തോറ്റ ചരിത്രം കേട്ടിട്ടില്ലാാ‍ാ‍…

ഇന്ദ്രൻ

കോടതിയാണ്‌ സ്വാശ്രയക്കേസ്‌ ആകമാനം ഊരാക്കുടുക്കാക്കിയതെന്ന്‌ സര്‍ക്കാര്‍പക്ഷം പറയുന്നത്‌ ശരിയാവാം. പക്ഷേ, സര്‍ക്കാറിനോട്‌ ചോദിക്കാന്‍ ഒരു ചോദ്യമേയുള്ളൂ. ഇതല്ലാതെ കോടതി വേറെ എന്ത്‌ ചെയ്യുമെന്നായിരുന്നു സഖാക്കള്‍ പ്രതീക്ഷിച്ചിരുന്നത്‌? കേസ്‌ തീരാന്‍ ചിലപ്പോള്‍ കാലം കുറെ എടുത്തേക്കും. അതുവരെ, അടി മുതല്‍ മുടിവരെ നീതിയും ന്യായവും മാത്രമുള്ളതെന്ന്‌ നിങ്ങളും ആപാദചൂഡം ഭരണഘടനാവിരുദ്ധം എന്ന്‌ മാനേജ്‌മെന്റുകളും പറയുന്ന നിയമം തുടരണമെന്ന്‌ പറയുമെന്ന്‌ കരുതിയോ? ശുഭാപ്തിവിശ്വാസത്തിന്‌ ഭരണഘടന പരിധിയൊന്നും നിശ്ചയിച്ചിട്ടില്ല എന്നത്‌ ശരി. തര്‍ക്കം വരുമ്പോള്‍ സ്റ്റാറ്റസ്‌കോ വാദിയാണ്‌ കോടതിയെപ്പോഴും. വിപ്ലവകാരികള്‍ക്ക്‌ അതൊരിക്കലും മനസ്സിലാവുകയില്ലതാനും. പട പേടിച്ച്‌ പന്തളത്ത്‌ ചെന്ന അവസ്ഥയിലായി കുട്ടികളും രക്ഷിതാക്കളും.

കേരളത്തില്‍ ഞെക്കിപ്പിഴിയല്‍ സ്വാശ്രയകോളേജ്‌ തുടങ്ങിയാല്‍ തമിഴ്‌നാട്ടിലേയും കര്‍ണാടകത്തിലേയും വിദ്യാഭ്യാസലോബിയുടെ കഞ്ഞികുടി മുട്ടിക്കാമെന്ന്‌ മോഹിച്ചവരുണ്ട്‌. ഇന്‍സ്റ്റന്റ്‌ സ്വാശ്രയനിയമവുമായി ബേബി വന്നപ്പോള്‍ ആശ്വസിച്ചവരാണ്‌ രക്ഷിതാക്കള്‍. ഇവിടെ കോളേജില്‍ ചുരുങ്ങിയ ചെലവില്‍ പഠനസൗകര്യവും പോരാത്തതിന്‌ സാമൂഹികനീതിയും കിട്ടുമല്ലോ. ഇപ്പോള്‍ രക്ഷിതാക്കള്‍ മക്കളേയും കൂട്ടി കര്‍ണാടക, തമിഴ്‌നാട്‌ വണ്ടികളില്‍ ടിക്കറ്റിന്‌ ക്യൂ നില്‍ക്കേണ്ടിവന്നിരിക്കുന്നു.

