അത്‌ അവരുടെ ഗുണ്ട, ഇത്‌ നമ്മുടെ…

ഇന്ദ്രൻ

ഗുണ്ടകളെക്കൊണ്ട്‌ നാട്ടില്‍ പൊറുതിയില്ലാതായിരിക്കുന്നു എന്നാണ്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്‌. കോടിയേരി ആഭ്യന്തരനായതിനു ശേഷമാണ്‌ ഗുണ്ടകള്‍ കൂട്ടത്തോടെ മാളത്തില്‍ നിന്ന്‌ പുറത്തിറങ്ങിയത്‌ എന്ന്‌ ധരിക്കേണ്ട. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനവും സൈഡായി ആഭ്യന്തരവും കൊണ്ടാടുമ്പോഴും സംഭവം നാട്ടില്‍ കൊടികുത്തി വാഴുന്നുണ്ടായിരുന്നു. ക്രമസമാധാനം തകര്‍ന്നു തരിപ്പണമായി എന്നാണ്‌ ഇത്തരമൊരു അവസ്ഥയെക്കുറിച്ച്‌ പ്രതിപക്ഷത്തിരിക്കുമ്പോള്‍ ആരായാലും പറയുക. അതാണ്‌ അച്യുതാനന്ദനും കോടിയേരിയും പിണറായിയും അന്നു പറഞ്ഞിരുന്നത്‌.

സംസ്ഥാന പോലീസില്‍ പൂര്‍ണതോതില്‍ അധികാരവികേന്ദ്രീകരണം നടപ്പാക്കി പ്രാദേശിക സ്വയംഭരണം ഗുണ്ടകളെ ഏല്‍പിച്ച മട്ടായിരുന്നു. അപ്പോഴാണ്‌ പോലീസ്‌ ഒരു പരിഹാരം നിര്‍ദേശിച്ചത്‌. ഗുണ്ടാ ആക്ട്‌ നടപ്പാക്കുക. ഓരോ പോലീസ്‌ സ്റ്റേഷനിലും ഗുണ്ടകളുടെ സീനിയോറിറ്റി അടിസ്ഥാനത്തിലുള്ള റാങ്ക്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുക. ഓരോരുത്തരെയായി ക്ഷണിച്ചുവരുത്തി ആദരിച്ച്‌ ജയിലിലിടുക. തമിഴ്‌ നാട്ടില്‍ അമ്മ ജയലളിത കൊണ്ടുവന്ന ഒരു നിയമമുണ്ടായിരുന്നു. പിച്ചാത്തി കൊണ്ടുനടക്കുന്നവനെ പിടികൂടാനും ഇടിവണ്ടിയില്‍ കയറ്റി കേരളത്തിലേക്ക്‌ നാടുകടത്താനും വരെ വ്യവസ്ഥ ചെയ്ത ഗുണ്ടാ ആക്ട്‌. അതിന്റെ ഫോട്ടോസ്റ്റാറ്റ്‌ കോപ്പി ചെന്നൈയില്‍ നിന്നു വരുത്തുക. നിയമമുണ്ടാക്കുക. ഉമ്മന്‍ അതുവരുത്തി, നിയമമുണ്ടാക്കി.

