതു കൊല്ലമായി ആന്റണിയും ഉമ്മന്‍ചാണ്ടിയും ശ്രമിച്ചിട്ട് കഴിഞ്ഞിട്ടില്ല.
യു.ഡി.എഫിന് പ്രതീക്ഷയുണ്ട്. മുന്‍കാലങ്ങളിലെന്ന പോലെ ഇത്തവണയും ഒടുവില്‍ തങ്ങളുടെ രക്ഷയ്ക്കെത്തുക ഇടതുമുന്നണി തന്നെ ആയിരിക്കും. ഇപ്പോള്‍ത്തന്നെ പ്രതീക്ഷ സഹിക്കാന്‍ വയ്യാത്തത്ര ആയിരിക്കുന്നു. എങ്ങനെ നാലര വര്‍ഷം കൂടി കാത്തിരിക്കും?
****************
എ.ഡി.ബി.യുടെ സഹായത്തോടെയുള്ള സുസ്ഥിരനഗരവികസനപദ്ധതിയുടെ കരാറില്‍ ഒപ്പു വെച്ചതിനെച്ചൊല്ലി ചിലര്‍ ഇടതുമുന്നണി സര്‍ക്കാറിനെ വിമര്‍ശിക്കുന്നുണ്ട്. യു.ഡി.എഫ്. സര്‍ക്കാറിന്റെ കാലത്ത് ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നതിന് എതിരെ സി.പി.എമ്മും അതിന്റെ യുവജനസംഘടനകളും ശബ്ദമുയര്‍ത്തിയിട്ടുള്ളതാണ്. ഇടതുമുന്നണി സര്‍ക്കാര്‍ വന്നപ്പോള്‍ വലിയ ഒച്ചപ്പാടും ബഹളവുമൊന്നുമില്ലാതെ കരാര്‍ ഒപ്പുവെച്ചു. പഴയതോ കരാര്‍, പുതുപുത്തനോ കരാര്‍? ആര്‍ക്കറിയാം ?
മുഖ്യമന്ത്രിക്കുറപ്പില്ല. താനറിയാതെയാണ് കരാര്‍ ഒപ്പുവെച്ചതെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അല്ലെന്നും രണ്ടു പക്ഷമുണ്ട്. മുഖ്യമന്ത്രി ഏതു പക്ഷത്താണെന്ന് അറിയില്ല. പഴയ കരാര്‍ നിറയെ ജനദ്രോഹവ്യവസ്ഥകളാണെന്ന കാര്യത്തില്‍ ഇടതുപക്ഷത്ത് ഒരേ അഭിപ്രായമാണ്. പുതിയ കരാറില്‍ ഏതെല്ലാം വ്യവസ്ഥകള്‍ മാറ്റി, ഏതെല്ലാം പിന്‍വലിച്ചു എന്നേ മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നുള്ളൂ. അതാണ് പരിശോധിച്ചു പറയാമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പുതിയ കരാര്‍ പരിശോധിച്ചു, കുഴപ്പമില്ല ഒപ്പുവെച്ചോളൂ എന്ന് പറഞ്ഞിട്ടില്ലെന്ന് സാരം. എല്ലാ കരാറും മുഖ്യമന്ത്രി അംഗീകരിക്കണം എന്ന് ഭരണഘടനയിലൊന്നുമില്ലത്രെ.
മുഖ്യമന്ത്രിക്കറിയില്ല എന്നു വെച്ച് ആര്‍ക്കും അറിയില്ല എന്നു ധരിക്കരുത്. ഡി.വൈ.എഫ്.ഐ. യോട് ചോദിച്ചുനോക്കൂ. ഏത് വ്യവസ്ഥ മാറ്റി, എങ്ങനെ മാറ്റി എന്നു കൃത്യമായി അറിയാം അവര്‍ക്ക്. പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ മേയര്‍മാര്‍ എ.ഡി.ബി. സാമ്രാജ്യത്വവാദികളെ വിളിച്ച് കട്ടായമായി പറഞ്ഞു, ഇത് പഴയ യു.ഡി.എഫിന്റെ ഞഞ്ഞാമിഞ്ഞാ ഇടപാടല്ല, ജനദ്രോഹവ്യവസ്ഥകള്‍ മാറ്റുന്നോ ഇല്ലയോ…? മാറ്റിയില്ലെങ്കില്‍ ഒപ്പില്ല. എ.ഡി.ബി.ക്ക് നമ്മുടെ ഒപ്പില്ലാതെ അങ്ങനെയങ്ങ് പോകാന്‍ പറ്റുമോ? വയറ്റുപ്പിഴപ്പിനു വേണ്ടിയല്ലേ അവന്മാര്‍ ഈ വക ലൊട്ടുലൊടുക്ക് വായ്പയുമായി ഇറങ്ങിത്തിരിക്കുന്നത്. എവിടെ പോകാനാണ്? പറഞ്ഞതു പോലെ ഓരോന്നും മാറ്റി. അങ്ങനെയാണ് കരാര്‍ ഒപ്പുവെച്ചത്. നിലപാട് മാറ്റിയത് ഡി.വൈ.എഫ്.ഐ. അല്ല, എ.ഡി.ബി. ആണ് എന്ന് സംഘടന തന്നെ വ്യക്തമാക്കിയതാണല്ലോ.