ഇല്ല. അവരാരും തോറ്റിട്ടില്ല. ഇടതുസര്‍ക്കാര്‍ തോല്‍ക്കുന്ന പ്രശ്നമേയില്ല. നിയമം ഞങ്ങളുണ്ടാക്കി. അതു ബൂര്‍ഷ്വാകോടതി തടഞ്ഞെന്ന്‌ മാത്രം. വേണമെങ്കില്‍ ബൂര്‍ഷ്വാ കോടതിക്കെതിരെ ഒരു മുദ്രാവാക്യംകൂടി വിളിക്കാം… തോറ്റിട്ടില്ലാ, തോറ്റിട്ടില്ലാ തോറ്റ ചരിത്രം കേട്ടിട്ടില്ലാാ‍ാ‍…..മാനേജ്‌മെന്റുകള്‍ ജയിച്ചുകൊണ്ടുതന്നെയിരിക്കുന്നു. ഇക്കൊല്ലത്തെ കച്ചവടമല്‍പം മോശമായാലെന്ത്‌? പലിശയും ചേര്‍ത്ത്‌ അടുത്ത വര്‍ഷം എടുക്കാവുന്നതേയുള്ളൂ. തോല്‍ക്കുന്നത്‌ പാവം, രാവും പകലും കണ്ണില്‍ എണ്ണയൊഴിച്ച്‌ പഠിച്ച കുട്ടികള്‍ മാത്രം; അവര്‍ക്കുവേണ്ടി ചോര നീരാക്കുന്ന അച്ഛനമ്മമാരും.

**********************************************

അങ്കമാലി സെന്റ്‌ ജോര്‍ജ്‌ ഫെറോന പള്ളി സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഏഴ്‌ രക്തസാക്ഷികള്‍ക്ക്‌ മന്ത്രി എം.എ. ബേബിയോട്‌ നന്ദിയും കടപ്പാടും തോന്നാനിടയുണ്ട്‌. അമ്മയെ മറന്നാലും അങ്കമാലി മറക്കില്ല എന്ന്‌ പണ്ട്‌ പാടിനടന്നവര്‍ക്ക്‌ കുറെക്കാലമായി അവരെ കുറിച്ച്‌ യാതൊരു ചിന്തയുമുണ്ടായിരുന്നില്ല. സ്വാശ്രയവിദ്യാഭ്യാസനിയമം വന്നില്ലായിരുന്നുവെങ്കില്‍ ആരും ഇപ്പോഴും അക്കാര്യം ചിന്തിക്കില്ലായിരുന്നു. ഭാഗ്യത്തിന്‌ രണ്ടാം മുണ്ടശ്ശേരി അവതരിച്ച്‌ രണ്ടാം വിദ്യാഭ്യാസനിയമം കൊണ്ടുവന്നതുകൊണ്ട്‌ രണ്ടാം വിമോചനസമരത്തിന്റെ കാര്യം ഓര്‍മവന്നു. ഇടയലേഖനപാരായണം, പ്രാര്‍ഥനാ ദിനാചരണം എന്നിവയ്ക്കൊപ്പമാണ്‌ ക്രൈസ്തവസഭ അങ്കമാലി കല്ലറയില്‍ ചെന്ന്‌ സ്വാശ്രയസമരപ്രഖ്യാപനവും നിര്‍വഹിച്ചത്‌.

വിദ്യാഭ്യാസമേഖലയിലെ ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കാനാണ്‌ പോരാട്ടമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. അങ്കമാലി കല്ലറയില്‍ അന്ത്യവിശ്രമം കൊള്ളുന്നവര്‍ 1959 ജൂണില്‍ ന്യൂനപക്ഷവിദ്യാഭ്യാസാവകാശം സംരക്ഷിക്കുന്നതിനുള്ള സമരത്തിനിടയിലാണ്‌ പോലീസിന്റെ വെടിയേറ്റ്‌ മരിച്ചതെന്ന്‌ ചരിത്രം വായിക്കാത്ത പുതിയ തലമുറക്കാര്‍ തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്‌. അങ്കമാലിയിലൊരു കള്ളുഷാപ്പ്‌ പൂട്ടിക്കുന്നതിനുവേണ്ടി നടന്ന സമരമാണ്‌ പോലീസ്‌ വെടിവെപ്പില്‍ കലാശിച്ചതെന്നാണ്‌ അക്കാലത്തെ പത്രങ്ങളില്‍ കാണുന്നത്‌. കള്ളുഷാപ്പും ന്യൂനപക്ഷാവകാശവുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നതായി ഇതുവരെ വ്യാഖ്യാനമൊന്നും ഉണ്ടായിട്ടില്ല. എങ്കിലും സാരമില്ല. രക്തസാക്ഷികള്‍ രക്തസാക്ഷികള്‍ തന്നെയാണല്ലോ. മെഴുകുതിരി കത്തിക്കാം.