കാര്യം ശരി. ക്രമസമാധാനവും ശരി. പക്ഷേ, മനുഷ്യാവകാശലംഘനം പാടുണ്ടോ? ഗുണ്ടകളും പൗരന്മാരല്ലേ? അവര്‍ക്കും ഭരണഘടനാദത്തമായ മനുഷ്യാവകാശങ്ങളുണ്ട്‌. വെറുതെ വഴിയേ നടക്കുമ്പോള്‍ പിടികൂടി ജയിലിലിടാന്‍ പാടുള്ളതല്ല. ജാമ്യം കിട്ടുന്ന വകുപ്പ്‌ നോക്കി കേസ്‌ ചാര്‍ജ്‌ ചെയ്ത്‌ കോടതിയില്‍ ഹാജരാക്കി പിന്നെ വീട്ടില്‍ കൊണ്ടു വിടുന്നതാണ്‌ നിയമാനുസൃതമായ ക്രമസമാധാനപാലനം. ഉമ്മന്‍ചാണ്ടി കൊണ്ടുവന്ന നിയമത്തില്‍ ഇതൊന്നും വേണ്ട. ഗുണ്ടയെ എപ്പോള്‍ വേണമെങ്കിലും പിടികൂടി ജയിലിലിടാം. ആറുമാസം അവിടെ കിടന്നാല്‍ മാത്രമേ ജാമ്യത്തിന്റെ കാര്യം ചിന്തിക്കാന്‍ തന്നെ പറ്റൂ. ആരെ പിടിച്ചു ജയിലിലിടണമെന്ന്‌ പോലീസ്‌ ആണ്‌ തീരുമാനിക്കുന്നത്‌. എന്നു വെച്ചാല്‍ ഉമ്മന്‍ചാണ്ടിയാണ്‌ എന്നര്‍ത്ഥം. അതുപാടില്ല, പറ്റില്ല. മനുഷ്യാവകാശക്കാരും പ്രതിപക്ഷക്കാരും ഇറക്കി പ്രസ്താവന. പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ വി.എസ്‌. ഏതെല്ലാം വിഷയത്തിലാണ്‌ പ്രസ്താവന ഇറക്കാതിരുന്നത്‌ എന്നു കണ്ടുപിടിക്കുക പ്രയാസമാണ്‌. ഗുണ്ടാനിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട്‌ അദ്ദേഹവും പ്രസ്താവനയിറക്കിയിട്ടുണ്ട്‌ എന്നുവേണം വിശ്വസിക്കാന്‍….. മറിച്ചു തെളിയിക്കപ്പെടും വരെ.

നിയമമുണ്ടാക്കുകയും അതിന്റെ പേരിലുള്ള ആക്ഷേപം മുഴുവന്‍ കേള്‍ക്കുകയും ചെയ്തുവെങ്കിലും ഒരു ഗുണ്ടയെയെങ്കിലും പിടിച്ച്‌ ആറുമാസം ജയിലിലിടാനുള്ള യോഗം ഉമ്മന്‍ചാണ്ടിക്കില്ലാതെ പോയി. ചില ആളുകളുടെ കാര്യമങ്ങനെയാണ്‌. നിയമമുണ്ടാക്കുക എളുപ്പമാണ്‌. ഗുണ്ടകളെ പിടിക്കലങ്ങനെയല്ല. ഗുണ്ടകളെല്ലാം പാര്‍ട്ടി ഓഫീസില്‍ കയറിക്കിടക്കാന്‍ തുടങ്ങിയാല്‍ എങ്ങനെ പിടിക്കും? പിടിക്കാത്തത്‌ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ അവരെ യു.ഡി.എഫിന്‌ ആവശ്യമുള്ളതുകൊണ്ടാണ്‌ എന്ന്‌ പ്രതിപക്ഷത്തെ ചിലര്‍ പറയുന്നുണ്ടായിരുന്നു. എന്തായാലും സി.പി.എമ്മിന്‌ ഗുണ്ടാനിയമംകൊണ്ടൊരു ബുദ്ധിമുട്ടും ഉണ്ടായില്ല.