മുഖ്യമന്ത്രി ഇതൊന്നുമറിയാത്തത് മനസ്സിലാക്കാം. എ.ഐ.വൈ.എഫ്. പോലുള്ള ഇടതുസംഘടനകള്‍ മനസ്സിലാക്കാത്തതാണ് കഷ്ടം. സര്‍ക്കാര്‍ ഇതുവരെ പുതിയ കരാറോ പഴയ കരാറോ പരസ്യപ്പെടുത്തിയിട്ടില്ലെന്നത് ഒരു ന്യായമായി പറയരുത്. ജനവിരുദ്ധകരാര്‍ ഇടതുസര്‍ക്കാര്‍ ഒപ്പു വെക്കില്ലെന്ന് ഊഹിച്ചാലറിയില്ലേ? തീര്‍ച്ചയായും എ.ഡി.ബി. തന്നെയാവണം മാറിയിട്ടുണ്ടാവുക. നമ്മുടെ സര്‍ക്കാര്‍ തന്നെയാണ് തുടരുന്നതെങ്കില്‍ വായ്പ തിരിച്ചടച്ചില്ലെങ്കിലും വിരോധമില്ല എന്നു പറഞ്ഞ് അവര്‍ ഓടിരക്ഷപ്പെട്ടുകൂടായ്കയുമില്ല.
*******************
കോളേജ് രാഷ്ട്രീയം സമ്പൂര്‍ണമായി നിരോധിക്കപ്പെട്ടിരിക്കുന്നു. സംഘടിക്കുവാനും അഭിപ്രായം പറയുവാനുമുള്ള മൗലികാവകാശം കോളേജിന് പുറത്തേ ഭരണഘടന ബാധകമാക്കിയിട്ടുള്ളൂ. ജുഡീഷ്യറിയുടെ ഇടപെടല്‍ കൊണ്ട് കേരളത്തില്‍ നിന്ന് തുടച്ചുനീക്കപ്പെടുന്ന കൊടുംതിന്മകളുടെ പട്ടിക നീളുകയാണ്. ബന്ദ് എന്നേ ഇല്ലാതായിക്കഴിഞ്ഞു! ഉറക്കത്തില്‍പ്പോലും ഇപ്പോഴാരും ബന്ദ് എന്ന് പറയാറില്ല. പൊതുസ്ഥലത്ത് പുകവലിക്കുന്ന ആളുകളെ കാണണമെങ്കിലിപ്പോള്‍ തീവണ്ടി കയറി തമിഴ് നാട്ടിലോ മറ്റോ പോകണം. അതുപോലെ ഇനിയിപ്പം കാമ്പസ് രാഷ്ട്രീയം കാണാന്‍ പഴയ മലയാളം സിനിമയ്ക്ക് കയറേണ്ടിവരും എന്നാണ് തോന്നുന്നത്.
അരാജകത്വത്തിന്റെ ഒരു അറ്റത്തുനിന്ന് കാമ്പസ് അടിമകളുടെ മറ്റേ അറ്റത്തേക്കുള്ള യാത്ര അത്ര സുഖകരമൊന്നുമാവില്ല. അതും സഹിക്കാം. നാളെ കേരളം ഭരിക്കാനുള്ള മന്ത്രിമാരെയും നിയമങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നിയമസഭാംഗങ്ങളെയും എവിടെ നിന്നാണ് കൊണ്ടുവരിക? അത് ഇനി അരിയും പച്ചക്കറിയും പോലെ തമിഴ്‌നാട്ടില്‍നിന്ന് ലോറിയില്‍ ഇറക്കേണ്ടിവരുമോ?