വിദ്യാഭ്യാസസ്ഥാപനം ഇഷ്ടപ്പടി നടത്തിക്കൊണ്ട്‌ പോകാനുള്ള ന്യൂനപക്ഷാവകാശം തട്ടിയെടുക്കുന്നു. പാടില്ലെന്ന്‌ പറഞ്ഞവരെ ഭീഷണിപ്പെടുത്തുന്നു. കോളേജില്‍ കയറി കയ്യാങ്കളി കളിക്കുന്നു….. തുടങ്ങിയ ഇടയലേഖന പരാതികളില്‍ ചിലതിലെങ്കിലും കഴമ്പുണ്ടാകാം. അതിന്‌ പരിഹാരമുണ്ടാക്കാമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞിട്ടുമുണ്ട്‌. എസ്‌.എഫ്‌.ഐ.ക്കാര്‍ക്ക്‌ ബുദ്ധിയില്ലെന്നും പറഞ്ഞിട്ടുണ്ട്‌. പിന്നെയെന്തിന്‌, ഉറങ്ങിക്കിടന്ന വിമോചനസമര രക്തസാക്ഷികളെ വെറുതെ വിളിച്ചുണര്‍ത്തിയിട്ട്‌ ഇത്‌ വിമോചനസമരമൊന്നുമല്ല കേട്ടോ എന്ന്‌ പറയണം?

കേട്ട പാതി കേള്‍ക്കാത്ത പാതി വിമോചനസമരമെന്നും പറഞ്ഞ്‌ ചാടിയെഴുന്നേറ്റ്‌ കല്ലെറിയാനും ജാഥ വിളിക്കാനും ഒന്നും പുറപ്പെടേണ്ടെന്ന്‌ വിവരമുള്ള പിതാക്കന്മാര്‍ ഇടയന്മാരെ ഓര്‍മിപ്പിച്ചിട്ടുള്ളതാണ്‌. ഒന്നാമത്‌, ഇത്‌ മുഴുക്കെ നിയമത്തിന്റെ മാത്രം പ്രശ്നമാണ്‌. പത്ത്‌ ജാഥ നടത്തുന്ന കാശുണ്ടെങ്കില്‍ നല്ല വക്കീലിനെ കോടതിയില്‍ ഏര്‍പ്പാടുചെയ്യാം. കേസ്‌ ജയിക്കാം. നിയമം കളിച്ച്‌ സംഗതി ഇക്കൊല്ലം ഇല്ലെന്ന്‌ എന്തായാലും ഉറപ്പാക്കിയല്ലോ. അമ്പത്തേഴല്ല രണ്ടായിരത്താറ്‌ എന്നത്‌ രണ്ടാമത്തെ കാര്യം. അന്ന്‌ വിദ്യാഭ്യാസാവകാശത്തേക്കാള്‍ വലുതായിരുന്നു കമ്യൂണിസ്റ്റുകാരില്‍ നിന്ന്‌ വിമോചനം നേടുകയെന്നത്‌. ലോകം മുഴുവനും കമ്യൂണിസം നടപ്പാക്കി മതസ്വാതന്ത്ര്യവും സ്വത്തവകാശവും സമൂലം ഇല്ലാതാക്കാന്‍ പോകുകയാണെന്ന്‌ വിചാരിച്ചല്ലേ അന്നതിനൊക്കെ പുറപ്പെട്ടത്‌. അങ്ങനെയൊരു ദുരുദ്ദേശ്യവും കമ്യൂണിസ്റ്റുകാര്‍ക്കില്ലെന്ന്‌ ഇന്നാര്‍ക്കാണറിയാത്തത്‌? അമേരിക്കക്കാര്‍ അന്ന്‌ സമരം പൊടിപൊടിപ്പിക്കാന്‍ കാശ്‌ കുറെ മുടക്കിയത്‌ കമ്യൂണിസം ഇവിടെനിന്ന്‌ പുറപ്പെട്ട്‌ ലോകം മുഴുവന്‍ പടര്‍ന്ന്‌ അമേരിക്കയുടെ കഥ കഴിക്കുമെന്ന്‌ പേടിച്ചിട്ടാണ്‌. ഇന്ന്‌ പഴയ കഥയും പറഞ്ഞ്‌ അങ്ങോട്ടു ചെന്നാല്‍ കാല്‍കാശുപോലും കിട്ടില്ല. അമേരിക്കക്കാര്‍ക്കിപ്പോള്‍ വേറെ പണിയുണ്ട്‌.

