മൂവാറ്റുപുഴയിലെ വികാരജീവികള്‍

ഇന്ദ്രൻ

മതേതരത്വത്തിന്റെ ചട്ടവട്ടങ്ങള്‍ ദുരൂഹങ്ങളാണ്‌. മതം വിട്ടൊരു കളിയില്ല മതേതരജനാധിപത്യത്തില്‍. എന്നാല്‍ തിരഞ്ഞെടുപ്പു പ്രചാരണം നടക്കുന്ന മുപ്പതു ദിവസം മതത്തെ നാലയലത്ത്‌ അടുപ്പിക്കാനും പാടില്ല. കുറച്ചു വിഷമമുള്ള ഞാണിന്മേല്‍ കളിയാണിത്‌. പിടിവിട്ടാല്‍ താഴെ വീണുപോകും. പിന്നീട്‌ ഖേദിക്കുന്നതുകൊണ്ട്‌ ഒരു പ്രയോജനവും ഉണ്ടാവുകയില്ല. പി.സി. തോമസ്‌ തന്നെ ഉദാഹരണം.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പി.സി. തോമസിന്റെ ജയം അത്ര എളുപ്പമൊന്നും ആരും മറക്കുന്ന വിജയമല്ല. മൂവാറ്റുപുഴ മണ്ഡലത്തില്‍ ഇടതു-വലതു മുന്നണി സ്ഥാനാര്‍ഥികളെ തോല്‍പിച്ചാണ്‌ പി.ടി. ചാക്കോ മകന്‍ പി.സി. തോമസ്‌ ലോക്‌സഭയിലേക്ക്‌ കടക്കുന്നത്‌. തോമസിനും ഉണ്ടായിരുന്നു ഒരു പാര്‍ട്ടിയും മുന്നണിയും. പാര്‍ട്ടി ഐ.എഫ്‌.ഡി.പി, മുന്നണി എന്‍.ഡി.എ. ഇടതു-വലതു മുന്നണികളെ തോല്‍പിച്ച്‌ കഷ്ടിച്ച്‌ ഒരു നിയമസഭാ സീറ്റ്‌ പിടിക്കാന്‍ ഇക്കാലമത്രയും കിണഞ്ഞുശ്രമിച്ചിട്ടും മേല്‍പറഞ്ഞ മുന്നണിയുടെ സര്‍വവുമായ ബി.ജെ.പി.ക്ക്‌ കേരളത്തിലിതുവരെ കഴിഞ്ഞിട്ടില്ല. അങ്ങനെയിരിക്കുമ്പോഴാണല്ലോ കേരളം മുഴുവന്‍ ഇടതുതരംഗമോ സുനാമിയോ ഒക്കെ ആഞ്ഞടിക്കുന്നതിനിടയില്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍നിന്ന്‌ തോമസ്‌ ജയിച്ചുകയറുന്നത്‌. ശുദ്ധമതേതരനായ ഇടതുസ്ഥാനാര്‍ഥി പി.എം. ഇസ്‌മയിലിനെയും മാണിസ്സാറിന്റെ പുത്രനെയും തോല്‍പിച്ചാണ്‌ തോമസ്‌ ഇടിവെട്ടുംപോലെ ജയിച്ചുകളഞ്ഞത്‌.