ഇടതുമുന്നണി സ്ഥാനമേറ്റപ്പോള്‍ പ്രയോഗിക്കാന്‍ പാകത്തില്‍ രാകിമിനുക്കിയ സാധനം കൈയിലുണ്ടായിരുന്നു. ആഭ്യന്തരവകുപ്പ്‌ കോടിയേരി ഏറ്റതിന്റെ പിറ്റേന്നു വേണമെങ്കില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്‌-ബി. ജെ. പി-മുസ്‌ലിംലീഗ്‌ ഗുണ്ടകളെ ഒന്നടങ്കം പിടിച്ചു ജയിലിലിടാമായിരുന്നു. കണ്ണൂര്‍ ജില്ലയിലെ ഈ ഇനത്തില്‍പ്പെട്ടവരുടെ ലിസ്റ്റ്‌ കോടിയേരിക്ക്‌ ബൈഹാര്‍ട്ടായി അറിയുകയും ചെയ്യുമായിരുന്നു. പക്ഷേ, അദ്ദേഹം അങ്ങനെ യാതൊന്നും ചെയ്തില്ല. ആള്‌ ഭയങ്കര ഡീസന്റാണ്‌. ഗുണ്ടാനിയമം പിന്‍വലിക്കുന്നു എന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചപ്പോള്‍ സത്യമായും ഗുണ്ടകളും പോലീസും ഒരുപോലെ ഞെട്ടിപ്പോയി. സര്‍വ ഗുണ്ടകളും അദ്ദേഹത്തിന്റെ പേരില്‍ അമ്പലത്തില്‍ ഓരോ തുലാഭാരം നേരുകയും ചെയ്തതാണ്‌. പിന്നീടാണ്‌ ചതി മനസ്സിലായത്‌. ഇടതുമുന്നണി സര്‍ക്കാര്‍ വേറെ ഗുണ്ടാനിയമം കൊണ്ടുവരാന്‍ തീരുമാനിച്ചുവത്രെ.

ഒരു നിയമത്തില്‍ എന്തെങ്കിലും അപാകങ്ങള്‍ ഉണ്ടെങ്കില്‍ ഭേദഗതി വരുത്തുകയാണ്‌ സാധാരണ സര്‍ക്കാറുകള്‍ ചെയ്യാറുള്ളത്‌. ഗുണ്ടാനിയമം അത്തരമൊന്നല്ല. സമൂലം അപാകമേ ഉള്ളൂ. അതുകൊണ്ട്‌ നിയമം വേരോടെ പിഴുതെറിയുന്നു. പിന്നെ പുതിയ നിയമം ഉണ്ടാക്കുന്നു. നിയമത്തില്‍ എന്തെല്ലാം വകുപ്പുകളും വ്യവസ്ഥകളും വേണമെന്ന്‌ ആലോചിച്ചുവരികയാണ്‌. ഗുണ്ടകള്‍ക്ക്‌ വേണ്ടിയുള്ള നിയമമായതുകൊണ്ട്‌ അവരെയാണല്ലോ മുഖ്യഗുണഭോക്താക്കളായി കണക്കാക്കേണ്ടത്‌. അവര്‍ക്ക്‌ എന്തെങ്കിലും നിയമോപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കാനുണ്ടെങ്കില്‍ നിയമമന്ത്രിയെ മൊബെയിലില്‍ വിളിക്കാവുന്നതുമാണ്‌.

പുരോഗമനപരമായ കാഴ്ചപ്പാടുകള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ടവരെത്തന്നെയാണ്‌ നിയമമുണ്ടാക്കുവാന്‍ ചുമതലപ്പെടുത്തിയിരിക്കുക എന്ന്‌ പ്രത്യാശിക്കുന്നു. എല്ലാ ഗുണ്ടകളെയും ഒരേ കണ്ണില്‍ക്കൂടി കാണാന്‍ പാടില്ല. ഇക്കാര്യത്തിലും ശരിയായ വര്‍ഗവീക്ഷണം ആവശ്യമാണ്‌. അധ്വാനിക്കുന്ന വര്‍ഗത്തിനൊപ്പം നില്‍ക്കുന്ന ഗുണ്ടകളെയും വര്‍ഗീയ ഫാസിസ്റ്റ്‌ ഗുണ്ടകളെയും ഒരേ നിയമത്തിനു കീഴില്‍ കൊണ്ടുവന്ന്‌ ഒരേ ലോക്കപ്പിലിടുന്നത്‌ പിന്തിരിപ്പന്‍ സമീപനമായിരിക്കും. എത്ര കൊലക്കേസില്‍ പ്രതിയായി എന്നു നോക്കുമ്പോള്‍ത്തന്നെ ആരെയാണ്‌ കൊന്നത്‌ എന്നും നോക്കേണ്ടതുണ്ട്‌. പുരോഗമന-മതേതര-ജനാധിപത്യവാദിയെ കൊല്ലുന്നതും വര്‍ഗീയ ഫാസിസ്റ്റിന്‍ കൊല്ലുന്നതും ഒരുപോലെയല്ലല്ലോ. തെങ്ങുകയറാനും കവുങ്ങു കയറാനും ഒരേ തളപ്പ്‌ പോരാ.