കോണ്‍ഗ്രസ്സുകാരെ കൂട്ടുപിടിച്ച്‌ നെഹ്‌റുവിനെ പോക്കറ്റിലാക്കിയാണ്‌ അന്ന്‌ ഇ.എം.എസ്‌. മന്ത്രിസഭ പിരിച്ചുവിടീച്ചത്‌. ഇന്ന്‌ ആ പൂതി ആരുടെയും മനസ്സിലുദിക്കില്ല. ഉദിച്ചാലും അതും പറഞ്ഞു ഡല്‍ഹിയുടെ നാലയലത്തുചെല്ലാനൊക്കില്ല. ഇടക്കിടെ കടിക്കുകയും മാന്തുകയുമൊക്കെ ചെയ്യുമെങ്കിലും കമ്യൂണിസ്റ്റുകാരാണ്‌ മന്‍മോഹന്‍ജിയെ അവിടെ നിലനിര്‍ത്തുന്നതെന്ന്‌ അച്ചന്മാര്‍ക്കും അറിയുന്നതാണല്ലോ. വി.എസ്സിനെ പിരിച്ചുവിടാന്‍ നോക്കിയാല്‍ വി.എസ്സിന്റെ പാര്‍ട്ടി ചിലപ്പോള്‍ മന്‍മോഹന്‍ജിയെ ആവും പിരിച്ചുവിടുന്നത്‌.

പിന്നെ, ഇതിലൊന്നും ഇപ്പോള്‍ കൃത്യമായ സ്വപക്ഷവും ശത്രുപക്ഷവും ഒന്നുമില്ല. ഇന്നല്ല ഇല്ലാതായത്‌. അങ്കമാലി വെടിപൊട്ടി അഞ്ചെട്ട്‌ കൊല്ലം കഴിയുമ്പോഴേക്കുതന്നെ പക്ഷങ്ങളെല്ലാം ആകെ കുഴഞ്ഞുമറിഞ്ഞ്‌ അഴകൊഴയായിരുന്നു. 67 ലെ ഇ.എം.എസ്‌. മന്ത്രിസഭയിലെ 12 മന്ത്രിമാരില്‍ ഏഴുപേരും 57 ലെ ഇ.എം.എസ്‌. മന്ത്രിസഭയെ പിരിച്ചുവിടാന്‍ വിമോചനസമരം നടത്തിയവരായിരുന്നുവത്രെ. അതോടെ തീര്‍ന്നതാണ്‌ വിരോധവും വര്‍ഗവൈരവുമൊക്കെ. ഇടതുപക്ഷത്തെ അധികാരമേറ്റാന്‍ ഇത്തവണ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ ഇടയലേഖനത്തില്‍ കുറഞ്ഞതെല്ലാം ഇറക്കിയവര്‍ തന്നെയാണല്ലോ ഇന്ന്‌ ഇതു ചെയ്യുന്നത്‌. നാളെ ആരെവിടെ നില്‍ക്കുമെന്നാര്‍ക്ക്‌ പറയാനാവും?