265 വോട്ടാണ്‌ തോമസ്‌ ഇസ്‌മയിലിനേക്കാള്‍ കൂടുതല്‍ വാങ്ങിയത്‌. അത്രയും വോട്ട്‌ കൂടുതല്‍ വാങ്ങിക്കാന്‍ തോമസ്‌ മതവികാരമിളക്കിവിട്ടുവെന്നാണ്‌ കേസ്‌. ആ കളി ഫൗള്‍ ആണെന്ന്‌ തിരഞ്ഞെടുപ്പു ചട്ടങ്ങളില്‍ പറയുന്നുണ്ട്‌. കേരളത്തില്‍ എളുപ്പം ഇളകുന്ന രണ്ടു വികാരങ്ങളില്‍ ഒന്നാണ്‌ മതവികാരം. ഒന്നു കാരണമാണ്‌ തോമസിന്റെ പണി പോയത്‌. രണ്ടാമത്തേത്‌ കാരണമാണ്‌ ഈയിടെ പി.ജെ. ജോസഫിന്റെ പണി പോയത്‌. രണ്ടുപേരും ഒരു പാര്‍ട്ടിക്കാരായത്‌ ദൈവത്തിന്റെ ഒരു തമാശയാണെന്നേ കരുതാനാവൂ. അതവിടെ നില്‍ക്കട്ടെ. പി.സി. തോമസ്‌ മതവികാരമിളക്കിവിട്ട്‌ ആര്‍ക്കെങ്കിലും എതിരെ എന്തെങ്കിലും ചെയ്യിച്ചെന്ന്‌ ആര്‍ക്കും ആക്ഷേപമില്ല. തനിക്കനുകൂലമായി ഇളക്കിവിട്ടെന്നതാണ്‌ കുറ്റം. മദര്‍ തെരേസയെ ദിവ്യയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത്‌ അദ്ദേഹം മാര്‍പാപ്പയുടെ കൈ മുത്തുന്ന ചിത്രം മണ്ഡലത്തിലുടനീളം പ്രചരിപ്പിച്ചു. രണ്ടും കണ്ടപ്പോള്‍ 265 പേര്‍ക്കെങ്കിലും മതവികാരമിളകിയിട്ടുണ്ടാകുമെന്നാണ്‌ കോടതിയുടെ നിഗമനം. അതു സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഇസ്‌മയില്‍ ജയിക്കുമായിരുന്നു. അതുകൊണ്ട്‌ കോടതി അദ്ദേഹം ജയിച്ചതായി പ്രഖ്യാപിക്കുകയാണ്‌ ചെയ്തത്‌.

രണ്ടു മുന്നണികള്‍ക്കെതിരെ മത്സരിച്ചു ജയിക്കുംപോലെ അത്യന്തം പ്രയാസമേറിയ അഭ്യാസമായിരുന്നു തോമസിന്റേത്‌. ഒരേ സമയം തോമസ്‌ ക്രിസ്തുമതത്തിനു ദോഷം ചെയ്യുകയും അതേ സമയം തനിക്കനുകൂലമായി ക്രൈസ്തവവികാരം ഉണര്‍ത്തിവിടുകയും ചെയ്തു. സാധാരണക്കാര്‍ക്കൊന്നും ചെയ്യാന്‍ കഴിയുന്ന കാര്യമല്ല അത്‌. രാജ്യം മുഴുവന്‍ ക്രിസ്ത്യ‍ാനികളെയും ക്രിസ്തീയ പുരോഹിതരെയും വേട്ടയാടുകയായിരുന്ന ഹൈന്ദവഫാസിസ്റ്റുകള്‍ക്കൊപ്പം നിന്നല്ലേ ഈ ദേഹം കേന്ദ്രമന്ത്രിയായത്‌? അതില്‍പരം ക്രൈസ്തവദ്രോഹം മേറ്റ്ന്തുണ്ട്‌? ഒറീസ്സയില്‍ ക്രൈസ്തവപുരോഹിതന്‍ സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ചുട്ടുകൊന്ന ദാരാസിങ്ങിന്റെ പ്രതിപുരുഷനാണ്‌ ഈ തോമസ്‌ എന്ന പ്രചാരണമൊന്നും ക്രിസ്ത്യ‍ാനികളുടെ മതവികാരമിളക്കിയില്ല. അതേ ആളുകള്‍ക്ക്‌ തോമസ്‌ മാര്‍പാപ്പയുടെ കൈ മുത്തുന്ന ചിത്രം കണ്ടപ്പോള്‍ വികാരമിളകി. വല്ലാത്ത വികാരജീവികള്‍തന്നെ.