ഗുണ്ടാനിയമപ്രകാരം പിടിച്ചു ജയിലിലിടുന്നവരെ തുടര്‍ന്നും തടവിലിടണോ എന്നും മറ്റും തീരുമാനിക്കാന്‍ ജഡ്ജിയും മറ്റുമുള്ള കമ്മിറ്റിയുണ്ടാക്കണമെന്ന്‌ ഉമ്മന്‍ചാണ്ടിയുടെ നിയമത്തിലുണ്ടായിരുന്നുവത്രെ. ജഡ്ജിമാരുടെ സമയം നിസ്സാര കാര്യങ്ങള്‍ക്ക്‌ ചെലവാക്കേണ്ടിവരുന്നത്‌ കഷ്ടമാണ്‌. ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍ പാര്‍ട്ടിക്ക്‌ ഒന്നാന്തരം സംവിധാനമുണ്ട്‌. ആരെ എപ്പോള്‍ വിട്ടയയ്ക്കണമെന്ന്‌ മാത്രമല്ല, ആരെ പിടിച്ചു ജലിയിലിടണമെന്ന്‌ തീരുമാനിക്കാനും നമുക്കാവും. അതിനു ജഡ്ജിയും വക്കീലുമൊന്നും വേണ്ട. നിര്‍ബന്ധമാണെങ്കില്‍ ഒരു പോലീസുകാരനോ മറ്റോ കമ്മിറ്റിയിലുണ്ടായിക്കോട്ടെ. ക്രമസമാധാനം എങ്ങനെ പാലിക്കാമെന്ന്‌ കാട്ടിത്തരാം.

****************

നെയ്യാറിലെ വെള്ളം തമിഴ്‌നാടിന്‌ കൊടുക്കുന്നതിനുള്ള പ്രമേയം നിയമസഭ ഏകകണ്ഠമായാണ്‌ അംഗീകരിച്ചത്‌. എതിര്‍ത്തെന്നും വേണ്ട, എതിര്‍ത്തില്ലെന്നും വേണ്ട എന്ന മട്ടില്‍ ചിലരങ്ങ്‌ ഇറങ്ങിപ്പോയതുകൊണ്ട്‌ വലിയ സൗകര്യമായി.

എന്നാല്‍, ജനതാദളിന്റെ സെക്രട്ടറി ജനറല്‍ കൃഷ്ണന്‍കുട്ടിക്ക്‌ സംഗതി അത്ര പിടിച്ചില്ലെന്നാണ്‌ തോന്നുന്നത്‌. അദ്ദേഹം ചില്ലറ എന്തോ പരിഭവം പറഞ്ഞത്‌ ഇടതുസഖാക്കള്‍ക്കും പിടിച്ചിട്ടില്ല. മുന്നണിയില്‍ ചര്‍ച്ച ചെയ്തല്ല വെള്ളം കൊടുത്തത്‌ എന്നാണ്‌ കൃഷ്ണന്‍കുട്ടി അബദ്ധത്തില്‍ പറഞ്ഞുപോയത്‌. തനിക്കൊന്നും നഷ്ടപ്പെടാനില്ല എന്നാണ്‌ കൃഷ്ണന്‍കുട്ടി വിചാരിച്ചിരുന്നത്‌. ചിറ്റൂര്‌ നിന്ന്‌ ഊടുവഴിക്ക്‌ തമിഴ്‌നാട്ടിലേക്ക്‌ കടന്നാല്‍ ജനതാദളിന്റെ കൊടിയെങ്ങും കാണുകയില്ല. അതുകൊണ്ട്‌ തമിഴ്‌നാട്ടില്‍ വോട്ട്‌ കിട്ടാതായിപ്പോകുമെന്ന പേടിയൊന്നും അദ്ദേഹത്തിനില്ല. പേടി അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിക്കുമേ കാണൂ.