**************************************************

പോലീസ്‌ കസ്റ്റഡിയില്‍ കഴിയുന്നവര്‍ക്കിടയില്‍ മുമ്പില്ലാത്തവിധം ഹൃദയം പ്രവര്‍ത്തനം നിലയ്ക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുണ്ട്‌. പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടുകളിലൊന്നും ഹൃദയം എങ്ങനെയാണ്‌ നിലയ്ക്കുന്നതെന്ന്‌ പറയുന്നില്ലത്രെ. ഇടതു ജനാധിപത്യമുന്നണിയുടെ ഭരണം തുടങ്ങിയതിന്‌ ശേഷം പോലീസുകാര്‍ മുമ്പില്ലാത്തവിധം മൂന്നാംമുറ നടത്തുന്നുവെന്ന്‌ കരുതാന്‍ ന്യായമില്ല. ആരുഭരിച്ചാലും ചെയ്യാനുള്ളതെല്ലാം ചെയ്യുമെന്നല്ലാതെ ഒരിക്കലും ഏതെങ്കിലും പക്ഷം ഭരിക്കുമ്പോള്‍ പീഡനം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്ന സമ്പ്രദായം പോലീസുകാര്‍ക്കിടയിലില്ല. തീര്‍ത്തും നിഷ്‌പക്ഷരാണ്‌ അവര്‍ ഇക്കാര്യത്തില്‍. മാത്രവുമല്ല, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പുകള്‍ ഒരു കാര്യം വ്യക്തമാക്കുന്നു. കേരളത്തിലെ പോലീസുകാരില്‍ ബഹുഭൂരിപക്ഷം ഇടതുപ്രസ്ഥാനത്തോട്‌ ആഭിമുഖ്യം പുലര്‍ത്തുന്നവരാണ്‌. അവരാരും ക്രിമിനല്‍ കേസ്‌ പ്രതികളെ നെഞ്ചിലിടിച്ചും വേറെ നിലയില്‍ അശാസ്ത്രീയമായി പീഡിപ്പിച്ചും കൊല്ലുകയില്ല.

കസ്റ്റഡിയിലെ മരണങ്ങളെല്ലാം ഹൃദയം പ്രവര്‍ത്തനം നിര്‍ത്തിയതുകൊണ്ട്‌ സംഭവിച്ചതാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. കസ്റ്റഡിയിലല്ല, വീട്ടില്‍ ഭാര്യയോടൊപ്പം ഉറങ്ങിക്കിടക്കുമ്പോഴായാലും ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുമ്പോഴാണത്രെ മനുഷ്യന്‍ മരിച്ചു എന്ന്‌ പറയുക. എന്തുകൊണ്ട്‌ ഹൃദയം നിലച്ചു എന്ന്‌ കണ്ടെത്താന്‍ സംവിധാനമില്ലത്രെ. ആകപ്പാടെ ആലോചിച്ചുനോക്കുമ്പോള്‍ ഒരു സാധ്യതയേ കാണുന്നുള്ളൂ. കോടിയേരിയുടെ പോലീസ്‌ അണുവിട വിട്ടുവീഴ്ച ചെയ്യുകയില്ലെന്നും കുറ്റവാളികള്‍ക്കു രക്ഷപ്പെടാനാവില്ലെന്നും ഉറപ്പാവുമ്പോള്‍ കുറ്റവാളികളുടെ ഹൃദയമിടിപ്പേറുന്നു. ചിലര്‍ മരിക്കുന്നു. അല്ലാതെ ഇതില്‍ വേറെ ക്രമസമാധാന പ്രശ്നമോ മനുഷ്യാവകാശപ്രശ്നമോ കാണാനില്ല.

ഇതിന്‌ പരിഹാരം വല്ലതുമുണ്ടോ? പോലീസ്‌ സ്റ്റേഷന്‍ തോറും കാര്‍ഡിയാക്‌ ഡോക്ടര്‍മാരെ വെക്കാനാവുമോ? ഇനിയിത്‌ വല്ല വാസ്തു-ഗൃഹനില പ്രശ്നം ആവുമോ? ജി. രാമന്‍ നായരെ വിളിച്ച്‌ പ്രശ്നവിചാരം വല്ലതും ഏര്‍പ്പാട്‌ ചെയ്യേണ്ടിവരുമോ ആവോ?