തിരഞ്ഞെടുപ്പില്‍ വികാരം ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള ചട്ടവട്ടങ്ങള്‍ ദുരൂഹങ്ങളാണെന്ന്‌ പറഞ്ഞല്ലോ. വികാരമുണര്‍ത്തുന്നത്‌ തിരഞ്ഞെടുപ്പു നോട്ടിഫിക്കേഷനും മാതൃകാപെരുമാറ്റച്ചട്ടവുമൊക്കെ വരും മുമ്പാണെങ്കില്‍ വിരോധമില്ല. വികാരം വോട്ടിങ്‌ ദിവസമാകുമ്പോഴേക്കും അലിഞ്ഞുപൊയ്ക്കൊള്ളും. മാര്‍പാപ്പയുടെ കൈ മുത്തുന്നതിലോ അതിന്റെ ഫോട്ടോ അടിക്കുന്നതിലോ തെറ്റില്ല. തിരഞ്ഞെടുപ്പിന്റെ വികാരം ഉണര്‍ന്നുകഴിഞ്ഞാല്‍പ്പിന്നെ ഈ വികാരമുണര്‍ത്താന്‍ പാടില്ല എന്നു മാത്രം. അതിനു മുമ്പാവാം. ഒരു സമയത്ത്‌ ഒരു വികാരമേ പാടുള്ളൂ. മുന്‍ മുഖ്യമന്ത്രി നായനാര്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച്‌ കൈ മുത്തുന്ന ഫോട്ടോ കണ്ടാലൊന്നും വോട്ടറുടെ മതവികാരമുണരില്ല, തോമസ്‌ കൈ മുത്തുന്നത്‌ കണ്ടാല്‍ ഉണരും.

കേരളാ കോണ്‍ഗ്രസ്സുകാരുടെ മൊത്തം രാഷ്ട്രീയം പട്ടക്കാരുടെയും പള്ളിയച്ചന്മാരുടെയും രാഷ്ട്രീയമാണ്‌ എന്ന്‌ പലരും പലവട്ടം പറഞ്ഞിട്ടുള്ളതാണ്‌. പക്ഷേ, മതവികാരമുണര്‍ന്നില്ല. മുസ്‌ലിം ലീഗ്‌ എന്ന്‌ പേരിട്ടതുതന്നെ മതവികാരമുണരാനാണ്‌ എന്ന്‌ കരുതുന്നവരുണ്ട്‌. പക്ഷേ, നിയമം അതംഗീകരിക്കുന്നില്ല. വികാരമുണരുന്ന പ്രശ്നമേ ഇല്ല. ബി.ജെ.പി. രാമജന്മഭൂമിയും ഹിന്ദുരാഷ്ട്രവും പ്രചരിപ്പിച്ചത്‌ ലവലേശം മതവികാരമുണര്‍ത്താതെയാണ്‌. ഒരു ബി.ജെ.പി. നേതാവിന്റെ സ്ഥാനാര്‍ഥിത്വവും തിരഞ്ഞെടുപ്പു നിയമലംഘനത്തിന്റെ പേരില്‍ റദ്ദാക്കപ്പെട്ടിട്ടില്ല.

പി.സി. തോമസ്‌ ആണ്‌ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മതവികാരമിളക്കി വോട്ടുതേടി വിജയിച്ച ഏകസ്ഥാനാര്‍ഥി. ഹിന്ദുത്വവാദികള്‍ക്കൊപ്പം നിന്ന്‌ ക്രിസ്തീയവികാരം ഇളക്കുന്നതില്‍ വിജയിച്ച മാന്ത്രികന്‍. അതുകഴിഞ്ഞ്‌ രണ്ടുകൂട്ടരെയും വെടിഞ്ഞു ഇടതുവികാരമുണര്‍ത്തിയ അതിമാന്ത്രികന്‍. അത്തരമൊരു മഹാപ്രതിഭയെ ആദരിക്കുന്നതിനു പകരം ലോക്‌സഭാംഗത്വം റദ്ദാക്കുകയാണ്‌ കോടതി ചെയ്തത്‌. നിയമത്തിനു കണ്ണില്ല എന്ന്‌ കേട്ടിട്ടുണ്ട്‌, ബുദ്ധിയുമില്ലേ?