മുന്നണിയില്‍ ചര്‍ച്ച ചെയ്താണ്‌ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്‌ എന്നും മറ്റുമുള്ള തെറ്റിദ്ധാരണ ഇപ്പോഴും കൊണ്ടുനടക്കുന്നതാണ്‌ അത്ഭുതം. പ്രതിപക്ഷത്തിരിക്കുമ്പോള്‍ അങ്ങനെയൊക്കെ ചെയ്യാം. ഭരിക്കുമ്പോള്‍ അതെല്ലാം എ.കെ.ജി. സെന്ററില്‍ തീരുമാനിക്കില്ലേ? എന്തിന്‌ കൃഷ്ണന്‍കുട്ടി ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപെടണം?

ടി.എം.ജേക്കബ്‌ എവിടെയോ ചെന്ന്‌ വെള്ളം കൊടുക്കുന്നതിന്‌ എതിരെ പ്രസ്താവന നടത്തി. കുറച്ച്‌ കാലം മുമ്പായിരുന്നുവെങ്കില്‍ അദ്ദേഹം രൂക്ഷമായിത്തന്നെ ഇതിനെ എതിര്‍ക്കുമായിരുന്നു. കേരള കോണ്‍ഗ്രസ്‌ ജെ ക്ക്‌ തമിഴ്‌നാട്‌ ഘടകമില്ലല്ലോ. ഇപ്പോഴതല്ല നില. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എന്തു പറഞ്ഞാലും ഉമ്മന്‍ചാണ്ടിയും മിണ്ടില്ല. കാരണം ചാണ്ടിയുടെ പാര്‍ട്ടിയും വി.എസ്സിന്റെ പാര്‍ട്ടിയും തമിഴ്‌നാട്ടില്‍ ഒറ്റക്കെട്ടാണ്‌, ഒറ്റ മുന്നണിയാണ്‌.

എല്ലാ പാര്‍ട്ടികള്‍ക്കും തമിഴ്‌നാട്ടില്‍ കൂടി ഘടകമുള്ളത്‌ ഒരു വിധത്തില്‍ നോക്കുമ്പോള്‍ ഭാഗ്യമാണ്‌. അല്ലെങ്കിലിവര്‍ തമിഴ്‌നാട്ടിനെതിരെ യുദ്ധം പ്രഖ്യാപിച്ചു കളയുമായിരുന്നു. അവിടത്തെ അനേകലക്ഷം മലയാളികള്‍ക്ക്‌ ഇവിടെ വന്നു വെള്ളം കുടിച്ച്‌ പോകേണ്ടി വരുമായിരുന്നു. ഇനി ആ പ്രശ്നമില്ലല്ലോ. അവിടെ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ്‌ കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന്‌ ഇനി കാലം കുറെയുണ്ട്‌. അതുവരെ മുല്ലപ്പെരിയാന്‍ പ്രശ്നത്തില്‍ എല്ലാ പാര്‍ട്ടികളും ഉറച്ചുനില്‍ക്കുമെന്നുറപ്പ്‌.

Leave a Reply

Your email address will not be published. Required fields are marked *

Go Top