ആഭ്യന്തരവകുപ്പ്‌ തരില്ല എന്ന്‌ പാര്‍ട്ടി പറഞ്ഞപ്പോള്‍ ഒരക്ഷരം എതിരുപറയാതെ വി.എസ്‌. ചുമ്മാ ഇരുന്നതിന്റെ കാരണം ജനങ്ങള്‍ക്ക്‌ ഇപ്പോള്‍ മാത്രമാണ്‌ മനസ്സിലായത്‌; കോടിയേരിക്കും.

*************************************************

സി.പി.എം. സംസ്ഥാനക്കമ്മിറ്റി രണ്ടുപേരെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കിയത്‌ മാധ്യമങ്ങള്‍ക്ക്‌ വാര്‍ത്ത ചോര്‍ത്തിക്കൊടുത്തതിനാണെന്ന്‌ പാര്‍ട്ടി തന്നെ പറഞ്ഞത്‌ നാട്ടുകാരില്‍ ചില്ലറ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്‌. പാര്‍ട്ടി രഹസ്യങ്ങള്‍ എപ്പോഴാണ്‌ ചോര്‍ന്നത്‌? മാധ്യമ സിന്‍ഡിക്കേറ്റ്‌ കുറെ പച്ചക്കള്ളങ്ങള്‍ പടച്ചുണ്ടാക്കാറുണ്ടെന്നത്‌ സത്യം. പാര്‍ട്ടി ആഭ്യന്തര കാര്യങ്ങളെ കുറിച്ച്‌ വന്ന വാര്‍ത്തകളെല്ലാം മാധ്യമസൃഷ്ടി. ഒന്നും സത്യമല്ല. പാര്‍ട്ടിയെക്കുറിച്ച്‌ പത്രപ്രവര്‍ത്തകര്‍ക്ക്‌ ഒരു ചുക്കും അറിഞ്ഞുകൂടാ. സത്യമായതിനെ പുറത്തറിയിക്കുന്നതിനാണ്‌ ചോര്‍ത്തുക എന്നു പറയുക. നടക്കാത്ത കാര്യം നടന്നുവെന്ന്‌ പറഞ്ഞാല്‍ അത്‌ വാര്‍ത്ത ചോര്‍ത്തലല്ല. കള്ളം പറയലാണ്‌.

മലപ്പുറം സമ്മേളനത്തില്‍ നടന്ന കാര്യങ്ങള്‍ സംബന്ധിച്ച വാര്‍ത്ത ചോര്‍ത്തിയതിനാണത്രെ നടപടി. പക്ഷേ, പുറത്താക്കപ്പെട്ടവര്‍ രണ്ടുപേരും സമ്മേളന പ്രതിനിധികളല്ല. അപ്പോള്‍ പിന്നെ ആരാണ്‌ അവര്‍ക്ക്‌ വാര്‍ത്ത ചോര്‍ത്തിക്കൊടുത്തിട്ടുണ്ടാവുക? അതിനാരെയെങ്കിലും പുറത്താക്കുന്നുണ്ടോ? ഗ്രൂപ്പ്‌ തിരിഞ്ഞായിരുന്നു മലപ്പുറം സമ്മേളനത്തിലെ വാര്‍ത്ത ചോര്‍ത്തല്‍. രണ്ട്‌ ഗ്രൂപ്പിനും വേണ്ടി ചോര്‍ത്തിയത്‌ ഇവര്‍ തന്നെയോ? മറ്റേ ഗ്രൂപ്പിന്‌ വേണ്ടി ചോര്‍ത്തിയതിന്‌ എന്തേ ആരെയും പിടികൂടിയില്ല? പുറത്താക്കിയത്‌ അസത്യം ചോര്‍ത്തിയവരെ മാത്രമാണെന്നു വരുമോ?

Leave a Reply

Your email address will not be published. Required fields are marked *

Go Top