************************************

കാര്യമിങ്ങനെയൊക്കെയാണെങ്കിലും പി.സി. തോമസ്‌ ഇപ്പോള്‍ ഇടതുമുന്നണിയിലാണ്‌ ഉണ്ടുറങ്ങുന്നത്‌. തോമസ്‌ കേരളാ കോണ്‍ഗ്രസ്‌ വഴി ഇടതുമുന്നണിയില്‍ പ്രവേശിക്കുന്നതില്‍ ആരെങ്കിലും വിരോധം പ്രകടിപ്പിച്ചതായി വിവരമില്ല. പണ്ട്‌ പി.ജെ. ജോസഫിനോട്‌ പറഞ്ഞതുപോലെ പള്ളിയെയും പട്ടക്കാരെയും തള്ളിപ്പറയണമെന്നാരും ആവശ്യപ്പെട്ടതായും അറിവില്ല. പി.സി. തോമസും തോമസിനെ എം.പി. സ്ഥാനത്തുനിന്ന്‌ തെറിപ്പിക്കാന്‍ കേസ്‌ നടത്തിയ ഇസ്‌മയിലും ഇടതുപക്ഷക്കാരാണ്‌. ഇടതുപക്ഷക്കാരുടെ ഒരു ആഭ്യന്തരപ്രശ്നം മാത്രമായിരുന്നു മൂവാറ്റുപുഴ തിരഞ്ഞെടുപ്പ്‌ കേസ്‌. വൈക്കം വിശ്വന്‌ പറഞ്ഞുതീര്‍ക്കാമായിരുന്ന ഒരു സംഗതിയില്‍ കോടതിയെ ഇടപെടീക്കേണ്ടിയിരുന്നില്ല.

ഇടതുമുന്നണിയില്‍ കയറാന്‍ കര്‍ശനമായ സെക്യൂരിറ്റി പാസ്‌ സംവിധാനമൊക്കെയുണ്ടെന്നാണ്‌ പൊതുധാരണ. അതുകൊണ്ടാണ്‌ നമ്മുടെ കെ. കരുണാകരനും കുടുംബവും ഇപ്പോഴും വഴിയോരത്തുതന്നെ നില്‍ക്കുന്നത്‌. അദ്ദേഹത്തെ മുന്നണി സെക്യൂരിറ്റിക്കാര്‍ ഗേറ്റിന്‌ പുറത്ത്‌ തടയാന്‍ എന്താണ്‌ കാരണമെന്ന്‌ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കേരളപ്പിറവി സമ്മേളനത്തിന്‌ പോയപ്പോള്‍ അദ്ദേഹത്തെ തടയാന്‍ പോലീസുകാര്‍ കാട്ടിയ ശുഷ്‌കാന്തി കണ്ടപ്പോള്‍ നാട്ടുകാര്‍ക്ക്‌ സംശയം തോന്നുകയുണ്ടായി. ഇടതുമുന്നണിയില്‍ കയറാനാണ്‌ കരുണാകരന്‍ വന്നതെന്നോ മറ്റോ പോലീസുകാര്‍ ധരിച്ചുവോ ആവോ. നാലുപാടും ഓടിനടന്നദ്ദേഹത്തെ തടഞ്ഞതിന്‌ വേറെ കാരണമൊന്നും കാണാനില്ല. ഡി.ഐ.സി. പാസ്‌ കാട്ടിയപ്പോള്‍ പ്രവേശിപ്പിച്ചില്ല. തിരിച്ചുപോയി ഇടതുപക്ഷത്തിന്റെ സ്വന്തം എന്‍.സി.പി. പാസ്സുമായി വന്നിട്ടും സമ്മതിച്ചില്ല.

സംഘപരിവാറിനോടൊപ്പം ചേര്‍ന്ന്‌ കേന്ദ്രത്തില്‍ മന്ത്രിയാകുകയോ വര്‍ഗീയവികാരം ഇളക്കിവിട്ട്‌ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കുകയോ ചെയ്തയാളല്ല കരുണാകരന്‍. എന്നിട്ടും അദ്ദേഹത്തിന്‌ പാസ്‌ ലഭിക്കുകയുണ്ടായില്ല. രണ്ടും ചെയ്ത പി.സി. തോമസിന്‌ പ്രവേശനത്തിന്‌ ഒരു വിഷമവും ഉണ്ടായില്ല. തിരഞ്ഞെടുപ്പുചട്ടം പോലെ വിചിത്രവും ദുരൂഹവുമാണ്‌ ഇടതുപ്രവേശനത്തിന്റെ ചട്ടങ്ങളും.

***********************************

ഹൈക്കോടതിയില്‍ നിയമനം നടത്തുന്നതില്‍ സ്വജനപക്ഷപാതം, കോഴ, ജാതി തുടങ്ങിയ മെറിറ്റുകള്‍ പരിഗണിച്ചതിന്‌ എതിരെ വിപ്ലവയുവസംഘടനയായ ഡി.വൈ.എഫ്‌.ഐ. സമരം നടത്തുകയുണ്ടായി. ജഡ്ജിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ്‌ നിയമനമാണ്‌ പ്രശ്നം. നിയമനത്തിന്‌ എന്തു രീതിയാണ്‌ സ്വീകരിക്കേണ്ടത്‌ എന്നത്‌ സംബന്ധിച്ച്‌ കോടതിയില്‍ ഫുള്‍ബെഞ്ചില്‍ ചര്‍ച്ച നടന്നുകാണണം. പി.എസ്‌.സി.ക്ക്‌ വിടണമോ യു.പി.എസ്‌.സി.ക്ക്‌ വിടണമോ അതല്ല കോടതിതന്നെ എഴുത്തുപരീക്ഷ നടത്തണമോ എന്നെല്ലാം ആലോചിച്ചിട്ടുണ്ടാകണമല്ലോ. ആദ്യവസാനം നീതി നടന്നല്ലേ പറ്റൂ. ഒടുവില്‍ എത്തിയ നിഗമനം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കുന്ന അത്ര തന്നെ നീതിയും ന്യായവും ജഡ്ജിമാരുടെ സ്റ്റാഫ്‌ നിയമനത്തിലും വേണം എന്നാണ്‌. ഇതാണ്‌ വിപ്ലവയുവാക്കള്‍ക്ക്‌ തീരെ പിടിക്കാതെപോയത്‌.

കോടതിക്കുവേണ്ടി ചില പൊതുതാത്‌പര്യഹര്‍ജികള്‍ തത്‌പരകക്ഷികള്‍ മാധ്യമങ്ങളില്‍ ഫയല്‍ ചെയ്യുകയുണ്ടായി. അതിലെ മുഖ്യമായ വാദം നേരത്തെ പറഞ്ഞതുതന്നെ. രാജ്യം ഭരിക്കുന്ന മന്ത്രിമാര്‍ സംസ്ഥാനം മുഴുവന്‍ തപ്പിനടന്നല്ലേ ഏറ്റവും യോഗ്യതയുള്ളവരെ നിയമിക്കുന്നത്‌; അതുതന്നെയാണ്‌ കോടതിയും ചെയ്തത്‌. ഇതിനുള്ള മറുവാദം ഉടനെ ഫയല്‍ ചെയ്യപ്പെട്ടു. മന്ത്രിമാര്‍ നിയമിക്കുന്ന പേഴ്‌സണല്‍ സ്റ്റാഫ്‌ മന്ത്രി പോകുമ്പോള്‍ പോകണം. ജഡ്ജിമാര്‍ നിയമിക്കുന്നവര്‍ പെന്‍ഷന്‍ പ്രായം വരെ തുടരാം. ഈ പറഞ്ഞതില്‍ കാര്യമില്ലാതില്ല.

തര്‍ക്കത്തിന്‌ പരിഹാരം കണ്ടല്ലേ പറ്റൂ. ചെയ്യാവുന്ന ഒരു കാര്യമുണ്ട്‌. പറ്റുമെങ്കില്‍ സ്വീകരിച്ചാല്‍ മതി യുവര്‍ ഓണര്‍. മന്ത്രിമാരുടെ സ്റ്റാഫിനെപ്പോലെ അഞ്ചുകൊല്ലത്തേക്ക്‌ മതി നിയമനം. പിരിഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ കൊടുക്കാന്‍ ഉത്തരവാകണം. മന്ത്രിപ്പിഎമാര്‍ക്ക്‌ അങ്ങനെയൊരു സൗകര്യമുണ്ട്‌. നിയമിക്കുന്നവര്‍ക്കും നിയമനം കിട്ടുന്നവര്‍ക്കും ഒരുപോലെ തൃപ്തികരമായിരിക്കും ഈ തീരുമാനം. നീതിയും ന്യായവും കൈവെടിയരുത്‌ നാമൊരിക്കലും.

Leave a Reply

Your email address will not be published. Required fields are marked *

Go Top